ആത്മീയ ലോകത്തെ തിളങ്ങുന്ന ഒരധ്യായമായിരുന്നു ശൈഖ് രിഫാഈ(റ). ലോകതലത്തില്‍ തന്നെ അനുസ്മരിക്കപ്പെടുന്ന വിധം ഖ്യാതി നേടിയ രിഫാഈ ശൈഖിനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്കേറെ അനുകരിക്കാനും പകര്‍ത്താനുമുണ്ട്. ആത്മീയത അന്യം നിന്ന് ആസുരത ആധിപത്യം നേടി മുസ്ലിം സമുദായം ഭൗതികതയില്‍ അഭിരമിക്കുന്ന ഘട്ടത്തിലാണ് ശൈഖ് രിഫാഈ(റ) ഹിജ്‌റ 512 റജബ് മാസത്തില്‍ ( എ.ഡി 1118 ) ഭൂജാതനാകുന്നത്. ഇറാഖിലെ ബത്വാഇഹ് പ്രദേശത്ത് ഉമ്മു അബീദയാണ് ജന്മദേശം. ഉമ്മു ഫള്ല്‍ ഫാത്തിമ അന്‍സാരിയ്യ (റ) മാതാവും അബുല്‍ ഹസന്‍ അലി (റ) പിതാവുമാണ്. പ്രവാചകന്റെ 20-ാമത്തെ പുത്രനാണ് ശൈഖ് രിഫാഈ(റ).
ചെറുപ്പം മുതലേ സംശുദ്ധ ജീവിതം നയിച്ചു. ജനന സമയത്ത് തന്നെ ഏറെ അത്ഭുതങ്ങള്‍ ദൃശ്യമായി. ഇടത് കൈ നെഞ്ചിന് താഴെയും വലത് കൈ കൊണ്ട് നഗ്നത മറച്ചവരുമായിട്ടാണ് പ്രസവിക്കപ്പെട്ടത്. മുലകുടി പ്രായത്തില്‍ തന്നെ റമളാന്‍ മാസമെത്തിയാല്‍ അവിടന്ന് മുലകുടി ഒഴിവാക്കുമായിരുന്നു. ഏഴാം വയസ്സില്‍ പിതാവ് മരണപ്പെട്ട ശേഷം, മാതൃ സഹോദരന്‍ ശൈഖ് മന്‍സൂറിന്റെ ശിക്ഷണത്തില്‍ വിദ്യ നുകര്‍ന്നു. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കുകയും ഇരുപതാം വയസ്സില്‍ അബുല്‍ ഇല്‍മൈന്‍ എന്ന് സ്ഥാനപ്പേര് ലഭിക്കത്തക്ക രീതിയില്‍ ഉന്നത അറിവുകള്‍ കരഗതമാക്കുകയും ഫത്‌വ നല്‍കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. അല്ലാഹു ഇഷ്ടപ്പെടാത്ത ഒരു കാര്യത്തിലും ഒരിക്കല്‍ പോലും ഇടപെട്ടില്ല. ഉമ്മയുടെ ആശീര്‍വാദവും ദുആഉയുമായിരുന്നു മഹാന്‍ ഉന്നത സ്ഥാനങ്ങള്‍ താണ്ടാന്‍് നിമിത്തമായത്.
