മഹബ്ബത്താണ് ലോകത്തിന്റെ പ്രമേയം. മഹബ്ബത്ത് എന്ന അറബി പദത്തിന് നിരവധി പര്യായ പദങ്ങള്‍ കാണാം. ഒരു പദത്തിന്/ ആശയത്തിന് പേരുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കില്‍ അത് ആ വസ്തുവിന്റെ മഹത്വത്തിന്റെ മേല്‍ അറിയിക്കുന്നുവെന്നാണ് പണ്ഡിതര്‍ രേഖപ്പെടുത്തിയത്. കാരണം ഒരു പ്രത്യേക പേരില്‍ അതിനെ തളച്ചിടാനുള്ള പ്രയാസമാണ് പേരുകളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം. മഹബ്ബത്തിന് പണ്ഡിതന്മാര്‍ പ്രത്യേക നിര്‍വചനത്തില്‍ ഒതുങ്ങി കൂടാതെ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ നല്‍കിയതായി കാണാം. അവയില്‍ ആകര്‍ഷകമായ ഒരു അര്‍ത്ഥം ഹബീബ്(പ്രണയി) മഹ്ബൂബില്‍(പ്രണയിക്കപ്പെടുന്നത്) ലയിച്ചു ചേരലാണ്, ആ ലയനം അറബിയിലെ ഹുബ്ബ് എന്നപദത്തിലെ അവസാന രണ്ട് അക്ഷരങ്ങളായ ബാഉകള്‍ പരസ്പരം ലയിച്ചത് പോലെ ആയിരിക്കണം. വെള്ളത്തില്‍ പഞ്ചസാര ചേരുന്നത് കണ്ടിട്ടില്ലേ, രണ്ടും ലയനത്തിന് മുമ്പ് രണ്ടു പദാര്‍ത്ഥങ്ങളായിരുന്നു. എന്നാല്‍ ലയനാനന്തരം രണ്ടും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം ഒന്നായി തീരാറില്ലേ? ഇതുപോലെയാണ് ഹബീബും മഹ്ബൂബും. എന്നാല്‍ ഇന്നത്തെ പ്രണയം എന്നു പറയപ്പെടുന്നതെല്ലാം വെറും നൈമിഷിക സുഖത്തിനും ആവശ്യപൂര്‍ത്തീകരണത്തിനും വേണ്ടി മാത്രമുള്ളതായിരുന്നുവെന്ന് പുതിയകാല പ്രണയികളുടെ പര്യവസാനം പരിശോധിക്കുമ്പോള്‍ നമുക്ക് വ്യക്തമാവും. നിങ്ങള്‍ നോക്കൂ, ഹുബ്ബ് എന്ന അറബി പദത്തില്‍ രണ്ട് അക്ഷരങ്ങളാണ് ഉള്ളത്. ഒന്ന് ഹാഅ് ഉം മറ്റൊന്ന് ബാഅ് ഉം. ഉച്ചാരണ ശാസ്ത്ര പ്രകാരം ഇവയില്‍ ഒന്നാമത്തെ അക്ഷരമായ ഹാഅ് ഖല്‍ഖിന്റെ (തൊണ്ടയില്‍) ആറ് അക്ഷരങ്ങളില്‍ നിന്നുള്ള ഒന്നും രണ്ടാമത്തെ അക്ഷരമായ ബാഅ് ശഫവിയ്യായ(ചുണ്ട്) നാലക്ഷരങ്ങളില്‍ ഒന്നുമാണ്. ഈ പദങ്ങളിലൂടെ നമ്മള്‍ ഹുബ്ബിനെ വിലയിരുത്തിയാല്‍ രണ്ടു നിലയില്‍ നമുക്ക് നിര്‍വചിക്കാന്‍ സാധിക്കും. ഒന്ന് തൊണ്ടയില്‍ നിന്ന് വരുന്നതും മറ്റൊന്ന് ചുണ്ടില്‍ നിന്നുമാണ് അഥവാ ഉള്ളിലും പുറത്തും പ്രണയം ഉണ്ടായാലേ ഹുബ്ബ് പൂര്‍ണ്ണമാവൂ. രണ്ടാമത്തെത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് തുടങ്ങുന്ന ഹുബ്ബ് നാവിലൂടെ പുറത്തു വരണം.
