‘നിങ്ങള്‍ക്കെന്തും ചോദിക്കാം” ചില സബ്ഖുകള്‍ അങ്ങിനെയാണ്. ശിഷ്യന്മാര്‍ ഉസ്താദിനോടടുക്കാന്‍ ഏറ്റവും കൂടുതല്‍ അവസരം മുതലെടുക്കുന്ന സമയങ്ങളിലൊന്നാണിത്. കാരണം പല അഭിരുചികളുള്ളവരാണ് ഓരോരുത്തരും. ഉസ്താദ് ഇങ്ങനെ ഒരവസരം തരുമ്പോള്‍ പലരും തങ്ങളുടെ ഇഷ്ട മേഖലയില്‍ നിന്നു ചോദ്യങ്ങള്‍ ചോദിക്കും. ഉസ്താദ് തന്റെ തനതു ശൈലിയില്‍ ആധികാരികമായും സരസമായും മറുപടി പറയും. വിദ്യാര്‍ഥികളിലെ പൊതു വിജ്ഞാനത്തെ അളക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരം അവസരങ്ങളെ ഉസ്താദ് ഉപയോഗപ്പെടുത്താറുണ്ട് എന്നതാണ് മറ്റൊരു വസ്തുത. ചോദ്യകര്‍ത്താവ് കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അതിനെ ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഉസ്താദും തനിക്ക് പരിചിതമല്ലാത്ത മേഖലയാണെങ്കില്‍ നിഷ്‌കളങ്കമായി അതു ചോദിച്ചു മനസ്സിലാക്കുന്ന ഉസ്താദിനെയും ഞങ്ങളവിടെ കാണാറുണ്ട്. മിക്ക ചോദ്യങ്ങള്‍ക്കും ഉസ്താദിനു മറുപടിയുണ്ടായിരിക്കും. ഉസ്താദ് പറയുന്ന ഉത്തരങ്ങളെല്ലാം ആധികാരികവും കൃത്യവുമായിരിക്കും എന്നതും ഉസ്താദിന്റെ പ്രത്യേകതയാണ്. സബ്ഖ് ബുഖാരിയാണെങ്കിലും അവസരോചിതമായി നഹ്‌വും സ്വറഫും മന്‍തിഖും ഇല്‍മുല്‍ മആനിയും എല്ലാം കടന്നുവരും. സബ്ഖിലിരിക്കുമ്പോള്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട് ഇത്ര ഗഹനമായും ആധികാരികമായും വിഷയങ്ങളെ സമീപിക്കാന്‍ ഈ തിരക്കിനിടക്കും ഉസ്താദിന് സമയവും മനസ്സും വഴിമാറികൊടുക്കുന്നതെങ്ങെനെയെന്ന്. ഏക സിവില്‍ കോഡും മുത്വലാഖും രാജ്യത്ത് ചൂടുപിടിച്ച ചര്‍ച്ചയായപ്പോള്‍ നടന്ന സബ്ഖുകളിലെ ചില ചോദ്യങ്ങളും അതിലുള്ള ഉസ്താദിന്റെ വീക്ഷണങ്ങളുമാണ് ഇപ്രാവശ്യം ഗുരുമുഖത്തില്‍.
എന്തുകൊണ്ട് ഏകസിവില്‍ കോഡ് വിമര്‍ശിക്കപ്പെടുന്നു?
135 കോടി ജനങ്ങളധിവസിക്കുന്ന 22 ഔദ്യോഗിക ഭാഷകളും 155 ഉപഭാഷകളും 1599 മിശ്രഭാഷകളും ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത ജാതി മത വര്‍ഗ വര്‍ണ്ണ വൈജാത്യങ്ങളുള്ള മഹത്തായ രാജ്യമാണ് ഇന്ത്യ. ലോകത്തെ ഇതര രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും ഇതേ സവിശേഷതയാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് പാഠമുള്‍കൊള്ളേണ്ട പ്രധാന അധ്യായങ്ങളിലൊന്നാണ്.
ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ വിവരിക്കുന്ന മൂന്നാം ഭാഗത്ത് ആര്‍ട്ടിക്ക്ള്‍ 25 മുതല്‍ 28 വരെയുള്ളവ വകവെച്ചു നല്‍കുന്ന അവകാശമാണ് മതസ്വാതന്ത്ര്യത്തിനും അതു പ്രചരിപ്പിക്കാനുമുള്ള അവകാശം. ഏതൊരു മതവിശ്വാസിക്കും അവരുടെ വിശ്വാസപ്രകാരം ജീവിക്കുന്നതിനും ആചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ഇന്ത്യയില്‍ പ്രയാസമില്ല. അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം രാജ്യം നല്‍കുന്നുണ്ട്. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടി, എഴുപതുവര്‍ഷം ഒരേ ഇന്ത്യയുടെ മക്കളായി സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും യോജിക്കാനും സഹകരിക്കാനും ഇന്ത്യക്കാര്‍ക്കു സാധിച്ചു. ഇതു കാണിക്കുന്നത് ഇന്ത്യയില്‍ നമുക്ക് യൂനിറ്റി അഥവാ ഐക്യം പോസിബിളാണ് എന്നാണ്. എന്നാല്‍ യൂനിഫോമിറ്റി അസാധ്യമാണ്. വ്യത്യസ്തതകളില്‍ ഐക്യം രൂപപെടുത്തുക എന്നത് ഇന്ത്യയുടെ മുഖമുദ്രതയാണങ്കില്‍, ആണിനെ പെണ്ണാക്കുക, മനുഷ്യനെ മൃഗമാക്കുക, മൃഗങ്ങളെ മനുഷ്യനാക്കുക, എല്ലാവരും ഒരേ ഭക്ഷണം കഴിക്കുക, എല്ലാവരും ഒരേ സമയം ഉറങ്ങുക തുടങ്ങി വ്യത്യസ്തതകളെ സമമാക്കാന്‍ ശ്രമിക്കുന്നത് ഒരേ സമയം അസംബന്ധവും രാജ്യത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനവുമാണ്.
