ശാശ്വത വിജയത്തിന് ആരാധന മാത്രം മതിയാകില്ല. ആദരവ് കൂടി വേണം. അത് കൊണ്ട് തന്നെ അല്ലാഹു ആദരിച്ച വ്യക്തികള്‍, സ്ഥലങ്ങള്‍, വസ്തുക്കള്‍ എന്നിവയെ നാം ആദരിക്കണം. ആദരണീയ വ്യക്തിത്വങ്ങള്‍ അല്ലാഹുവിനോട് അടുത്തവരാണ്. അവരോടുള്ള ബഹുമാനവും ആദരവും ജീവിതത്തിലുടനീളം നാം പാലിക്കേണ്ടതുണ്ട്. അവരുടെ വാക്കുകള്‍ക്ക് വില നല്‍കലും അവരുടെ ആജ്ഞകളെ പുച്ഛിക്കാതിരിക്കലും അവരെ വേദനിപ്പിക്കാതിരിക്കലും വിശ്വാസിയുടെ ഈമാനിന്റെ ഭാഗമാണ്.
ഇമാം കിര്‍മാനി(റ)പറയുന്നു”അല്ലാഹുവിന്റെ ഔലിയാക്കളെ പ്രിയം വെക്കുന്നതിനെക്കാള്‍ വലിയ ഒരു ആരാധനയും ഇല്ല. കാരണം അല്ലാഹുവിന്റെ ഔലിയാക്കളെ പ്രിയം വെക്കല്‍ പരിശുദ്ധനായ അല്ലാഹുവിനെ പ്രിയം വെക്കുന്നതിന്റെ അടയാളമാണ്.”(റൗളുറയാഹീന്‍/9 -ഇമാം യാഫിഈ). നബി(സ്വ)അരുളുന്നു: ”പ്രവാചകന്‍മാരെ സ്മരിക്കല്‍ ആരാധനയും സച്ചരിതരായ ജനങ്ങളെ സ്മരിക്കല്‍ പ്രായശ്ചിത്തവുമാണ്.”
ആദരവിനെതിരാണ് അനാദരവ്. ഔലിയാക്കളുടെ കറാമത്തിനെ നിഷേധിക്കല്‍ അല്ലെങ്കില്‍ അവരുടെ വചനങ്ങളെ നിസ്സാരമായി കാണല്‍ എന്നിവയെല്ലാം അനാദരവില്‍ പെടുന്നതാണ്. ഒരു ഖുദ്‌സിയ്യായ ഹദീസില്‍ കാണാം. ”എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത വെച്ചാല്‍ അവനോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചവനാണ്.(അഥവാ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തൊട്ട് അവന്‍ വിദൂരത്താവുകയും പരാജയത്തിന്റെ കുഴികളില്‍ ആപതിക്കുകയും ചെയ്യും-അസ്സവാജിര്‍). സുന്നത്തായ കര്‍മങ്ങളെ കൊണ്ട് ഒരടിമ എന്നോട് അടുക്കുകയും അവനെ ഞാന്‍ പ്രിയം വെക്കുകയും ചെയ്താല്‍ അവന്റെ കണ്ണും കാതും കയ്യും കാലുമെല്ലാം ഞാനാകും. മാത്രമല്ല അവന്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ തീര്‍ച്ചയായും അവന് ഞാനത് നല്‍കും അവന്‍ എന്നോട് കാവലിനെ ചോദിച്ചാല്‍ അവന് ഞാന്‍ കാവല്‍ നല്‍കും”.(സ്വഹീഹുല്‍ ബുഖാരി)
ഇത് വിശദീകരിച്ച് കൊണ്ട് ഇമാം റാസീ(റ)പറയുന്നു. അവന്റെ കണ്ണ് ഞാനാകുമെന്ന് പറഞ്ഞാല്‍ അടുത്തുള്ള കാഴ്ഛയും വിദൂരത്തുള്ള കാഴ്ഛയും അവന് ദര്‍ശിക്കാനാവുമെന്നാണ്. അവന്റെ കാത് ഞാനാകുമെന്ന് പറഞ്ഞാല്‍ വൈദൂരമില്ലാതെ എല്ലാ കേള്‍വിയും ശ്രവിക്കാന്‍ കഴിയുമെന്നാണ്. അവന്റെ കൈ ഞാനാകുമെന്ന് പറഞ്ഞാല്‍ ദുര്‍ഘടവും എളുപ്പവുമായ മുഴുവന്‍ കാര്യങ്ങളിലും സ്ഥല വ്യത്യാസമില്ലാതെ ക്രയവിക്രയം ചെയ്യാന്‍ സാധിക്കുമെന്നാണ്.(തഫ്‌സീറു റാസീ 436/21)
