നൂറ്റാണ്ടുകളായി കേരളത്തിനകത്തും പുറത്തും മാലമൗലിദുകള്‍ സജീവമായി ചൊല്ലിവരുന്നു. നമ്മുടെ പൂര്‍വികരെല്ലാം എല്ലാ പ്രതിസന്ധികളെയും ദൂരീകരിക്കാനുള്ള മാര്‍ഗം മാലമൗലിദുകളായിരുന്നു. മാറാവ്യാധികളായ രോഗങ്ങശളെത്തൊട്ടും ദാരിദ്ര്യത്തെത്തൊട്ടുമെല്ലാമുള്ള കാവല്‍ തേടുന്നതിന് മന്‍ഖൂസ് മൗലിദായിരുന്നു ചൊല്ലിയിരുന്നത്. മലബാറില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് രോഗത്തെ പ്രതിരോധിക്കാനായിരുന്നല്ലോ ബഹുമാന്യരായ വലിയ മഖ്ദൂം (റ) ഈ മൗലിദ് രചിച്ചത്. പ്രസവരക്ഷക്കും മറ്റും നമ്മുടെ മാതാമഹിമാര്‍ പതിവാക്കിയിരുന്ന നഫീസത്ത് മാലയുടെ അവസാന ഭാഗത്ത് രചയിചതാവായ നാലകത്ത് കുഞ്ഞിമൊയ്തീന്‍ എന്ന പൊന്നാനിക്കാരനായ മഹാന്‍ തന്റെ രചനാ പശ്ചാത്തലം വിവരിക്കുന്നത് കാണാം.
താരുളര്‍ ബീവിന്റെ മേല്‍ ഇമ്മാലയെ ഞാനുത്തേ
സബബ് യെനെയ് മകനബൂബക്കര്‍ ഫനിത്തേ
ഈരദം ഫിന്‍ വായിമുട്ടും നീരദൂം തടിത്തേ
അന്തെ രോഗമൊക്കെയും ഈ ബീവിയാല്‍ ശമിത്തേ
തന്റെ മകന്‍ അബൂബക്കര്‍ എന്നവര്‍ക്ക് പിടിപെട്ട പനിയും മറ്റു അസുഖങ്ങളും ബീവി നഫീസത്തുല്‍ മിസ്രിയ (റ) യുടെ ബറക്കത്ത് സുഖപ്പെട്ടതിന് നന്ദി പ്രകടനമായാണ് ഈ മാല രചിക്കുന്നത് എന്നര്‍ത്ഥം.
പ്രയാസങ്ങള്‍ക്ക് പ്രതിവിധി എന്നതിലുപരി ഏറ്റവും നല്ല ചരിത്ര ഗ്രന്ഥങ്ങളാണ് മാല മൗലിദുകള്‍. മുന്കാമികളുടെ ചരിത്ര ഗ്രന്ഥങ്ങള്‍ ഊറ്റിയെടുത്ത് അഗ്രസ്തരായ പണ്ഡിതന്മാര്‍ മൗലിദുകളും മാലകളും രചിച്ചത് ചരിത്രങ്ങള്‍ സമൂഹത്തിന് നഷ്ടപ്പെടാതിരിക്കാനുള്ള വലിയൊരുകാരണമാണ്. പക്ഷേ ഈ നിലക്ക് മൗലിദുകള്‍ വായിക്കപ്പെടുന്നത് നന്നേ കുറവാണെന്നു പറയാം. പുത്തന്‍ വാദികള്‍ മതത്തെ എതിര്‍ക്കാന്‍ ഈ അവസരം മുതലെടുത്ത് ഇതുകൊണ്ടാണ്.
മൗലിദുകള്‍ വായിക്കേണ്ടതു പോലെ വായിച്ചാല്‍ അറിയേണ്ടതെല്ലാം അറിയാനാകുമെന്നു പറഞ്ഞാല്‍ അത് എതിര്‍ക്കപ്പെടേണ്ടതില്ല എന്നാണ് വായനയിലൂടെ മനസ്സിലാകുന്ന പരമാര്‍ത്ഥം. ഭാഷയുടെ സാഹിത്യ സമ്പന്നതയുടെയും അസങ്കാര ശാസ്ത്രത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് മാല മൗലിദുകള്‍ എന്നതിനു പുറമെ ചരിത്രത്തിന്റെ അമൂല്യമായ കലവറയും പ്രകൃതി നിരീക്ഷണത്തിലൂടെ അല്ലാഹുവിലേക്കടുപ്പിക്കാവുന്ന നല്ല മാര്‍ഗദര്‍ശനങ്ങളുമാണവ.
