നവോത്ഥാനം മനുഷ്യന്റെ നേരായ വിശ്വാസങ്ങള്‍ക്ക് ചൂട്ടുപിടിച്ചിട്ടുണ്ട്. അജ്ഞതകള്‍ക്കു മുന്നില്‍ തളച്ചിടപ്പെട്ട ജീവിതങ്ങള്‍ക്ക് സദ് വൃത്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കിയിട്ടുണ്ട്. അന്ധമായ വിശ്വാസങ്ങള്‍ക്കപ്പുറം ധിഷണയുടെ പരിവേഷം നല്‍കിയിട്ടുണ്ട്, ഈ ഫലങ്ങളത്രയും പതിനേഴാം നൂറ്റാണ്ടുമുതല്‍ യൂറോപ്പില്‍ ഉടലെടുത്ത നവോത്ഥാനത്തിന്റെ പരിണിതഫലങ്ങളായും വര്‍ത്തിച്ചിട്ടുണ്ട്.
പടിഞ്ഞാര്‍ പല സമയയങ്ങളില്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ത്വരകാണിച്ചിട്ടുണ്ട്. അവര്‍ക്കുമുമ്പില്‍ മൂടുപടം വിരിച്ച അജ്ഞതയും ഊഹങ്ങളുടെയും കെട്ടുകഥകളുടെയും അതിപ്രസരണം ഇസ്‌ലാം ബോധ്യത്തിന് വിലങ്ങായി നിന്നു. ഇസ്‌ലാം വിജ്ഞാനീയങ്ങള്‍ യൂറോപ്പിനെ സമ്പന്നമാക്കുന്നതിനെ വളരെ ഭയത്തോടെ നോക്കികണ്ടിരുന്ന ക്രൈസ്തവ സഭയുടെ നിക്ഷിപ്ത താത്പര്യങ്ങളുടെ പിന്നാമ്പുറങ്ങളായിരുന്നു ഇത്തരം കെട്ടുകഥകളും ഊഹങ്ങളുമെല്ലാം. വൈകാതെ യൂറോപ്പ് നവോത്ഥാനത്തിന്റെ വഴിയെ ചെന്നപ്പോള്‍ ഇത്തരം ഊഹങ്ങളും കെട്ടുകഥകളും മറനീക്കി യാഥാര്‍ത്ഥ്യങ്ങളെ പടിഞ്ഞാറിലേക്ക് സംവേദനം ചെയ്തു.
ഇത്തരമൊരു സാഹചര്യം യൂറോപ്പിനെ അന്ധമായ ഇസ്‌ലാം വിരോധത്തില്‍ നിന്നും മുക്തമാക്കി, ധൈഷണികരായ പല ഓറിയന്റിസ്റ്റുകളും അവര്‍ അവഗാഹം നേടിയ അറിവിലെ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് അറബിയില്‍ നിന്നും മറ്റിതര പ്രമുഖ ഭാഷകളിലേക്ക് ഇസ്‌ലാം വിജ്ഞാനീയങ്ങള്‍ വിവിര്‍ത്തനം ചെയ്തതോടെ പടിഞ്ഞാറില്‍ ഇസ്‌ലാമിന്റെ നറുമണം വീശിത്തുടങ്ങി. ഇത്തരക്കാരില്‍ പ്രമുഖരായിരുന്നു ഇബ്‌നുല്‍ അമീന്‍ അല്‍ മകീന്‍(എ.ഡി 1273) (യൂറോപ്പില്‍ ആദ്യകാലത്ത് ഇസ്‌ലാമിനെക്കുറിച്ച് എഴുതപ്പെട്ട രചനകളിലെല്ലാം ഈ ഗ്രന്ഥത്തെക്കുറിച്ച് സൂചനകള്‍ കാണാം.) തുടര്‍ന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അറബി ഭാഷയിലുള്ള നബി ചരിത്രങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് വ്യാപകമായിത്തുടങ്ങി. പ്രത്യുത വഴിയേ ഇസ്‌ലാമിനും യൂറോപ്പിനും ഇടയില്‍ പുതിയ ബന്ധം ഉടലെടുക്കുകയും പടിഞ്ഞാറിന്റെ ഇസ്‌ലാം വിരോധത്തിന്റെ കാഠിന്യം കുറയുകയും ചെയ്തു. സ്വതന്ത്ര വൈജ്ഞാനിക ഗവേഷണത്തിലുള്ള അവരുടെ താത്പര്യം നിമിത്തം ഇസ്‌ലാമിനെ അറിഞ്ഞും പ്രവാചകനെ ആവാഹിച്ചും അവര്‍ രചനകള്‍ നടത്താനാരംഭിച്ചു. പ്രവാചകന്റെ ചരിത്രം എഴുതുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സാഹചര്യം വരെ സംജാതമായി (മര്‍ഗോളിയാത്തിന്റെ ‘മുഹമ്മദി’ന്റെ മുഖവുര)
ഓറിയന്റലിസ്റ്റുകളായിരുന്നു വിവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലെന്നിരിക്കെ അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ബോധപൂര്‍വ്വം അവരുടെ വിവര്‍ത്തനങ്ങളില്‍ ചെയ്തുവെച്ചു. ഇതുവഴിയുണ്ടായ വികലമായ ആശയങ്ങളും ചരിത്രങ്ങളും ഇസ്‌ലാമിനെതിരെയുള്ള ധാരാണ പിശകുകള്‍ക്ക് ഒരു പരിധിവരെ വഴിവെച്ചു.
പടിഞ്ഞാറില്‍ പൗരസ്ത്യ ഭാഷാ പഠനകേന്ദ്രങ്ങളും ലൈബ്രറികളും അക്കാദമിക കേന്ദ്രങ്ങളും ഉടലെടുക്കുകയും അവകളില്‍ മത്സരാധിഷ്ടിത രീതിയിലുള്ള പഠനങ്ങളും ഗവേഷണങ്ങളും ചര്‍ച്ചകളും അരങ്ങുതകര്‍ക്കുകയുമായപ്പോള്‍ ഇസ്‌ലാം വിജ്ഞാനീയങ്ങള്‍ യൂറോപ്പിന് കൂടുതല്‍ പരിചിതമായത്തുടങ്ങി. ഇസ്‌ലാമിനെ പഠിക്കാന്‍ മുഹമ്മദ് നബിയെ പഠിക്കുകയെന്ന യാഥാര്‍ത്ഥ്യ ബോധ്യം യൂറോപ്യര്‍ തിരിച്ചറിഞ്ഞു, പ്രത്യുത വെളിപാട് പടിഞ്ഞാറിന് തിരുനബി ചരിത്രങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കാനും വിഖ്യാത നബി ചരിത്രങ്ങള്‍ അറബിയില്‍ നിന്നും പടിഞ്ഞാറിന്റെ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെടാനും വഴിവെച്ചു.
പടിഞ്ഞാര്‍ അവരുടെ മതവും ദര്‍ശനങ്ങളും സാര്‍വ്വലൗകികവും ആഗോളവുമാമെന്ന് ധരിപ്പിച്ച് അതിന് ആഗോള സ്വീകാര്യത നേടിക്കൊടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു. അതിനവര്‍ പുതിയ മാര്‍ഗങ്ങള്‍ തേടി. ഏകദൈവാരാധനയുടെ മൂര്‍ത്തതതയായിരുന്ന ഇസ്‌ലാമിക മതദര്‍ശനത്തേയോ ആചാരങ്ങളേയോ അക്രമിച്ചില്ല. അതുമായി ഏറ്റുമുട്ടിയാല്‍ ക്രൈസ്തവ സഭയുടെ നിലപാടുകളെ അവ പൊളിക്കുമെന്നവര്‍ക്കറിയാമായിരുന്നതിനാലായിരുന്നു ഇത്. മറിച്ച് അവരുടെ എതിര്‍പ്പുകളെല്ലാം പ്രവാചകനെതിരെ തിരിച്ചുവിടാന്‍ തീരുമാനിച്ചു. പ്രവാചകനിന്ദ എന്ന ഇക്കാലം വരെ കൊണ്ടാടിക്കൊണ്ടിരിക്കുന്ന ആശയം ഇതിലൂടെ ഉരുവം കൊണ്ടതാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഫ്രഞ്ച് ചരിത്രകാരന്‍ വില്യം വാട്ട് മൗണ്ട് ഗോമറിയുടെ പഠനങ്ങള്‍ ശ്രദ്ധേയമായിരുന്നു. മുഹമ്മദ് അറ്റ് മക്ക(1953), മുഹമ്മദ് അറ്റ് മദീന(1956), മുഹമ്മദ് പ്രൊഫറ്റ് ആന്റ് സ്റ്റേസ്റ്റ്‌സ്മാന്‍(1961) എന്നീ പഠനങ്ങള്‍ പാശ്ചാത്യരുടെ ഇസ്‌ലാമിനെയും നബിയെയും കുറിച്ചുള്ള സങ്കുചിതമായ വീക്ഷണങ്ങളെ തകര്‍ക്കാന്‍ പോന്നതായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഓറിയന്റലിസ്റ്റുകളുടെ മുന്‍വിധിയും പരിമിതികളും തുടര്‍ന്നു കാലഘട്ടങ്ങളിലെ ചരിത്രകാരന്മാരുടെ നബിയെക്കുറിച്ചുള്ള എഴുത്തുകളില്‍ സ്വാധീനിച്ചിരുന്നു. ഈ സ്വാധീനത പിന്‍വാങ്ങുന്നത് എഴുപതുകള്‍ക്ക് ശേഷമാണെന്ന് കാണാം. അപ്പോഴേക്കും കരണ്‍ ആംസ്‌ട്രോങ്, ടോര്‍ ആന്ദ്രേ, മൈക്കല്‍ സെല്‍സ്, മാര്‍ട്ടിന്‍ ലിങ്‌സ്, ആന്‍മേരി ഷിമ്മല്‍ തുടങ്ങി ഒട്ടേറെപേര്‍ നബിയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി. ഇസ്‌ലാമിനെതിരെ അനാവിശ്യമായി ആക്ഷേപങ്ങള്‍ നടത്തിയപ്പോള്‍ ഇസ്‌ലാമിന്റെയും മുഹമ്മദ് നബിയുടെയും യഥാര്‍ത്ഥ ചരിത്രങ്ങളെ ഗ്രന്ഥമാക്കി പ്രസിദ്ധീകരിച്ചു. അവയില്‍ പ്രധനമാണ് കാരണ്‍ ആംസ്‌ട്രോങിന്റെ ‘മുഹമ്മദ് എ ബയോഗ്രഫി ഓഫ് ദ് പ്രൊഫറ്റ് (1991), മുഹമ്മദ്: ദ് പ്രൊഫറ്റ് ഫോര്‍ ഔവര്‍ ടൈം (2006).
മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ വ്യപകമായി പ്രസരണം ചെയ്തുകൊണ്ടിരിക്കുന്ന യൂറോപ്പില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രണ്ടാമത്തെ മതമായി ഇസ്‌ലാം മാറിയിരിക്കുന്നു. ക്രിസ്തീയ പുരോഹിതര്‍ പടച്ചുവിട്ട ഊഹങ്ങളും കെട്ടുകഥകളും യൂറോപ്യന്‍ തീരത്തുനിന്ന് ഒഴിഞ്ഞികൊണ്ടിരികുന്നു. പ്രസ്തുത നബി ചരിത്രങ്ങള്‍ക്കു പുറമേ സ്വതന്ത്ര വിജ്ഞാന സംവേദനം സാധ്യമായതും ഇസ്‌ലാം പുല്‍കുന്നതില്‍ യൂറോപ്യരെ സ്വാധിനിച്ചിട്ടുണ്ടെന്നുവേണം വിലയിരുത്താന്‍. വരും കാലങ്ങളില്‍ യൂറോപ്പില്‍ ഇസ്‌ലാം അതിധ്രുതം വ്യാപനം നടക്കുമെന്നാണ് ചിന്തകന്മാരുടെ വിലയിരുത്തലുകള്‍….