മഹാന്‍മാരായ ഔലിയാക്കളുടെ വാക്കുകള്‍,പ്രവര്‍ത്തികള്‍,ആജ്ഞകള്‍ എന്നിവയിലെല്ലാം സജീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ കാര്യം വളരെ അപകടകരമായിരിക്കും. അവരുടെ വാക്കിനെ നിസ്സാരമാക്കിയാല്‍ ഇഹലോകത്ത് വെച്ച് തന്നെ അതിന്റെ പ്രത്യാഘാതം അവന്‍ ഏറ്റു വാങ്ങേണ്ടി വരും. ഒരു ആഘാതവും അവന്റെ ജീവിതത്തില്‍ പ്രകടമായില്ലെങ്കില്‍ അവന്റെ അന്ത്യം ദാരുണമായിരിക്കും. ഔലിയാക്കളെ തൊട്ട് കളിച്ച് ജീവിതം അപകടത്തിലായ ഒരുപാട് ചരിതങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാനാകും.
നല്ലവരായ മനുഷ്യരെ നിഷേധിക്കുന്നതിലുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ അവരുടെ ബറകത്തിനെ അവന് വിലങ്ങപ്പെടലാണ്. മാത്രമല്ല അവരുടെ അന്ത്യം ഭീതിപ്പെടുത്തപ്പെടുന്നതും ആയിരുക്കും.(റൗളുറയാഹീന്‍/9-ഇമാം യാഫിഈ).
മുത്ത് നബി(സ്വ)പറഞ്ഞു. പണ്ഡിതരുടെ മാംസം വിഷമുള്ളതാണ്. ഒരിക്കല്‍ ഇമാം അബൂ ഹനീഫ(റ)നെ ഒരു തേള്‍ കുത്തി. തദവസരം അത് ഭൂമിയില്‍ വീണപ്പോള്‍ ശിഷ്യന്‍മാര്‍ അതിനെ കൊല്ലാന്‍ ശ്രമിച്ചു. അപ്പോള്‍ ഇമാം അത് വിലങ്ങി. എന്നിട്ട് പറഞ്ഞു പണ്ഡിതരുടെ മാംസം വിഷമുള്ളതാണെന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്. അവരുടെ കൂട്ടത്തല്‍ ഞാന്‍ പെടുമോ എന്ന് നോക്കട്ടെ എന്നദ്ദേഹം ശിഷ്യന്‍മാരോട് പറഞ്ഞു. അങ്ങനെ ആ തേള്‍ ഘട്ടം ഘട്ടമായി ജീവനില്ലാതെയായി.(ബരീഖ മഹ്മൂദിയ്യ)
ധിക്കാരം മനുഷ്യനൊരിക്കലും ഭൂഷണമല്ല. ഭാവി ജീവിതത്തെയും പാരത്രിക ജീവിതത്തെയും അവനെ അത് സാരമായി ബാധിക്കും. നബി(സ്വ)പറഞ്ഞു. ”നിങ്ങള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ നിങ്ങളുടെ കൈകള്‍ മൂന്ന് പ്രാവശ്യം കഴുകുന്നതിന് മുമ്പ് പാത്രത്തില്‍ മുക്കരുത്. കാരണം നിങ്ങളുടെ കൈ എവിടെയാണ് അന്തിയുറങ്ങിയതെന്ന് നിങ്ങള്‍ക്കറിയില്ല.”(ഇമാം മുസ്‌ലിം)