നാലുപാടും നിരീക്ഷിച്ച് എവിടെയും അല്ലാഹുവിനെ ദര്‍ശിക്കുന്ന വലിയ വിജ്ഞാന ഭണ്ഡാരങ്ങളുടെ ഉടമകളായ മഹത്തുക്കളുടെ രചനകളായതിനാല്‍ സര്‍വ്വ വിജ്ഞാന കോശങ്ങള്‍ എന്ന് നമുക്ക് മാല മൗലിദ് ഗ്രന്ഥങ്ങളെ വിളിക്കാം. അത് കൊണ്ട്തന്നെ മൗലിദിലെ ഓരോ അക്ഷരള്‍ക്കും നീണ്ട കഥകള്‍ പറയാനുണ്ട്.
നബി(സ)യെപ്പറ്റിയുള്ള മൗലിദുകള്‍ ഇശ്ഖിന്റെ അന്തര്‍ ശബ്ദങ്ങളാണ്. ആലങ്കാരികമായും സ്‌നേഹപ്രകടനത്താലും മൗലിദുകളെ മറികടക്കാന്‍ പോന്ന രചനകള്‍ ഇല്ലെന്നു തന്നെ പറയാം. മൗലിദുകളിലെ കാവ്യങ്ങള്‍ ഭാവനാ സമ്പുഷ്ടമാണ്.യഥാര്‍ത്ഥ ആശിഖീങ്ങളുടെ ലോകത്തേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നതില്‍ അവക്കുള്ള പങ്ക് അവാച്യമാണ്.
ഇതിനു ചില ഉദാഹരണങ്ങള്‍ നമുക്ക് തുടര്‍ന്ന് വായിക്കാം:
ശറഫുല്‍ അനാം മൗലിദില്‍ ‘മാ ഹബ്ബത്തി സ്വബ’ എന്ന് പ്രയോഗിച്ചത് കാണാം. സ്വബാ കാറ്റ് അടിച്ചു വീശുന്ന കാലത്തോളമെന്നര്‍ത്ഥം.
എന്ത് കൊണ്ട് സ്വബാ കാറ്റിനെ എടുത്തു പറഞ്ഞു? സ്വബാ കാറ്റിന് അടങ്ങാത്ത അനുരാഗത്തിന്റെ വിശേഷങ്ങള്‍ പറയാനുണ്ട്. ലൈലാ മജ്‌നൂന്‍, ഖൈസ് പ്രേമ കഥ വിശ്രുതമാണല്ലോ. ലൈലയോട് പ്രേമം മൂത്ത് മാനസികനില തെറ്റിയ ഖൈസ് ഒരിക്കല്‍ തന്റെ ബന്ധുക്കള്‍ക്കൊപ്പം വാദീ ഖുറായിലേക്ക് പോയി. യാത്രക്കിടയില്‍ അവര്‍ രണ്ട് മലകള്‍ക്ക് സമീപത്തെത്തി. അവിടുത്തെ ചിലയാളുകള്‍ പറഞ്ഞത് ഇവ രണ്ടും നുഅ്മാന്‍ മലകളാണെന്നായിരുന്നു. ഖൈസിന് ആവേശമായി, കാരണം ഈ മലയോരത്ത് ഇടക്കിടെ ലൈല സന്ദര്‍ശിക്കാറുണ്ട് എന്നദ്ദേഹത്തിന് അറിയാമായിരുന്നു. “ഈ പ്രദേശത്ത് ഏത് കാറ്റാണടിച്ചു വീശുന്നത്?.
