സ്വന്തത്തെ ത്യജിച്ച്, ഇലാഹില്‍ ലയിച്ച്, ആത്മജ്ഞാനത്തിന്റെ അഗാധതകളെ ആവാഹിച്ച് ഉള്‍വെളിച്ചം നേടിയവരാണ് സൂഫികള്‍. പ്രകൃതിയിലെ ഏതൊരു വസ്തുവിനേയും സാധാരണക്കാരെ പോലെയല്ല ഇവര്‍ ദര്‍ശിക്കുക. അതിന്റെ പൊരുളും പെരുമയും ആവോളം നുകര്‍ന്ന് ഇലാഹിലൂടെ അവയെ നോക്കി കാണുന്നു. അപ്പോള്‍ മറ്റാര്‍ക്കും അനാവൃതമാകാത്ത അദൃശ്യ തലങ്ങള്‍ ഇവര്‍ക്ക് വെളിപ്പെടും. ഇത്‌പോലെയാണ് പ്രവാചകനേയും അവര്‍ നോക്കി കണ്ടത്. അപ്പോള്‍ കേവല മനുഷ്യന്‍ എന്ന പ്രയോഗം അവര്‍ക്ക് മുന്നില്‍ അര്‍ത്ഥമില്ലാത്ത, ലോകം തിരിയാത്ത ഒരു ബൗദ്ധികന്റെ പാഴ്‌മൊഴിയാകുന്നു. സര്‍വ്വ അണുവിന്റേയും നില നില്‍പ്പിന്റെ ഉണ്മയും നിത്യജീവിതത്തിന്റെ ചൈതന്യവുമയി നബിതങ്ങളെ തിരിച്ചറിയുന്നു.
നൈമിഷിക ലോകത്തിന്റെ നിരര്‍ത്ഥകത ബോധ്യം വന്ന് അനശ്വരപ്രണയത്തിന്റെ ശാശ്വതയെ ആവാഹിക്കാനുളള സൂഫികളുടെ പ്രയാണത്തിന് ഒരു വഴി വെളിച്ചം അനിവാര്യമാണ്. ഭൗതികതയും മോഹ ലാഭക്കൊതികളും ശരീരേച്ഛകളും മറ തീര്‍ത്ത തന്റെ നിഷ്‌കളങ്ക ആത്മാവിനെ തീയിലിട്ട് ഉരുക്കി വെളുപ്പിക്കാന്‍ കേവലമായ ഒരു ശ്രമം പോര. മറിച്ച് അങ്ങനെ വിജയം പുല്‍കി മറ്റൊരാളെ വഴിനടത്താനുളള പ്രാപ്തി നേടിയ ഗുരു അനിവാര്യമാണ്. ആ സന്മാര്‍ഗത്തിന്റെ അനുസ്യൂത വഴിയെ ആദ്യമായി മുഹമ്മദീയ ഉമ്മത്തിന് അനാവരണം നടത്തിയത് മുഹമ്മദ് നബി (സ്വ) തങ്ങളാണ്. നബിയേ വായിക്കുക എന്നമാറ്റത്തിന്റെ ദിവ്യ വചനം കൊണ്ട്, തുടങ്ങി ഇലാഹില്‍ നിന്ന് നേരിട്ട് സ്വീകരിച്ച ആ വെളിച്ചത്തെ ആര്‍ക്കും കൈമാറുന്നത് അവിടെ നിന്നാണല്ലോ. ആയതിനാല്‍ ഒരാള്‍ക്കും ഇലാഹില്‍ ചേരാന്‍, ആത്യന്തികമായ ആ ലക്ഷ്യം പുല്‍കാന്‍ തിരുനബിയിലൂടെയല്ലാതെ സാധ്യമല്ല. ഈ അര്‍ത്ഥത്തില്‍ സൂഫികളെല്ലാം പ്രവാചകനെ തങ്ങളുടെ പ്രഥമ വഴികാട്ടിയായി സ്വീകരിച്ചു.
അത് പോലെതന്നെ പ്രധാനമാണ് പ്രവാചകന്റെ അപാരതയും. എല്ലാ ചലനത്തിന്റേയും ആത്മവായുവായി നില നില്‍ക്കുന്ന പ്രവാചകനെ കുറിച്ചുള്ള തിരിച്ചറിവ്. അവിടത്തെ സൃഷ്ടിക്കുന്നില്ലങ്കില്‍ ഈ ലോകം തന്നെയില്ലെന്ന തലത്തിന്റെ അനാവൃതമാകല്‍. എന്തും സൃഷ്ടിക്കപ്പെടും മുമ്പ് എന്തിന്റേയും നാഡിയായി സൃഷ്ടിക്കപ്പെട്ട അവിടത്തെ ഒളിവിനെ അനുഭവിക്കല്‍. നാമും നാം വസിക്കുന്നതും അനുഭവിക്കുന്നതുമായ എന്തും അവിടത്തെ ആശ്രയിച്ച് മാത്രമാണല്ലോ എന്ന തിരിച്ചറിവ്. നിന്റെ നബിയുടെ പ്രഭയാണ് ജാബിറേ ആദ്യ സൃഷ്ടിയെന്ന് തിരുനബി പറഞ്ഞല്ലോ. അതില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. ആദ്യ സൃഷ്ടി എന്താണെന്ന ജാബിര്‍(റ) വിന്റ ചോദ്യത്തിന്റെ മറുപടിയില്‍ തിരുനബി ആ അനന്ത രഹസ്യത്തെ വിവരിക്കുന്നുണ്ട്. ജാബിര്‍, എല്ലാ വസ്തുക്കള്‍ക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ ഒളിവിനെയാണ്. ആ ഒളിവ് അല്ലാഹുവിന്റെ ഖുദ്‌റത്ത് കൊണ്ട് അവനുദ്ദേശിച്ചിടത്തെല്ലാം കറങ്ങി നടക്കുന്നു. അന്ന് ലൗഹ്, ഖലമ്, സ്വര്‍ഗ്ഗം, നരകം, മലക്ക്, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, ജിന്ന്, ഇന്‍സ്, എന്നീ സൃഷ്ടികളൊന്നുമില്ല. പിന്നീട് അല്ലാഹു സൃഷ്ടികളെയെല്ലാം പടക്കാനുദ്ധേശിച്ചപ്പോള്‍ ആ ഒളിവിനെ – അതില്‍ നിന്നൊരംശത്തെ നാലുഭാഗമാക്കി വിഭജിച്ചു. ഒന്നാം ഭാഗത്തില്‍ നിന്നു ഖലമും, രണ്ടാം ഭാഗത്തില്‍ നിന്നു ലൗഹും, മൂന്നാം ഭാഗത്തില്‍ നിന്ന് അര്‍ശും പടച്ചു. നാലാം ഭാഗത്തെ വീണ്ടും നാലു ഭാഗമാക്കി വിഭജിക്കുകയും അതില്‍ നിന്ന് ഒരുഭാഗത്താല്‍ അര്‍ശിന്റെ വാഹകരായ മലക്കുകളേയും രണ്ടാം ഭാഗത്താല്‍ മറ്റെല്ലാ കുര്‍സിയ്യിനേയും മൂന്നാം ഭാഗത്താല്‍ മറ്റെല്ലാ മലക്കുകളേയും സൃഷ്ടിച്ചു. നാലാം ഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നില്‍ നിന്ന് ആകാശങ്ങളും മറ്റൊന്നില്‍ നിന്ന് ഭൂമികളും മൂന്നാമതൊന്നില്‍ നിന്ന് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചു. അവശേഷിക്കുന്ന ഒരുഭാഗം വീണ്ടും നാലായി വിഭജിച്ചു. ഒന്നില്‍ നിന്നും സത്യ വിശ്വാസികളുടെ കണ്ണിലെ വെളിച്ചവും (സത്യം കാണുന്ന കാഴ്ച ശക്തി) മറ്റൊന്നില്‍ നിന്ന് അവരുടെ ഹൃദയത്തിന്റെ വെളിച്ചവും (അല്ലാഹുവിനെ കൊണ്ടുളള അറിവ്) മൂന്നാമത്തേതില്‍ നിന്ന് അവരുടെ നാക്കിന്റെ വെളിച്ചവും(ശഹാദത്തു കലിമ ഉച്ചരിക്കാനുളള ശക്തി)…….
