മനം നിറഞ്ഞൊഴുകിയ പ്രവാചക പ്രണയത്തെ അക്ഷരങ്ങളില്‍ കോര്‍ത്ത് സമഗ്രാവിഷ്‌കാരം നടത്തി മാലോഖരുടെ ചിത്തങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയെടുത്ത അവദാന ഗാനമാണ് ഇമാം ബൂസൂരി (റ)ന്റെ ഖസ്വീദത്തുല്‍ ബുര്‍ദ. പ്രവാചക പ്രണയകാവ്യ രചനകളില്‍ ബുര്‍ദയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. തിരു പ്രീതി സാക്ഷാത്കരിക്കാന്‍ പ്രവാചകന്റെ ജീവിത കാലത്തും വഫാത്തിന് ശേഷവും ഗദ്യ പദ്യ മേഖലകള്‍ കേന്ദ്രീകരിച്ച് ഒരു പാട് ഇടപെടലുകള്‍ ഉള്ളതായി കാണാവുന്നതാണ്. സ്വഹാബി പ്രമുഖരായ ഹസ്സാനുബ്‌നു സാബിത് (റ)വും കഅ്ബ് ബ്‌നു സുഹൈര്‍ (റ)വും നബി കീര്‍ത്തന കവിയരങ്ങിലെ നിത്യ സാന്നിദ്ധ്യങ്ങളായിരുന്നു. പ്രവാചകനു ശേഷവും ഒട്ടനവധി പ്രീതി ഗാനങ്ങളും മദ്ഹ് കാവ്യങ്ങളും ലോകത്ത് വിരചിതമായിട്ടുണ്ട്. എന്നാല്‍ ഏറ്റവും ജനസമ്മിതിയും പ്രചുര പ്രചാരണവും നേടിയ കാവ്യമെന്ന നിലക്ക് ബുര്‍ദ വേറിട്ട് നില്‍ക്കുന്നു.
ഇമാം ബൂസൂരി (റ)
കവികളുടെ നേതാവ് എന്നു പുകള്‍പെറ്റ പണ്ഡിതനും സൂഫിവര്യനും തിരു പ്രേമ ഗാനങ്ങളുടെ പുതിയ ഇശലുകള്‍ പരിചയപ്പെടുത്തിയവരും ആണ് ഇമാം ബൂസൂരി (റ). ഹിജ്‌റ 608-ല്‍ ഈജിപ്തിലെ ദലാസ് എന്ന ഗ്രാമത്തില്‍ ജനിച്ചു. ബാല്യകാലം ചിലവഴിച്ചത് – ബൂസിര്‍ – എന്ന ഗ്രാമത്തിലാണ് . പിന്നീട് ഈ നാടിലേക്ക് ചേര്‍ത്തി ബൂസൂരി എന്ന് മഹാന് നാമകരണം ചെയ്യുകയുണ്ടായി. അബൂ അബ്ദില്ല ശറഫുദ്ദീന്‍ മുഹമ്മദുബ്‌നു സഈദ് അല്‍ ബൂസൂരി എന്നാണ് പൂര്‍ണ്ണ നാമം. മുഹമ്മദ് എന്നാണ് ശരിയായ നാമം. അബു അബ്ദില്ല വിളിപ്പേരും ശറഫുദ്ദീന്‍ സ്ഥാനപ്പേരുമാണ്.
മഹാന്റെ ബാല്യകാല ചരിത്രങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയിട്ടില്ല. ഈജിപ്തിലെ വിശ്വവിഖ്യാതമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചിരുന്നത്. പ്രമുഖ സൂഫി വര്യനായിരുന്ന അബുല്‍ അബ്ബാസ് അഹ്മദുല്‍ മര്‍സിയാണ് ഗുരുക്കന്‍മാരില്‍ പ്രധാനി. ചെറുപ്പത്തില്‍ തന്നെ അറിവിനോടും അറിവാളന്‍മാരോടും മഹാന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സാഹിത്യത്തില്‍ അതിനിപുണനായ ഇമാം ചെറുപ്പത്തില്‍ തന്നെ പരിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു .തന്റെ അറിവും അനുഭവങ്ങളും നബി പ്രേമം തുളുമ്പുന്ന കാവ്യ ശകലങ്ങളില്‍ ചേര്‍ത്തുവെക്കാന്‍ ചെറുപ്രായത്തില്‍ തന്നെ മഹാന്‍ അതീവ താല്പര്യം കാണിച്ചിരുന്നു.
