No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

സബ്ഖില്‍ ഞങ്ങള്‍ കരയാറുണ്ട്

സബ്ഖില്‍ ഞങ്ങള്‍  കരയാറുണ്ട്
in Memoir
January 1, 2017
രിള്‌വാൻ അദനി

രിള്‌വാൻ അദനി

''നമ്മള്‍ ഇവിടെ ചെയ്യുന്ന ഓരോ സത്കര്‍മത്തിന്റെയും പ്രതിഫലം അതിമഹത്തരമായിരിക്കും. അല്ലാഹു നമുക്ക് ഓഫറുകള്‍ വെച്ച് നീട്ടുന്നുണ്ട് പക്ഷെ നമ്മള്‍ സ്വീകരിക്കുന്നില്ല.''-അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഉസ്താദ് പറയുന്നത്. ഉസ്താദിന്റെ ഇതേ അനുഭവം ഉണ്ടായ പലരും നിങ്ങളിലുമുണ്ടാവാം. പക്ഷെ, ഇത്തരം അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍കൊള്ളാറില്ലെന്ന് മാത്രം. പലപ്പോഴും പ്രതീക്ഷിക്കാതെ പല കാര്യങ്ങളും നമുക്ക് എളുപ്പമാകാറില്ലേ.? 'ഞാന്‍ ഇത് കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല'എന്നാശ്ചര്യപെടാറില്ലേ..? ഒരു പക്ഷെ, ഇതിനെല്ലാം കാരണം നാം മുമ്പാര്‍ക്കോ ചെയ്തു കൊടുത്ത ഉപകാരത്തിന്റെ പ്രതിഫലമായിരിക്കാം.

Share on FacebookShare on TwitterShare on WhatsApp

ഇന്ന് ഉസ്താദ് ഫ്രീയാണെന്ന് തോന്നുന്നു. വിരളമാണ് ഇങ്ങനെ ഒരു ദിവസം ഒത്തു കിട്ടല്‍. ഒത്തു കിട്ടിയാല്‍ സബ്ഖിന് ദൈര്‍ഘ്യമേറും. ആ സബ്ഖ് എത്ര ദീര്‍ഘിച്ചാലും ഞങ്ങള്‍ക്ക് സന്തോഷാമാണ്. കാരണമെന്തന്നോ.!? ഉസ്താദ് മനസ്സ് തുറന്ന് അനുഭവങ്ങളുടെ തീക്ഷണതയും ഇന്നലെകളിലെ ഉസ്താദിന്റെ ജീവിത പാഠങ്ങളും പങ്കുവെക്കും. പച്ച മനസ്സുള്ള ഏതൊരാള്‍ക്കും ആ സബ്ഖിലിരുന്നാല്‍ മാതൃകാ ജീവിതം രൂപപെടുത്താം.

ഏതായാലും ജനുവരി പതിനാലിനു മുമ്പായിരുന്നു ആ ഒഴിവു ദിവസത്തെ സബ്ഖ്. ജനുവരി പതിനാലിന് ഞാനൂന്നല്‍ നല്‍കിയതിനും കാരണമില്ലാതിരിക്കില്ലല്ലോ? തീര്‍ച്ചയായും ജനുവരി പതിനാലിന്, സബ്ഖില്‍ ഉസ്താദ് ഞങ്ങളോടു പങ്കുവെച്ച അനുഭങ്ങളുടെ പരിഹാരമായി ഉസ്താദെടുത്ത തീരുമാനത്തിന്റെ പ്രതിഫലനം മഅ്ദിന്‍ ക്യാമ്പസില്‍ ഞങ്ങള്‍ നേരിട്ടു കണ്ട ദിവസമായിരുന്നുവത്. ജനുവരി പതിനാലിന്റെ വിശദീകരണത്തിലേക്ക് വരുന്നതിനു മുമ്പ് നമുക്ക് സബ്ഖിലേക്കു വരാം.

ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസിങ്ങനെയാണ്: ‘ഒരു വിശ്വാസിയുടെ പ്രയാസത്തെ ആരെങ്കിലും ഈ ഭൂമിലോകത്ത് ദൂരീകരിച്ചു നല്‍കിയാല്‍ വിചാരണ നാളില്‍ അല്ലാഹു അവന്റെ പ്രയാസവും ദൂരീകരിച്ചു നല്‍കും’. ഇനിയും ദീര്‍ഘമുണ്ട് ഹദീസിന്. അന്ന് ഉസ്താദിന്റെ സബ്ഖിലിരുന്നപ്പോള്‍ മനസ്സിലേക്ക് ഓടിവന്ന ഹദീസായിരുന്നുവത്.

കഴിഞ്ഞ ഡിസംബര്‍ പതിനൊന്നിന് കല്‍പ്പകഞ്ചേരി റബീഇന്റെ നിക്കാഹില്‍ പങ്കെടുക്കുകയാണ് ഉസ്താദ്. റബീഹിന് അംഗവൈഗല്യമുള്ളതു കൊണ്ടു തന്നെ വികലാംഗരായ നിരവധിപേര്‍ അവിടെ ഒരുമിച്ചു കൂടിയിരുന്നു. നിക്കാഹിനു ശേഷം മഅ്ദിന്‍ ഹോസ്‌പൈസ് സജീവ വളണ്ടിയറായ മുനീര്‍ കയ്യില്‍, കയ്യും കാലുമില്ലാത്ത ഒരാളുമായി വന്നു. പറയുമ്പോള്‍ ഉസ്താദിന്റെ ശബ്ദമിടറിയോ? എന്തോ? ഉസ്താദ് തുടര്‍ന്നു. അയാള്‍ എന്നോട് ചോദിച്ചു: തങ്ങളെ എനിക്ക് ഒരു ഉമ്മ തരുമോ? കോരിയെടുത്ത് ഉമ്മ കൊടുക്കാനാഗ്രഹമുണ്ട്. പക്ഷെ, അവന് കയ്യും കാലുമില്ല. കുനിഞ്ഞ് അവന് ഉമ്മ കൊടുത്തു. എന്നിട്ട് ഞാനാ മോനോട് പറഞ്ഞു: ”അടുത്തത് നിന്റെ നിക്കാഹാണ്. ഉടന്‍ ആയിരം പ്രകാശങ്ങള്‍ ഒന്നിച്ചു മിന്നിയതു പോലെ അവന്‍ ചോദിക്കുകയാണ്: ”തങ്ങളെ ങ്ങ്‌ള് നിക്ക് കല്ല്യാണം കഴിച്ചു തരോ.?” ഉറപ്പ് ഇപ്പോള്‍ ഉസ്താദ് കരയുന്നുണ്ട്. ഇടറിയ ശബ്ദത്തില്‍ ഉസ്താദ് പറഞ്ഞു: ”ആരാണ് ഇവരുടെ സുഖ വിവരമന്വേഷിക്കാറ്? ഇവരും വികാരവും വിവേകവുമുള്ള മനുഷ്യരല്ലേ? ഇവരെ ശുശ്രൂഷിക്കാനുള്ള വെപ്രാളത്തിനിടക്ക് പലപ്പോഴും രക്ഷിതാക്കള്‍ പോലും ഇവരോട് ഇത്തരം ചോദ്യങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതയോ ഉപേക്ഷിക്കുന്നു.

