മനസ്സില്‍ നിറയെ വഹാബിസവും പുറത്ത് സുന്നിവേഷവും സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന തബ്‌ലീഗ് ജമാഅത്തിന്റെ അവിശുദ്ധ കരങ്ങളെകുറിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1964 ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളെ നിസ്‌കരിക്കാന്‍ ക്ഷണിച്ചതോ, ഉപദേശം നല്‍കിയതോ, ഫളാഇലേ അഅ്മാല്‍ വായിച്ച് കൊടുത്തതോ ഏതാണ് തെറ്റ്? സമസ്ത എന്തിനാണ് ഞങ്ങള്‍ക്കെതിരെ ഫത്‌വയിറക്കിയത്? ഞങ്ങള്‍ പാവങ്ങള്‍… വെറും പാവങ്ങള്‍… വിനയംകൊണ്ട് മൂക്ക് മണ്ണില്‍ തട്ടാറായി… ത്യാഗം സഹിച്ച് ഞങ്ങളുടെ നെറ്റിയും മുഖവും കറുത്തിരുണ്ടു… സമസ്ത അത്തരം ഒരുഫത്‌വ ഇറക്കിയില്ലായിരുന്നെങ്കില്‍ കേരളം നമ്മുടേതാകുമായിരുന്നു എന്ന് വിലപിച്ച്‌കൊണ്ടിരിക്കുന്ന തബ്‌ലീഗുകാര്‍ മറനീക്കി പുറത്ത് വന്നു. തബ്‌ലീഗ് വഹാബിസമാണെന്നും അതില്‍ പെട്ട്‌പോവുന്നത് സൂക്ഷിക്കണമെന്നും സമസ്ത ഉപദേശിച്ചപ്പോള്‍ അതിനു തെളിവ് നിരത്താനുണ്ടായിരുന്നത് തബ്‌ലീഗിന്റെ സിരാകേന്ദ്രമായ ദയൂബന്ദിലെ തബ്‌ലീഗ് നേതാക്കളുടെ ഉറുദു ഗ്രന്ഥങ്ങളായിരുന്നു. കേരളക്കാര്‍ക്കും സമസ്ത തബ്‌ലീഗിസം പഠിക്കാന്‍ ചുമതല നല്‍കിയ ഉപസമിതിക്കും ഉറുദു അറിയില്ലെന്നും അതിനാല്‍ അവര്‍ മനസ്സിലാക്കിയതില്‍ അബദ്ധം പിണഞ്ഞതാണെന്നും ആ അബദ്ധം സമസ്ത ഏറ്റെടുത്തതാണെന്നും അണികളുടെ ചെവിയില്‍ അടക്കംപറഞ്ഞവര്‍ 1964-ല്‍ സമസ്ത ഉന്നയിച്ചകാര്യങ്ങള്‍ അമ്പതുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വയം ഏറ്റെടുക്കുന്നതാണ് ആദര്‍ശ കേരളം കാണുന്നത്.
മുസ്‌ലിം സമൂഹത്തെ മതത്തില്‍ നിന്നും പുറത്താക്കി ഹറമൈനികളില്‍ സത്യവിശ്വാസികളെ കൊന്നൊടുക്കി രക്തപ്പുഴ ഒഴുക്കിയ മുജാഹിദ് നേതാവിന്റെ സ്തുതി പാടുന്നവരാണ് ആധുനികരും പൗരാണികരുമായ തബ്‌ലീഗുകാര്‍. ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു.
‘ഈ വിഷയം സാധാരണ സമൂഹത്തിന്റെ മുമ്പില്‍ വിശദീകരിച്ചു മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു കാലത്ത് വലിയ പ്രയാസമുണ്ടായിരുന്നു. കാരണം, ഇബ്‌നു അബ്ദുല്‍ വഹാബും അദ്ദേഹത്തിന്റെ വീക്ഷണവും തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധവും അദ്ദേഹം പ്രവാചകന്റെ ശത്രുവായും പ്രചരിക്കപ്പെടുകയും ഈ കുപ്രചരണം പരമാവധി വിജയം കണ്ട് സര്‍വാംഗീകാരം പിടിച്ചു പറ്റിയ വിഷയമായി മാറിയിരുന്ന ഒരു കാലം. അതിലെയല്ല, ഇതിലെ എന്നു പറയുന്നവന്‍ പോലും സമൂഹത്തില്‍ ഒറ്റപ്പെടുമായിരുന്നു.
തുര്‍ക്കി ഭരണകൂടം ബ്രിട്ടീഷാധിപത്യത്തിലേക്കു അമര്‍ന്നു കൊണ്ടിരിക്കുന്നതു കണ്ടറിഞ്ഞ ഇബ്‌നു അബ്ദുല്‍ വഹാബ് അന്ന് മഹത്തായ കൃത്യം ചെയ്തില്ലായിരുന്നുവെങ്കില്‍ മറ്റേതൊരു നാടും അധിനിവേഷത്തിനിരയായതു പോലെ ഇരു ഹറമുകളടങ്ങുന്ന സഊദിയും ബ്രിട്ടന്റെ പിടിയിലമരുമായിരുന്നു. പടച്ചവന്‍ ഇബ്‌നു അബ്ദുല്‍ വഹ്ഹാബിന്റെ കരങ്ങളെ ഹറമുകളുടെ കാവലിനായി തെരഞ്ഞെടുക്കുകയായിരുന്നു.’ (ദേവ്ബന്ദ് ഉലമാക്കള്‍ നവോത്ഥാന ശില്‍പികള്‍ പേ. 250)
അതിലെയല്ല, ഇതിലെ എന്നു പറയാന്‍ പണ്ടേ ഇവിടെ മുജാഹിദുകളുണ്ടായിരുന്നു. പക്ഷെ ബുദ്ധിയും വിവേകവുമുള്ളവര്‍ അത് തിരിച്ചറിഞ്ഞു. അഹ്‌ലുസ്സുന്നയുടെ സത്യപാതയില്‍ സമുദായം ഉറച്ചു നിന്നു. ആയിടക്കാണ് പുതിയ തന്ത്രം മെനഞ്ഞുണ്ടാക്കി പുതിയ രൂപഭാവങ്ങളില്‍ തബ്‌ലീഗ് പ്രത്യക്ഷപ്പെടുന്നത്. സുന്നികളായി ചമഞ്ഞ് മുജാഹിദിസം നട്ടുവളര്‍ത്തലായിരുന്നു ലക്ഷ്യം. സാത്വികരായ പണ്ഡിത സമൂഹം അതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സമൂഹം അത് അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു. മുജാഹിദ് ആചാര്യനെതിരെ ലോകത്ത് എല്ലാവരും ഒരുപോലെ ശബ്ദിച്ചു. നാലു മദ്ഹബുകളിലെയും സുപ്രസിദ്ധരായ സമകാലീന പണ്ഡിതര്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ പ്രാമാണികമായി ഖണ്ഡിച്ചു. അദ്ദേഹത്തിന്റെ നരമേധങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. മക്കയിലെ മുഫ്തിയായിരുന്ന സൈനീദഹ്‌ലാന്‍(റ) ഖുലാസതുല്‍ കലാം എന്ന ചരിത്ര ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്റെ കാടത്തരങ്ങള്‍ വിവരിച്ചു. അവരെയെല്ലാം വിവരം കെട്ടവരും കേട്ടറിഞ്ഞ കളവുകളെ അടിസ്ഥാനമാക്കിയവരുമായി മുദ്രകുത്താനാണ് തബ്‌ലീഗ് ഇഷ്ടപ്പെട്ടത്. മാത്രമല്ല; ലോകത്താകമാനം അഹ്‌ലുസ്സുന്നയുടെ പ്രകാശം പരത്തുന്ന, ശീഈസം, ഖാദിയാനിസം, മൗദൂദിസം, തബ്‌ലീഗിസം തുടങ്ങിയവയുടെ ആദര്‍ശവ്യതിയാനങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്യുന്ന തുര്‍ക്കിയിലെ ഇഖ്‌ലാസ് വഖ്ഫി എന്ന പ്രസാധനാലയത്തെയും വളരെ മോശമായി ചിത്രീകരിക്കുകയുമാണ് ഈ വിഭാഗം ചെയ്തത്. എല്ലാം മുജാഹിദ് നേതാവിനോടുള്ള വിധേയത്വത്തിന്റെ ഭാഗമായി മാത്രം.
അവര്‍ എഴുതി. സ്വന്തം ഖിലാഫത്തില്‍ നിന്നും വലിയൊരു ഭൂപ്രദേശത്തെ വേര്‍പ്പെടുത്തിയതില്‍ നേതൃത്വം വഹിച്ച ഇബ്‌നു അബ്ദുല്‍ വഹാബിനോടും അനുയായികളോടും തുര്‍ക്കികള്‍ക്കു ശത്രുതയും വിരോധവും ഉണ്ടാകുകയെന്നത് സ്വാഭാവികം മാത്രം.
