ഏകദേശം ആറു പതിറ്റാണ്ടു മുമ്പ് പൊന്മള മഹല്ലില്‍ പഠിച്ചിരുന്ന മുതഅല്ലിമുകള്‍ക്ക് വൈകുന്നേരം ചായ വാങ്ങികൊടുക്കുമ്പോള്‍ പരി മുഹമ്മദ് ഹാജിക്ക് അവരോട് ഒരു കാര്യമേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളു ”നിങ്ങളെനിക്ക് പണ്ഡിതനായ മകനുണ്ടാവാന്‍ പ്രത്യേകം ദുആ ചെയ്യണം”. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതിരുന്ന അറുപതുകളെ നിറകണ്ണുകളോടെ വായിച്ചവരും കേട്ടവരുമാണ് നമ്മള്‍. ആ ദരിദ്ര അറുപതുകളിലും മുതഅല്ലിമുകളെ അതിരറ്റു സ്‌നേഹിച്ച മുഹമ്മദ് ഹാജിയുടെ ആവശ്യങ്ങളെ ആ മുതഅല്ലിമുകള്‍ ഇരുകയ്യും മലര്‍ത്തി നാഥനു മുമ്പിലവതരിപ്പിച്ചിരിക്കണം. കാരണം അവരുടെ പ്രാര്‍ത്ഥനയുടെയും ആ പിതാവിന്റെ ആഗ്രഹത്തിന്റെയും ഫലമെന്നോണമാണ് ഇല്‍മിന്റെ പൊന്‍മലയായി ഇന്ന് ‘പൊന്മള ഉസ്താദ്’ എന്ന് സ്‌നേഹത്തോടെ ആത്മീയ കൈരളി ചുരുക്കി വിളിക്കുന്ന ബഹുവന്ദ്യ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ആത്മീയ കൈരളിയുടെ ഹൃദയങ്ങളെ സജീവമാക്കുന്നത്. ആത്മീയ കൈരളിക്ക് ചരിത്രമെഴുതുകയാണെങ്കില്‍ ഉസ്താദിനെ പരാമര്‍ശിക്കാതെ അതു പൂര്‍ത്തിയാക്കാന്‍ സാധ്യമല്ല എന്നതു തീര്‍ച്ചയാണ്. തുളഞ്ഞു കയറുന്ന ധിഷണയും ആകര്‍ഷണീയമായ അവതരണ ശൈലിയും മഹിതമായ സ്വഭാവ മഹിമയും ഉസ്താദിനെ ഇതരില്‍ നിന്ന് വ്യതിരിക്തനാക്കുന്നു. നാലു മദ്ഹബുകളിലും അഗാതപരിജ്ഞാനമുള്ള ഉസ്താദിന്റെ ക്ലാസിലിരിക്കുമ്പോള്‍ അറിയാതെ ചിന്തിച്ചു പോകും അന്ന് ഉസ്താദിന്റെ വന്ദ്യ പിതാവ് പരി മുഹമ്മദ് ഹാജിയുടെ പ്രാര്‍ഥനക്ക് അല്ലാഹു ഇത്ര വലിയ പ്രതിഫലം നല്‍കാനുള്ള നിദാനമെന്താണെന്ന്.
1954 ഫെബ്രുവരിയിലാണ് പരി മുഹമ്മദ് ഹാജിയുടെയും ഖദീജ ഹജ്ജുമയുടെയും രണ്ടാമത്തെ മകനായിട്ട് ഉസ്താദ് പിറവിയെടുക്കുന്നത്. അഞ്ചാം ക്ലാസ് വരെ മദ്‌റസാ പഠനം നാട്ടില്‍ തന്നെയായിരുന്നു. തുടര്‍ന്ന് 6,7 ക്ലാസുകള്‍ മലപ്പുറത്തിനടുത്ത മൈലപ്പുറം ഇര്‍ഷാദുല്‍ അൗലാദ് മദ്‌റസയിലാണ് പഠിച്ചത്. അഞ്ചു കിലോമീറ്റര്‍ നടന്നിട്ടായിരുന്നുവത്ര അന്ന്മദ്‌റസയിലേക്ക് പോയിരന്നത്. നാട്ടില്‍ നിന്ന് അഞ്ചാം ക്ലാസ് മദ്‌റസാ പഠനത്തിനു ശേഷം ഒരു വര്‍ഷം പൊന്മള ജുമുഅത്ത് പള്ളിയില്‍ മര്‍ഹും മറ്റത്തൂര്‍ അബ്ദു റഹ്മാന്‍ മുസ്‌ലിയരുടെ അടുത്ത് ദര്‍സില്‍ പഠിച്ചു. ശേഷമാണ് 6,7 ക്ലാസുകളിലേക്ക് മദ്‌റസ പഠനത്തിനു പോയത്. വൈലത്തൂര്‍ മദ്‌റസാ പഠനത്തോടൊപ്പം തന്നെ കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാരില്‍ നിന്ന് ദര്‍സുപഠനം ആരംഭിച്ചു. മദ്‌റസയിലെ ഉസ്താദായ കൊടിഞ്ഞി ഹുസൈന്‍ കോയ തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് 1969ല്‍ കോട്ടൂര്‍ ഉസ്താദിന്റെ ദര്‍സിലേക്കെത്തുന്നത്. കോട്ടൂരുസ്താദിന്റെ ദര്‍സിലേക്കുള്ള ഉസ്താദിന്റെ പറിച്ചു നടല്‍ ആത്മീയ കൈരളിയൂടെ പുതിയ ചരിത്രത്തിനു തുടക്കമാവുകയായിരുന്നുവെന്നു പറയാം. കേരളത്തിനികത്തും പുറത്തുമായി ഉസ്താദ് തന്റെ അറിവന്വേഷണവുമായി സഞ്ചരിച്ചു. പിന്നീട് പാകമായ ഒരു പഴത്തെ പോലെ ഉസ്താദ് പൂത്തുലഞ്ഞു. ഇന്ന് ആ ഫലത്തെ ആവോളം ആസ്വദിക്കുകയാണ് ആത്മീയ കൈരളിയും വിശ്വാസി ലോകവും.
