പ്രവാചക പ്രേമത്തെ വരികളിലൂടെ തീര്‍ത്ത ഒട്ടനേകം രചനകള്‍ കേരളക്കരക്ക് പറയാനുണ്ട്. മലയാള ഭാഷ വിപുലമായ പ്രചരണങ്ങള്‍ക്ക് മുമ്പ്, കേരള മുസ്‌ലിംകളുടെ എഴുത്ത് രീതി പൊതുവേ അറബി മലയാളത്തിലായിരുന്നു. അക്കാലത്ത് പ്രവാചക സ്‌നേഹവും നബി പ്രകീര്‍ത്തനവും എഴുതിപ്പിടിപ്പിച്ചിരുന്നതില്‍ ഏറിയ പങ്കും അറബി മലയാളത്തിനായിരുന്നു. ഗദ്യ പദ്യ മൗലിദുകളുടെ സ്ഥാനത്ത് മാപ്പിള സാഹിത്യകാരന്മാര്‍ അറബി മലയാളത്തില്‍ മാലകളും പാട്ടുകളും ആവിഷ്‌കരിച്ചു .നബി സ്‌നേഹം പാടി രസിച്ച് പ്രവാചക സ്‌നേഹ ഭാജനത്തെ നിലനിര്‍ത്തിയിരുന്നത് ഇത്തരം ഗ്രന്ഥങ്ങളിലൂടെയായിരുന്നു. അതില്‍ രണ്ടു പ്രധാന കൃതികളാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍ മദ്ഹും മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്‌റ ഖ്വിസ്സപ്പാട്ടും. ഈ രണ്ട് കൃതികളും പ്രവാചക ജീവിതത്തെയും പ്രകീര്‍ത്തന പ്രമേയങ്ങള്‍ സ്പര്‍ശിച്ച് കൊണ്ടുള്ള രചനകളാണ്.
നൂല്‍ മദ്ഹ്: ഗ്രന്ഥകാരനെ കുറിച്ച്,
കുഞ്ഞായിന്‍ മുസ്‌ലിയാര്‍. മാപ്പിള കവി, ഹാസ്യസാമ്രാട്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ തലശ്ശേരിയില്‍ ജനിച്ച അറിയപ്പെട്ട മതപണ്ഡിതനും, ഖാദിരിയ്യ സൂഫിതലവനും സാമൂഹ്യ പരിഷ്‌കര്‍ത്താവും കൂടിയായിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാര്‍. ജീവിതത്തില്‍ ഹാസ്യവും രചനയില്‍ തത്ത്വചിന്തകളും ഉള്‍ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സാമൂതിരി രാജാവിന്റെ കൊട്ടാരം വിദൂഷകനായ മങ്ങാട്ടച്ചന്റെ സന്തത സഹചാരിയായിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാര്‍. തുര്‍ക്കിയിലെ സരസ സൂഫി പണ്ഡിതന്‍ നസ്‌റുദ്ധീന്‍ ഹോജയുമായാണ് കുഞ്ഞായി മുസ്‌ലിയാരെ ചരിത്രകാരന്മാര്‍ താരതമ്യപെടുത്തുന്നത്.
ജീവിതം
തലശ്ശേരിയിലെ സൈദാര്‍ പള്ളിക്കടുത്ത് ചന്ദനംകണ്ടി തറവാട്ടില്‍ മക്കറയില്‍ വീട്ടില്‍ ജനിച്ചു. എ.ഡി.1700 നടുത്താണ് ജനനമെന്ന് അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും അനുമാനിക്കുന്നു. തലശ്ശേരി വലിയ ജുമാഅത്ത് പള്ളിദര്‍സില്‍ നിന്ന് പ്രഥമിക വിദ്യാഭ്യാസം നേടി. അക്കാലത്തെ മുസ്‌ലിം വിദ്യാഭ്യാസ ആസ്ഥാനമായിരുന്ന പൊന്നാനിയില്‍ ആയിരുന്നു ഉപരിപഠനം. പൊന്നാനിയില് അന്നത്തെ മഖ്ദൂമായിരുന്ന നൂറുദ്ധീന്‍, അബ്ദുസ്സലാം മഖ്ദൂം എന്നവരുടെ അടുത്ത് നിന്ന് ഫിഖ്ഹീ വിജ്ഞാനം നേടി. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുസൃതികളും വിനോദങ്ങളും നര്‍മരസം തുളുമ്പുന്ന വര്‍ത്തമാനങ്ങളും സഹപാഠികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. കഥാപാത്രമായി മാത്രം പ്രേക്ഷകര്‍ക്ക് തോന്നുമാറ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെയും മങ്ങാട്ടച്ചന്റെയും പേരില്‍ കഥകളായും പിന്നീട് ധാരാളം ഹാസ്യവര്‍ത്തമാനങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.
രചനകള്‍
ആദ്യകൃതി നൂല്‍ മദ്ഹ് എന്ന ഭക്തിഗാനം ആണ്. ഹിജ്റ 1151 (1737) ല്‍ എഴുതിയതാണിത്. ഈ കൃതിയില്‍ 15 ഇശലുകളുള്ള 666 വരികളുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി (സ) യോടുള്ള അതിരറ്റ സ്നേഹത്തിന്റ പ്രകാശനവും പുകഴ്ത്തലുമാണിതിലെ ഇതിവൃത്തം.
കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പൊന്നാനിയിലുള്ള പഠന സമയത്താണ് ശേഷമാണ് പ്രസിദ്ധമായ കപ്പപ്പാട്ടിന്റെ പശ്ചാത്തലമൊരുങ്ങുന്നത്. അതിന്റെ പശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നുണ്ട്. മുസ്‌ലിയാര്‍ പൊന്നാനിയില്‍ പഠിക്കുന്ന സമയത്ത് ഗുരുവായ നൂറുദ്ധീന്‍ മഖ്ദൂമിന്റെവീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മഖ്ദൂമിന്റെ ഭാര്യ മുസ്‌ലിയാരോട് ഉറങ്ങുന്നതിന് മുമ്പ് എന്താണ് ചൊല്ലേണ്ടതെന്ന് ചോദിച്ചു. രസികനായ കുഞ്ഞായിന്‍ ‘ഏലാമാലെ’ എന്ന് ചൊല്ലുവാന്‍ പറഞ്ഞു. ഇതു ചൊല്ലുന്നതായി കേട്ട ദിവസം മഖ്ദും അന്വേഷിച്ചപ്പോഴാണ് കുഞ്ഞായിന്‍ പറ്റിച്ചതാണെന്ന് മനസ്സിലായത്. ഇതിന് ശേഷം കുഞ്ഞായിനെ കണ്ടപ്പോള്‍ മഖ്ദൂം ചോദിച്ചു, നീ മനുഷ്യനെ കപ്പലാക്കുകയാണോ എന്ന്. ഈ സംഭവത്തിന് ശേഷമാണ് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ മനുഷ്യനെ പായക്കപ്പലിനോടുപമിച്ച് തത്ത്വജ്ഞാന പരമായ കപ്പപ്പാട്ട് എന്ന ഖണ്ഡകാവ്യം രചിക്കുന്നത്.. മൂന്നാമത്തെ രചനയായ നൂല്‍മാല സൂഫി ഗുരു ശൈഖ് മുഹ്യുദ്ദീന് ജീലാനിയുടെ അപദാനങ്ങളെ വാഴ്ത്തുന്ന കൃതിയാണ്. ഹിജ്‌റ 1200 ല്‍ (ക്രി. 1785) രചിച്ച ഈ ഗ്രന്ഥം മുഹ്‌യുദ്ദീന്‍ മാല ക്ക് ശേഷമുള്ള മുഹ്‌യുദ്ദീന്‍ ഭക്തി കാവ്യമാണ്. മാപ്പിളകവി എന്നതോടൊപ്പം മതപണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ചടങ്ങുനില്‍ക്കല്‍ പോലുള്ള ആചാരത്തെ ശക്തമായി എതിര്‍ത്തു.
തലശ്ശേരിയില്‍ വെച്ച് അന്തരിച്ച കുഞ്ഞായിന്‍ മുസ്‌ലിയാരെ തലശ്ശേരിയിലെ പഴയ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.
നൂല്‍ മദ്ഹ്
മുഹ്‌യിദ്ദീന്‍ മാലക്ക് ശേഷം 130 വര്‍ഷം കഴിഞ്ഞാണ് നൂല്‍ മദ്ഹ് രചിക്കപ്പെട്ടത്. ഹിജ്‌റ 1151 (ക്രി. 1737) ല്‍ രചിച്ച കൃതി കുഞ്ഞായീന്‍ മുസ്‌ലിയാരുടെ ആദ്യ കൃതിയായാണ് കണക്കാക്കപ്പെടുന്നത്. നൂല്‍ മദ്ഹ് എന്ന പദം ‘നൂല്‍’ എന്ന തമിഴ് പദവും ‘മദ്ഹ്’ എന്ന അറബി പദവും ചേര്‍ന്നതാണ്. ‘നൂല്‍’ എന്നാല്‍ തമിഴില്‍ കൃതിയാണെന്ന് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മാപ്പിളപ്പാട്ടുകളെ കുറിച്ച് ഈയടുത്ത കാലത്ത് വസ്തുനിഷ്ഠമായ പഠനം നടത്തിയ വി.പി മുഹമ്മദാലി, ‘മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ’ എന്ന കൃതിയില്‍ ‘നൂല്‍’ എന്ന വാക്കിന് ‘പ്രവാചകന്‍’ എന്ന അര്‍ഥമുണ്ടെന്ന് രേഖപ്പെടുത്തുന്നു. അങ്ങനെ വരുമ്പോള്‍ നൂല്‍മദ്ഹിന് പ്രവാചക പ്രകീര്‍ത്തനം എന്ന് അര്‍ഥം പറയാം. അബ്ദുല്‍ കരീമിന്റെ അഭിപ്രായത്തില്‍ ‘പ്രകീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി’ എന്ന് മാത്രമേ അര്‍ഥം ലഭിക്കുകയുള്ളൂ. നൂല്‍ മദ്ഹ് മാപ്പിളപ്പാട്ടിലെ ഒരു ലക്ഷണമൊത്ത ഒരു പ്രൗഢ കൃതിയാണന്ന് കൂടി പറയാം. അറബി, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ കവിക്ക് അഗാധ പാണ്ഡിത്യമുണ്ടായിരുന്നെന്ന് ഈ കൃതി തന്നെ ക്രിത്യമായി മനസ്സിലാക്കിത്തരുന്നു. കൃതിയിലുടനീളം ഈ മൂന്ന് ഭാഷകള്‍ ഉപയോഗിച്ചതായി കാണാവുന്നതാണ്. 15 ഇശലുകളിലായി 666 ഈരടികളാണ് ഇതിലുള്ളത്. വളരെ ധന്യമായ ഒരു ബംമ്പോട് (ഗദ്യവര്‍ണന) കൂടി ഈ കൃതി ആരംഭിക്കുന്നു. കേരളത്തില്‍ രണ്ടു തരത്തിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ദര്‍ശിക്കാനാവുന്നതാണ്.
1. അറബിയില്‍ എഴുതിയ രചനകള്‍
2. അറബി മലയാളത്തില്‍ എഴുതിയ മാലകളും പാട്ടുകളും.
നുല്‍ മദ്ഹ് രണ്ടാമത്തെ ഗണത്തില്‍ പെടുന്നു. നൂല്‍ മദ്ഹിന്റെ ഇതിവൃത്തം പ്രവാചക അപദാനങ്ങളും അവിടത്തോടുള്ള അനുരാഗവുമാണ്.
ലളിതമായ ഉപക്രമത്തോടെ തിരുനബി(സ) യില്‍ പടച്ചവന്റെ റഹ്മത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് കവി നൂല്‍ മദ്ഹ് തുടക്കം കുറിക്കുന്നത്. വളരെ അര്‍ത്ഥ ഗര്‍ഭമായ ഗദ്യ വര്‍ണ്ണനയോടുകൂടി നൂല്‍ മദ്ഹ് ആരംഭിക്കുന്നു.