കാലിഗ്രഫി, എഴുത്തുകല എന്നിവയില്‍ ഖ്യാതി നേടിയ മഹാന്‍ ആദ്യ കാലങ്ങളില്‍ ഗ്രന്ഥങ്ങള്‍ പകര്‍ത്തി എഴുതുക എന്നതായിരുന്നു തൊഴില്‍. കൊട്ടാര കവിയായി ജീവിതം ആരംഭിച്ചതോടെയാണ് കാവ്യ മേഖലയെ ഗൗരവമായി ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. പ്രവാചക അവദാനങ്ങളുടെ സൂക്ഷമ കവിതകള്‍ രചിക്കുന്നത് തന്റെ വാര്‍ദ്ധക്യ ഘട്ടത്തിലാണ്. ഇത് ഇമാം ബൂസൂരി തന്നെ തന്റെ ബുര്‍ദയില്‍ സ്മരിക്കുന്നുണ്ട്. ‘നിങ്ങള്‍ പ്രവാചകനെ കിനാവില്‍ കണ്ടിട്ടുണ്ടോ?’ എന്ന ഒരു ഫഖീറിന്റെ നിഷ്‌കളങ്ക ചോദ്യമാണ് പ്രവാചക പ്രേമ കാവ്യ രചനയിലേക്ക് കവിക്ക് കടന്ന് വരാന്‍ ഇടം നല്‍കിയത്. ഹിജ്‌റ 695-ല്‍ 87-ാം വയസ്സില്‍ മഹാന്‍ ദിവ്യംഗനായി. ഗുരുവര്യര്‍ അബുല്‍ അബ്ബാസ് മര്‍സിയുടെ ചാരത്ത് തന്നെയാണ് മഹാനെ മറവ് ചെയ്തത്. ബുര്‍ദക്ക് പുറമെ ഖസ്വീദത്തുല്‍ മുഹമ്മദീയ്യ, ഖസ്വീദത്തുല്‍ മുളരിയ്യ, ഖസ്വീദത്തുല്‍ ഹംസീയ്യ, ഖസ്വീദത്തുല്‍ ബാഅ്, ഖസ്വീദത്തുല്‍ ലാമ് എന്നിവയാണ് ഇതര പ്രശസ്ത രചനകള്‍.
