കേരളത്തിലെ ഓരോ ജയിലുകളിലെയും ജയില്‍പുള്ളികളുടെയും ജയില്‍വാസക്കാലത്തെ മുഴുവന്‍ ചെലവുകളും വഹിക്കുന്നത് കേരള സര്‍ക്കാറാണ്. കാലാവധി കഴിയുമ്പോഴേക്കും സര്‍ക്കാറിന് വലിയ ബാധ്യത വരുത്തിയും പിത്തത്തടിയുമായും സമൂഹത്തിന്റെ ആട്ടും തുപ്പും കിട്ടുന്നിടത്ത് ഇറങ്ങുവാനായിരുന്നു അല്‍പകാലം മുമ്പ് വരെ ജയില്‍പുള്ളികളുടെ നിയോഗം. എന്നാല്‍ ഇന്ന് ജയിലിനുള്ളില്‍ നിന്ന് തന്നെ അഭിരുചികള്‍ക്കനുസരിച്ചുള്ള ജോലികളില്‍ നൈപുണ്യം നേടി ജയില്‍ കാലാവധി തീരുമ്പോഴേക്കും വലിയ തുക കൂലിയിനത്തില്‍ തനിക്കും വലിയ വരുമാനം സര്‍ക്കാറിനും സമ്മാനിച്ച് പുറത്തിറങ്ങുകയാണിവര്‍. ഇവരെ ജോലിക്കാരായി കിട്ടാന്‍ വല വിരിച്ച് കാത്തിരിക്കുകയാണ് കമ്പനികളും മറ്റും. ഇത് ഒറ്റ ഇരുപ്പില്‍ തലപുകഞ്ഞപ്പോള്‍ ബുദ്ധിയിലുദിച്ച ആശയമല്ല, മറിച്ച് ബദ്‌റ് യുദ്ധത്തില്‍ പിടിക്കപ്പെട്ട ശത്രുക്കള്‍ക്ക് മോചന ദ്രവ്യമായി തന്റെ സഹചാരികള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാന്‍ നിര്‍ദേശിച്ച പ്രവാചകന്റെ ചരിത്ര വായനയില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ്.
മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ നിന്ന് ഇന്ന് കാണുന്ന മിക്കവാറും കാര്യങ്ങളിലേക്കും നോക്കിയാല്‍ അവ പല ചരിത്രങ്ങളുടെയും ആവര്‍ത്തനമാണെന്ന് കാണാം. നമുക്കു മുമ്പു കഴിഞ്ഞ എന്തും ചരിത്രമാണ്. നാടിനും വ്യക്തികള്‍ക്കും സമുദായത്തിനും എല്ലാം അവയുടേതായ ചരിത്രങ്ങളുണ്ടാകും. ഇതില്‍ നന്മയും തിന്മയുമുണ്ടാകും. ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. അവ നന്നായി വായിച്ചെടുക്കുന്നതിലൂടെ മാത്രമേ ഭാവി മെച്ചപ്പെടുത്താനാവൂ. ചരിത്ര പഠനത്തിന്റെ പ്രസക്തിയില്‍ രണ്ടഭിപ്രായമില്ല. ‘ഭൂതവര്‍ത്തമാനമറിയാത്തവന് ഭാവിയില്ല’ എന്ന ചൊല്ലില്‍ നിന്നു തന്നെ ഇന്നലത്തെതില്‍ നിന്നാണ് ഇന്നും നാളെയും ഉരുവം കൊള്ളുന്നത് എന്ന് മനസ്സിലാക്കാം.
ചരിത്രങ്ങളില്‍ വ്യക്തികളുടെ ചരിത്രങ്ങള്‍ക്കാണ് വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സമുദായങ്ങളെയും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നത്. അതിനാല്‍ ആത്മ കഥകളായി ഒരുപാട് വ്യക്തിചരിത്രങ്ങള്‍ കാണാന്‍ കഴിയും. അവകളെല്ലാം പലരുടെയും പുരോഗതികള്‍ക്കും അധോഗതികള്‍ക്കും കാരണമായി കാണാം. കാരണം ആരും എല്ലാ സ്വഭാവങ്ങള്‍ കൊണ്ടും തികഞ്ഞവരല്ല. രാഷ്ട്രീയ രംഗങ്ങളില്‍ തിമിര്‍ത്താടിയവര്‍ക്ക് സഹന മനോഭാവത്തിന്റെ ബാലപാഠങ്ങളറിയാത്തവരാണ്. എഴുത്തിന്റെ സോപാനങ്ങള്‍ കയറിയവര്‍ മദ്യത്തിനും മദിരാഷിക്കും മുമ്പില്‍ അടിയറിവു പറഞ്ഞവരാണ്.