‘ആദിതന്‍ അരുളിനാല്‍ പെരുമാന്‍ വന്ത് അണ്ഡംയേളം കടന്ത് അര്‍ശിന്നു മുടി നീണ്ടെ മുഹമ്മദ് നബിയെ കാമ്പതുക്ക് യെന്നില്‍ ആശക്കടല്‍ പൊങ്കും അതിനാല്‍ ‘ഇമ്മദ്ഹ് നൂല്‍ മാലൈ’ പണിവതുക്ക് അള്ളാവെതാരും ഉന്‍തുണൈ കാഫ്.” എന്ന് തുടങ്ങുന്ന ആശയ സമ്പുഷ്ടമായ ഗദ്യവര്‍ണ്ണനകളാണ് ആരംഭത്തിലുള്ളത്. ഒന്നാം ഇശലില്‍ പ്രവാചക വര്‍ണ്ണന മാത്രമല്ല അവിടത്തെ അനുഗ്രഹീതരായ നാല് ഖലീഫമാരെ സംബന്ധിച്ച് ഏതാനും മദ്ഹുകള്‍ അവതരിച്ചിട്ടുണ്ട്. ഇത് മഹനീയമായവരോടുള്ള കവിയുടെ അങ്ങേയറ്റത്തെ ആദരവും ബഹുമാനവും സ്‌നേഹവും എടുത്തു കാണിക്കുന്നു. ‘ഒന്നാം ഇശല്‍’ തിരുനബി കീര്‍ത്തനത്തിന്റെ പൂന്തോപ്പിലേക്ക് പ്രവേശിക്കാനുള്ള കവാടമായിരുന്നെങ്കില്‍ ‘രണ്ടാം ഇശല്‍’ തിരുനബി (സ) യുടെ മഹത്വത്തെ ആവിശ്കരിച്ച് ഭക്തിയോടെ സമര്‍പ്പിക്കുന്നു. മന്‍ഖൂസ് മൗലിദിന്റെ തുടക്കത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ അവതരിപ്പിക്കുന്നത് പോലെ
സുബ്ഹാനല്ലദീ അത്വ്‌ലഹ ഫീ ശഹ്‌രി റബീഉല്‍ അവ്വലി ഖമറ നബിയ്യില്‍ ഹുദ. വ ഔജദ നൂറഹു ഖബ്‌ല ഖല്‍ഖില്‍ ആലമി വ സമ്മാഹു മുഹമ്മദാ..
‘ലോകത്തെ സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു തിരുനബി (സ) യുടെ പ്രകാശത്തെ സൃഷ്ടിക്കുകയും ‘മുഹമ്മദ്’ എന്ന പേര് വെക്കുകയും ചെയ്തിരിക്കുന്നു. എന്നതിന്റെ അര്‍ത്ഥ തലങ്ങള്‍ ഉള്‍കൊണ്ട് ‘രണ്ടാം ഇശലില്‍’ ചിട്ടയോട് കൂടി അതിന്റെ ആശയാവിഷ്‌കാരത്തെ കവി പ്രതിപാദിക്കുന്നുണ്ട്
‘മൂന്നാം ഇശലില്‍’ പ്രവാചക ചരിത്രത്തിലെ അമാനുഷിക സംഭവങ്ങളായ ചില സന്ദര്‍ഭങ്ങളും അവിടത്തെ സൗന്ദര്യ വര്‍ണ്ണനകളുമാണ് പ്രതിപാദിക്കുന്നത്. ഹലീമ ബീവി മുലയൂട്ടാന്‍ കൊണ്ടുപോയപ്പോഴുണ്ടായ അമാനുഷിക സംഭവങ്ങളെ പ്രൗഢമായി വിവരിക്കുന്നുണ്ട്. ‘നാലാം ഇശലില്‍’ അവിടത്തെ ശരീര ലാവണ്യത്തെ വര്‍ണ്ണിക്കുന്നു. കടല്‍, തിരമാലകള്‍, മഴ, മേഘം, തുടങ്ങിയ പദങ്ങള്‍ ഈ ഇശലിന് വര്‍ണ്ണനയേകുന്നു. ‘അഞ്ചാം ഇശല്‍’ ആദം നബി (അ), ഇബ്‌റാഹീം (അ) നൂഹ് (അ) എന്നീ പ്രവാചകന്മാരുടെ ജീവിതയാത്രയില്‍ സ്പര്‍ശിച്ച ചരിത്ര സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അവതരിപ്പിക്കുന്നു. ഈ ഇശല്‍ ആശയ സമ്പുഷ്ടിയിലേക്കും പ്രൗഢമായ അര്‍ത്ഥ തലങ്ങളിലേക്കും ധന്യമായ പ്രാസം കൊണ്ടും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു. ‘ആറാം ഇശല്‍’ തിരുനബി അപദാനങ്ങളെയും അവിടെത്തെ വര്‍ണ്ണനകളും ജന്മദിനത്തിനോടനുബന്ധിച്ചുണ്ടായ അതിശയങ്ങളെയും അനുസ്മരിച്ച് കൊണ്ടുള്ള കാവ്യഭാഗമാണ് നബികുടുംബ മഹാത്മത്തെയും കവി പ്രതിപാദിക്കുന്നുണ്ട്. ഹിജ്‌റ മിഅറാജ് ,തിരുനബിയുടെ ജീവിതത്തിലെ രണ്ട് സുപ്രധാന ചരിത്ര സംഭവങ്ങളെ അനുസ്മരിക്കുന്ന കാവ്യഭാഗമാണ് ‘ഇശല്‍ ഏഴ് ‘. ‘എട്ടാമത്തെ ഇശല്‍’ നൂല്‍ മദ്ഹിലെ ഏറ്റവും ദീര്‍ഘമേറിയതും നബി (സ) യുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങള്‍, ഇസ്‌ലാം കാര്യങ്ങള്‍, അവിടത്തെ ശത്രുക്കള്‍, അഹ്‌സാബ് യുദ്ധം ,അഹ്‌ലു ബൈത്തിനോടുള്ള സ്‌നേഹം, ഹിജ്റ തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നു .ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെയും ഈമാന്‍ കാര്യങ്ങളെയും ഇവയിലുണ്ടാവേണ്ട അചഞ്ചലമായ വിശ്വാസത്തേയും കവി വരികള്‍ക്കിടയിലൂടെ പറയുന്നുണ്ട്.