ഇത് ഭൗതികമായി ഒരു പക്ഷെ വ്യക്തമായിക്കൊളളണമെന്നില്ല. പക്ഷെ ഈ യാഥാര്‍ത്ഥ്യം അനുഭവിച്ച് ഉള്‍ക്കാള്ളാന്‍ സൂഫികള്‍ക്കായി. മുഹമ്മദിയ്യാ നൂറിന്റെ അര്‍ത്ഥ തലങ്ങളെ വിശാലമായി ഗ്രഹിച്ച് അതില്‍ പ്രണയസാഗരമായി ഇവര്‍ ലയിച്ചു ചേര്‍ന്നു. സാധാരണക്കാര്‍ അതംഗീകരിച്ചു. മണ്ടന്മാരും പുത്തന്‍ വാദികളും ഇതിനെ മണ്ടത്തരമെന്നു വിശേഷിപ്പിച്ചു. പക്ഷെ അവയെയെല്ലാം ഉള്‍ക്കൊള്ളുന്ന ശത്രുവിനും വെളിച്ചം പകരുന്ന വിശാല കാരുണ്യമായി അവിടന്ന് സര്‍വ്വര്‍ക്കും അനുഗ്രഹമായി. നബിയേ അങ്ങയെ സര്‍വ്വര്‍ക്കും അനുഗ്രഹമായി നാം അയച്ചു, എന്നു ഖുര്‍ആന്‍.
വിശ്വാസികളുടെ ഹൃദയത്തിന്റെ തെളിച്ചമായ ആ പ്രവാചകനെ ഈ അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളാനാകണം. അങ്ങനെ ഉള്‍ക്കൊണ്ടാല്‍ അവിടത്തെ അങ്ങനെ അനുഭവിക്കാം. സര്‍വ്വ പ്രണയത്തിന്റേയും ഏക ലക്ഷ്യമായി അവിടത്തെ സ്വീകരിക്കാം. താനെന്ന ഉണ്മ തന്നെ അവിടത്തോടൊപ്പമാണ് പൂര്‍ണ്ണമാകുന്നതെന്ന് തിരിച്ചറിയാം. ഈ പ്രവാചക ഒളിവിന്റെ സത്ത ബോധ്യപ്പെട്ടപ്പോള്‍ ഇച്ചമസ്താന്‍ പാടി,
ബിസ്മില്ലാഹി റഹ്മാനി റഹീമു മേം നാം
ബാക്ക് പുളളിയില്‍ വളളിയും കീഴ് മദീന
ഫദ്കുര്‍ റബ്ബക ഫീ നഫ്‌സിക ആയത്തെടീ
ഫര്‍ദവന്‍ ഖുദ്ദൂസില്‍ സഖാമല്ലെടീ…
ലോകത്തുളള സര്‍വ്വ വസ്തുക്കളേയും തിരിച്ചറിയുന്നത് നാമങ്ങളെ കൊണ്ടാണ്. നാമം എന്നു പറയുന്ന ആശയം ബസ്മലയില്‍ അടങ്ങിയിട്ടുണ്ട്. ‘ബാ’ ഇലാകുന്നു പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടേയും നില നില്‍പ്പ്. കാരണം ‘ബാ’ എന്ന അക്ഷരത്തിന്റെ അര്‍ത്ഥം കൊണ്ട് എന്നാണ്. അഥവാ അവനെ കൊണ്ടാണ് ലോകത്തുളള സകലതും നില നില്‍ക്കുന്നത്. ‘ബാ’ ഇനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിനക്കത് ബോധ്യമാകും. ‘ബാ’ എന്ന അക്ഷരത്തെ നിങ്ങള്‍ മറിച്ചിടുക. കീഴ്‌മേല്‍ മറിച്ച് ആ പുളളിയെ മുകളിലേക്കിട്ടാല്‍ നിനക്ക് മദീന കാണാം. ‘ബി’ അഥവാ ‘കൊണ്ട്’ എന്നതിന്റെ രഹസ്യങ്ങളെ നിനക്ക് കിട്ടണമെങ്കില്‍ മദീനയിലേക്ക് പോകുകയല്ലാതെ നിവൃത്തിയില്ല.