ഇമാം നവവി(റ)അദ്ദേഹത്തിന്റെ ബുസ്താന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഈ ഹദീസ് വചനം കണ്ട ഒരു പുത്തന്‍ വാദി പരിഹസിച്ചു കൊണ്ടു പറഞ്ഞു. ”എനിക്കറിയാം എന്റെ കൈ എവിടെയാണ് അന്തിയുറങ്ങുന്നതെന്ന്. അത് എന്റെ പുതപ്പിലാണ്” അങ്ങനെ പ്രഭാതമായപ്പോള്‍ അദ്ദേഹത്തിന്റെ കൈ മലദ്വാരത്തില്‍ ഒരു മുഴം വരെ പ്രവേശിച്ച നിലയിലായി കാണപ്പെട്ടു. ബുസ്‌റ പട്ടണത്തില്‍ ഹിജ്‌റ 665ല്‍ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. നല്ലവരായ ആളുകളില്‍ അദ്ദേഹത്തിന്റെ വിശ്വാസം മോശമായിരുന്നു. അദ്ദേഹത്തിന്റെ മകന് അവരില്‍ വിശ്വാസവുമുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ മകന്‍ ഒരു സ്വാലിഹായ മനുഷ്യന്റെ അരികില്‍ നിന്നും വരുന്ന സന്ദര്‍ഭം. മകന്റെ അടുക്കലുള്ള മിസ്‌വാക്ക് കണ്ട ആ പിതാവ് പരിഹസിച്ചു കൊണ്ടു ചോദിച്ചു ‘ഇത് നിനക്ക് ശൈഖ് തന്നതാണോ’. അദ്ദേഹത്തെ നിസ്സാരമാക്കി അദ്ദേഹം ആ മിസ്‌വാക്ക സ്വന്തം മലദ്വാരത്തില്‍ പ്രവേശിപ്പിച്ചു. അങ്ങനെ ആ മനുഷ്യന്‍ മത്സ്യത്തോട് സാമ്യമുള്ള ഒരു നായകുട്ടിക്ക് ജന്മം നല്‍കി. അദ്ദേഹം ആ നായകുട്ടിയെ വധിക്കുകയും രണ്ട് ദിവസങ്ങള്‍ക്കകം അദ്ദേഹം മരിക്കുകയും ചെയ്തു. (ഹാശിയതു നിഹായ 1/185)
നല്ലവരായ ആളുകള്‍ വെറുക്കുന്ന എന്തെങ്കിലും ചേഷ്ടകള്‍ ചെയ്താല്‍ അല്ലാഹു അവനെ ഭീതിതമായ രോഗങ്ങള്‍ അവരുടെ ശരീരത്തില്‍ പ്രകടമാക്കി പരീക്ഷിക്കും അഥവാ ആ നിമിഷം തന്നെ അതിനുള്ള ഭവിഷത്ത് അവന് ലഭിക്കുമെന്നര്‍ത്ഥം. ആ രോഗം എങ്ങനെ അവന് പിടിപ്പെട്ടന്ന കാരണം അവന്‍ അറിയുകയുമില്ല. അല്ലെങ്കില്‍ ഈ ലോകത്ത് വെച്ച് അതിന്റെ ഒരു പ്രതികരണവും കാണില്ല മറിച്ച് ആഖിറത്തില്‍ വെച്ച് അതിനുളള അടയാളം അവന്‍ കാണും.(റൂഹുല്‍ ബയാന്‍ 4 /10)
ഒരിക്കല്‍ അബൂ ജഹ്ല്‍ അവന്റെ മൂക്ക് കൊണ്ടും വായകൊണ്ടും നബിയെ പരിഹസിക്കാന്‍ തുടങ്ങി. അതു കണ്ട നബി(സ്വ)പറഞ്ഞു. ”നീ അപ്രകാരം ആകട്ടെ”. അങ്ങനെ അബൂ ജഹ്ല്‍ മരിക്കുന്നത് വരെ അങ്ങനെയായി. ഉത്ത്ബത്തുബ്‌നു അബീ മുഅയ്ത്വ് ഒരിക്കല്‍ നബി(സ്വ)യെ പരിഹസിച്ചു കൊണ്ട് നബി(സ)യുടെ മുഖത്തേക്ക് തുപ്പി. ആ സമയം തന്നെ അത് അദ്ദേഹത്തിന്റെ മുഖത്തെത്തി. പിന്നീട് അവിടെ വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്തു.(റൂഹുല്‍ ബയാന്‍)
