പുണ്യാത്മാക്കളുടെ മഹത്തായ ജീവിതത്തിലെ പ്രശംസനീയമായ സംഭവങ്ങളെ ഭക്ത്യാദരപൂര്‍വ്വം പ്രകീര്‍ത്തിക്കുന്ന അറബി മലയാളത്തിലുള്ള പദ്യവിഭാഗങ്ങളാണ് മാലപ്പാട്ടുകള്‍. മഹാന്മാരുടെ മദ്ഹുകളും അവരില്‍ നിന്നുണ്ടായ അത്ഭുതങ്ങളും അവരുടെ ദീനീ സേവനങ്ങളുമാണ് മുഖ്യ ചര്‍ച്ചാവിഷയം. ഒടുവില്‍ പ്രസ്തുത മഹാത്മാവിനെ മുന്‍ നിറുത്തിയുള്ള ഇരവും ഉണ്ടായിരിക്കും. നേര്‍ച്ചപ്പാട്ടുകളെന്നാണ് പൂര്‍വ്വ കാലത്ത് ഇത്തരം പാട്ടുകള്‍ അറിയപ്പെട്ടിരുന്നത്.
കേരളീയ ദേശങ്ങളില്‍ പ്രത്യേകിച്ചും മലബാര്‍ തീരങ്ങളില്‍ അറബ്-മലബാര്‍ വാണിജ്യങ്ങളുടെ സന്തതിയാണ് പ്രധാനമായും അറബിമലയാള ഭാഷ. കേരളീയര്‍ക്ക് മൊഴിഭാഷയായ മലയാളത്തിന് അന്ന് ലിപിയുണ്ടായിരുന്നില്ല. എന്നാല്‍ അക്കാലത്തെ മുസ്‌ലിംകളിലധികവും അറബി ഭാഷ സ്വായത്തമാക്കുകയും മൊഴിഭാഷയെ അറബിയിലെഴുതി, മലയാളത്തിലുള്ളതും എന്നാല്‍ അറബിയിലുള്ളതുമായ അക്ഷരങ്ങള്‍ക്ക് പുതിയ ചില അക്ഷരങ്ങള്‍ നിര്‍മ്മിച്ച് വികസിപ്പിച്ചെടുത്ത ഭാഷയായിരുന്നു അറബിമലയാളം. ആയതിനാല്‍ തന്നെ കേരളത്തില്‍ എഴുതപ്പെട്ടതായി സ്വദേശ ഭാഷയില്‍ പുറത്ത് വരുന്ന കൃതികളെല്ലാം അറബിമലയാളത്തിലായിരുന്നു. അറബി ഭാഷയിലും, ഇസ്‌ലാമിക ചരിത്രത്തിലും അറിവ് നേടിയ മാപ്പിള മുസ്‌ലിംകള്‍ സാധാരണക്കാര്‍ക്ക് അറിയാനും പഠിക്കാനും വേണ്ടി രൂപപ്പെടുത്തിയ പാട്ടുകളാണ് മാപ്പിളപ്പാട്ടുകള്‍. ഏകദേശം പതിനാറാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ മാപ്പിളപ്പാട്ടുകളുടെ പ്രളയ കാലമായിരുന്നു. കാലനിര്‍ണയവും രചയിതാവിനെ കണ്ടെടുത്തതുമായ ആദ്യ മാപ്പിളപ്പാട്ട് ഖാളി മുഹമ്മദ് രചിച്ച മുഹ്‌യിദ്ദീന്‍ മാലയാണ്.
സാഹിത്യ സമ്പുഷ്ടതയാല്‍ മനം കവരുന്നതും ഇന്നും അവയിലെ സാഹിത്യത്തെ മാത്രം മുന്‍ നിറുത്തി പഠനങ്ങള്‍ നടക്കുന്നതുമായ തരത്തില്‍ സമ്പന്നമായിരുന്നു മാപ്പിളപ്പാട്ടുകള്‍. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലേക്ക് ഈ മാപ്പിളപ്പാട്ട് സാഹിത്യം വികസിച്ചതോടെ ഒരുപാട് ഇനങ്ങള്‍ ഇതില്‍ പിറവിയെടുത്തു. പടപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍, ചരിത്ര ഗാനങ്ങള്‍, കല്‍പ്പിത ഗാനങ്ങള്‍, കര്‍മാനുഷ്ഠാന വിശ്വാസ ഗാനങ്ങള്‍, ഭക്തി ഗാനങ്ങള്‍, സര്‍ക്കീട്ട് പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, കത്തു പാട്ടുകള്‍, മാലപ്പാട്ടുകള്‍, വീരേതിഹാസ ഗാനങ്ങള്‍ തുടങ്ങിയവ മാപ്പിളപ്പാട്ടിലെ പ്രധാനമായ ചില വൈവിധ്യങ്ങളാണ്.
ഇതില്‍ മുകളില്‍ സൂചിപ്പിച്ച പോലെ ഇസ്‌ലാമിക ലോകം ആദരവോടെ നോക്കിക്കാണുന്ന ഔലിയാക്കളെ പ്രശംസിച്ചും സഹായാര്‍ത്ഥന നടത്തിയും രചിക്കപ്പെട്ട മാപ്പിളപ്പാട്ടിലെ ഏറ്റവും ആദ്യം വന്നതും കൂടുതല്‍ പ്രചുരപ്രചാരം നേടിയതുമായ പദ്യ ശാഖയാണ് മാലപ്പാട്ടുകള്‍. കേരളീയരും ലോക മുസ്‌ലിംകളും ഏറെക്കാലമായി ആചരിച്ച് പോരുന്ന മൗലിദുകളുടെ ഒരു ഭാഷാശൈലി ഭേദമാണ് മാലപ്പാട്ടുകളെന്നും പറയാം. മൗലിദുകളിലുള്ള പോലെ തന്നെ ബിസ്മിയും ഹംദും സ്വലാത്തും സലാമും ചൊല്ലിയാണ് മാലകളിലധികം പ്രാരംഭം കുറിക്കുന്നത്. തുടര്‍ന്ന് പ്രതിപാദിക്കപ്പെടുന്ന വ്യക്തിത്വത്തിന്റെ കുടുംബവും, ജീവിതവും, കറാമത്തുകളും പറയലാണ് പൊതുരീതി.
എന്നാല്‍ മാപ്പിളപ്പാട്ടിലെ ആദിക്യവും വകതിരിവുകളും ഏറെ വന്നിട്ടില്ലലാതിരുന്ന മുന്‍കാലത്ത് സര്‍വ്വ മാപ്പിളപ്പാട്ടുകളേയും മാലപ്പാട്ടെന്ന് ഉപയോഗിച്ചതിനാലും, പില്‍ക്കാലത്ത് ഓരോന്നിനേയും വേണ്ടപോലെ മലസ്സിലാക്കാതെ മാലപ്പാട്ടെന്ന് ഉപയോഗിച്ചതിന്‌ലും ഈ രീതിയിലല്ലാത്ത മാപ്പിളപ്പാട്ടിന്റെ വകഭേതങ്ങളേയും മാലപ്പാട്ടുകളെന്ന് പ്രയോഗിച്ചിരുന്നു.
