അല്ലാഹുവിന്റെ കല്‍പനകള്‍ അക്ഷരം പ്രതി ശിരസാവഹിക്കുകയും വിരോധനകളില്‍ നിന്ന് കണിഷമായി അകലം പാലിക്കുകയും ചെയ്യുന്നവരാണ് ഔലിയാക്കള്‍. മുഴുവന്‍ കാര്യങ്ങളിലും അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിക്കുന്നവരുമാണവര്‍. അല്ലാഹു പറയുന്നു: ‘അറിയണം, നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കള്‍ അഭിമുഖീകരിക്കാനിരിക്കുന്ന ആഖിറത്തിന്റെ ഭയാനകതയെ പേടിയില്ലാത്തവരും കഴിഞ്ഞുപോയ ദുന്‍യാവിന്റെ മേല്‍ ദുഃഖിക്കാത്തവരുമാണ്. അവര്‍ക്ക് ദുന്‍യാവിലും ആഖിറത്തിലും സന്തോഷ വാര്‍ത്തയുണ്ട്. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. ഇതത്രെ ഉന്നതമായ വിജയം. (യൂനുസ് 62-64)’.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), ഇബ്‌നു അബ്ബാസ് (റ) എന്നിവര്‍ പറയുന്നു: കണ്ടാല്‍ അല്ലാഹുവിനെ സ്മരിക്കപ്പെടുന്നവരാണ് ഔലിയാക്കള്‍. അബൂദാവൂദ് അബൂഹുറൈറയില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ ഇപ്രകാരം പറയുന്നു. നബി (സ്വ)പറഞ്ഞു. അല്ലാഹുവിന്റെ അടിമകളില്‍ ഒരു വിഭാഗമുണ്ട്. അമ്പിയാക്കളും ശുഹദാക്കളും അവരെപ്പോലെയാകാന്‍ കൊതിക്കുന്നു. ആരാണത് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി (സ്വ)അരുളി: അവര്‍ സമ്പത്തോ കുടുംബ ബന്ധമോ കൂടാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രം പരസ്പരം പ്രിയം വെക്കുന്നവരാണ്. പ്രകാശത്തിലുള്ള മിമ്പറുകള്‍ക്കുമീതെ പ്രകാശം ജ്വലിക്കും പോലെ പ്രഭാപൂരിതമാണവരുടെ വദനങ്ങള്‍. ജനങ്ങള്‍ ഭയക്കുമ്പോള്‍ അവര്‍ ഭയക്കുകയോ ജനങ്ങള്‍ സങ്കടപ്പെടുമ്പോള്‍ അവര്‍ സങ്കടപ്പെടുകയോ ഇല്ല. പിന്നീട് സൂറ: യൂനുസിലെ 62ാം സൂക്തം നബി(സ്വ)ഓതി.
അടിമയുടെ തഖ്‌വയും ഈമാനുമനുസരിച്ച് വിലായത്തും വ്യത്യാസപ്പെടും. എല്ലാ മുഅ്മിനിനും വിലായത്തില്‍ നിന്നും ഒരു വിഹിതമുണ്ടെങ്കിലും ഈമാനിന്റെയും സത്കര്‍മത്തിന്റെയും വര്‍ധനവിനനുസരിച്ച് ആ വിഹിതത്തില്‍ ഏറ്റവ്യത്യാസം സംഭവിക്കും. ഇതുപ്രകാരം വിലായത്തിനെ നമുക്ക് മൂന്നായി തരം തിരിക്കാം.
1. സ്വശരീരത്തോട് അക്രമം പ്രവര്‍ത്തിക്കുന്നവര്‍:- തെറ്റുകാരായ മുഴുവന്‍ മുഅ്മിനുകളുമാണിവര്‍. ഇവരുടെ ഈമാനിനും അമലിനുമനുസരിച്ചവര്‍ക്ക് വിലായത്തില്‍ നിന്നും വിഹിതമുണ്ട്.
2. മിതത്വം പാലിക്കുന്നവര്‍:- ഫര്‍ളുകള്‍ മുഴുവന്‍ നിര്‍വഹിക്കുകയും തിന്മകള്‍ വെടിയുകയും എന്നാല്‍ സുന്നത്തില്‍ കൂടുതലായി പരിശ്രമിക്കാത്തവരുമാണിവര്‍. ഇവര്‍ ഒന്നാം വിഭാഗത്തേക്കാള്‍ ഉന്നത സ്ഥാനത്തുള്ളവരാണ്.
3. സത്കര്‍മങ്ങളിലേക്ക് മുന്‍കടക്കുന്നവര്‍:- ഫര്‍ളുകള്‍ പൂര്‍ണമായി നിര്‍വഹിക്കുകയും ഹറാം, കറാഹത്ത് എന്നിവ പൂര്‍ണമായി വെടിയുകയും സുന്നത്തുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും ചെയ്യുന്നവരാണിവര്‍. ശാരീരികമായ ആരാധനകള്‍ക്ക് പുറമേ ഹൃദയം കൊണ്ടുള്ള ആരാധനകളിലൂടെയും ഉന്നത പദവി നേടിയെടുത്തവരാണിവര്‍. ഇതാണ് വിലായത്തിന്റെ ഏറ്റവും ഉന്നതമായ പദവി. ഞാന്‍ അവരുടെ കാഴ്ചയും കേള്‍വിയും കൈകളും കാലുകളുമാകുമെന്ന് ഖുദ്‌സിയ്യായ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് ഈ മൂന്നാം വിഭാഗക്കാരെക്കുറിച്ചാണ്.
വലിയ്യ് എന്ന പദം രണ്ടര്‍ഥത്തിന് ഭാഷയില്‍ ഉപയോഗിക്കപ്പെടുന്നു.
1. തെറ്റുകുറ്റങ്ങള്‍ ഇടക്ക് കടന്നുകൂടാതെ റബ്ബിന് കീഴ്‌പ്പെടല്‍ തുടരെയായി വര്‍ധിപ്പിച്ചവര്‍.
2. എല്ലാ തെറ്റിനെ തൊട്ടും അല്ലാഹു സംരക്ഷണവും സുരക്ഷയും ഏറ്റെടുക്കുകയും ആരാധനകള്‍ക്ക് തൗഫീഖ് നിത്യമാക്കി നല്‍കുകയും ചെയ്തവര്‍.
അത്ഭുതസിദ്ധികള്‍
മനുഷ്യനില്‍ പതിവിന് വിരുദ്ധമായി പ്രകടമാവുന്ന അത്ഭുതസിദ്ധികള്‍ വ്യത്യസ്ത വാദങ്ങളോട് കൂടെയും അല്ലാതെയും കാണപ്പെടും. വാദങ്ങളോട് കൂടെയുള്ളവ:-
വാദങ്ങള്‍ നാല് വിധത്തിലാകാം. ദിവ്യത്വവാദം, പ്രവാചകത്വവാദം, വിലായത്ത്‌വാദം, ജാലവിദ്യ, പൈശാചികസേവാവാദം.
1. ദിവ്യത്വവാദം- ദിവ്യത്വവാദികളില്‍ നിന്നും അത്ഭുതസിദ്ധികള്‍ പ്രത്യക്ഷപ്പെടല്‍ സംശയലേശമന്യേ അനുവദനീയമാണെന്നതാണ് പണ്ഡിതപക്ഷം. ഫിര്‍ഔന്‍ ദിവ്യത്വം വാദിക്കുകയും അവന്റെ കരങ്ങളിലൂടെ അത്ഭുതസിദ്ധികള്‍ പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. ഇവരുടെ രൂപവും സൃഷ്ടിപ്പ് രീതിയും അവര്‍ ദൈവമല്ലെന്നും കേവലസൃഷ്ടിയാണെന്നും അറിയിക്കുന്നതിനാല്‍ ജനങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നും രക്ഷപ്പെടുന്നതാണ്.
2. പ്രവാചകത്വവാദം- പ്രവാചകത്വം വാദിക്കുന്നവരില്‍ സത്യസന്ധരും കപടന്മാരുമുണ്ടാകാം. സത്യസന്ധരായ പ്രവാചകര്‍ക്ക് അത്ഭുതസിദ്ധികള്‍ (മുഅ്ജിസത്ത്) പ്രത്യക്ഷപ്പെടല്‍ നിര്‍ബന്ധമാണെന്നത് അവിതര്‍ക്കിതവും ഖണ്ഡിതവുമായ യാഥാര്‍ഥ്യമാണ്. കപടന്മാരായ കള്ളപ്രവാചകര്‍ക്ക് അത്ഭുതസിദ്ധികള്‍ പ്രകടമാക്കല്‍ അനുവദനീയമല്ല. അഥവാ പ്രകടമായാല്‍ തന്നെ പരസ്പരവൈരുദ്ധ്യങ്ങള്‍ സംഭവിക്കല്‍ നിര്‍ബന്ധവുമാണ്.