നേരത്തെ തന്നെ നജ്ദിലെ ഭരണം നഷ്ടപ്പെട്ട നാടുവാഴികളും മഹാനവറുകളോട് അതിരറ്റ ദേഷ്യത്തിലായിരുന്നു. അങ്ങനെ ആ മഹാ വ്യക്തിത്വത്തെ സാമാന്യ മനസ്സുകളില്‍ ഇടിച്ചു താഴ്ത്താന്‍ കുപ്രചരണങ്ങളും നുണകളും അടിച്ചു വിടാന്‍ തുര്‍ക്കി ഭരണകൂടം കച്ചകെട്ടിയിറങ്ങി. തുര്‍ക്കി ഗവണ്‍മെന്റ് അതിനായി ബജറ്റ് വരെ നീക്കിവെച്ചു. അച്ചടിച്ചു വിടുന്ന നുണകള്‍ രാജ്യാന്തരങ്ങളിലെത്തിക്കാന്‍ അവര്‍ ഹാജിമാരെ ഉപയോഗപ്പെടുത്തി. തപാല്‍ വഴി അനവധി പുസ്തകങ്ങള്‍ ഇബ്‌നു അബ്ദില്‍ വഹാബിനെതിരെ എഴുതി അയക്കാന്‍ തുടങ്ങി. തുര്‍ക്കിയിലെ മന്ത്രാലയം അതിനായി ഇഖ്‌ലാസ് വഖ്ഫി എന്ന സൗജന്യ വിതരണ കേന്ദ്രവും സ്ഥാപിച്ചു. പ്രസ്തുത ഇഖ്‌ലാസ് വഖ്ഫിയില്‍ നിന്നും സൗജന്യമായി കിട്ടുന്ന കിതാബുകള്‍ കേരളക്കാരും കത്തയച്ചു വരുത്തിക്കൊണ്ടിരുന്നു. വഹാബിയെന്നു കേട്ടാല്‍ ആരും മോശമായി പ്രതികരിക്കുന്നവരായി മാറി. അവസാനം ഇബ്‌നു അബ്ദുല്‍ വഹാബിന്റെ തൗഹീദീ ആശയങ്ങളെ അഭിമാനമായി കാണുകയും ഇപ്പോള്‍ അദ്ദേഹത്തിന്റെ വക്താക്കളായി സ്വയം അവകാശപ്പെടുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ വിഭാഗമായ അഹ്‌ലെ ഹദീസിലെ പണ്ഡിതര്‍ പോലും വഹാബിയുമായി ഞങ്ങള്‍ക്കു ബന്ധമില്ലെന്നും അദ്ദേഹം ഇസ്‌ലാമിക പരിധി ലംഘിച്ച ആളാണെന്നും പറയുകയുണ്ടായി.
റഷീദ് അഹ്മദ് ഗംഗോഹി(റഹ്) ഹുസൈന്‍ അഹ്മദ് മദനീ(റഹ്), ഖലീല്‍ അഹ്മദ് സഹാറന്‍പൂരീ(റഹ്) തുടങ്ങിയവര്‍ ആദ്യകാലത്ത് മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിനെ തള്ളിപ്പറഞ്ഞ് മറുപടി കൊടുത്തത് രേഖപ്പെടുത്തപ്പെട്ടതാണ്.
ഇങ്ങനെയെല്ലാം അവരില്‍ സംഭവിക്കാനുള്ള കാരണം മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ യഥാര്‍ത്ഥ മസ്‌ലക് പഠിക്കാന്‍ അവസരം ലഭിക്കാത്തതായിരുന്നു. പ്രചരിപ്പിക്കപ്പെട്ട നുണകളില്‍ നിന്നു മാത്രം കേട്ടറിവുള്ളവര്‍ എഴുതാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ പ്രഗല്‍ഭര്‍ വരെ പെട്ടുപോയിട്ടുണ്ട്. അല്ലാമാ ശാമീ, ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാന്‍ ശാഫിഈ(റഹ്) തുടങ്ങിയവര്‍ ഉദാഹരണമാണ്. ശൈഖ് ദഹ്‌ലാന്‍ വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദുററുസ്സനിയ്യ ഫീ റദ്ദി അലല്‍വഹാബിയ്യ, ഫുലാസതുല്‍ കലാം എന്നീ കിതാബുകളിലൂടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി’(ദേവ്ബന്ദ് ഉലമാക്കള്‍ നവോത്ഥാന ശില്‍പികള്‍ പേ. 250,251)
തബ്‌ലീഗ് ജമാഅത്തിന്റെ പ്രഭവകേന്ദ്രങ്ങളായ റഷീദ് അഹ്മദ് ഗംഗോഹി, ഹുസൈന്‍ അഹ്മദ് മദനീ, ഖലീല്‍ അഹ്മദ് സഹാറന്‍പൂരീ തുടങ്ങിയവരൊക്കെ വിവരംകെട്ടവരായിരുന്നു എന്ന് കുറ്റപ്പെടുത്തുന്നതിനോടൊപ്പം ജീവിതത്തിന്റെ സിംഹഭാഗവും അല്ലാഹുവിന്റെ മതത്തിന് വേണ്ടി നീക്കിവെച്ച സാത്വികനായ ശൈഖ് സൈനീ ദഹ്‌ലാന്‍(റ)നെ ഈ വിധത്തില്‍ അവഹേളിച്ചത് മുജാഹിദ് പ്രീണനത്തിനുവേണ്ടിയായിരുന്നില്ലേ. മുസ്‌ലിംലോകം അംഗീകരിച്ച വിശ്വാസ ആദര്‍ശങ്ങളെ ചോദ്യം ചെയ്ത് ഇബ്‌നുതൈമിയ്യ രംഗത്ത് വരികയും പ്രസ്തുത കാലയളവിലെ പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്ക് പ്രാമാണികമായി മറുപടി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ രചനകളും ആശയങ്ങളും സമൂഹം കയ്യൊഴിഞ്ഞു. പിന്നീട് 300 വര്‍ഷങ്ങള്‍ക്ക് ശേഷം അതെല്ലാം പൊടിതട്ടിയെടുത്തത് ഈ വഹാബീ നേതാവായിരുന്നു. അതിലൂടെ സമൂഹത്തില്‍നിന്നും ഉഛാടനം ചെയ്യപ്പെട്ട വിഭാഗീയത തലപൊക്കി. മാത്രമല്ല; അദ്ദേഹത്തെ അംഗീകരിക്കാത്തതിന്റെ പേരില്‍ പണ്ഡിത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനും തബ്‌ലീഗുകാര്‍ തയ്യാറായി. ഇന്ത്യയില്‍ ഈ വിഷവിത്തിന് തുടക്കം കുറിച്ചത് ആരായിരുന്നുവെന്ന് ഒരു ചരിത്രാന്വേഷണം നടത്താം.
ഇന്ത്യയിലെ വഹാബിസം:
ഇസ്മാഇല്‍ ദഹ്‌ലവിയിലൂടെ
പതിമൂന്നാം നൂറ്റാണ്ട്: ഇന്ത്യയിലെ മുസ്‌ലിംകള്‍ അല്ലാമ ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെയും പുത്രന്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ്‌ലവിയുടെയും നേതൃത്വത്തില്‍ ഒറ്റക്കെട്ടായി ജീവിക്കുകയായിരുന്നു. നിര്‍ജീവമായിരുന്ന ഇസ്‌ലാമിക പ്രബോധനത്തെ സജീവമാക്കാന്‍ ഈമഹത്തുക്കള്‍ക്ക് സാധിച്ചു. ഹിജ്‌റ: 1076 മുഹര്‍റം അവസാനത്തില്‍ അല്ലാമാ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ലോകത്തോട് വിടചൊല്ലി.
പിന്നീട് നേതൃത്വം ശാഹ് അബ്ദുല്‍ അസീസ് ദഹ്‌ലവിയില്‍ പരിമിതപ്പെട്ടു. അദ്ദേഹത്തിന് താങ്ങും തണലുമായി പ്രമുഖരായ നിരവധി ശിഷ്യന്‍മാര്‍ ഉണ്ടായിരുന്നു. ഫള്‌ലുല്‍ഹഖ് ഖൈറാബാദി, മുഫ്തി റശീദുദ്ദീന്‍, ശൈഖ് മഖ്‌സൂസുല്ലാഹ്, ശൈഖ് മുഹമ്മദ് മൂസാ, മുഫ്തീ സ്വദ്‌റുദ്ദീന്‍, ശൈഖ് നൂറുദ്ദീന്‍ ദഹ്‌ലവി എന്നിവര്‍ അതില്‍ പ്രമുഖരായിരുന്നു.
ഹി.1193 ല്‍ റബീഉല്‍ ആഖിര്‍ 12 ന് ശൈഖ് അബ്ദില്‍ അസീസ് ദഹ്‌ലവിയുടെ സഹോദരന്‍ അബ്ദുല്‍ ഗനീ ദഹ്‌ലവിക്ക് ഒരുകുഞ്ഞ് ജനിച്ചു. മുഹമ്മദ് ഇസ്മാഈല്‍ ദഹ്‌ലവി എന്ന് പേര് വിളിക്കപ്പെട്ടു. ഇദ്ദേഹമായിരുന്നു ഇന്ത്യയില്‍ ഇബ്‌നു അബ്ദില്‍ വഹാബിന്റെ ആശയം ആദ്യമായി കൊണ്ട്‌വന്നത്. അദ്ദേഹം വഴിതെറ്റിയത് പാണ്ഡിത്യംകൊണ്ട് അറിയപ്പെടാത്ത അഹ്മദ് ബിന്‍ ഇര്‍ഫാന്‍ റായ് ബറേലിയെ ബൈഅത്ത് ചെയ്തത് മുതലാണ്.
