ഉസ്‌വതുന്‍ ഹസനഃ എന്ന നബി ഗുണത്തിന്റെ ആദ്ധ്യാമിക വിശകലനങ്ങള്‍ വികാസം പ്രാപിക്കുക ‘അല്‍ ഇന്‍സാനുല്‍ കാമില്‍’ എന്ന സൂഫീ ആഖ്യാനത്തിലൂന്നിയാണ്, എല്ലായ്‌പ്പോഴും. തസവ്വുഫ് സ്രഷ്ടാവിലലിയാനുള്ള മാര്‍ഗ്ഗമായതിന്റെ അനുരണനമായി അതിന്റെ വക്താക്കളുടെ ഒട്ടുമിക്ക സംവേദനങ്ങളും പൊതുജനത്തിന് ദുര്‍ഗ്രാഹ്യമായിരിക്കും. അതിനാല്‍ അവ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട കാര്യമാണ്. ഇന്‍സാനുല്‍ കാമില്‍ എന്നത്, അതിന്റെ വ്യത്യസ്ത വീക്ഷണ പ്രകാരമുള്ള വിവിധ വ്യാഖ്യാനങ്ങളെല്ലാം എടുത്താലും, തിരുനബിയെ(സ) സത്താപരമായി വ്യഖ്യാനിക്കലാണ് എന്ന് ലളിതമായി പറയാം. അഥവാ അല്‍ ഹഖീഖതുല്‍ മുഹമ്മദീയ്യഃ എന്ന സങ്കല്‍പവുമായി പ്രകടമായ ബന്ധം അതിനുണ്ട്. ഒരു ഹദീഥില്‍ അവിടുന്ന് ആദമിനു മുമ്പേ താന്‍ നബിയാണ് എന്ന് പറയുന്നുണ്ട്. സുന്നീ വീക്ഷണത്തില്‍ തിരുനബിയാണ് അല്ലാഹുവിന്റെ ആദ്യ സൃഷ്ടി. അതേക്കുറിച്ചുള്ള ചര്‍ച്ച തിരുനൂറിലേക്ക് നമ്മെ എത്തിക്കും. അല്ലാഹു ‘ ഞാന്‍ മറക്കു പിന്നിലുള്ള നിധിയായിരുന്നു. പിന്നെ വെളിപ്പെടാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞാന്‍ സൃഷ്ടികര്‍മ്മം തുടങ്ങി’ എന്ന് ഒരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്.
തന്നെക്കുറിച്ച് അവബോധം ഉണ്ടാവേണ്ടതുണ്ട് എന്ന് സ്രഷ്ടാവ് കരുതുന്ന നേരത്ത് അവന്‍ ആദ്യമായി ഉണ്ടാക്കുന്നത്് തിരുനൂറിനെയാണ്. താന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ അനേകം സഹസ്രങ്ങള്‍ സാഷ്ടാംഗം അര്‍പ്പിച്ചു കഴിഞ്ഞതായി തിരുദൂതര്‍ തന്നെ പറഞ്ഞിട്ടുണ്ട്, താനാണ് സ്രഷ്ടാവിനെ അവന്റെ അടിമകളില്‍ വച്ചേറ്റവും കൂടുതല്‍ അറിഞ്ഞതെന്നും.
അല്ലാഹു മനുഷ്യ ജിന്നു വിഭാഗങ്ങളുടെ സൃഷ്ടികര്‍മ്മത്തിന്റെ ലക്ഷ്യം പറഞ്ഞത് തന്റെ അടിമയാവുക എന്നാണ്.( വമാ ഖലഖ്ത്തുല്‍..)പൂര്‍ണ്ണമായും ഉടമയെ അനുസരിക്കുക. അങ്ങനെ അനുസരണ ഉണ്ടാവണമെങ്കില്‍ ഉടമയെ വ്യക്തമായി അറിയണം. എന്നാല്‍ അറിവ് വ്യകതതയുള്ളാതാവാന്‍ അവന്‍ പറഞ്ഞത് അച്ചട്ടായി അനുസരിക്കണം താനും. ഇവിടെ ഉണ്ടാകുന്ന, ദാര്‍ശനികമായി അസംഭവ്യമായ ചാക്രികത ഇല്ലാതാക്കാന്‍ ഉള്ള മാര്‍ഗ്ഗമാണ് ഇന്‍സാനുല്‍ കാമില്‍. അഥവാ സ്രഷ്ടാവിനെ അറിയാന്‍ കഴിയുന്നതില്‍ വച്ചേറ്റവും സാധ്യമായ ആംഗിളില്‍ വച്ച് അവനെ അറിഞ്ഞ ആ സത്തയെ അനുകരിക്കുക. അതാണ് ഉസ്‌വതുന്‍ ഹസനഃ എന്ന വിശേഷണത്തിന്റെ ആന്തരാര്‍ത്ഥം. ഈ സങ്കല്‍പ്പത്തിനു വളരെ വലിയ പ്രാധാന്യമാണ് ഇസ്‌ലാമിക സംസ്‌കാരത്തിലുള്ളത്. മന്‍സൂറുല്‍ ഹല്ലാജ്, അല്‍ ബിറൂനി തുടങ്ങിയ മഹത്തുക്കളാണ് ആദ്യം ഈ സംജ്ഞ ഉപയോഗിക്കുന്നത്. പിന്നീട് ഇതിനെ ശൈഖ് അല്‍ അക്ബര്‍ ഇബ്‌നു അറബി (1165-1240), ശൈഖ് അല്‍ കരീം അല്‍ ജീലി(1366-1424) എന്നിവര്‍ വികസിപ്പിക്കുകയായിരുന്നു. ഈ ആശയമാണ് ശരീഅഃ പ്രാവര്‍ത്തികമാക്കുന്നതിന്റെ അന്തരാര്‍ത്ഥം.
