കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ 15-ാം വാര്‍ഡാണ് കൂരിയാട്. ഇരു സമസ്തയും സംയുക്തമായ മഹല്ല്. ഇവിടത്തെ ആത്മീയ ചൈതന്യത്തിനു പിന്നില്‍ ഒരു മഹാപുരുഷന്റെ കഥ പറയാനുണ്ട്. വാക്കും പ്രവൃത്തിയും എതിരാകാതെ ജീവിച്ചു മരിച്ച സൂഫിവര്യന്റെ കഥ. വിനയാന്വിതമായ വസ്ത്രധാരണം. ആര്‍ഭാഢങ്ങളില്ല. യാത്രകളില്‍ ഒരു കുടയും നീളത്തിലുള്ള വടിയും കുറച്ചു കിതാബുകളും കൈവശം കരുതുന്നു. വഴിതടസ്സങ്ങള്‍ നീക്കാനാണ് കൈയ്യില്‍ വടി. മറിച്ച് വാര്‍ധക്യ സഹജമായ പ്രയാസം കാരണമല്ല. അരുതാത്തതു കാണുമ്പോള്‍ ഉടന്‍ പ്രതികരിക്കുന്നു. സദുപദേശം നല്‍കുന്നു. മിണ്ടാപ്രാണികളിലും ഒരു മനുഷ്യന്റെ ജീവനെ കാണുന്നു. അറിവിനെ പ്രിയം വെക്കുന്നു. ഇത്തരം മാതൃകായോഗ്യമായ സ്വഭാവഗുണങ്ങള്‍ മേളിച്ച ഒരു യുഗപരിഷ്‌കര്‍ത്താവായിരുന്ന തേനുമുസ്ലിയാരാണ് ആ കഥാപുരുഷന്‍
ജനനം കുടുംബം
ഹിജ്റ 1302 ല്‍ അല്ലൂരില്‍ ജനിച്ചു. അല്ലൂരിലെ കരിങ്ങായി മൂസയുടെ മകള്‍ ഫാത്വിമയായിരുന്നു മാതാവ്. പിതാവ് കൂരിയാട് കല്ലിടുമ്പില്‍ അഹ്്മദും. സൈനുദ്ധീന്‍ എന്ന പേര് ലോപിച്ചാണ് തേനുവായത്.
പഠനം അധ്യാപനം
പഠനത്തിന്റെ തുടക്കം ഖുര്‍ആന്‍ പാരായണം പഠിച്ചുകൊണ്ടായിരുന്നു. കൂരിയാട് ഖാളി ആയിരുന്ന ടി എസ് അബ്ദുല്ലക്കോയ തങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്ന തങ്ങള്‍ കുടുംബമായിരുന്നു ഖുര്‍ആന്‍ പാരായണം പകര്‍ന്നു നല്‍കിയത്. ഹബീബ് കുട്ടിക്കോയ തങ്ങളും അബ്ദുല്ലാഹ് കോയ തങ്ങളും അവരുടെ സഹോദരിയും അടങ്ങുന്നതായിരുന്നു ആ കുടുംബം. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്ന പതിവ് ആ വീട്ടില്‍ നിലനിന്നിരുന്നു. അങ്ങനെയാണ് തേനു മുസ്്ലിയാരും അവിടെ എത്തുന്നത്.
ഖുര്‍ആന്‍ പരായണ ശാസ്ത്രം ഹൃദിസ്ഥമാക്കിയ മഹാനവര്‍കളുടെ അവതരണം ശൈലിയിലും അക്ഷരസ്ഫുടതയിലും മികച്ചു നിന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ ബാലപാഠം മനസ്സിലാക്കിയാണ് ദര്‍സു ജീവിതം ആരംഭിക്കുന്നത്. തിരൂരങ്ങാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബുഖാരി മുസ്്ലിയാരുടെ ദര്‍സായിരുന്നു മഹാനവര്‍കളുടെ ആദ്യ ഓത്തുപള്ളി. പിന്നീട്്് എടക്കുളത്തിനടുത്ത് കൈതക്കര പളളിദര്‍സില്‍ കുറച്ചു കാലം പഠിച്ചു. തൃക്കരിപ്പൂര്‍ കൊയങ്കര അഹ്്മദ് കുട്ടി മുസ്്ലിയാരായിരുന്നു അവിടെ ഉസ്താദ്. അവിടെ നിന്ന്് പൊന്നാനിയിലെത്തി കുറേ കാലം പഠിച്ചു.
