അനുഭവത്തില്‍ നിന്നു തന്നെ തുടങ്ങാം. അനുഭവത്തെക്കാള്‍ വലിയ പാഠമില്ലല്ലോ!. ജീവിതത്തിന്റെ ഇതുവരേയുള്ള യാത്രയിലെല്ലാം പാഠമുള്‍ക്കൊണ്ടത് അനുഭവത്തില്‍ നിന്നും മഹാത്മാക്കളുടെ ജീവിതത്തില്‍ നിന്നുമായിരുന്നു. 1997 ജൂണ്‍ ആറിനാണ് മസ്ജിദുന്നൂറില്‍ നിന്ന് ഞാന്‍ സ്വലാത്ത് നഗറിലേക്ക് മാറുന്നത്. അതിനു മുമ്പും ശേഷവുമുണ്ടായിട്ടുള്ള സംഭവങ്ങളും ചരിത്രങ്ങളും ഞാന്‍ പലപ്പോഴായി പറഞ്ഞത് കൊണ്ട് ഇവിടെ പാരാമര്‍ശിക്കുന്നില്ല. അന്ന് മഅ്ദിന്‍ സ്വലാത്തും റമളാനിലെ ഇരുപത്തി ഏഴാം രാവ് പ്രാര്‍ത്ഥനാ സമ്മേളനവുമെല്ലാം വളരെ നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ തുടങ്ങിയ സന്ദര്‍ഭം. നാടിന്റെ നാനാ ഭാഗത്ത് നിന്നും ജനങ്ങള്‍ സ്വലാത്ത് നഗറിലേക്ക് ഒഴുകാന്‍ തുടങ്ങി. ഏതൊരു കാര്യത്തിനും ഇരുവശമുണ്ടാകും എന്നു പറഞ്ഞതു പോലെ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോകുന്നുവെന്ന് കണ്ടപ്പോള്‍ ശത്രുക്കള്‍ ജാഗരൂഗരായി രംഗത്തു വരാന്‍ തുടങ്ങി. ഇരുപത്തി ഏഴാം രാവ് ആളുകളെ വഞ്ചിക്കലാണെന്നും സാമ്പത്തിക ചൂഷണമാണെന്നുമെല്ലാം അവര്‍ പറഞ്ഞു പരത്തി. മുജാഹിദ് സംസ്ഥാന കമ്മിറ്റി നോട്ടീസുകളും സര്‍ക്കുലറുകളും അടിച്ചിറക്കി. പത്രങ്ങളിലും മാസികകളിലും അവര്‍ തുടര്‍ ലേഖനങ്ങളെഴുതി. നാടിന്റെ പലഭാഗങ്ങളിലും ഒളിഞ്ഞും മറിഞ്ഞും ഫഌക്‌സുകള്‍ തൂങ്ങി. അവര്‍ പല ആരോപണങ്ങളും ഉന്നയിച്ചു.
കൂടാതെ, ഇതേ സമയം തന്നെ മഅ്ദിനില്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം ഗണ്യമായി വര്‍ധിച്ചു. മസ്ജിദുന്നൂറില്‍ നിന്ന് സ്വലാത്ത് നഗറിലേക്കുള്ള പറിച്ചു നടല്‍ പെട്ടെന്നുള്ളതായത് കൊണ്ടു തന്നെ വിദ്യാര്‍ത്ഥികളുടെ താമസ-ഭക്ഷണ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. വളരെ ചെറിയ മഹല്ല് പള്ളിയില്‍ നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തിങ്ങി താമസിക്കുന്ന അവസ്ഥ!. മഹല്ലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പള്ളിയെ കുറിച്ച് ആലോചിക്കേണ്ടതില്ലെങ്കിലും ഒരു സ്ഥാപനം എന്ന നിലയില്‍ മഅ്ദിനിന് മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടിയിരുന്നു.