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ തുല്യമാണല്ലോ? എന്നിട്ടും സമാധാനപരമായി കാര്യങ്ങള്‍ നടക്കുന്നു. ഇതുകാണിക്കുന്നത് യൂനിഫോം സിവില്‍ കോഡ് രാജ്യത്തിന്റെ ആവശ്യമാണന്നല്ലേ?
അതെ, നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന അവകാശങ്ങളില്‍ ക്രിമിനല്‍ കോഡ് കോമണാണ്. കുറ്റ കൃത്യങ്ങള്‍ക്ക് പൗരന്മാര്‍ക്കു നല്‍കുന്ന ശിക്ഷാ നടപടികള്‍ തുല്ല്യമായിരിക്കണം. കാരണം കുറ്റകൃത്യങ്ങള്‍ സാമൂഹിക സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതാണ്. ഒരിക്കലും ക്രിമിനല്‍ കോഡിനെ സിവില്‍ കോഡുമായി കൂട്ടിയിണക്കാന്‍ ശ്രമിക്കരുത്. ഇവ രണ്ടും തമ്മില്‍ അജ ഗജാന്തരമുണ്ട്. സിവില്‍ കോഡിനു പുറമെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളില്‍ 95 ശതമാനവും തുല്ല്യമാണ്. കാരണം ഈ നിയമങ്ങളത്രയും പൊതുകാര്യങ്ങള്‍ക്കും ക്രമസമാധാനത്തിനും വേണ്ടി നിര്‍മിച്ചതാണ്. എന്നാല്‍ പൊതു പ്രശ്‌നങ്ങളില്ലാതെ വ്യക്തി ജീവിതത്തില്‍ ഞാന്‍ ആരെ വിവാഹം കഴിക്കണം? ഏതു വിധത്തില്‍ കുടുംബം നയിക്കണം? എന്റെ മരണാനന്തരം എന്റെ സ്വത്ത് ആര്‍ക്കെല്ലാം നല്‍കണം? അതിന്റെ വിഹിതം എത്ര? ഞാന്‍ നിസ്‌ക്കരിക്കുന്ന പള്ളികള്‍ ഞാന്‍ ആരാധിക്കുന്ന ആരാധനാലയങ്ങള്‍ അവിടെ വഖ്ഫ് സ്വത്ത് ഏതു രൂപത്തില്‍ കൈകാര്യം ചെയ്യണം ഇങ്ങനെ തുടങ്ങി ഏതാനും വിഷയങ്ങളില്‍ മാത്രമാണ് സ്‌പെഷ്യല്‍ കോഡ്. ഓരോ മതത്തിനും ആ മതവിശ്വാസത്തിന്റെ നിയമാനുസൃതം ജീവിക്കാനും അവര്‍ക്ക് അത് സംരക്ഷിക്കുവാനും ഇന്ത്യന്‍ ഭരണഘടന നല്‍കിയ ഏറ്റവും വലിയ അവകാശമാണ് സ്‌പെഷ്യല്‍ കോഡ്. ഈ അവകാശം നിഷേധിക്കുക എന്നത് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയോടും പ്രത്യേകിച്ച് ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മൗലികാവകാശങ്ങളോടും സമൂഹത്തോടും ഇന്ത്യയുടെ മഹത്തായ പൈതൃകത്തോടും കാണിക്കുന്ന പൊറുക്കാനാകാത്ത തെറ്റായിരിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗമായ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് വിവരിക്കുന്നിടത്ത് ആര്‍ട്ടിക്കിള്‍ 44 ല്‍ സാധ്യമാകുന്ന അവസരത്തില്‍ ഇന്ത്യയില്‍ കോമണ്‍ സിവില്‍ കോഡിനെ കുറിച്ച് ആലോചിക്കണം എന്ന് നിര്‍ദേശിക്കുന്നുണ്ട്. ഭരണഘടനാ ശില്‍പ്പികള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ കോമണ്‍ സിവില്‍ കോഡ് നടപ്പിലാക്കിയില്ല? എന്ന ചോദ്യത്തിനുത്തരം ഇന്നും പ്രസക്തമായി തന്നെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഒരിക്കലും ഒരു കോമണ്‍ സിവില്‍ കോഡിനെ ഉള്‍ക്കൊള്ളാനുതകുന്ന തരത്തിലേക്ക് ഇന്ത്യന്‍ സാമൂഹിക പരിസരം മാറിയിട്ടില്ല. ഞാനിപ്പോള്‍ പറഞ്ഞത് കോമണ്‍ സിവില്‍കോഡ് നടപ്പിലാക്കിയാലുള്ള സാമൂഹിക പ്രശ്‌നത്തെ കുറിച്ചാണ്. ഭരണഘടന നോക്കുന്ന ഒരാള്‍ക്ക് ഒരേ സമയം വൈരുദ്ധ്യാത്മകമായി തോന്നുന്ന സാഹചര്യമുണ്ടിവിടെ, അഥവാ ഫണ്ടമെന്റെല്‍ റൈറ്റ്‌സ് വിവരിക്കുന്നിടത്തും നിര്‍ദേശക തത്വങ്ങള്‍ വിവരിക്കുന്നിടത്തും. പൗരന്റെ ഇഷ്ടപ്രകാരം മതമാചരിക്കാന്‍ മൗലികാവകാശവും അത് പറ്റില്ലന്ന നിര്‍ദേശക തത്വവും. മൗലികാവകാശങ്ങള്‍ പൗരന്റെ അനിവാര്യ അവകാശമാണെങ്കില്‍ നിര്‍ദേശക തത്വങ്ങള്‍ ഇതിനോട് എതിരാവുന്ന പക്ഷം നിര്‍ദേശകതത്വങ്ങളെ തള്ളാനും മൗലികാവകാശങ്ങളെ കൊള്ളാനും തയ്യാറാകണം എന്നത് വകതിരിവുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന യാഥാര്‍ത്ഥ്യമാണ്.