കേരളത്തില്‍ ആഴത്തില്‍ വേരേടിയിരുന്ന സൂഫീ പാരമ്പര്യമാണ് മാലപ്പാട്ടുകളുടെ പിറവിക്കുള്ള പ്രധാന ഹേതു. കര്‍മ ശാസ്ത്രത്തെയും സൂഫിസത്തെയും തുല്യ അളവില്‍ അതിരു വിടാതെ സംരക്ഷിച്ചു പോരുന്ന അപൂര്‍വ്വം നാടുകളിലൊന്നാണ് കേരളം. പഴയ കാലങ്ങളില്‍ മതത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ക്കായി പലരും വിദേശങ്ങളില്‍ വിദ്യ തേടിയും, സയ്യിദ്-മഖ്ദൂം ശാഖകള്‍ തുടങ്ങിയവര്‍ പ്രബോധനാര്‍ത്ഥം കേരളക്കരയിലേക്ക് ഇങ്ങോട്ട് വന്നുമാണ് കേരളത്തില്‍ ത്വരീഖത്തുകള്‍ വ്യാപകമാകുന്നത്. ഇത്തരത്തില്‍ ഏറ്റവും പ്രചാരം നേടിയവ ഖാദിരിയ്യ, രിഫാഇയ്യ ത്വരീഖത്തുകളാണ്. അതിനാലാണ് ആദ്യമായി വന്ന മാലപ്പാട്ട് ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രഭവ ബിന്ദു മുഹ്‌യിദ്ദീന്‍ ശൈഖ്(റ)നെ കുറിച്ചുള്ള മുഹ്‌യിദ്ദീന്‍ മാലയായത്.
കേരളീയരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കാണ് മറ്റൊരര്‍ത്ഥത്തില്‍ മാലപ്പാട്ടുകള്‍ രചിക്കപ്പടുന്നത്. വസൂരി പടര്‍ന്ന സമയം അത് ഭേദമാകാന്‍ സൈനുദ്ദീന്‍ മഖ്ദൂം(റ) മന്‍ഖൂസ് മൗലിദ് രചിച്ചത് പോലെ പകര്‍ച്ച വ്യാധിയും ദാരിദ്ര്യവും വിട്ട് പോവാനും രോഗം മാറാനും അഭിവൃദ്ധി വരാനുമാണ് മാലപ്പാട്ടുകളും രചിക്കപ്പെട്ടതും ആലപിക്കപ്പെട്ടതും. ശാസ്ത്രീയ ഉപകരണങ്ങളും ചികിത്സക്ക് വേണ്ട സമ്പത്തും ഇല്ലാതിരുന്ന അന്ന് ഇക്കാലത്തേക്കാള്‍ സമാധാന പരമായി പ്രസവങ്ങള്‍ നടന്നത് നഫീസത്ത് മാലയുടെ അകമ്പടിയിലായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളീയ മുസ്‌ലിം സ്ത്രീ മാലപ്പാട്ടുകളില്‍ സാക്ഷരത കൈവരിച്ചവരും കാണാതെ തന്നെ പഠിച്ചവരുമായിരുന്നു. മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല, നഫീസത്ത് മാല എന്നിവയാണ് കേരളത്തില്‍ പരക്കെ പ്രചാരം നേടിയവ. കൂടാതെ തന്റെ സമീപ പ്രദേശങ്ങളിലെ മഹത്തുക്കളെ കുറിച്ചുള്ള മാലയും ആ സൂഫീ മന്ദിരത്തിന്റെ സമീപവാസികള്‍ക്ക് സുപരിചിതമായിരുന്നു.
ഇത്തരത്തില്‍ നൂറുകണക്കിന് മാലപ്പാട്ടുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പലതിന്റെയും കര്‍ത്താവിനെയോ എഴുതിയ കാലഘട്ടമോ ലഭ്യമല്ല. സ്രഷ്ടാവിന്റെ തൃപ്തിക്ക് വേണ്ടി എഴുതുക, അതു കാരണം പരലോക വിജയം വരിക്കുക എന്നതിലപ്പുറം സ്വന്തം നാമത്തിന്റെ പ്രശസ്തിയോ, സമൂഹത്തില്‍ അറിയപ്പെട്ടവനാവലോ അക്കാലത്തെ നിസ്വാര്‍ത്ഥരായ രചയിതാക്കള്‍ക്ക് ലക്ഷ്യമില്ലായിരുന്നു. കണ്ടെടുക്കപ്പെടാതെ പോയതും പ്രസിദ്ധീകരിക്കപ്പെടാതെ പോയതുമായ രചനകള്‍ ഇനിയും എത്രയോ ഉണ്ടാകാം. പലതിന്റെയും രചയിതാക്കള്‍ സ്ത്രീകളാണ്.
മാപ്പിളപ്പാട്ടുകളിലെ പല ശാഖകളും ഭാഷ ഏറെ ദുര്‍ഗ്രഹമാണെങ്കില്‍ മാലപ്പാട്ടുകള്‍ വളരെ ലളിതവും വ്യക്തതയുള്ളവയുമാണ്. ഇതര ഭാഷകളേക്കാള്‍ കേരളീയരില്‍ പ്രചാരം നേടാനും ഇതൊരു ഹേതുവായിക്കാണും. ബിസ്മിയും ഹംദും സ്വലാത്തും പറഞ്ഞ് തുടങ്ങി ഇരവില്‍ അവസാനിക്കുന്നതാണ് ഘടന. ചില മാലപ്പാട്ടുകളില്‍ രണ്ട് ഇരവുകള്‍ കാണുന്നുണ്ട്. പുണ്യാത്മാവിനെ മുന്‍നിറുത്തി ദൈവത്തോട് നടത്തുന്ന പ്രാര്‍ത്ഥനയാണിത്. ഈരണ്ട് വരികളില്‍ പൂര്‍ണ്ണമാകുന്ന ഇശലുകളിലാണ് മാലപ്പാട്ടുകള്‍ നിബന്ധിച്ചിട്ടുള്ളത്. കാവ്യത്തിന് മൊത്തം ഒരൊറ്റ ഇശലാണ് ഉണ്ടാവുക. എന്നാല്‍ പല ഇരവുകളും മുമ്പുള്ള ശൈലിയില്‍ നിന്ന് നേരിയ വ്യത്യാസത്തോടെ കാണപ്പെടാറുണ്ട്.
പൂര്‍വ്വ കാലത്ത് നമ്മുടെ പിതാക്കള്‍ ഏറെ ശ്രദ്ധയോടെ പുലര്‍ത്തിപ്പോന്ന മാലപ്പാട്ടുകള്‍ വെറും കേട്ടുകേള്‍വി മാത്രമാകുന്നുവോ എന്നതാണ് ഇന്ന് ഏറെ ആശങ്കാജനകമായ കാര്യം. ഏതാനും മൂന്നോ നാലോ മാലപ്പാട്ടുകളുടെ നാമങ്ങള്‍ കേട്ടവരോ ഒന്നോ രണ്ടോ മാത്രം കഷ്ടിച്ച് വായിക്കാന്‍ കഴിയുന്നവരുമാണ് നവതലമുറ. അവര്‍ തീര്‍ച്ചയായും പൂര്‍വ്വകാല മാലകളെ കുറിച്ച് ബോധവാന്മാരാവുകയും മാല സംസ്‌കാരത്തിലേക്ക് മടങ്ങാന്‍ തയ്യാറാവുകയും വേണം. അതിന് സഹായകമാകുന്ന വിധത്തില്‍ ചിലതിനെ പരിചയപ്പെടുത്തുകയാണിവിടെ.
മുഹ്‌യിദ്ദീന്‍ മാല
ഖാളി മുഹമ്മദാണ് മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ്. ഹിജ്‌റ 782 (എ.ഡി 1607) പ്രസ്തുത രചന നടത്തുന്നത്. ശൈഖ് ജീലാനി(റ)ന്റെ ജീവിതത്തിലെ അത്ഭുത കര്‍മ്മങ്ങളുടെ ആവിഷ്‌കാരമാണ് മുഹ്‌യിദ്ദീന്‍ മാല. കേരളത്തില്‍ നല്ല വേരോട്ടമുണ്ടായിരുന്ന ഖാദിരിയ്യാ ത്വരീഖത്തിന്റെ സ്വാധീനമാണ് ഇങ്ങനെ ഒരു രചനക്ക് നിദാനം. ഇതര മാലകളെ അപേക്ഷിച്ച് ലളിതവും മനസ്സിലാക്കാന്‍ എളുപ്പമുള്ളതുമാണ് പ്രസ്തുത രചന. കാലഗണന ലഭിച്ചത് പ്രകാരം ആദ്യത്തെ മാലപ്പാട്ടും അറബി മലയാള കൃതിയും ഇതു തന്നെ.