ഖസ്വീദത്തുല്‍ ബുര്‍ദ
കാവ്യ നിയമങ്ങളുടെ സമഗ്രതയോടെ ഏഴോ അതിലധികമോ വരികള്‍ ക്രോഡീകരിക്കുന്നതിനാണ് ഖസ്വീദ എന്ന് പറയുന്നത്. ഇത്തരത്തില്‍ കാവ്യനിയമങ്ങളെ വേണ്ടവിധം പരിഗണിച്ച ഖസ്വീദയാണ് ഖസ്വീദത്തുല്‍ ബുര്‍ദ. 160 ശ്ലോകങ്ങളുള്ള ബുര്‍ദ
യുടെ ആദ്യത്തെ പേര് – അല്‍ ഖവാഖിബി ദുരിയ്യ : ഫീ മദ്ഹി ഖൈരില്‍ ബരിയ്യ- എന്നായിരുന്നുവെങ്കിലും ബുര്‍ദ എന്ന നാമകരണത്തില്‍ ഈ ഖസ്വീദയുടെ ഖ്യാദി പരക്കുകയായിരുന്നു. വാതരോഗം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ത്തിയപ്പോള്‍ അതില്‍ നിന്നും പൂര്‍ണ്ണമായും മോചനം ലഭിക്കലാണ് ബുര്‍ദ രചന കൊണ്ട് കവി ലക്ഷ്യമാക്കിയത്. കവിതാ രചനക്ക് ശേഷം അത് ചൊല്ലി രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു ഉറങ്ങിപ്പോയപ്പോള്‍ പ്രവാചകന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുകയും ശരീരം ആസകലം തടവുകയും പുതപ്പ് സമ്മാനിക്കുകയും ചെയ്തു. ഇത് കാരണമായി മഹാന്റെ രോഗം പൂര്‍ണ്ണമായും സുഖപ്പെടുകയും ചെയ്തു. ഈ സ്വപ്‌നം പുറം ലോകം അറിഞ്ഞതോടെ കവിത ഖസ്വീദത്തുല്‍ ബുര്‍ദ (പുതപ്പ് ഗീതം) എന്ന പേരില്‍ പ്രശസ്തമാവുകയായിരുന്നു. ക്രമേണ ബുര്‍ദയുടെ കൈയ്യെഴുത്ത് പ്രതികള്‍ വ്യാപിക്കുകയും രോഗ ശമനത്തിനും മറ്റും ഇത് ചൊല്ലി ഫലം കാണുകയും ചെയ്തപ്പോള്‍ ഈ കവിതക്ക് ബുര്‍ഉദ്ദാഅ് (രോഗശമന ഗീതം) എന്ന് വീണ്ടുമൊരു പേര് വരികയും ചെയ്തു. ബുര്‍ദ ഇത്രയധികം പ്രശസ്തമാകാനുള്ള കാരണം സാഹിത്യ സമ്പുഷ്ഠതയുടെ മൂര്‍ത്ത ഭാവത്തിലെത്തിയത് കൊണ്ടോ ആവിഷ്‌കാരത്തിന്റെ പൂര്‍ണ്ണതയില്‍ നിന്നും രചന നടത്തിയത് കൊണ്ടോ ഒന്നുമല്ല, പകരം ദൈവീകമായ കൃപ ഈ കവിതക്ക് പ്രത്യേകമായി ലഭിച്ചു എന്നത് കൊണ്ട് മാത്രമാണ്. ഈ കാവ്യത്തിന്റെ സൗന്ദര്യത്തെയും സാഹിത്യ വൈശിഷ്ട്യത്തെയും അംഗീകരിക്കാത്ത ഒരു കവിയുംതന്നെയില്ല. ശബ്ദ മധുരിമ, പ്രതിപാദ്യത്തിനൊത്ത പദ വിന്യാസം, അലങ്കാര പ്രയോഗങ്ങള്‍ , ബിംബാ വലികള്‍ എല്ലാം കൊണ്ടും സമ്പന്നമാണ് ബുര്‍ദ.