മുത്വലാഖ് എന്ന ആശയം അപരിഷ്‌കൃതമായി തോന്നുന്നില്ലേ? പുരുഷമേധാവിത്വത്തിന് ഇസ്‌ലാം ലൈസന്‍സ് നല്‍കുകയല്ലേ?
ഇന്ന് ഏറ്റവും കൂടുതല്‍ ക്രൂരമാം വിധം പീഢിപ്പിക്കപെടുന്ന ആശയങ്ങളാണ് ഇസ്‌ലാമിക വൈവാഹിക നിയമങ്ങള്‍. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇവ്വിഷയകമായി നടന്ന ചര്‍ച്ചകളും ലേഖനങ്ങളും വായിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം, കുടുംബം, വിവാഹമോചനം തുടങ്ങിയ ആശയങ്ങളെ വേണ്ടവിധത്തില്‍ ആരും മനസ്സിലാക്കിയിട്ടില്ല എന്നതാണ്. ഇസ്‌ലാമില്‍ വിവാഹമോചനം വളരെ ലാഘവത്തോടെ കാണേണ്ട ഒന്നാണ് എന്നാണ് പലരുടെയും ധാരണ. അതിലേറെ രസകരമായ വസ്തുത വിവാഹമോചനം(ത്വലാഖ്) എന്ന ആശയം ക്രൂരതയുടെ പര്യായമാണെന്ന വാദമാണ്. ഇത്തരം ആളുകള്‍ ഇസ്‌ലാമിനെ അടുത്തറിയണം. ത്വലാഖിനെ വിമര്‍ശിക്കുന്നവര്‍ ത്വലാഖില്ലാത്ത അവസ്ഥയുടെ നീതിനിഷേധം മനസ്സിലാക്കാത്തത് കൊണ്ടാണ്. ത്വലാഖ് തീര്‍ത്തും മാനുഷികമായ ആശയമാണ്. നമുക്കൊരുദാഹരണമെടുക്കാം. നിങ്ങള്‍ ഫ്‌ളൈറ്റുകളിലും ബസുകളിലും ഇതരവാഹനങ്ങളിലും എമര്‍ജന്‍സി ഡോറുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? എന്തിനാണിത്? യാത്രക്കാരന്റെ സുരക്ഷയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അടച്ചുറപ്പുള്ള ഇരുമ്പുകൊണ്ടോ മറ്റോ അവിടെ സുരക്ഷിതമാക്കുകയല്ലേ വേണ്ടിയിരുന്നത്, എന്നിട്ടുമെന്തിനാണ് ഒരു കൊച്ചു കല്ലുകൊണ്ട് തകര്‍ക്കാന്‍ സാധിക്കുന്ന ഗ്ലാസുകൊണ്ടിതിനെ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ സുരക്ഷിതത്വം ഇരുമ്പാണെന്നു തോന്നുമെങ്കിലും യാഥാര്‍ത്ഥ്യം സുതാര്യമായ പെട്ടെന്ന് തകര്‍ക്കപ്പെടാന്‍ സാധിക്കുന്ന എന്തെങ്കിലുമൊന്നാകലാണ്. എന്തിനാണിത് സംവിധാനിച്ചിരിക്കുന്നത് എന്നതാണ് അടുത്ത ചോദ്യം? അപകടം സംഭവിക്കും എന്നുറപ്പുള്ളത് കൊണ്ടാണോ? അങ്ങെനെയെങ്കില്‍ വാഹനം വില്‍ക്കലും വാങ്ങലും മാരകമായ കുറ്റകൃത്യങ്ങളിലൊന്നാകുമായിരുന്നു. അപ്പോള്‍ ഇതു സംവിധാനിച്ചിരിക്കുന്നത് നിര്‍ഭാഗ്യവശാല്‍ വല്ല അപകടവും സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ്. വിവാഹമോചനം കൊണ്ട് ഇത്രമാത്രമേ ഉദ്ദേശിക്കുന്നുള്ളു. ഒരിക്കലും വിവാഹം കഴിക്കുന്നത് വിവാഹമോചനം നടത്തണം എന്ന ഉദ്ദേശ്യത്തോടെയല്ല. മറിച്ച് ജീവിതത്തില്‍ ഒരിക്കലും ഒരുമിച്ചു മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്നു ബോധ്യമാകുമ്പോള്‍ മാന്യമായി പിരിയാനുള്ള അവസരം. പരസ്പരം യോജിച്ചു ജീവിക്കാന്‍ സാധിക്കില്ല എന്നുറപ്പായവര്‍ക്ക് ഇങ്ങനെ ഒരവസരം നല്‍കിയില്ലങ്കില്‍ അതു തീര്‍ച്ചയായും സ്വാതന്ത്ര്യ നിഷേധമാണെന്ന് ആര്‍ക്കും ബോധ്യമാകുന്നതാണ്.
