സ്‌നേഹമാണ് ഏതു ബന്ധത്തിന്റെയും കാതല്‍. അടിത്തറയില്ലാതെ മേല്‍കൂരക്ക് നിലനില്‍പ്പില്ലാത്ത പോലെ സ്‌നേഹമില്ലാത്തിടത്ത് നല്ല ബന്ധങ്ങളുമുണ്ടാകില്ല. എന്നാല്‍ സ്‌നേഹത്തിന് സ്ഥിരമായി ഒരു സ്വഭാവമില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബന്ധങ്ങളുടെ സ്വഭാവമനുസരിച്ച് സ്‌നേഹത്തിന്റെ രീതിയിലും മാറ്റം വരാം. പക്ഷെ, ഒരിക്കലും കളങ്കം വന്നിട്ടില്ലാത്ത ഒരു സ്‌നേഹബന്ധമുണ്ട്. അതാണ് അമ്മ-കുഞ്ഞു ബന്ധം.
കരഞ്ഞു തളര്‍ന്ന മകള്‍ക്ക് വേണ്ടി അര്‍ദ്ധരാത്രിയില്‍ മരുന്നിന് പോയ തന്റെ പ്രിയതമന്‍ പിന്നീടൊരിക്കലും തിരിച്ച് വരാതിരിന്നിട്ടും ഒരിറ്റു കണ്ണീര്‍ പോലും പൊഴിക്കാതെ മകള്‍ക്ക് കൂട്ടിരുന്ന ഒരു അമ്മയെ ടോള്‍സ്റ്റോയി കഥയില്‍ കാണാം. അതു പോലെ വൈലോപ്പിള്ളിയുടെ ‘മാമ്പഴ’മെന്ന കവിതയില്‍ പൂക്കുല പറിച്ചതിനു കുഞ്ഞിനെ തല്ലേണ്ടി വന്നതില്‍ ഖേദിച്ചു കരയുന്ന അമ്മയെയും വായനക്കാര്‍ക്ക് പരിചയമുണ്ടാകും. ഇവ രണ്ടും വെറും ഒരു അലങ്കാര അമ്മ കഥാപാത്രങ്ങളല്ല. മറിച്ച് സീമകള്‍ക്കപ്പുറത്തെ സമാനതകളില്ലാത്ത അമ്മ-കുഞ്ഞു ബന്ധത്തിന്റെ തീക്ഷ്ണതയെ വരച്ചു കാട്ടുന്ന നേര്‍ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖങ്ങളാണ്.
പ്രസ്തുത സ്‌നേഹത്തിന്റെ ക്രിയാത്മക മേഖലയാണ് സന്താന പരിപാലനം. ആ പദത്തെ കുറിച്ച ് നാം ധാരാളം കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നുമുണ്ട്. എന്നിട്ടും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ പറഞ്ഞവരും കേട്ടവരും ഒരു പോലെ പരാചജയപ്പെടുന്നതാണ് നിലവിലെ സ്ഥിതി. അഥവാ സന്താന പരിപാലനത്തിന്റെ ശാസാത്രീയ മാറ്റത്തെ നാം ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല. അതിനെ വെറും സ്‌നേഹ ലാളനകളില്‍ ഒതുക്കാനാണ് നമ്മുടെ ശ്രമം. ഉദാഹരണമായി കുട്ടികളെ കരയിപ്പിക്കാതിരിക്കലും അവര്‍ക്കാവശ്യമുള്ളത് ശാഠ്യത്തിനനുസരിച്ച് വാങ്ങിക്കൊടുക്കലും മാത്രമാണ് നമ്മളില്‍ പലരുടെയും സന്താനപരിപാലന രീതി. യഥാര്‍ത്ഥത്തില്‍ വിശാലാര്‍ത്ഥമുള്ള ആ പദത്തെ വികലമാക്കുകയാണ് നാം ചെയ്യുന്നത്.