വര്‍ഷം തോറും മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ നല്‍കിവരുന്ന അവാര്‍ഡാണ് സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ്. ഇപ്രാവശ്യത്തെ സയ്യിദ് അഹ്മദുല്‍ ബുഖാരി അവര്‍ഡ് പൊന്മള ഉസ്താദിനാണ്. അറബി ഭാഷക്കു നല്‍കിയ സംഭാവനകളെ വിലയിരുത്തി നല്‍കപ്പെടുന്ന ഏറ്റവും വലുതും പ്രശസ്തവുമായ അവാര്‍ഡ്. മഅ്ദിന്‍ സ്വലാത്ത് നഗറില്‍വെച്ച് ഉസ്താദിന് ഈ അവാര്‍ഡ് സമ്മാനിക്കുമ്പോള്‍ മഅ്ദിന്‍ മുത്വവല്‍ വിദ്യാര്‍ത്ഥികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. കാരണം ആ അറിവിന്റെ മഹാസാഗരത്തെ അടുത്തറിഞ്ഞവരും ആവോളം ആ മധുനുകരാന്‍ അല്ലാഹു ഭാഗ്യം ചെയ്തവരുമാണ് ഞങ്ങള്‍, അല്‍ഹംദുലില്ലാഹ്.
മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ വെച്ചു നടക്കാറുള്ള പൊന്മള ഉസ്താദിന്റെ സബ്ക്കില്‍ പങ്കെടുത്തിട്ടുണ്ടോ നിങ്ങള്‍? ഇല്ലെങ്കിലൊന്നു കൂടണം. സബ്ഖ് മിന്‍ഹാജാണെങ്കിലും ചര്‍ച്ച പലഗ്രന്ഥങ്ങളിലൂടെയും കടന്നു പോകും. പ്രത്യേകിച്ചു ഇബ്‌നു ഹജറിന്റെ തുഹ്ഫയിലൂടെ. ശാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമാണ് ഇബ്‌നു ഹജറിന്റെ തുഹ്ഫ. ഏകദേശം പത്തോളം വാള്യങ്ങളുള്ള ബ്രഹത് ഗ്രന്ഥം. ഒരുവിധം ആളുകള്‍ക്കൊന്നും ഈ ഗ്രന്ഥത്തെ അത്ര അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കില്ല എന്നു ഞാനുറച്ചു വിശ്വസിക്കുന്നു. തലമുതിര്‍ന്ന, താടിയും മുടിയും നരച്ചു പ്രായം ചെന്ന, ബാഖിയാത്തിലേയും മര്‍ക്കസിലെയും ഇഹ്‌യാഉസ്സുന്നയിലെയും അവരുടെ കാലത്തെ ആദ്യസ്ഥാനക്കാരണ് ഉസ്താദിന്റെ മുമ്പിലിരിക്കുന്നവരിലധികവും. പലരും ഉസ്താദിനെക്കാള്‍ പ്രായം ചെന്നവര്‍. കിത്താബില്‍ നിന്ന് ഒരുവാക്കുദ്ധരിച്ചാല്‍ അതിനെ ചൊല്ലിയുള്ള മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ച. തലയെടുപ്പുള്ള പണ്ഡിതരുടെ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഉസ്താദിന്റെ അര്‍ത്ഥവത്തായ സരസ മറുപടി. ചില ചര്‍ച്ചകളില്‍ ആ വിഷയത്തിലുള്ള നാലു മദ്ഹബുകളുടെയും വീക്ഷണം ഉസ്താദ് ലളിതമായി പറയും. ശരിക്കും അത്ഭുതത്തോടെയാണ് കൂട്ടുക്കാരോടൊപ്പം ആ സബ്ഖിലിരിക്കാര്‍. മുമ്പൊക്കെ സദസ്സിന്റെ മൂലയിലിരുന്ന് വേദിയിലെ, പ്രസംഗ പീഠത്തിലെ ഉസ്താദിനെ മാത്രമെ ഞാന്‍ പരിചയിച്ചിരുന്നൊള്ളു. അടുത്തറിഞ്ഞപ്പോള്‍ മാത്രമാണ് ചരിത്രങ്ങളില്‍ മാത്രമല്ല വര്‍ത്തമാന