സഹപാഠികള്‍ക്ക് വിഷയങ്ങള്‍ പറഞ്ഞുകൊടുക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമുള്ള കഴിവ് വേറിട്ടതായിരുന്നു. വിഷയങ്ങളില്‍ നല്ല അവഗാഹം മഹാനവര്‍കള്‍ക്കുണ്ടായിരുന്നു. സഹപാഠികള്‍ക്ക് അവരോട് വലിയ ബഹുമാനമായിരുന്നു. അവിടുത്തെ അനുജന്‍ സൈതാലി മുസ്്്ലിയാരും കൂട്ടുകാരും ഓതിയിരുന്ന മിന്‍ഹാജ് സബ്ഖില്‍ അതു കേള്‍ക്കാന്‍ വേണ്ടി മുതിര്‍ന്ന വിദ്യാര്‍ത്ഥിയായിട്ടും മഹാനവര്‍കള്‍ ഇരുന്നിരുന്നു.
അറിവിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. അതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവിടുന്ന് തയ്യാറായി. മരണം വരെ വിദ്യാര്‍ത്ഥിയായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതിനായി അധ്യാപനകാലത്തും അറിവു തേടി വിദഗ്ദരായ ഉസ്താദുമാരെ സമീപിച്ചു. കിടങ്ങയം ആമക്കോട് പള്ളിയില്‍ മുദരിസായപ്പോള്‍ നെല്ലിക്കുത്ത് ജുമുഅത്തു പളളിയില്‍ പോയി പെരിമ്പലം ഉണ്ണീദു മുസ്്്ലിയാരുടെ അടുത്ത് നിന്നും പഠിച്ചിരുന്നു.
വേലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് പ്രിന്‍സിപ്പലായിരുന്ന അബ്്ദുറഹ്്മാന്‍ ഫള്ഫരി എന്ന് കുട്ടിമുസ്്ലിയാരുടെ അടുത്തേക്ക് ബുഖാരി പഠിക്കാന്‍ ചെന്നത് തിരുനബി (സ്വ) യുടെ സ്വപ്നദര്‍ശനത്തിലൂടെയുള്ള നിര്‍ദേശപ്രകാരമാണ്. സ്വപ്നത്തില്‍ വന്ന തിരുദൂതരോട് ബുഖാരി ഓതിത്തരാന്‍ ഒരു ഉസ്താദിനെ പറഞ്ഞു തരാന്‍ അപേക്ഷിച്ചപ്പോള്‍ തിരുനബി (സ്വ) പറഞ്ഞു കൊടുത്ത ഉസ്താദായിരുന്നു കുട്ടിമുസ്്ലിയാര്‍.
യാത്രകളില്‍ കിതാബുകള്‍ കരുതിയിരുന്നത് അറിവിനോടുള്ള അടങ്ങാത്ത കൊതിയെയാണ് വ്യക്തമാക്കുന്നത്. സഹപാഠികള്‍ക്ക് സാന്ത്വനമായി മുന്നില്‍ നിന്നു. പൊന്നാനിയില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്ക് വസൂരി രോഗം പിടിപെട്ടപ്പോള്‍ അവര്‍ക്ക് ശുശ്രൂഷ നല്‍കുകയും മരണപ്പെട്ടവരെ സംസ്‌കരിക്കാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തു. സേവകനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ അദ്ദേഹവും രോഗിയായി. ഉടനെ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പേരില്‍ ഖുര്‍ആന്‍ ഖത്്മ് തീര്‍ക്കന്‍ നേര്‍ച്ചയാക്കി. രോഗം ഭേധമായി. തുടര്‍ന്ന് മമ്പുറം മഖാമില്‍ ചെന്ന് അല്‍പ ദിവസം അവിടെ തങ്ങി ഖുര്‍ആന്‍ ഓതി തീര്‍ത്താണ് തേന്യോലേരുപ്പാപ്പ മടങ്ങിയത്.