ഹുബ്ബ് എന്ന പദത്തിന്റെ ക്രിയാ ധാതു (ഇശ്തിഖാഖ്)വിനെ കുറിച്ച് ധാരളം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. തത്പര്യജനകമായ ഒന്നാണ് വിത്ത് എന്ന് അര്‍ത്ഥം വരുന്ന ഹബ്ബത്ത് എന്നതിന്റെ ബഹുവചനമായ ഹബ്ബില്‍ നിന്നാണ് എന്നത്. ഹബ്ബ് അഥവ വിത്തുകള്‍, ഇസ്ലാം എന്നു പറയുന്നത് തന്നെ മഹബ്ബത്താണ്. അഥവ, എല്ലാ നന്മകളും പ്രധിനിധാനം ചെയ്യുന്ന ഒരു വിത്താണ് മഹബ്ബത്ത്. ഇസ്ലാം ആജ്ഞാപിച്ച എന്തെല്ലാം കാര്യങ്ങളുണ്ടോ അവകളെല്ലാം മഹബ്ബത്തിന് വേണ്ടിയാണ്. ഇതുപോലെ തന്നെ ഇസ്ലാം എന്തിനെയെല്ലാം വിരോധിച്ചുവോ അതെല്ലാം മഹബ്ബത്ത് നഷ്ടപ്പെടും എന്ന കാരണത്താലാണ്. മഹാനായ ബിശ്‌റുല്‍ ഹാഫി തങ്ങള്‍ പറഞ്ഞു: പരദൂഷണം(ഗീബത്ത്) വെളിവായാല്‍ മഹബ്ബത്തിനെ ഉയര്‍ത്തപ്പെടും. വളരെ ഗൗരവത്തില്‍ ചര്‍ച്ചചെയ്യേണ്ട വസ്തുതയാണിത്. ഗീബത്തും നമീമത്തും കളവും ചതിയും വഞ്ചനയും പലിശയും കള്ളുകുടിയും എല്ലാം ഇസ്ലാം നിരോധിച്ചു. ഈ നിരോധനങ്ങളുടെയെല്ലാം ലക്ഷ്യം മഹബ്ബത്ത് ലോകത്ത് നിലനില്‍ക്കണം എന്നതാണ്. ഉറക്കിലും ഉണര്‍വിലും കൂടെയുണ്ടാകുന്ന ഉറ്റ സൂഹൃത്തിനെ കുറിച്ച് അവന് ഇഷ്ടമില്ലാത്തത് അവന്റെ അഭാവത്തില്‍ പറഞ്ഞാല്‍, ഏതെങ്കിലും ഒരു സമയത്ത് അവനത് അറിയാതിരിക്കില്ല. അവനത് അറിഞ്ഞാല്‍ സംഭവിക്കുന്നത് മഹബ്ബത്തിനെ ഉയര്‍ത്തപ്പെടലാണ്. അനാവശ്യം പറയുന്ന സൂഹൃത്തിനെ പിന്നീടൊരിക്കലും സംശയത്തിന്റെ ലാഞ്ചനയോട് കൂടിയല്ലാതെ ഒരാള്‍ക്ക് ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ സാധിക്കില്ല. ഇങ്ങെനെ തന്നെയാണ് ഇസ്ലാമില്‍ ഓരോ നിരോധനവും വരുന്നത്.