ഇബ്‌നു ഖയ്യിം അഹ്മദ് ബ്‌നു ശുഹൈബ് എന്നവരെ തൊട്ട് ഉദ്ദരിക്കുന്നത് കാണാം. ബസ്വറയില്‍ ഹദീസ് പണ്ഡിതന്‍മാര്‍ക്കിടയില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുതഅല്ലിമീങ്ങള്‍ക്ക് മാലഖകള്‍ ചിറക് വിടര്‍ത്തി കൊടുക്കുമെന്ന ഹദീസിനെ സംബന്ധിച്ച് വിശകലനം നടന്നു . ഒരു മുഅ്തസലി വിശ്വാസി(ബിദ്അത്തുകാരന്‍) ആ ഹദീസിനെ പുച്ഛിച്ച് പറഞ്ഞു. നാളെ ഞാന്‍ മാലഖകളുടെ ചിറകിന്‍മേല്‍ ചവിട്ടും. അപ്രകാരം അദ്ദേഹം പിറ്റെ ദിവസം ചെയ്തു. അതിനു ശേഷം അദ്ദേഹത്തിന്റെ കാല്‍ തളരുകയും ഇരു കാലിനും അര്‍ബുദം ബാധിക്കുകയും ചെയ്തു. (മിര്‍ഖാത് 1/296)
മഹാനരായ ഔസുല്‍ അഅ്ളം മുഹ്‌യുദ്ധീന്‍ ശൈഖ്(റ)വിന് ജീവിതത്തല്‍ വളരെയധികം ആദരവും ബഹുമാനവും ഉണ്ടായിരുന്നു.ചെറുപ്പത്തില്‍ തന്നെ അത്തരം ശീലങ്ങള്‍ ശൈഖവര്‍കളില്‍ നമുക്ക് കാണാന്‍ സാധിക്കും.
അബൂ സഈദ് അബ്ദുല്ല ഇബ്‌നു അബീ അസ്‌റൂന്‍ എന്നവര്‍ ബഗ്ദാദിലേക്ക് ഇല്‍മ് തേടിയെത്തിയതാണ്. അവിടെന്ന് ഇബ്നു സഖയെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹത്തോടു കൂട്ടു കൂടി മദ്റസത്തുനിളാമിയയില്‍ ഇബ്‌നു അബീ അസ്‌റൂന്‍ ഇല്‍മ് നുകര്‍ന്നു.
രണ്ടുപേര്‍ക്കും സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് ബഗ്ദാദില്‍ ഔസ് എന്നു വിളക്കപ്പെടുന്ന ഒരു വലിയ്യുണ്ടായിരുന്നു. ഉദ്ദേശിക്കുമ്പോള്‍ പ്രത്യക്ഷമാകാനും അപ്രത്യക്ഷമാകാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അങ്ങനെ ഇബ്‌നു അബീ അസ്‌റൂനും ഇബ്നു സഖയും മുഹ്‌യുദ്ധീന്‍ ശൈഖ്(റ)വും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
അന്ന് ശൈഖവര്‍കള്‍ ചെറുപ്രായക്കാരനാണ്. യാത്രാ മദ്ധ്യേ ഇബ്നു സഖ വാചാലമായി: ‘തീര്‍ച്ചയായും ഞാന്‍ ഔസിന്(ആ വലിയ്യിന്) ഉത്തരം കിട്ടാത്ത ഒരു ചോദ്യം ചോദിക്കും.’ ഇബ്‌നു അബീ അസ്‌റൂനും വിട്ടില്ല അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും ഞാനൊരു ചോദ്യം ചോദിക്കും, അതിനെന്താണ് അദ്ദേഹം മറുപടി പറയുക എന്നു നോക്കണം.’ എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ശൈഖവര്‍കള്‍ പറഞ്ഞു: ‘അല്ലാഹു കാക്കട്ടേ, ഞാനൊന്നും ചോദിക്കില്ല, ഞാനദ്ദേഹത്തെ കാണല്‍ കൊണ്ട് ബറകത്തെടുക്കാാനാണ് ഉദ്ദേശിക്കുന്നത്.