3. വലിയ്യാണെന്ന വാദം- ഔലിയാക്കള്‍ക്ക് കറാമത്ത് വാദിക്കല്‍ അനുവദനീയമാണോ എന്നതിലും കറാമത്ത് പ്രകടമാകുന്നത് വാദപ്രകാരമാണോ എന്നതിലും പണ്ഡിതന്മാര്‍ അഭിപ്രായഭിന്നരാണ്.
4. ജാലവിദ്യ, പൈശാചികസേവാ വാദം-ഇവരിലൂടെയും അത്ഭുതസിദ്ധികള്‍ പ്രത്യക്ഷപ്പെടാവുന്നതാണ്. അല്ലാഹുവിന് വഴിപ്പെടുന്നതിനെ തൊട്ട് പുറത്ത് പോയവരില്‍ നിന്നും അത്ഭുതസിദ്ധികള്‍ പ്രകടമാകുന്നതിന് ഇസ്തിദ്‌റാജ് എന്ന് പറയുന്നു.
ഔലിയാക്കള്‍
മഹാനായ ഇമാം മുഹ്‌യിദ്ദീന്‍ ഇബ്‌നു അറബി തന്റെ ഫുതൂഹാതുല്‍ മക്കിയ്യയില്‍ പറയുന്നു. ഈ മാര്‍ഗത്തിലുള്ള, അല്ലാഹു പ്രത്യേക ആദരവ് നല്‍കിയവര്‍ ആലമുല്‍ അന്‍ഫാസ് എന്നാണ് അറിയപ്പെടുന്നത്. അവര്‍ വ്യത്യസ്ത അവസ്ഥയിലുള്ളവരും വിവിധ പദവിയിലുമുള്ളവരാണ്. ചിലരില്‍ എല്ലാ പദവിയും അവസ്ഥയും സംഗമിച്ചിരിക്കും. മറ്റുചിലര്‍ക്ക് അതില്‍ നിന്നും അല്ലാഹു ഉദ്ദേശിച്ചത് നല്‍കപ്പെടും. എല്ലാവര്‍ക്കും പ്രത്യേക സ്ഥാനപ്പേരും ഉണ്ടാകും. അതില്‍ എണ്ണം നിശ്ചിതമാക്കപ്പെട്ടവരും അല്ലാത്തവരും ഉണ്ടാകും.
നിശ്ചിത എണ്ണം മാത്രമുള്ളവര്‍:-
അല്‍ അഖ്താബ്:
നേരിട്ടോ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് പകരമോ മുഴുവന്‍ പരിശുദ്ധ അവസ്ഥകളും പദവികളും ഒരുമിച്ചുകൂടിയവരാണിവര്‍. സാങ്കേതികമായി ഖുത്വ്ബ് ഒരു കാലഘട്ടത്തില്‍ ഒരാള്‍ മാത്രമേ ഉണ്ടാകൂ. ഇദ്ദേഹം തന്നെയാണ് അല്‍ഗൗസും. ഇദ്ദേഹമായിരിക്കും ആ കാലഘട്ടത്തിലെ ഔലിയാക്കളുടെ നേതാവ്. അഖ്ത്വാബുകളില്‍ ഭൗതികവും ആത്മീയവുമായ ഖിലാഫത്തുള്ളവരും ഇല്ലാത്തവരുമുണ്ടാകും. അധികരിച്ച അഖ്ത്വാബുകളും ആത്മീയമായ ഖിലാഫത്ത് വഹിച്ചവരാണ്. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, മുആവിയ, ഉമറുബിന്‍ അബ്ദില്‍ അസീസ് എന്നിവര്‍ രണ്ട് ഖിലാഫത്തും വഹിച്ചവരാണ്. ഖുത്വ്ബ് എന്ന പദം കൂടുതല്‍ വിശാലമായി ചിലപ്പോള്‍ പ്രയോഗിക്കാറുണ്ട്. ഏതെങ്കിലും ഒരു സ്ഥാനത്ത് ഒരു കൂട്ടത്തി ല്‍ നിന്നും വേറിട്ട് നില്‍ക്കുന്നവര്‍ക്കും ചിലപ്പോള്‍ ഒരു നാട്ടിലെ വലിയ്യിന് നാട്ടിലെ ഖുത്വ്ബ് എന്നും ഒരു സംഘത്തിന്റെ ശൈഖിന് ആ സംഘത്തിലെ ഖുത്വ്ബ് എന്നും ഉപയോഗിക്കാറുണ്ട്.
