റബീഉല്‍ അവ്വല്‍ വിശ്വാസികളുടെ മനതലങ്ങളിലെ ജീര്‍ണ്ണതകളെ വിമലീകരിച്ച് കടന്ന് പോയി. ഓരോ വിശ്വാസിയുടെയും ഈമാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചും ബന്ധപ്പെട്ടും കിടക്കുന്ന മുത്ത്‌നബിയുടെ ദീപ്തസ്മരണകള്‍ വിശ്വാസികളിലെ മാനുഷികപരമായ ഒട്ടനവധി രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. ബദ്ധവൈരികള്‍ എത്ര ശ്രമിച്ചിട്ടും വിശ്വാസികളെ ആത്മീയമായി ചികിത്സിക്കുന്ന മൗലിദാലാപനങ്ങള്‍ക്ക് യാതൊരു ലോപനവുമുണ്ടായില്ല.
റബീഉല്‍ അവ്വലിന്റെ പൊന്നമ്പിളി സലാം പറഞ്ഞു പോയ ഉടന്‍ മറ്റൊരു റബീഅ് നമ്മിലേക്ക് കടന്നു വന്നിരിക്കുകയാണ്. പ്രവാചകന്‍മാരുടെ അനന്തരാവകാശികളെന്ന് തിരുനബി(സ) തന്നെ ഓര്‍മ്മപ്പെടുത്തിയ പണ്ഡിതന്മാരിലെ മുന്‍നിരക്കാരനും തിരുനബി കുടുംബത്തിലെ പ്രകാശവും ഔലിയാക്കളുടെ നേതാവുമായ ഖുത്വുബുല്‍ അഖ്ത്വാബ് ശൈഖ് ജീലാനി(ഖ.സി) തങ്ങളുടെ അനുഗ്രഹീത സ്മരണകളാല്‍ മുസ്‌ലിം ലോകം ഈ മാസവും ആത്മീയപരമായി അപ്‌ഡേറ്റ് ചെയ്യപ്പെടും. തൊട്ടടുത്ത മാസം രിഫാഈ ശൈഖ്(റ)ന്റെ സ്മരണകളാല്‍ വിശ്വാസിഹൃദയങ്ങള്‍ ഒന്നു കൂടെ സ്ഫുടം ചെയ്യപ്പെടും.
മുസ്‌ലിംകളെ നയിക്കുന്നത് പൂര്‍വ്വികരായ നബിമാരുടെയും സ്വഹാബിമാരുടെയും പുണ്യാത്മാക്കളുടെയും സ്മരണകളും അവരെക്കുറിച്ചുള്ള ആലോചനകളുമാണ്. അവരെ സ്മരിക്കല്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. കാരണം, മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ്. നബി(സ) പറഞ്ഞു: ”പ്രവാചകരെ സ്മരിക്കല്‍ ആരാധനയും സച്ഛരിതരായ വിശ്വാസികളെ സ്മരിക്കല്‍ ജീവിതയാത്രയില്‍ സംഭവിച്ച് പോയ അപാകതകള്‍ക്കുള്ള പ്രായശ്ചിത്തവുമാണ്”. സ്മരണ വിശ്വാസിയുടെ ഏറ്റവും നല്ല മരുന്നും ഊര്‍ജ്ജവുമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ഇത്തരം സ്മരണകള്‍ നിറഞ്ഞ ഹൃദയങ്ങള്‍ നിര്‍മ്മലമായിരിക്കും. അത്തരം ഹൃദയങ്ങളില്‍ സൗഹൃദപ്പൂക്കള്‍ വിടരും. തന്നിമിത്തം ശാന്തിയും സമാധാനവും സൗരഭ്യവും നിറഞ്ഞ ഒരു സാമൂഹിക വ്യവസ്ഥിതി രൂപപ്പെടും. ഈ രൂപപ്പെടലുകള്‍ ചിലര്‍ക്ക് ദഹിക്കില്ല. ‘മീന്‍ പിടിക്കാന്‍ വേണ്ടി വെള്ളം കലക്കാന്‍ കഴിയാതെ വരുമ്പോള്‍’ അവര്‍ക്ക് ഇത്തരം സ്മരണകളുടെ ആവിഷ്‌കാരങ്ങള്‍ അരോചകമായി തോന്നും. അത്തരം സ്മരണകളെ സജീവമാക്കുന്ന മാലമൗലിദുകളെ തള്ളിപ്പറയും. ചിന്തയുടെ വായനകള്‍ മരവിപ്പിക്കാന്‍ ശ്രമിക്കും. ചരിത്രത്തെ വെറുപ്പോടെയും ഭയത്തോടെയും കാണും. ഓര്‍മ്മയുടെ വരികള്‍ വെട്ടി മുറിക്കും. ഫാഷിസവും മുസ്‌ലിം എക്‌സ്ട്രീമിസ്റ്റുകളും രൂപപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്.