പ്രവാചകനോട് മഹാന് അതിയായ പ്രണയമായിരുന്നു. ആയതിനാല്‍ തന്നെ പ്രവാചകന്റെ ഖബറിനരികില്‍ ചെന്ന് ദുആ ചെയ്തപ്പോള്‍ ഖബ്ര്‍ പിളര്‍ന്ന് ഹബീബിന്റെ ശറഫാക്കപ്പെട്ട കൈ പുറത്ത് വരികയും അതവിടന്ന് ചുംബിക്കുകയും ചെയ്തു. ശൈഖ് ജീലാനി(റ) അടക്കമുള്ള ധാരാളം പണ്ഡിതന്മാര്‍ അതിന് സാക്ഷികളാണ്. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഇലാഹീ തൃപ്തിയില്‍മാത്രം മുന്നോട്ട് നീങ്ങാന്‍ അവിടന്ന് കഠിന യത്‌നം ചെയ്തു. ഉന്നതമായ ആത്മീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നിമിത്തമായത് തന്റെ ഗുരു നല്‍കിയ ആത്മീയ ഉപദേശങ്ങളെ ശിരസാവഹിച്ചപ്പോഴായിരുന്നു. തന്റെ ശൈഖ് ഖര്‍നൂബിയില്‍ നിന്ന് ഉപദേശം തേടിയപ്പോള്‍ ആദ്യമായി അവിടന്ന് പറഞ്ഞു. മോനേ അഹ്മദേ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. എന്നിട്ടു പറഞ്ഞു. ”തിരിഞ്ഞ് നോക്കുന്നവന്‍ ലക്ഷ്യത്തിലെത്തില്ല, സംശയാലു വിജയിക്കൂകയില്ല, സമയ നഷ്ടത്തെ കുറിച്ച് ബോധമില്ലാത്തവന്റെ മുഴുവന്‍ സമയവും നഷ്ടത്തിലാണ്” ഈ ഉപദേശം ഗുരുനിര്‍ദേശപ്രകാരം ഒരു വര്‍ഷം മുഴുവന്‍ ഉരുവിട്ട് നടന്നു. അടുത്ത വര്‍ഷം ചെന്നപ്പോള്‍ ”ബുദ്ധിമാന്മാര്‍ക്ക് വിവരക്കേടും, വൈദ്യന്മാര്‍ക്ക് രോഗവും, സ്‌നേഹിതന്മാര്‍ക്ക് പിണക്കവും എത്ര മോശം” എന്നാണ് ലഭിച്ചത്. അതും ഒരു വര്‍ഷം ഉരുവിട്ട് ശേഷം അടുത്ത വര്‍ഷം ചെന്നപ്പോള്‍ ഗുരു പറഞ്ഞു. ”താങ്കള്‍ ഇനി ഉപദേശം തേടി വരേണ്ടതില്ല, താങ്കള്‍ ആത്മീയോന്നതി കൈവിരച്ചിരിക്കുന്നു”.
പ്രകൃതിയിലെ ഓരോ വസ്തുവിനേയും ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന നിലക്ക് സ്‌നേഹിച്ചു. രിഫാഈ ശൈഖില്‍ നിന്ന് നമുക്ക് പഠിക്കാനുള്ള ഏറ്റവും വലിയ പാഠവും കരുണ നിറഞ്ഞ അവിടത്തെ ഹൃദയ വിശാലതയാണ്. നാട്ടില്‍ ഏവരും അവഗണനയോടെ കാണുന്ന ഒരു നായ കുഷ്ഠം പിടിച്ച് പൊറുതിമുട്ടി ജീവിക്കുന്നത് മഹാന്റെ ശ്രദ്ധയില്‍ പെട്ടു. കണ്ടില്ലെന്ന് നടിച്ച് പിന്മാറാതെ അതിനെ ജനങ്ങളില്‍ നിന്നും ഒഴിഞ്ഞ ഒരിടത്ത് കൊണ്ട് പോയി ആഴ്ചകളോളം വേണ്ട പരിചരണങ്ങളും ശുശ്രൂഷകളും നല്‍കി പരിചരിച്ചു. അത്‌പോലെ ഒരിക്കല്‍ മഹാന്‍ നിസ്‌കാരത്തിനായി പള്ളിയില്‍ പോകാനൊരുങ്ങവെ തന്റെ കുപ്പായ കൈയ്യില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടു. തല്‍സമയം അതിനെ ആട്ടിയോടിക്കാതെ, മഹാന്‍ പൂച്ചയുടെ ഉറക്കിന് തടസ്സം സൃഷ്ടിക്കാത്ത രൂപത്തില്‍ കുപ്പായക്കൈ മുറിക്കുകയും നമസ്‌കാര ശേഷം പൂച്ച ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ പിന്നീടത് തുന്നി ചേര്‍ക്കുകയും ചെയ്തു.
ഹിജ്‌റ 578 ജമാദുല്‍ ഊലാ 12ന് വ്യാഴാഴ്ച ളുഹ്‌റിന്റെ സമയത്താണ് മഹാന്‍ ഈ ലോകത്തോട് വിട പറയുന്നത്. കഴിഞ്ഞ കാലത്ത് പ്രകാശം പരത്തി സംശുദ്ധ ജീവിതം നയിച്ച ഇത്തരം മഹത്തുക്കളുടെ ജീവിതം പകര്‍ത്താനായാല്‍ നമുക്കും ജീവിത വിജയങ്ങള്‍ താണ്ടാം.