വളരെ ചുരുങ്ങിയ ഇതിവൃത്തത്തില്‍ രചിക്കപ്പെട്ട ‘ഒന്‍മ്പതാം ഇശല്‍’ തിരുനബിയുടെ ജീവിത ദൗത്യവും അവിടത്തെ മഹത്വവും അനാവരണം ചെയ്യുന്നതായി കാണാം. ഹ്രസ്വ വശ്വവും ലളിതസുന്ദരവുമായ നാല്‍പത് വരികളാല്‍ വിരചിതമായ ‘പത്താമത്തെ ഇശല്‍’ പ്രൗഢമായ സൂഫി അര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രകാശത്തിനുള്ള വേണ്ടത്ര പ്രേരണകളും സുചന നല്‍കുന്നു. നൂല്‍ മദ്ഹില്‍ ഈ ഇശലിനോളം ഘടനയിലും പദവിന്യാസത്തിലും ലളിതമായ മറ്റൊരു ഇശലുമില്ലാ എന്ന് തന്നെ പറയാം. ‘പതിനൊന്നാം ഇശല്‍’ തിരുനബിയുടെ സൗന്ദര്യം, അവിടെത്തെവര്‍ണ്ണനകള്‍ തുടങ്ങിയവ വിവരിക്കുന്നു. ‘പന്ത്രണ്ടാം ഇശല്‍’ തിരുനബിയുടെ അപദാനങ്ങള്‍ പാടിപ്പറയുന്ന കാവ്യഭാഗമാണ്. ആഖിറത്തിലുള്ള തിരുനബിയുടെ ശഫാഅത്തിനെക്കുറിച്ചും കവി വിവരിക്കുന്നുണ്ട്.
‘പതിമൂന്നാം ഇശല്‍’ കവിയുടെ ഗാഢമായ നബി സ്‌നേഹത്തെ വരച്ചുകാട്ടുന്ന കാവ്യഭാഗമാണ്. ഈ ഭാഗം പ്രവാചക വര്‍ണ്ണനയുടെ മറ്റൊരു സുന്ദരമായ ആവിഷ്‌കാരമാണ്. ഈ വരികള്‍ക്ക് പ്രാസപ്പൊരുത്തമുണ്ടെങ്കിലും അമിതമായ തമിഴ് പദങ്ങളുടെ നുഴഞ്ഞുകയറ്റം ഈ ഈരടികളെ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
‘പതിനാലാം ഇശല്‍’ പ്രവാചകനെ അറിഞ്ഞ് സ്‌നേഹിക്കാനുള്ള ആഹ്വാനമാണ് കവി ഈ വരികളിലൂടെ വിളിച്ചോതുന്നത്. പ്രവാചക വര്‍ണ്ണന ‘എന്നെക്കൊണ്ടാവില്ലെന്ന’ പച്ചയായ കുറ്റസമ്മതം കീഴടങ്ങല്‍ കവി ഈ ഇശലിലൂടെ നടത്തുന്നുണ്ട്. ‘പതിനഞ്ചാം ഇശല്‍’ നൂല്‍ മദ്ഹിലെ അവസാന കാവ്യഭാഗമാണ്. നബി(സ)യെ പാടിയും പുകഴ്ത്തിയും വര്‍ണ്ണനകള്‍ നല്‍കിയും ,ഭക്തിനിര്‍ഭരമായ ഇരവുകളോട് കൂടിയാണ് ഈ സ്‌നേഹ കാവ്യം പരിസമാപ്തി കുറിക്കുന്നത്. തന്റെ ഗുരുക്കന്‍മാര്‍ക്കും കുടുംബക്കാര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനയും കവി നിര്‍വഹിക്കുന്നുണ്ട്.
‘തടയാതുടന്‍ സ്വര്‍ക്കം തൃക്കാഴ്ച്ചയും
ത്വാഹാ നബി കൂടെ വശങ്ങ് പോറ്റി
ഉടയപെരിയോനെ യെളിയ എന്റെ
ഉണ്മ ഇരവ് നീ ഖബൂലാമീന്‍”
(നൂല്‍ മദ്ഹ് അവസാനം)
ധന്യമായ കാവ്യരൂപത്തെ ആശയവിഷ്‌കാരത്തിലുടെയും ഗദ്യവര്‍ണ്ണയിലൂടെയും ആരംഭം കുറിച്ച നൂല്‍ മദ്ഹ് തിരുനബി (സ)യുടെ ജീവിതത്തിലെ വിവിധങ്ങളായ സംഭവങ്ങളെ സന്ദര്‍ഭങ്ങളെ ഇമ്പമാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച് പ്രവാചക അനുരാഗത്തിന് പുത്തന്‍കാവ്യ ഭംഗി നല്‍കി, ഭക്തിയിലൂടെ അങ്ങെയറ്റത്തെ ഉത്തുംഗ സ്വാപാനത്തിലെത്തിച്ചേര്‍ന്ന് ആത്മീയ അനുഭൂതിയും ആത്മഹര്‍ഷവും പ്രവാചക പ്രേമികള്‍ക്ക് അവസരം നല്‍കുകയാണ് ഈ കാവ്യത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ. നൂല്‍ മദ്ഹ് എന്ന കാവ്യം, അത് രചിക്കപ്പെട്ട് 277 വര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ കാലികപ്രസക്തമായ പുനര്‍ വായനയാണ് ഡോ. പി. സക്കീര്‍ ഹുസൈന്‍ നിര്‍മിച്ച ‘നൂല്‍മദ്ഹ്: കവിതയും കാലവും’. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി 2014 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് ബാലകൃഷ്ണന്‍ വള്ളിക്കുന്നാണ്. അദ്ദേഹം എഴുതുന്നു: ‘ഇസ്ലാമിക ദാര്‍ശനികതയിലെ നൂറുല്‍ മുഹമ്മദീയത്തിന്റെ പരിസരത്തില്‍ മാപ്പിള സാഹിത്യവിതാനത്തില്‍ ഉരുവംകൊണ്ട അപൂര്‍വ രചനകളിലൊന്നാണ് കുഞ്ഞായിന്‍ മുസ്ലിയാരുടെ നൂല്‍മദ്ഹ്. പ്രസ്തുത ദാര്‍ശനികതയുടെ ചുറ്റുവട്ടത്തില്‍ അതിനൊരു പഠനവും ആസ്വാദനവും നിര്‍മിക്കുകയെന്നത് ഏറെ ക്ലേശകരവും ശ്ലാഘനീയവുമാണ്. അതുകൊണ്ട് ഡോ. പി സക്കീര്‍ ഹുസൈന്റെ ‘നൂല്‍മദ്ഹ്: കവിതയും കാലവും’ അക്കാദമിക തലത്തില്‍ മാപ്പിള സാഹിത്യവിഷയകമായുള്ള ഗൗരവതരമായൊരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.’