ബാഗ്ദാദുകാരനായ ശത്‌നൂഫി എന്ന പണ്ഡിതന്‍ രചിച്ച ബഹ്ജ എന്ന കിതാബിനെയാണ് ഗ്രന്ഥകാരന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. നിരവധി കറാമത്തുകള്‍ കൃതിയില്‍ അയവിറക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചതും ഇന്നും അനുസ്യൂതം ആലപിക്കപ്പെടുന്നതും പ്രസ്തുത മാലയാണ്. മുഹ്‌യിദ്ദീന്‍ മാലയെക്കുറിച്ച് നിരവധി പഠനങ്ങളും വിശദീകരണങ്ങളും കേരളത്തിലും കേരളത്തിന് പുറത്തും നടന്നിട്ടുണ്ട്. 155 വരികളുള്ള പ്രസ്തുത രചനയോട് പില്‍ക്കാല മാപ്പിളപ്പാട്ടുകളെല്ലാം കടപ്പെട്ടിരിക്കുന്നുവെന്ന് പറയാം.
ഗ്രന്ഥകാരന്‍ ഇതിന് പുറമെ പതിനഞ്ചോളം അറബി ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ക്രിസ്തു വര്‍ഷം 1608ല്‍ വഫാത്തായ ഖാളി മുഹമ്മദിന്റെ ഖബര്‍ കോഴിക്കോട് കുറ്റിച്ചിറപ്പള്ളി ഖബര്‍സ്ഥാനിയിലാണ്.
രിഫാഈ മാല
ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട നാല് ഖുത്വ്ബുകളില്‍ രണ്ടാമനാണ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ (ഖ.സി). ലോകത്തില്‍ പ്രസിദ്ധമായ രിഫാഈ ത്വരീഖതിന്റെ സ്ഥാപക ഗുരു രിഫാഈ ശൈഖാണ്. സുല്‍ത്വാനുല്‍ ആരിഫീന്‍ എന്നു വിശ്രുതനായ മഹാന്‍ ഹിജ്‌റ 578 ജമാദുല്‍ ഊല 12ന് 105-ാം വയസ്സിലാണ് വഫാത്താകുന്നത്. ഹിജ്‌റ വര്‍ഷം 987ലാണ് പ്രസ്തുത രചന നടക്കുന്നത്. മുഹ്‌യിദ്ദീന്‍ മാല കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഏറ്റവും വിശ്രുതമായത് ഈ മാലയാണ്. രിഫാഈ ശൈഖിന്റെ കറാമത്തുകളാണ് മുഖ്യ പ്രതിപാദ്യ വിഷയം. ശൈഖിന്റെ ജീവിതത്തെ മൊത്തത്തില്‍ അവതരിപ്പിക്കാതെ അവിടുത്തെ പ്രകീര്‍ത്തനങ്ങള്‍ അയവിറക്കി ചില അസാധാരണ സംഭവങ്ങള്‍ പറഞ്ഞ് അവസാനം മഹാനെ മുന്‍നിറുത്തി ഇരവ് നടത്തുന്നതാണ് മാലയുടെ ശൈലി. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല ബൈതുകളുടെയും തന്‍ബീഹ്, സിര്‍റുല്‍ മക്‌സൂന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കൃതി രചിക്കുന്നത്.
മുഹ്‌യിദ്ദീന്‍ ശൈഖ്(റ)ന്റെ കാലക്കാരും പലപ്പോഴും ഒരുമിച്ച് ആത്മീയ ചര്‍ച്ചകള്‍ നടത്തിയവരുമായിരുന്നു രിഫാഈ ശൈഖ്(റ). അവരുടെ ദൃഢബന്ധത്തെ സൂചിപ്പിക്കുന്ന ഒരു വരി മാലയില്‍ ഇങ്ങനെ കാണാം.
പ്രസ്തുത മാലയും പൊതുവില്‍ ലളിത ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
നഫീസത്ത് മാല
കേരളത്തിലും സമീപങ്ങളിലുമുള്ള സ്ത്രീകള്‍ പ്രസവവേദന കൊണ്ട് വിഷമിക്കുമ്പോള്‍ സുഖപ്രസവത്തിന് നേര്‍ച്ചയാക്കി പാടിപ്പോരുന്നത് എന്ന നിലക്കാണ് നഫീസത്ത് മാല പ്രസിദ്ധമായിട്ടുള്ളത്. ആദി അന്തം എന്ന ഇശലിലാണ് എഴുതിയിട്ടുള്ളത്. പൊന്നാനി സ്വദേശി നാലകത്ത് കുഞ്ഞി മൊയ്തീന്‍ കുട്ടിയാണ് ഇതെഴുതിയത്. ഗ്രന്ഥകാരന്‍ വേറെയും നിരവധി മാലകള്‍ എഴുതതിയിട്ടുണ്ട്. ഹിജ്‌റ 1388ലാണ് നിര്യാതനാകുന്നത്.
ഇസ്‌ലാമിക് ചരിത്രത്തിലെ സൂഫിവനിത നഫീസത്തുല്‍ മിസ്‌രിയ(റ)വിനെ കുറിച്ചാണ് മാലയില്‍ പ്രതിപാദിക്കുന്നത്. ഹിജ്‌റ 145ല്‍ മക്കയില്‍ ജനിച്ച് 63 വര്‍ഷം ജീവിച്ച് ഹിജ്‌റ 208ല്‍ മിസ്‌റില്‍ മരണമടഞ്ഞ ആത്മീയ ഉന്നതി പൂണ്ട മഹതിയായിരുന്നു നഫീസത്തുല്‍ മിസ്‌രിയ(റ). ഹസന്‍(റ)ന്റെ പേരക്കുട്ടി സയ്യിദ് ഹസനുല്‍ അന്‍വര്‍(റ) ആണ് പിതാവ്. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആനും ഹദീസും ഹൃദിസ്ഥമാക്കി. സദാസമയവും ഇലാഹീ ചിന്തയില്‍ മാത്രം കഴിച്ച് കൂട്ടിയ മഹതിയുടെ ഖ്യാതി അന്ന് തന്നെ സുപ്രസിദ്ധമായിരുന്നു. ഇമാം ശാഫിഈ(റ) പലപ്പോഴും ബറകത്തിന് മഹതിയെ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. റമാളാന്‍ മാസം അവസാന വെള്ളിയാഴ്ച നോമ്പുകാരിയായാണ് വഫാതാകുന്നത്. വീടിനുള്ളില്‍ സ്വയം തയ്യാറാക്കിയ ഖബറില്‍ തന്നെയാണ് മറവ് ചെയ്തത്. ഒരുപാട് ഖത്മുകള്‍ ഖബ്‌റില്‍ വെച്ച് ഓതിത്തീര്‍ത്തിരുന്നു. ഇലാഹീ പ്രണയത്തിലും ആരാധനകളിലും മാത്രം കഴിച്ച് കൂട്ടിയ മഹതിയെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ ആണ് മാലയില്‍ പ്രതിപാദിക്കുന്നത്. മഹതിയുടെ ആരാധനാ വ്യാപ്തിയും കറാമത്തുകളും മാലയില്‍ നിന്നും വായിച്ചെടുക്കാനാകും. അറബി പദങ്ങള്‍ ധാരാളമായി ഉപയോഗിച്ചിട്ടുള്ളതിനാല്‍ അല്‍പം ഗഹനമാണ് മാല. പാരമ്പര്യ സുന്നി കുടുംബങ്ങളില്‍ ഇന്നും ഈ മാല പ്രസവത്തിലെ എളുപ്പത്തിന് വേണ്ടി ചൊല്ലാറുണ്ട്.