ഉസ്താദ് ഞങ്ങളോട് ഉപദേശിച്ചു: ”ജീവിതത്തിലൊരിക്കലും അവശത അനുഭവിക്കുന്നവരെ പരിഗണക്കാതെ പോകരുത്. നാമെത്ര തിരക്കിലാണെങ്കിലും നമ്മളാകുന്ന തരത്തില്‍ അവരിലേക്കെത്തി നോക്കണം. എങ്കില്‍ അതിന്റെ ഫലം പ്രതീക്ഷിച്ചതിലുമപ്പുറമായിരിക്കും. ഉസ്താദ് വെല്ലൂര്‍ ബാഖിയാത്തില്‍ പഠിക്കുന്ന സമയം. ‘മുഅത്ത’ ഫൈനല്‍ പരീക്ഷയാണ് നാളെ. ഏറ്റവും പ്രയാസമുള്ള പോര്‍ഷനുകളാണ് പരീക്ഷക്കുള്ളത്. നാല് മദ്ഹബുകളുടെയും അഹ്കാമുകള്‍ വ്യക്തമാക്കണം. അവസാനവട്ട ഒരുക്കങ്ങളുമായി എല്ലാവരും എന്റെ റൂമിലാണ് ഒരുമിച്ച് കൂടിയത്. വെപ്രാളപെട്ട് കിതാബിന്റെ താളുകള്‍ പരതുന്നതിനിടക്കാണ് അവശനായ ഒരു ഉസ്താദ് റൂമിലേക്ക് കയറി വന്നത്. ആള് തലശ്ശേരിക്കാരനാണ്. പേര് ഓര്‍ക്കുന്നില്ല, അദ്ദേഹത്തിന്റെ മകള്‍ വെല്ലൂര്‍ സിം.എം സിയില്‍ ചികിത്സയിലാണ്. പ്രത്യേകം ദുആ ചെയ്യിപ്പിക്കാനും മറ്റും വന്നതാണ്. ആള് വളരെ അവശനാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. പരീക്ഷാ ചൂടിലായത് കൊണ്ടുതന്നെ അയാളുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ആരും ചെവി കൊടുത്തില്ല. ഇദ്ദേഹത്തിന്റെ വിഷയത്തില്‍ തലയിട്ടാല്‍ അത് പരീക്ഷാ റിസള്‍ട്ടിനെ ബാധിക്കുമെന്ന ഉള്‍പ്രേരണയാലാകാം എല്ലാവരും വളരെ പെട്ടെന്ന് തന്നെ റൂമില്‍ നിന്നിറങ്ങി. അവസാനം റൂമില്‍ ഞാനും അയാളും മാത്രമായി. പരീക്ഷ പേടി കാരണം ഞാനും റൂം വിട്ട് പോകാന്‍ വേണ്ടി എഴുന്നേറ്റതാണ്. ‘ഞാനും കൂടെ പോയാല്‍ ഇദ്ദേഹത്തെ ആര് പരിചരിക്കും’ ഒരു നിമിഷം എന്റെ ചിന്ത ആ വഴിക്ക് തിരിഞ്ഞു. ഒന്നും ആലോചിച്ചില്ല, പരീക്ഷയെ വരുന്നിടത്ത് വെച്ച് നേരിടാം. ഇപ്പോള്‍ ഇദ്ദേഹത്തിനാവശ്യമുള്ളത് ചെയ്തുകൊടുക്കാം. ഞാന്‍ ചായയുണ്ടാക്കി മറ്റു അദ്ദേഹത്തിനാവശ്യമായ പരിഗണനയും പരിചരണവും നല്‍കി.