ചരിത്രസ്മരണയുള്ള ഒരു സമൂഹം സംസ്‌കാര സമ്പന്നമായിരിക്കും. പൂര്‍വ്വിക പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും ഓര്‍മ്മകളെ ഇടക്കിടെ പ്രതിപാദിക്കുകയും അവയെക്കുറിച്ച് ചിന്തിക്കാനും ഓര്‍ക്കാനും വിശ്വാസികളെ ഉണര്‍ത്തുകയും ചെയ്യുന്ന ധാരാളം സ്ഥലങ്ങള്‍ ഖുര്‍ആനില്‍ വായിക്കാം. ഇവിടെയാണ് ശൈഖ് ജീലാനി തങ്ങളുടെ അര്‍ത്ഥഗര്‍ഭമായ ജീവിതവഴികള്‍ ഓര്‍ക്കേണ്ടത്. തീര്‍ച്ചയായും ഒരു വിശ്വാസിക്ക് ജീവിതലക്ഷ്യവും അതിലേക്കുള്ള വ്യത്യസ്ത വഴികളും കാണിച്ച് തരുന്നുണ്ട് ആ ജീവിത വായന.
ഔലിയാക്കളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങളിലൂടെയും വാമൊഴികളിലൂടെയും സ്മരിക്കപ്പെട്ട വ്യക്തിത്വമാണ് ശൈഖ് ജീലാനി(റ). മുഹ്‌യിദ്ദീന്‍(ദീനിനെ സജീവമാക്കുന്നവന്‍) എന്ന പേരിന് തികച്ചും അര്‍ഹനായ മഹത് വ്യക്തിത്വമായിരുന്നു. ഈ സത്യമതത്തിന്റെ പ്രചരണത്തിനും സേവനത്തിനുമായി അല്ലാഹു ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം പ്രവാചകരെ നിയോഗിച്ചു. അവര്‍ക്ക് ശേഷം ആ ദൗത്യം അവരുടെ വൈജ്ഞാനിക സമ്പത്തിനെ അനന്തരമെടുക്കുന്ന ഉലമാഇനെ അല്ലാഹു ഏല്‍പ്പിച്ചു. ഖുര്‍ആനിലെ സൂറത്തുന്നൂറിലെ 55-ാം ആയത്തിലൂടെ അല്ലാഹു പറയുന്നു : സത്യവിശ്വാസം കൈവരിക്കുകയും സത്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്കിതാ അല്ലാഹുവിന്റെ വാഗ്ദാനം പൂര്‍വ്വികര്‍ക്കെന്ന പോലെ ഇവര്‍ക്കും ഭൂമിയില്‍ അല്ലാഹു പ്രാതിനിധ്യം നല്‍കും. അവര്‍ക്കവന്‍ സംതൃപ്തരായി അര്‍പ്പിച്ച മതകാര്യങ്ങള്‍ ഇവര്‍ക്കും സ്വാധീനമേകും. അന്ത്യനാള്‍ വരെ ദീനിന്റെ സേവകരാകുന്ന ഇവര്‍ക്ക് പ്രവാചകരുടേത് പോലുള്ള മഹത്വങ്ങള്‍ അല്ലാഹു നല്‍കും.