നൂല്‍ മദ്ഹ് മൂലഭാഷയിലും മലയാള ലിപിയിലും ഇതില്‍ കാണാം. ഏതൊരാള്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
ഹിജ്‌റ ക്വിസ്സപ്പാട്ട്:ഗ്രന്ഥകാരനെ കുറിച്ച്
മാപ്പിളപ്പാട്ടിന്റെ കളിത്തോഴന്‍ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ മഹാകവി എന്ന വിശേഷണത്തിലാണ് മോയിന്‍കുട്ടി വൈദ്യര്‍ അറിയപ്പെടുന്നത്. മലയാളം കലര്‍ന്ന തമിഴ്, അറബി മലയാളം കലര്‍ന്ന സംസ്‌കൃതം എന്നീ ഭാഷകളെകോര്‍ത്തിണക്കിയാണ് വൈദ്യര്‍ മാപ്പിളപ്പാട്ട് സാഹിത്യസൃഷ്ടിക്കു രൂപം നല്‍കിയത്.
ജീവിതം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഓട്ടുപാറ വിട്ടില്‍ ഉണ്ണിമമ്മദ് വൈദ്യയാര്‍-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1852-ലാണ് വൈദ്യര്‍ ജനിച്ചത്. ഉണ്ണിമുഹമ്മദ് ഒരു ആയുര്‍വ്വേദ വൈദ്യനും കവിയുമായിരുന്നു. ബാപ്പായില്‍ നിന്നും മോയിന്‍കുട്ടി ആയുര്‍വ്വേദ ചികിത്സ പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ്, സംസ്‌കൃതം, അറബി തുടങ്ങിയ ഭാഷകള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചു.
മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയിന്‍ കുട്ടി വൈദ്യര്‍. ചടുലമായ പദപ്രയോഗങ്ങള്‍ കൊണ്ട് ഇശല്‍ പാട്ടുകളെ മാസ്മരിക പാതയില്‍ അടയാളപ്പെടുത്തിയ വൈദ്യരുടെ രചനകള്‍ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഈണങ്ങളായിരുന്നു. ജന്മി വാഴ്ചയ്ക്കും കോളനി വാഴ്ചയ്ക്കും എതിരായി അറബി മലയാളത്തില്‍ എഴുതിയ ഗാനങ്ങള്‍ ബിട്ടിഷ് അധികാരികള്‍ പലപ്പോഴും പിടിച്ചെടുത്തിരുന്നു.
വൈദ്യചികില്‍സാ കുടുംബത്തില്‍ അംഗമായ മോയിന്‍കുട്ടിയെ ഒരു ചികില്‍സകനാക്കാനായിരുന്നു പിതാവ് ഉണ്ണിമമ്മദ് വൈദ്യരുടെ തിരുമാനം. എന്നാല്‍ തന്റെ ജീവിതം ഇശലുകളുടെ ലോകത്തിന് സമര്‍പ്പിക്കാനായിരുന്നു വൈദ്യര്‍ക്ക് താല്‍പര്യം. അറബി, ഇംഗ്ലീഷ്, പാര്‍ഷി, തമിഴ്, സംസ്‌കൃതം, കന്നഡ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകള്‍ ചെറുപ്രായത്തില്‍ തന്നെ വശത്താക്കി. വിവിധ ഭാഷകളില്‍ ഉള്ള പ്രാവിണ്യവും സര്‍ഗവൈഭവവും കൊണ്ട് സങ്കര പദപ്രയോഗങ്ങള്‍ അണിയിച്ച് ഒരുക്കി ഇശലുകളുടെ ലോകത്ത് തന്റെ സ്വന്തം ഇടം പടുത്തുയര്‍ത്തി. അത് ഒരു മഹാനായ കവിയുടെ ഇമ്പം തുളുമ്പുന്ന ആശയ വട്ടങ്ങളായിരുന്നു.
മാപ്പിളപാട്ട് ഗാന ശാഖയ്ക്ക് ഏറ്റവും അധികം സംഭാവനകള്‍ നല്‍കിയ കവിയാണ് വൈദ്യര്‍. വളരെ അധികം കലാസൃഷ്ടികള്‍ മലയാളിക്ക് വൈദ്യര്‍ സമ്മാനിച്ചിട്ടുണ്ട്. നാല്‍പ്പത് വയസ്സുവരെ മാത്രമാണ് വൈദ്യര്‍ ജിവിച്ചത്. ബദറുല്‍മുനീര്‍ ഹുസ്‌നുല്‍ജമാല്‍, ബദര്‍കിസ്സപ്പാട്ട്, സലസീല്‍, എലി പട, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ഹിജ്‌റ, കിളത്തിമാല, മലപ്പുറം പട, ഉഹ്ദ്പട പാട്ട്, തീവണ്ടി ചിന്ത്, സലിഖത്ത്, മുല്ലപ്പു ചോലയില്‍, കറാമത്ത് മാല, തുടങ്ങിയ ധാരാളം കലാ സൃഷ്ടികള്‍ വൈദ്യരുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്.