ഖൈസിന്റെ അന്വേഷണത്തിന് ‘സ്വബാ’ കാറ്റെന്ന് മറുപടി ലഭിച്ചു. സ്വബാ വീശുന്നത് വരെ ഞാനിവിടം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഖൈസ് ഉറച്ച് പറഞ്ഞു. മുന്ന് ദിവസം സ്വബായുടെ വരവും പ്രതീക്ഷിച്ച് ആ മലഞ്ചെരുവില്‍ ഖൈസ് താമസിച്ചു, തന്റെ പ്രാണപ്രേയസിയുടെ മണമുള്ള ആ കാറ്റ് ആസ്വദിച്ച ശേഷമാണ് ഖൈസ് അവിടെ നിന്ന് തിരിച്ച് പോരുന്നത്. തിരിച്ച് പോരുമ്പോള്‍ നുഅ്മാന്‍ മലകളെ വിളിച്ച് ഒരു സുന്ദര കാവ്യം ആലപിച്ചു. അതിന്റെ അവസാനത്തിലെ ഹൃദയസ്പൃക്കായ വരി ഇങ്ങനെ വായിക്കാം:
സ്വബാ കാറ്റ് വടക്കു നിന്ന് വീശിയാല്‍ സങ്കടപ്പെടുന്നവരുടെ സങ്കടങ്ങള്‍ അതുകൊണ്ട് നീങ്ങി പോ കും എന്നര്‍ത്ഥം (അഗാനി : 25)
പ്രേമഭാജനത്തിന്റെ നാട്ടില്‍ നിന്നടിച്ച് വീശുന്ന കാറ്റിനെ കുറിച്ചുള്ള വരികള്‍ ഇമാം ബൂസ്വീരിയുടെ ബുര്‍ദ്ദയിലും കാണാം. ഖാളിമയിലെ കാറ്റടിച്ചതാണോ നിന്നെ കരയിപ്പിച്ചതെന്ന് കവി തന്റെ കണ്ണുകളോട് ചോദിക്കുന്നു.
ശര്‍റഫുല്‍ അനാം മൗലിദിലെ ഈ വരികള്‍ നബി (സ) യുടെ തിരുപ്രകാശം പരിശുദ്ധ പിതാക്കളുടെ മുതുകിലൂടെ കടന്നുവന്നതിനെയാണ് അവതരിപ്പിക്കുന്നത്. ഒരു വാന നിരീക്ഷകന് മാത്രമേ ഇത്ര മനോഹരമായി അവതരിപ്പിക്കാനാവൂ. തീര്‍ച്ച !
ഖഗോള മധ്യരേഖയുടെ ഏതാണ്ട് 23.5 ഡിഗ്രി വടക്കും 23.5 ഡിഗ്രി തെക്കുമായി സ്ഥിതിചെയ്യുന്ന 12 മധ്യാകാശ രാശികളിലൂടെയുള്ള സൂര്യ സഞ്ചാരത്തോടാണ് കവി അതിനെ ഉപമിക്കുന്നത്.
മൗലിദുകളിലെ ഭാവന ആകാശ നിരീക്ഷണത്തിലേക്കും ഗോള ശാസ്ത്രത്തിലേക്കും കടന്നു ചെല്ലുകയാണ്.
നമുക്കേറ്റവും പരിചിതമായ മന്‍ഖൂസ് മൗലിദിലെ ഈരടികളാണിവ. നക്ഷത്രങ്ങള്‍ക്കിടയിലേക്ക് ഉദിച്ചുവന്ന പൂര്‍ണ്ണ ചന്ദ്രരായാണ് നബി (സ) തങ്ങളെ കവി അവതരിപ്പിക്കുന്നത്. നക്ഷത്രങ്ങള്‍ അലങ്കരിച്ച ആകാശ മൈതാനിയിലേക്ക് പൂര്‍ണ്ണ ചന്ദ്രന്‍ ഒന്നല്ല, പലതു കടന്നു വന്നാല്‍ നക്ഷത്ര പ്രകാശത്തിനെന്തു സ്ഥാനം? അതിനെ എങ്ങിനെ കാണും ? തിരുനബിയുടെ ഉദയം ഇപ്രകാരമെന്ന് കവി. എന്തൊരു സുന്ദരമായ ഭാവന.
ഇത് മാത്രം പറഞ്ഞ് തിരു വിശേഷണം അവസാനിപ്പിക്കാന്‍ കവി മനസ്സിന് വിമ്മിഷ്ടമുള്ളത് പോലെ….
കവി തുടരുന്നു:
അവിടുത്തെ നന്മ എത്ര മഹോന്നതം, അങ്ങ് ഞങ്ങളുടെ ഉമ്മയാണ് അല്ല, അതുപോലെ അവിടുന്ന് ഞങ്ങളുടെ ഉപ്പയാണ്. അതുമല്ല അവരില്‍ നിന്നും ലഭിക്കാത്ത ഗുണങ്ങള്‍ കൈമാറിയവരാണങ്ങ്. ഇല്ല… കവി അവസാനിപ്പിക്കുന്നില്ല. മറ്റൊരാള്‍ക്കും ഒരിക്കലും നല്‍കാനാവാത്ത മഹാ ഗുണദാതാവാണങ്ങ്.
