വിലയറിഞ്ഞ് ഉപയോഗിക്കേണ്ട പലതുമുണ്ട് നമ്മുടെ സമൂഹത്തില്‍. അതിന്റെ ഔന്നിത്യം മനസ്സിലാക്കി ഉചിതമായ രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് പലതിന്റെയും വിലയും നിലയുമറിയുക. മൂല്യം തിരിച്ചറിഞ്ഞ് ഒന്നിനെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന വ്യത്യാസം. പട്ട് വിരിച്ച തൊഴുത്ത് പശുവിനെ സംബന്ധിച്ചെടത്തോളം ഒരു വിലയുമില്ല. വജ്രം കൊണ്ടുണ്ടാക്കിയ മാല കുരങ്ങന്റെ കഴുത്തില്‍ ധരിപ്പിച്ചാല്‍ അതും കാണിച്ച് നഗരത്തിലെ വലിയ മാളില്‍ അത് ഷോപ്പിംഗിന് പോകാറുമില്ല. അതിന്റെ മൂല്യവും വലിപ്പവും അറിയാത്തത് കൊണ്ടാണത്. എന്നാല്‍ മനുഷ്യജീവിതത്തില്‍ ഏറെ മൂല്യമുള്ള ജലം അനാവശ്യമായി ഉപയോഗിക്കുക വഴി ജലത്തിന്റെ വില നാം അറിയാതെ പോയി. ജലമാണ് ജീവന്റെ തുടക്കം, ജീവനാണ് ലോകത്തിന്റെ മര്‍മ്മം. ഭൂമിയില്‍ കുഴിച്ചിട്ട വിത്ത് മുതല്‍ വലിയ വൃക്ഷം വരെ ജലത്തെ ആശ്രയിച്ചാണ് നില നില്‍ക്കുന്നത്. ജലമില്ലാതെ അധിക കാലം നിലനില്‍ക്കാന്‍ സസ്യത്തിനെന്നല്ല, ഒരു ജീവിക്കും സാധ്യമല്ല. ഭക്ഷണം ലഭിക്കാതെ അല്പകാലം ജീവിക്കാനൊക്കുമെങ്കിലും കുടിനീരില്ലാതെ കഴിയാന്‍ ആര്‍ക്കാണ് സാധ്യമാവുക?
കേരളം നാള്‍ക്കുനാള്‍ ജലദൗര്‍ലഭ്യത നന്നായി അനുഭവിക്കുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് മലയാളികള്‍ ജലത്തിന്റെ ലഭ്യതയില്‍ മുമ്പിലായിരുന്നു. പൂര്‍വ്വികരുടെ അധ്വാനവും, പ്ലാനിംഗും ഇല്ലായിരുന്നുവെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ നമ്മള്‍ ജലത്തിന്റെ വില അറിയുമായിരുന്നു. എന്നാല്‍ ഇന്ന് അത്തരം കുളങ്ങളും, കിണറുകളും, പാറക്കെട്ടുകളും ഇടിച്ചു തകര്‍ത്ത് ആഢംബര ജീവിതം നയിക്കാനുള്ള ചിന്തയിലാണ് നാം. ഗ്രാമങ്ങള്‍ പോലും ഉല്ലാസ കേന്ദ്രങ്ങളാക്കാനുള്ള നെട്ടോട്ടത്തിലാണ് നാമിപ്പോഴുള്ളത്. മരത്തൈകള്‍ കുഴിച്ചിടുന്നതിന് പകരം നമ്മള്‍ നടുന്നത് ഇരുമ്പു കമ്പികളും, കോണ്‍ക്രീറ്റ് പില്ലറുകളുമാണ്. ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന വയനാടിന്റെയും, പുഴകള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട ആലപ്പുഴയുടെയും അവസ്ഥ എന്താണ്? ഇവിടെയൊക്കെ പാചകത്തിനു പോലും ടാങ്കര്‍ലോറികളെയും കുപ്പിവെള്ളത്തെയും ആശ്രയിക്കേണ്ടി വന്നത് സാംസ്‌കാരിക, ഉത്ഭുദ്ധ കേരളത്തെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഹരിത കേരളം ഇന്നിതാ ദുരിത കേരളത്തിന്റെ പല റോളുകളും വഹിച്ചു കൊണ്ടിരിക്കുന്നു.
