എല്ലാ മാനവിക ചരിത്രത്തിലേക്കും ചേര്‍ക്കപ്പെടുന്ന ദൈവകാരുണ്യത്തിന്റെ വിശാലതയാണ് തിരുപ്പിറവി. ഖുര്‍ആന്‍ നബിയുടെ ഉണ്‍മയെ അഖിലാണ്ഢ മണ്ഠപങ്ങളുടെ കാരുണ്യമായാണ് വ്യാഖ്യാനിച്ചത്. ഈ കാരുണ്യത്തിന് അതിര്‍വരമ്പുകളില്ല. ഇത് മാനവ സംരക്ഷണത്തേയും, സംസ്‌ക്കരണത്തേയും, വിദ്യാഭ്യസത്തേയും, നേര്‍മാര്‍ഗത്തേയും, ഇഹപര വിജയത്തേയും ഉള്‍ക്കൊള്ളുന്നു. ഒരു കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് മാത്രം ചുരുക്കപ്പെട്ടതല്ല ഈ കാരുണ്യം. ലോകവസാനം വരെ അനന്തമാണ്. ഖുര്‍ആന്‍ പറയുന്നു: ”ഇനിയും അവരോടൊപ്പം വന്നു ചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും കൂടി നിയോഗിക്കപ്പെട്ടവരാണ് തിരുനബി(സ്വ)÷. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.”(സൂറതുല്‍ ജുമുഅ:3) തിരുപ്പിറവിയാഘോഷം അതിശ്രേഷ്ട സല്‍കര്‍മ്മവും മഹത്തമായ ആരാധനയുമാണ്, നബിസ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഉണര്‍ത്തു പാട്ടുകളാണ്. വിശ്വാസത്തിന്റെ അടിസ്ഥാനമാണ് നബിസ്‌നേഹം. തിരുനബി÷ പറഞ്ഞു: ”മാതാപിതാക്കളെക്കാളും മക്കളെക്കാളും സര്‍വ്വ ജനങ്ങളെക്കാളും എന്നെ സ്‌നേഹിക്കുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല.”(സ്വഹീഹു മുസ്‌ലിം, ഹദീസ് നമ്പര്‍:44)
ഇബ്‌നു റജബുല്‍ ഹമ്പലി(റ) പറയുന്നു: നബിസ്‌നേഹം ഈമാനിന്റെ അടിസ്ഥാനവും ഇലാഹീ സ്‌നേഹത്തിന്റെ ആനുപാതികവുമാണ്. അല്ലാഹുവിനേയും റസൂലിനേയും സ്‌നേഹിക്കുന്നതിനെക്കാളും കുടുംബം, സമ്പത്ത്, നാട് പോലെയുള്ള പ്രകൃതിപരമായി സ്‌നേഹിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയവര്‍ക്ക് അല്ലാഹു താക്കീത് നല്‍കിയിട്ടുണ്ട്.(ഫത്ഹുല്‍ ബാരി:1/48)
ഉമര്‍(റ)വില്‍ നിന്ന് നബി(സ്വ)÷വിശദീകരിച്ച അളവില്‍ തിരുനബിയെ സ്‌നേഹിക്കുന്നത് വരെ ഒരാളുടെ വിശ്വാസവും പരിപൂര്‍ണ്ണമാവുകയില്ല. സര്‍വ്വ മുസ്‌ലിംകളും ഈ അളവ് കൈവരിക്കല്‍ നിര്‍ബന്ധമാകും. ഇലാഹീസ്‌നേഹവും നബി സ്‌നേഹവും വൈരുദ്ധ്യമല്ല. കാരണം അത് അല്ലാഹു കല്‍പിച്ചതാണ്. നബിസ്‌നേഹത്തിന്റെ അടിസ്ഥാനം അല്ലാഹുവിനോടുള്ള സ്‌നേഹമാണ്. നബിക്ക് തുല്യരായി ആന്തരിക-ബാഹ്യ സൗന്ദര്യ വിശേഷണങ്ങള്‍ സംയോജിച്ച ഒരു വസ്തുവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. നബിയാകുന്ന ഇലാഹി ദര്‍പ്പണം പ്രതിഫലിപ്പിച്ച ഇലാഹീ സ്ഫുരണത്തെ നാം ഇഷ്ടപ്പെടുന്നു. ആകെയാല്‍ സ്‌നേഹം അല്ലാഹുവിലേക്ക് വഴി മാറുന്നു. തിരുസ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹമാണ്. അതിനിടയില്‍ വൈരുദ്ധ്യങ്ങളില്ല.