പണ്ട് രക്ഷിതാക്കള്‍ തിരക്കിലാണെങ്കിലും അവരെ ശ്രദ്ധിക്കാന്‍ ആളുണ്ടായിരുന്നു. അതു കൊണ്ട് തന്നെ കുട്ടികളെ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിയാനും അവര്‍ക്കായി. പക്ഷെ, ഇന്നത്തെ ചിത്രം മറ്റൊന്നാണ്. രക്ഷിതാക്കള്‍ തിരക്കിലാണെന്ന് മാത്രമല്ല, കുട്ടികള്‍ക്ക് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കാനും ആളില്ലാതായിരിക്കുന്നു. അതിന്റെ ഫലമായാണ് നാം ഇന്ന് കാണുന്ന മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയിലുള്ള വലിയ വിടവ്. അഥവാ പരസ്പരം ആശയവിനിമയത്തിന്റേതായ വിടവ്. അത് നികത്തല്‍ അനിവാര്യമായിരിക്കുകയാണിന്ന്. രക്ഷിതാക്കള്‍ക്ക് കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലാനും അവര്‍ക്ക് നമ്മിലേക്ക് കയറി വരാനുമുള്ള തടസ്സമായി വേണം ഈ വിടവിനെ കാണാന്‍. ഇത് കാരണം കുട്ടികളെ ശരിയായി മനസ്സിലാക്കുന്നതില്‍ രക്ഷിതാക്കള്‍ പരാജയപ്പെടുന്നു. അണുകുടുംബങ്ങള്‍ അധികരിക്കുന്ന ഇക്കാലത്ത് കുട്ടികളെ കേള്‍ക്കാനും, കാണാനും, അവരോടൊപ്പം കളിക്കാനും ആളില്ലാത്തത് കൊണ്ടാണ് നിശബ്ദമായി ആനന്ദം പകരുന്ന മനുഷ്യേതരവും എന്നാല്‍ മനുഷ്യ നിര്‍മിതവുമായ കാര്‍ട്ടൂണിലും, ഗെയിമിലും, മറ്റു സോഷ്യല്‍ മീഡിയകളിലും അവര്‍ ശരണം പ്രാപിക്കുന്നത്. മുതിര്‍ന്നവരാകുമ്പോള്‍ കള്ളും മയക്കുമരുന്നും അവരുടെ ജീവിതഭാഗമാകുന്നതും ആ നിശ്ശബ്ദ ആനന്ദത്തെ അവര്‍ ശീലിച്ചതു കൊണ്ടാണെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം. അത്‌കൊണ്ട് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടതുണ്ട്. ആ സാന്നിദ്ധ്യം അവര്‍ക്ക് ധൈര്യവും, ഊര്‍ജ്ജവും, സന്തോഷവും പകരുമ്പോള്‍ അവരുടെ ലോകം നിങ്ങളുമായി ബന്ധമുള്ളതാകുന്നു. അങ്ങനെ വന്നാല്‍ അവരെ തിരുത്താനും ഉപദേശിക്കാനും എളുപ്പമാവുകയും ചെയ്യും.
സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിക്ക് പറയാനേറെയുണ്ട്. ടീച്ചറുടെ നല്ല വാക്കും കൂട്ടുകാരുടെ ചീത്ത വാക്കും അങ്ങനെ പലതും. പക്ഷെ, അമ്മ എപ്പോഴും ചാനല്‍ മാറ്റുന്ന തിരക്കിലാണ്. അല്ലെങ്കില്‍ റിയാലിറ്റി ഷോകളുടെയും സീരിയലിന്റെയും ലോകത്താണ്. ഇതിനിടയില്‍ അടക്കിപ്പിടിച്ച ആവശ്യങ്ങളുമായി പറയാന്‍ വെമ്പുന്ന ഒരു കുഞ്ഞു മനസ്സിനെ കാണാനും കേള്‍ക്കാനും അവര്‍ക്ക് കഴിയാതെ പോകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി പുറത്തുള്ളവരെ സമീപിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പതിവ്. ഒഴിവു ദിവസം പോലും വീട്ടിലിരിക്കാത്ത ഒമ്പതുവയസ്സുകാരനെയും കൊണ്ട് ഒരു കുടുംബം വിനീതന്റെയടുത്ത് കൗണ്‍സലിംഗിനായി വരികയുണ്ടായി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന സെഷനു ശേഷം മാതാപിതാക്കളെ വിളിച്ച് കാര്യം ബോധിപ്പിച്ചു. എന്തിനും ഏതിനും ശാസിക്കുന്ന, തന്നെ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത വീട്ടില്‍ കുട്ടി എങ്ങനെ സമയം ചെലവഴിക്കാനാണ് ? അബദ്ധം മനസ്സിലായ രക്ഷിതാക്കള്‍ എന്റെ മുമ്പിലിരുന്ന് കണ്ണീരൊലിപ്പിക്കുകയാണുണ്ടായത്. കാരണം പ്രശ്‌നം മുഴുവന്‍ രക്ഷിതാക്കളിലായിരുന്നു. കുട്ടിയിലായിരുന്നില്ല. ചുരുക്കത്തില്‍ നമ്മുടെ ഓരോ വീട്ടിലെയും അവസ്ഥ മറിച്ചല്ല. അത്‌കൊണ്ട് നാം മാറേണ്ടതുണ്ട്. നമ്മുടെ രീതികളും.