ഹി.1237ല്‍ അഹ്മദ് ബിന്‍ ഇര്‍ഫാനുമൊത്ത് ഇസ്മാഈല്‍ ദഹ്‌ലവി ഹറമൈനിയിലെത്തി. തന്റെ കൂടെ നിരവധിപേരെ എല്ലാചെലവും എടുത്ത് അഹ്മദ് ബറേല്‍വി കൊണ്ട്‌പോയിരുന്നു. തന്റെ മനസ്സില്‍ താലോലിച്ച് വളര്‍ത്തിയ താന്‍ പ്രധാനമന്ത്രി ആയ ഒരു ഭരണകൂടം സ്ഥാപിക്കുന്നതിന് ആവശ്യമായവരെ സജ്ജീകരിക്കുക എന്നതായിരുന്നു ഇത്രയും ആളുകളെ തന്നോടൊപ്പം കൊണ്ട് പോകുന്നതിലെ ഹിഡന്‍ അജണ്ട. ആ യാത്രയില്‍ ഇബ്‌നു അബ്ദില്‍ വഹാബ് രചിച്ച ‘അത്തൗഹീദുസ്സ്വഗീര്‍’ എന്ന ഗ്രന്ഥം ദഹ്‌ലവി വായിക്കാനിടയായി. അതില്‍ ആകൃഷ്ഠനായ അദ്ദേഹം അതിനെ ആധാരമാക്കി തഖ്‌വിയതുല്‍ ഈമാന്‍ എന്നഗ്രന്ഥം രചിച്ചു. സത്യ വിശ്വാസികളെയും മുന്‍കഴിഞ്ഞ മുസ്‌ലിം സമുദായ അംഗങ്ങളെയും കാഫിറും മുശ്‌രികുമാക്കുന്ന പ്രസ്തുത കൃതിക്കെതിരെ രോഷപ്രകടനങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ഉയര്‍ന്നുവന്നു.
തന്റെ കാലഘട്ടത്തിലെ എല്ലാ പണ്ഡിതന്മാരും അതിനെ വിമര്‍ശിച്ചപ്പോള്‍ ഡല്‍ഹിയിലെ അബ്ദുല്‍ഹയ്യില്‍ ബുധാനവി ദഹ്‌ലവിയെ പിന്തുണച്ചു. അദ്ദേഹം ദഹ്‌ലവിക്കുവേണ്ടി ഡല്‍ഹിയില്‍ പരസ്യമായി പ്രസംഗിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത് കൊണ്ടിരുന്നു. ജനങ്ങളിലാവട്ടെ ശാഹ്‌വലിയ്യുല്ലാഹി ദഹ്‌ലവിയിലും അവരുടെ കുടുംബത്തിലും സ്വീകാര്യത വര്‍ധിച്ചിരുന്നു. ഇത് മുതലെടുത്ത് കൊണ്ടായിരുന്നു ഇസ്മാഈല്‍ ദഹ്‌ലവിയുടെയും ബുധാനവിയുടെയും പ്രചരണങ്ങള്‍. അതില്‍ വഞ്ചിതരായി ഡല്‍ഹിയിലെ കുറേ വ്യക്തികള്‍ അവരുടെ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ഇത് അറിഞ്ഞ ശാഹ് അബ്ദുല്‍അസീസ് ദഹ്‌ലവിയുടെ മനസ്സ് വേദനിച്ചു. മഹാന്‍ പറഞ്ഞു: ഞാന്‍ ഇപ്പോള്‍ നിരവധി അസുഖം കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അവയില്ലായിരുന്നുവെങ്കില്‍ ശീഇസത്തെ ഖണ്ഡിച്ച് കൊണ്ട് തുഹ്ഫതുല്‍ ഇസ്‌നൈ അശരിയ്യ രചിച്ചത് പോലെ സമഗ്രമായൊരു ഗ്രന്ഥം തന്നെ തഖ്‌വിയത്തുല്‍ ഈമാനിനെതിരില്‍ രചിക്കുമായിരുന്നു.
അതിനിടയില്‍ ശൈഖിന്റ ശിഷ്യരായ ശൈഖ് മഖ്‌സൂദുല്ലാഹ്, ശൈഖ് മുഹമ്മദ് മൂസ, ശൈഖ് റശീദുദ്ദീന്‍, ഫസലുല്‍ ഹഖ് ഖൈറാബാദി എന്നിവര്‍ ബുധാനവിയുടെയും ഇസ്മാഈല്‍ ദഹ്‌ലവിയുടെയും വെല്ലുവിളി സ്വീകരിച്ച് ഹിജ്‌റ 1240 റബീഉല്‍ആഖിര്‍10 ന് ഡല്‍ഹിയിലെത്തി. സംവാദത്തില്‍ ഉത്തരം പറയാന്‍ കഴിയാതെ രണ്ട് പേരും നിന്ന് പരുങ്ങി. ഇത് കണ്ട് നേരത്തെ തെറ്റിദ്ധരിച്ച് അവരോടൊപ്പം ചേര്‍ന്ന ജനക്കൂട്ടം സത്യത്തിലേക്ക് മടങ്ങി. പക്ഷെ അവര്‍ രണ്ടാളും മടങ്ങാന്‍ തയ്യാറായില്ല. ശൈഖ് മഹ്‌സൂസുല്ലാഹ് മുഈദുല്‍ ഈമാന്‍ ഫീറദ്ദി തഖ്‌വിയതില്‍ഈമാന്‍ എന്ന ഗ്രന്ഥവും ശൈഖ് ഫള്‌ലുല്‍ ഹഖ് ഖൈറാബാദി ‘തഹ്ഖീഖുല്‍ ഫത്‌വ ഫീ ഇബ്ത്വാലി തഖ്‌വാ’ എന്ന ഗ്രന്ഥവും തഖ്‌വിയത്തുല്‍ ഈമാനിന് മറുപടിയായി രചിച്ചു.
ഇളിഭ്യരായ രണ്ട് പേരും ഡല്‍ഹി വിട്ട് പെഷവാറിലെത്തി-അഹ്മദ് റായ് ബറേലി അമീറുല്‍ മുഅ്മിനീനും ഇമാമുമായ ഒരു ഭരണം തട്ടിപ്പടച്ചുണ്ടാക്കി. സിക്കുകാര്‍ക്കെതിരെ കലാപം അഴിച്ച് വിട്ടു. ഹിജ്‌റ 1246 ദുല്‍ഖഅദ് 24(ക്രി:1831 മെയ് 6) കാശ്മീരിലേക്ക് യുദ്ധകേന്ദ്രം മാറ്റുന്നതിനിടെ സിക്കുകാര്‍ അവരെ വധിച്ചു. രണ്ട് പേര്‍ക്കും ശഹീദ് പരിവേശം നല്‍കി. സിക്കുകാര്‍ക്കെതിരെ ഇവര്‍ സമരമുറകള്‍ പ്രഖ്യാപിച്ചപ്പോഴും ബ്രിട്ടീഷുകാരോട് സൗഹൃദം നിലനിര്‍ത്താന്‍ അവര്‍ മറന്നില്ല എന്ന് മാത്രമല്ല അവരോട് യുദ്ധം ചെയ്യല്‍ ഹറാമാണെന്ന ഫത്‌വയും കൊടുത്തു. അസ്സിറാതുല്‍ മുസ്തഖീം, തഖ്‌വിയതുല്‍ ഈമാന്‍, ഈളാഉല്‍ ഹഖി സ്വരീഹ് ഫീ അഹ്കാമില്‍ മയ്യിതി വള്ളരീഹ്, മന്‍സ്വബ് ഇമാമ, തന്‍വീറുല്‍ ഐനൈന്‍ ഫീ ഇസ്ബാതി റഫ്ഇല്‍ യദൈന്‍, രിസാലത് എക്‌റോസ എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ഇസ്മാഈലുദ്ദഹ്‌ലവിക്കുശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ രണ്ടായി പിളര്‍ന്നു. നദീര്‍ഹുസൈന്‍ ദഹ്‌ലവി , സിദ്ധീഖ് ഹസ്സന്‍ ഭോപ്പാലി, നവാബ് വഹീദ് സമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിലേക്കു ചേര്‍ത്തു മുഹമ്മദിയ്യ എന്ന പ്രസ്ഥാനം രൂപീകരിച്ചു. പിന്നീട് പ്രസ്തുത പേരില്‍ നിന്ന് അഹ്‌ലേ ഹദീസ് എന്നതിലേക്ക് മാറി. മദ്ഹബ് നിരാസമായിരുന്നു ഈ പേര് തിരഞ്ഞെടുത്തതിനു പിന്നില്‍. ഹദീസിലേക്ക് സമുദായം മടങ്ങണമെന്നും തഖ്‌ലീദ് സാമൂഹിക ദുരന്തമാണെന്നും അവര്‍ പ്രചരിപ്പിച്ച് കൊണ്ടിരുന്നു.
