കഴിഞ്ഞ പതിനൊന്നു മാസത്തെ പാപക്കറകളെ കഴുകി ശുദ്ധിയാക്കി വെടിപ്പാകാനുള്ള സമയമാണ് റമളാന്‍. പൂര്‍വ്വികരായ മഹത്തുക്കള്‍ 6 മാസം വരാന്‍ പോകുന്ന റമളാനിനെ സ്വാഗതം ചെയ്യാനുള്ള ഉതക്കം നല്‍കണേയെന്നും 6 മാസം കഴിഞ്ഞുപോയ റമളാനിനെ സ്വീകരിക്കണേ എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. ചുരുക്കത്തില്‍ ഒരു കൊല്ലം മുഴുവന്‍ റമളാനുമായി ബന്ധപ്പെട്ട ദുആ അവരുടെ ദിനചര്യയില്‍ പെട്ടതായിരുന്നു. കേവലം 30 ദിവസത്തെ അദ്ധ്വാനം മാത്രമാവശ്യപ്പെട്ടുകൊണ്ട് നാഥന്‍ സ്വര്‍ഗ്ഗവും പാപമോചനവും അവന്റെ അടിമകള്‍ക്ക് വാഗ്ദത്വം ചെയ്യുകയാണ്. അത് കൊണ്ട് തന്നെ ഈ ഓഫര്‍ ഒരിക്കലും നഷ്ടപ്പെടുത്തേണ്ടതല്ല, എന്നല്ല നഷ്ടപ്പെടുത്തുന്നവന്‍ ഒരിക്കലും ബുദ്ധിമാനല്ല. പരിശുദ്ധ റമളാനിന്റെ ആദ്യരാവില്‍ അല്ലാഹുവിന്റെ ഒരു വിളിയാളമുണ്ട്, ‘ഓ, നന്മ ചെയ്യുന്നവരേ, നിങ്ങള്‍ മുന്നോട്ട് വരണം. തിന്മയുടെ ഉപാസകരേ, നിങ്ങളതെല്ലാം നിര്‍ത്തി വെക്കണം’. അതിനാല്‍ ഏതൊരു കാര്യത്തിന്റെയും അവിഭാജ്യഘടകമെന്ന പോലെ വളരെ കൃത്യവും സ്പഷ്ടവുമായ പ്ലാനിംഗോട് കൂടിയാവണം വിശുദ്ധമാസത്തെ നാം വരവേല്‍ക്കേണ്ടത്. ഈ റമളാനില്‍ ഞാന്‍ എന്തൊക്കെയാണ് റബ്ബിനോട് ചോദിക്കേണ്ടത്, ഇഹലോകത്ത് എന്റെ ആവശ്യങ്ങളെന്തൊക്കയാണ്, പരലോകത്തേക്കാവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയവയെ കുറിച്ചെല്ലാം വ്യക്തമായ ബോധമുണ്ടായിരിക്കണം.
ഈ റമളാനില്‍ ഒരു നോമ്പും നഷ്ടപ്പെടുത്തുകയില്ല എന്നതിന് പുറമെ നിസ്‌കാരങ്ങളിലെല്ലാം ജമാഅത്ത് കൃത്യമായി പാലിക്കുമെന്നും തറാവീഹും വിത്‌റും ഒന്നു പോലും നഷ്ടപ്പെടുത്തുകയില്ലെന്നും ഖുര്‍ആന്‍ മൂന്ന് ഖത്‌മെങ്കിലും(ചുരുങ്ങിയത്) പൂര്‍ത്തീകരിക്കുമെന്നും നാം ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. നിത്യജീവിതത്തില്‍ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ കടന്നു വരാന്‍ സാധ്യതയുള്ള വഴികളെക്കുറിച്ചെല്ലാം നാമെല്ലാം ബോധ്യമുള്ളവരാണ്. പക്ഷെ, പിശാചിന്റെ കുതന്ത്രങ്ങളിലകപ്പെട്ടോ ദേഹേച്ഛകള്‍ക്ക് വഴിപ്പെട്ടോ ആണ് പലരും ഹറാമില്‍ ചെന്നു സംഭവിക്കുന്നത്. അതിനാല്‍ ആ വഴികളെല്ലാം നാം കൊട്ടിയടക്കണം. അശ്ലീലതയുടെ സര്‍വ്വസീമകളും ലംഘിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയകളുടെ ഇന്നത്തെ വികാസം നടന്നു കൊണ്ടിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ട് കുരുക്കില്‍ പെടാതെ ശ്രദ്ധിക്കേണ്ടത് നാമാണ്.
റമളാനിന്റെ അവസാന പത്ത് ദിവസങ്ങള്‍ ഷോപ്പിംഗിനുള്ളതാണെന്നാണ് ചിലരെങ്കിലും ധരിച്ചു വച്ചിരിക്കുന്നത്. കാരണം പെരുന്നാളിനുള്ള ഡ്രസ്സ് വാങ്ങാന്‍ വേണ്ടി ഷോപ്പിംഗ് മാളുകളില്‍ അലഞ്ഞു നടക്കുന്നതിന് വേണ്ടി അല്ലാഹു ‘ഇത്ഖ്’ വാഗ്ദാനം ചെയ്ത ഈ പത്ത് ദിവസങ്ങളെയാണ് പലരും തിരഞ്ഞെടുക്കുന്നത്. ഇതില്‍ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥക്കും വളരെ വലിയ പങ്കുണ്ട്. തന്റെ ഭാര്യയെയും പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയും കൂട്ടി ഉടയാട വാങ്ങാന്‍ ടെക്‌സ്റ്റെയില്‍സുകളിലെത്തി അവിടെയുള്ള അന്യ പുരുഷന്മാര്‍ക്ക് അവരെ ഒരു കാഴ്ച വസ്തുവാക്കുകയാണ് അവര്‍ ഇതിലൂടെ ചെയ്യുന്നത്. കുടുംബത്തിലെ സ്ത്രീകളെയും കൂട്ടി രാത്രി വളരെ വൈകിയും നടത്തുന്ന ഷോപ്പിംഗും കൂടുതല്‍ വില കൂടുതല്‍ ക്വാളിറ്റിയെ അറിയിക്കുന്നുവെന്ന മിഥ്യാ ധാരണയണ്. ആണ്‍ – പെണ്‍ ഭേദമന്യെ ഇടകലര്‍ന്ന് അങ്ങാടികളില്‍ കറങ്ങി നടക്കുന്നത് നമ്മുടെ സമുദായത്തിന് ഒട്ടും ഭൂഷണമല്ല, പ്രത്യേകിച്ചും പവിത്രമാക്കപ്പെട്ട ഈ മാസത്തില്‍. റമളാനിന്റെ മഹത്വത്തെ നിസ്സാരവത്കരിച്ച് വേണ്ട വിധം കൈകാര്യം ചെയ്യാത്തവരെ പരലോകത്ത് തിരുനബി (സ) തിരിഞ്ഞു നോക്കുകയില്ല എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷം മുതലെങ്കിലും പെരുന്നാളിനുള്ള തുണിത്തരങ്ങള്‍ റമളാനിന് മുമ്പേ വാങ്ങി വെക്കുമെന്ന് നാമോരോരുത്തരും പ്രതിജ്ഞ ചെയ്യണം.