കുട്ടികളില്‍ നല്ല സ്വഭാവങ്ങള്‍ വളരാനും അവരുടെ ഉന്നത പഠനനിലവാരത്തിനും നമ്മുടെ വീടുകളിലെ അന്തരീക്ഷവും മാറ്റേണ്ടതുണ്ട്. നിലവിലെ ഭയാന്തരീക്ഷം മാറ്റി സ്‌നേഹാന്തരീക്ഷത്തിന് കളമൊരുക്കുക. എങ്കില്‍ നമുക്ക് അത്ഭുതങ്ങള്‍ കാണാന്‍ കഴിയും. ഉണര്‍വിലായിരിക്കുമ്പോള്‍ കുട്ടികള്‍ ഭൂരിഭാഗവും സ്‌കൂളുകളിലാണ്. അഥവാ അപരിചിതരായ മറ്റുള്ളവര്‍ക്കൊപ്പമാണെന്നിരിക്കെ വീട്ടില്‍ വരുന്ന ചുരുങ്ങിയ സമയമെങ്കിലും അവര്‍ക്ക് വേണ്ടി സന്തോഷത്തിന്റേതാക്കുക. കാരണം ആ സമയങ്ങള്‍ക്കായിരിക്കും അവനെ അല്ലെങ്കില്‍ അവളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാന്‍ കഴിയുക. ആ സന്തോഷത്തോടെയാകണം നാളെ അവര്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ചെല്ലേണ്ടത്. അപ്പോഴേ അവര്‍ക്ക് ശോഭിക്കാനും വിജയിക്കാനും സാധിക്കുകയുള്ളൂ.
നമ്മുടെ കുട്ടികളിലെ മാറ്റത്തിന്റെ തോത് അറിയാത്തത് കൊണ്ടാണ് പലപ്പോഴും രക്ഷിതാക്കള്‍ പരാജയപ്പെടുന്നത്. മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള വിമുഖതയും അതിന്റെ കാരണമായി എണ്ണാവുന്നതാണ്. ഇത് തെറ്റായ തീരുമാനമാണെന്ന് പറയാതെ വയ്യ. ഏതു മാറ്റത്തോടും പൊരുത്തപ്പെടാനാണ് നാം ശ്രമിക്കേണ്ടത്. നിലവിലെ ലോകം പാടെ മാറിയിട്ടുണ്ട്. ഇവിടുത്തെ രീതികളും ആ മാറ്റത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇനി ആ മാറ്റം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഏക പോംവഴി. പലപ്പോഴും നമ്മുടെ കയ്യിലുള്ളത് കാലഹരണപ്പെട്ട പഴഞ്ചന്‍ പരിപാലന രീതികളാണെന്ന് നാം തിരിച്ചറിയാതെ പോകുന്നുണ്ട്. നമ്മുടെ കുട്ടികള്‍ മാറിയ പുതിയ ലോകത്താണെന്നിരിക്കെ ആ പഴഞ്ചന്‍ രീതികള്‍ നമുക്ക് വിനയാവുകയേ ഉള്ളൂ. അതുകൊണ്ട് നമ്മുടെ പരിപാലന രീതിയിലും കാലോചിതമായി കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുക.
വെള്ളമില്ലാത്തിടത്ത് വിത്ത് മുളക്കാത്ത പോലെ സ്‌നേഹമില്ലാത്തിടത്ത് കുട്ടികളും വളരില്ല. അവര്‍ ആ സ്‌നേഹം തേടി പോവുകയേ ചെയ്യൂ. വീട്ടില്‍ മാതാപിതാക്കളെ ഇഷ്ടപ്പെടാത്ത കുട്ടികളില്‍ വ്യക്തമായ കാരണങ്ങള്‍ മന:ശാസ്ത്രജ്ഞര്‍ കണ്ടെത്താറുണ്ട്. അത്തരം കുട്ടികള്‍ പുറത്തെവിടെയെങ്കിലും ചില ബന്ധങ്ങള്‍ കണ്ടെത്തുകയാണ് പതിവ്. അതിനു കാരണം അവര്‍ ആഗ്രഹിക്കുന്ന ഏന്തോ ഒന്ന് വീട്ടിലില്ലാതിരിക്കുകയും അത് പുറത്തു നിന്ന് ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. അതെന്താണെന്ന് കണ്ടെത്തി വീട്ടിലും അതിനനുസൃതമായ അന്തരീക്ഷത്തിന് തിരി തെളിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
കേരള വിദ്യാഭ്യാസ നിലവാരത്തിന്റെ പുതിയ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 93% സാക്ഷരതയുള്ള കേരളം നിലവാരത്തില്‍ ഉത്തര്‍പ്രദേശിനേക്കാള്‍ പിന്നിലാണെന്നാണ് വ്യക്തമാകുന്നത്. അമ്പതില്‍ നിന്നും പത്ത് കുറച്ചാല്‍ ഉത്തരം അറുപതെന്നെഴുതുന്ന അഞ്ചാം ക്ലാസ്സുകാരന്റെ നിലവാരത്തകര്‍ച്ചയെയും പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസ്സോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നതില്‍ വലിയൊരു പങ്കും നമ്മുടെ വീടുകള്‍ക്കാണ് എന്നാണ്. പ്രശ്‌നമുള്ള കുട്ടികളെ നേരത്തേ കണ്ടെത്തി ബന്ധപ്പെട്ട സൈക്കോളജിസ്റ്റുകളെ കാണിക്കാത്തതും അതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. അഥവാ വീടുകളില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തുമ്പോള്‍ മക്കളുടെ പഠനമുറിയും ഉറപ്പുവരുത്തുക. അവര്‍ പഠിക്കുമ്പോള്‍ കൂടെയിരുന്ന് അവരുടെ കഴിവും കഴിവുകേടും അതിലുപരി താല്‍പര്യങ്ങളും കണ്ടെത്തുക. അതനുസരിച്ചായിരിക്കണം കുട്ടികളെ മുന്നോട്ട് നയിക്കേണ്ടത്. അതിനു സാധിക്കാത്തവര്‍ ക്ലാസ്സ് ടീച്ചറുടെ സഹായത്തോടെ നിലവാരം ഉറപ്പുവരുത്തുകയും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യാവുന്നതാണ്.