അഷ്‌റഫുല്‍ ഖല്‍ഖ്(സ്വ) മദീനയിലെത്തിയ ശേഷം ആദ്യമായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ ആദ്യ ഭാഗം പരസ്പരം കാണുമ്പോള്‍ സലാം പറയുന്നത് വ്യാപിപ്പിക്കാനായിരുന്നു. അഷ്‌റഫുല്‍ ഖല്‍ഖിന്റെ ഈ പ്രഭാഷണം കേട്ടിട്ടാണ് അന്നത്തെ ഏറ്റവും വലിയ ജൂതപണ്ഡിതരില്‍ പ്രമുഖനും മഹത്തായ പാരമ്പര്യത്തിന്റെ ഉടമയുമായ അബ്ദുല്ലാഹിബ്‌നു സലാം തങ്ങളെല്ലാം ഇസ്ലാമിലേക്ക്് കടന്നു വരുന്നത്. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലിലുള്ള ആറു ബാധ്യതകളെ കുറിച്ച് അഷ്‌റഫുല്‍ ഖല്‍ഖ് പരാമര്‍ശിച്ചപ്പോഴും സലാമിനെ കുറിച്ചു പറഞ്ഞതായി കാണാം. എന്താണ് ഒരാളെ കാണുമ്പോള്‍ അസ്സലാമു അലൈകും എന്നു പറയുമ്പോള്‍ ഇത്രയേറെ പുണ്യം? പണ്ഡിതന്മാര്‍ ഉത്തരം പറഞ്ഞു, മഹബ്ബത്തിന്റെ കാവാടത്തിന്റെ താക്കോലാണ് സലാം. അഷ്‌റഫുല്‍ ഖല്‍ഖിന്റെ മദീനത്തെ ആ പ്രഭാഷണത്തിലെ ആദ്യ പ്രഖ്യാപനമായിരുന്നുവത്. എവിടെയാണ് അഷ്‌റഫുല്‍ ഖല്‍ഖ്(സ്വ) ഇത് പറയുന്നത് എന്നത് കൂടെ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. 120 വര്‍ഷക്കാലം പരസ്പരം കലഹിച്ചു കഴിയുന്ന, പതിനായിരകണക്കിന് അനാഥകളെയും ആയിരകണക്കിന് വിധവകളെയും സൃഷ്ടിച്ച യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഔസ്, ഖസ്‌റജ് ഗോത്രത്തിന്റെ മുമ്പിലാണ്. അപ്പോള്‍ അഷ്‌റഫുല്‍ ഖല്‍ഖ് പരസ്പരം സലാം പറയണം എന്ന് ആ കലുഷിത ഭൂമിയില്‍ ചെന്ന് പറഞ്ഞത് മനപ്പൂര്‍വ്വമാണ്. കാരണം മഹബ്ബത്തിന്റെ കവാടത്തിന്റെ താക്കോലാണ് സലാം. സ്‌നേഹം മനസ്സില്‍ മാത്രം ഉണ്ടായാല്‍ പോര അത് പ്രകടിപ്പിക്കുക കൂടി വേണം, എന്നാലെ മഹബ്ബത്തിന് പരിപൂര്‍ണ്ണത ലഭിക്കുകയുള്ളു.