നൂല്‍മാല
ഫലിതങ്ങളിലും തത്വങ്ങളിലും പേരുകേട്ട കുഞ്ഞായിന്‍ മുസ്‌ലിയാരുടെ അറബിമലയാളത്തിലെ ഒരു വിശിഷ്ട മാലയാണ് നൂല്‍മാല. പുറമെ പ്രവാചക പ്രകീര്‍ത്തനമടങ്ങുന്ന നൂല്‍മദ്ഹും, മനുഷ്യനെ കപ്പലിനോടുപമിച്ച് ദാര്‍ശനികമായി ആത്മീയ യാത്രയെ അവതരിപ്പിക്കുന്ന കപ്പപ്പാട്ടും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ക്രിസ്തുവര്‍ഷം 1700നും 1786നും ഇടയില്‍ ജീവിച്ച ഇദ്ദേഹം തലശ്ശേരിയില്‍ സൈദാര്‍പ്പള്ളിക്കടുത്തുള്ള മക്കറയിലാണ് ജനിച്ചതെന്ന് കരുതപ്പെടുന്നു. പൊന്നാനിയില്‍ പഠിച്ചുവെന്നും തലശ്ശേരി പഴയ ജുമുഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ ഖബറടക്കപ്പെട്ടുവെന്നുമാണ് വാമൊഴി പാരമ്പര്യം.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)ന്റെ അപദാനങ്ങളാണ് നൂല്‍മാലയില്‍ പ്രതിപാദിക്കുന്നത്. ഖാളി മുഹമ്മദിന്റെ മുഹ്‌യിദ്ദീന്‍മാലയുടെ ആശയമാണ് ഈ കൃതിയിലുള്ളതെങ്കിലും സാഹിത്യഭംഗിയിലും അവതരണശൈലിയിലും ഏറെ വ്യത്യസ്തമാണിത്. അല്‍പം സങ്കീര്‍ണ്ണവും തമിഴ് പദങ്ങളുടെ വിന്യാസം കൂടുതലുള്ളതുമാണിത്. സൂഫീ ഭക്തരില്‍ ഉയര്‍ന്ന ദറജയുള്ളവരെ ലക്ഷ്യം വെച്ചുള്ള എഴുത്താണിത്. മുഹ്‌യിദ്ദീന്‍മാല പോലെ തന്നെ ശൈഖ് ജീലാനിയിലേക്കും ഖാദിരിയ്യാ ത്വരീഖത്തിലേക്കും ആകര്‍ശിപ്പിക്കുക ഇവരുടെയും ലക്ഷ്യമാണ്.
ഹിജ്‌റ 1200ലാണ് നൂല്‍മാല രചിക്കപ്പെടുന്നത്. പതിമൂന്ന് ഇശലുകളാണുള്ളത്. തമിഴ്‌നാട്ടില്‍ പ്രചാരമുള്ള വൃത്തങ്ങളാണ് കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്. 600ല്‍ പരം വരികള്‍ അടങ്ങിയിട്ടുണ്ട് ഇതില്‍. ഗാനാത്മകതയേക്കാള്‍ ധ്യാനാത്മകതക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.
സഫലമാല
ആത്മീയ യാത്രയില്‍ മതിമറന്ന ഒരു മിസ്റ്റിക്കിന്റെ വചനങ്ങളാണ് ഒരര്‍ത്ഥത്തില്‍ സഫലമാല. ഒരു സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത നിഗൂഢമായ പല വചനങ്ങളും ഇതില്‍ കാണാം. ആദ്യ സൃഷ്ടി മുത്ത് നബിയുടെ ഒളിവ് പടക്കപ്പെട്ടത് മുതല്‍ക്കുള്ള സംഭവങ്ങള്‍ ഒരു ആത്മീയവാദിയുടെ സവിശേഷ ദര്‍ശനത്താല്‍ സ്വാധീനിക്കപ്പെട്ട ആവിഷ്‌കാരമാണിതില്‍. സംഗീതമധുരവും ശബ്ദാര്‍ത്ഥ സംയോഗത്തിലുള്ള സൗഷ്ഠവും ആശയനൈര്‍മല്യവും മുറ്റി നില്‍ക്കുന്ന രചനയാണിത്. ഭൗതിക ലോകത്തെ അനുഗ്രഹങ്ങള്‍ ക്ഷണികമാണെന്നും ആത്മാവിനെ തിരിച്ചറിഞ്ഞ് ഇലാഹിലേക്ക് പ്രയാണം നടത്തണമെന്നും സാക്ഷ്യപ്പെടുത്തുന്നു സഫലമാല.
ശുജായി മൊയ്തുമുസ്‌ലിയാരാണ് ഈ മാലയുടെ രചയിതാവ്. പൊന്നാനിക്കടുത്തുള്ള അണ്ടത്തോടാണ് അദ്ദേഹത്തിന്റെ ജന്മദേശം. ഭക്തനും സമ്പന്നനും കുലീനനുമായിരുന്നു. ചരിത്രകൃതികളും പാഠപുസ്തകങ്ങളുമായി അതിവിശിഷ്ടമായ ഏറെ രചനകള്‍ അദ്ദേഹത്തിന്റേതായി അറബിമലയാളത്തിലുണ്ട്.
ബദ്ര്‍ മാല
ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ പോരാളികളായ ബദ്‌രീങ്ങളെ മുന്‍നിറുത്തിയുള്ള മാലയാണിത്. ഭൂമിയില്‍ (അമ്പിയാക്കള്‍ കഴിഞ്ഞാല്‍) ഏറ്റവും ഉത്കൃഷ്ടര്‍ ബദ്‌റില്‍ പങ്കെടുത്ത പോരാളികളാണെന്നു പ്രവാചകനും, അത് പോലെ ബദ്‌റില്‍ ഹാളിറായവരാണ്. മലാഇകത്തില്‍ ആകാശത്തുള്ള ഏറ്റവും സ്ഥാനമുള്ളവരെന്ന് ജിബ്‌രീല്‍(അ)ഉം പറയുന്ന സംഭാഷണം പ്രതിപാദിച്ചാണ് മാല തുടങ്ങുന്നത്. ശേഷം ഇവരുടെ മഹത്വവും അവരെ പറയുന്ന ഈ മാലയുടെ പോരിശയും വിശദീകരിക്കുന്നു.
ബദ്‌രീങ്ങളെ മുന്‍നിറുത്തിയുള്ള തേട്ടത്തിന് മുമ്പായി രണ്ട് ഭാഗങ്ങളിലാണ് മാലയുള്ളത്. ഒന്നാം ഭാഗത്തില്‍ 52 വരികളാണുള്ളത്. മുകളില്‍ സൂചിപ്പിച്ചതാണതിന്റെ മുഖ്യ ഭാഗം. രണ്ടാം ഭാഗം 313 ബദ്‌രീങ്ങളുടെ നാമങ്ങളുള്‍ക്കൊള്ളുന്ന വരികളാണ്. വളരെ ആകര്‍ഷണീയമായി അവതരണം നടത്തിയിട്ടുണ്ട്.
മമ്പാട് സ്വദേശി കാഞ്ഞിരാല കുഞ്ഞിരായിന്‍ ആണ് ബദര്‍ മാലയുടെ രചയിതാവ്. നിമിഷകവിയായിരുന്ന ഇദ്ധേഹം ഇതിനു പുറമെ ഫാത്തിമ മാല, മഹാരത്‌ന മാല, ആയിശത്ത് മാല, സയ്യിദുല്‍ ഫുആദ് മാല എന്നീ മാലകളും രചിച്ചിട്ടുണ്ട്.