തന്റെ ഇരുപതാമത്തെ വയസിലാണ് അദ്ദേഹം അതിപ്രശസ്തമായ ‘ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍’ എഴുതിയത്. പ്രണയം പ്രമേയമായി മാപ്പിളപ്പാട്ടുകള്‍ വന്നുതുടങ്ങിയത് ഈ കൃതിയോടെയാണ്. ഒരു പേര്‍ഷ്യന്‍ പ്രണയകഥയാണ് ഈ കാവ്യത്തിന് അവലംബം. പിതാവിനെ ധിക്കരിച്ച് കാമുകനെ വരിക്കാന്‍ ധൈര്യപ്പെടുന്ന കാമുകിയുടെ കഥയാണിത്. ഹിന്ദ് രാജ്യത്തെ മഹാസീന്‍ രാജാവിന്റെ മകളായ ഹുസ്‌നുല്‍ ജമാലും മന്ത്രിയായ മസാമീരിന്റെ മകന്‍ ബദറുല്‍ മുനീറും തമ്മില്‍ ബദ്ധാനുരാഗത്തിലാകുന്നു. ഇതില്‍ അസൂയാലുക്കളായ ജിന്നുകളും മനുഷ്യരുമായ കഥാപാത്രങ്ങള്‍ ഇവരുടെ പ്രണയത്തിന് വിലങ്ങുതടികള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കുന്ന കമിതാക്കള്‍ ഒടുവില്‍ നല്ലവരായ ചില ജിന്നുകളുടെ സഹായത്തോടെ ഒന്നാവുന്നു.
മോയിന്‍കുട്ടി വൈദ്യര്‍ അറബിമലയാളത്തില്‍ എഴുതിയ ഈ പാട്ടുകാവ്യത്തിന്റെ ശീലുകളില്‍ പലതും പിന്നീട് മധുരമൂറുന്ന ഗാനങ്ങളായി മാറിയിട്ടുണ്ട്. ഈ ഗാനങ്ങളില്‍ പലതും പിന്നീട് ഒപ്പനപ്പാട്ടുകളായും ഉപയോഗിക്കപ്പെട്ടു. പിന്നീടുവന്ന മാപ്പിളപ്പാട്ടുകളില്‍ പലതും ഈ പാട്ടുകാവ്യത്തിന്റെ ചുവടുപിടിച്ച് എഴുതപ്പെട്ടവയാണ്. മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന്റെ നാലാം ഇശല്‍ പൂമകളാണെ ഹുസുനുല്‍ ജമാല്‍ പുന്നാരത്താളം മികന്തബീവി.. എന്നു തുടങ്ങുന്ന ഗാനം ഇക്കൂട്ടത്തില്‍ വളരെ പ്രശ്‌സതമാണ്.
രോഗബാധിതനായ വൈദ്യര്‍ 1892-ല്‍ ലോകത്തോട് വിടപറഞ്ഞു. വഫാത്താവുമ്പോള്‍ 40 വയസ്സായിരുന്നു. അന്നദ്ദേഹത്തിന് രണ്ടുപുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിന്‍കുട്ടിയുടെ മക്കളുടെ കാലശേഷം സന്തതി പരമ്പരയാരും തന്നെ ജീവിച്ചില്ല. കൊണ്ടോട്ടിയില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്. മോയിന്‍കുട്ടി അവസാനം എഴുതിയത് ‘ഹിജ്‌റ’ എന്ന കൃതിയാണ്. 26 ഇശലുകള്‍ മാത്രമാണ് വൈദ്യര്‍ക്ക് എഴുതാന്‍ സാധിച്ചത്. അവസാനം ഹിജ്‌റ പൂര്‍ത്തികരിച്ചത് പിതാവ് ഉണ്ണി മമ്മദ് വൈദ്യര്‍ ആയിരുന്നു.
കൃതികള്‍
ബദര്‍ പടപ്പാട്ട്, ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, എലിപ്പട (പഞ്ചതന്ത്രം കഥയെ ആസ്പദമാക്കി എഴുതിയത്), ഒട്ടകത്തിന്റെയും മാനിന്റെയും കഥ, സലാശീല്‍, ബൈത്തില്ല, ഹിജ്‌റ, കിളത്തിമാല, സ്വലീഖാ, ഉഹദ് പടപ്പാട്ട്, മുല്ലപ്പുഞ്ചോലയില്‍, തീവണ്ടിച്ചിന്ത്, കറാമത്ത് മാല..
ഹിജ്‌റ ഖിസ്സപ്പാട്ട്
മോയിന്‍ കുട്ടി വൈദ്യരുടെ (1857-1891) അവസാന കൃതിയാണ് ഹിജ്‌റ ക്വിസ്സ പ്പാട്ട്. നബി സ്‌നേഹത്തെയും പ്രവാചക അനുരാഗത്തെയും ചാലിച്ചെഴുതിയ വേറിട്ട ഒരു കൃതി കൂടിയാണിത്. മാത്രമല്ല നബി (സ) യുടെ ജീവചരിത്രവും ഓരോ സംഭവ വികാസങ്ങളെയും വിവിധങ്ങളായ സന്ദര്‍ഭങ്ങളെയും ഈ കൃതിയിലൂടെ പ്രതിപാദിക്കുന്നുണ്ട്.
”ബാദിത്ത് ഇറസൂല്‍ നബിയാര്‍
ഹിജ്‌റ ഫോയ് മദീനത്തില്‍ വസിത്തുള
ബാര്‍ത്ത ഫൂര്‍ത്തിയില്‍
കോര്‍ത്ത് തീര്‍ ത്തിടുവാന്‍
അവര്‍ ഹഖാല്‍ ഉദക്കം
താ യെനിന്‍ അള്ളാഹ് ”
പ്രവാചകര്‍(സ്വ) ഹിജ്റ പോയി മദീനയില്‍ താമസിച്ച വൃത്താന്തം പൂര്‍ണ്ണമായി കാവ്യ രൂപത്തില്‍ ചമയ്ക്കുവാന്‍ മേല്‍പ്പറഞ്ഞവരുടെ മുഴുവന്‍ മഹത്വവും മുന്‍നിര്‍ത്തി നീയെനിക്ക് തുണ നല്‍കണമേ.. പടച്ചവനേ….