ഹല്ലാജ് (റ) തന്റെ ഹുലൂല്‍ എന്ന കോണ്‍സെപ്റ്റ് അവതരിപ്പിച്ചത് അല്ലാഹു ആദമിനെ അവന്റെ രൂപത്തില്‍ ആണ് പടച്ചത് എന്ന ഹദീഥിന്റെ വെളിച്ചത്തിലാണ്. ചിലര്‍ തെറ്റിദ്ധരിച്ചതു പോലെ ദൈവം മനുഷ്യനില്‍ സത്തയില്‍ ഒന്നിക്കുന്നു എന്ന അര്‍ത്ഥം അതിനില്ല. ഇതു പ്രകാരം മനുഷ്യനു രണ്ടു പ്രകൃതങ്ങളുണ്ട്, ലാഹൂത്, നാസൂത്. ഇവ സ്ഥായിയല്ല, പ്രത്യുത അവസ്ഥാന്തരങ്ങളാണ്. ഇതിനെ ഇബ്‌നു അറബി വികസിപ്പിച്ചു. അങ്ങനെ ലാഹൂത്, നാസൂത് എന്നിവ സ്വന്തമായ നിലനില്‍പ്പുള്ള വസ്തുതകളല്ല എന്നും മറിച്ച് ഒരു സത്തയുടെ രണ്ട് ഭാഗങ്ങളാണ് എന്നും പറഞ്ഞു. മാത്രമല്ല ഇവ മനുഷ്യനില്‍ മാത്രം കാണപ്പെടുന്നതല്ല എന്നും എല്ലാ സൃഷ്ടികളിലും കാണപ്പെടുമെന്നും വിശദീകരിച്ചു. ലാഹൂത് ശരീഅത്തിന്റെ ബാഹ്യവും നാസൂത് അതിന്റെ ആന്തരികവുമാണ്. എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ ഉണ്മയെയാണ് പ്രതിഫലിപ്പിക്കുന്നതെങ്കിലും അല്‍ ഇന്‍സാനുല്‍ കാമില്‍ ആണ് അതിനെ അതിന്റെ പൂര്‍ണ്ണതയില്‍ പ്രതിഫലിപ്പിക്കുക. ‘മുഹമ്മദ് നബിയുടെ ജ്ഞാനം അതുല്യമാണ്. കാരണം അവിടുന്നാണ് ഏറ്റവും പൂര്‍ണ്ണമായ, നിലനിന്നിരുന്ന അസ്തിത്വം. ഇതു കാരണം കല്‍പനകള്‍ അദ്ധേഹത്തെ കൊണ്ടാരംഭിച്ചു, അവരെ കൊണ്ടു തന്നെ അവസാനിച്ചു.ആദം മണ്ണിന്റെയും ജലത്തിന്റെയും ഇടയിലായിരിക്കെ അവര്‍ നബിയായിരുന്നു. അവരുടെ ഭൗതിക സ്വരൂപം പ്രവാചകരുടെ അന്തിമരൂപമായി.’ എന്ന് ഇബ്‌നു അറബി (റ) തന്റെ ഫുസൂസുല്‍ ഹികമില്‍ പറയുന്നുണ്ട്. എന്തു കൊണ്ട്, താന്‍ തിരിച്ചറിയപ്പെടണം എന്ന് ആഗ്രഹിച്ച നേരത്ത് മനുഷ്യനെ ദൈവം തിരഞ്ഞെടുത്തു എന്നത് ഇക്കാര്യം കൊണ്ടു മനസിലാകും. കാരണം തിരിച്ചറിവു കൂടുതലുണ്ടാവുക കൂടുതല്‍ ജ്ഞാനമുണ്ടാവുമ്പോഴാണ്.