നാളെ പരലോകത്ത് രക്ഷപ്പെടുത്താനാരാരുമില്ലാത്ത ഘട്ടത്തില്‍ തിരു ശുപാര്‍ശ ചെയ്യുന്ന അങ്ങയെപ്പോലെ ഞങ്ങള്‍ക്കാരുണ്ട്. ഹാ…. കവി അനുരാഗികളുടെ ലോകത്തിലൂടുള്ള യാത്രയിലാണ്. ഇതേ സാരസമാനമായ വരികള്‍ പ്രസിദ്ധമായ ശര്‍റഫല്‍ അനാം മൗലിദിലെ ‘അശ്‌റഖല്‍ ബദ്‌റു’എന്ന ഖസീദ:യിലും വായിക്കാം.
നിരവധി പൂര്‍ണേന്ദുകളുടെ സമ്മേളനം നടക്കുന്ന ആകാശത്തെയാണ് കവി വരച്ചിടുന്നത്. മുഴുവന്‍ പ്രകാശങ്ങളെയും നിര്‍വീര്യമാക്കുമാറ് കത്തിജ്വലിക്കുന്ന മറ്റൊരു ചന്ദ്രന്‍ അവിടേക്ക് കടന്നു വരികയാണ്. മറ്റു ചന്ദ്രന്മാരുടെ പ്രകാശം അണഞ്ഞതു പോലെ …. ഇങ്ങനെയാണ് തിരുനബി. മറ്റെല്ലാം തിരുനബിയുടെ മുന്നില്‍ മുട്ടുമടക്കേണ്ടിവരും.
തുടര്‍ന്ന് തിരുനബിയെ സൂര്യനെന്ന് വിളിക്കുന്നു..എന്നല്ല അവിടുന്ന് പൂര്‍ണേന്ദുവാണെന്ന് പറയുന്നു. കവിയുടെ പ്രേമം തുളുമ്പുന്ന ഹൃദയം സമാധാനിക്കുന്നില്ല, അവസാനം ‘അന്‍ത മിസ്ബാഹു സ്വുദൂര്‍’അങ്ങ് ഹൃദയങ്ങളുടെ വിളക്കാണെന്ന് പറഞ്ഞ് കവി സമാധാനിക്കുകയാണ്.
യഥാര്‍ത്ഥ പ്രേമികള്‍ അങ്ങിനെയാണ്. ഇവിടെ നമുക്ക് വീണ്ടും ഖൈസിനെയും ലൈലയേയും ഓര്‍ക്കാം. ലൈലയെ തേടിയലഞ്ഞ ഖൈസിന്റെ ചരിത്രം, സമനില തെറ്റിയവരായി നാടു മുഴുവന്‍ അന്വേഷിച്ചു ഖൈസ്.
ഒരിക്കല്‍ തന്റെ പ്രാണ പ്രേയസിയുടെ ഭര്‍ത്താവിനെ ഖൈസ് കാണാനിടയായി. അദ്ദേഹം തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഖൈസ് അദ്ദേഹത്തോടു ചോദിച്ചു: നിങ്ങളിന്ന് സുബ്ഹിക്ക് മുമ്പായി ലൈലയെ കെട്ടിപ്പിടിച്ചിരുന്നോ? അതെ, എന്ന് മറുപടി പറഞ്ഞു. ഖൈസിന് സ്വബോധം നഷ്ടപ്പെട്ടു. ഇരുകൈകളിലും തീകനലുകള്‍ വാരിയെടുത്ത് അദ്ദേഹം ബോധം കെട്ട് വീണു. അദ്ദേഹത്തിന്റെ ഇരുകൈകളും ഉരുകിയൊലിച്ചു.
ആശിഖീങ്ങള്‍ക്ക് മറ്റൊരു ലോകമാണ്. അനിര്‍വചനീയമായ ലോകം. മനസില്‍ മഅ്ശൂഖിനെ മാത്രം പ്രതിഷ്ടിച്ച് മനം നിറഞ്ഞവരുടെ ലോകം.
പ്രകൃതി സ്‌നേഹിയും നിരീക്ഷകനുമായ കവി ആകാശത്തെ അലങ്കരിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങളെയും മരച്ചില്ലകളിലിരുന്ന് രാഗം മീട്ടുന്ന പക്ഷികളെയും വരികള്‍ക്കിടയലൂടെ കവി അടയാളപ്പെടുത്തുകയാണ്. ചുറ്റും നിരീക്ഷിച്ച് പാടവമുള്ളവര്‍ക്ക് മാത്രം സ്വന്തമായ ഭാവനകള്‍.