പരീക്ഷയെല്ലാം കഴിഞ്ഞു. ഫലം പ്രസിദ്ധീകരിച്ചു. അല്‍ഹംദുലില്ലാഹ് അത്ഭുതം അല്ലാഹുവിന്റെ അപാരമായ തൗഫീഖ് കൊണ്ട് എനിക്ക് നൂറില്‍ നൂറ് മാര്‍ക്കും ലഭിച്ചു. എന്റെ സഹകരണ ചിന്തകള്‍ക്കും സേവനബോധത്തിനും പുത്തന്‍ ഉണര്‍വ് പകര്‍ന്ന സംഭവമായിരുന്നു അത്. സമയത്തിന്റെ കുറവും വ്യക്തിപരമായി ഉണ്ടാകുന്ന നഷ്ടങ്ങളും കരുതി പലപ്പോഴും സേവന-സഹകരണ മേഖലകളില്‍ നിന്ന് നാം പിന്തിരിഞ്ഞ് നില്‍ക്കാറുണ്ട്. അത്തരം ചിന്തകള്‍ നമ്മുടെ ബുദ്ധിമോശം കൊണ്ടുണ്ടാകുന്നതാണ്. അല്ലാഹു നമുക്ക് വിധിച്ചത് മറ്റൊരാളിലേക്കെത്തുകയില്ല. അത് എങ്ങനെയും അവസാനം നമ്മില്‍ തന്നെ വന്ന് ചേരും. എന്നാല്‍ ഒഴിവ് കഴിവുകള്‍ പറഞ്ഞ് ഉത്തരവാദിത്വങ്ങളില്‍ നിന്ന് നമ്മള്‍ മാറിനിന്നാല്‍ ഒരു പക്ഷെ അതിന്റെ പ്രതിഫലനം മറ്റൊരു വശത്തിലൂടെ നമുക്ക് വിനയായി മാറും.

നമുക്കിന്ന് ഭയങ്കര തിരക്കാണ്. നിന്ന് തിരിയാന്‍ സമയമില്ല. നമ്മുടെ ചുറ്റിലും നടക്കുന്നതൊന്നും നമ്മളറിയുന്നില്ല. പലരും സഹായമാവശ്യപ്പെട്ട് നമ്മളെ സമീപിക്കുന്നു ജോലി ചിന്തകള്‍ക്ക് ഭംഗവരുത്തിയ അവരെ ശപിച്ച് കൊണ്ട് നമ്മള്‍ ആട്ടി വിടുന്നു. ആര്‍ക്ക് വേണ്ടിയാണീ തിരക്ക്? നിനക്ക് വേണ്ടിയോ? മക്കള്‍ക്ക് വേണ്ടിയോ? അതോ ഭാര്യക്ക് വേണ്ടിയോ? എവിടെയാണിതൊന്നവസാനിക്കുക? മനംമാറിയിട്ടില്ലങ്കില്‍ മരണത്തില്‍,അല്ലേ. മരിച്ചിട്ടോ..? അവിടെയും നമ്മള്‍ ധൃതി കാണിക്കുമോ? ആഗ്രഹമുണ്ടാകും പക്ഷെ സാധിക്കില്ല. ഈ ഭൗതിക ലോകത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ മറന്ന പലതും അന്ന് നമ്മള്‍ ഓര്‍ക്കും. അന്ന് ഒരുനിമിഷം ആ കാറൊന്ന് നിറുത്തി അയാള്‍ക്കൊരു ലിഫ്റ്റ് നല്‍കിയിരുന്നെങ്കില്‍, ആ യാചകനെ നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്നെങ്കില്‍, അയാള്‍ക്കൊരിറക്ക് വെള്ളം നല്‍കിയിരുന്നെങ്കില്‍. റബ്ബേ, ഒരുപക്ഷെ അതിന്നെനിക്ക് ധ്രുത ഗതിയില്‍ സഞ്ചരിക്കാനുള്ള കാരണമായേനേ. പക്ഷെ, ഇനി പറഞ്ഞിട്ടെന്ത് കാര്യം അവസരം കഴിഞ്ഞില്ലേ..?