അല്‍ അഇമ്മത്ത്:
ഇവര്‍ ഒരു കാലഘട്ടത്തില്‍ രണ്ടില്‍ കവിയുകയില്ല. ഒരാള്‍ അബ്ദുര്‍റബ്ബ് എന്നും രണ്ടാമന്‍ അബ്ദുല്‍ മലിക് എന്നും ഖുത്വ്ബ് അബ്ദുല്ല എന്നും അറിയപ്പെടുന്നു. ഖുത്വ്ബിന്റെ മരണാനന്തരം ആ പദവിയില്‍ നിയോഗിക്കപ്പെടുന്നവര്‍ ഇവരില്‍ ഒരാളായിരിക്കും. ഇവര്‍ ഖുത്വ്ബിനെ സംബന്ധിച്ച് രാജാവിന് മന്ത്രിമാര്‍ പോലെയാണ്.
അല്‍ ഔതാദ്:
എല്ലാ കാലഘട്ടത്തിലും ഇവര്‍ നാലില്‍ വര്‍ധിക്കുകയോ കുറയുകയോ ഇല്ല. ഇവരില്‍ സ്ത്രീകളുമുണ്ട്. ഇവരില്‍ ഒരാളെക്കൊണ്ട് അല്ലാഹു കിഴക്കിനെയും രണ്ടാമനെക്കൊണ്ട് പടിഞ്ഞാറിനെയും മൂന്നാമനെ കൊണ്ട് തെക്കിനെയും നാലാമനെ കൊണ്ട് വടക്കിനെയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അഖബഃയില്‍ വെച്ചാണ് വിവിധ ഭാഗങ്ങളിലേക്കുള്ള നിയമനം നടക്കുക. അബ്ദുല്‍ ഹയ്യ്, അബ്ദുല്‍ അലീം, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ മുരീദ് ഇപ്രകാരമാണ് സ്ഥാനപ്പേരുകള്‍.
അബ്ദാലുകള്‍:
ഏഴു പേരില്‍ നിശ്ചിതമാണിവര്‍. ഇവര്‍ ഒരു സ്ഥലം വിട്ടുപോകാനുദ്ദേശിച്ചാല്‍ അവരുടെ അതേ രൂപത്തിലുള്ള മറ്റൊരു വ്യക്തിയെ അവിടെ ബദല്‍ നിര്‍ത്തുന്നതിനാലാണിവര്‍ക്ക് അബ്ദാല്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ടാല്‍ ആര്‍ക്കും ലവലേശം സംശയം തോന്നാത്ത, പകരം നിയോഗിക്കപ്പെടുന്നവര്‍ അബ്ദാലില്‍ പെട്ടവര്‍ അല്ല. മഹാനായ അബ്ദുല്‍ മജീദുബിന്‍ സലമഃ ഇവരില്‍പെട്ട മുആദുബിന്‍ അശ്‌റഫിനെ കാണാനിടയായി. അദ്ദേഹത്തോട് ഈ സ്ഥാനം കൈവരിച്ച രഹസ്യമാരാഞ്ഞപ്പോള്‍ പറഞ്ഞു: വിശപ്പ്, ഉറക്കമൊഴിക്കല്‍, നിശബ്ദത പാലിക്കല്‍, ജനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ എന്നീ നാല് കാര്യങ്ങള്‍ കൊണ്ടാണ്.
അന്നുഖബാഅ്:
12 രാശികള്‍ക്കനുസരിച്ചാണ് ഓരോ കാലഘട്ടത്തിലും ഇവരുടെ എണ്ണം. ഓരോ നഖീബും ഓരോ രാശിയുടെ പ്രത്യേകതയെ കുറിച്ച് ജ്ഞാന സമ്പന്നനായിരിക്കും. അല്ലാഹു ഇവരുടെ കരങ്ങളില്‍ അവനില്‍ നിന്നും അവതരിക്കപ്പെട്ട ശരീഅത്തിന്റെ മുഴുവന്‍ അറിവുമാക്കിയിരിക്കുന്നു. ഹൃദയങ്ങളുടെ നിഗൂഢതയും രഹസ്യവും ചതിയും വഞ്ചനയും അറിയാന്‍ ഇവര്‍ക്ക് സാധിക്കും. പിശാചിന് അറിയാത്തത് വരെ ഇവര്‍ക്ക് അറിയാന്‍ കഴിയും. ഭൂമിയില്‍ പതിഞ്ഞ കാല്‍പാടിന്റെ അടിസ്ഥാനത്തില്‍ വരെ ഇയാള്‍ വിജയിയോ പരാജിതനോ എന്നറിയാന്‍ ഇവര്‍ക്ക് സാധിക്കും.