മഞ്ഞക്കുളം മാല
കേരളത്തില്‍ സമൂലം പ്രചരിച്ച മാലകളിലൊന്നാണ് മഞ്ഞക്കുളം മാല. സയ്യിദ് ഖാജാ ഹുസൈന്‍ എന്ന യോദ്ധാവിന്റെ ചരിത്രമാണിതില്‍ പ്രതിപാദിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ കാലത്ത് ജീവിച്ച ഒരു വലിയ്യാണ് അദ്ദേഹം. മക്കയിലാണ് മഹാന്‍ ജനിച്ചതെന്ന് മാലയില്‍ പറയുന്നുണ്ട്. സ്വപ്‌നത്തിലൂടെ കേരളത്തിലെത്താന്‍ അല്ലാഹുവില്‍ നിന്ന് നിര്‍ദേശം ലഭിച്ചത് പ്രകാരമാണ് കേരളത്തിലെത്തുന്നത്. ടിപ്പു സുല്‍ത്താനോടെതിര്‍ത്തവരോട് ഏറ്റുമുട്ടിയാണ് എ.ഡി 1850ല്‍ ശഹീദാവുന്നത്. പാലക്കാട് പട്ടണത്തിന്റെ മധ്യത്തില്‍ മഞ്ഞക്കുളം എന്ന ദേശത്താണ് മറമാടിയിട്ടുള്ളത്. വിഷം തീണ്ടിയവര്‍ക്കുള്ള ചികിത്സക്ക് ഈ മാല നേര്‍ച്ചയാക്കല്‍ പൊതു ജനങ്ങള്‍ക്കിടയില്‍ പതിവായിരുന്നു.
അയ്യൂബ് നബിയുടെ റഹ്മത്ത് മാല
ഏറെ സരളമായ ഭാഷയില്‍ വളരെ രസകരമായി എഴുതപ്പെട്ട ഒരു മാലയാണിത്. മാലയില്‍ ഒരുമ്മ തന്റെ മകനോട് വിവാഹം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉപ്പയും ആറു മക്കളില്‍ അഞ്ചു പേരും മരണപ്പെട്ട് ഇവര്‍ രണ്ട് പേരും മാത്രമാണ് കുടുംബത്തിലുള്ളത്. പക്ഷെ മകന്‍ സ്ത്രീകള്‍ വഞ്ചകികളാണെന്ന് പറഞ്ഞ് പിന്മാറുന്നു. തെളിവായി ഈസാ നബിയുടെ കാലത്ത് ഒരു സ്ത്രീയെ ഹയാത്താക്കി ശേഷം ഭര്‍ത്താവിനെ വഞ്ചിച്ച് ചാടിപ്പോയ കഥ പറയുന്നു. അതിന് മറുപടിയായി ഉമ്മ മകനോട് അയ്യൂബ് നബിയും റഹ്മത്ത് ബീവിയും തമ്മിലുള്ള സുന്ദരമായ ജീവിതത്തിന്റെ കഥ വിവരിക്കുന്നു. അങ്ങനെ ഉമ്മ പറഞ്ഞതനുസരിച്ച് മകന്‍ വിവാഹത്തിന് തയ്യാറാകുന്നു. ഇങ്ങനെയാണ് മാലയുടെ വിവരണം. ആദ്യം മുതല്‍ അവസാനം വരെ അറിയാതെ വായിച്ച് പോകുന്ന രചന. തിരൂരങ്ങാടി ചാലിലകത്ത് ഇബ്‌റാഹീം കുട്ടി മാസ്റ്ററാണ് മാലയുടെ രചയിതാവ്.
വലിയ നസ്വീഹത്ത് മാല
മാനക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങള്‍ കൂട്ടായിയാണ് ഈ മാലയുടെ രചയിതാവ്. ഓരോ മുസ്‌ലിമും അറിയല്‍ അത്യാവശ്യമായ മരണം, ഖബ്ര്‍, മഹ്ശറ, സ്വിറാത്ത്, നരകം എന്നിവയിലുള്ള ശിക്ഷ കൊണ്ടും സ്വര്‍ഗ്ഗം, തൃക്കല്യാണം, ലിഖാഅ്(അല്ലാഹുവിനെ കാണല്‍) തുടങ്ങിയ അനുഗ്രഹങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ മാല.
ത്വാഹിറാത്ത് മാല
മുഹമ്മദ് നബി(സ)യുടെ പത്‌നിമാരുമായി ബന്ധപ്പെട്ട് ഖാളിയാരകത്ത് കുഞ്ഞാവ എന്ന പൊന്നാനിക്കാരന്‍ രചിച്ച മാലയാണ് ത്വാഹിറാത്ത് മാല. എ.ഡി 1810ലാണ് ഇദ്ദേഹം ജനിച്ചത്. 1883ല്‍ മഹാന്‍ വഫാത്തായി. അന്ത്യപ്രവാചകന്റെ പിറവി, ഖദീജ(റ)വുമായുള്ള വിവാഹം, ബീവിയുടെ വഫാത്തിന് ശേഷം നബി തങ്ങള്‍ക്കേറ്റ വിഷമം, ആഇഷാ ബിവിയുമായുള്ള വിവാഹം, ബീവിയെ കുറിച്ചുള്ള പരാതി, ഹഫ്‌സ ബീവിയെ ത്വലാഖ് ചൊല്ലിയത്, മടക്കിയെടുത്തത്, ഭാര്യമാര്‍ക്കിടയില്‍ നടന്ന അസ്വാരസ്യങ്ങള്‍, അടിമ മാരിയതുല്‍ ഖിബ്തിയ്യ തുടങ്ങിയവയാണിതിലെ ചര്‍ച്ച. ഉമ്മഹാത്ത് മാല, മദിരപ്പൂമാല, ശൈഖ് നൂറുദ്ദീന്‍മാല, ജമലുല്ലൈലി മാല എന്നിവയും ഗ്രന്ഥകാരനെഴുതിയ മാലകളാണ്.
ഖദീജ ബീവി വഫാത്ത് മാല
ആദരവായ നബി തങ്ങളുടെ ആദ്യ വീടര്‍ ഖദീജ ബീവിക്ക് രോഗം പിടിപെട്ടതും തത്സമയം ഫാത്വിമ(റ)നെ കെട്ടിച്ചു കാണാത്തതിലുള്ള വ്യസനം പറഞ്ഞതും അസ്മാ ബീവിയും മറ്റും സമാധാനിപ്പിച്ചതും, മരണസമയം വസ്വിയ്യത്ത് ചെയ്തതും ഖബറടക്കം നടത്തിയതുമായ സംഭവങ്ങളാണീ മാലയില്‍ ആവിഷ്‌കിരക്കപ്പെടുന്നത്. കെ.ടി ആസിയയാണ് മാലയുടെ രചയിതാവ്.
ചന്ദിരസുന്ദരി മാല
പി.കെ ഹലീമ എന്ന മഹതി രചിച്ച വളരെ രസകരമായ ഒരു മാലയാണിത്. ആഇഷ ബീവിയെ നബിതങ്ങള്‍ വിവാഹം കഴിച്ച സംഭവങ്ങളാണ് പ്രധാന ഉള്ളടക്കം. കൂടാതെ ഖദീജാ ബീവിയെ മുന്‍നിറുത്തി മകള്‍ ഫാത്വിമ ബീവിയും ആഇശാ ബീവിയും സംഭാഷണം നടത്തിയതും അതിന് പ്രവാചകര്‍ നല്‍കിയ മറുപടിയുമെല്ലാം അടങ്ങുന്ന വാദപ്രതിവാദം ഇതില്‍ വിവരിക്കുന്നുണ്ട്. ഗ്രന്ഥകാരിക്ക് ഈ കൃതിക്ക് പുറമെ രാജസുന്ദരി മാല, രാജമംഗലം, ബദ്‌റുല്‍മുനീര്‍ ഒപ്പനതുടങ്ങിയ രചനകളുമുണ്ട്. 1909ല്‍ ആണ് കവിയത്രി ജനിച്ചത്. 1959ല്‍ നിര്യാതരാവുകയും ചെയ്തു.