ഇങ്ങനെ, രോഗശമനത്തിനൊരത്താണിയായി ജനങ്ങള്‍ മഹാനവര്‍കളുടെ ചാരത്തെത്തിയ സംഭവങ്ങള്‍ ഒരുപാടുണ്ട്. ഒന്നിവിടെ ഓര്‍ക്കാം. 1942 ന് ശേഷം മലപ്പുറത്ത് കോളറ പടര്‍ന്നു പിടിച്ച സമയം. രോഗബാധയേറ്റ് പലരും മരിക്കുന്നു. നാട്ടുകാര്‍ ഭയന്നു. പ്രമാണിമാര്‍ പരിഹാരം കിട്ടാതെ കുഴങ്ങി. പല ചികിത്സകരെയും കണ്ടു. ഫലമുണ്ടായില്ല. അവസാനം ഒരു മഹാന്റെ നിര്‍ദേശ പ്രകാരം നാല്‍പതു വര്‍ഷം തുടര്‍ച്ചയായി ഖളാആകാതെ സുബ്ഹി നിസ്‌കരിച്ച വ്യക്തിയെ തേടി അവര്‍ അലഞ്ഞു. അങ്ങനെയൊരാളെ കൊണ്ടു വന്നു പ്രാര്‍ത്ഥിപ്പിച്ചാല്‍ കോളറ നാടുനീങ്ങുമെന്നാണ് മഹാന്‍ പറഞ്ഞത്.
നീണ്ട അന്വേഷണത്തിനൊടുവില്‍ അവര്‍ തേനുമുസ്്ലിയാരുടെ അടുത്തെത്തി. കാര്യം ധരിപ്പിച്ചു. മഹാനവര്‍കള്‍ ഒന്നു മൗനിയായതിനു ശേഷം പറഞ്ഞു. അല്‍ഹംദുലില്ലാഹ് പടച്ചവന്റെ അനുഗ്രഹമെന്നോണം ഞാന്‍ ഇന്നേ വരെ നിസ്‌കാരം ഖളാആക്കിയിട്ടില്ല. ഞാന്‍ അങ്ങോട്ടു വരാം. സൂക്ഷ്മതയുടെ പര്യായം തന്നെ. ഉടമയുടെ പ്രീതി തേടിയുള്ള ആരാധനയിലെ കണിഷത. അവനോടുള്ള പ്രിതിബദ്ധത. ഒരു നിമിഷം സന്ദേഹിയാകാതെ ഇങ്ങനെ പറയാന്‍ മഹാനവര്‍കള്‍ക്കു സാധിച്ചെങ്കില്‍ അവിടുത്തെ ആത്മീയ ഔന്നിത്യമെത്രയാണ്.
അങ്ങനെ മഹാനവര്‍കള്‍ അവിടെ ചെന്ന് ദുആ ചെയ്തു. കോളറക്കു ശമനമായി.
തേനുമുസ്്ലിയാരുടെ അധ്യാപനരംഗം മറ്റൊരു അത്ഭുതമായിരുന്നു. മുപ്പതു വര്‍ഷത്തിലധികം നീണ്ടു നിന്നു. നഹ്വ്, സ്വര്‍ഫ്, ഫിഖ്ഹ്, ഹദീസ്, തഫ്സീര്‍, അഖീദ, തസ്വവ്വുഫ് വിഷയങ്ങളിലുള്ള കിതാബുകള്‍ അവിടുന്ന് ദര്‍സ് നടത്തി. തസ്വവ്വുഫായിരുന്നു ഇഷ്ടവിഷയം. ഇബ്നു അത്വാഇല്ലാഹി സ്സിക്കന്തരിയുടെ ഹികം പൂര്‍ണ്ണമായും അവിടുന്ന് മനപാഠമാക്കിയിരുന്നു.
പ്രഥമ ദര്‍സ്് ചാപ്പനങ്ങാടി ജുമുഅത്തു പള്ളിയിലായിരുന്നു. എഴുപതോളം താമസക്കാരായ വിദ്യാര്‍ത്ഥികളും പുറമെ നാട്ടുകാരായ കുട്ടികളും അവിടുന്ന് അറിവ് നുകര്‍ന്നിരുന്നു. പാണ്ടിക്കാടിനടുത്ത് കിടങ്ങയം ആമക്കാട് പള്ളിയിലെ സേവനത്തിനു ശേഷം സ്വദേശമായ കൂരിയാട്ടേക്കു വന്നു. ഇവിടെ ഒന്നിലധികം തവണ ദര്‍സ് നടത്തി.
ദര്‍സുകള്‍ വ്യാപകമായിട്ടില്ല അന്ന്. നടത്തിപ്പിനുള്ള സാമ്പത്തിക ശേഷിയും ഇല്ല. ചകിരി പിരിച്ച് കയറുണ്ടാക്കി വിറ്റായിരുന്നു പളളിയിലെ വിളക്കിലൊഴിക്കാനുള്ള എണ്ണ വാങ്ങിയിരുന്നത്.