ഒട്ടനവധി സംസ്‌കാരങ്ങള്‍ക്ക് ആതിഥ്യം വഹിച്ച മണ്ണാണ് നമ്മുടെ ഭാരതം. അവയുടെയെല്ലാം പ്രധാന സ്രോതസ്സ് സമ്പുഷ്ടമായ മണ്ണും വെള്ളവും പ്രകൃതിയുമായിരുന്നു. നൂറ്റാണ്ടുകളോളം ഇവിടെ കഴിച്ചു കൂട്ടിയ ഇവര്‍ സാമൂഹികമായും സാംസ്‌കാരികമായും മികച്ച സംഭാവനകള്‍ നല്‍കി. ബി. സി 1200ല്‍ വന്ന സിന്ധു നദീതട സംസ്‌കാരത്തിന്റെ പ്രധാന അവലംബം നദികളും പുഴകളുമായിരുന്നു. നിരവധി ജലസ്രോതസ്സുകള്‍ അടുത്ത് തന്നെ ഉണ്ടായിരുന്നിട്ട് പോലും ഉപയോഗിക്കുന്ന ജലത്തെ വളരെ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ ഇവര്‍ ഉത്ഭുദ്ധരായിരുന്നു. മഹാസ്‌നാനഘട്ടം എന്നു വിളിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഇവരുടെ സംസ്‌കാര മുദ്രയായിരുന്നു. പ്രത്യേകം കെട്ടി തയ്യാറാക്കിയ കുളിപ്പുരകളും, കുളങ്ങളും കിലോമീറ്ററുകളോളം നീളുന്ന കൃഷിയിടങ്ങള്‍ക്ക് ജലം വിതരണം ചെയ്യുന്ന രൂപത്തില്‍ സംവിധാനിച്ചു. അവയിലൂടെ ഒഴുകിയെത്തുന്ന വെള്ളം മൃഗങ്ങളെ കുളിപ്പിക്കാനും കാര്‍ഷികായുധങ്ങള്‍ കഴുകാനും അവര്‍ ഉപയോഗപ്പെടുത്തി.
കാലക്രമേണ അതിലെല്ലാം മാറ്റം വന്നു. കൃഷി നശിച്ച് മരങ്ങള്‍ വെട്ടി മാറ്റി, കെട്ടിടങ്ങളുയര്‍ത്തി പുഴകളെയും തടാകങ്ങളെയും അനാവശ്യമായി ഉപയോഗിച്ച് ധൂര്‍ത്തിന്റെ മുന്നേറ്റം തുടങ്ങിയപ്പോള്‍ ഭൂമിയുടെ സ്വഭാവം മാറി. തങ്ങളുടെ സംസ്‌കാരത്തിന് വെല്ലുവിളി ആയപ്പോഴും, പട്ടിണി മരണങ്ങള്‍ സംഭവിച്ചപ്പോഴും, കാലം മാറി മഴ പെയ്തപ്പോഴുമൊക്കെ പതുക്കെ പതുക്കെ തകര്‍ന്നടിയുകയായിരുന്നു മഹാനദീതട സംസ്‌കാരങ്ങള്‍.
വെള്ളത്തിന്റെ ഉപയോഗത്തില്‍ ധൂര്‍ത്തടിക്കുമ്പോള്‍ പണക്കാരും പണിക്കാരും ഒരു പോലെ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരും. അനാവശ്യ ഉപയോഗവും വെള്ളത്തിന്റെ കാര്യത്തിലുള്ള അശ്രദ്ധയുമെല്ലാം സമീപഭാവിയില്‍ തന്നെ പ്രതീക്ഷിക്കപ്പെടുന്ന കടുത്ത വരള്‍ച്ചയിലേക്കുള്ള പ്രയാണത്തിന്റെ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. കിണര്‍ സ്വന്തം പറമ്പിലാണെന്ന് കരുതി കരുതലില്ലാതെയും, പാഴാക്കിയും ഉപയോഗിച്ചാല്‍ അത് പരിസരത്തിനും ദോഷം ചെയ്യും. ഇത് പുഴയുടെയും മറ്റു ജലാശയങ്ങളുടെയും കാര്യത്തിലാണെങ്കില്‍ അതിന്റെ വ്യാപ്തി കൂടുക തന്നെ ചെയ്യും.