തിരുതരുള്‍ മാല
ആറ് മദ്ഹുകളെ പ്രത്യേകമായി ഒരുമിച്ച് കൂട്ടിയ മാലയാണിത്. നബി(സ്വ) തങ്ങളെ കുറിച്ചുള്ള രണ്ട് മദ്ഹും, ബദ്ര്‍ പോരാളികളെ കുറിച്ചുള്ള ഒരു മദ്ഹും, ഹുസൈന്‍ (റ)ന്റെ കര്‍ബലാ യുദ്ധത്തെക്കുറിച്ചുള്ള ഒരു പാട്ടും, ഇബ്‌റാഹീം നബിയെക്കുറിച്ചുള്ള ഒരു മദ്ഹും, ഹൂറുല്ലീങ്ങളെ കുറിച്ച് ഒരു മദ്ഹും ഉള്‍ക്കൊള്ളുന്നതാണിത്. ഗ്രന്ഥകാരനെ അറിവായിട്ടില്ല.
സൂര്യകുമാരി മാല
പണ്ട് കാലങ്ങളില്‍ കേരളക്കരയിലെ കല്യാണസദസ്സുകളില്‍ ആനന്ദത്തിനും സന്തോഷത്തിനും വേണ്ടി പാട്ടുകള്‍ അവതരിപ്പിക്കല്‍ പതിവായിരുന്നു. ഇത്തരത്തില്‍ പാടുവാനായി എ.കെ കുഞ്ഞിമുഹമ്മദ് രചിച്ച താണ് സൂര്യകുമാരി മാല. വളരെ ഇമ്പമുള്ള ശൈലിയിലും ഈണത്തിലും ലളിതഭാഷയിലുമാണ് ഈ കല്യാണപ്പാട്ടുകള്‍ രചിച്ചിട്ടുള്ളത്.
ബാഹസന്‍ മാല
ഖാദിരിയ്യ, നഖ്ഷബന്ദിയ്യ, സുഹ്‌റവര്‍ദിയ്യ തുടങ്ങിയ ത്വരീഖത്തുകള്‍ക്കുടമയും പണ്ഡിതനും നിരവധി കറാമത്തുകള്‍ക്കുടമയുമായ സയ്യിദ് ബാഹസന്‍ ജമലുല്ലൈലിയുടെ പേരില്‍ രചിക്കപ്പെട്ട മാലയയാണ് ബാഹസന്‍ മാല. ഹിജ്‌റ 1180ല്‍ ഇന്തോനേഷ്യയിലെ അച്ചി എന്ന ദേശത്ത് നിന്നാണ് മഹാന്‍ കേരളക്കരയിലേക്ക് വരുന്നത്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ കാലക്കാരനായ മഹാന്‍ 50 വര്‍ഷത്തോളം ജനസേവനത്തില്‍ കഴിച്ച് കൂട്ടി.
എ,കെ മുഹമ്മദലി ‘മമ്മാലിയന്‍’ എന്ന വിശ്രുത എഴുത്തുകാരനാണ് ഈ മാല രചിച്ചത്. നബി തങ്ങള്‍ മുതല്‍ ബാഹസന്‍ ജമലുല്ലൈലി വരെയുള്ള 30 തലമുറകളെ വിവരിക്കുന്ന വരികളാണ് മാലയിലുള്ളത്. ജമലുല്ലൈലി തങ്ങളെ വിവരിച്ച് കൊണ്ടാണ് മാല തുടങ്ങുന്നത്. പല അസുഖങ്ങള്‍ക്കും പ്രതിവിധിയായി ഈ മാല ചൊല്ലിപ്പോരുന്നു.
വാജിബാത്ത് മാല
ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ദീനിയ്യായ വിധിവിലക്കുകളെ പ്രതിപാദിക്കുന്ന മാലപ്പാട്ടാണ് വാജിബാത്ത് മാല. പരിഗണനീയമായ കിതാബുകളില്‍ നിന്നെടുത്തതാണ് ഇതിലെ വിധികള്‍. പ്രസിദ്ധ പണ്ഡിതനും അനേക കാലം ദര്‍സ് നടത്തി ദീനീ പ്രഭയില്‍ ജീവിതം നയിക്കുകയും ചെയ്ത ആന്ത്രോത്ത് ദ്വീപുകാരനായ എ.കെ മുത്തുക്കോയ തങ്ങളാണ് രചയിതാവ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്ന ചിന്തയില്‍ ലളിത ഭാഷയിലാണ് ഇത് അവതരിപ്പിച്ചത്.
തൗഹീദ് മാല
എം.കെ മുത്തുക്കോയ തങ്ങള്‍ തന്നെ ശരീഅത്തിന്റെ കല്‍പനകളും വിരോധനകളും നല്ല പോലെ ഗ്രഹിച്ച് ശരീഅത്തിന്റെ നിലനില്‍പ്പ് എന്നെന്നേക്കുമായി നിലനിറുത്തുന്ന ഖാദിമീങ്ങള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ മാലയാണ് തൗഹീദ് മാല. സൂഫിസത്തിന്റെ നിയമങ്ങളെ അറിഞ്ഞ് പഠിച്ചവര്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങളെ നിറവേറ്റുവാന്‍ വളരെ ഉപകാരപ്രദമാകുന്ന മാലപ്പാട്ടാണ് ഖുലാസത്തുത്തൗഹീദ് എന്ന തൗഹീദ് മാല. ഇതില്‍ അടങ്ങിയ വിവരങ്ങള്‍ ഗ്രഹിക്കാന്‍ സാധാരണക്കാരന് ഒരു പണ്ഡിതന്‍ അനിവാര്യമാണ്.
മമ്പുറം മാല
സയ്യിദ് അലവി മൗലദ്ദവീല എന്ന മമ്പുറം തങ്ങളെ കുറിച്ച് രചിക്കപ്പെട്ടതാണ് മമ്പുറം മാല. ഹിജ്‌റ 1166ല്‍ യമനിലെ ഹളര്‍മൗത്തിലെ തരീമിലാണ് മഹാന്റെ ജനനം. ശേഷം 17ാം വയസ്സില്‍ കോഴിക്കോട്ടെ ശൈഖ് ജിഫ്രിയുടെ അഭ്യാര്‍ത്ഥന പ്രകാരം കപ്പല്‍ മാര്‍ഗ്ഗം കേരളത്തിലെത്തി. പിന്നീട് മമ്പുറത്തേക്ക് താമസം മാറ്റുകയും അവിടെ ചെറിയ പള്ളി കേന്ദ്രമാക്കി ഇസ്‌ലാമിക സാമൂഹിക രാഷ്ട്രീയ നവോത്ഥാനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ആത്മീയ ലോകത്തെ വെള്ളി നക്ഷത്രമായ മമ്പുറം തങ്ങള്‍ എണ്ണമറ്റ കറാമത്തുകള്‍ പ്രകടിപ്പിച്ചതിന് പുറമെ, കൊളോണിയല്‍ അധിനിവേഷങ്ങള്‍ക്കെതിരെ പൊതുജനത്തിന് അവബോധം നല്‍കാനും സമൂഹത്തില്‍ വേരുറച്ചിരുന്ന വര്‍ഗ്ഗ മേല്‍ക്കോയ്മകളെ തച്ചുടക്കാനും നേതൃത്വം നല്‍കി. അത് മുഖേന ആയിരങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു.