ഓണ്‍ലൈന്‍ വഴിയും മറ്റും ത്വലാഖ് അധികരിച്ചു വരുന്നുണ്ടല്ലോ?
ഇസ്്‌ലാമിക തത്വങ്ങളും നിര്‍ദേശങ്ങളും ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ് പോലെ ഓണ്‍ലൈന്‍ സെലക്ഷനല്ല. മറിച്ച് എനിക്ക് ഭാര്യയെ തിരഞ്ഞെടുക്കുന്നത് എന്റെ ഉമ്മയും ഉപ്പയും കാരണവന്മാരും കൂട്ടുകുടുംബങ്ങളും അടങ്ങുന്ന ഉത്തരവാദപ്പെട്ടവര്‍ പലതവണ ആലോചിച്ച് ഈ ബന്ധം ഒരിക്കലും മുറിയരുത്, ഇത് മരണം വരെ തുടര്‍ന്ന് പോകാന്‍ പറ്റുന്ന ബന്ധങ്ങളാണെന്നും അതിനു പറ്റിയ സാഹചര്യങ്ങളാണെന്നും ഈ രംഗത്ത് പരിചയമുള്ള എന്റെയും ഞാന്‍ ഇണയായി തിരഞ്ഞെടുക്കാന്‍ പോകുന്ന ഭാര്യയുടെയും ഉത്തരവാദപ്പെട്ടവര്‍ പരസ്പരം അന്വേഷിച്ച് ആലോചിച്ച് ഈ ബന്ധം ഒരിക്കലും മുറിയുകയില്ല ,മുറിയാന്‍ സാധ്യതയില്ല എന്ന് ഉറപ്പുവരുത്തിയാണ് നികാഹ് നടക്കുന്നത്. ലോകത്ത് 165 കോടി മുസ്്‌ലിംകള്‍ 195 രാജ്യങ്ങളിലും വിവാഹത്തിനു വേണ്ടി ”സവ്വജ്തുക വ അന്‍കഹ്്തുക” എന്ന രണ്ടേ രണ്ടു പദങ്ങളേ ഉപയോഗിക്കാറുള്ളു. കാരണം ഖുര്‍ആനില്‍ ഈ രണ്ട് പദങ്ങളല്ലാത്ത മറ്റൊരുപദം പറഞ്ഞിട്ടില്ല. ഈ പദം നല്‍കുന്ന സന്ദേശം നികാഹ് കൂട്ടിച്ചേര്‍ക്കുകയെന്നാണ്. നികാഹ് കഴിഞ്ഞ് കുടിക്കുന്ന മധുരപാനീയം, ചായ പാലും പഞ്ചസാരയും വെള്ളവും കൂട്ടിച്ചേര്‍ത്തതാണ്. ചായയില്‍ നിന്ന് പാലും പഞ്ചസാരയും വേര്‍തിരിക്കാന്‍ കഴിയില്ല. ഇതുപോലെയാണ് വിവാഹവും ഒരിക്കലും വേര്‍പിരിയരുത്.