ഇത്തരം ഒരു സാഹചര്യം നമുക്ക് ഉണ്ടാകാതിരിക്കാനാണ് നമ്മോട് അശ്‌റഫുല്‍ ഖല്‍ഖ് മുമ്പേ പറഞ്ഞുവച്ചത്’നിങ്ങള്‍ മാലോകരോട് കരുണ കാണിക്കൂ എങ്കില്‍ വാനത്തിന്റെ അധിപന്‍ നിങ്ങളോട് കരുണ കാണിക്കും’.നമ്മള്‍ ഇവിടെ ചെയ്യുന്ന ഓരോ സത്കര്‍മത്തിന്റെയും പ്രതിഫലം അതിമഹത്തരമായിരിക്കും. അല്ലാഹു നമുക്ക് ഓഫറുകള്‍ വെച്ച് നീട്ടുന്നുണ്ട് പക്ഷെ നമ്മള്‍ സ്വീകരിക്കുന്നില്ല.
അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഉസ്താദ് പറയുന്നത്. ഉസ്താദിന്റെ ഇതേ അനുഭവം ഉണ്ടായ പലരും നിങ്ങളിലുമുണ്ടാവാം. പക്ഷെ, ഇത്തരം അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍കൊള്ളാറില്ലെന്ന് മാത്രം. പലപ്പോഴും പ്രതീക്ഷിക്കാതെ പല കാര്യങ്ങളും നമുക്ക് എളുപ്പമാകാറില്ലേ.? ‘ഞാന്‍ ഇത് കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല’എന്നാശ്ചര്യപെടാറില്ലേ..? ഒരു പക്ഷെ, ഇതിനെല്ലാം കാരണം നാം മുമ്പാര്‍ക്കോ ചെയ്തു കൊടുത്ത ഉപകാരത്തിന്റെ പ്രതിഫലമായിരിക്കാം. അത് കൊണ്ട് മുമ്പിലെത്തുന്ന ആരെയും നാം നിസാരവത്ക്കരിക്കരുത്. അയാളായിരിക്കാം ഒരുപക്ഷെ നമ്മുടെ അന്തിമ വിജയത്തിലേക്കുള്ള കുറുക്കുവഴി.

പല ചര്‍ച്ചകളിലൂടെയും അനുഭവങ്ങളിലൂടെയും ആ സബ്ഖ് കടന്നു പോയി. എല്ലാം വിശദീകരിക്കാനിവിടെ ഇടം പോര. ഈ സബ്ഖിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ജനുവരി പതിനാല്. നടേ ഞാന്‍ പറഞ്ഞതോര്‍മ്മയില്ലേ? ഉസ്താദ് സബ്ഖില്‍ ഞങ്ങളോടു പങ്കുവെച്ച അനുഭവം എത്രമേലിലാണ് ഉസ്താദിനെ സ്വാധീനിച്ചതെന്ന് അന്ന് മഅ്ദിനിലുണ്ടായവര്‍ക്ക് ധാരണയുണ്ടാകും. ജനുവരി പതിനാലിലെ മഅ്ദിന്‍ ക്യാമ്പസിലെ ചില സംഭവങ്ങളിവിടെ വിവരിക്കാം.”തങ്ങളെ ങ്ങ്‌ള് തളരരുത്” പറയുന്നത് മഅ്ദിന്‍ അക്കാദമിയുടെ ചെയര്‍മാര്‍ ഉസ്താദിനോടാണ്. സംസാരിക്കുന്ന മുഹമ്മദ് സ്വാലിഹിന് ഇരു കയ്യും കാലും തളര്‍ന്ന് ‘നീണ്ടു നിവര്‍ന്നു’ കിടക്കാന്‍ മാത്രമേ സാധിക്കൂ. നീണ്ടു നിവര്‍ന്ന് എന്നു പറഞ്ഞാല്‍ സ്വാലിഹിന് പരമാവധി നീളാന്‍ പറ്റുന്നതിന്റെ പരിധി മുപ്പത് അല്ലെങ്കില്‍ നാല്‍പത് സെന്റീമീറ്ററാണ്. ജനുവരി പതിനഞ്ച് പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് ദിനം. പതിനാലിന് മഅ്ദിന്‍ ഹോസ്‌പൈയ്‌സും പാലിയേറ്റീവും കൂടെ മഅ്ദിന്‍ ഓഡിറ്റോറിത്തില്‍ നടത്തിയ എബിലിറ്റി സമ്മിറ്റ് ഒന്നു കാണേണ്ട കാഴ്ച തന്നെയായിരുന്നു. പത്തു മണിക്ക് ഉദ്ഘാടന സെഷന്‍ ആരംഭിക്കുമ്പോഴേക്കും വിശാലമായ ഓഡിറ്റോറിയം ആകാംക്ഷമുറ്റിയ മുഖങ്ങളുമായി വീല്‍ ചെയറുകളും വീടിനകത്തെ നാലു മതില്‍ കെട്ടുകളിലെ ഇരുട്ടിനോട് മല്ലിട്ട് കൊതിയോടെ കാത്തിരുന്ന പകലോന്റെ വെളിച്ചത്തെ നിറകണ്ണുകളോടെ നോക്കി കിടക്കുന്ന ശരീരങ്ങളുമായി കട്ടിലുകളും നിബിഢമായിരുന്നു.