മഹാന്റെ കുടുംബവും കേരളത്തിലേക്ക് വന്നതിനെ കുറിച്ചും പിന്നീട് മഹാനില്‍ നിന്ന് വെളിപ്പെട്ട അനവധി കറാമത്തുകളുമാണ് മാലയില്‍ വിശദീകിരക്കുന്നത്. മുഹമ്മദ് ഹാജിയാണ് ഈ മാലയുടെ രചയിതാവ്. ഹിജ്‌റ 1294ലാണ് മാല രചിക്കപ്പെടുന്നത്. 164 വരികളാണ് മാലയിലുള്ളത്.
മുര്‍സല്‍ മാല
മുര്‍സലുകളുടെ നാമങ്ങള്‍ വിവരിക്കുന്ന, അവരുടെ മഹത്വം പറയുന്ന ഒരു മാലയാണിത്. ആദ്യം നാമേവരും കേട്ട് പരിചയിച്ച ഖുര്‍ആനില്‍ പേര് പറഞ്ഞ 25 പ്രവാചകന്മാരുടെ പേരും, തുടര്‍ന്ന് കൂടുതലാരും കേട്ടിട്ടില്ലാത്ത 313 മുര്‍സലുകളില്‍ ബാക്കിയുള്ളവരുടെ പേരും വിവരിക്കുന്നു. വി. അഹ്മദ് മൗലവിയാണ് രചന നിര്‍വ്വഹിച്ചത്.
മഹ്മൂദ് മാല
മുഹമ്മദ് നബി (സ്വ) തങ്ങളെ കേന്ദ്രീകരിച്ച് രചിച്ച മാലയാണിത്. ഹിജ്റ 1248 ല്‍ (കൊല്ല വർഷം 1047) ഉസ്മാന്‍ എന്നവരാണീ മാല രചിക്കുന്നത്. 156 വരികളുണ്ടിതില്‍. ലോകത്തെ അത്യുത്തമ വ്യക്തിത്വമായ പ്രവാചകന്റെ ഒളിവിനെ ആദ്യമെ പടക്കപ്പെട്ടിട്ടുണ്ടന്നും, തുടര്‍ന്ന് മുഅജിസത്തുകളും മഹത്വങ്ങളും വിവരിക്കുന്നു. ഹബീബിനെ മനോഹരമായി അവതരിപ്പിച്ച് അവസാനം ആഖിറത്തിലെ കടമ്പകളില്‍ ഹബീബിന്റെ ശഫാഅത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്‍ നിറുത്തി തേടുന്നു.
ഖുദ്‌റത്ത് മാല
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത കടലോര ദേശമായ മുനമ്പത്ത് മറവിട്ട് കിടക്കുന്ന ബീവിയെ കുറിച്ചുള്ള കീര്‍ത്തന മാലയാണിത്. മാലയില്‍ പറയുന്നത് പ്രകാരം, ഹിജ്‌റ 1403 ദുല്‍ഹിജ്ജ 8ന് തിരമാലകള്‍ക്കിടയില്‍ നിന്ന് ജീവനില്ലാത്ത അവസ്ഥയിലാണ് മഹതിയെ ലഭിക്കുന്നത്. പേരോ ഊരോ ആര്‍ക്കും അറിയില്ല. കരക്കടിഞ്ഞ് 21 ദിനം ഭാവമാറ്റപ്പകര്‍ച്ചയില്ലാതെ കിടന്നുവെന്നും, കുറുക്കനും, നായയും, പാമ്പും കിളികളും,കാവല്‍ നിന്നെന്നും മാലയില്‍ പറയുന്നു. മുഹമ്മദ് മറ്റത്ത് ആണ് ഖുദ്‌റത്ത് മാല രചിച്ചത്.
ലോകനീതി മാല
ചെറിയവനും വലിയവനും പെരുമാറുന്ന ലോകത്തെ നീതി നിഷേധങ്ങളെ ഈര്‍ഷ്യതയോടെ രേഖപ്പെടുത്തുന്ന മാലയാണിത്. നാട്ടാചാരങ്ങളും സാമൂഹിക പ്രശ്‌നങ്ങളും അവതരിപ്പിക്കുന്നതിനും ഉപയോകിച്ചിരുന്നു. കവിയുടെ കാഴ്ചപ്പാടിലുള്ള ചില മോശത്തരങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണിതില്‍. താന്തര്‍ എം ബാവക്കുട്ടി മൗലവിയാണ് ഈ മാലയുടെ രചയിതാവ്.
ബുഖാരി മാല
കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖദിര്‍ ഇച്ച മസ്താന്‍ രചിച്ച ദാര്‍ശനിക ദ്വനിയുള്ള ഒരു മാലപ്പാട്ടാണിത്. ഏറെ നിഗൂഢാര്‍ത്ഥകമാണ് പൊതുവില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍. ഒരു പിച്ചള കച്ചവടക്കാരനും ദനികനുമായ ഇദ്ധേഹം ഇലാഹീ ലഹരിയില്‍ ഉന്മാദം പൂണ്ട് മസ്താനായി മാറി. ഇങ്ങനെ ജനങ്ങള്‍ ഇദ്ധേഹത്തെ ഇച്ച എന്ന് വിളിച്ചു. ഈ മാല കൂടാതെയും നിരവധി രചനകള്‍ ഇദ്ധേഹത്തിനുണ്ട്. അവയും ഇതിനെ പോലെ തന്നെ ഏറെ നിഗൂഢാര്‍ത്ഥപരമാണ്.
ബുഖാരീ മാല ഏറെ വിചിത്രപരമാണ്. നാലുവരി നാലുവരി ആയിട്ടാണ് മാലയുടെ ഘടന. ഓരൊ നാലു വരിയിലെ ഓരോ വരികളും അലിഫ് മുതല്‍ യാ വരെയുള്ള അറബി അക്ഷരങ്ങളാലാണ് തുടക്കം കുറിക്കുന്നത്.
കണ്ണൂരില്‍ മറവിട്ട് കിടക്കുന്ന സയ്യിദ് മൗലല്‍ ബുഖാരി തങ്ങളെ കുറിച്ചാണീ മാലയില്‍ പറയുന്നത്. ലോകപ്രശസ്ത ഖുത്ബും, മതപ്രബോധകനുമായ ഇദ്ധേഹം കവരത്തി ദ്വീപില്‍ ഹിജ്‌റ 1144ലാണ് ജനിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ കണ്ണൂരിലെ വളപട്ടണത്തിലേക്ക് വന്നു. ഹിജ്‌റ 1207 ശവ്വാല്‍ 3ന് 63 ാം വയസ്സിലാണ് വഫാത്താകുന്നത്. കണ്ണൂര്‍ അറക്കല്‍ കോട്ടക്ക് സമീപം സിറ്റി ജുമുഅ പള്ളിക്ക് സമീപമാണ് ഖബര്‍.
കൊന്നാര് മാല
മലപ്പുറം ജില്ലയിലെ വാഴക്കാടിന് സമീപമുള്ള ഒരു പ്രദേശമാണ് കൊന്നാര്. കേരളത്തിലെ പ്രഥമ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണത്തിന്റെ അഞ്ചാമത്തെ പുത്രനായ സയ്യിദ് മുഹമ്മദ് ബുഖാരിയും അവിടത്തെ മൂന്ന് മക്കളുമാണ് കൊന്നാര് തങ്ങന്മാര്‍ എന്ന പേരില്‍ പ്രസിദ്ധമായത്. ഇതില്‍ ഇളയ മകന്‍ അഹമദ് ബുഖാരിയുടെ കറാമത്തുകള്‍ വിശദീകരിക്കുന്ന മാലയാണ് കൊന്നാര് മാല. കൊഞ്ഞുളള ഉപ്പാപ്പ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം നിരവധി കറാമത്തുകളാല്‍ വിശ്രുതനാണ്. ഹിജ്‌റ 1283 റബീഉല്‍ അവ്വല്‍ 27 നാണ് മഹാന്‍ വഫാത്തായത്. കെ.കെ അബ്ദുശകൂര്‍ അഹ്‌സനി കൊളത്തൂര്‍ ആണ് മാലയുടെ രചയിതാവ്.