മുഹമ്മദിയ്യാ നൂറിന്റേയും മുഹമ്മദിയ്യ ഹഖീഖത്തിന്റേയും ഈ ഉള്‍സാരങ്ങളെ സൂഫികള്‍ വായിച്ചെടുക്കുമ്പോള്‍ അഗാധമായ ഒരിക്കലും വായിച്ചു തീര്‍ക്കാനാവാത്തത്ര അര്‍ത്ഥ ഗാംഭിര്യമുള്‍ക്കൊള്ളുന്നവരാണ് പ്രവാചകനെന്ന് തിരിച്ചറിയുന്നു. അത്‌കൊണ്ടാണ് ബൂസ്വീരി ഇമാം പാടിയത്, ഫ ഇന്ന ഫള്‌ല റസൂലില്ലാഹി ലയ്‌സ ലഹു, ഹദ്ദുന്‍ ഫ യുഅ്‌രിബ അന്‍ഹു നാത്വിഖുന്‍ ബി ഫമി, ദൈവദൂതന്റെ ശ്രേഷ്ഠതക്ക് അറ്റമില്ല. ഉണ്ടങ്കില്‍ സംസാരിക്കുന്നവന്‍ തന്റെ വായ കൊണ്ട് അതാവിഷ്‌കരിക്കുമായിരുന്നുവെന്ന്. ഇങ്ങനെ ഹഖീഖത്ത് തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍ തിരുനബിയെ മറ്റാര്‍ക്കും വായിക്കാന്‍ കഴിയാത്തത്ര ഭംഗിയിലും സമ്പൂര്‍ണ്ണതയിലും ഇവര്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു. അങ്ങനെയാണ് ഉമ്മിയ്യ് എന്ന പലരും വിദ്യ നുകരാത്തവനെന്ന് കേവലം മൊഴിമാറ്റുന്ന വാചകത്തെ റൂമി മനോഹരമായി അവതരിപ്പിക്കുന്നത്,
കാവ്യ സമാഹാരങ്ങളായ
ഒരായിരം ഗ്രന്ഥങ്ങള്‍
ഉമ്മിയ്യ് എന്ന
ഒരൊറ്റ പദത്തിനു
മുന്നില്‍ വിവശയായി
തീരുന്നുവല്ലോ
ഫീഹി മാ ഫീഹിയില്‍ റൂമി(റ) വിശദീകരിച്ചു, എഴുത്തും വായനയും അറിയാത്ത് കൊണ്ടല്ല വിശുദ്ധ നബിയെ ഉമ്മിയ്യ് എന്നു വിളിച്ചത്. മറിച്ച് എഴുത്തും വായനയും ജ്ഞാനവുമെല്ലാം പരിശുദ്ധ നബിയില്‍ അന്തസ്ഥമായിരുന്നു, ആര്‍ജ്ജിക്കേണ്ടതായിരുന്നില്ല എന്നര്‍ത്ഥം.
