പ്രവാചക പ്രണയത്തെ ഏറ്റവും മിസ്റ്റിക്കലായി അവതരിപ്പിച്ച ഉന്നത കവിതയാണ് അല്ലഫല്‍ അലിഫ്. ശബ്ദ താള ഭംഗി ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. വെറും 31 വരികളാണിതിലുളളത്. ഏറെ അത്ഭുതത്തോടെയാണ് ഈ വരികളെ ഉന്നത അറബി സാഹിത്യകാരന്മാര്‍ വരെ നോക്കികാണുന്നത്. അറബി ഭാഷയിലെ ഓരോ അക്ഷരങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ വെച്ചാണ് ഓരോ വരിയും രൂപ്പെടുത്തിയിട്ടുള്ളത്. ഏത് അക്ഷരം ഉപയോഗിച്ചാണോ ഒരു വരി എഴുതുന്നത്, ആ വരിയിലെ ഭൂരിപക്ഷം വാക്കുകളിലും ആ ആക്ഷരമടങ്ങിയിട്ടുണ്ടാകും. ചില വരികള്‍ കാണുക..
ജൂദു മന്‍ ജാദല്‍ വുജൂദു
വുജൂദുഹു ജാദല്‍ ജവാ
ജംഅന്‍ വഫര്‍ഖന്‍ ബഅ്ദ
ജംഇല്‍ ജംഇ ലിരിജാലി ജാല്‍..
ഹുബ്ബു ഹബ്ബീ ഹബ്ബതുന്‍
ഫീ ലുബ്ബി ഖല്‍ബീ അന്‍ബതത്
ഹുബൂബഹാ മാ കുല്ലു ഹബ്ബിന്‍
മിന്‍ഹു ലില്‍മഹാലി ഹാല്‍..
ഖല്ലി ഖില്ലീ ഖുല്ലതനില്‍
ഖിദ്‌ലാനി ഖൗഫല്‍ ഖാതിമ
ഖാലിലി ഖലീലന്‍ ഖാമിലല്‍
വസ്വഫി മിനല്‍ ഖല്‍ഖാലി ഖാല്‍…
ദും ദവാമദ്ദഹ്‌രി ദാഇമല്‍
ഹുളൂരി വശ്ശുഹൂദി
ദുംത ഫീ ജന്നാത്തി വസ്വലിന്‍
ഹാലതല്‍ അബ്ദാലി ദാല്‍…
തമിഴ്‌നാടിലെ മുസ്‌ലിം സംസ്‌കാരം തിങ്ങി നിറഞ്ഞ കായല്‍പട്ടണത്തെ ശൈഖ് ഉമര്‍ വലിയുല്ലാഹില്‍ ഖാഹിരിയാണ് ഈ കവിതയുടെ രചയിതാവ്. മഹാപണ്ഡിതനും ഉന്നത ആത്മീയ നിലവാരം പുലര്‍ത്തിയ സൂഫീവര്യനുമായിരുന്നു അവിടുന്ന്. ഹിജ്‌റ 1153ലാണ് ജനനം. കുടുംബത്തിലെ എല്ലാവരും ഉയര്‍ന്ന ജ്ഞാനികളും ഒരുപാട് ഗ്രന്ഥങ്ങളെഴുതിയ മഹാന്മാരുമായിരുന്നു. നാട്ടില്‍ നിന്ന് വിദ്യ നുകര്‍ന്നതിന് പുറമെ വളരെ കാലം മക്കയിലും മദീനത്തും വിദ്യ നുകര്‍ന്നു. ഇത് കൂടാതെ വേറെയും രചനകള്‍ ഉമറുല്‍ ഖാഹിരിക്കുണ്ട്. ഹിജ്‌റ 1216 ല്‍ മഹാന്‍ വഫാത്തായി. കായല്‍ പട്ടണത്തെ ധാരാളം മഖ്ബറകളില്‍ വളരെ ഉന്നതമായി നാട്ടുകാര്‍ ആദരിക്കുന്ന ഒരു മഖ്ബറയാണ് ഉമറുല്‍ ഖാഹിരിയുടെത്. കേരളത്തില്‍ നിന്നും സിയാറത്ത് സംഘങ്ങള്‍ സാധാരണ അവിടെ സിയാറത്ത് ചെയ്യാറുണ്ട്.
കേരളത്തിലെ പല പളളി ദര്‍സ്സുകളിലും സാധാരണയായി ഓതിപ്പോരുന്ന ഒരു പദ്യമാണ് ഈ അല്ലഫല്‍ അലിഫെന്ന പ്രവാചക പ്രണയ കാവ്യം. ഏറെ ദാര്‍ശനികവും സൂഫീ അര്‍ത്ഥ തലങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമാണീ കവിത. കേവലമൊരു പണ്ഡിതനു പോലും അസാധ്യമാണിതിന്റെ അര്‍ത്ഥതലങ്ങള്‍ ഗ്രഹിക്കല്‍. ആത്മീയതയുടെ അര്‍ത്ഥ തലങ്ങള്‍ അനുഭവിച്ച് ആസ്വദിച്ചവര്‍ക്കേ മനസ്സിലാകൂ. ഇതിന് വ്യാഖ്യാനമെഴുതിയ പണ്ഡിതരെ കണ്ടാല്‍ തന്നെ നമുക്കിത് ബോധ്യപ്പെടും. വളരെ വലിയ ആത്മ ജ്ഞാനികളാണ് അവരെല്ലാം. പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍, അല്‍ മൗലവി യൂസുഫുല്‍ ഫള്ഫരി, നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ നഖ്ശബന്ദി അത്താനൂരി, തിരൂരങ്ങാടി അലി ഹസന്‍ മുസ്‌ലിയാര്‍, കിടങ്ങയം, കെടി ഇബ്‌റാഹീം മുസ്‌ലിയാര്‍, അല്‍മൗലവി കുഞ്ഞി അഹ്മദ് പഴയങ്ങാടി എന്നിങ്ങനെ ഏഴോളം പ്രഗത്ഭ പണ്ഡിതര്‍ക്ക് ഈ കൃതിക്ക് വ്യാഖ്യാനങ്ങളുണ്ടെന്ന് സി ഹംസ തന്റെ അല്ലഫല്‍ അലിഫിനുളള മലയാള വിവര്‍ത്തന വ്യാഖ്യാനത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. സി ഹംസയുടെ ഈ മലയാള വ്യാഖ്യാനം സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, കോഴിക്കോടാണ് ആദ്യം ഇത് അടിച്ചിറക്കിയത്. ഇപ്പോള്‍ ദാറുല്‍ ഹുദാ പ്രസാധനമായ ബുക് പ്ലസ് ഇതിറക്കുന്നു.