മദീനയിലേക്കെത്താനായി തനിക്കുണ്ടായിരുന്ന പതിനെട്ട് തോട്ടങ്ങളും വ്യത്യസ്ത ഘട്ടങ്ങളിലായി വില്‍പ്പന നടത്തി വീണ്ടും വീണ്ടും ശ്രമം നടത്തിയ ഒരു അനുരാഗിയെ നിങ്ങള്‍ പലതവണ കേട്ടിരിക്കും. ശ്രമങ്ങള്‍ പലതും നടത്തിയിട്ടും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല. അങ്ങനെ ഒരു ദിവസം അദ്ദേഹം മദീനയിലേക്ക് പുറപ്പെടുകയാണ്. പുറപ്പെട്ട വിവരം മദീനയുടെ നായകന്‍ മുത്ത് നബി(സ്വ)അറിയുന്നു. മുത്ത്‌നബി ഭരാണാധികാരിക്ക് സ്വപ്‌നത്തില്‍ നിര്‍ദ്ദേശം നല്‍കി. ബാഗ്ദാദില്‍ നിന്നും ഒരു വ്യക്തി മദീന ലക്ഷ്യമാക്കി വരുന്നുണ്ട്. അതിര്‍ത്തിയില്‍ അദ്ദേഹത്തെനിങ്ങള്‍ തടയണം. അദ്ദേഹമെങ്ങാനും എന്റെ ചാരെയെത്തിയാല്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഞാന്‍ ഖബ്‌റില്‍ നിന്നും എഴുന്നേല്‍ക്കേണ്ടി വരും. മുത്ത് നബിയുടെ സ്വപ്‌ന നിര്‍ദ്ദേശം അദ്ദേഹം പാലിച്ചു.
അങ്ങനെ അതിര്‍ത്തിയില്‍ അദ്ദേഹത്തെ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു. അവിടെ നിന്നും തിരിച്ചയച്ചു. ഇങ്ങനെ പലവുരു ആവര്‍ത്തിച്ചു. അദ്ദേഹം നിരാശപ്പെട്ടില്ല. സ്‌നേഹം ഊട്ടിയുറപ്പിച്ചു അദ്ദേഹം വീണ്ടും മദീനയിലേക്കണയാന്‍ പല വഴികളും തേടി. ഒടുവില്‍ അദ്ദേഹം ഒരു വിറകു വെട്ടുകാരനെ സമീപ്പിച്ചു. മദീനയിലേക്ക് വിറക് കെട്ടുമ്പോള്‍ വിറകു കെട്ടിനുള്ളില്‍ കയറി മദീനയിലെത്തിക്കണമെന്ന് ധാരണയായി. അങ്ങനെ വിറക് കെട്ടുമായി വാഹനം മദീനയിലേക്ക് പുറപ്പെട്ടു.
മദീനയുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ മദീനയുടെ ഇളം കാറ്റ് അദ്ദേഹത്തെ തലോടിയപ്പോള്‍ അദ്ദേഹം പരിസരം വിട്ട് സ്വലാത്തും സലാമും മുത്ത് നബിയുടെ മേല്‍ ചൊല്ലി. വിറക് കെട്ടുനുള്ളില്‍ നിന്നും ശബ്ദം കേട്ട് അന്ധാളിച്ചു പോയ പാറാവുകാര്‍ വിറകു കെട്ടഴിച്ചു. അതാ കിടക്കുന്നു ആശിഖു റസൂല്‍ അബൂബക്കര്‍ റശീദുല്‍ ബാഗ്ദാദി(റ).