ക്ലാസ്സ് മുറികള്‍ അനുഭവങ്ങളുടെ കലവറയാണ്. കാരണം അവിടെ ഇരിക്കുന്നത് വൈചാത്യങ്ങള്‍ നിറഞ്ഞ വ്യത്യസ്ത കുടുംബങ്ങളിലെ പ്രതിനിധികളാണ്. മുമ്പൊരിക്കല്‍ പ്രധാനാധ്യാപകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഞാനൊരു ക്ലാസ്സിലെത്തിയത്. ക്ലാസ്സിനിടെ ബഹളം വെക്കുന്ന കുറേ കുട്ടികള്‍ക്കിടയിലൂടെ തനിച്ചിരിക്കുന്ന ഒരു മുഖം ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഞാന്‍ അടുത്ത് വിളിച്ച് കാര്യം തിരക്കി. ആദ്യം മടിച്ചെങ്കിലും പതിയെ അവന്‍ എന്നോട് സംസാരിച്ച് തുടങ്ങി. സംസാരത്തിലുടനീളം ഒരു തേങ്ങല്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ടു കൊണ്ടാണ് സ്‌കൂളിലേക്ക് വന്നതെന്ന് ഒരു വിധം പറഞ്ഞൊപ്പിച്ചപ്പോഴേക്കും അവന്റെ തേങ്ങലിന്റെ ശബ്ദം കൂടി. പതിയെ അത് കരച്ചിലായി മാറി. ആ കരച്ചില്‍ ശബ്ദമയമായ ക്ലാസ്സിനെ പ്രക്ഷുബ്ധമാക്കുകയും ചെയ്തു. ഞാനവനെ ഒരു വിധം സമാധാനിപ്പിച്ചു. ശരിയാണ്, അവന്റെ ശരീരം മാത്രമേ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ. അവനിവിടത്തെ കളിചിരികള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിരുന്നില്ല. കാരണം അവന്റെ മനസ്സ് എപ്പോഴും വീട്ടില്‍ അമ്മയോടൊപ്പമായിരുന്നു. ഉത്തരവാദിത്വമില്ലാത്ത ഇത്തരം രക്ഷിതാക്കള്‍ ഇങ്ങനെ എത്രയെത്ര കുട്ടികളെയാണ് നിത്യേന യൂണിഫോമിലായി സ്‌കൂളിലേക്കയക്കുന്നത്. ഇത്തരം മാനസികാവസ്ഥയുള്ള കുട്ടികളില്‍ എങ്ങനെയാണ് അധ്യാപനം നടത്താന്‍ കഴിയുക?
ചുരുക്കത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാവുക. നമ്മുടെ ജീവിതം അവര്‍ക്ക് വേണ്ടിയാകുമ്പോഴേ നിഷ്‌ക്രിയമായ നമ്മുടെ വാര്‍ദ്ധക്യ കാലത്ത് അവരുടെ ജീവിതം നമുക്ക് വേണ്ടിയും നീക്കി വെക്കുകയുള്ളൂ. ഇവിടെ റൂസ്‌വെല്‍റ്റിന്റെ വാക്കുകള്‍ പ്രസക്തമാണ് ”നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി അവരുടെ ഭാവിയെ നമുക്ക് ശരിപ്പെടുത്താന്‍ കഴിയില്ലെന്നിരിക്കാം പക്ഷെ കുട്ടികളുടെ ഭാവിക്ക് വേണ്ടി അവരെ നമുക്ക് ശരിപ്പെടുത്താന്‍ കഴിയും” തീര്‍ച്ച.