അങ്ങനെയിരിക്കെ, പതിനാലു വര്‍ഷം മുമ്പ് കല്ലംമ്പാറയില്‍ എനിക്ക് ഒരു ദുആ മജ് ലിസുണ്ടായിരുന്നു. അന്ന് രാത്രിയില്‍ തന്നെയുണ്ടായിരുന്ന പല പരിപാടികളിലും പങ്കെടുത്തതിന് ശേഷം വളരെ വൈകിയാണ് ഞാന്‍ കല്ലമ്പാറയിലെത്തുന്നത്. എം.കെ.എം കോയ ഉസ്താദ് പെരുമുഖമാണ് ഞാന്‍ സദസ്സിലേക്ക് കയറി ചെല്ലുമ്പോള്‍ സംസാരിച്ചുക്കൊണ്ടിരിക്കുന്നത്. പരിപാടി നടക്കുന്ന സദസ്സിന്റെ പ്രവേശന ഭാഗത്ത് ശത്രുക്കള്‍ ഇരുപത്തി ഏഴാം രാവിനെ അവഹേളിക്കുന്ന തരത്തിലുള്ള ബോര്‍ഡ് വെച്ചിട്ടുണ്ട്. സമയം വൈകിയതിനാല്‍ തന്നെ ഞാന്‍ എന്റെ പ്രസംഗം വേഗത്തില്‍ നിറുത്തി. എന്നാല്‍ എം.കെ.എം കോയ ഉസ്താദ് എന്നോട് ഇരുപത്തി ഏഴാം രാവിനെ കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആ സദസ്സിന്റെയും ദിവസത്തിന്റെ പ്രത്യേകതയും പവിത്രതകളുമെല്ലാം പറഞ്ഞു കൊണ്ട് പെട്ടെന്ന് നിറുത്തി. ഞാന്‍ പ്രസംഗിച്ചു നിറുത്തിയതും; അത്രയും നേരം ഞാന്‍ വരുന്നതും കാത്ത് പ്രസംഗം നീട്ടി കൊണ്ടുപോയിരുന്ന കോയ ഉസ്താദ് വീണ്ടും പ്രസംഗിക്കാനായി എഴുന്നേറ്റു. എന്നിട്ട് മൈക്കിന്റെ അടുത്ത് പോയിട്ട് എന്നോട് ചോദിച്ചു:
‘തങ്ങളോ…(അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അഭിസംബോധന) കഴിഞ്ഞ 27-ാം രാവിലെ സദസ്സിന് എത്ര ലക്ഷം ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു?
അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ ഞാനൊന്ന് സ്തബ്ദനായെങ്കിലും;
‘മൂന്നോ നാലോ ലക്ഷം ആളുകള്‍ കൂടിയിട്ടുണ്ടാകും’
എന്ന് ഞാന്‍ ഉസ്താദിന് മറുപടി നല്‍കി.
ഇതു കേട്ട കോയ ഉസ്താദ് സദസ്സിനോടായി പറഞ്ഞു;
‘അങ്ങെനെ പറഞ്ഞാല്‍ അക്കല്ല്(കുറഞ്ഞത്) കൊണ്ട് പിടിക്കണം എന്നാണല്ലോ മസ്അല. അഥവ ളുഹ്‌റ് നിസ്‌കാരത്തില്‍ മൂന്നാണോ നാലാണോ റക്അത്ത് എന്ന് സംശയിച്ചാല്‍ ചെറുതായ മൂന്നുകൊണ്ട് പിടിക്കണം എന്നാണല്ലോ. അതുകൊണ്ട് മൂന്നോ-നാലോ ലക്ഷം എന്ന് സംശയിച്ചതിനാല്‍ നമുക്ക് മൂന്നുലക്ഷം എന്ന അക്കല്ലു(ചുരുക്കം)ക്കൊണ്ടു തന്നെ പിടിക്കാം’
തുടര്‍ന്ന് ഉസ്താദ് പറഞ്ഞു:
നാല്‍പത് ആളുകള്‍ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാല്‍ അവരില്‍ ഒരു വലിയ്യ് ഉണ്ടാവുമെന്ന് ഹദീസുകളില്‍ വന്നതാണല്ലോ. അങ്ങനെയെങ്കില്‍ 400 ആളുകള്‍ക്ക് പത്ത് വലിയുണ്ടാകും, നാലായിരം പേര്‍ക്ക് നൂറുവലിയ്യും, ഇത് നാല്‍പതിനായിരം ആയാല്‍ ആയിരം വലിയുണ്ടാകും എന്നാല്‍ ഇത് നാലു ലക്ഷം ആയാല്‍ പതിനായിരം ഔലിയാക്കളാ സദസ്സിലുണ്ടാവും. പിന്നെ ഒരു മിച്ചു കൂടിയ എല്ലാ ആളുകളുടെയും കൂടെ റഖീബ്, അതീദ് മലക്കുകള്‍ ഉണ്ടാവും. അപ്പോള്‍ മൂന്ന് ലക്ഷം പേരോടൊപ്പം ആറു ലക്ഷം മലക്കുകളണ്ടാവും. പുറമെ, ഏതൊരു മുഅ്മിനിന്റെ കൂടെയും ഹഫഌത്തിന്റെ(സംരക്ഷണ) മലക്കുകള്‍ പത്തെണ്ണമുണ്ടാകൂലെ..തങ്ങളോ…..,(ഉസ്താദ് എന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് തുടര്‍ന്നു) പിന്നെ ദിക്ര്‍ മജ്‌ലിസുകള്‍ അന്വേഷിച്ചു നടക്കുന്ന മലാഇക്കത്തുകളുണ്ടാകൂലെ വേറെയും തങ്ങളോ..പിന്നെ ലൈലത്തുല്‍ ഖദറിന്റെ രാവാണെങ്കില്‍ വേറെയും മലക്കുകള്‍ ഇറങ്ങൂലെ.’ ഉസ്താദ് നിറുത്താനുള്ള ഭാവമില്ല:
‘മലക്കുകള്‍ ഒന്നും തെറ്റു ചെയ്യില്ലാ എന്നതിലും അവരുടെ ദുആ റബ്ബ് സ്വീകരിക്കും എന്നതിലും യാതൊരു സംശയവുമില്ലല്ലോ. സ്വലാത്ത് ചൊല്ലാനല്ലേ തങ്ങള് അവിടേക്ക് ആളുകളെ വിളിക്കുന്നത്?! സ്വലാത്ത് എങ്ങനെ ചെല്ലിയാലും സ്വീകരിക്കുമെന്നതില്‍ സംശയമില്ലല്ലോ..? ‘
എന്നെല്ലാം പറഞ്ഞതിന് ശേഷം ഉസ്താദ് എന്നെ തങ്ങളോ….എന്ന് വിളിച്ചിട്ട് പറഞ്ഞു.