അതുപോലെ ഇവര്‍ മറ്റുളളവരെക്കാള്‍ ഭംഗിയില്‍ പ്രവാചകനെ അടുത്തറിയുന്നു. ആത്മാവെന്ന ആത്യന്തിക സത്യത്തിന്റെ ലോകത്ത് പ്രണയികളുടേയും തിരുനബിയുടേയും ആത്മാക്കള്‍ വാരിപ്പുണരുന്നു. അങ്ങനെ സുഗന്ധ സാമ്രാജ്യത്തിലെ രാജാവിനെ ആസ്വദിച്ച് അവര്‍ ലയിച്ചിരിക്കുന്നു. ആത്മാവിനെ ഏറ്റവും അടുത്തറിയാന്‍ ഹബീബിന്റെ പച്ചഖുബ്ബക്ക് താഴെ ഇവര്‍ അടയിരിക്കുന്നു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി ചെന്ന് പ്രവാചക ആത്മാവില്‍ ലയിച്ച് ദിവസങ്ങളോളം മൗനത്തില്‍ ഉപവിഷ്ടരാകുന്നു. അങ്ങനെ ലയിച്ചാണ് ഉമര്‍ ഖാളി (റ) യാ അക്‌റമല്‍ കുറമാ പാടിയത്,
ഉദാരില്‍ അത്യുദാരായ നബിയേ
അങ്ങയുടെ സാമീപ്യമാഗ്രഹിക്കുന്ന
ഉമര്‍ അങ്ങയുടെ
സവിധത്തില്‍ ഇതാ നബിയേ
അങ്ങയുടെ സമീപത്ത് കരഞ്ഞാല്‍ ഔദാര്യ കടാക്ഷം
ഉണ്ടാകുമെന്ന പ്രതീക്ഷയില്‍
ഇരു നയനങ്ങളില്‍ നിന്നും
ഇരു കവിലുകളിലൂടെയും
അശ്രുവൊലിപ്പിച്ച് കൊണ്ടാണ് നില്‍പ്പ്
ഇങ്ങനെ ഹൃദയവും ഹൃദയവും ചോര്‍ന്ന ആത്മാക്കള്‍ സന്ധിച്ചാല്‍ പിന്നെ ഭൗദ്ധികമായ മറകള്‍ക്ക് യാതൊരു വിലയുമില്ലലോ. അങ്ങനെ ഇതു ചൊല്ലിയ സമയം പൂട്ടിയിട്ടിരുന്ന റൗളാ കവാടം തുറക്കപ്പെടുകയും ഉമര്‍ ഖാളി (റ) അകത്തു കടന്ന് സായൂജ്യമടയുകയും ചെയ്തു. ഇമാം രിഫാഈ (റ) ഫീ ഹാലത്തില്‍ ബുഅ്ദി..എന്നവരി ചൊല്ലിയപ്പോള്‍ അവിടത്തെ ശറഫാക്കപ്പെട്ട കരങ്ങള്‍ തന്നെ അനാവൃതമായി.
ഇങ്ങനെ മദീനയെ പ്രണയിക്കാന്‍ സൂഫികള്‍ മൂന്നോട്ട് വന്നു. അല്ലെങ്കിലും ഈ തലങ്ങളെ ആവാഹിക്കുന്നവര്‍ക്ക് തിരുനബിയെ എങ്ങനെ പ്രണയിക്കാതരിക്കാനാകും. മൂഹമ്മദ് നബി നിങ്ങളുടെ ആത്മ സ്വത്വത്തേക്കാള്‍ സമീപസ്ഥതനാണെന്ന ഖുര്‍ആന്‍ മൊഴി മനസ്സിലാക്കിയാല്‍ പിന്നെ എങ്ങനെ അവിടത്തെ ഓര്‍ത്ത് ഉറക്ക് പോകാതരിക്കും. നിങ്ങളുടെ മാതാപ്പിതാക്കളേക്കാളും സന്തതികളേക്കാളും സര്‍വ്വ ലോകത്തേക്കാളും പരിശുദ്ധപ്രവാചകനെ പ്രണയിക്കുന്നത് വരെ ഒരാളും പൂര്‍ണ്ണ വിശ്വാസിയാകില്ല എന്ന