റശീദ് അഹമ്മദ് ഗംഗോഹി, ഖലീല്‍ അഹമ്മദ് അമ്പേട്ടവി, ഖാസിം നാനൂതവി, മുഹമ്മദ് ഇല്ല്യാസ് കാന്തലവി എന്നിവര്‍ നേതൃത്വം നല്‍കിയ ദയൂബന്ദിയ്യയായിരുന്നു മറ്റൊരു വിഭാഗം. ആശയ ആദര്‍ശങ്ങള്‍ ഇബ്‌നു അബ്ദില്‍ വഹാബിന്റേത് സ്വീകരിക്കുകയും മദ്ഹബ്, ത്വരീഖത്ത് തള്ളപ്പെടേണ്ടതല്ലെന്നും ഈ വിഭാഗം വാദിച്ചു. മദ്ഹബ് വേണം എന്ന് പറയുന്ന ദയൂബന്ദികും വേണ്ടെന്ന് പറയുന്നവരും സത്യത്തില്‍ ഒരേ ആശയമാണ് മദ്ഹബിന്റെ വിഷയത്തില്‍ സ്വീകരിച്ചതെന്ന് കാണാം. അഥവാ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിലുള്ള മസ്അലകള്‍ അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളയണമെന്നുമാണ് ദയൂബന്ദി നിലപാട്. മസ്അലകളില്‍ മദ്ഹബ് ആശ്രയിക്കരുതെന്നും ഹദീസുകള്‍ അവലംബിക്കണമെന്നുമായിരുന്നു അഹ്‌ലേ ഹദീസുകാര്‍ വാദിച്ചത്. ദയൂബന്ദിയ്യ വിഭാഗമാണ് തബ്‌ലീഗുകാരായി ഊരുചുറ്റി ഫിത്‌നയുണ്ടാക്കുന്നത്. ഇതിന്റെ പ്രചരണവുമായി കേരളത്തിലെത്തിയത് കാഞ്ഞാര്‍ മൂസ മൗലവി ആയിരുന്നു. അവലംബങ്ങള്‍: അദ്ദഅ്‌വത്തുസ്സലഫിയ്യ ഫീ ശിബിഹില്‍ ഖാറത്തില്‍ ഹിന്ദിയ്യ, ഹുദൂസുല്‍ ഫിതന്‍ വ ജിഹാദു അഅ്‌യാനിസ്സുനന്‍, ഇസ്ലാമിക ചരിത്ര പാതയിലെ പതിനാല് നൂറ്റാണ്ട്, സൈഫുല്‍ ജബ്ബാര്‍
സമസ്തയും തബ്‌ലീഗ് ജമാഅത്ത് വിരോധവും
സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. പണ്ഡിതോചിതമായ ഇടപെടലുകള്‍കൊണ്ട് അവക്കൊന്നും ഇവിടെ നിലനില്‍ക്കാനായില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതിന്റെ പണ്ഡിത നേതൃത്വവും അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി അധ്വാനിക്കുന്നവരായിരുന്നു. കള്ള ത്വരീഖത്തുകള്‍, പുത്തന്‍ വാദികള്‍ എന്നിവരെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കാഞ്ഞാര്‍ മൂസ മൗലവി തബ്‌ലീഗ് ബാധിച്ച് നാട്ടിലെത്തുന്നത്. അകം നിറയെ വഹാബിസവും പുറം ആത്മീയതകൊണ്ട് മിനുക്കുകയും ചെയ്ത തബ്‌ലീഗ് കാപട്യം ആരും തിരിച്ചറിയാത്ത സന്ദര്‍ഭം, ആകാലഘട്ടത്തിലെ അതുല്യ പ്രതിഭയായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാരാണ് ആദ്യമായി തബ്‌ലീഗ് പ്രവര്‍ത്തനത്തിന്റെ പൈശാചികത തിരിച്ചറിഞ്ഞ് വിമര്‍ശനം ഉന്നയിച്ചത്. സമസ്തക്കാര്‍ക്ക് സ്ഥാന നഷ്ടം ഭയക്കുന്നത് കൊണ്ടാണ് തബ്‌ലീഗിനെ എതിര്‍ത്തതെന്നും ഞങ്ങള്‍ ശരിയായ സുന്നത്തു ജമാഅത്തിന്റെ ആളുകളാണെന്നും ഉറുദു അറിയാത്തത് കൊണ്ട് ബറേല്‍വികളുടെ പ്രചരണം അങ്ങനത്തന്നെ വിഴുങ്ങിയതാണ് സമസ്തക്ക് പറ്റിയ അബദ്ധമെന്നും അടക്കം പറഞ്ഞവര്‍ ഇപ്പോള്‍ എല്ലാം പച്ച മലയാളത്തില്‍ പറയേണ്ടി വന്നു. ഇബ്‌നു അബ്ദില്‍ വഹാബിന്റെ ശരിയായ വഴി ആരുടേതാണെന്നതില്‍ മാത്രമേ മുജാഹിദുകളും തബ്‌ലീഗുകാരും തര്‍ക്കമുള്ളൂ. ആശയാദര്‍ശങ്ങള്‍ രണ്ടും ഒന്ന് തന്നെയാണെന്ന് തബ്‌ലീഗുകാരുടെ പുതിയ പഠനങ്ങള്‍ ഒന്നുകൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. കേരളത്തിലെത്തിയ തബ്‌ലീഗുകാരെ മര്‍ഹൂം ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ കൈകാര്യം ചെയ്ത രീതി സമസ്ത അറുപതാം വാര്‍ഷിക സുവനീറില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം കാണാം.
വടകരയിലെ മണപ്പുറത്ത് കോയട്ടി ഹാജി നല്ലൊരു വ്യവസായിയും സുന്നത്ത് ജമാഅത്തിന്റെ ധീര ഭടനുമായിരുന്നു. ഇടക്കാലത്ത് അദ്ദേഹത്തിന് തബ്‌ലീഗ് ബാധിച്ചു. അന്ന് തബ്‌ലീഗിന്റെ നഗ്ന രൂപം പ്രത്യക്ഷമായിരുന്നില്ല. കാഞ്ഞാര്‍ മൂസ മൗലവിയോടൊപ്പം കോയട്ടി ഹാജി തന്റെ പാര്‍ട്ട്ണര്‍ ആയ എന്‍.അഹമ്മദ് ഹാജിയേയും ഗസ്തിനുവേണ്ടി ക്ഷണിച്ചു. നമുക്ക് ആദ്യം ചൊക്ലിയില്‍ പോയി ഖുതുബി തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ച് പുറപ്പെടാം എന്ന അഹമ്മദ് ഹാജിയുടെ മറുപടി എല്ലാവര്‍ക്കും സ്വീകാര്യമായി. പ്രധാന ആലിമീങ്ങളെ സന്ദര്‍ശിക്കല്‍ തബ്‌ലീഗ് പരിപാടികളില്‍ ഒന്നാണെന്ന് കാഞ്ഞാറും കാച്ചി വിട്ടു. എല്ലാവരും ചൊക്ലിയില്‍ ഖുതുബിയുടെ ഹള്‌റത്തില്‍ എത്തി.