ലോകത്തും ഇത്തരം പണ്ഡിത പടുക്കള്‍ ജീവിക്കുന്നു എന്നറിഞ്ഞത്. മഅ്ദിന്‍ മുത്വവ്വല്‍ വിദ്യാര്‍ഥികള്‍ എന്ന നിലക്ക് ഞങ്ങള്‍ ആത്മാഭിമാനം കൊള്ളുന്ന, അല്ല അഹങ്കരിക്കുന്ന ഞങ്ങളുടെ സ്വകാര്യ സന്തോഷങ്ങളിലൊന്നാണ് പൊന്മള ഉസ്താദിന്റെ സബ്ഖുകള്‍. ഗ്രാന്റ് മസ്ജിദിലെ ഉലമാക്കളുടെ ജ്ഞാന ദാഹത്തിന് സമുദ്ര സമാനനായ ദാഹശമനിയാണ് ഉസ്താദെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ഇതേ ഉസ്താദ് അറിവന്വേഷണത്തിന്റെ ആദ്യക്കാരായ ഞങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ക്കു കുടിക്കാനുതകുന്ന രൂപത്തില്‍ തെളിനീരായി രൂപപരിണാമം വരുത്തുന്നതും കാണാം. ഗ്രാന്റിലെ സബ്ഖിനു പുറമെ ഞങ്ങള്‍ക്കു വേണ്ടി മാത്രം ഉസ്താദ് ആഴ്ചയിലൊരു ദിവസത്തിന്റെ നല്ല ഭാഗം മാറ്റിവെക്കാറുണ്ട്. മറക്കാനാവാത്ത അറിവനുഭവങ്ങള്‍ സമ്മാനിക്കുന്ന സബ്ഖുകളായിരുക്കുമത്. അക്ഷരങ്ങള്‍ക്ക് അനുഭവങ്ങളെ അതേ രൂപത്തില്‍ കീഴ്‌പ്പെടുത്താന്‍ സാധിക്കില്ല എന്നുള്ളതിന് അനുഭവങ്ങള്‍ സാക്ഷി. അതുകൊണ്ട് ഉസ്താദിന്റെ സബ്ഖിനെ ഇവിടെ വരച്ചു വികൃതമാക്കാന്‍ ശ്രമിക്കുന്നില്ല.
വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാത്ത ആദര്‍ശ ബോധവും ആരുടെ മുമ്പിലും സുന്നത്തു ജമാഅത്ത് തുറന്നുപറയുവാനുള്ള സ്ഥൈര്യവും പൊതുവെ ശാന്തനും ലോലഹൃദയനുമായ ഉസ്താദിനെ ആദര്‍ശ വിരോധികള്‍ക്കു മുമ്പില്‍ കണിശക്കാരനാക്കുന്നു. ഈ അവാര്‍ഡ് ഉസ്താദിനു നല്‍കുമ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ് അവാര്‍ഡ് ജൂറിക്ക് ഒരു നിലക്കും തെറ്റു സംഭവിച്ചിട്ടില്ല. ഉസ്താദിനിത് അര്‍ഹതക്കുള്ള അംഗീകാരം തന്നെയാണ്. പൊതുപരിപാടികളും സംഘടനാ പ്രവര്‍ത്തനങ്ങളും സബ്ഖുകളുമായി തിരക്കു പിടിച്ച ആ ജീവിതത്തിനിടക്കും അവിടുന്ന് അറബി ഭാഷക്കും ദീനുല്‍ ഇസ്‌ലാമിനും എന്നെന്നും ഉപകരിക്കുന്ന ഒരുപാടു നല്ല രചനകള്‍ സംഭാവന ചെയ്തിട്ടുണ്ട്. തഹ്ഖീഖുല്‍ മത്വ്‌ലബ്, ഫത്താവാ ദഹബ്ബിയ്യ,ഫത്താവാ മുഹ്‌യുസ്സുന്ന, ശാഫിഈ മദ്ഹബ്, വിശുദ്ധറമളാന്‍ തുടങ്ങിയവ അവകളില്‍ പ്രധാനപെട്ടവയാണ്.
ജ്ഞനകുതുകികള്‍ക്ക് ഉസ്താദില്‍ മാതൃകകള്‍ മാത്രമേയുള്ളു. ഉസ്താദിനോട് ഇടപഴകുമ്പോള്‍ തന്നെ അറിവന്വേഷണത്തിനുള്ള ഉര്‍ജവും താല്‍പര്യവും കൈവരും. ഉസ്താദിനെ അടുത്തറിയാത്തവരുണ്ടങ്കില്‍ അവസരങ്ങളെ പാഴാക്കരുതെന്നോര്‍മപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.