പിഞ്ചുകുഞ്ഞായിരിക്കെ ഫിര്‍ഔനിന്റെ കൊട്ടാരത്തിലെത്തിപ്പെട്ട മൂസാ(അ)ന് മുല കൊടുക്കാനായി ഫിര്‍ഔനിന്റെ ചിന്താധാര പിന്തുടരുന്ന ഒരുപാട് സ്ത്രീകളെ മാറിമാറി കൊണ്ട് വന്നപ്പോഴും മൂസാ(അ) മുല കുടിക്കാന്‍ തയ്യാറായില്ല. മുഹ്‌യിദ്ദീന്‍ ശൈഖ്(റ)വും മുലകുടി പ്രായത്തില്‍ റമളാന്‍ മാസമായപ്പോള്‍ പകലില്‍ മുല കുടിക്കാന്‍ തയ്യാറായില്ല. അക്കാലത്ത് ഒരു റമളാന്‍ ആദ്യദിനം റമളാന്‍ തന്നെയാണോ എന്ന് ആളുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ആ ദിവസം ശൈഖ് ജീലാനി തങ്ങള്‍ മുല കുടിച്ചില്ലായിരുന്നു. പിന്നീട് ആ ദിവസം റമളാന്‍ ഒന്ന് തന്നെയാണെന്ന് ബോധ്യപ്പെടുകയുണ്ടായി. ചെറുപ്പത്തില്‍ തന്നെ ദീനിന്റെ കാര്യങ്ങള്‍ സംരക്ഷിക്കാനും സേവിക്കാനുമുള്ള പദവിയിലേക്ക് അല്ലാഹു ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു.
വ്യക്തി ജീവിതത്തിന്റെ സംശുദ്ധതയാണ് ഏതൊരു വിജയത്തിന്റെയും അടിസ്ഥാനം. അല്ലാഹുവിന്റെ പ്രാതിനിധ്യം കളങ്കമില്ലാതെ ഭൂമിയില്‍ നിര്‍വഹിക്കാനേല്‍പ്പിക്കപ്പെട്ട വ്യക്തികളെല്ലാം വൈയക്തികമായി ജീവിതാരംഭം മുതലേ സംസ്‌കരിക്കപ്പെട്ടവരായിരിക്കും. അതിന് നിമിത്തമാകുന്ന ഓരോ സംഭവങ്ങള്‍ അല്ലാഹു അവര്‍ക്ക് അനുഭവിപ്പിക്കും. ഫുസ്സ്വിലത്ത് സൂറത്തിലെ 53-ാം ആയത്തിലൂടെ അല്ലാഹു പറയുന്നു: ഇത് സത്യമാണെന്ന് ബോധ്യപ്പെടും വിധം ചക്രവാളങ്ങളിലും അവരില്‍ തന്നെയും പിന്നീട് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം കാണിച്ച് കൊടുക്കും. ജീലാനി തങ്ങളുടെ വളരെ ചെറുപ്പ കാലത്ത് സ്‌നേഹിതന്മാരോടൊന്നിച്ച് തങ്ങള്‍ വയലിലേക്ക് പോവുകയായിരുന്നു. അപ്രതീക്ഷിതമായി ഒരു കാള, കുട്ടികളുടെ മുമ്പില്‍ പെടുകയുണ്ടായി. കുട്ടികള്‍ കാളയുടെ പിന്നാലെ ഓടി. മറ്റു കുട്ടികളില്‍ നിന്ന് കാള ബഹുദൂരം മുന്നിലെത്തിയപ്പോഴും കുട്ടിയായ മുഹ്‌യിദ്ദീന്‍ ശൈഖ്(റ) കാളയുടെ ഒപ്പം തന്നെയുണ്ടായിരുന്നു. കാള തിരിഞ്ഞ് നിന്ന് ജീലാനി തങ്ങളോട് ചോദിച്ചു: ഇതിന് വേണ്ടിയാണോ നിന്നെ പടക്കപ്പെട്ടത്? – അബ്ദുല്‍ ഖാദറേ? ആ കാളയിലൂടെ അല്ലാഹു ജീലാനി തങ്ങള്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് ചിന്തിക്കാനുള്ള മാര്‍ഗ്ഗം കാണിച്ച് കൊടുക്കുകയായിരുന്നു. ഗസ്സാലി ഇമാമിന്റെ ഹൃദയത്തില്‍ വൈജ്ഞാനിക ശേഖരങ്ങളുടെ കലവറ സൃഷ്ടിക്കാന്‍ അല്ലാഹു നിമിത്തമാക്കിയത് ഒരു കൊള്ളക്കാരന്റെ ചോദ്യമായിരുന്നല്ലോ? കാളയുടെ ചോദ്യം മനസ്സില്‍ തട്ടി. ശേഷം വീടിന്റെ മുകള്‍ഭാഗത്ത് പോയി നിന്നപ്പോള്‍ അറഫയില്‍ വിശ്വാസികള്‍ കണ്ണ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് മഹാനവര്‍കള്‍ക്ക് കാണാന്‍ കഴിഞ്ഞു. ഇവിടെ ചക്രവാളത്തിലൂടെയുള്ള ദൃഷ്ടാന്ത പ്രദര്‍ശനത്തിലൂടെ അല്ലാഹു ജീലാനി തങ്ങളെ മഹത്തുക്കളുടെ ശ്രേണിയിലേക്ക് വഴി നടത്തുകയായിരുന്നു.
സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 18-ാമത്തെ വയസ്സില്‍ ബാഗ്ദാദിലേക്ക് ഉപരിപഠനത്തിന് വേണ്ടി പോകാനുള്ള ഒരുക്കത്തിനിടക്ക് ഉമ്മ നല്‍കിയ ഉപദേശമായിരുന്നു പ്രതിസന്ധിഘട്ടങ്ങളിലും സത്യം മാത്രം പറയണമെന്നത്. വഴിയില്‍ കൊള്ള സംഘം പിടികൂടിയ നേരത്ത് തന്റെ കയ്യില്‍ എന്താണുള്ളതെന്ന കൊള്ളത്തലവന്റെ ചോദ്യത്തിന് ഉമ്മ കക്ഷത്തില്‍ തുന്നിപ്പിടിപ്പിച്ച് തന്ന ദീനാറുകളുടെ കണക്ക് കൊള്ളക്കാര്‍ക്ക് കൃത്യമായി പറഞ്ഞ് കൊടുത്തു. സ്തബ്ധനായ കൊള്ളത്തലവന്റെ ചിന്തകളുണര്‍ന്നു. സത്യം ആദര്‍ശത്തെ ശക്തിപ്പെടുത്തുന്ന സുന്ദരനിമിഷങ്ങള്‍ പുലര്‍ന്നു.
ബഗ്ദാദിലെത്തി ഉപരി പഠനം നിര്‍വഹിച്ചു. 25-ാം വയസ്സ് മുതല്‍ കഠിനമായ തീര്‍ത്ഥാടനങ്ങളായി 25 വര്‍ഷം ചുറ്റി നടന്നു. ശേഷം 40 വര്‍ഷം ദര്‍സും വഅളുമായി മുന്നോട്ട് പോയി. എണ്‍പതിനായിരത്തോളം ആളുകള്‍ ഓരോ വഅള് സദസ്സിലും പങ്കെടുത്തിരുന്നു. സദസ്സിന്റെ ഏത് വശത്തുള്ളവരും ലൗഡ് സ്പീക്കറില്ലാത്ത കാലത്തും ഒരേ ശബ്ദത്തില്‍ പ്രഭാഷണം ശ്രവിച്ചു. ഹജ്ജിന് വേണ്ടി അല്ലാഹുവിന്റെ അതിഥികളെ ഇബ്‌റാഹീം (അ) വിളിച്ചപ്പോള്‍ ലോകത്ത് ഹജ്ജ് നിര്‍വഹിക്കുന്ന സകലരെയും അല്ലാഹു കേള്‍പ്പിച്ച പോലെ ഇവിടെയും അല്ലാഹുവിന്റെ സഹായം മുഹ്‌യിദ്ദീന്‍ ശൈഖ്(റ) വിനുണ്ടായി.