അഹമ്മദ് ഹാജിയും കോയട്ടി ഹാജിയും ഖുതുബിയുടെ പരിചയക്കാരാണ്. മറ്റൊരാള്‍ ആരാണെന്ന് അവിടുന്ന് ചോദിച്ചതിന് തബ്‌ലീഗ് നേതാവ് കാഞ്ഞാര്‍ മൂസ മൗലവിയാണെന്ന് കോയട്ടി ഹാജി പരിചയപ്പെടുത്തി. ഉടനെ ഗൗരവമാര്‍ന്ന മുഖഭാവത്തോടെ മൂസ മൗലവിയോടായി തബ്‌ലീഗോ? നീ എന്തെല്ലാം കിതാബുകള്‍ ഓതിയിട്ടുണ്ട് എന്ന് മൗലാന ചോദിച്ചു. ഞാന്‍ കിതാബുകളൊന്നും ഓതിയിട്ടില്ല എന്ന പതിഞ്ഞ സ്വരത്തില്‍ മൂസ മൗലവിയുടെ മറുപടി ഖുതുബിയെ രോഷാകുലനാക്കി. കിതാബുകളൊന്നും ഓതാത്ത നീയാണോ ദീനിന്റെ തബ്‌ലീഗ് നടത്തുന്നത്? അതിനെന്താ നിനക്കധികാരം? തബ്‌ലീഗ് അമ്പിയാക്കളുടെ സ്വിഫത്താണ്. ജാഹിലായ നീയാണോ തബ്‌ലീഗുമായി നടക്കുന്നത്? ഇത് ദീനിന്റെ തബ്‌ലീഗല്ല ശൈത്വാന്റെ തബ്‌ലീഗാണ്. ഇവനോടൊപ്പമാണോ നിങ്ങള്‍ രണ്ടുപേരും നടക്കുന്നത് എന്ന് ഹാജിമാരോടായി ഖുത്വുബി ചോദിച്ചു. ഉടനെ ഞാന്‍ ഇവരോടൊപ്പം പോകാറില്ല കോയട്ടി ഹാജി ചിലപ്പോള്‍ പോകാറുണ്ട്. എന്നെ ഇന്ന് ക്ഷണിച്ചപ്പോള്‍ ഞാന്‍ ഇങ്ങോട്ട് കൂട്ടി വന്നതാണ് എന്ന് അഹമ്മദ് ഹാജി ഒരു വിധം പറഞ്ഞൊപ്പിച്ചു. സൂക്ഷിക്കണം, എന്തെങ്കിലും പേരുപറഞ്ഞ് പലശൈത്വാന്മാരും വരും. വിവരമുള്ള ആലിമീങ്ങളോട് ചോദിക്കാതെ അതിലൊന്നും ചെന്ന് പെടരുത് എന്ന അര്‍ത്ഥ ഗര്‍ഭമായ ഒരു ഉപദേശത്തോടെ അവരെ തിരിച്ചയച്ചു. അതോടെ കോയട്ടി ഹാജി തബ്‌ലീഗ് കൈവെടിയുകയും ചെയ്തു. (സമസ്ത: 60 ാം വാര്‍ഷിക സ്മരണിക പേ. 102,103)
തബ്‌ലീഗ് ജമാഅത്തിനെ അകക്കണ്ണ് കൊണ്ട് കാണുകയായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍. എത്ര അര്‍ത്ഥവത്താണ് അദ്ദേഹത്തിന്റെ സംസാരം. ഇത് കൂടെയുണ്ടായിരുന്ന മര്‍ഹൂം ഖുതുബി(ന മ)യുടെ ആത്മ സുഹൃത്തായിരുന്ന എന്‍ അഹ്മദ് ഹാജിയെ ചിന്താകുലനാക്കി. അദ്ദേഹം തബ്‌ലീഗിന്റെ അടിവേര് അന്വേഷിക്കാനിറങ്ങി. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ പ്രസ്തുത സ്മരണികയില്‍ ഇങ്ങനെ വായിക്കാം. 1964 ലാണ് തബ്‌ലീഗ് ജമാഅത്തിനെ സമസ്ത നിരോധിച്ചത്. അതിന്റെ പിന്നിലും അഹ്മദ് ഹാജിയുടെ പ്രയത്‌നമാണുള്ളത്. തബ്‌ലീഗ് ജമാഅത്ത് നേതാവിന്റെ വാദങ്ങളും പ്രവര്‍ത്തികളും വിവരിച്ച ഗ്രന്ഥങ്ങള്‍ വടക്കേ ഇന്ത്യയില്‍ നിന്നും ശേഖരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. അതിനെ എതിര്‍ത്ത് പല പ്രമുഖരും അച്ചടിച്ച നോട്ടീസുകള്‍ക്ക് നിമിഷം വെച്ചു വായടപ്പന്‍ മറുപടി നല്‍കുന്നതില്‍ അഹ്മദ് ഹാജിയുടെ സേവനം ചെറുതൊന്നുമായിരുന്നില്ല.
മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ കത്ത് ആസ്പദിച്ചുകൊണ്ടാണ് സമസ്ത തബ്ലീഗിനെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനിച്ചത്. അന്ന് അഹ്മദ് ഹാജി സ്വന്തം പണം ചെലവഴിച്ച് പരിശ്രമം നടത്തിയിരുന്നില്ലെങ്കില്‍ തബ്‌ലീഗിന്റെ ദുശിച്ച വശം ഇന്നും കേരളീയര്‍ക്ക് അറിയാന്‍ കഴിയുമായിരുന്നില്ല. ആ ത്യാഗീവര്യന്റെ പരലോക ജീവിതം അല്ലാഹു സന്തോഷപൂരിതമാക്കട്ടെ… ആമീന്‍. തന്റെ സര്‍വസ്വവും സുന്നത്ത് ജമാഅത്തിന് വേണ്ടി ചിലവഴിച്ച അഹ്മദ് ഹാജി തബ്‌ലീഗുകാരനായ സ്വന്തം മുതലാളിക്കെതിരായി തമിഴില്‍ തബ്‌ലീഗിന്റെ ദൂശ്യ ഫലങ്ങള്‍ തുറന്നുകാട്ടി പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിനെ പറ്റി ഹാജി പറഞ്ഞത് എന്റെ മുതലാളി ഈമാന്‍ തെറ്റുന്നതില്‍ എനിക്ക് ബേജാറുണ്ടെന്നായിരുന്നു. ഇക്കാരണത്താല്‍ ആ മുതലാളിയും പുത്രന്മാരും തബ്‌ലീഗിനെ ഉപേക്ഷിച്ച് സുന്നികളാവുകയാണുണ്ടായത്. ചുരുക്കത്തില്‍ ഇന്നുള്ള സുന്നികള്‍ക്ക് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അഹ്മദ് ഹാജിയോടുള്ള കടപ്പാട് വിസ്മരിക്കാനാവില്ല. (സമസ്ത: 60 ാം വാര്‍ഷിക സ്മരണിക പേ. 98,99)
സമസ്തയുടെ പണ്ഡിതര്‍ തീരുമാനം പറയും മുമ്പേ അഹ്മദ് ഹാജി സ്വന്തം ചെലവില്‍ അതിനെ പറ്റി പഠനം നടത്തുകയും പുസ്തകം രചിക്കുകയും ചെയ്തു. 16/10/65 നാണ് സമസ്ത തബ്‌ലീഗിനെ സംബന്ധിച്ച് ആധികാരികമായി തീരുമാനം പറയുന്നത്. മുശാവറയില്‍ ഇടക്കിടക്ക് ചര്‍ച്ചക്ക് വരുന്ന തബ്‌ലീഗിനെ സംബന്ധിച്ച് വൈകാതെ തന്നെ തീരുമാനിക്കണമെന്ന് ബഹു. ഖുതുബി 28/8/65 ന് കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 29/8/65 ന് ചേര്‍ന്ന യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് ആലോചിച്ച് അടുത്ത മുശാവറയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താഴെ പറയുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍, പി. ഇബ്‌റാഹീം മുസ്ലിയാര്‍ അയനിക്കാട്, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൊല്ലോളി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. 16/10/65 ന് കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം നമുക്ക് സ്മരണികയില്‍ കാണാം.
ഒന്ന്. കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പരിശോധിക്കാന്‍ നിയമിച്ച സബ് കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങളെ പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഉകളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു (ഈ തീരുമാനം പാസാക്കിയതായി അദ്ധ്യക്ഷനുവേണ്ടി ഒപ്പു വെച്ചിരിക്കുന്നത് വണ്ടൂര്‍ സ്വദഖത്തുല്ല മുസ്ലിയാരാണ്) (സമസ്ത: 60 ാം വാര്‍ഷിക സ്മരണിക പേ. 59)
സമൂഹം ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു. തബ്‌ലീഗ് ജമാഅത്തിന്റെ കപട മുഖം മനസ്സിലാക്കിയവര്‍ അവരെ അകറ്റി നിര്‍ത്തി. അങ്ങനെ തബ്‌ലീഗുകാര്‍ക്ക് നിലനില്‍പ്പ് നഷ്ടപ്പെട്ടു. അവര്‍ സമസ്ത നിയോഗിച്ച ഉപ സമിതിയെപ്പറ്റി പറയുന്നത് കാണുക, ദേവ്ബന്ദീ ഉലമാക്കള്‍ക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും ഉര്‍ദുവിലുള്ള അവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കാനും 5 പേരെ സമസ്ത നിശ്ചയിച്ചു. അതില്‍ നാല് പേര്‍ക്കും ഉര്‍ദു അറിയില്ലായിരുന്നു. അവരില്‍ ഒരാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. അയാള്‍ക്ക് ഇപ്പോഴും ഉര്‍ദു അറിയില്ല. (ദേവ്ബന്ദ് പണ്ഡിതര്‍ പേ. 312)
ജീവിച്ചിരിക്കുന്ന ആളെന്നു പറഞ്ഞ് പരിഹസിച്ചത് മര്‍ഹൂം താജുല്‍ ഉലമയെയായിരുന്നു. ഉറുദുഅറിയാത്തത്‌കൊണ്ട് റസാഖാന്‍ പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയായിരുന്നെന്നും അതില്‍ ഒട്ടും കഴമ്പില്ലെന്നും അവര്‍ പ്രചരിപ്പിച്ചു. അന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ഉറുദു അറിയാത്തത് കൊണ്ട് അസംബന്ധം പറ്റിയതാണെങ്കില്‍ ഇന്നു മുഴുവന്‍ തനി മലയാളത്തില്‍ തന്നെ എഴുതി വിട്ടു. അതാണ് ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ എന്ന ക്ഷുദ്ര കൃതി. കളവുകള്‍ മാത്രം കുത്തി നിറക്കപ്പെട്ട ഒരു പുസ്തകം സമസ്ത തബ്‌ലീഗിനെ എതിര്‍ക്കാനുള്ള കാരണം പ്രസ്തുത പുസ്തകം പരിചയപ്പെടുത്തുന്നത് കാണുക.