അത് കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞിട്ടാണ് ആ വലിയ്യിനെ അവര്‍ കണ്ടത്. ആ വലിയ്യ് ഇബ്നു സഖയെ കോപാകുലനായി തുറിച്ചു നോക്കി. എന്നിട്ട്, ‘ഓ ഇബ്നു സഖേ നിനക്ക് നാശം, നീ എന്നോട് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കാനിരിക്കുകയോ’ എന്നു പറഞ്ഞ് കൊണ്ട് ആ വലിയ്യ് ഇബ്നു സഖ ചോദിക്കാനിരുന്ന ചോദ്യവും അതിന്റെ ഉത്തരവും പറഞ്ഞു കൊടുത്തു.
തീര്‍ച്ചയായും നിന്നില്‍ കുഫ്റിന്റെ തീനാളം കത്തുന്നത് ഞാന്‍ കാണുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അടുത്തത് ഇബ്‌നു അബീ അസ്‌റൂനോടായി: ‘ഓ, അബ്ദുല്ലാ.. നീ ഞാനെന്താ ഉത്തരം പറയുക എന്നു നോക്കുകയല്ലേ? നിന്റെ ചോദ്യം ഇതാണ് ഉത്തരം ഇതാണ്. നിന്റെ അദബ്‌കേടിന്റെ കാരണത്താല്‍ തീര്‍ച്ചയായും നീ ദുനിയാവുമായി കൂടുതല്‍ ബന്ധപ്പെടും.’ അദ്ദേഹത്തിന്റെ ചോദ്യവും ഉത്തരവും ആ വലിയ്യ് പറഞ്ഞു കഴിഞ്ഞു.
അടുത്തത് മുഹ്‌യുദ്ധീന്‍ ശൈഖ്(റ)വാണ്. മഹാനവര്‍കളെ ആ വലിയ്യ് അടുത്തേക്കടുപ്പിച്ച് ആദരിച്ചു. എന്നിട്ട് പറഞ്ഞു: ‘ഓ, അബ്ദുല്‍ ഖാദിറേ, തീര്‍ച്ചയായും അങ്ങയുടെ നല്ല അദബ് കാരണം അങ്ങ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും തൃപ്തിപ്പെടുത്തി. തീര്‍ച്ചയായും അങ്ങ് കസേരയിലിരുന്നു ജനങ്ങളോട് സംസാരിക്കുന്നതായി ഞാന്‍ കാണുന്നു. മാത്രമല്ല അങ്ങ് പറയും,
എന്റെ കാല്‍പാദം എല്ലാ ഔലിയാക്കളുടെയും പിരടിയിലായിരിക്കും. ആദരവ് പ്രകടിപ്പിച്ച് അവരുടെ പിരടികളൊക്കെ അങ്ങേക്ക് കീഴ്പ്പെട്ടിരിക്കുന്നു.’ അതും പറഞ്ഞ് അദ്ദേഹം മറഞ്ഞു. പിന്നെ ആരും അദ്ദേഹത്തെ കണ്ടില്ല.
അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ശൈഖ് അബ്ദുല്‍ ഖാദിര്‍(റ)വിന് അല്ലാഹുവിനോടുള്ള അടുപ്പം പ്രകടമായി. പണ്ഡിതന്മാരും സാധാരണക്കാരും ശൈഖവര്‍കളെ അംഗീകരിച്ചു.
ഇബ്നു സഖയാകട്ടേ, അദ്ദേഹം ശറഈയായ ഇല്‍മില്‍ വ്യാപൃതനായി. അതില്‍ അദ്ദേഹം തിളക്കമാര്‍ന്നു. തന്റെ സമകാലികരേക്കാളും അദ്ദേഹം അത്യുന്നത സ്ഥാനം കൈവരിച്ചു. എല്ലാ വൈജ്ഞാനിക ശാഖകളിലും തന്നോട് സംവാദത്തിലേര്‍പ്പെടുന്നവരെ കീഴ്പ്പെടുത്തി അദ്ദേഹം പ്രസിദ്ധി കൈവരിച്ചു. അദ്ദേഹത്തിന്റെ സംസാരങ്ങള്‍ സാഹിത്യ സമ്പുഷ്ടമായി.
അങ്ങനെ ഖലീഫ അദ്ദേഹത്തെ അടുപ്പിച്ചു. അദ്ദേഹത്തെ റോമിലേക്ക് ദൂതനായി അയച്ചു. എല്ലാ ഫന്നുകളും(ശാഖകള്‍) കൈകാര്യം ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവ് കണ്ട് റോമിലെ രാജാവിനു അത്ഭുതമായി. അദ്ദേഹത്തിനു വേണ്ടി ക്രിസ്ത്യാനികളായ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി. അവരോട് സംവാദത്തിലേര്‍പ്പെട്ടു കൊണ്ട് ഉത്തരം മുട്ടിച്ചു.
അവരൊക്കെയും ഇദ്ദേഹത്തെ തോല്‍പ്പിക്കുന്നതില്‍ അശക്തരായി. ഈ വിഷയം രാജാവിന്റെ അടുക്കല്‍ വലിയ വിഷയമായി. അങ്ങനെയിരിക്കെ ഒരിക്കല്‍ ഇബ്നുസഖ രാജാവിന്റെ മകളെ കാണാനിടയായി. അവളുടെ സൗന്ദര്യത്തില്‍ അദ്ദേഹം ഹഠാദാകര്‍ഷിച്ചു. ഇബ്നുസഖ രാജാവിനോട് വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ ക്രിസ്ത്യാനിയായാലെ കെട്ടിച്ചു തരികയുള്ളൂ.’ അങ്ങനെ ഇബ്നുസഖ ക്രിസ്ത്യാനിയായി അവളെ വിവാഹം കഴിച്ചു.
ഇബ്നുസഖ രോഗിയായി. അദ്ദേഹത്തെ അങ്ങാടിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഭക്ഷണം തേടി നടക്കുന്ന അദ്ദേഹത്തിന് ആരും ഒന്നും നല്‍കുന്നില്ല. അടിക്കടി അദ്ദേഹത്തിന് പ്രയാസങ്ങള്‍ ഘനീഭവിച്ചു വന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അരികിലൂടെ പരിചയമുള്ള ഒരാള്‍ കടന്നു പോയി. അയാള്‍ ഇബ്നുസഖയോട് തന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു: ‘ഇതെനിക്ക് വന്ന ഫിത്നയാണ്. അതിന്റെ കാരണം നിനക്ക് അറിയാം.’ വീണ്ടും സുഹൃത്ത് ചോദിച്ചു: ‘നിനക്ക് ഖുര്‍ആനില്‍ നിന്ന് വല്ല ആയത്തും അറിയോ’ അദ്ദേഹം പറഞ്ഞു: എനിക്ക് ഒന്നും ഓര്‍മ്മയില്ല ‘കാഫിരീങ്ങളായ ആളുകളെല്ലാം മുസ്‌ലിംകളായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകും’ എന്നര്‍ത്ഥം വരുന്ന ആയത്തല്ലാതെ മറ്റൊന്നും എനിക്ക് ഓര്‍മ്മയില്ല.(സൂറത്തുല്‍ ഹിജ്ര്‍ 2).
ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇബ്‌നു അബീ അസ്‌റൂന്‍, ഇബ്നുസഖയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖമൊക്കെ ആകെ കത്തി കരിഞ്ഞത് പോലെയായിരിക്കുന്നു. അദ്ദേഹത്തെ ഖിബ് ലയിലേക്ക് തിരിച്ചപ്പോള്‍ അദ്ദേഹം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു. വീണ്ടും ഖിബ്‌ലയിലേക്കാക്കി അപ്പോഴും അദ്ദേഹം കിഴക്കിലേക്ക് തന്നെ തിരിഞ്ഞു. ഇബ്‌നുസഖ മരിക്കുന്നത് വരെ ഇബ്‌നു അബീ അസ്‌റൂന്‍ അതുപ്രകാരം ചെയ്തെങ്കിലും കിഴക്കുഭാഗത്തേക്ക് തിരിഞ്ഞാണ് ഇബ്‌നു സഖ മരണപ്പെട്ടത്.