യഥാര്‍ത്ഥത്തില്‍ സലാമും പുഞ്ചിരിയും എല്ലാം ഇസ്ലാം പ്രോത്സാഹിപിച്ചത് മഹബ്ബത്തിന്റെ ബഹിര്‍ഗമനമാണ്. ഏത് ഫര്‍ളായ കാര്യങ്ങളെ ചെയ്യുമ്പോഴും അതിന് സുന്നത്തായ കര്‍മ്മങ്ങളെക്കാള്‍ എഴുപതിരട്ടി പ്രതിഫലം ഇസ്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യക്ഷത്തില്‍ രണ്ടു കാര്യത്തിനും നമ്മളെടുക്കുന്ന എഫര്‍ട്ട് ഒന്നു തന്നെയായിരിക്കാം പക്ഷെ, പ്രതിഫലത്തില്‍ വ്യത്യാസമുണ്ടാവും. സുബ്ഹ് നിസ്‌കാരത്തിന് മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തിന് നാം ചിലവഴിക്കുന്ന ഊര്‍ജ്ജം തന്നെയാണ് സുബ്ഹ് നിസ്‌കാരത്തിനും ചിലവഴിക്കുന്നത്. പക്ഷെ പ്രതിഫലത്തിലെ വ്യത്യാസം ഭീമമാണ്. എന്നാല്‍ സലാമിന്റെ വിഷയത്തില്‍ ഇവിടെ നേരെ തിരിച്ചാണ്. സലാം പറയല്‍ സുന്നത്താണ് മടക്കല്‍ നിര്‍ബന്ധവും. എന്നാല്‍ മടക്കുക എന്ന നിര്‍ബന്ധത്തിന്റെ എഴുപതിരട്ടി പ്രതിഫലമാണ് പറയുക എന്ന സുന്നത്തിന് ഇസ്ലാം വകവെച്ചു നല്‍കുന്നത്. കാരണം നടേ സുചിപ്പിച്ചത് പോലെ സലാം മഹബ്ബത്തിന്റെ തുടക്കമാണ്.
സ്‌നേഹത്തിന്റെ ഘടകങ്ങള്‍ പ്രധാനമായും നാലൂകാര്യങ്ങളെ ആശ്രയിച്ചിട്ടാണ്. ഭംഗി(ജമാല്‍), പരിപൂര്‍ണ്ണത(കമാല്‍), ബന്ധം(ഖറാബത്ത്), നന്മ(ഇഹ്‌സാന്‍) എന്നിങ്ങനെ നമുക്ക് തത്കാലം അവ നാലിനെയും വിവക്ഷിക്കാം. ഭംഗിയുള്ളതിനോട് ഒരു പ്രത്യേക ആകര്‍ഷണിയത തോന്നുക എന്നത് മനുഷ്യ സഹജമാണ്. പൂവിനോടും പൂന്തോട്ടത്തോടും ഭംഗിയുള്ള വസ്ത്രത്തോടും എല്ലാം പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. ഇവിടെ ഇഷ്ടത്തിന്റെ പ്രേരകം ഭംഗിയാണ്.
എന്നാല്‍ ചിലരുടെ പ്രകടനങ്ങള്‍ കണ്ടിട്ട് നമുക്ക് അവരോട് ഇഷ്ടം തോന്നാറുണ്ട്. പ്രത്യേക വിഷയത്തില്‍ കഴിവു തളിയിച്ചവരെ മാതൃകയാക്കാന്‍ ശ്രമിക്കുന്നവരെ നമുക്ക് ചുറ്റിലും കാണാം. ഇവിടെ അവരെ ഇഷ്ടപ്പെടാനുള്ള കാരണം അവരുടെ കമാലാണ്. എന്നാല്‍ മതാപിതാക്കളെയും മക്കളെയുമെല്ലാം നമ്മള്‍ ഇഷ്ടപ്പെടാന്‍ കാരണം അവരുമായുള്ള നമ്മുടെ ബന്ധമാണ്. അവരെത്ര വിരൂപികളും