പൂര്‍വ്വസൂരികള്‍ പരിപൂര്‍ണ്ണ നബിസ്‌നേഹം കൈവരിച്ചതിന്റെ ബാഹ്യാടയാളങ്ങളുണ്ട്. ഉബൈദ ബിന്‍ അംറുസ്സല്‍മാനി(റ) പറയുന്നു: ”എന്റെ പക്കല്‍ അല്‍പം തിരുകേശങ്ങളുണ്ടാകുന്നതാണ് ഭൂമിയുടെ അകത്തും പുറത്തുമുള്ള സ്വര്‍ണ്ണ-വെള്ളിയേക്കാളും എനിക്കിഷ്ടം .”(മുസ്‌നദ് അഹ്മദ്, ഹദീസ് നമ്പര്‍:13710) ഇമാം ദഹബി(റ) പറയുന്നു: ഉബൈദ(റ)വിന്റെ പ്രസ്തുത വാചകം പരിപൂര്‍ണ്ണ സ്‌നേഹത്തിന്റെ അളവുകോലാണ്. ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണ, വെള്ളിയേക്കാള്‍ തിരുകേശങ്ങള്‍ക്ക് പ്രധാന്യം നല്‍കി.(സിയറു അഅ്‌ലാമിനുബലാഅ്:4/42,43) നബി(സ്വ) വഫാത്തായി അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴാണ് ഉബൈദുല്ല(റ) ഇതു പറയുന്നത്. നമുക്ക് നബിയുടെ പരമ്പര സ്ഥിരപ്പെട്ട തിരുകേശമോ അല്ലെങ്കില്‍ അവിടുത്തെ പാദുകത്തിന്റെ പട്ടയോ നഖമോ പാന പാത്ര ഭാഗമോ ലഭിച്ചാല്‍ നമ്മളും ഇതല്ലാതെ എന്താണ് പറയുക..?!!
ഒരു ധനികന്‍ തന്റെ സമ്പാദ്യം മുഴുവന്‍ തിരുശേഷിപ്പുകള്‍ സ്വന്തമാക്കാന്‍ വിനിയോഗിച്ചാല്‍ അദ്ദേഹത്തെ ധൂര്‍ത്തടിക്കുന്നവനന്നോ വിഡ്ഢിയെന്നോ പറയുമോ? നിസ്സംശയം, ഇല്ല.
തിരു കരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പള്ളി സന്ദര്‍ശിക്കാനും, ഹുജ്‌റത്തുന്നബവിയുടെ അരികില്‍ പോയി സലാം ചൊല്ലാനും സമ്പത്ത് ചെലവഴിക്കൂ. ഉഹ്ദിനെ കാണുമ്പോള്‍ ആനന്ദഭരിതനാവുകയും സ്‌നേഹിക്കുകയും വേണം. കാരണം നബി÷ അതിനെ സ്‌നേഹിച്ചിരുന്നു. തിരുറൗളയിലും പുണ്യഭൂമിയിലും ഇറങ്ങി നീ സായൂജ്യമടയണം…
സമ്പത്തിനേക്കാളും സന്താനങ്ങളേക്കാളും ശരീരത്തേക്കാളും സര്‍വ്വ ജനങ്ങളേക്കാളും നബിതങ്ങളെ സ്‌നേഹിക്കുന്നത് വരെ ഒരാളും വിശ്വാസിയാവുകയില്ല. സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ട പരിശുദ്ധ ഹജറുല്‍ അസ്‌വദ് ചുംബിക്കൂ. നബി÷ ചുംബിച്ച അതേ സ്ഥലത്ത് തന്ന അധരങ്ങളെ വെക്കൂ.. അതിനേക്കാളും അപ്പുറത്തേക്ക് മറ്റൊരു നേട്ടവും കരസ്ഥമാക്കാനില്ല.