‘നമുക്ക് ആ ഗ്രൗണ്ടില്‍ വലിയൊരു പള്ളിയുണ്ടാക്കണം.’
ഇതു കേട്ടതും ഞാനൊരു നിമിഷം ഒന്ന് കോരിത്തരിച്ചുപോയി. എങ്ങനെയാണ് സ്വലാത്ത് നഗറിലെ ആ വലിയ ഗ്രൗണ്ടില്‍ വലിയ പള്ളിയുണ്ടാക്കുക എന്ന സംശയ രൂപേണയുള്ള എന്റെ മുഖത്തുള്ള ആശ്ചര്യം കണ്ടതു കൊണ്ടായിരിക്കണം ഉസ്താദ് വീണ്ടും എന്നോട് ചോദിച്ചു:
‘തങ്ങളോ….ങഌ എന്തിനാണ് എന്നെ ഇങ്ങനെ അത്ഭുതത്തോടെ നോക്കുന്നത്. അള്ളാഹു വലിയവനാണ്, അവന് കഴിയാത്ത ഒന്നുമില്ല. തങ്ങളെ, ഞാനീ പറഞ്ഞ കാര്യം മനസ്സില്‍ വെച്ചോളൂ. ഇതുവരെ തങ്ങളെ എത്തിച്ച റബ്ബ്, നിങ്ങളെ ഇങ്ങനെയാക്കുമെന്ന് നിങ്ങള്‍ മുമ്പ് ധരിച്ചിരുന്നോ!? തങ്ങളെ റബ്ബ് അവിടെയൊരു പള്ളിവെക്കാനുള്ള തൗഫീഖ് നല്‍കുക തന്നെ ചെയ്യും.’
ഇതും പറഞ്ഞ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചു. അത് കഴിഞ്ഞ് പതിനഞ്ചു ദിവസത്തിന് ശേഷം എം.കെ.എം കോയ ഉസ്താദ് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം വഫാത്തായി ഒരാഴ്ച കഴിഞ്ഞ ശേഷം ഖത്തറില്‍ നിന്ന് മുഹമ്മദലി ഹാജിയുടെ കെയറോഫില്‍ ഷൈഖ് സാദ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ പ്രപ്പോസലുമായി വരുന്നത്. സ്വലാത്ത് നഗറിലെ ആ ഗ്രൗണ്ട് പൂര്‍ണ്ണമായും പള്ളിയാക്കണം എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. അഥവ അങ്ങോട്ട് അന്വേഷിച്ച് പോകാതെ ഇങ്ങോട്ട് പ്രപ്പോസലുമായി വന്ന് നിര്‍മിച്ചു തന്ന പള്ളിയാണ് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്.