പ്രാപ്തി കുറഞ്ഞവരുമാണെങ്കിലും ആരോടുമില്ലാത്ത ഒരു പ്രത്യേക ഇഷ്ടം നമുക്ക് അവരോടുണ്ടാവും. ഇവിടെ പ്രേരകം ബന്ധമാണ്. നമുക്ക് പ്രത്യേകം നന്മ ചെയ്യുന്നവരോടും സഹായം ചെയ്യുന്നവരോടും നമ്മള്‍ പ്രത്യേക ഇഷ്ടം വെക്കാനുള്ള കാരണം, അവരില്‍ നമ്മള്‍ കണ്ടെത്തിയ ഇഹ്‌സാനാണ്. ഈ നാലും കൂടെ ഒരാളില്‍ ഒരുമിക്കുക എന്നത് അപൂര്‍വ്വമാകും. എന്നാല്‍ ഈ നാല് ഘടകങ്ങളും അതിന്റെ പരിപൂര്‍ണ്ണതയില്‍ ഒരുമിച്ചു കൂടിയവരാണ് അഷ്‌റഫുല്‍ ഖല്‍ഖ്(സ്വ). ഇവിടെയാണ് ഒരു മനുഷ്യന്‍ പൂര്‍ണ്ണമായി സ്‌നേഹിക്കേണ്ടത് അഷ്‌റഫുല്‍ ഖല്‍ഖിനെ ആയിത്തീരുന്നത്. സ്വന്തത്തെക്കാളും ബന്ധത്തെക്കാളും എന്നെ സ്‌നേഹുക്കുന്നത് വരെ നിങ്ങളാരും പരിപൂര്‍ണ്ണ വിശ്വാസിയാവുകയില്ല എന്ന അര്‍ത്ഥം വരുന്ന അധ്യാപനം എന്തിന് അഷ്‌റഫുല്‍ ഖല്‍ഖ് പറഞ്ഞു എന്ന് നമ്മള്‍ പഠിക്കേണ്ടതും ഇവിടെയാണ്. ഈ അധ്യാപനം സ്വാര്‍ത്ഥമായ പദപ്രയോഗമായിരുന്നുവെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ അശ്‌റഫുല്‍ ഖല്‍ഖിനെ അറിഞ്ഞിട്ടില്ല. കാരണം നമ്മളാരും പ്രണയിച്ചിട്ടില്ലങ്കിലും അശ്‌റഫുല്‍ഖല്‍ഖിന്റെ സ്ഥാനത്തിലോ മാനത്തിലോ ഒരു തരിമ്പും കുറയുകയില്ല. എന്നിട്ടും അവിടുന്നെന്തിന് എന്നെ പ്രണയിക്കണമെന്ന് വാശിപിടിച്ചുവെന്നോ? അവിടുത്തേക്ക് നമ്മോടുള്ള അടങ്ങാത്ത പ്രണയമാണ് കാരണം. അഷ്‌റഫുല്‍ ഖല്‍ഖിനെ പ്രണയിക്കുന്നവരെ അല്ലാഹുവിന് പ്രണയിക്കാതിരിക്കാനാവുമോ? ഹബീബ് ഇഷ്ടപെടുന്നതെല്ലാം ഇഷ്ടപെടുക എന്നത് മഹബൂബിന്റെ സഹജവാസനയാണ്. അത്‌കൊണ്ട് അല്ലാഹുവിന്റെ മുമ്പിലുള്ള നമ്മുടെ രക്ഷയാണ് അഷ്‌റഫുല്‍ ഖല്‍ഖിന്റെ നിര്‍ബന്ധിത പ്രണയകല്‍പനകൊണ്ടുള്ള വിവക്ഷ. അഷ്‌റഫുല്‍ ഖല്‍ഖും അല്ലാഹുവുമായുള്ള മഹബ്ബത്തിന്റെ ആഴത്തിന്റെ കൃത്യത അടയാളപ്പെടുത്തി തരിക എന്നത് അസാധ്യമാണ്. ഈ പ്രപഞ്ച സൃഷ്ടിപ്പു തന്നെ അല്ലാഹു നിര്‍വ്വഹിച്ചത് അഷ്‌റഫുല്‍ ഖല്‍ഖ് കാരണമെങ്കില്‍ അഷ്‌റഫുല്‍ ഖല്‍ഖിനോടുള്ള അധമ്മ്യമായ പ്രണയമില്ലാതെ വിജയത്തിന്റെ മാര്‍ഗങ്ങളന്വഷിക്കരുത്.