നുജബാഅ്:
മഹത്തായ അവസ്ഥയില്‍ നിന്നും സ്വീകാര്യതയുടെ അടയാളങ്ങള്‍ സ്രേഷ്ടപ്രകാരമല്ലാതെ വെളിപ്പെടുത്തുന്നവരാണിവര്‍. ഇവരെക്കാള്‍ മുകളിലുള്ളവര്‍ക്കേ ഇത് മനസ്സിലാക്കാന്‍ സാധിക്കൂ. ഇവര്‍ എട്ടില്‍ നിക്ഷിപ്തമായിരിക്കും.
ഹവാരിയ്യൂന്‍:
എല്ലാ കാലഘട്ടത്തിലും ഒരാള്‍ മാത്രമായിരിക്കും. ഈമഹാന്റെ മരണാനന്തരം മറ്റൊരാള്‍ ആ സ്ഥാനത്ത് നിയമിതനാകും. നബി(സ)യുടെ കാലത്ത് അല്‍ ഹവാരി സുബൈറുബ്‌നുല്‍ അവ്വാം(റ) ആയിരുന്നു.
റജബിയ്യൂന്‍:
ഇവരുടെ പ്രത്യേക അവസ്ഥ റജബ് ചന്ദ്രപ്പിറവി മുതല്‍ മാസാവസാനം വരെ മാത്രമായിരിക്കും. പിന്നീട് അത് അപ്രത്യക്ഷമാകും. ഇതിനാലാണിവരെ റജബിലേക്ക് ചേര്‍ത്ത് പറയുന്നത്. ഇവരുടെ എണ്ണം 40ല്‍ കൂടുകയോ കുറയുകയോ ഇല്ല.
ഖത്മ്:
ലോകത്ത് തന്നെ ഖത്മ് ഒരാള്‍ മാത്രമായിരിക്കും. അദ്ദേഹത്തെ കൊണ്ടാണ് നബിയുടെ ഉമ്മത്തിലെ വലിയ്യ് പദവി അവസാനിപ്പിക്കുക. ഇദ്ദേഹത്തേക്കാള്‍ വലിയ വലിയ്യ് നബിയുടെ ഉമ്മത്തില്‍ വേറെയില്ല. പൊതുവായ വിലായത്ത് (ആദം മുതല്‍ അവസാന വലിയ്യ്) അല്ലാഹു അവസാനിപ്പിക്കുന്നത് മഹാനായ ഈസാ നബിയെ കൊണ്ടായിരിക്കും.
അല്‍ മുജ്തബൂന്‍ അല്‍ മുസ്തഫൂന്‍:
ഇവര്‍ 300 പേര്‍ ആണ്. ആദം നബിയുടെ ഖല്‍ബിന്‍ മേല്‍ നിലകൊള്ളുന്നവരാണ്. നബി തങ്ങള്‍ ഇവരെ ആദമിന്റെ ഖല്‍ബിന്‍മേല്‍ എന്നും, മറ്റു പലരെ കുറിച്ച് റസൂലുകളുടെയും മലക്കിന്റെയും ഖല്‍ബിന്‍ മേല്‍ എന്നും പറഞ്ഞതിന്റെ അര്‍ത്ഥം ആ വ്യക്തിയുടെ ഹൃദയത്തില്‍ ദൈവികമായ എന്തെല്ലാം വിജ്ഞാനങ്ങളും അധ്യാത്മിക അനുഭൂതികളും വന്നുചേര്‍ന്നോ അതെല്ലാം ഈ വ്യക്തിയുടെയും ഹൃദയത്തിലും വരുന്നുണ്ട് എന്നാണ്. ഇതുതന്നെയാണ് ഒരാളുടെ ഖദമിന്റെ മേല്‍ ആണെന്നതിന്റെയും സാരം.