കിളത്തി മാല
മോയീന്‍കുട്ടി വൈദ്യരുടെ മറ്റൊരു മാലയാണ് കിളത്തി മാല. കല്ല്യാണപ്പാട്ട് വിഭാഗത്തില്‍ പെടുന്ന മാലയാണിത്. കിഴവിയുടെ വേഷത്തില്‍ വന്ന ജിബ്‌രീല്‍(അ) ചുമട് തലയിലേറ്റി കൊടുക്കാന്‍ ആവശ്യപ്പെടുന്നതും, ഇത്‌കേട്ട് സന്നദ്ധനായ സ്വഹാബി പ്രമുഖന്‍ പരാജയപ്പെട്ട് പിന്‍വാങ്ങുന്നതും, അവസാനം നബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍(റ) ഒറ്റക്കൈ കൊണ്ട് നിഷ്പ്രയാസം തലയില്‍ വെച്ച് കൊടുക്കുന്നതുമാണിതിന്റെ പ്രതിപാദ്യം.
യാഹൂ മാല
യാഹൂ തങ്ങള്‍ എന്നറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ എന്നവരെ കുറിച്ച് കുഞ്ഞിമൊയ്തീന്‍ കുട്ടി എഴുതിയ മാലയാണിത്. മമ്പുറം തങ്ങളുടെ കാലക്കാരനും, തങ്ങളോട് അടുത്തിടപഴകിയ മുരീദുമായിരുന്നു മഹാന്‍. ഇലാഹിനെ പേടിച്ച് ജീവിച്ച പരിത്യാഗിയും, മജ്ദൂബായ ഒരു വലിയ്യുമായിരുന്നു. തിരൂര്‍ പുതിയങ്ങാടിയിലാണ് ജനനം. 58 ാം വയസ്സില്‍ ഹിജ്‌റ 1266 സഫര്‍ 22 ന് വഫാത്തായി. തിരൂര്‍ പുതിയങ്ങാടി പള്ളിക്ക് സമീപമാണ് ഖബര്‍. മഹാന്റെ കറാമത്തുകളാണ് മുഖ്യമായും മാലയില്‍ വിവരരിക്കുന്നത്.
ശാദുലി മാല
ലോകതലത്തില്‍ പ്രശസ്തമായ ത്വരീഖത്തുകളിലൊന്നാണ് ശാദുലി ത്വരീഖത്ത്. പ്രസ്തുത ത്വരീഖത്തിന്റെ പ്രചരണാര്‍ത്ഥവും, ശാദുലി ഇമാമിന്റെ വിശേഷണങ്ങള്‍ അയവിറക്കുന്നതിനുമാണ് ശാദുലീ മാല രചിക്കപ്പെട്ടിട്ടുള്ളത്. മാലയില്‍ കറാമത്തിനെ കൂടാതെ, ത്വരീഖത്തിനെ കുറിച്ച് തന്നെ പ്രത്യേക പരാമര്‍ശം കാണുന്നുണ്ട്. ഹിജ്‌റ 656 ല്‍ വഫാത്തായ ഈജിപ്തില്‍ ജീവിച്ച മഹാനായ കുത്വുബാണ് ഇമാം അബുല്‍ ഹസ്സന്‍ ശാദുലി(റ). ഇന്നും കേരളത്തില്‍ ശാദുലി റാത്തീബുകളും, മുഹിബ്ബുകളും സജീവമാണ്. ഖാസി അബൂബക്കര്‍ കുഞ്ഞിയാണ് മാലയുടെ രചയിതാവ്.
സ്വിദ്ദീഖ് മാല
ഇസ്‌ലാമിലെ രണ്ടാം ഖലീഫ അബൂബക്കര്‍ സ്വിദ്ദീഖ്(റ) വിനെ കുറിച്ചുള്ള മാലയാണിത്. സ്വിദ്ദീഖ് (റ) ന്റെ പോരിഷകളും നബി(സ്വ)തങ്ങള്‍ക്ക് ചെയ്ത് കൊടുത്ത സേവനങ്ങളുമാണ് മാലയിലെ പ്രതിപാദ്യ വിഷയം. ഹിജ്‌റ 1371ല്‍ ശവ്വാല്‍ മാസത്തിലാണ് മാല പൂര്‍ത്തിയാവുന്നത്. ഉബെദുല്ലാഹ് ഫയ്യല്‍ ആണ് രചയിതാവ്.
മറ്റു ചില മാലകളും ഗ്രന്ഥകര്‍ത്താക്കളും
> ഖാളിയാരകത്ത് കുഞ്ഞാവ സാഹിബ് – ഉമ്മഹാത്ത് മാല, ജമലുല്ലൈലി മാല, ശൈഖ് നൂറുദ്ദീന്‍ മാല, മദിരപ്പൂമാല, സുഖസുന്ദരിമാല
> പുലിക്കോട്ടില്‍ ഹൈദര്‍ – പരിഷ്‌ക്കാര മാല
> കോടമ്പിയകത്ത് കുഞ്ഞി സീതിക്കോയ തങ്ങള്‍ – വലിയ ഹംസത്ത് മാല, ചെറിയ ഹംസത്ത് മാല
> വടക്കിനിയേകത്ത് അഹ്മദ് കുട്ടി മുല്ല – മദ്ഹ് മാല, ജുമുഅ മാല, ഈമാന്‍ മാല, കഞ്ചക സുന്ദരിമാല
> പാക്കിന്റകത്ത് കുഞ്ഞാവ – മുഖന്നിസ് മാല
> വാഴപ്പള്ളി മുഹമ്മദ് – കിരികിടമാല, അത്ഭുത മാല
> നല്ലളം ബീരാന്‍ – കോട്ടപ്പളി മാല, ഫാത്തിമ മാല
> പുന്നയൂര്‍ക്കുളം വി. ബാപ്പു – മുത്ത് മാല
> വല്ലാഞ്ചിറ മൊയ്തീന്‍ ഹാജി – ജുമുഅ മാല
> കെ.സി മുഹമ്മദ് കുട്ടി മുല്ല – രസംകൃതമാല
> കെ.ടി മുഹമ്മദ് – അത്ഭുത രത്‌നമാല
> വി.മുഹമ്മദ് – അയ്യൂബ് നബി മാല
> കാരക്കല്‍ മമ്മദ് തലശ്ശേരി – മൗജൂദ് മാല
> ഓലിയത്ത് ചൊക്രാന്‍ – മിന്നൂരി മാല
> കാടയ്ക്കല്‍ മൊയ്തീന്‍ കുട്ടി ഹാജി-സൈനബ് മാല.
> തുമ്പത്ത് മരക്കാര്‍ കുട്ടി- ഹുസൈന്‍ മാല
> ബിരിഞ്ഞി അഹ്മ്മദ്- നത്വഹര്‍വലി മാല,
മുര്‍സല്‍ മാല, ദുന്നൂറൈന്‍ മാല, ഹൈദര്‍ മാല, ശാഹുല്‍ ഹമീദ് മാല, പെരുമ്പടപ്പ് മാല, സാരശിരോമണി മാല, ഹുനൈന്‍ മാല, സ്വിദ്ദീഖുല്‍ അക്ബര്‍ മാല, വസ്വീലത്ത് മാല, മുറാദ് ഹാസില്‍ മാല പൊന്നാനികില്‍ കൊട്ടയാരത്ത് മാല