പ്രേമം പൊട്ടിയൊഴുകിയ വരികള്‍ വായിക്കുന്നത് മനസ്സിന് ആനന്ദമാണ്. പ്രവാചക പ്രേമത്താല്‍ അനുരാഗം പൂണ്ട ആശിഖീങ്ങള്‍ കോര്‍ത്തിണക്കിയ കവിതകള്‍ മനസ്സിന് കുളിരു പകരും വിധത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. പ്രവാചകാനുരാഗം അക്ഷരങ്ങള്‍ അടുക്കി വെച്ച് ആശയ ഭംഗിയും പ്രാസ ഭംഗിയും ചേര്‍ന്നു മികക്കുമ്പോള്‍ കര്‍ണപുടങ്ങള്‍ക്ക് അത് ലഹരിയാകുന്നു. ലോകത്തിന്റെ പ്രേമഭാജനം അങ്ങനെയാണ്. കാതങ്ങളെറെയായി റസൂലിനെ വാഴ്ത്താനും പുകഴ്ത്താനും തുടങ്ങിയിട്ട്. കോറിയിട്ട കവിതകളും ഗദ്യ വിവരണങ്ങളും ഹൃദയത്തിന് എന്നും കുളിരേകുന്നു, കഅ്ബു ബ്‌നു സുഹൈര്‍(റ)ന്റെ ബാനത് സുആദയും ഇമാം ബൂസ്വീരിയുടെ ഖസീദത്തുല്‍ ബുര്‍ദയും മറ്റു പ്രവാചകാപദാന കാവ്യങ്ങളും കാവ്യലോകത്ത് ഇന്നും തിളങ്ങി കൊണ്ടിരിക്കുന്നു.
തിരുനബിയെ കുറിച്ചുള്ള കാവ്യക്കൂട്ടത്തില്‍ അതുല്യ സ്ഥാനം പിടിച്ച പ്രസിദ്ധ കാവ്യമാണ ഖസ്വീദത്തുല്‍ വിത്‌രിയ്യ എന്ന നാമത്തില്‍ പ്രസിദ്ധമായ ‘അല്‍ ഖസാഇദുല്‍ വിത്‌രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ’. നടേ പറഞ്ഞ കഥയിലെ കഥാപാത്രമായ മഹാനയ റശീദുല്‍ ബാഗ്ദാദിയാണ് വിത്‌രിയ്യയുടെ രചയിതാവ്. ഹിജ്‌റ 662ല്‍ അഥവാ ക്രിസ്താബദം 1264ല്‍ ബാഗ്ദാദിലാണ് അദ്ദേഹം വഫാത്തായത്. അറബി സാഹിത്യത്തിലെ ഉന്നത കവിയായ ഇദ്ദേഹം ശാഫിഈ മദ്ഹബുകാരനും പ്രമുഖ വാഗ്മിയുമാണ്.
അറബി അക്ഷരമാലയിലെ ഇരുപത്തിയൊമ്പത് അക്ഷരങ്ങള്‍ കൊണ്ടും അക്ഷരമാല ക്രമത്തില്‍ ഇരുപത്തിയൊന്ന് ബൈത്തുകള്‍ ഉള്‍കൊള്ളിച്ചത് ഈ പ്രവാച കാവ്യത്തെ മറ്റുള്ള കാവ്യങ്ങളില്‍ നിന്നും വ്യതിരക്തമാക്കുന്നു. ഇതിന് വിത്്‌രിയ്യ എന്ന് പേര് വെക്കാന്‍ കാരണം തന്നെ ഇതാണ്. പക്ഷെ മീമ് എന്ന അക്ഷരത്തിന് കീഴില്‍ അതില്‍ നിന്നും വ്യത്യസ്തമായി ഇരുപത്തി രണ്ട് വരികളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. കാരണം മുത്ത് നബിയുടെ നാമങ്ങളില്‍ പ്രസിദ്ധമായ നാമമായ മുഹമ്മദ് എന്ന നാമത്തിലെ ആദ്യക്ഷരമായത് കൊണ്ട് ഈ അക്ഷരത്തിന് മറ്റു അക്ഷരങ്ങളെക്കാള്‍ പ്രത്യേകതയുണ്ട്.