നൂഹ് നബി(അ)യുടെ ഖല്‍ബിന്റെ മേലിലുള്ള 40 പേര്‍ നൂഹ് നബിയുടെ ദുആ (നൂഹ് സൂറത്തിലെ അവസാന ആയത്ത്) കൂടുതല്‍ വര്‍ധിപ്പിക്കുന്നവരാണ്. ഇവരെ കുറിച്ച് ഹദീസില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇബ്‌റാഹീം നബിയുടെ ഖല്‍ബ് പ്രകാരമുള്ള ഏഴു പേര്‍. ഇവരുടെ ദുആ ഇബ്‌റാഹീം നബിയുടെ ദുആ ആയിരിക്കും. ജിബ്‌രീലിന്റെ ഖല്‍ബ് പ്രകാരമുള്ള അഞ്ചു പേര്‍, ഇവര്‍ അഞ്ചില്‍ നിക്ഷിപ്തമാണ്. ആധ്യാത്മിക വഴിയിലെ രാജാക്കന്മാരാണിവരെന്ന് ഹദീസില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ജിബ്‌രീലിന്റെ ചിറകിന്‍ എണ്ണമനുസരിച്ച് ഇവര്‍ക്ക് അറിവുണ്ടാകും. ഖിയാമത്ത് നാളില്‍ മഹ്ശറയില്‍ ഇവര്‍ ജിബ്‌രീലിനോട് കൂടെയായിരിക്കും. മീകാഈലിന്റെ ഖല്‍ബ് പ്രകാരം മൂന്ന് പേര്‍, കലര്‍പ്പില്ലാത്ത നന്മയും കാരുണ്യവും ലോലതയും കൃപയും ഇവര്‍ക്കുണ്ട്. വിശാലത, പുഞ്ചിരി, അതിരുവിട്ട വാത്സല്യം എന്നിവ അധികരിച്ചവരാണിവര്‍. ഇസ്‌റാഫീലിന്റെ ഖല്‍ബ് പ്രകാരം ഒരാള്‍. എല്ലാ കാലഘട്ടത്തിലും ഒരാള്‍ മാത്രമായിരിക്കും. അബൂ യസീദല്‍ ബിസ്ത്വാമി ഈ ഗണത്തില്‍പെട്ടവരാണ്. അദ്ദേഹം മഹാനായ ഈസാ നബിയുടെ ഖല്‍ബിന്മേലുള്ളവരുമാണ്.
രിജാലു ആലമില്‍ അന്‍ഫാസ്്:
ഇവര്‍ മഹാനായ ദാവൂദ് നബി(അ)യുടെ ഖല്‍ബ് പ്രകാരം നിലകൊള്ളുന്നവരാണ്. ഇവര്‍ ദാവൂദ് നബിയുടെ കാലഘട്ടത്തിന് മുമ്പേ ഈ വിശേഷണത്തോടെ ഉള്ളവരാണ്. ഇവരെ ദാവൂദ് നബിയിലേക്ക് ചേര്‍ത്തതിന്റെ ഉദ്ദേശ്യം ഇവരില്‍ വിന്യസിച്ച് കിടക്കുന്ന ബഹുമതികളും വിജ്ഞാനങ്ങളും ദാവൂദ് നബിയിലും ഒരുമിച്ച് കൂടിയിട്ടുണ്ട് എന്നതാണ്.
രിജാലുല്‍ ഗൈബ്്:
പത്തുപേരാണ് ഇവര്‍. ഇവരുടെ എല്ലാ അവസ്ഥകളിലും നിത്യമായി റബ്ബിനെ കുറിച്ചുള്ള ചിന്ത മികച്ചതിനാല്‍ ശബ്ദം താഴ്ത്തി മാത്രമേ ഇവര്‍ സംസാരിക്കൂ. ഇവരുടെ പതിവ് ലജ്ജയാണ്. വല്ല നിലയിലും ശബ്ദമുയര്‍ത്തി സംസാരിക്കുന്നതായി കണ്ടാല്‍ ഇവര്‍ അത്ഭുതപ്പെടും. രിജാലുല്‍ ഗൈബ് എന്ന പദം ആധ്യാത്മിക ജ്ഞാനികളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇവരെ കുറിച്ചാണ് പറയപ്പെടുന്നത്. ചിലപ്പോള്‍ ഈ വാക്ക് പറയുകയും അതുകൊണ്ട് ജിന്നുകളിലെ നല്ല ജിന്നുകളെ ഉദ്ദേശിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ ഭൗതികമായ മാര്‍ഗത്തിലൂടെയല്ലാതെ രിസ്ഖിനെയും ഇല്‍മിനെയും കരസ്ഥമാക്കുന്നവര്‍ക്കും ഈ വാക്ക് പറയപ്പെടാറുണ്ട്.