എന്ന ഈരടികള്‍ ഒന്നാമത്തെ ഇശലില്‍ കവി കോര്‍ത്തിയിണക്കിയുട്ടുണ്ടെങ്കിലും ഹിജ്റ ക്വിസ്സപ്പാട്ട് വൈദ്യര്‍ക്ക് പൂര്‍ത്തിയാക്കാന്‍ തൗഫീഖ് ലഭിച്ചില്ല എന്നുള്ളത് വസ്തുത അനുവാചകര്‍ക്ക് നീരസം തന്നെയാണ്.
എന്നാല്‍ വൈദ്യരുടെയുടെ കാലശേഷം അദ്ദേഹത്തിന്റെ ഹിജ്‌റയുടെ ഇരുപത്തിഴോമത്തെ ഇശല്‍ മുതല്‍ ബാക്കി പൂര്‍ത്തിയാക്കിയത് ബാപ്പയായ ഉണ്ണി മമ്മദായിരുന്നു.
പടച്ച റബ്ബിന്റെ തിരുനാമത്തില്‍ ആരംഭിക്കുകയും അള്ളാഹുവിന്റെ വിശേഷണങ്ങള്‍ പറഞ്ഞും തിരുനബി (സ്വ തങ്ങള്‍ക്ക് ഗുണത്തിന് വേണ്ടിയും അവിടെത്തെ അനുചരന്മാര്‍ക്ക് പടച്ചവന്റെ തൃപ്തിക്ക് വേണ്ടിയും പ്രാര്‍ത്ഥന നിര്‍വഹിച്ചാണ് കവി ഹിജ്‌റ ക്വിസ്സപ്പാട്ട് സമരംഭം കുറിക്കുന്നത്. 26 ഇശലുകളിലായി ഒട്ടനേകം കാവ്യങ്ങള്‍ ഹിജ്‌റയിലൂടെ തിരുനബി (സ) യെ കവി അനുധാവനം ചെയ്യുന്നുണ്ട്.
തിങ്കളില്‍പിറന്ന ചന്ദ്രമുഖിയുടെ ജന്മാതിശയങ്ങള്‍ തുടക്കത്തില്‍ തന്നെ കവി വിവരിക്കുന്നുണ്ട് തിരുപ്പിറവിയുടെ സമയത്ത് സവിശേഷമായ ഒരു വെളിച്ചം വെളിപ്പെട്ടതും, ആ വെളിച്ചത്തില്‍ ആമിനാ ബീവിക്ക് ചക്രവാളങ്ങള്‍ കാണിക്കപ്പെട്ടതും പറഞ്ഞു തുടങ്ങുന്നു.
ആമിന ബീവിയെ സ്വര്‍ഗ്ഗ സ്ത്രീകള്‍ ശുശ്രൂഷിക്കാന്‍ വന്നത്, പ്രസവിച്ച ഉടനെ കുട്ടി അല്ലാഹുവിനെ സുജൂദ് ചെയ്തത്, തക്ബീറും ശഹാദത്തും ചൊല്ലിയത്, നക്ഷത്രങ്ങളും മാലാഖമാരും സ്വര്‍ഗ്ഗീയ പക്ഷികളും വീടിനു ചുറ്റും വന്നു നിന്നതും കവി മനോഹരമായി വര്‍ണ്ണിക്കുന്നു. സ്വര്‍ഗ്ഗത്തിനും ഭൂലോകത്തിനാകെയും അന്ന് പെരുന്നാള്‍ ആണെന്നും ആ ദിനം അവസാന നാള്‍ വരെ മലക്കുകള്‍ക്ക് ഈദായിരിക്കുമെന്നും മഹാകവി വിവരിക്കുന്നുണ്ട്.
ബിംബങ്ങള്‍ തലകുത്തി വീണത്, കൊത്തളങ്ങള്‍ തകര്‍ന്നത്, അഗ്‌നികുണ്ഡം പൊലിഞ്ഞത്, ആറു വറ്റിയത്.. എല്ലാം പ്രതിപാദിക്കുന്നുണ്ട്’ഹിജ്‌റ’ യില്‍. പൈതലിന്റെ കണ്ണ് സുറുമയിടപ്പെട്ടിരുന്നു, ലിംഗാഗ്ര ചര്‍മം നീക്കപ്പെട്ടിരുന്നു, പൊക്കിള്‍ കൊടി മുറിച്ചു കാണപ്പെട്ടു, മുടി വാര്‍ന്നു വെച്ചിരിക്കുന്നു, ദേഹത്ത് എണ്ണ പുരട്ടിയിരിക്കുന്നു, അത്തറിന്റെയും കസ്തൂരിയുടെയും പരിമളം അവിടെ പരന്നു.. അങ്ങനെ വിശേഷങ്ങള്‍ അനവധിയുണ്ട് കവിക്ക് പറയാന്‍.
ശേഷം ആമിനാ ബീവി യുടെ അതിശയകരമായ അനുഭവങ്ങള്‍ വിവരിക്കുന്നു. പിറന്ന വിവരം അറിയിച്ച സുവൈബതിനെ അബൂലഹബ് മോചിപ്പിച്ച കഥ അനുസ്മരിച്ച ശേഷം കവി ഉണര്‍ത്തുന്നു. മുലകൊടുക്കാന്‍ കൊണ്ടു പോയ ഹലീമ ബീവിയുടെ വീട്ടില്‍ നടന്ന അമാനുഷിക സംഭവങ്ങള്‍, ഹൃദയശുദ്ധീകരിച്ച സംഭവങ്ങളും, ശാമിലേക്കുള്ള യാത്രയും കച്ചവടവും ബീവി ഖദീജ (റ) മായുള്ള വിവാഹവും ജീവിതവും മഹാകവി അനുവാചകര്‍ക്കു മുമ്പില്‍ തുറന്നു കാണിക്കുന്നു. തിരുനബിയുടെ ഹിറാ ഗുഹാ വാസവും ഇസ്‌ലാമിന്റെ പ്രബോധന തുടക്കവും ഉമര്‍ (റ) വിന്റെ ഇസ്‌ലാമിലേക്കുള്ള രംഗ പ്രവേശനവും തുടങ്ങിയ ഒട്ടനേകം സന്ദര്‍ഭങ്ങള്‍ ഹിജ്റയിലൂടെ പ്രതിപാദിക്കുന്നു.