ലോകത്ത് 6800 ഓളം ഭാഷകളുണ്ട്. പക്ഷെ പല ഭാഷകളിലും ഭാര്യ-ഭര്‍ത്താവ്, ഹസ്‌ബെന്റ്-വൈഫ് സ്പാനിഷില്‍ എസ്‌പോസോ ഭര്‍ത്താവിനും, എസ്‌പോസ ഭാര്യക്കും തുടങ്ങി ഇണകള്‍ക്കുപയോഗിക്കുന്ന പദങ്ങള്‍ രണ്ടാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഭാഷയില്‍ പോലും സമത്വം നല്‍കി രണ്ട്‌പേര്‍ക്കും ഒരേ പദം നല്‍കുന്നത് ഇസ്്‌ലാം മാത്രമാണ്. അറബിയില്‍ സൗജ് എന്ന പദം ഭാര്യക്കും ഭര്‍ത്താവിനും ഉപയോഗിക്കുന്നു. എന്റെയും നിങ്ങളുടെയും കൈകാലുകള്‍, പക്ഷികളുടെ ചിറകുകളെല്ലാം ഓരോ ജോടിയാണ്. പക്ഷിയുടെ ചിറക് അതിന്റെ ജനനം മുതല്‍ മരണം വരെ ഒരുപോലെയായിരിക്കണം. ചിറകില്‍ നിന്ന് ഒന്നോ രണ്ടോ തൂവല്‍ പറിച്ചെടുത്താല്‍ പക്ഷികള്‍ക്ക് പറക്കാന്‍ കഴിയില്ല എന്നത് പോലെ ഭാര്യ ഭര്‍ത്താക്കള്‍ യുവത്വത്തിലും വാര്‍ദ്ധക്യത്തിലും ഐശ്വര്യത്തിലും ദാരിദ്ര്യത്തിലും ഒരുപോലെയാകണം.
മനുഷ്യ സഹജമായി ഒരുമിച്ചു ജീവിക്കുന്നതിനിടയില്‍ അസ്വസ്ഥതകളും സൗന്ദര്യ പിണക്കവും ഉണ്ടാവല്‍ സ്വാഭാവികമാണ് . എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ത്വലാഖിനെ വളരെ കര്‍ശനമായി നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി ഉപദേശിക്കുകയും ഉപദേശം വേണ്ടത്ര ഫലം ചെയ്യുന്നില്ലെങ്കില്‍ അവളുമായുള്ള കിടപ്പറ മാറിനില്‍ക്കുകയും അതിലും വിജയിക്കുന്നില്ലെങ്കില്‍ സാരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇതിലും വിജയിക്കുന്നില്ലെങ്കില്‍ ഖുര്‍ആന്‍ പറയുന്നു ആ അവസരത്തില്‍ മാത്രമേ ഉമ്മയും ഉപ്പയും വിവരങ്ങള്‍ അറിയേണ്ടതുള്ളു. നേരെ മറിച്ച് ഏതെങ്കിലും സൗന്ദര്യ പ്രശ്‌നം ഉണ്ടാകുമ്പോഴേക്ക് എല്ലാവരും അറിയുന്ന ഒരു രൂപം ഉണ്ടാകരുത്. നിര്‍ഭാഗ്യവശാല്‍ ഇതാണിന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നിര്‍ബന്ധിത സാഹചര്യത്തില്‍ ഇവര്‍ രണ്ട് പേരും പൂര്‍ണമായും സ്‌നേഹത്തിലും ഐക്യത്തിലും ഒരുമിക്കുകയില്ല എന്നുറപ്പായാല്‍ രക്ഷിതാക്കള്‍ പരസ്പരം കൂടിച്ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം.
രക്ഷിതാക്കള്‍ക്ക് ഈബന്ധം തുടര്‍ന്ന് പോകണമെന്നാണല്ലോ നിര്‍ബന്ധമുണ്ടാകുക. രണ്ട് പേരെയും ഉപദേശിക്കുക, ഉപദേശം ഫലം ചെയ്യുന്നില്ലെങ്കില്‍ ആദ്യം ചെറിയ ടെസ്റ്റ് ഡോസ് കൊടുക്കുക. വിവാഹ മോചനം എന്നു പറയുന്നത് ഒറ്റയടിക്ക് ചെയ്യാന്‍ പാടുള്ളതല്ല. ഇസ്്‌ലാം ഹലാലാക്കിയ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതും വളരെ ഗൗരവമായിക്കാണുന്നതും ത്വലാഖാണ്. നിര്‍ബന്ധിത സാഹചര്യത്തില്‍ ഒരു എമര്‍ജന്‍സി ഡോര്‍ പോലെയാണ് ഇസ്്‌ലാം ഇത് വെച്ചിരിക്കുന്നത്. അത് എപ്പോഴും തുറക്കാനുള്ളതല്ല, അവിടെയും ഇസ്്‌ലാം നിഷ്‌കര്‍ശിക്കുന്നത് മുത്വലാഖല്ല മറിച്ച് ഒരു ത്വലാഖാണ്. ഒരു ത്വലാഖ് സംഭവിച്ചാല്‍ തന്നെ അര്‍ഷ് വിറക്കുന്നതാണ്. വളരെ ഗുരുതരമായ കാര്യമാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നമ്മുടെ നാട്ടില്‍ കാരണവന്മാര്‍ വീടുകളിലൊന്നും ത്വലാഖ് ചൊല്ലാന്‍ സമ്മതിക്കില്ല. ഏതെല്ലാം വിധത്തില്‍ അത് നിരുത്സാഹപ്പെടുത്താന്‍ കഴിയുമോ അതെല്ലാം ചെയ്യണം.അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് എനിക്ക് നൂറിലേറെ മഹല്ലുകളില്‍ ഖാളി സ്ഥാനം ഉണ്ടെങ്കില്‍ ഇതുവരെ ത്വലാഖിലേക്ക് എത്തുന്ന രൂപത്തില്‍ സംസാരിക്കുകയോ ത്വലാഖിന് സാക്ഷിയാവുകയോ ചെയ്്തിട്ടില്ല.