ആത്മകഥകള്‍ വര്‍ദ്ധിക്കുന്തോറും എല്ലാ സ്വഭാവഗുണങ്ങളും ഒത്ത പരിപൂര്‍ണ്ണമായി പിന്തുടരാന്‍ പറ്റിയ ഒരു മാതൃകാ ജീവിതത്തെയായിരുന്നു അനുവാചകര്‍ കാത്തിരുന്നത്. അതിന് ജീവിതം തുടക്കം മുതല്‍ ഒടുക്കം വരെ ന്യൂനതയുടെ ലാഞ്ചന പോലും തട്ടാത്ത ഒരാളുടെ ജീവിതമായിരുന്നു വേണ്ടിയിരുന്നത്. അതിന് പ്രവാചകന്‍ മുഹമ്മദ് നബിയോളം എത്തിയവരാരുമില്ലായിരുന്നു. അങ്ങനെയാണ് എതിര്‍ക്കുന്നവര്‍ പോലും പ്രചരിപ്പിക്കുന്ന രൂപത്തില്‍ നബിചരിത്രം (സീറത്തുന്നബി) ഭാഷകളില്‍ നിന്നും ഭാഷകളിലേക്ക് വ്യാപിച്ച് ഒരു പഠന ശാഖ തന്നെയായി മാറിയത്.
രചനയുടെ തുടക്കം
നബി തങ്ങളുടെ കാലത്തു തന്നെ സന്തത സഹചാരികള്‍ അവിടുത്തെ ചരിത്രങ്ങള്‍ ഹൃദിസ്ഥമാക്കുകയും തലമുറകളിലേക്ക് കൈമാറുകയും അപൂര്‍വ്വമായി ചിലരെങ്കിലും എഴുതി വെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. നബിയുടെ കാലത്ത് വാചികമായി കൈമാറിയതല്ലാതെ എഴുത്ത് നടന്നിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. കാരണം ഹാറൂന്‍ റഷീദിന്റെ മകന്‍ മഅ്മൂനിന്റെ ശേഖരത്തില്‍ അബ്ദുല്‍ മുത്തലിബിന് ഹാശിം അയച്ചുകൊടുത്ത കത്ത് കണ്ടതായുള്ള ഇബ്‌നുന്നദീമിന്റെ വെളിപ്പെടുത്തല്‍ അന്നെ കാലത്ത എഴുത്തും ലിപിയും ഉണ്ടെന്നതിനും ‘നബിതങ്ങളില്‍ നിന്ന് കേള്‍ക്കുന്ന ഹദീസുകള്‍ ഞാന്‍ ഹൃദിസ്ഥമാക്കുകയും അബ്ദുല്ലാഹിബ്‌നു അംറ്(റ) അത് രേഖപ്പെടുത്തിവെക്കുകയും ചെയ്യുമായിരുന്നു’ എന്ന സ്വഹീഹുല്‍ ബുഖാരിയിലെ അബൂഹുറൈറ(റ) വിന്റെ ഹദീസ് നബി തങ്ങളുടെ ഹദീസുകള്‍ സ്വഹാബികള്‍ എഴുതിവെച്ചതിനും തെളിവാണ്.
പിന്നെ ‘നിങ്ങള്‍ ഞാന്‍ പറയുന്നത് ഒന്നും എഴുതരുത്. ഖുര്‍ആനല്ലാതെ മറ്റെന്തെങ്കിലും എന്നില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയേണ്ടതാണ്’ എന്ന ഹദീസ് വഹ്‌യിന്റെ തുടക്കത്തിലും ഹദീഥ് ഖുര്‍ആനുമായി കൂടിക്കലര്‍ന്ന് തെറ്റിദ്ധരിക്കപ്പെടുമെന്ന് ഭയന്നുമാണ് ഈ നിരോധനമെങ്കിലും പിന്നീട് നബിയുടെ സമ്മതത്തോടെ തന്നെ അവിടുത്തെ മൊഴികള്‍ എഴുതിയിരുന്നുവെന്ന് മുകളിലെ അബൂ ഹുറൈറ(റ)ന്റെത് പോലുള്ള ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്.
അങ്ങനെയാണെങ്കിലും അവയൊന്നും ഒരു ക്രോഡീകരണ സ്വഭാവമുള്ളവയായിരുന്നില്ല.
ക്രോഡീകരണം തുടങ്ങുന്നു.