ഇതിന്റെ പ്രത്യേകതകളില്‍ പെട്ട മറ്റൊന്നായി നമുക്ക് കാണാന്‍ സാധിക്കുന്നത് തുടങ്ങിയ അക്ഷരം കൊണ്ട് തന്നെ അവസാനിപ്പിക്കുന്നു എന്നതാണ് അഥവാ ആദ്യ-അന്ത്യാക്ഷര പ്രാസ രീതി ഇതിനെ ആകര്‍ഷകമുള്ളതാക്കുന്നു. നബി(സ്വ)യെ കുറിച്ചുള്ള അപദാനങ്ങളും മഹത്വങ്ങളും വര്‍ണ്ണനകളും എല്ലാ അക്ഷരങ്ങള്‍ക്ക് കീഴിലും വ്യത്യസ്്ത രീതിയില്‍ അവതരിപ്പിച്ചത് കാണാം. മാത്രമല്ല അധിക അധ്യായങ്ങളുടെയും അവസാന വരികളില്‍ നബി(സ്വ)യോട് ശഫാഅത്തിനെ തേടുന്നതും സഹായം അഭ്യാര്‍ത്ഥിക്കുന്നുമുണ്ട്. അന്ത്യ നാളിലെ രക്ഷക്കും പരിഗണനക്കും പാപം പൊറുപ്പിക്കാനുമെല്ലാം അവസാന വരികളിലൂടെ എല്ലായിടത്തും കവി ശ്രമം കണ്ടെത്തുന്നു. അഥവാ അവിടുത്തെ വിശേഷണങ്ങളും സൗന്ദര്യങ്ങളും പദവികളും സ്ഥാന മാനങ്ങളുമെല്ലാം പറഞ്ഞ് ഉയര്‍ത്തിപ്പിടിച്ച്് തവ്വസ്സുല്‍ ചെയ്ത് മുത്ത് നബിയുടെ ശഫാഅത്ത് കാംക്ഷിക്കുകയാണ് കവി.
മഹാനവര്‍കള്‍ ഈ കവിത പൂര്‍ത്തീകരിച്ചപ്പോള്‍ നാഥന്റെ മഹത്തായ അനുഗ്രഹം കൊണ്ട് മുത്ത് നബിയെ അദ്ദേഹം സ്വപ്‌നത്തില്‍ ദര്‍ശിക്കുകയുണ്ടായി. നബി(സ്വ)യോടൊപ്പം സ്വഹാബാക്കളുമുണ്ട്. അബൂബക്കര്‍(റ)നെയും ഉമര്‍(റ)നെയും കവി തിരിച്ചറിഞ്ഞു. നബി(സ്വ) വന്നു കൊണ്ട് തന്റെ കവിത അഥവാ വിത്‌രിയ്യ മുഴുവന്‍ സ്വഹാബാക്കള്‍ക്കും നല്‍കി. എന്നിട്ട് നബി(സ്വ)പറഞ്ഞു: നോക്കൂ ഞാനെങ്ങനെയാണ് വാഴ്ത്തപ്പെട്ടിരിക്കുന്നത്, എന്നെ കുറിച്ച് എന്താണ് പറഞ്ഞതെന്നും. എന്നിട്ട് നബി(സ്വ) റശീദുല്‍ ബാഗദാദിയോട് പറഞ്ഞു: ”നിന്റെ കുടുംബത്തിലും ഭാര്യയിലും അനുചരിലും സേവകരിലുമെല്ലാം എന്റെ ശുപാര്‍ശ അല്ലാഹു സ്വീകരിച്ചിരിക്കുന്നു”.
അറബി സാഹിത്യത്തിലെ പ്രസിദ്ധമായ ഇരുപത്തിയാറ് കാവ്യ വൃത്തങ്ങളില്‍ പ്രഥമ സ്ഥാനം വഹിക്കുന്ന ‘ത്വവീല്‍’ എന്ന വൃത്തത്തിലാണ് വിത്‌രിയ്യ വിരചിതമായിട്ടുള്ളത്. നബി(സ്വ)യുടെ മദ്ഹ് കാവ്യമായി ഈ കൃതി പല പേരുകളിലായി ലോക തലത്തില്‍ അറിയപ്പെടുന്നുണ്ട്. അല്‍ വിത്‌രിയ്യാത്ത് ഫീ മദ്ഹി അഫഌലില്‍ കാഇനാത്, അല്‍ ഖസാഇദുല്‍ വിത്‌രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ, അല്‍ വിത്‌രിയ്യ ഫീ മദ്ഹി അഫഌലി മഖ്‌ലൂഖാത്ത്, മഅ്ദിനുല്‍ ഇഫാളാത്ത് ഫീ മദ്ഹി അശ് റഫില്‍ കാഇനാത് എന്നിവയാണ് പ്രധാനപ്പെട്ട പേരുകള്‍. ഖസീദത്തുല്‍ വിത്‌രിയ്യക്ക് അനേകം മഹത്തുക്കള്‍ തഖ്മീസുകള്‍(പഞ്ചവത്കരണം)രചിച്ചിട്ടുണ്ട്.