ഒരു നിലക്കും വൈവാഹിക ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത ചില നിര്‍ബന്ധിത സാഹചര്യം ഉണ്ടെങ്കില്‍, ശാരീരികമായോ മാനസികമായോ വല്ല അസ്വസ്ഥതകളും അസുഖങ്ങളും ഉണ്ടെങ്കില്‍ അതിനെല്ലാം ഇസ്്‌ലാം ഭാര്യക്കും അവകാശം നല്‍കുന്നുണ്ട്. ഫസ്ഖ്, ഖുല്‍അ് നല്‍കിയിട്ടുണ്ട്. പുരുഷന് ത്വലാഖ് നല്‍കിയെങ്കില്‍ സ്ത്രീക്ക് അവകാശമായി ഭര്‍ത്താവിനോട് ഇനി നമ്മള്‍ തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ല, ആയതിനാല്‍ നിങ്ങള്‍ക്ക് ഞാന്‍ ഒരു സംഖ്യ നല്‍കാം, നിങ്ങള്‍ എന്നെ ഒഴിവാക്കിത്തരണമെന്ന് അവള്‍ക്ക് ഭര്‍ത്താവിനോട് അപേക്ഷിക്കാം. ഇനിയും ഒരു നിലക്കും മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ ഖാളിയോട് വിവരങ്ങള്‍ പറഞ്ഞ് ഖാളിയുടെ നിര്‍ദേശം അനുസരിച്ച് അവള്‍ക്ക് ഫസ്ഖ് ചെയ്യാന്‍ ഇസ്്‌ലാം നിര്‍ദേശം നല്‍കി. ആ കൂട്ടത്തില്‍ പുരുഷന് നല്‍കിയ അവകാശങ്ങളില്‍ ഒന്ന് മാത്രമാണ് ത്വലാഖ്. മൂന്ന് ത്വലാഖും കൂടി ഒപ്പം ചൊല്ലരുത്. കാരണം സാധാരണ ഗതിയില്‍ മൂന്ന് ശുദ്ധി എന്നുപറയുന്നത് മുന്ന് മാസത്തിനുള്ളിലാണ് ഉണ്ടായി തീരുക. സ്വാഭാവികമായും അവളുടെ വീട്ടില്‍ അവള്‍ താമസിച്ച് അവന്റെ സംരക്ഷണത്തിലായി കഴിയുമ്പോള്‍ അവന്‍ അവളെ തിരിച്ചെടുക്കാന്‍ ആഗ്രഹം വന്നാല്‍ അവളെ തിരിച്ചെടുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ് ഇസ്്‌ലാം. ഇസ്്‌ലാമിന്റെ നിയമങ്ങള്‍ അറിയാതെ ഇസ്്‌ലാമിനെ ആക്ഷേപിക്കുന്നത് ലോകത്തുള്ള മുഴുവന്‍ മുസ്്‌ലിംകളെയും ആക്ഷേപിക്കുന്നത് പോലെയും ഇന്ത്യയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഒരു മതത്തെയും അതിന്റെ വിശ്വാസത്തെയും ആക്ഷേപിക്കുവാനോ നിസാരപ്പെടുത്തുവാനോ ഒരിക്കലും ഒരു മതവും കല്‍പ്പിക്കുന്നില്ല, പ്രാത്സാഹനം നല്‍കുന്നില്ല. മതത്തിനെതിരെ വരുന്ന മുഴുവന്‍ കുബുദ്ധികളേയും ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നേരിടുകയും അവര്‍ക്കെതിരെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന രൂപത്തില്‍ പ്രതിഷേധം നടത്തുകയും വേണം.
ഇസ്‌ലാം മതം വിഭാവനം ചെയ്യുന്ന സ്ത്രീകളോടുള്ള സമീപനങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സംതൃപ്തമാണോ?