ശര്‍റഫല്‍ അനാമിലെ ഈ വരികള്‍ പരിചയമില്ലാത്തവര്‍ ചുരുക്കം. പുത്തന്‍ വാദികള്‍ മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തിയ കാവ്യ ശകലം കൂടിയാണിത്. ‘അബ്ദ്’ എന്ന് പ്രയോഗിക്കുമ്പോഴേക്ക് സ്രഷ്ടാവും സൃഷ്ടികളുമെന്ന തരത്തിലേക്ക് വിഷയമവതരിപ്പിക്കുന്നത് ആശിഖീങ്ങളുടെ ഭാഷ മനസിലാവാത്തത് കൊണ്ടാണ്.
പ്രേമി പ്രേമഭാജനത്തിനു മുന്നില്‍ എന്തും സമര്‍പ്പിക്കാനും എന്തു ദാസ്യവേലക്കും തയ്യാറായിരിക്കും. അത് കൊണ്ടാണ് ‘അബ്ദുക’എന്ന് പ്രേമഭാജനത്തോട് പറയുന്നത്.
മൗലിദുകൡലെ വാക്കുകള്‍ക്കെല്ലാം ആശിഖീങ്ങളുടെ മാതൃകകള്‍ കാണാനാവുന്നു. അതില്‍പ്പെട്ടതാണ് ‘അബ്ദുകല്‍ മിസ്‌കീന്‍’ എന്ന പ്രയോഗം. 4-ാം നൂറ്റാണ്ടിലെ പ്രമുഖ കവിയായിരുന്നു സഅ്ദുല്‍ വര്‍റാഖ്. തന്റെയടുത്ത് പഠനത്തിനു വന്നിരുന്ന കൃസ്ത്യാനിയായ ഈസായുമായി സഅ്ദിനു പ്രേമം കലശലായി. പിന്നീട് ഈസ പുരോഹിതനായി ഒരു മഠത്തില്‍ പ്രവേശിച്ചതറിഞ്ഞ് സഅ്ദുല്‍ വര്‍റാഖ് അങ്ങോട്ട് പുറപ്പെട്ടു. പക്ഷെ, മറ്റു പുരോഹിതര്‍ അദ്ദേഹത്തെ പ്രവേശിക്കാനനുവദിച്ചില്ല. ഇതദ്ദേഹത്തെ നിരാശനാക്കി. പിന്നീട് കാണുന്ന പക്ഷികളോടും സസ്യങ്ങളോടുമെല്ലാം ഈസക്ക് തന്റെ സന്ദേശങ്ങളയച്ചു കൊടുക്കാനാവശ്യപ്പെടാന്‍ തുടങ്ങി. അഥവാ സഅദ് എല്ലാം മറന്നു. അങ്ങനെ അദ്ദേഹം ഒരു മാടപ്രാവിനെ വിളിച്ച് പറഞ്ഞു:
അഥവാ സഅദ് നിന്നോട് സങ്കടം ബോധിപ്പിക്കുന്നു എന്ന് നീ ഇസയോട് പറയണം എന്നര്‍ഥം. ഇതിലെ ‘സഅ്ദുകല്‍ മിസ്‌കീന്‍’എന്ന പദമായിരിക്കാം ‘അബ്ദുകല്‍ മിസ്‌കീന്‍’ എന്ന പ്രയോഗത്തിന്റെ അവലംബം.
പ്രേമ നൈരാശ്യത്തില്‍ മനംനൊന്ത് സഅ്ദുല്‍ വര്‍റാഖ് തുടര്‍ന്നു പറയുന്നു: ഞാന്‍ മരിച്ചാല്‍ എന്റെ ഖബ്‌റിനു സമീപത്ത് ഒരു പ്രേമി പ്രേമഭാജനം ഒഴിവാക്കിയതില്‍ മനംനൊന്ത് മരണപ്പെട്ടിരിക്കുന്നു എന്ന് നീ എഴുതി വെക്കണമെന്ന് അരിപ്രാവിനെ നോക്കി സഅ്ദ് പാടുന്നു. ഇത് പ്രേമലോകത്തെ മറ്റൊരു സാമ്രാജ്യം.