ദേവ്ബന്ദീ ഉലമാഇനെയും തബ്‌ലീഗ് പ്രവര്‍ത്തനത്തെയും കേരളത്തില്‍ എതിര്‍ക്കാന്‍ തുടങ്ങിയതെന്തുകൊണ്ട്? എതിര്‍പ്പിനുള്ള കാരണം ആശയ വ്യത്യാസമോ വീക്ഷണ വൈരുധ്യമോ ഒന്നുമല്ല. ചിലരുടെ നേതൃത്വ മോഹം മാത്രമാണ്… തങ്ങള്‍ക്ക് കിട്ടികൊണ്ടിരുന്ന അംഗീകാരം കിട്ടാത്തത് അവരെ അസ്വസ്ഥരാക്കി. അവരാകട്ടെ സംഘടനയുടെ പ്രധാനപ്പെട്ടവരുമാണ്. ഇനി ഇതു മലബാറില്‍ വെച്ചു പൊറുപ്പിക്കാന്‍ പാടില്ലെന്ന് അന്നേ അവര്‍ പറഞ്ഞു എന്നാണറിയാന്‍ കഴിഞ്ഞത്. (ദേവ് ബന്ദ്പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ പേ. 310)
ഇതാണ് കാരണമെങ്കില്‍ സമസ്ത സ്വീകരിച്ചിട്ടുള്ള വിശ്വാസ ആദര്‍ശങ്ങള്‍ അതേ അര്‍ത്ഥത്തില്‍ തബ്‌ലീഗുകാര്‍ സ്വീകരിക്കണമല്ലോ. പക്ഷെ, മറ്റു നവീന വാദികളെപ്പോലെ സുന്നികളെ മുശ്‌രിക്കാക്കുന്നതിലാണ് ഇവര്‍ക്കും സുഖം ലഭിക്കുന്നത്. അത് സമസ്തയുടെ ആദര്‍ശവുമല്ലല്ലോ. മാത്രമല്ല, ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ശരിയായ മസ്‌ലക് തിരിഞ്ഞവരാണ് ഇപ്പോഴത്തെ തബ്‌ലീഗുകാരെന്ന് മുമ്പ് വായിച്ചത് ഓര്‍ക്കുക. അത് ലോകത്ത് സ്വീകാര്യരായ പണ്ഡിതര്‍ക്കൊന്നും മനസ്സിലായിട്ടുമില്ല.
അഹ്‌ലുസ്സുന്നക്ക് അനവധി സംഭവാനകള്‍ ചെയ്ത മഹാമനീഷികളില്‍ ചരിത്രം സ്മരിക്കുന്ന മഹത് വ്യക്തിത്വങ്ങളാണ് ഇമാം ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയും ഇമാം റസാഖാന്‍ ബറേല്‍വിയും. ഇമാം ദഹ്‌ലവിയെ തങ്ങളുടെ ആശയ സ്രോതസ്സാക്കുവാനും ഇമാം റസാഖാനെ അവഹേളിക്കാനും അവമതിക്കുവാനുമാണ് തബ്‌ലീഗുകാര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ഇന്ത്യയിലെ ഇസ്‌ലാമിക ആദര്‍ശ പഠനത്തില്‍ ഈ മഹത്തുക്കളെയും അവരുടെ ആദര്‍ശങ്ങളെയും അറിയല്‍ അനിവാര്യമാണ്.
ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി:
അറിവിന്റെ കലവറ
ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി ഹി1114 ല്‍ ശവ്വാല്‍ 4 ക്രിസ്താബ്ദം 1703 ഫെബ്രു 21 ന് ഡല്‍ഹിക്കടുത്ത പുലാതിലാണ് ജനനം. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കുകയും 14 വയസായപ്പോഴേക്കും ലഭ്യമായ വിജ്ഞാന ശാഖയിലെല്ലാം പ്രാവീണ്യം നേടുകയും ചെയ്തു. സ്വന്തം പിതാവും നഖ്ശബന്ദീ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന അബ്ദു റഹീം ദഹ്‌ലവിയുമായിരുന്നു പ്രധാന ഗുരുനാഥന്‍. അദ്ദേഹത്തില്‍ നിന്നു തന്നെ നഖ്ശബന്ദീ ത്വരീഖത്ത് സ്വീകരിച്ചു. പിന്നീട് പഠനം മുഖ്യമായും ഹിജാസിലായിരുന്നു. ശൈഖ് അബൂത്വാഹിര്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം കുര്‍ദിയായിരുന്നു അവിടുത്തെ ഗുരുനാഥന്‍. ഔറംഗസീബിന്റെ മരണത്തോടെ മുഗള്‍ സാമ്രാജ്യം അധഃപതിച്ചിരുന്നു. സജീവമായിരുന്ന ഖാദിരി, ചിശ്തി, നഖ്ശബന്ദീ ത്വരീഖത്തുകളുടെ ചലനാത്മകതക്ക് എന്തോ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. തികച്ചും ഒരു യുഗപുരുഷന്റെ പിറവിക്ക് ഇന്ത്യ ദാഹിച്ച്‌കൊണ്ടിരിക്കുമ്പോഴാണ് ശാഹ്‌വലിയുല്ലാഹിയുടെ പ്രബോധന നിയോഗമുണ്ടായത്. ഹിജ്‌റഃ 1176 മുഹറം (ക്രി,1763) 62 ാം വയസ്സില്‍ വഫാത്തായ മഹാന്‍ 53 ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
യഥാര്‍ത്ഥ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ തൂലികകളും. തൗഹീദ്, ശിര്‍ക്കിനെ വിശദീകരിക്കുന്നത് എത്ര കൃത്യതയോടെയാണ്. ഖേദകരമെന്നു പറയട്ടെ ആമഹാനുഭാവന്‍ വെച്ചു പുലര്‍ത്തിയ ആശയങ്ങള്‍ക്കെതിരായി പില്‍കാലത്ത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും തിരിമറിക്ക് വിധേയമാക്കപ്പെട്ടു. അല്ലാമ അബുല്‍ ഹസന്‍ അശ്അരി(റ)യുടെ ഇബാനയും ശൈഖ് ജീലാനിയുടെ ഗുന്‍യതും കടത്തിക്കൂട്ടലുകള്‍ക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ ഇമാം സുയൂത്വിയുടെ പേരില്‍ അല്‍ അംറുബില്‍ ഇത്തിബാഅ് വന്നഹ്‌യു അനില്‍ ഇബ്തിദാഅ് എന്നൊരു ഗ്രന്ഥം തന്നെ രചിക്കപ്പെടുകയായിരുന്നു. അഹ്‌ലു സുന്നയുടെ ആദര്‍ശത്തില്‍ മായം ചേര്‍ക്കാന്‍ എന്തെല്ലാം കോപ്രായങ്ങള്‍ ഈ സമൂഹം കണ്ടു. ശാഹ് വലിയുല്ലാഹിയുടെ ആശയവും ആദര്‍ശവും അദ്ദേഹത്തിന്റെ കൃതികളില്‍ നമുക്ക് കാണാം. മഹാന്‍മാരുടെ ആത്മാക്കള്‍ക്ക് ഭൗതിക ജീവിതവുമായി ഇടപെടാന്‍ കഴിയുമെന്ന് തന്റെ സുപ്രസിദ്ധ ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ പറയുന്നു.
ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പ്പെടുമ്പോള്‍ അതിന്റെ ശരിയായ പ്രകൃതിയിലേക്ക് അത് മടങ്ങും. അത് മലക്കുകളോടൊപ്പം ചേരും. മലക്കുകള്‍ ഇടപെടും പോലെ ആത്മാവും ഇടപെടും. ജഅ്ഫര്‍ ബിന്‍ അബൂ ത്വാലിബ് (റ) ശഹീദായപ്പോള്‍ മലക്കുകളോടൊപ്പം പറക്കുന്ന മലക്കിനെ ഞാന്‍ കണ്ടു എന്ന് തിരു നബി(സ) പറഞ്ഞത് ഹദീസിലുണ്ട്. ആത്മാക്കള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മ്മ സമരത്തില്‍ പങ്കെടുക്കുകയും അവരെ സഹായിക്കുകയും ചെയ്യും. മനുഷ്യരിലേക്ക് ചിലപ്പോള്‍ നല്ല ചിന്തകള്‍ (ലിമ്മത്ത്) ഇട്ട് കൊടുക്കാറുമുണ്ട്. ചില സമയങ്ങളില്‍ ആത്മാവ് മനുഷ്യ രൂപം പ്രാപിച്ച് പ്രത്യക്ഷപ്പെടാറുമുണ്ട് (നബി (സ)യെ ഉണര്‍വ്വില്‍ കണ്ട മഹാന്മാരുമുണ്ടല്ലോ..)
(ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/35)
മരണപ്പെട്ടു പോയവരുടെ ആത്മാക്കള്‍ സഹായികളായി എത്തുമെന്ന് ഈ വരിയിലൂടെ മഹാന്‍ വ്യക്തമാക്കുന്നു. തന്റെ സുപ്രസിദ്ധ ഗ്രന്ഥമായ ഫുയൂളുല്‍ ഹറമൈന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
ഞാന്‍ റൗളാ ശരീഫിലെത്തിയപ്പോള്‍ തിരുനബി (സ)യോടും അവിടുത്തെ കൂട്ടുകാരോടും സലാം പറഞ്ഞു എന്നിട്ട് തിരുനബി തങ്ങളോട് ഞാന്‍ പറഞ്ഞു. യാ റസൂലല്ലാ… അങ്ങേക്ക് അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍നിന്ന് അങ്ങ് എനിക്കും നല്‍കിയാലും… അങ്ങയുടെ അനുഗ്രഹം പ്രതീക്ഷിച്ചാണ് ഈയുള്ളവന്‍ ഇവിടെ എത്തിയത്… അങ്ങ് റഹ്മത്തുന്‍ ലില്‍ ആലമീന്‍ അല്ലെയോ… അപ്പോള്‍ നബി തങ്ങളുടെ പുതപ്പ് എന്നെ മൂടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരുപാട് രഹസ്യ കലവറകള്‍ എനിക്കു മുമ്പില്‍ തുറക്കപ്പെട്ടു. ഞാന്‍ നബി(സ)യെ ശരിക്കും അനുഭവിച്ചു. എന്നെ നന്നായി സഹായിച്ചു. നബി(സ) എന്റെ ആവശ്യങ്ങളില്‍ എങ്ങനെ സഹായിക്കുമെന്നും സലാം പറയുന്നവരുടെ സലാം എങ്ങനെ മടക്കുമെന്നും എനിക്ക് ശരിക്കും ബോധ്യപ്പെട്ടു. (ഫുയൂളുല്‍ ഹറമൈന്‍,28,29)
തിരുനബി(സ)യെ നേരില്‍ വിളിച്ച് സഹായം ചോദിക്കുകയും ആ സഹായം പ്രതീക്ഷിച്ച് മദീനയിലേക്ക് സിയാറത്തിന് പോവുകയും ചെയ്ത ശാഹ് വലിയുല്ലാഹി ദഹ്‌ലവിയെയാണ് നാം കാണുന്നത്. ബദര്‍ ശുഹദാക്കളുടെയും മഹാനായ അബൂ ദര്‍റുല്‍ ഗിഫാരിയുടെയും ഖബറുകള്‍ സന്ദര്‍ശിക്കുകയും അവരുടെ ആത്മീയ സഹായം സ്വീകരിച്ചതും ഫുയൂളുല്‍ ഹറമൈനിയുടെ പേജ് 26ല്‍ കാണാം.
തന്റെ പിതാവും നഖ്ശബന്ദീ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന അല്ലാമ അബ്ദുറഹീം ദഹ്‌ലവി പറഞ്ഞതായി മഹാന്‍ ഉദ്ധരിക്കുന്നു. എല്ലാ വര്‍ഷവും നബി(സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. ഏതോ ഒരു വര്‍ഷത്തില്‍ എനിക്ക് ഭക്ഷണം ഉണ്ടാക്കാന്‍ സാധിച്ചില്ല. അപ്പോള്‍ കടല വറുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്തു. അന്ന് തിരുദൂതര്‍(സ)യെ ഞാന്‍ സ്വപ്‌നത്തില്‍ കണ്ടു. പ്രസ്തുത കടല പ്രകാശം പൊഴിച്ച് തിരുനബി (സ)യുടെ തിരുമുമ്പില്‍ ഉണ്ടായിരുന്നു. (അദ്ദുര്‍റു സ്സമീന്‍ 46)
ഇമാം ദഹ്‌ലവിയുടെ പ്രിയ പിതാവിന്റെ മൗലിദ് അനുഭവമാണ് നമ്മള്‍ വായിച്ചത്. അല്ലാമ ദഹ്‌ലവി തന്റെ മൗലിദ് അനുഭവം പങ്ക് വെക്കുന്നത് നോക്കൂ.
അന്ന് ഞാന്‍ മക്കയിലാണ്. തിരുനബി (സ)യുടെ ജന്മ ദിവസം ജനങ്ങളെല്ലാം ഒരുമിച്ചു കൂടി നബി(സ)യുടെ ജന്മ സമയത്തുണ്ടായ അത്ഭുത സംഭവങ്ങള്‍ പറയുകയും നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുകയുമാണ്. ആ സദസ്സില്‍ ഞാനുമുണ്ടായിരുന്നു. ആസമയത്ത് പ്രശോഭനമായ പ്രകാശങ്ങള്‍ ഞാന്‍ കണ്ടു. (ഫുയൂളുല്‍ ഹറമൈന്‍ പേ.27)
മൗലിദ് സദസ്സുകളില്‍ പങ്കെടുത്ത് ആത്മീയതയുടെ അനിര്‍വചനീയമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഉന്നതരായ മത പണ്ഡിതരായിരുന്നു അവരെന്നു ചരിത്രം നമ്മോടു വിളിച്ച് പറയുന്നു.
മഹത്തുകളുടെ നാമം ബറക്കതിനു വേണ്ടി ഉപയോഗിക്കണമെന്ന് അല്ലാമ ദഹ്‌ലവി നമ്മെ പഠിപ്പിക്കുന്നു.തന്റെ അല്‍ ഖൗലുല്‍ ജമീല്‍ എന്ന ഗ്രന്ഥത്തില്‍നിന്നും വായിക്കൂ… എന്റെ പിതാവ് പറയുന്നത് ഞാന്‍ കേട്ടു അസ്ഹാബുല്‍ കഹ്ഫിന്റെ നാമങ്ങള്‍ കൊണ്ട് ബറക്കത്തെടുക്കുന്നത് അഗ്നി ബാധ, കളവ്, കവര്‍ച്ച എന്നിവയില്‍ നിന്ന് സംരക്ഷണം ലഭിക്കും. (അല്‍ ബൗലുല്‍ ദമീല്‍ 40).
അത് പോലെ ബിദഇകള്‍ ശിര്‍ക്കും ബിദ്അത്തുമായി മുദ്രകുത്തുന്ന ബുര്‍ദ അതിന്റെ രചയിതാക്കളൊക്കെതന്നെ സനദും മഹാനവര്‍കള്‍ക്ക് ഉണ്ടായിരുന്നു. മാത്രമല്ല തിരു നബി (സ)യില്‍ നിന്നും സ്വപ്‌നത്തില്‍ ഒരു തിരു കേശം ലഭിച്ചിരുന്നു അത്‌കൊണ്ട് ഞങ്ങള്‍ ബറകത്ത് എടുത്തിരുന്നു.(അദ്ദുര്‍റുസ്സമീന്‍) നബി(സ)യുടേതെന്ന് പറഞ്ഞ് സ്വപ്‌നത്തില്‍ കിട്ടിയത് കൊണ്ടുപോലും ബറകത്തെടുക്കുന്ന പ്രവാചകാനുരാഗികളായിരുന്നു ഈ മഹാന്മാര്‍.
തന്റെ മുബശ്ശിറാത്തില്‍ പറയുന്ന മറ്റൊരു സംഭവം നോക്കൂ. എനിക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടു. അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തിരുനബി (സ)യുടെ ആത്മാവിനെ ഞാന്‍ കണ്ടു. ഒരു പത്തിരിയും കൈയിലുണ്ടായിരുന്നു. അതെനിക്കു നല്‍കി ഞാന്‍ കഴിക്കുകയും എന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്തു.
ചുരുക്കത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അക്ഷരം പ്രതി സ്വീകരിച്ചവരായിരുന്നു ശാഹ് വലിയുല്ലാഹി ദഹ്‌ലവിയും പിതാവ് അബ്ദു റഹീം ദഹ്‌ലവിയും പുത്രന്‍ അബ്ദുല്‍ അസീസ് ദഹ്‌ലവിയും. പക്ഷെ, ഇവരെ ബിദ്അത്തിന്റെ ഏജന്റുമാരാക്കാന്‍ കഠിന ശ്രമങ്ങള്‍ എല്ലാ ഭാഗത്തും നടക്കുന്നുണ്ട്.
ശാഹ് വലിയ്യുല്ലാഹിയും
ദുര്‍വ്യാഖ്യാനങ്ങളും
ഇബ്‌നു അബ്ദില്‍ വഹാബിന്റെ ശരിയായ മസ്‌ലക്കില്‍ ഞങ്ങളാണെന്ന് അവകാശപ്പെടുന്ന തബ്‌ലീഗുകാരും അല്ല ഞങ്ങളാണ് എന്ന് പറയുന്ന മുജാഹിദുകളും ശാഹ് വലിയയ്യുല്ലാഹിദ്ദഹ്‌ലവിയെയും ശിഷ്യന്മാരെയും പൊതു സമൂഹത്തില്‍ സ്വന്തക്കാരായി എഴുന്നള്ളിക്കുന്നത് എത്ര വേദനാജനകമാണ്. തബ്‌ലീഗുകാരന്‍ എഴുതുന്നു.