ജനസേവകനാണ് ജനനായകര്‍. എന്ന ഇസ്‌ലാമിന്റെ തത്വം അപ്പാടെ ജീലാനി തങ്ങള്‍ പ്രാവര്‍ത്തികമാക്കി. അധസ്ഥിത വിഭാഗത്തിന്റെ സംരക്ഷണത്തിനായി സ്വന്തത്തെ സമര്‍പ്പിച്ചവരായിരുന്നു ജീലാനി തങ്ങള്‍. ഒരു ദിവസം ജീലാനി തങ്ങള്‍ വിഷമിച്ചിരിക്കുന്ന പരമ ദരിദ്രനായ ഒരു വ്യക്തിയെ കണ്ടു മുട്ടി. കാര്യം തിരക്കിയപ്പോള്‍ എനിക്ക് അക്കരെ പോകാനുണ്ടെന്നും തോണിക്കാരനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആവശ്യം നിരസിച്ചെന്നും ഞാന്‍ ദരിദ്രനായത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നും അയാള്‍ സങ്കടം ബോധിപ്പിച്ചു. ഈ സമയം ജീലാനി തങ്ങള്‍ക്കുള്ള 30 ദീനാറുമായി ഒരാള്‍ തങ്ങളുടെ അടുത്തേക്ക് വന്നു. അത് വാങ്ങിയ തങ്ങള്‍ അത് മുഴുവനും ആ പാവത്തിന് നല്‍കിയിട്ട് പറഞ്ഞു: തോണിക്കാരനെ സമീപിച്ച് അദ്ദേഹത്തിനാവശ്യമായ തുക നല്‍കി അക്കരെ കടക്കുക. മേലില്‍ ഒരു പാവപ്പെട്ടവനെയും മടക്കിയയക്കരുതെന്നും പറഞ്ഞേക്കുക. തുടര്‍ന്ന് തന്റെ ഖമീസ് ഊരി ആ പാവം മനുഷ്യന്റെ കരങ്ങളിലേക്ക് നല്‍കി. അയാള്‍ വാങ്ങിയതോടെ അത് അദ്ദേഹത്തിന്റേതായി മാറിയല്ലോ. ഉടന്‍ തന്നെ 20 ദിനാര്‍ നല്‍കി ജീലാനി തങ്ങള്‍ ആ ഖമീസ് തിരികെ വാങ്ങി. തത്തുല്യമായ ഒരുപാട് സേവനകഥകള്‍ അവിടുത്തെ ജീവിതത്തില്‍ നിന്ന് നമുക്ക് വായിക്കാന്‍ കഴിയും.
എല്ലാവരെയും പരിഗണിക്കുക എന്നത് ജീലാനി തങ്ങളുടെ ജീവിതനിഷ്ഠയായിരുന്നു. ജീലാനി തങ്ങള്‍ നായകനായ ഖാദിരിയ്യാ ത്വരീഖത്തില്‍ ദിനേന ചെയ്യേണ്ട ഇബാദത്തുകളും വിര്‍ദുകളും ചെയ്ത് കഴിഞ്ഞാല്‍ അന്ന് ഭൂലോകത്ത് വിട പറഞ്ഞ സര്‍വ മുസ്ലിംകള്‍ക്കും വേണ്ടി മയ്യിത്ത് നിസ്‌കരിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. എല്ലാ വിശ്വാസികളെയും പരിഗണിക്കുന്ന സുന്ദരമായ ഒരു അനുഷ്ഠാനം തന്നെയാണിത്. ഇത്രയും ധന്യമായ ജീവിതം നയിച്ച പൂര്‍വ്വികരെ സ്മരിച്ച് അവരുടെ ജീവിതവഴി പിന്തുടരുന്നതിലൂടെ വിശ്വാസിക്ക് ഇരുലോക വിജയം ലഭിക്കുന്നു. രണ്ട് ലോകത്തും സുഖമായി ജീവിക്കാനുള്ള അത്ഭുത മരുന്നാണ് മഹാത്മാക്കളുടെ അനുഗ്രഹീത ജീവിതത്തിന്റെ സ്മരണകളും അവയെ പിന്തുടരലുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.