ചുരുക്കത്തില്‍, നബി (സ) യുടെ ഓരോ ചലനങ്ങളെയും സംഭവങ്ങളെയും വ്യത്യസ്ത സന്ദര്‍ഭങ്ങളെയും ഒപ്പിയെടുത്ത ഒരു അമൂല്യ കാവ്യമാണ് ഹിജ്‌റ ക്വിസ്സപ്പാട്ട്.
ഇശല്‍ നാലില്‍ മൗലിദ് കഴിക്കുന്നതിനെ പറ്റി ചില വരികളിലൂടെ കവി പറയുന്നു.
‘അടുത്തയ് ഇസ്‌ലാം കെണം ഇഖ് വത്തെയും അളയ്ത്ത് ത്വാഹാവിലെ ഫിരിഷത്തിനില്‍….
അലങ്കരിത്ത് അന്നമും ചമയ്ത്ത് ഉന്നയും കുണത്തോടെ
സ്വദഖ ചെയ്തു-അരുളയും കറമുഅളമൊടു ഫറഹുകള്‍ ബെളുഫെടുത്തയും കൂടെ..’
‘കടക്കയ് അവ്വല്‍ ശഹ്‌റു റബീഇനില്‍ കിശിക്കി ഇഫോള്‍ മൗലിദ് അവര്‍ക്ക് ഉരയ്
കനക്കു മാല്‍ അഹ്ല്‍ തനക്കും കാവലും മനക്കു മേല്‍ നഅമാ
വളരുമേ-കസബിലേ തെളിഫലം ഇരുഫദിയിലും ബഹുമയും ഫര്‍ഹും ജികമാ..’
‘ഉടക്ക് ബീടഫെടും അവന്‍ ഹാജാത്ത് അകത്ത് അയ് ആമിലെ മുശുവനും ആഫാത്ത്
ഒശിന്ദ് ദുരഫെടുന്ദും നാളെ ഫുകിന്ദൈടും
ജന്നാത്ത്
നഈമിലേ-ഇര്‍ദമവയ് ഇമാം ഇബ്‌നു ല്‍ ജൗസിയും ഫലര്‍ബിളങ്ക വെ ചൊന്നാല്‍’
മുത്തുനബിയോടുള്ള സ്‌നേഹത്താല്‍ മനസ്സറിഞ്ഞു ജന്മ വിശേഷങ്ങള്‍ പറയുകയും പറയിപ്പിക്കുകയും അതിനുവേണ്ടി പൊന്ന് ചിലവഴിക്കുകയും മൗലിദ് കഴിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിമിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നു കവി സമ്മതിക്കുന്നു. ത്വാഹാ നബിയോടുള്ള പിരിശത്തിനാല്‍ അയല്‍വാസികളും ബന്ധുക്കളുമായ മുസ്‌ലിംകളെ ക്ഷണിച്ചുവരുത്തുകയും രംഗം അലങ്കരിക്കുകയും ഭക്ഷണമുണ്ടാക്കി ദാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന സന്തോഷങ്ങള്‍ കവിയുടെ വിവരണത്തില്‍ എത്രയാണ്! റബീഉല്‍ അവ്വല്‍ ആരംഭത്തില്‍ തന്നെ ഇങ്ങനെ മൗലിദ് കഴിച്ചാല്‍ അവരുടെ ധനം കനയ്ക്കുന്നതും തനിക്കും കുടുംബത്തിനും വീട്ടിനും കാവല്‍ ലഭിക്കുന്നതും അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നതും ജീവിതവൃത്തിയില്‍ അഭിവൃദ്ധി ഉണ്ടാകുന്നതും ഇരുലോകത്തും സന്തോഷവും വിജയവും അനന്തര ഫലമായി ഭവിക്കുന്നതും ഉദ്‌ബോധിപ്പിക്കാന്‍ കവി അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉടനെ ഹാജത്തുകള്‍ നിവൃത്തിയാകുന്നതും അക്കൊല്ലത്തെ ആഫത്തുകള്‍ തടയപ്പെടുന്നതും മരണാനന്തരം സ്വര്‍ഗ്ഗം ലഭിക്കുന്നതും മൗലിദ് കഴിക്കുന്നതിന്റെ ഫലങ്ങളായി എടുത്തുപറഞ്ഞ വിശ്രുത ജ്ഞാനിയും മൗലൂദ് രചയിതാവുമായ അല്ലാമാ ഇബ്‌നുല്‍ ജൗസി(റ)യുടെ വാക്കുകള്‍ ഉദ്ധരിക്കാനും കവി തയ്യാറായിരിക്കുന്നു.
ഒരുപക്ഷേ, നബിദിനാഘോഷത്തിന്റെ പോരിശ വര്‍ണ്ണിച്ച, അതിന്റെ മഹത്വങ്ങളും ഫലങ്ങളും വിവരിച്ച മാപ്പിള ഭാഷയിലെ ആദ്യ രചനയായിരിക്കണം മഹാകവിയുടെ ഹിജ്‌റ ക്വിസ്സപ്പാട്ട്. ‘ഐനുല്‍ വുജൂദ്’ ആയ ആറ്റല്‍ തിരു നൂറുല്ലാഹ് പിറന്ന അനുഗ്രഹീത നിശ ലൈലത്തുല്‍ ഖദറിനേക്കാള്‍ മഹത്തരമാണെന്ന ജ്ഞാനികളുടെ അഭിപ്രായം മലയാളക്കരയിലെ പൊതുജനം ആദ്യമായി വായിക്കുന്നതും വൈദ്യരുടെ ഹിജ്‌റയില്‍ നിന്നായിരിക്കണം.
അവലംബം:
1. നൂല്‍ മദ്ഹ് :കവിതയുംകാലവും
(ഡോ :പി സക്കീര്‍ ഹുസൈന്‍ )
2. മഹത്തായ മാപ്പിള പാരമ്പര്യം
3 മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍
4. നബികീര്‍ത്തന സാഹിത്യം കേരളത്തില്‍ (സ്വാലിഹ് പുതുപൊന്നാനി)