പറയാന്‍ ശ്രമിക്കുന്നത് മഹാന്മാരുടെ ചിലവാക്കുകള്‍, സ്പര്‍ശനങ്ങള്‍, അവരുടെ ശേഷിപ്പുകള്‍ എന്നിവയിലെല്ലാം ബറക്കത്തുണ്ട്. പൂര്‍വീകര്‍ അതെല്ലാം വളരെ ആദരവോടെയാണ് കണ്ടിരുന്നത്. അവരുടെ ബറക്കത്തെടുക്കലിന്റെ പാരമ്പര്യമാണ് ഇന്ന് വിശ്വാസി ലോകം മാഹാന്മാരുടെ തിരുസവിധങ്ങളില്‍ ചെന്ന് കാത്തുകെട്ടി കിടക്കുന്നത്. അവര് മന്ത്രിച്ച വെള്ളം, തേന്, പേന തുടങ്ങിയവയിലെല്ലാം ബറക്കത്തുണ്ട്. വിശ്വാസി ലോകം ഈ പാഠങ്ങള്‍ ചരിത്രങ്ങളില്‍ നിന്ന് കടം കൊണ്ടതാണ്. നിങ്ങള്‍ നോക്കൂ,
ഇബ്‌നുല്‍ ജൗസി തന്റെ മനാഖിബുല്‍ ഇമാം അഹമദ് എന്ന ഗ്രന്ഥത്തിലൂടെ അഹമ്മദ് ബ്‌നു ഹമ്പല്‍ തങ്ങളുടെ എഴുത്തുകാരനായ അബൂ ത്വാലിബ് ബ്‌നു അഹമ്മദ് അദ്ദേഹത്തിനുണ്ടായ ഒരനുഭവം പങ്കുവെക്കുന്നുണ്ട്: ഒരിക്കല്‍ ഞാന്‍ അഹമ്മദ് ബ്‌നു ഹമ്പല്‍ തങ്ങളുടെ സവിധത്തിലേക്ക് ചെന്നു. സാധാരണ അദ്ദേഹം എനിക്ക് വിഷയങ്ങള്‍ പറഞ്ഞു തരുന്നത് ഞാന്‍ എഴുതാറാണ് പതിവ്. അന്നു പതിവ് പോലെ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഞാനിങ്ങനെ എഴുതുകയാണ്. എഴുതുന്നതിനിടയില്‍ എന്റെ പേന പൊട്ടിപ്പോയി. ഇതുകണ്ട അഹമ്മദു ബ്‌നു ഹമ്പല്‍ തങ്ങള് അദ്ദേഹത്തിന്റെ പേനയെടുത്തു കൊണ്ട് എനിക്കു തന്നു. അങ്ങനെ ഞാന്‍ ആ പേന കിട്ടിയ സന്തോഷത്തില്‍ അതുമായി അബൂ അലിയ്യുനില്‍ ജഅ്ഫരിയുടെ ചാരത്തേക്ക് ചെന്നു. ഞാനദ്ദേഹത്തോട് വളരെ ആവേശത്തോടെ പറഞ്ഞു:
‘ഈ പേന ആരുപയോഗിച്ച പേനയാണെന്നറിയുമോ നിങ്ങള്‍ക്ക്!?’ ആശ്ചര്യത്തോടെയുള്ള എന്റെ ചോദ്യത്തിന് മുമ്പില്‍ അത്ഭുതം കൂറി നില്‍ക്കുന്ന അദ്ദേഹത്തോട് ഞാന്‍ തുടര്‍ന്നു പറഞ്ഞു: ‘ഈ പേന അഹമ്മദ് ബ്‌നു ഹമ്പല്‍ ഉപയോഗിച്ച പേനയാണ്. അദ്ദേഹം എനിക്കു തന്നതാണിത്. ‘ഇതു കേട്ട അബൂ അലിയ്യുനില്‍ ജഅ്ഫരി തന്റെ സേവകനോട് എന്നില്‍ നിന്നും ആ പേന വാങ്ങാനായി ആവശ്യപ്പെട്ടു. എന്നിട്ട് ആ പേന തൊട്ടടുത്തുണ്ടായിരുന്ന കായ്ക്കാത്ത ഈത്തപ്പനയുടെ മുകളില്‍ കൊണ്ടു വെക്കാനായി ആവശ്യപ്പെട്ടു. അതിന്റെ ബറക്കത്ത് കൊണ്ട് ഇത്തപ്പന കായ്ച്ചേക്കാം എന്ന് അദ്ദേഹം സേവകനോട് പറഞ്ഞു. അങ്ങനെ അദ്ദേഹം ആ പേനയെടുത്തിട്ട് ഈത്തപ്പനയുടെ മുകളില്‍ വെച്ചു. തുടര്‍ന്ന് ആ ഈത്തപ്പന മരത്തില്‍ ഫലങ്ങളുണ്ടായി.
രണ്ടു സംഭവങ്ങളാണ് ഞാനിവിടെ പറഞ്ഞത്. ഒന്ന് എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ അനുഭവസാക്ഷ്യം. രണ്ടാമത്തേത് ഒരു തുറന്ന പുസ്തകം പോലെ നമ്മോട് കഥപറഞ്ഞത് ചരിത്ര സാക്ഷ്യമാണ്. അനുഭവം നല്‍കുന്ന പാഠമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ വിദ്യാഭ്യാസം. ചരിത്രം അതിന് സപ്പോര്‍ട്ട് നല്‍കുന്നുണ്ടെങ്കില്‍ അതിന് ഇരട്ടി മധുരമായി. മഹാന്മാരെ മാതൃകയാക്കുക എന്നതാണ് വിശ്വാസികളുടെ പാരമ്പര്യം.
(ഉറവ മാസിക, സെപ്തംബര്‍ 2019)