സാബിത്തുല്‍ ബുന്‍യാനി(റ) അനസ്(റ)വിനെ കണ്ടാല്‍ കൈപിടിച്ചു ചുംബിച്ചു പറയും: ”നബി÷യുടെ തിരുകരം സ്പര്‍ശിച്ച കൈകളാണിത്.” നമുക്കാ സൗഭാഗ്യം ലഭിച്ചിട്ടില്ലെങ്കില്‍ നമുക്കിങ്ങനെ പറയാം: ‘നബി(സ്വ)യുടെ അധരങ്ങള്‍ ചുംബിച്ച ഭൂമിയിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തമായ ഹജറുല്‍ അസ്‌വദ് മുത്തി നമുക്ക് സായൂജ്യമടയാം….’
അബൂ ഖതാദല്‍ അന്‍സാരി(റ) നിവേദനം: നബിയോട് തിങ്കളാഴ്ച വ്രതത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു: ”ആ ദിവസമാണ് ഞാന്‍ ജനിച്ചതും, എനിക്ക് പ്രവാചകത്വം ലഭിച്ചതും, എന്റെ മേല്‍ ഖുര്‍ആന്‍ അവതരിച്ചതും.”(സ്വഹീഹു മുസ്‌ലിം, ഹദീസ് നമ്പര്‍:1162)
തിരുനബി(സ്വ) പിറന്നത് തിങ്കളാഴ്ചയാണെന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സൃഷ്ടികള്‍ക്കു ആവര്‍ത്തിക്കുന്ന ദിവസങ്ങളിലെ വ്രതാനുഷ്ഠാനം ശ്രേഷ്ഠമാണെന്നതിലേക്ക് ഈ ഹദീസ് സൂചിപ്പിക്കുന്നു. തിരുനിയോഗമാണ് ഈ സമൂഹത്തിനു ലഭിച്ച പരമോന്നത അനുഗ്രഹം. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഖുര്‍ആന്‍ പാരായണം ചെയ്യുകയും, സംസ്‌ക്കരിക്കുകയും, ഖുര്‍ആനും അറിവും പഠിപ്പിക്കുകയും ചെയ്യുന്ന ദൂതരെ സത്യവിശ്വാസികളില്‍ നിന്നും നിയോഗിക്കുക വഴി മഹത്തായ അനുഗ്രഹമാണ് അല്ലാഹു അവര്‍ക്ക് നല്‍കിയിയത്. അവരാകട്ടെ, അതിനു മുമ്പ് വ്യക്തമായ വഴികേടിലും മാര്‍ഗഭ്രംശത്തിലുമായിരുന്നു.”(സൂറതു ആലി ഇംറാന്‍:164)
ഏറ്റവും വലിയ അനുഗ്രഹം സസ്യലദാതികള്‍ മുളക്കുന്നതോ മഴ വര്‍ഷിക്കുന്നതോ രാപ്പകലുകളും കാറ്റും സൂര്യചന്ദ്രനും ആകാശ ഭൂമിയും.. മറ്റുള്ളവയും സൃഷ്ടിച്ചതിലല്ല. സത്യവിശ്വാസികള്‍ക്കും നിഷേധികള്‍ക്കുമുള്ളതാണ് ഈ അനുഗ്രഹങ്ങള്‍. മറിച്ച് ഈ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് തിരുനബി(സ്വ). കാരണം ഇഹപര നന്മകള്‍ വ്യാപിച്ചതും അല്ലാഹുവിന്റെ ദീന്‍ പൂര്‍ത്തിയായതും തിരു നബിയിലൂടെയാണ്. ഇത് ഇരുലോക നന്മകള്‍ കൈവരിക്കുന്നതിനു നിദാനമാണ്. വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആവര്‍ത്തിക്കുന്ന ദിവസങ്ങളിലെ നോമ്പ് സല്‍കര്‍മ്മമായി. അനുഗ്രഹങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നന്ദിയോടെ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നോമ്പുകള്‍
(കേട്ടെഴുത്ത്; ഹാഫിള് ലുഖ്മാനുല്‍ ഹകീം അസ്ഹരി പെരുവെള്ളൂര്‍)
(ഉറവ മാസിക, ഡിസംബര്‍ 2017)