പ്രവാചകന് മുമ്പ് രചിക്കപ്പെട്ട സപ്ത കാവ്യങ്ങളുടെ (സബ്ഉല്‍ മുഅല്ലഖ) ചുവടു പിടിച്ചാണ് ഈ കാവ്യത്തിന്റെ ഗസലൊഴുക്കുള്ളത്. കാമുകിയുടെ നഷ്ടപ്പെടലുകളും പുണരാനുള്ള ഭാഗ്യത്തിന്റെ മുറിച്ചെറിയലുകളും വിലാപത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളെ ആവിഷ്‌ക്കരിക്കുന്ന അറബീ ശീലുകളുടെ അതേ ആവിഷ്‌കാരം തന്നെയാണ് കവി ബുര്‍ദയുടെ പ്രാരംഭം മുതല്‍ പാടാന്‍ ശ്രമിച്ചത്. പ്രേമ ഭാജനത്തോട് ഇഷ്ടം കൂടുമ്പോള്‍ പേരെടുത്ത് പറയാന്‍ പോലും നാവ് ഉയരാത്ത അവസ്ഥാവിശേഷം ഉണ്ടാവാറുണ്ട്. അബ്ദുല്ലാഹിബ്‌ന് മസ്ഊദ് (റ) പ്രവാചകന്റെ പേര് പറയാന്‍ മടി കാണിച്ചത് ഇത്തരം ഒരു സ്‌നേഹത്തില്‍ നിന്നും ഉറവയെടുക്കുന്നതാണ്. ഇമാം ബൂസൂരിയും ബുര്‍ദയുടെ ആദ്യ വരികളില്‍ സംബോധന പ്രവാചകനുമായ ബന്ധപ്പെട്ടതിനോട് ചെയ്തത് ഇത്തരം ഒരു സ്‌നേഹത്തിന്റെ ഭാഗമാണ്. അശ്രുകണങ്ങള്‍ പൊഴിച്ചത് പ്രവാചക പ്രേമത്താലാണെങ്കില്‍ അത് സമ്മതിക്കുന്നതില്‍ കവിക്കുള്ള അപകര്‍ഷതയാണ് ആദ്യവരികളിലൂടെ കാണാനാകുന്നത്. തുടര്‍ന്ന് പ്രവാചക വ്യക്തിത്വത്തിന്റെ വൈശിഷ്ഠ്യവും , അമാനുഷിക സംഭവങ്ങളും , അധര്‍മ്മത്തിനെതിരില്‍ നടത്തിയ സന്ധിയില്ലാ പോരാട്ടങ്ങളും പരിശുദ്ധ ഖുര്‍ആനിന്റെ മഹത്വവും പറഞ്ഞ് ബുര്‍ദയുടെ ഓരോ വരികളും തങ്കനൂലില്‍ കോര്‍ത്തിണക്കുകയാണ് കവി.
പ്രവാചക പ്രേമത്തിന്റെ മൂര്‍ത്ത ഭാവങ്ങള്‍ ബുര്‍ദയുടെ വരികളില്‍ ഇതള്‍ വിരിയുന്നത് കാണാവുന്നതാണ്. ഓമനത്തത്തില്‍ പൂ പോലെ / ശ്രേഷ്ടതയില്‍ തിങ്കള്‍ പോലെ / ഔദാര്യത്തില്‍ പാരാവാരം പോലെ / കരുത്തില്‍ കാലം പോലെ (44-ാം വരി) തുടങ്ങീ പ്രവാചകന്റെ മൊഴിമുത്തുകളും സ്വഭാവഗുണങ്ങളും വിവരിച്ച് കൊണ്ട് കവി ആവേശ ഭരിതനാവുന്നുണ്ട്. അതുപോലെ തന്നെ ഖുര്‍ആനിന്റെ മഹത്വം ഏറ്റവും ഭംഗിയായി വത്കരിക്കാന്‍ ഇമാം ബൂസൂരിക്കായിട്ടുണ്ട്. പ്രവാചക പ്രേമത്തെ വര്‍ണ്ണിക്കുന്നേടത്ത് ഏറ്റവും വലിയ മുഅ്ജിസത്തായ ഖുര്‍ആനിനെ വര്‍ണ്ണിക്കുന്നത് ഈ കവിതയോട് കവി പുലര്‍ത്തിയ ഏറ്റവും വലിയ നീതി തന്നെയാണ്. കാരണം പ്രവാചകനോളം മഹത്വമുണ്ട് അവിടുത്തോട് ബന്ധപ്പെട്ട മുഅ്ജിസത്തിനും എന്ന് തിരിച്ചറിയേണ്ടതുണ്ട്. മുഅ്ജിസത്തുകള്‍ കൊണ്ടാണല്ലോ ഒട്ടനവധി വിശ്വാസികള്‍ക്ക് വിശ്വാസത്തിലേക്ക് വരാന്‍ സാധിച്ചത്.! കടല്‍ തിരമാലകളുടെ ഐക്യത്തെ വേര്‍പ്പെടുത്താനാവാത്തതു പോലെ ഖുര്‍ആനിന്റെ അര്‍ത്ഥ സമ്പുഷ്ടതയെ നെല്ലും പതിരുമായി വേര്‍ത്തിരിക്കുന്നത് മൗഢ്യത്തമാണ്. കാരണം ഖുര്‍ആനിന്റെ ചന്തവും ചാരുതയും കടലില്‍ നിന്നെടുത്ത മുത്തുകളേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ളതാണ്. ഖുര്‍ആന്‍ പാരായണം കണ്‍കുളിര്‍മയേകുന്നതാണെന്നും അതിനാല്‍ പാരായണം ചെയ്യുന്നത് ചിന്തിച്ചായിരിക്കണമെന്നും ഇമാം ബുര്‍ദയിലൂടെ പറയുന്നു.