നബി തങ്ങള്‍ വഫാത്തായി. വര്‍ഷങ്ങള്‍ പിന്നിട്ടു. ആളുകള്‍ക്കിടയില്‍ അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തു തുടങ്ങി. അതിനിടയില്‍ ജൂതന്മാരും ഇസ്‌ലാം വിരോധികളും നബി തങ്ങളുടെ പേരില്‍ പല കഥകളും ഹദീസുകള്‍ തന്നെയും അടിച്ചു വിടാന്‍ തുടങ്ങി. കെട്ടിച്ചമച്ചവകള്‍ക്കൊന്നും തന്നെ വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചുമില്ല. അത് നബി ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങേണ്ടതിന്റെ ആവശ്യകതയെ ഉണര്‍ത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിന് അബൂബക്കര്‍ സിദ്ധീഖ്(റ) നിര്‍ബന്ധിതനായത് പോലെ ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) ഹദീസിന്റെ ക്രോഡീകരണത്തിന് നിര്‍ബന്ധിതനാകുന്നത്.
എല്ലാ ഇസ്ലാമിക വൈജ്ഞാനിക മേഖലകളും സ്വഹാബാക്കളുടെ കാലത്തു തന്നെ പ്രചാരത്തിലുണ്ടായിരുന്നങ്കിലും സിദ്ധാന്തങ്ങള്‍ ഔദ്യോഗികമായി ക്രോഡീകരണം നടക്കുന്നത് ഉമവിയ്യാ ഭരണ കാലത്താണ്. ഭരണാധികാരികളുടെ നിര്‍ബന്ധം കൊണ്ടാണ് തങ്ങള്‍ വിജ്ഞാനങ്ങള്‍ ക്രോഡീകരിക്കാനാരംഭിച്ചതെന്ന് ‘ജാമിഉ ബയാനില്‍ ഇല്‍മില്‍’ ഖാളി ഇബ്‌നു അബ്ദില്‍ ബര്‍റ് പറഞ്ഞിട്ടുണ്ട്.
ഉമറുബ്‌നു അബ്ദില്‍ അസീസ് (റ)ന്റെ നിര്‍ദേശ പ്രകാരം ഇമാം സുഹ്‌രി(റ) തങ്ങളുടെ നേതൃത്വത്തിലാണ് ഹദീസ് ക്രോഡീകരണം നടക്കുന്നത്. ഹദീസിലും ഫിഖ്ഹിലും അവഗാഹമുള്ള പണ്ഡിതനും ഇമാം ബുഖാരി(റ)വിന്റെ ഗുരുനാഥനുമായ അദ്ദേഹം ഹദീസുകള്‍ ശേഖരിക്കാന്‍ വലിയ യത്‌നം തന്നെ നടത്തി. പ്രമാണബന്ധിതവും, അസത്യങ്ങള്‍ മാറ്റി നിര്‍ത്തി, ഹദീസ് ക്രോഡീകരണ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെയുമാവണം പ്രവാചക ചരിത്രം തയ്യാറാക്കപ്പെടേണ്ടത്. ഇതിന്നായി സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഓരോ സ്വഹാബാക്കളുടെയും വീട്ടു പടിക്കലേക്ക് അദ്ദേഹം ചെല്ലുകയുണ്ടായി. ഹിജ്‌റ അന്‍പതില്‍ ജനിച്ച അദ്ദേഹം ഒരുപാട് സ്വഹാബികളെ കണ്ട ഖുറൈശി വംശജനാണ്. അല്‍പകാലം കൊണ്ടു തന്നെ യുദ്ധചരിത്രത്തില്‍ ‘ഉന്‍വാനുല്‍ മഗാസി’ എന്ന ഒരു സവിശേഷ ഗ്രന്ഥം രചിക്കുകയുണ്ടായി. ഈ ഗണത്തില്‍ പെട്ട പ്രഥമ രചനയായിരുന്നു അത്.
ഇമാം സുഹ്‌രി(റ) വിന്റെ ശ്രമഫലമായി യുദ്ധചരിത്രവും നബിചരിത്ര സാഹിത്യവും പ്രചുരപ്രചാരം നേടി. ഈ രംഗത്ത് വൈദഗ്ധ്യം നേടിയ പണ്ഡിതന്മാരായ യഅ്കൂബ് ബിനു ഇബ്‌റാഹീം, മുഹമ്മദിബ്‌നു സ്വാലിഹ് അത്തമ്മാര്‍, അബ്ദുര്‍റഹ്മാനുബ്‌നു അബ്ദില്‍ അസീസ്, ചരിത്രകലയിലെ കുലപതികളായ മൂസബ്‌നു ഉക്ബ, മുഹമ്മദ്ബ്‌നു ഇസ്ഹാഖ് എന്നിവര്‍ ഇവരുടെ പരിശീലനക്കളരിയിലെ ഉല്‍പന്നങ്ങളാണ്.