ഉദ്ഘാടന സെഷനു ശേഷം ഉസ്താദ് സ്റ്റേജില്‍ നിന്ന് താഴെയിറങ്ങി. തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഓരോ മുഖങ്ങളെയും സമീപിച്ചു. അവര്‍ ആവലാതികളുടെ കെട്ടഴിച്ചു, ഉസ്താദ് പുഞ്ചിരിച്ചു കൊണ്ട് പരിഹാരം പറഞ്ഞു. ‘ആരുമില്ല തങ്ങളെ ഞാനൊറ്റക്കാണ് ‘ എന്നു പറഞ്ഞവരോട് ‘ഞങ്ങളുണ്ട് കൂട്ടിനെന്ന്’ ഉസ്താദവര്‍ക്കു ധൈര്യം പകര്‍ന്നു. തിരക്കുകള്‍ക്കിടയിലും ഉസ്താദ് ഒരാളെയും കാണാതിരുന്നിട്ടില്ല. ഈ കുശലാന്വേഷണത്തിനിടക്കാണ് സ്വാലിഹിന്റെ നടേ പറഞ്ഞ പ്രതികരണം. ഉസ്താദ് സ്വാലിഹിനെ സ്റ്റേജിലേക്കു കൊണ്ടുവരുവാന്‍ പറഞ്ഞു.

സര്‍വ്വശ്രദ്ധരായി, സജ്ജരായിരുന്ന വളണ്ടിയേഴ്‌സ് സ്വാലിഹിനെ സ്റ്റേജിലെത്തിച്ചു. ഉസ്താദ് സ്വാലിഹിനെ തന്റെ മടിത്തട്ടിലേറ്റുവാങ്ങി. അവന്‍ സ്‌നേഹത്തോടെ ആ ലാളന ആസ്വദിച്ചു. ഉസ്താദുമൊത്ത് സെല്‍ഫിയെടുക്കണം. ഞെളിഞ്ഞു പിരിഞ്ഞതെങ്കിലും സ്വാലിഹിന്റെ കൊച്ചു കൈകള്‍ പ്രയാസപ്പെട്ട് ഫോണെടുത്തു ഫോട്ടോയെടുത്തു സംതൃപ്തിയടഞ്ഞു.