ഇന്‍സാനുല്‍ കാമിലിനെ കുറിച്ച് ഏറ്റവും വിശദമായി ആദ്യം ചര്‍ച്ച ചെയ്തത് ഇബ്‌നു അറബിയാണ്, തന്റെ ഫുസൂസുല്‍ ഹികമില്‍. സൂഫി ലോകത്ത് ആദ്യമേ തന്നെ പ്രസിദ്ധമായ ഈ ഐഡിയയില്‍ ഇബ്‌നു അറബി കൂടുതല്‍ ഉള്‍കാഴ്ച്ച നല്‍കുന്ന വിശകലനങ്ങള്‍ നടത്തുകയും അത് നേടിയെടുക്കാന്‍ ഒരാള്‍ ചെയ്യേണ്ടി വരുന്ന കാര്യങ്ങളെ വിശദീകരിക്കുകയും ചെയ്തു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇബ്‌നു അറബി (റ) ആദ്യം ചെയ്തത് മുഹ്‌യുദ്ധീന്‍ ശൈഖിന്റെ വഹ്ദതുല്‍ വുജൂദിനെ വിശദീകരിക്കലായിരുന്നു. അനേകം കണ്ണാടികളില്‍ പ്രതിഫലിപ്പിക്കപ്പെടുന്ന ഒരു ഒബ്ജക്ട് എന്ന മെറ്റഫറിലൂടെയാണ് അതു സാധിച്ചത്. അഥവാ ദൈവവുമായിട്ടുള്ള മനുഷ്യന്റെ ബന്ധം കണ്ണാടികളില്‍ പ്രതിഫലിപ്പിക്കപ്പെടുന്ന ഒരു വസ്തുവിന്റെ അനേകം ബിംബങ്ങള്‍ക്ക് ആ വസ്തുവിനോടുള്ള അതേ ബന്ധം തന്നെയാണ്.
ദൈവത്തിന്റെ സത്ത മനുഷ്യനിലുണ്ട്. അങ്ങനെയാണവന്‍ മനുഷ്യനെ ഉണ്ടാക്കിയിട്ടുള്ളത്. ദൈവം വസ്തുവും മനുഷ്യന്‍ കണ്ണാടിയുമാണ്. ഇത് രണ്ടു കാര്യങ്ങളുടെ അര്‍ത്ഥമാകുന്നു. ഒന്ന,് മനുഷ്യന്‍ വെറും പ്രതിബിംബമാണെന്നതിനാല്‍ ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയില്‍ ഒരു വേര്‍തിരിവ് അസാധ്യമാണ്. രണ്ട്, ദൈവത്തെ കൂടാതെ മനുഷ്യന് നിലനില്‍പ്പില്ല. ഒരു വ്യക്തി തന്റെയും ദൈവത്തിന്റെയും ഇടയില്‍ വേര്‍തിരിവില്ല എന്നു മനസിലാക്കുമ്പോള്‍ അയാള്‍ ഒന്നാകലിന്റെ അതുല്യ പാതയില്‍ യാത്രയാരംഭിക്കുന്നു. ഇതു തുടരുന്നയാള്‍, തീര്‍ച്ചയായും ദൈവത്തെയറിയാന്‍ കൊതിക്കും. അങ്ങനെ സത്യത്തിന്റെ ഏകത, അയാളെ ദൈവത്തോടൊന്നിപ്പിക്കാനും, സ്വന്തം ബോധ്യങ്ങളെ വികസിപ്പിക്കാനും ഉതകുന്നതാകും. ‘the perfect human being through this devoloped self conciousness and self realization prompts divine self manifestation’ എന്ന് ജോണ്‍ ടി ലിറ്റില്‍ ഇവ്വിഷയകമായി തന്റെ insanul kamil: the perfect man according to ibn arabi ( muslim world, 77.1(1987):43-54) എന്ന പ്രബന്ധത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത് പെര്‍ഫക്ട് മാനെ ഒരേ സമയം ദൈവികവും ഭൗതികവുമായി നിലനിര്‍ത്തുന്നു. ഈ അവസ്ഥയെ ഇബ്ന്‍ അറബി വിശേഷിപ്പിക്കുന്നത് മുനമ്പ്, ഇടുക്ക് എന്നെല്ലാം അര്‍ത്ഥം വരുന്ന Isthmus എന്നാണ്. അവന്‍ സ്വര്‍ഗത്തിനും ഭൂമിക്കുമിടയിലുള്ള ഇസ്മസ് ആകുമ്പോള്‍ അറിയപ്പെടാനുള്ള ദൈവത്തിന്റെ ആഗ്രഹം നിറവേറ്റപ്പെടുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് ദൈവ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ self manifestationലൂടെ അയാള്‍ ദൈവികമായ ജ്ഞാനം ആര്‍ജ്ജിക്കുന്നു, അതാണ് നബിയുടെ, അവരുടെ മുഴുവന്‍ പൂര്‍ണ്ണതയിലും, പ്രിമോഡിയല്‍ സ്പിരിറ്റ്. ഇന്‍സാനുല്‍ കാമില്‍ പ്രാപഞ്ചികമാണ്. പക്ഷെ അത് ദൈവികവുമാണ്. ദൈവിക സത്തയെ അത് ഭൂലോകത്തെത്തിക്കുന്നു.