അള്ള്വാഹി റൂന ബിഅംരില്ലാ:
പതിനെട്ടില്‍ കുറയാത്തവരും വര്‍ധിക്കാത്തവരുമാണിവര്‍. ശൈഖ് അബൂ മദീന്‍ ഇവരില്‍ പെട്ടവരാണ്. ഇവര്‍ തന്റെ ആത്മീയ സഹോദരങ്ങളോട് പറയാറുണ്ടായിരുന്നു: ജനങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് എതിര് പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ പക്കലുള്ള യാഥാര്‍ത്ഥ്യത്തെ ജനങ്ങളിലേക്ക് നിങ്ങള്‍ വെളിവാക്കുവീന്‍. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അത്ഭുതസിദ്ധികളെയും നിങ്ങള്‍ പ്രകടിപ്പിക്കുവീന്‍. കാരണം അല്ലാഹു തആല നിഅ്മത്ത് എടുത്തുപറയാന്‍ കല്‍പിച്ചിട്ടുണ്ട്. നബി തങ്ങള്‍ നിഅ്മത്ത് എടുത്തുപറയല്‍ ശുക്‌റാണെന്ന് പറഞ്ഞിട്ടുമുണ്ട്.
രിജാലുല്‍ ഖുവ്വത്തില്‍ ഇലാഹിയ്യ:
ഇവര്‍ക്ക് രിജാലുല്‍ ഖഹ്ര്‍ എന്നും പറയപ്പെടാറുണ്ട്. അബൂ അബ്ദില്ലാഹി ദ്ദഖ്ഖാഖ് എന്നവര്‍ ഇതില്‍ പെട്ടവരാണ്. ഇവര്‍ എല്ലാ കാലഘട്ടത്തിലും എട്ട് പേരായിരിക്കും.
രിജാലുല്‍ ഹനാനി വല്‍ അത്വ്ഫില്‍ ഇലാഹിയ്യ്്:
വിശ്വാസികളും അവിശ്വാസികളുമായ അല്ലാഹുവിന്റെ അടിമകളോട് വാത്സല്യമുള്ളവരാണിവര്‍. ഇവര്‍ 15 പേരാണ്. കൃപയുടെയും ഔദാര്യത്തിന്റെയും നേത്രങ്ങളെ കൊണ്ടാണ് ഇവര്‍ അല്ലാഹുവിന്റെ സൃഷ്ടികളെ നോക്കുന്നത്. ഭൗതികമായ അധികാരം ഇവര്‍ക്ക് അല്ലാഹു നല്‍കിയിട്ടില്ല. കാരണം, ഇവരുടെ പ്രകൃതി അല്ലാഹുവിന്റെ സൃഷ്ടികളോട് വിശാലമായ കൃപയുള്ളതായതിനാല്‍ ഭരണകാര്യങ്ങള്‍ പ്രജകളില്‍ നടപ്പില്‍വരുത്താന്‍ സാധിക്കാതെ വരുന്നു.
രിജാലുല്‍ ഹയ്ബതി വല്‍ ജലാല്‍:
ഓരോ കാലഘട്ടത്തിലും നാലു പേര്‍ മാത്രമായിരിക്കും ഇവര്‍. ഔതാദുകളുടെ സഹായികളാണിവര്‍. ഇവര്‍ ഭൂമിയില്‍ അറിയപ്പെടാത്തവരും ആകാശലോകത്ത് പ്രസിദ്ധരുമാണ്.
രിജാലുല്‍ ഫത്ഹ്:
24ല്‍ ക്ലിപ്തമാണ് ഇവരുടെ എണ്ണം. ഇവര്‍ മുഖാന്തിരമാണ് ആധ്യാത്മിക വഴിയില്‍ പ്രവേശിച്ചവര്‍ക്ക് ആത്മീയ ജ്ഞാനവും ആത്മീയ രഹസ്യവും അല്ലാഹു തുറന്നുകൊടുക്കുന്നത്. ഇവരെ ഓരോ മണിക്കൂറിനും ഒരാളെന്ന നിലയില്‍ അല്ലാഹു ആക്കിയിരിക്കുന്നു. ഇവര്‍ ഭൂമിയില്‍ വിവിധ സ്ഥലങ്ങളിലായി നിലകൊള്ളുന്നവരാണ്. ഒരിക്കലും ഇവര്‍ ഒരുമിച്ചുകൂടുകയില്ല.