ഹദീസ് തന്റെ ജീവിതത്തില്‍ വെളിച്ചം നിറക്കാന്‍ പിന്നെ എവിടെ സമയ ദൈര്‍ഘ്യം. ഈ ലോകത്തിന്റെ ഉണ്മയും തന്നേക്കാള്‍ തന്നോടടുത്തവനും തന്റെ ഇലാഹിലേക്കുളള മാര്‍ഗ്ഗ ദര്‍ശിയുമായ പ്രവാചകനെ എങ്ങനെ പ്രണയിക്കാതരിക്കും. ഇലാഹില്‍ ലയിക്കുക എന്ന തന്റെ ആത്യന്തിക ലക്ഷ്യം നേടാന്‍ പ്രവാചകനേ വഴിയൊള്ളുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഇച്ചമസ്താന്‍ പാടി,
മീം മീമായ മീമില്‍ മിഅ്‌റാജെടീ
മീം ലാമലിഫില്‍ മിഫ്താഹ് മീമാണെടീ
ജീമ് സ്വാദോട് ദാലും ഹയാത്താണെടീ
മീം എന്ന അക്ഷരം ഒരു താക്കോല്‍ രൂപത്തിലാണ്. ലാമലിഫാണെങ്കില്‍ പൂട്ടിന്റെ രൂപത്തിലും. ലാം അലിഫെന്ന രൂപത്തിലുളള നിന്റെ സര്‍വ്വ നിഷേധങ്ങളേയും തുറക്കാന്‍, ഏക ഇലാഹായ അല്ലാഹുവിലേക്കുളള, അതായത് ലാഇലാഹ ഇല്ലല്ലാഹുവിലേക്കുളള വഴി തുറക്കാന്‍ മൂഹമ്മദീയായ മിഫ്താഹ് കൊണ്ടേ സാധ്യമാകൂ. പൂട്ടിന്റെ രൂപത്തിലുളള ‘ലാം’ അലിഫിനെ മിഫ്താഹിന്റെ രൂപത്തിലുളള ‘മീമ്’ കൊണ്ട് തുറക്കുന്നതോടെ ‘ലാം അലിഫെന്ന’കെട്ടഴിയുകയും അത് അലിഫായി ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യും.
പ്രവാചക പ്രണയത്തിന്റെ പൂന്തോട്ടത്തില്‍ സൗരഭ്യം നുകര്‍ന്ന് ആനന്ദിക്കുന്നവന്‍ കൂടുതല്‍ കൂടുതല്‍ നബി തങ്ങളെ അറിയുകയാണ്. വാക്കും ചിന്തയും പതറുകയാണ്. കരഞ്ഞ് നേരം വെളുപ്പിക്കുകയാണ്. അങ്ങനെ ലോകത്തില്‍ സാഹിത്യത്തിന്റെ മൂര്‍ത്ത രൂപങ്ങളായ പ്രവാചക പ്രണയ കവിതകള്‍ പിറവിയെടുക്കുകയാണ്. അവര്‍ പാടുകയായിരുന്നില്ല. ഹൃദയം നിറഞ്ഞൊഴുകുകയായിരുന്നു. ഹൃദയത്തില്‍ അടക്കി വെക്കാനാകാതെ അണപൊട്ടി ഒഴുകിയ പ്രണയ ലാവ ഒരു പ്രത്യേക രീതിയില്‍ ഒഴുകിയതായിരുന്നു. അങ്ങനെ അന്തം വിട്ടു ലെക്കു കെട്ടാണ് ഇമാം ബൂസ്വീരി (റ) പാടിയത്,
അമിന്‍ തദക്കുരി ജീറാനിന്‍ ബി ദീ സലമി
മസജ്ത ദംഅന്‍ ജറാ മിന്‍ മുഖ്‌ലത്തിന്‍ ബി ദമി,
അം ഹബ്ബത്തി രീഹു മിന്‍ തില്‍ഖാഇ കാള്വിമത്തിന്‍