1929 ല്‍ കിഴക്കേപുറത്ത്, ശേഷം ഇന്ത്യനൂര്‍ ജുമുഅത്തു പള്ളിയില്‍, അവിടെ നിന്ന് വീണ്ടും കിഴക്കേപുറത്തേക്ക്്. പിന്നീട് കോട്ടക്കല്‍ ടൗണ്‍ പള്ളിയിലും ഉപ്പാപ്പയുടെ ദര്‍സ് പ്രചാരം നേടി. പാണ്ടിക്കാടിനടുത്ത് ഒളവമ്പ്രം, മുടിക്കോട് ജാമിഅ്, മലപ്പുറം ശുഹദാക്കളുടെ പള്ളി തുടങ്ങി വിദൂര ദിക്കുകളിലേക്കും അറിവിന്റെ പ്രസരണത്തിനു വേണ്ടി മഹാനവര്‍കള്‍ ഇറങ്ങിതിരിച്ചു.
വേറിട്ട വ്യക്തിത്വം
ഭൗതിക പരിത്യാഗിയായിരുന്നു തേന്യോലേരുപ്പാപ്പ. എത്ര ദൂരത്തേക്കാണെങ്കിലും കാല്‍നടയായിട്ടായിരുന്നു യാത്ര ചെയ്തിരുന്നത്. അങ്ങനെ ചെയ്യാനാണ് ഇഷ്ടപ്പെട്ടത്. ഇമാം അബൂഹാമിദുല്‍ ഗസ്സാലിയുടെ ഇഹ്യയും അഹ്മദ്ബ്നു അത്വാഇല്ലാഹി സ്സിക്കന്തരിയുടെ ഹികമും സൈനുദ്ധീന്‍ മഖ്ദൂം (റ) രണ്ടാമന്‍ രചിച്ച ഫത്ഹുല്‍മുഈനും കൂടെ കരുതും. നടന്നു ക്ഷീണിക്കുമ്പോള്‍ അടുത്തു കാണുന്ന പള്ളിയില്‍ കയറി കിതാബ് മുത്വാലഅ ചെയ്യും.
യാത്രക്കിടയില്‍ വല്ല വാഹനവും കയറാന്‍ പറഞ്ഞു നിര്‍ത്തിയാല്‍ അവര്‍ നിരസിച്ചിരുന്നു. പൊന്നാനിയിലേക്കുള്ള യാത്ര മൂന്നു ദിവസം വരെ നീണ്ടു നിന്നിരുന്നുവത്രെ.
മിണ്ടാപ്രാണികളോടു കാണിച്ച പരിഗണന അനിര്‍വ്വചനീയമാണ്. ഒരിക്കല്‍ മഹാനവര്‍കള്‍ കോട്ടക്കലില്‍ നിന്നും അല്‍പം മാംസം വാങ്ങി. വീട്ടില്‍ തിരിച്ചെത്തി കവറു തുറന്നു നോക്കുമ്പോള്‍ നാലഞ്ചുറുമ്പുകള്‍.. അവിടുന്ന് ഉടന്‍ മാംസം വാങ്ങിയ കടയിലേക്കു തന്നെ തിരിച്ചു. പോക്കും വരവും നടന്നിട്ടാണ്. കൂരിയാട്ടു നിന്നും കോട്ടക്കലിലേക്ക് അഞ്ചുകിലോമീറ്ററുണ്ട്. അപ്പോള്‍ ആകെ ഇരുപത് കിലോമീറ്റര്‍ നടന്നു.
കടയിലെത്തി ഉറുമ്പുകളെ അവിടെ തന്നെ നിക്ഷേപിച്ചു. അതിനവര്‍ കാരണം പറഞ്ഞത് ഉറുമ്പുകളുടെ കുടുംബം വ്യസനിക്കുമെന്നായിരുന്നു. മറ്റൊരു വേള കോട്ടക്കല്‍ ചന്തയില്‍ നിന്നും തേക്കിലയില്‍ പൊതിഞ്ഞുകൊണ്ടു വന്ന സാധനങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ കൂറയെയും കടയില്‍ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്.
വരള്‍ച്ചാ സമയത്ത് തോടിലും വയലുകളിലും വെള്ളം കുറയുമ്പോള്‍ കരക്കടിഞ്ഞു പിടയുന്ന മീനുകളെ കൂടുതല്‍ വെള്ളമുള്ള ഭാഗത്തേക്കെത്തിക്കുക എന്നതും മഹാനവര്‍കളുടെ പതിവായിരുന്നു. തലപ്പാവഴിച്ച് വോയില്‍ മുണ്ടു കൊണ്ട് കോരിയിട്ടായിരുന്നു ഇത് ചെയ്തിരുന്നത്.