രിജാലുല്‍ മആരിജില്‍ ഉലാ:
ഓരോ ശ്വാസോച്ഛ്വാസത്തിനും ഇവര്‍ക്ക് ഓരോ മിഅ്‌റാജ് ഉണ്ട്. ഇവര്‍ ഏഴു പേരാണ്. ചിലര്‍ക്ക് ഇവരെ കണ്ടാല്‍ അബ്ദാലുകളാണെന്ന് തോന്നിപ്പോവും.
രിജാലു തഹ്ത്തില്‍ അസ്ഫല്‍:
21 പേരാണിവര്‍. അല്ലാഹുവിനോട് ഏറ്റവും അടുത്ത ആത്മാവിന്നുടമകളാണിവര്‍. ഇവരെ ഏറ്റവും താഴ്ന്ന നിസാരമായ (അസ്ഫല്‍) ലോകത്തേക്ക്(ദുന്‍യാവ്) അല്ലാഹു അയക്കുന്നു. തുടര്‍ന്ന് അല്ലാഹു പ്രത്യേകം അനുഗ്രഹിച്ച ആത്മാവ് കൊണ്ട് അവരെ ജീവിപ്പിക്കുകയും ചെയ്യുന്നു.
രിജാലുല്‍ ഇംദാദില്‍ ഇലാഹി വല്‍ കൗനി:
ജനങ്ങളോട് സഹായം തേടുകയും ജനങ്ങളെ സഹായിക്കുകയും ചെയ്യുന്നവരാണിവര്‍. ഇവരുടെ എണ്ണം മൂന്നില്‍ ക്ലിപ്തമാണ്. അല്ലാഹുവിലേക്ക് ഇല്‍മ് തേടിക്കൊണ്ട് മുന്നിടുകയും സൃഷ്ടികളിലേക്ക് ഇല്‍മ് പകരല്‍ കൊണ്ട് മുന്നിടുകയും ചെയ്യുന്നവരാണ് ഇവര്‍. സൃഷ്ടികളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അല്ലാഹു അര്‍ഹരാക്കിയ ഇവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടാകും.
അഹ്‌ലു വഹ്‌യിന്‍ ഇലാഹിയ്യി:
ചില സന്ദര്‍ഭങ്ങളില്‍ അബ്ദാലുകളോട് സാദൃശ്യമാവുമെങ്കിലും ഇവര്‍ അബ്ദാലുകളല്ല. എല്ലാ കാലഘട്ടങ്ങളിലും മൂന്ന് പേര്‍ മാത്രമായിരിക്കും ഇവര്‍.
രിജാലുല്‍ ഗിനാ ബില്ലാ
ഔലിയാക്കളില്‍ പെട്ടവരാണ് രിജാലുല്‍ ഗിനാ ബില്ലാ. രണ്ടു പേരാണിവര്‍. അദൃശ്യങ്ങളെ കൊണ്ട് വിശ്വാസവും ഉറപ്പും വര്‍ധിച്ചവരാണ് രിജാലു അയ്‌നിത്തഹ്കീം വസ്സവാഇദ്. 10 പേരാണിവര്‍. ബുദലാഅ്, ഇവര്‍ അബ്ദാലുകളല്ല. ഇവര്‍ ഓരോരുത്തരും മറ്റുള്ളവരെ കാണപ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ സ്ഥാനത്ത് പകരം നില്‍ക്കുകയും അവര്‍ നിര്‍വഹിക്കേണ്ടത് നിര്‍വഹിക്കുകയും ചെയ്യുന്നു. ഇതിനാലാണ് ഇവര്‍ക്ക് ബുദലാഅ് എന്ന പേര് വന്നത്. ഇവര്‍ 12 പേരാണ്. രിജാലുല്‍ ഇശ്തിയാഖ്, എല്ലാ കാലഘട്ടത്തിലും അഞ്ചു പേര്‍ മാത്രമുള്ള ഇവരാണ് ആധ്യാത്മിക വഴിയിലെ രാജാക്കന്മാര്‍. രാപ്പകലുകളില്‍ നിസ്‌കാരത്തെ തുടര്‍ന്ന് ക്ഷീണവും തളര്‍ച്ചയും പിടികൂടാത്തവരാണിവര്‍. മഹാനായ സ്വാലിഹ് അല്‍ ബര്‍ബരി ഈ വിഭാഗത്തില്‍പെട്ടവരാണ്.
(ഉറവ മാസിക, സെപ്തംബര്‍ 2019)