ജീലി (റ) വിന്റെ അഭിപ്രയത്തില്‍ ഇന്‍സാനുല്‍ കാമില്‍ ബാഹ്യ ലോകത്തിന്റെ ആക്‌സിസാണ്.എല്ലാ കാലത്തും മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നു, അത്. ഇന്‍സാനുല്‍ കാമില്‍ വ്യത്യസ്ത രൂപങ്ങള്‍ പ്രാപിക്കുന്നു. ഓരോന്നിലും ഓരോ പേരില്‍ അറിയപ്പെടുന്നു.ഇവ ആ കാലത്തോടു യോജിച്ചവയാകും.ഇതിനര്‍ത്ഥം നബി തങ്ങള്‍ ആവശ്യാനുസരണം വിവിധ രൂപങ്ങള്‍ സ്വീകരിക്കും എന്നാണ്. മുഹമ്മദ് എന്നത്, ജീലിയുടെ അടുത്ത്, ഇന്‍സാനുല്‍ കാമില്‍ ഭൗമലോകത്തു വച്ച് സ്വീകരിച്ച പേര്‍ ആണ്. മുഹമ്മദ് എന്ന നാമം ഹഖീഖതുല്‍ മുഹമ്മദീയ്യയെ മാത്രമാണ് കുറിക്കുന്നത്, ആ ശരീരത്തെ അല്ല, ആ ഹഖീഖത്ത് എല്ലാ കാലത്തും ഇന്‍സാനുല്‍ കാമില്‍ ആയി തന്നെ ഉണ്ടാകും. അഥവാ ഓരോകാലത്തും, ബാഹ്യത്തില്‍, നബി തങ്ങളുടെ ഖലീഫമാര്‍ അവരാകും. ആന്തരികമായി, സത്താപരമായി, നബി സ്വരൂപവുമാകും. ഹഖീഖതുല്‍ മുഹമ്മദീയ്യ എല്ലാവരിലും ഉണ്ട്. പക്ഷെ നബിമാരിലും ഔലിയാഇലും അതിന്റെ പ്രഭാവം കൂടുതലാകും.എന്നാല്‍ അതിന്റെ പൂര്‍ണ്ണത അഷ്‌റഫുല്‍ ഖല്‍കില്‍ മാത്രമാണ്.
ജീലി പറയുന്നതു പ്രകാരം ഇന്‍സാനുല്‍ കാമിലിനു മൂന്നു ഘട്ടങ്ങളുണ്ട്. ബദ്അ്, തവസ്സുത്, ഖിതാം. ബദ്ഇല്‍ മനുഷ്യനു ദൈവിക ഗുണങ്ങള്‍ നല്‍കപ്പെടുന്നു. തവസ്സുതില്‍ അയാള്‍ ദൈവികവും ഭൗമികവുമാകുന്നു. ഇവിടെ ഇരു ലോകത്തെയും യാഥാര്‍ത്ഥ്യങ്ങള്‍ അവനു നല്‍കപ്പടുന്നു. കാണുന്നതിനെ കുറിച്ചും കാണാത്തതിനെ കുറിച്ചും അറിവുകള്‍ നല്‍കപ്പെടുന്നു. ഖിതാമില്‍ ഭൗമ ലോകത്ത് ഉപയോഗിക്കാവുന്ന ശക്തി നല്‍കപ്പെടുന്നു.മറ്റുള്ള സൃഷ്ടികളുടെ മേല്‍ അധികാരവും നല്‍കപ്പെടുന്നു. ഇവിടെ അല്ലാഹുവും ഇന്‍സാനുല്‍ കാമിലും മാത്രം നിലനില്‍ക്കുന്നു. ആത്യന്തികമായി, തുടക്കത്തില്‍ പരാമര്‍ശിച്ചതു പോലെ, താത്വിക തലത്തിലാണോ അതോ സ്വഭാവരൂപീകരണത്തിന്റെ തലത്തിലാണോ ഇന്‍സാനുല്‍ കാമിലിനെ കുറിച്ചുള്ള ചര്‍ച്ചകളുള്ളത് എന്നതില്‍ അഭിപ്രായാന്തരങ്ങളുണ്ട്. രണ്ടിടങ്ങളിലുമാണ് എന്നതാണ് ഏറ്റവും വ്യക്തമായ ആശയം.
(കേട്ടെഴുത്ത്; അമീന്‍ എം റമദാന്‍)