പ്രകൃതി സ്നേഹികൂടിയായിരുന്നു തേനുമുസ്്ലിായര്‍. ചക്കയും മാങ്ങയും കഴിക്കാന്‍ കിട്ടിയാല്‍ അതിന്റെ കുരു കുഴിച്ചിടുമായിരുന്നു. വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ച പ്രവാചകചര്യയുടെ പുലര്‍ച്ചയായിരുന്നു ഇത്.
മഹാനവര്‍കളുടെ പൗത്രനായിരുന്നു മര്‍ഹൂം കൂരിയാട് അബ്ദുല്‍ കരീം ബാഖവി. നാട്ടിലെ എസ് വൈ എസിന് ശക്തി പകര്‍ന്ന കര്‍മ്മോത്സുകരയായിരുന്നു അവര്‍. അദ്ദേഹം മഹാനവര്‍കളുടെ ചില യാത്രകളില്‍ കൂടെ കൂടിയിരുന്നു. അപ്പോഴൊക്കെയും കിതാബുകളുടെ കെട്ട് കൈയ്യില്‍ നല്‍കും. എന്നിട്ടു മുന്നില്‍ നടക്കാന്‍ പറയും. അറിവിനോടുള്ള ആദരവായിരുന്നു അത്.
പഴയ ചെരുപ്പായിരുന്നു അവിടുന്നണിഞ്ഞിരുന്നത്. അതിന്റെ മുകള്‍ ഭാഗത്ത് മറ്റൊരു പഴയ ശീറ്റ് തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. ചെരുപ്പിന്റെ പഴക്കത്തില്‍ പരിഭവിച്ച പൗത്രന്റെ മനസ്സു വായിച്ച് അവിടുന്നൊരിക്കല്‍ പറഞ്ഞു. എന്റെ ചെരുപ്പ് കണ്ടിട്ട്് ഞാന്‍ ബഖീലാണെന്നാണ് നിന്റെ വിചാരം അല്ലെ. കരീം ബാഖവി ഒന്നും മിണ്ടിയില്ല. മഹാനവര്‍കള്‍ തുടര്‍ന്നു. ഈ ചെരുപ്പിന്റെ മുകളിലുള്ള കഷ്ണം ഞാന്‍ ഹജ്ജിന് പോയപ്പോള്‍ ആദരവായ റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമിന്റെ മദീനയില്‍ നിന്നു വാങ്ങിയ പാദരക്ഷയുടെ കഷ്ണമാണ്. ആ ബറക്കത്തിനു വേണ്ടി കൊണ്ടു നടക്കുന്നതാണ്. തിരുനബി (സ്വ) യുടെ ശഅ്്റ് മുബാറക് തലപ്പാവില്‍ തുന്നിപ്പിടിപ്പിച്ച് യുദ്ധം ചെയ്തിരുന്ന ഖാലിദ് ബ്നു വലീദ് (റ) അത് നഷ്ടപ്പെട്ടപ്പോള്‍ സങ്കടപ്പെട്ട തിരുസ്നേഹത്തെ അന്വര്‍ത്ഥമാക്കുന്നുണ്ട് ഈ സംഭവം.
വിട
ജീവിതം കൊണ്ട് നേര്‍വഴി വരച്ചു കാണിച്ചു തേനുമുസ്്ലിയാര്‍. ഒരു കാലത്തിന്റെ, പ്രദേശത്തിന്റെ, ജനതയുടെ അഭയകേന്ദ്രമായിരുന്നു അവര്‍. ഹിജ്റ 1389 ദുല്‍ഖഅ്ദിലെ അവസാനത്തെ ബുധനാഴ്ച വീടിനടുത്തുള്ള നിസ്‌കാരപള്ളിയുടെ ഹൗളിന്‍ കരയില്‍ വീണതിനെ തുടര്‍ന്ന് മഹാനവര്‍കള്‍ രോഗശയ്യയിലായി. പിന്നീട് ഒരാഴ്ച ഭൗതിക കാര്യങ്ങളൊന്നും സംസാരിച്ചില്ല. രോഗശമനവുമുണ്ടായില്ല. അങ്ങനെ 1389 ദുല്‍ഹിജ്ജ 4 ബുധനാഴ്ച (1970 ഫെബ്രുവരി 11) ന് അദ്ദേഹം കൈരളിയോടു വിടപറഞ്ഞു.
(ഉറവ മാസിക, സെപ്തംബര്‍ 2019)