ഉസ്താദ് സ്വാലിഹിന് മൈക്ക് നല്‍കി. തന്റെ മുമ്പിലിരിക്കുന്ന താനനുഭവിക്കുന്ന പ്രതിസന്ധികളെ ഏറ്റവും കൂടുതല്‍ ഉള്‍കൊള്ളാന്‍ സാധിക്കുന്ന നൂറുകണക്കിനു വരുന്ന കൂട്ടുകാരെ നോക്കി അവന്‍ സംസാരിച്ചു തുടങ്ങി: ”എനിക്ക് നിങ്ങളോടു പറയാനുള്ളത് നിങ്ങളെന്തു യാതനകളനുഭവിക്കുന്നുണ്ടങ്കിലും ഒരിക്കലും മാനസികമായി തളരരുത്. ഞാനെന്റെ അനുഭവത്തില്‍ നിന്നു ചിലതു പങ്കുവെക്കാം. എനിക്ക് ഇതുപോലെ ഒരു സഹോദരി കൂടിയുണ്ടായിരുന്നു. വീടിന്റെ നാലു ചുമരുകള്‍ക്കകത്ത് ഒതുങ്ങിയതായിരുന്നു ഞങ്ങളുടെ ജീവിതം. പലപ്പോഴും ഞങ്ങള്‍ ഉമ്മയോടു പറയാറുണ്ട് ‘ഉമ്മാ ഈ ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ലോകം ഈ കൊച്ചു കൂരക്കപ്പുറം വളരൂലേ?’ നിസ്സഹായതയല്ലാതെ ആ ഉമ്മാക്കെന്തു ചെയ്യാന്‍ സാധിക്കും. ഒരിക്കല്‍ ഉമ്മ ഹജ്ജിന് പോകാന്‍ തീരുമാനിച്ചു. എനിക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്നും ഉംറ ചെയ്യാമെന്നും പറഞ്ഞു. ഉമ്മ ഞങ്ങളെ പരിചരിക്കാനാവശ്യമായതെല്ലാം ചെയ്തുകൊണ്ട് ഹജ്ജിനു പോയി വന്നു. ഹജ്ജിനു ശേഷം കിഡ്‌നിക്ക് അസുഖം ബാധിച്ച് ഉമ്മ കിടപ്പിലായി. ഉമ്മയെ ചികിത്സിക്കാന്‍ നാട്ടിലെത്തിയ ജ്യേഷ്ഠന് ആക്‌സിഡന്റ് പറ്റി കിടപ്പിലായി. അങ്ങനെ എട്ടു വര്‍ഷം മുമ്പ് ഉമ്മ മരണപ്പെട്ടു. അന്നാണ് എന്റെ ഉമ്മയുടെ മയ്യിത്ത് നിസ്‌ക്കരിക്കുവാന്‍ വന്ന തങ്ങളെ ഞാന്‍ ആദ്യമായി കാണുന്നത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം സഹോദരിയും മരണപ്പെട്ടു. ഈ പ്രയാസങ്ങളെല്ലാം അനുഭവിക്കുമ്പോഴും ഇതുപോലുള്ള കൂട്ടായ്മയും സ്‌നേഹ വായ്പ്പുകളും മനസ്സിനാനന്ദമാണ്, ഇനിയും ജീവിക്കണമെന്നുള്ള ആഗ്രഹം മുള പൊട്ടുന്നത് ഇത്തരം ഒത്തു കൂടലുകളില്‍ പങ്കുകൊള്ളുമ്പോഴാണ്.”

താന്‍ വരച്ച ഖലീല്‍ തങ്ങളുടെ പടം അദ്ദേഹത്തിനു കൊടുത്ത ആത്മ സംതൃപ്തിയിലിരിക്കുന്ന രാജന്‍ ചേട്ടനോട് വീല്‍ചെയറിനടുത്തു പോയി ചോദിച്ചു എന്താണ് ക്യാമ്പിനെ കുറിച്ചുളള അഭിപ്രായം: ”രാജന്‍ ആവേശത്തോടെ പറഞ്ഞു പലരും ഞങ്ങളെ പറഞ്ഞു മോഹിപ്പിക്കാറുണ്ട് എന്നാല്‍ ആരും ഒന്നും ചെയ്യാന്‍ സന്നദ്ധരല്ല എന്നാല്‍ തങ്ങള്‍ അതില്‍ നിന്നും വ്യത്യസ്തനാണ്. അദ്ദേഹം പറഞ്ഞതു ചെയ്യും. കഴിഞ്ഞ ഞങ്ങളുടെ സംഗമത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. അതാണ് എന്നെ ഈ ചിത്രം വരപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്.
പാടിയും പറഞ്ഞും ചിരിച്ചും കളിച്ചും ഈ വാര്‍ദ്ധക്യത്തിലും തങ്ങളുടെ ബാല്യമോര്‍ത്തെടുക്കുകയാണിവരെന്നു തോന്നും.