നൂറുശതമാനം സംതൃപ്തമാണ്. അശ്‌റഫുല്‍ ഖല്‍ഖ് (സ) മുസ്‌ലിമീങ്ങള്‍ക്ക് മാത്രം അനുഗ്രഹമായി വന്നവരല്ല, മറിച്ച് ലോകത്തുള്ള മനുഷ്യ മനുഷ്യേതര വസ്തുകള്‍ക്കെല്ലാം അവിടുന്ന് അനുഗ്രഹമാണ്. ഇസ്‌ലാം മതവിശ്വാസിയായതുകൊണ്ടുന്നയിക്കുന്ന അവകാശവാദമല്ലയിത്, മറിച്ച് മതാന്ധത ബാധിച്ചവര്‍ പോലും അറിയാതെ സമ്മതിച്ചു പോകുന്ന യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിന് മാതൃഭൂമി ദിനപത്രത്തില്‍ ഡോ. കെ അജിത ഏക സിവില്‍ കോഡിനെ കുറിച്ചെഴുതിയ ലേഖനം നിങ്ങള്‍ വായിച്ചിരിക്കും. സിവില്‍ കോഡ് നിര്‍ബന്ധമായും പ്രാബല്യത്തില്‍ വരണം, അതുകൊണ്ട് ഒരുപാടു ഗുണങ്ങളുണ്ട് തുടങ്ങി ഏക സിവില്‍ കോഡിന്റെ ആവശ്യകതയെ വിവരിക്കുന്ന ലേഖനം. തീര്‍ച്ചയായും തല്‍വിഷയകമായുള്ള ലേഖികയുടെ കാഴ്ച്ചപാട് ഇസ്‌ലാമിക വിരുദ്ധമാണെന്നതില്‍ തര്‍ക്കമില്ല. എങ്കിലും ലേഖനം വായിക്കുമ്പോള്‍ അവര്‍ വരികള്‍ക്കിടയിലൂടെ അറിയാതെ ഇസ്‌ലാമിനെ പുകഴ്ത്തുന്നുണ്ട്. ലേഖനത്തിലൊരിടത്ത് പറയുന്നുണ്ട്: ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് അസ്തിത്വവും സ്വാതന്ത്ര്യവും സ്വത്തവകാശവും നല്‍കിയത് ഇസ്‌ലാമാണെന്ന്. ഇന്ത്യന്‍ ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം വേണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നത് 1941ലാണ്. 1956 വരെ നീണ്ടു നിന്ന ചര്‍ച്ച രാജ്യത്ത് പലപ്രശനങ്ങളുമുണ്ടാക്കി. ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയും രാജ്യത്തെ ആദ്യത്തെ നിയമ മന്ത്രിയുമായ അംബേദ്കര്‍ ഈ വിഷയവുമായി ബന്ധപെട്ട് രാജിവെക്കേണ്ടി വന്നു.
ഹിന്ദുകോഡ് ബില്ല് ഒപ്പുവെക്കാതിരിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് ഇന്ത്യയുടെ ആദ്യപ്രസിഡണ്ട് നിയമോപദേശം തേടി. അവസാനം അച്ഛന്റെ വിഹിതത്തിന്റെ ചെറിയൊരു ഭാഗം മകള്‍ക്കു നല്‍കാം എന്ന ധാരണയിലാണ് ആ ബില്ല് പാസായത്. ഈ വിഹിതം പോലും ആ മകള്‍ക്കു ലഭിച്ചത് മതം പറഞ്ഞതു കൊണ്ടല്ല. മറിച്ച്, വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകളും കൂടിയാലോചനകള്‍ക്കും ശേഷം രാജ്യം വകവെച്ചു നല്‍കിയതാണ്. ഞാനൊരിക്കലും മറ്റു മതങ്ങളെ നിസാരപ്പെടുത്തുകയോ ആക്ഷേപിക്കുകയോ അല്ല. മറിച്ച്, ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ വേണ്ടി പറയുകയാണ്. ‘ ഇസ്‌ലാമിനെ തിരിച്ചറിയണമെങ്കില്‍ ഇസ്‌ലാമിന്റെ പൂര്‍വ്വ കാലത്തെ മനസ്സിലാക്കണം’, ‘ഒരു വസ്തുവിനെ മനസ്സിലാവുക അതിന്റെ വിപരീതത്തെ മനസ്സിലാക്കുമ്പോഴാണ്’ തുടങ്ങിയ വചനങ്ങളെല്ലാം ഇവിടെ ചേര്‍ത്തി വായിക്കണം. 134 കോടി ജനങ്ങളധിവസിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ 100 കോടിയിലധികവും ഹിന്ദുമത വിശ്വാസികളാണ്. അവരില്‍ പലര്‍ക്കും സ്വത്തിനവകാശം ലഭിക്കുന്നത് 1956 ല്‍ പാസാക്കിയ ഹിന്ദുകോഡ് പ്രകാരമാണ്.
ഹിന്ദു കോഡിന്റെ അനീതിയെ കുറിച്ച് ലേഖനത്തിലുദ്ധരിച്ചത് ഇങ്ങനെയാണ്: ”അന്നത്തെ ഹിന്ദു നിയമ പ്രകാരം ആണ്‍ കുട്ടികള്‍ക്ക് കുടുംബ സ്വത്തില്‍ ജന്മാവകാശമുണ്ടായിരിക്കുകയും പെണ്‍കുട്ടികള്‍ക്ക് ഒരവകാശവും ഇല്ലാതിരിക്കുകയുമായിരുന്നു. ഇതിനുപകരം പിതാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സ്വത്തില്‍ ആണ്‍മക്കളുടെ ഒപ്പം ഒരു അവകാശത്തിന് പെണ്‍കുട്ടികളെ അനുവദിക്കുകയായിരുന്നു നിയമം ചെയ്തത്. ഈ നിയമപരിഷ്‌കരണത്തിനു ശേഷവും പെണ്‍കുട്ടിക്ക് കുടുംബസ്വത്തിലുള്ള അവകാശമാണ് ആണ്‍കുട്ടികളുടേതിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. കാരണം ആണ്‍കുട്ടികള്‍ക്ക് ജന്മാവകാശമായി കിട്ടുന്ന വലിയ ഭാഗത്തിന്റെ കൂടെ പിതാവിന്റെ പങ്കും ലഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തിന്റെ പങ്കുമാത്രമേ ലഭിക്കൂ. ഈ നിയമത്തിന് പിന്നീട് ചെറിയൊരു മാറ്റമുണ്ടായത് 2005ലണ്. അതായത് അമ്പതു വര്‍ഷക്കാലം ഭരണഘടനാ വിരുദ്ധമായ നിയമമാണ് ഹിന്ദുകോഡില്‍ ഉണ്ടായിരുന്നത്”.