അധര്‍മത്തിനെതിരെയുള്ള പ്രവാചക സമരങ്ങളുടെ ആവിഷ്‌കാരം കവിതയുടെ ഏറ്റവും മൂര്‍ത്തീ ഭാവത്തില്‍ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത്. പര്‍വ്വതത്തിന് മുകളില്‍ നില്‍പ്പുറപ്പിച്ച ഭടന്മാരെ വേരുറച്ച മരങ്ങളോടാണ് ഉപമിക്കുന്നത്. അശ്വഭടന്‍മാരെ പിടിച്ചിരുത്തിയത് ജീനിയല്ലെന്നും ദൃഢമായ വിശ്വാസമാണെന്നും കവി ഉപദര്‍ശിക്കുന്നുണ്ട്. അഞ്ച് സംഘങ്ങളായി സ്വഹാബത്ത് സൈനിക ക്രമീകരണം നടത്തിയതിനെ കവിത ഉപമിച്ചത് അഞ്ച് സമുദ്രങ്ങള്‍ എന്നാണ്. ഈ അഞ്ച് സമുദ്രങ്ങള്‍ തിരമാല കൊണ്ട് നിബിഡമാണ്. ഇങ്ങനെ ഒട്ടനവധി ഉപമകളെ കൊണ്ട് സമ്പന്നമാക്കിയ ബുര്‍ദയേക്കാള്‍ വലിയ സൗന്ദര്യ കാവ്യം ഏതാണുള്ളത് ഇതല്ലെ കവിത….!
ഇത്തരത്തില്‍ പ്രാമാണികമായി പ്രവാചക പ്രേമത്തെ കവിതയില്‍ ഉള്‍പ്പെടുത്താനാണ് കവി ശ്രമിച്ചത്. എന്നാല്‍ പൊതുവിലും വിമര്‍ശകര്‍ ഉന്നയിക്കാറുള്ള ചോദ്യമാണ് ഇത്ര കണ്ട് പ്രവാചകനെ വാഴ്‌ത്തേണ്ടതുണ്ടോ. കാരണം ഒരു ആരാധ്യ പുരുഷനായി പ്രവാചകനെ കാണാന്‍ ഇത് കാരണമാവില്ലേ….? ഇതിന് കവി തന്നെ താക്കീതായി പറഞ്ഞത് ശ്രദ്ധിക്കുക:
പ്രവാചനിലേക്ക് ബഹുമാനത്തിന്റെ ഏത് പദാവലികളും ചേര്‍ക്കാം പക്ഷേ, ക്രിസ്ത്യാനികള്‍ ചേയ്തതുപോലെ നബിയില്‍ ദൈവീകത കല്പിക്കാതിരുന്നാല്‍ മതി.
പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു എനിക്ക് ശേഷം നിങ്ങള്‍ ശിര്‍ക്ക് (ദൈവത്തില്‍ പങ്ക് ചേര്‍ക്കല്‍ ) ചെയ്യുമെന്ന് ഭയക്കുന്നില്ല . അതിനാല്‍ പ്രവാചക അവദാനങ്ങള്‍ എത്ര കണ്ട് വാഴ്ത്താന്‍ സാധിക്കുമോ അത്രയും വാഴ്ത്തപ്പെടേണ്ട ബാധ്യത നമുക്കണ്ടെന്ന് സംഗ്രഹിക്കാം.