അദ്ദേഹത്തിന് ആ വലിയ്യിന്റെ വാക്കുകള്‍ ഓര്‍മ്മയുണ്ടായിരുന്നു, മാത്രമല്ല തനിക്കെത്തിയ മുസീബത്തിനു കാരണം അദ്ദേഹത്തിന് വ്യക്തമായിരുന്നു. ഇബ്‌നു അബീ അസ്‌റൂന്‍ ഡമസ്‌കസിലേക്ക് പോയി. അവിടുത്തെ രാജാവായ സ്വാലിഹ് നൂറുദ്ധീന്‍ അശ്ശഹീദ് എന്നവരുടെ അടുത്തേക്ക് ഇബ്‌നു അബീ അസ്‌റൂനിനെ ഹാജറാക്കി. അവിടുത്തെ അധികാരം അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ മേല്‍ ദുനിയാവ് മുഖം കുത്തി വീണു. അങ്ങനെ ഇബ്‌നു അസ്‌റൂന്‍ പറഞ്ഞു ”ഞങ്ങള്‍ മൂന്ന് പേരിലും ആ ഔസിന്റെ പ്രവചനം പുലര്‍ന്നു”. ഈ സംഭവത്തില്‍ നിന്നും ഔലിയാക്കളെ നിഷേധിച്ചതില്‍ ഇബ്‌നു സഖക്ക് നേരിട്ട ദുഷ്ഫലവും അവരെ ആദരിച്ചതില്‍ മുഹ്‌യുദ്ദീന്‍(റ)വിന് ലഭിച്ച മഹത്വവും വളരെ സുവ്യക്തമാണ്. (അല്‍ ഫതാവല്‍ ഹദീസിയ്യ 316 – ഇബ്‌നു ഹജറുല്‍ ഹൈതമി )
മുഹ്‌യുദ്ദീന്‍ ശൈഖ് വീട്ടില്‍ എഴുതാനിരുന്ന സന്ദര്‍ഭം. മച്ചില്‍ നിന്നും മണ്ണ് വീഴാനിടയായി. മൂന്ന് പ്രാവശ്യം ശൈഖവര്‍കള്‍ മണ്ണ് മാറ്റി. നാലമത്തെ പ്രാവശ്യം മണ്ണ് വീണപ്പോള്‍ അദ്ദേഹം മേല്‍പ്പോട്ട് നോക്കി. അവിടെ എലിയെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു നിന്റെ തലപറക്കട്ടെ. തത്സമയം ആ എലിയുടെ തല ഒരു ഭാഗത്തും ഉടല്‍ മറ്റൊരു ഭാഗത്തുമായി വീണു. ഇത് കണ്ട് അദ്ദേഹം കരഞ്ഞു. അദ്ദേഹത്തോട് ചോദിച്ചു. എന്തിനാണ് താങ്കള്‍ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഒരു മുസ്‌ലിമായ മനുഷ്യനില്‍ അവനെ കൊണ്ട് ഞാന്‍ വേദനിക്കുന്ന സമയത്ത് ഈ എലിക്കെത്തിയ വിധി അവനും എത്തുന്നതിനെ ഞാന്‍ ഭയക്കുന്നു’.(ഖലാഇദുല്‍ ജവാഹിര്‍ 35)
അല്ലാഹുവിലേക്ക് അടുത്ത പുണ്യ പുരുഷന്‍മാര്‍ അല്ലാഹുവിന്റെ ഇഷ്ട ദാസരാണ്. അവരെ നിന്ദിക്കലും പരിഹസിക്കലും പലവിധ പ്രത്യാഘാതങ്ങള്‍ക്കും ഇട വരുത്തും. മഹാന്‍മാരുടെ ജീവിത കാലത്ത് തന്നെ സംഭവിച്ച ഒരുപാട് ചരിതങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. ഇഹലോകത്തുള്ള ജീവിത വിശുദ്ധി സംരക്ഷിച്ചാലെ പരലോകത്ത് പരിപൂര്‍ണ വിജയിയാവാന്‍ സാധിക്കുകയൊള്ളൂ. മണ്‍മറഞ്ഞ ഔലിയാക്കളുടെയും പണ്ഡിതരുടെയും ജീവിതം അതാണ് നമുക്ക് പഠിപ്പിച്ച് തരുന്നത്. അല്ലാഹു മഹാന്‍മാരെ ആദരിച്ച് ജീവിക്കുന്നവരില്‍ നമ്മളെ ഉള്‍പ്പെടുത്തട്ടെ.. ആമീന്‍.