ഇനി നിങ്ങള്‍ ഇസ്‌ലാമിനെ പഠിക്കൂ. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അശ്‌റഫുല്‍ ഖല്‍ഖ്(സ) മക്കയില്‍ ഇസ്‌ലാമിക പ്രചാരണത്തിനിറങ്ങുമ്പോള്‍ ലോകത്തിന്റെ അവസ്ഥ അറിയുന്നവരാണ് നാമെല്ലാവരും. പെണ്ണായി പിറവികൊള്ളാന്‍ അവകാശമില്ലായിരുന്നു. അഥവാ പിറന്നത് പെണ്ണാണെന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ചുമൂടും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യ വിഭാഗത്തില്‍ അന്ന് പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു പറയാം.
ഇത്തരം സാമൂഹിക പരിതസ്ഥിതിയിലാണ് പ്രവാചകര്‍ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശവും അവളുടെ സ്വത്വവും നേടികൊടുക്കുന്നത്. ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുന്നത് ഒരു നിലക്കു മാത്രമല്ല, മറിച്ച് ഏഴു നിലക്കാണ്. ഉമ്മ, മകള്‍, മകന്റെ മകള്‍, ഭാര്യ, സഹോദരി, മാതാവിന്റെ ഉമ്മ, പിതാവിന്റെ ഉമ്മ തുടങ്ങിയവരാണവര്‍. സ്ത്രീ എന്നുച്ചരിക്കല്‍ ഏറ്റവും വലിയ അസഭ്യമായി കരുതിയ ലോകത്ത് പ്രാവചകര്‍ ചെയ്ത ആദ്യ ഉടമ്പടിയുടെ പേരു തന്നെ ‘ബൈഅത്തു നിസ്‌വാന്‍’ എന്നായിരുന്നു. ലോക ചരിത്രത്തില്‍ നൂറുവര്‍ഷത്തിനിടക്ക് സ്ത്രീകള്‍ക്കുവേണ്ടി കരാറു ചെയ്ത ഏതെങ്കിലും നേതാക്കളെ കാണിക്കുവാന്‍ സാധിക്കുമോ? തന്റെ അവസാന പ്രഭാഷണത്തില്‍ സ്ത്രീകളുടെ കാര്യം ശ്രദ്ധിക്കാന്‍ അവിടുന്ന് പ്രത്യേകം പറയുന്നുണ്ട്, എന്തിനേറെ മരണ സമയത്ത് പോലും സ്ത്രീ സുരക്ഷക്കു വേണ്ടി ശബ്ദിച്ച നേതാവാണ് അഷ്‌റഫുല്‍ ഖല്‍ഖ്(സ്വ).
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കുന്ന കാലമാണിതെന്നാണല്ലോ അവകാശം. എന്നിട്ടും വനിതാ കമ്മീഷന്റെ പുതിയ കണക്കു പ്രകാരം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം കൂടുന്നതായാണ് കാണിക്കുന്നത്. അവര്‍ സ്വാതന്ത്ര്യമനുഭവിക്കുന്നവരാണെങ്കില്‍ നേരെ മറിച്ചാണല്ലോ സംഭവിക്കേണ്ടത്. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദിക്കുന്ന ലോക രാജ്യങ്ങളിലെ മുടിചൂടാമന്നനായ അമേരിക്കയുടെ വൈറ്റ്ഹൗസിന് തങ്ങളുടെ 250 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരുസ്ത്രീ പ്രസിഡണ്ടു പദം അലങ്കരിച്ചതിന്റെ ചരിത്രം പോലും പറയാനില്ല. അധികാരവും സ്ഥാനവും നല്‍കി അവളെ പൊതു ദര്‍ശനത്തിനു വെക്കലല്ല സ്ത്രീ സ്വാതന്ത്ര്യം. മറിച്ച് അവളുടെ പ്രകൃതിക്കനുസൃതമായ സ്ഥലത്ത് അവള്‍ക്കുവേണ്ട സുഖ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുവദിക്കലാണ്. സ്ത്രീ ബറക്കത്താണ്, രണ്ടു പെണ്‍കുട്ടികളെ പോറ്റിവളര്‍ത്തി കെട്ടിച്ചയക്കുന്ന രക്ഷിതാക്കള്‍ക്ക് പത്ത് പുരുഷന്മാരെ വളര്‍ത്തിയതിനേക്കാള്‍ പ്രതിഫലമുണ്ട് തുടങ്ങിയ ഇസ്‌ലാമികാദ്ധ്യാപനങ്ങളിലൂടെയെല്ലാം സ്ത്രീകളോട് മാന്യമായി ഇടപെടാന്‍ സമൂഹത്തെ പഠിപ്പിക്കുകയാണ് ഇസ്‌ലാം.