ഹിജ്‌റ 970 അല്ലെങ്കില്‍ 980ല്‍ വഫാത്തായ ഇബ്‌നു വാരിഖിവല്‍ വിതിരി, ഇബ് നുശഥാ അ ദിംയാതി മുഹമ്മദ് ബ്‌നു അബ്ദില്‍ അസീസ് ബ്‌നു ശഅ്ബാന്‍ അല്‍ ഇസ്‌കന്തരി, മുഹന്നദ് ബ്‌നു ഫാത്്വിമി ബ്‌നുല്‍ ഹുസൈന്‍ അസ്സഖലി അല്‍ ഹുസൈനി, അശ്ശൈഖ് ആരിഫു വില്ലാഹി സ്വദഖുത്തുള്ളാഹില്‍ ഖാഹിരി കായല്‍പട്ടണം. സ്വദഖത്തുള്ളാഹില്‍ ഖാഹിരീ വിത്‌രിയക്ക് തഖ്മീസ് രചിക്കുകകയും ഒരോ അധ്യായത്തിലും എട്ട് വരികള്‍ കൂട്ടി ചേര്‍ത്ത് ആകെ ഇരുപത്തിയൊമ്പത് വരികളാക്കി. മീമില്‍ മുപ്പത് വരികളും.
പ്രവാചകാനുരാഗം കവിതാ ശകലങ്ങളിലൂടെ അവതരിപ്പിച്ച റശീദുല്‍ ബാഗ്ദാദിയുടെ യഥാര്‍ പേര് മുഹമ്മദ് എന്നാണ്. മജ്ദുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു അബീബക്കര്‍ ബ്‌നു റഷീദ് എന്നാണ് മുഴുവന്‍ പേര്. ബാഗ്ദാദ് ദേശക്കാരനായത് കൊണ്ട് ‘ബാഗ്ദാദി’ എന്നും വിത്‌രിയ്യയുടെ രചയിതാവായത് കൊണ്ട് അല്‍ വിത്‌രിയ്യീ എന്നും പേരിനോടു കൂടെ ചേര്‍ക്കുന്നു.
പ്രവാചകാനുരാഗം പ്രമേയമാക്കിയ എണ്ണിയാലൊതുങ്ങാത്ത അനേകം കവിതകളില്‍ സ്ഥാനം പിടിച്ച കവിതയാണ് ഖസീദത്തുല്‍ വിത്‌രിയ്യ. ഏറെക്കുറെ ഏവര്‍ക്കും സുപരിചിതമായിരിക്കും ഈ ബൈത്തുകള്‍. വിശുദ്ധ റമാളാനിലെ വിത്‌റ് നിസ്‌കാരം കഴിഞ്ഞ് കൂട്ടമായിരുന്ന് വിത്‌രിയ്യ ഉച്ചഭാഷിണിയിലൂടെ പാരായണം ചെയ്യുന്ന പല പള്ളികളും ഇന്ന് കേരളത്തിലുണ്ട് പ്രത്യേകിച്ചു മലബാര്‍ മേഖലകളില്‍ ഇത് കൂടുതല്‍കാണാന്‍ സാധിക്കും.
(അവലംബം:അല്‍ അഫാഇദുല്‍ വജ്ദിയ്യ ഫില്‍ ഖസാഇദില്‍ വിത് രിയ്യ-ശൈഖ് അബൂബക്കര്‍ അഹ്മദ്)