സാര്‍വത്രികമായി മനുഷ്യനെയും സമൂഹത്തെയും ഉത്ഭുദ്ധരാക്കിയ മതമാണ് ഇസ്‌ലാം. ജലസംബന്ധിയായി എല്ലാവരും ഉള്‍ക്കൊള്ളേണ്ട മഹത്തായ സന്ദേശമാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. ഖുര്‍ആനില്‍ 63 സൂക്തങ്ങളിലായി അല്ലാഹു വെള്ളത്തിന്റെ പ്രാധാന്യം പരാമര്‍ശിക്കുന്നു. മേഘങ്ങളില്‍ നിന്ന് മഴ പെയ്യിക്കുന്നതും, പാറക്കെട്ടില്‍ നിന്ന് ഉറവ വരുത്തുന്നതുമെല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായിട്ടാണ് എണ്ണിയിരിക്കുന്നത്. മഴയില്ലാത്ത, വെള്ളമില്ലാത്ത അവസ്ഥയെക്കുറിച്ചും അല്ലാഹു ചോദിക്കുന്നുണ്ട്. സൂറത്തുല്‍ മുല്‍ക് അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നത് ‘നിങ്ങളുടെ വെള്ളം വറ്റി വരണ്ടു പോയാല്‍ നിങ്ങള്‍ക്ക് കുടിക്കാനാവശ്യമായ തെളിനീര്‍ജലം ആരാണ് കൊണ്ടു വരിക?’ എന്ന് ചോദിച്ചു കൊണ്ടാണ്. നിങ്ങള്‍ കുടിക്കുന്ന ജലം നിങ്ങളാണോ അതല്ല നാമാണോ ഇറക്കിയതെന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് ചോദിക്കുന്നുണ്ട്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും, വരദാനവുമായിട്ടാണ് ജലത്തെ പരിചയപ്പെടുത്തുന്നത്. ഒരു സര്‍ക്കാറിനോ ജല അതോറിറ്റിക്കോ ഒരു തുള്ളി ജലമുണ്ടാക്കാന്‍ കഴിവില്ല. കറന്‍സികള്‍ അച്ചടിക്കുന്ന ബാങ്കുകള്‍ ലോകത്ത് പലതുമുണ്ടെങ്കിലും വാട്ടര്‍ ബാങ്ക് സാധ്യമല്ലല്ലോ. മനുഷ്യരുടെ അമിതമായ കൈകടത്തലിനാലും അക്രമവും വഴിയാണ് കടലിലും കരയിലും നാശം എത്തിയതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
പരസ്പര സഹകരണത്തെ കുറിച്ച് ബോധവാന്മാരായാല്‍ മാത്രമേ ജലദൗര്‍ലഭ്യത ചെറുക്കാന്‍ സാധിക്കൂ. ഓരോ തുള്ളിയും വിലപ്പെട്ടതാണെന്ന് പുതുതലമുറയെ പഠിപ്പിക്കാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചത് കൊണ്ട് മാത്രമായില്ല. അത് പ്രാവര്‍ത്തികമാക്കുന്നതില്‍ എത്രത്തോളം വിജയം കൈവരിച്ചു എന്ന് വിലലയിരുത്തുക കൂടി വേണം. നാം ഒരിക്കല്‍ ഉപയോഗിച്ച് മിച്ചം വരുന്ന വെള്ളം നാല്ക്കാലികള്‍ക്കും കൃഷിക്കും ഉപയോഗിക്കാന്‍ ശ്രമിക്കണം.