അനശ്വര കാവ്യം
തിരുനബി ചരിത്ര ശകലങ്ങളെ ഇമാം ബൂസൂരി അടക്കി വെച്ച് അക്ഷരങ്ങളിലൂടെ തെളിയിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് സാഹിത്യ സൗന്ദര്യാസ്വാദനം മാത്രമായിരുന്നില്ല, വേരുറച്ച ആദര്‍ശത്തിന്റെ നിദര്‍ശനങ്ങളായിരുന്നു . അതിനാല്‍ ഈ കാവ്യം അനശ്വരമായി നിലനില്‍ക്കന്‍ ഇതൊരു കാരണമാവുകയും ചെയ്തു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് രോഗശമനത്തിനും മറ്റുമായി നമ്മുടെ കൈരളിയില്‍ പടര്‍ന്നു പന്തലിച്ച ബുര്‍ദ മജ്‌ലിസുകള്‍. ഭാഷയുടെയോ ദേശങ്ങളുടെയോ അതിര്‍വരമ്പുകളില്ലാതെ ബുര്‍ദക്ക് ഇന്ന് ജനമാനസങ്ങളില്‍ ഒരിടമുണ്ട്. – യാ അക്‌റമ – മൂളാത്ത വദനങ്ങളില്ല. -യാ റബ്ബി ബില്‍ മുസ്തഫ – ചൊല്ലുമ്പോള്‍ ആര്‍ദ്രമാവുന്ന നയനങ്ങള്‍ ഏറെയാണ് ഇത്തരത്തില്‍ ബുര്‍ദയുടെ സ്വാധീനവും വ്യാപനവും ഒരുപാട് ചര്‍ച്ചയായിട്ടുണ്ട്.
കിഴക്ക് പടിഞ്ഞാര്‍ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ബുര്‍ദ പാടി ആത്മീയ ആനുഭൂതി കണ്ടെത്തി ഫ്രഞ്ച് സാമ്രാജ്യത്തിനെതിരില്‍ പടനയിച്ച അമീര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ബഈരി തന്റെ കൊടിയില്‍ ബുര്‍ദയിലെ താഴെ പറയുന്ന വരികള്‍ ഉല്ലേഖനം ചെയ്തിരുന്നു :-
വമന്‍ തകുന്‍ ബിറസൂലില്ലാഹി നുസ്‌റത്തഹു
ഇന്‍തല്‍കഹുല്‍ ഉസ്ദു ഫീ ആജാമിഹാ തജിമി
(പ്രവാചക സഹായം ഉറപ്പിച്ച ഒരുത്തനെ കണ്ടാല്‍ സിംഹം പോലും പേടിച്ചു വഴിമാറിത്തരും)
ഒരുപാട് വ്യാഖ്യാനങ്ങള്‍ ബുര്‍ദക്ക്‌വിരചിതമായിട്ടുണ്ട്. ഹിജ്‌റ 979-ല്‍ വഫാത്തായ വിഖ്യാത പണ്ഡിതന്‍ ഇബ്‌നു ഹജര്‍ (റ) എഴുതിയ – അല്‍ഉംദ – വ്യാഖ്യാനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ദശകണക്കിന് വ്യാഖ്യാനങ്ങളുണ്ടെന്ന് ഡോ: സകീ മുബാറക്ക് തന്റെ അല്‍ മദാഇബു നബവിയ്യ : അഥറുഹാഫില്‍ അദബില്‍ അറബിയ്യ : എന്ന ഗ്രന്ഥത്തില്‍ പറയുന്നു : മലയാളത്തില്‍ മാത്രമായി ഒരു ഡസനോളം പരിഭാഷകളുണ്ട് ഈ ഖസ്വീദക്ക്.