ഇത്രയും സൗകര്യത്തില്‍ ഇത്രയധികം കൂട്ടുകാരോടൊപ്പം യാതൊരു പ്രയാസവും കൂടാതെ പങ്കെടുത്തതില്‍ വളണ്ടിയര്‍മാരെയും ഖലീല്‍ തങ്ങളുടെ പ്രവര്‍ത്തനത്തെയും പുകഴ്ത്താതിരിക്കാന്‍ സാധക്കുന്നില്ല ശ്യാമളക്ക്. വേദിയില്‍ വി.ഐ.പി കളോടൊപ്പം വീല്‍ചെയറുമായി അവരും കയറി പാടി, പറഞ്ഞു, സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചു. വേദിയിലും സദസ്സിലും ഒരുപോലെ പരിഗണന കിട്ടിയത് വല്ലാത്ത ഒരനുഭവമായിട്ടാണ് നിഷാദ് പെരിന്തല്‍മണ്ണ പങ്കുവെക്കുന്നത്. പാട്ടും കൂത്തും മാത്രമായി അധഃപതിക്കാറുണ്ട് ഇത്തരം ചില ക്യാമ്പുകള്‍, എന്നാല്‍ ആത്മീയവും ഭൗതികവും ഒത്തൊരുമിച്ച് കൊണ്ടു പോകാനീ ക്യാമ്പിനു സാധിച്ചത് വളരെ സ്തുത്യര്‍ഹമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

അബൂബക്കറിക്കായും കുമാരേട്ടനും വൈകല്യങ്ങളുടെ കെടുതികളിലും രൂപപ്പെടുത്തിയ സര്‍ഗാത്മക കരകൗശല വസ്തുക്കള്‍ ക്യാമ്പിന് മാറ്റു കൂട്ടി. വ്യത്യസ്തമായ പല സെഷനുകളിലൂടെ കടന്നു പോയ ക്യാമ്പിന്റെ അവസാനം കണ്ണു പരിശോധിക്കേണ്ടവര്‍ക്ക് ഇംറാന്‍ ഹോസ്പിറ്റലിന്റെ സൗജന്യ പരിശോധന. ആയുര്‍വേദ ചികിത്സയുമായി ഡോ.ആരുണും സംഘവും. ആധാറില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിനുള്ള സൗകര്യം. പങ്കെടുത്ത എല്ലാവര്‍ക്കും ആയിരം രൂപയും കിറ്റും സദസ്സില്‍ വെച്ചു തന്നെ വിതരണം ചെയ്തു.

വൈകീട്ട് പരിപാടി അവസാനിച്ചു, കൊണ്ടു പോകാന്‍ വണ്ടിയുമായി പുറത്ത് ബന്ധുക്കള്‍ വന്നപ്പോള്‍ പലരുടെയും മുഖം നീരസം, പിരിയാതിരുന്നെങ്കിലെന്ന കൊതി. മണിക്കൂറുകളുടെ ബന്ധം മാത്രമെ ഉള്ളുവെങ്കിലും ഈ ക്യാമ്പസുമായിട്ടും സഹകൂട്ടുകാരുമായിട്ടും അവര്‍ അത്രമേല്‍ ആത്മബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അവസാനം പിരിയണം എന്ന അനിവാര്യതക്ക് വഴിപ്പെട്ടു കൊണ്ട് വീണ്ടും ഈ മുറ്റത്ത് ഒരുമിപ്പിക്കണേ എന്ന പ്രാര്‍ത്ഥനയോടെ അവര്‍ യാത്ര തിരിച്ചു.

Share this:

  • Twitter
  • Facebook

Related Posts

റളീത്തു ബി ഖളാഇല്ല
Memoir

റളീത്തു ബി ഖളാഇല്ല

July 4, 2022
ന്റെ ഉസ്താദ്
Memoir

ന്റെ ഉസ്താദ്

June 24, 2022
മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..
Memoir

മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..

February 3, 2022
ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം
Memoir

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

December 31, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×