ഹിജ്‌റ 124 ല്‍ ദിവംഗതനായെങ്കിലും ഇബ്‌നു ഹിശാം, ഇബ്‌നുസഅദ്, ഇമാം ബുഖാരി, ഇമാം ത്വബ്‌രി പോലോത്ത പില്‍കാല പണ്ഡിതരിലൂടെ നബിചരിത്രത്തിന് വികാസം വന്ന് കൊണ്ടിരുന്നു. അങ്ങനെ നബി തങ്ങളുടെ ജന്മാന്ത്യം വരെയുള്ള സ്വഭാവ,ശരീര,ജീവിത,കുടുംബ ഗുണഗണങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത് ഗ്രന്ഥങ്ങള്‍ സീറത്തുന്നബി എന്ന പേരില്‍ വിരചിതമാകുകയുണ്ടായി. ഹിജ്‌റ 92 ല്‍ വഫാത്തായ ഉര്‍വത്തുബ്‌നു സുബൈറിന്റെതാണ് ആദ്യ സീറത്തുന്നബി എന്നാണ് കരുതപ്പെടുന്നത്. മറ്റു പലരുടെതും, ആദ്യകാല നബിചരിത്ര ഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നുണ്ടെങ്കിലും അവകളില്‍ നിന്ന് വഹബുബ്‌നു മുനബ്ബഹിന്റെതായ ചില ഭാഗങ്ങള്‍ മാത്രമെ ഇന്ന് ലഭ്യമുള്ളു. അത് കൊണ്ട് തന്നെ വലിയ തോതില്‍ സ്വീകാര്യത ലഭിച്ച് നിരുപാധം സീറത്തുന്നബി എന്ന പേരില്‍ അിറയപ്പെടുന്നത് മുഹമ്മദ്ബിനു ഇസ്ഹാഖിന്റെതാണ്.
പില്‍കാലത്ത് വന്ന സീറത്തുന്നബിയില്‍പെട്ട ചിലതാണ്:
1) അല്‍ മുഗ്‌യാസി – ഇബ്‌നു ഇസ്ഹാഖ്
2) സീറതു ഇബ്‌നു ഹിശാം – ഇബ്‌നു ഹിശാം
3) സീറതുല്‍ ഹല്‍ബിയ്യ – അലിയ്യുല്‍ ഹലബി
4) സീറതു സൈനീ ദഹ്‌ലാന്‍ – സൈനീ ദഹ്‌ലാന്‍
5) സുബ്‌ലുല്‍ഹുദാവര്‍റഷാദ് – സ്വാലിഹുശ്ശാമി
ഇവകള്‍ വലിയ വാള്യങ്ങളിലായി എഴുതപ്പെട്ടതാണെങ്കിലും നബിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കുള്ള ആമുഖമേ ആവുന്നുള്ളൂ. ഇത് പരിഹരിക്കും വിധത്തിലാണ് സീറയുടെ ഓരോ ഉപവിശയങ്ങളിലും പ്രത്യകം പ്രത്യകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നത്്. അതില്‍ അറിയപ്പെട്ട ചില ഉപവിഭാഗങ്ങളും അതിലെ ഗ്രന്ഥങ്ങളുമാണ്…
1) മുഅ്ജിസാത്ത്;
നബിതങ്ങളുടെ അമാനുഷികതകളും ആത്മീയ പാഠങ്ങളുമാണ് ഗ്രന്ഥത്തിലെ പ്രധാന ഉളളടക്കം. ഇമാം സുയൂഥി(റ) രചിച്ച അല്‍ ഖസാഇസുല്‍ കുബ്‌റ ഈ ഗണത്തില്‍ പെടുന്നതാണ്.
2) ശമാഇല്‍;
നബിതങ്ങളുടെ ചര്യകള്‍, സ്വഭാവങ്ങള്‍, ശ്രേഷ്ടതകള്‍, ശരീര വര്‍ണനകള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണിവ. ഇമാം തുര്‍മുദി (റ) വിന്റെ ശമാഇലുല്‍ മുഹമ്മദിയ്യ, ഖാളി ഇയാള് (റ) വിന്റെ അശ്ശിഫാ ബിതഅ്‌രീഫി ഹുഖൂഖില്‍ മുസ്ഥഫ എന്നിവ ഈ ഗണത്തില്‍ പെടുന്നതാണ്.
3) മഗാസികള്‍;
യുദ്ധചരിത്രങ്ങളെ പറ്റി രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍. ഷന്‍കീഥീയുടെ ഇനാറത്തുദ്ദുജ ഇതിലെ പ്രധാന കിതാബാണ്.