വ അൗമളല്‍ ബര്‍ഖു ഫി ളളല്‍മാഇ മിന്‍ ഇളമി
സലം ചെടിയുടെ ദേശത്തിന്റെ അയല്‍ക്കാരനെ ഓര്‍ത്തു കൊണ്ടാണോ നിന്റെ നയനങ്ങള്‍ നിണം കലര്‍ന്ന ബാഷ്പം ഒഴുക്കുന്നത്, അതോ കാളിമയുടെ ഭാഗത്തു നിന്നു വീശുന്ന കാറ്റോ ഇളമിലെ ഘനാന്ധകാരത്തില്‍ തിളങ്ങുന്ന മിന്നല്‍ പിണറോ നിന്റെ കണ്ണു നീരിനാധാരം…
പ്രവാചക പ്രണയത്തിന്‍രെ മൂര്‍ദ്ധന്യത പ്രാപിച്ചപ്പോള്‍ ഹബീബിനെ തൊട്ട കാറ്റിനോട് പോലും കഥപറയാനുണ്ട് ബൂസ്വീരി ഇമാമിന്. അല്ലെങ്കിലും കാറ്റിന്റെ അസ്തിത്വം തന്നെ ഹബീബിന്റെ പ്രണയത്തിലും അസ്തിത്വത്തിലുമാകുമ്പോള്‍ എങ്ങനെ പരിചയമില്ലാതരിക്കും ഹബീബിനെ കാറ്റിന്. ബുര്‍ദയുടെ രണ്ടു ഖണ്ഡം എഴുതി തീര്‍ത്തപ്പോഴും ഇതാരെക്കുറിച്ചാണെഴുതുന്നതെന്നു പോലും ഇമാം ബൂസ്വീരിക്ക് പറയാന്‍ കഴിഞ്ഞില്ല. അവിടത്തെ നാടിനെ സ്പര്‍ശിച്ച കാറ്റിനോടും അവിടത്തെ പ്രകീര്‍ത്തനം മര്‍മ്മരമായി മുഴക്കുന്ന വൃക്ഷങ്ങളോടും പ്രണയ കഥ പറയുകയായിരുന്നു, ഞാനൊന്നുമല്ലല്ലോ എന്ന സ്വയം ഇല്ലാതാവലിന്റെ തലങ്ങള്‍ രൂപപ്പെടുകയായിരുന്നു. അതിനിടയില്‍ പേര് പോലും പറയാന്‍ മറന്നു.
പ്രണയത്തിന്റെ സ്വഭാവം പ്രണയിനിക്ക് മുന്നില്‍ തന്നെ ഒന്നടങ്കം സമര്‍പ്പിക്കും എന്നതാണ്. പ്രണയിനിയുടെ ഇഷ്ടവും താത്പര്യവും ആകും തന്റെയും ഇഷ്ടവും താത്പര്യവും എന്നതാണ്. അപ്പോള്‍ സൂഫികള്‍ പ്രവാചകനെ പ്രണയിക്കുന്നതിലൂടെ പ്രവാചകനെന്ത് പറയുന്നോ അതെല്ലാം ഒരല്‍പ്പം തെറ്റാതെ അനുകരിക്കന്നു. പ്രവാചന് ഇഷ്ടമില്ലാത്ത വല്ലതും സംഭവിക്കുമോ എന്നു ഭയപ്പെട്ട് സൂക്ഷ്മതയോടെ കഴിയുന്നു. അവിടത്തെ ശരീഅത്തിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പുല്‍കി ത്വരീഖത്താകുന്ന കപ്പലില്‍ കയറി ഹഖീഖത്താകുന്ന ആത്യന്തിക ലക്ഷ്യത്തില്‍ പുല്‍കുന്നു…
റഫറന്‍സ്
കേരളത്തിലെ സൂഫീ കാവ്യ പാരമ്പര്യം
(സമീര്‍ ബിന്‍സി, ഉറവ മാസിക)
സൂഫിസം അനുഭൂതിയും ആസ്വാദനവും
(സിദ്ധീഖ് മുഹമ്മദ്)
ഉമര്‍ഖാളി(റ)
(അലവികുട്ടി ഫൈസി എടക്കര)