ശാഹ് വലിയുല്ലാഹി ദഹ്‌ലവിയുടെ കൃത്യമായ ഇസ്‌ലാമിക ചിന്താധാരയെയും പ്രവര്‍ത്തനങ്ങളെയും ശരിയായ അര്‍ത്ഥത്തില്‍ ഏറ്റെടുത്ത് അതിനെ നില നിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മാര്‍ഗ്ഗം സമൂഹത്തിന് എളുപ്പമാക്കിയ ചിന്താ ധാരയാണ് യഥാര്‍ത്ഥത്തില്‍ ദേവ്ബന്ദിയത്ത് (ദേവ്ബന്ദ് പണ്ഡിതര്‍ പേ.7)
ഹൈന്ദവാചാരങ്ങളും അന്ധ വിശ്വാസങ്ങളുമായി ഉമ്മത്ത് വഴിമാറി സഞ്ചരിച്ചു. ഇത്തരം സന്ദര്‍ഭത്തിലാണ് മുസ്‌നിദുല്‍ ഹിന്ദ് ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി നവോത്ഥാന നായകനായി കടന്നു വരുന്നത്. മഹാനവര്‍കള്‍ക്കു ശേഷം പുത്രന്‍ അബ്ദുല്‍ അസീസ് ദഹ്‌ലവിയും ശിഷ്യന്മാരും അതേറ്റെടുക്കുകയും അതുവഴി ഒരു വലിയ തജ്ദീദീ പരമ്പര ഇന്ത്യയില്‍ രൂപപ്പെടുകയും ചെയ്തു. ആ നിരയിലെ മുന്‍നിര നായകന്മാരാണ് ഉലമാ ഏ ദേവ്ബന്ദ് (ദേവ്ബന്ദ് പണ്ഡിതര്‍ പേ. 7) ഈ വഴി ശാഹ് വലിയുല്ലാഹി ദഹ്‌ലവിയിലാണ് ചെന്നെത്തുന്നത് (ദേവ്ബന്ദ് പണ്ഡിതര്‍ പേ14)
ശാഹ് വലിയുല്ലാഹിയും പുത്രന്‍ അബ്ദുല്‍ അസീസ് ദഹ്‌ലവിയും വളര്‍ത്തിക്കൊണ്ട് വന്നതാണ് ദയൂബന്ദിസം എന്ന് പറയുന്നവര്‍, അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച ആശയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതാണ് ഇനി നാം കാണുന്നത്.
നബി(സ)യുമായി ഞങ്ങളെ ബന്ധിപ്പിക്കുന്നതും ശാഹ് വലിയുല്ലാഹിയാണെന്ന് പ്രസ്തുത പുസ്തകം അവകാശപ്പെടുന്നു. ദാറുല്‍ ഉലൂമിന്റെയും ദേവ്ബന്ദിന്റെയും അടിസ്ഥാന പരമ്പര ഇന്ത്യയിലെ ശാഹ് വലിയുല്ലാഹി ദഹ്‌ലവിയിലൂടെ മുറിയാത്ത പരമ്പരകളിലായി നബി(സ)യിലേക്ക് ചെന്നെത്തുന്നതാണ്. ശാഹ് വലിയുല്ലാഹിയില്‍ നിന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ശാഹ് അബ്ദുല്‍ അസീസ്, പിന്നീട് ശാഹ് മുഹമ്മദ് ഇസ്ഹാഖ് ശേഷം ശാഹ് അബ്ദുല്‍ അസീസ് വഴിയായി ദാറുല്‍ ഉലൂമിന്റെ സ്ഥാപകരായ ഖാസിം നാനൂതവി, റഷീദ് അഹ്മദ് ഗംഗോഹി എന്നിവരിലേക്ക് എത്തിച്ചേര്‍ന്നു (ദേവ്ബന്ദ് പണ്ഡിതര്‍ പേ. 14).
മുമ്പ് നാം അറിഞ്ഞതനുസരിച്ച് അഹ്‌ലുസ്സുന്നത്തിന്റെ പാതയില്‍ മാത്രം നിലയുറപ്പിച്ച ദഹ്‌ലവിയും ഇവര്‍ പ്രസരണം ചെയ്യുന്ന ആശയങ്ങളും ഒട്ടും സമരസപ്പെടുകയില്ല. ശൈഖിന്റെ അഖീദ അതേപടി സ്വീകരിക്കുമ്പോഴാണ് നബി(സ)യിലേക്ക് അവരുടെ പരമ്പരയിലൂടെ എത്തിച്ചേരുന്നത്. കാരണം ശാഹ് വലിയുല്ലാഹിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ ഏതാനും വരികളാണ് അദ്ദേഹത്തിന്റെ ആദര്‍ശമായി അവര്‍ പൊക്കിക്കാണിക്കുന്നത്. അതിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം..
തബ്‌ലീഗുകാര്‍ പറയുന്നു. മഹാനവര്‍കളും (ശാഹ് ലിയുല്ലാഹി ദഹ്‌ലവി) തങ്ങളുടെ ഗ്രന്ഥത്തില്‍ അല്‍പ ജ്ഞാനികള്‍ ചെയ്തിരുന്ന ശിര്‍ക്ക് ബിദ്അത്തുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. തഫ്ഹീമാതുല്‍ ഇലാഹിയ്യ എന്ന മഹാനവര്‍കളുടെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത് നോക്കുക. ജീവിച്ചിരിക്കുന്ന ശൈഖുമാരെയും മരണശേഷം അവരുടെ ഖബറിനെയും ആരാധിക്കുന്ന പ്രവണത നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ രോഗമാണ്. ജാഹിലീങ്ങളായ മുസ്‌ലിമുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലുള്ള കാഫിറുകളെയാണ് പിന്‍പറ്റുന്നത് (തഫ്ഹീമുല്‍ ഇലാഹിയ്യ1/64) ഇതേ ഗ്രന്ഥത്തില്‍ മറ്റൊരു സ്ഥലത്ത് മഹാനവര്‍കള്‍ കുറിക്കുന്നു. അജ്മീര്‍,സലാര്‍ മസ്ഊദിന്റെ ഖബറിടം പോലുള്ള സ്ഥലങ്ങളിലേക്ക് തങ്ങളുടെ ആവശ്യം തേടി പോകുന്നവര്‍ കൊലപാതകം, വ്യഭിചാരം പോലുള്ള വന്‍ പാപങ്ങളേക്കാള്‍ ഗൗരവമുള്ള കുറ്റ കൃത്യങ്ങളാണ് ചെയ്തിരിക്കുന്നത് ലാത്തയേയോ ഉസ്സയേയോ ആരാധിക്കുന്നവനോടും സ്വയം നിര്‍മ്മിത വസ്തുക്കളെ പൂജിക്കുന്നവരോടും മാത്രമേ ഇവരെ ഉപമിക്കാന്‍ കഴിയുകയുള്ളു(തഫ്ഹീമുല്‍ ഇലാഹിയ്യ2/45) ഇപ്രകാരം അദ്ദേഹത്തിന്റെ നിദാന ശാസ്ത്രത്തിലെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ അല്‍ ഫൗസുല്‍ കബീറില്‍ മക്കാ മുശ്‌രിക്കുകളുടെ വിശ്വാസങ്ങളുടെ തനി പകര്‍പ്പായി പരിചയപ്പെടുത്തുന്നത് തന്റെ കാലഘട്ടത്തിലെ ജാഹിലീങ്ങളായ മുസ്‌ലിംകളെയാണ് (ദേവ്ബന്ദ് പണ്ഡിതര്‍ പേ.144)
സാക്ഷാല്‍ ബിദ്അത്ത് പ്രചാരണമായിരുന്നു ശാഹ് വലിയുല്ലാഹി നടപ്പില്‍ വരുത്തിയതെന്ന് സമര്‍ത്ഥിക്കാനാണ് തന്റെ കൃതികളില്‍ നിന്നും സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തി മാറ്റിയ ഇത്തരം ഉദ്ധരണികള്‍ പുറത്തേക്ക് വലിച്ചിട്ടത്. പക്ഷെ, പ്രസ്തുത ഗ്രന്ഥങ്ങള്‍ മുഴുവന്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം സ്ഥാപിക്കുന്ന ആദര്‍ശത്തിന് ഘടക വിരുദ്ധമാണ് ഈ ആശയങ്ങളെന്ന് കണ്ടെത്താനാവുന്നു.
സത്യത്തില്‍ അതേ ഗ്രന്ഥത്തില്‍ ശിര്‍ക്ക് രൂപപ്പെടുന്ന രൂപങ്ങള്‍ മഹാന്‍ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. ഇബാദത്തില്‍ അല്ലാഹുവിനെ പങ്ക് ചേര്‍ക്കുക എന്നാല്‍ പരലോക മോക്ഷം കരുതിയോ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നോ വിചാരിച്ച് ബഹുമാന ആദരവുകള്‍ നല്‍കലാണ്. ഈ കാലഘട്ടത്തിലെ രോഗമായി നാം കാണുന്നത് ഈ അര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ശൈഖുമാരെയും മരണപ്പെട്ടവരുടെ ഖബറിനെയും ആരാധിക്കുന്നവരെയാണ്. അവര്‍ അവരുടെ പ്രവര്‍ത്തനത്തില്‍ ഇന്ത്യയിലെ ബിംബാരാധകരായ അവിശ്വാസികളെയാണ് തുടരുന്നത്.
സഹായം ആവശ്യപ്പെടല്‍ ശിര്‍ക്കാവുന്നത് അല്ലാഹുവിന്റെ നാമങ്ങളില്‍ ഉള്‍കൊള്ളിക്കപ്പെട്ട സന്താനം നല്‍കല്‍,ഭക്ഷണം നല്‍കല്‍, ജീവിപ്പിക്കല്‍,മ രിപ്പിക്കല്‍, രോഗം സുഖപ്പെടുത്തല്‍ മുതലായ കാര്യങ്ങളില്‍ അല്ലാഹുവിന്റെ തീരുമാനിക്കപ്പെട്ട ഉദ്ദേശങ്ങളില്‍നിന്നും അവരെ രക്ഷപ്പെടുത്താനുള്ള കഴിവ് സഹായം തേടപ്പെടുന്നവര്‍ക്ക് ഉണ്ടാകുമ്പോഴാണ് (തഫ്ഹീമാത്തുല്‍ ഇലാഹിയ്യ2/63,64)
എത്ര കൃത്യമായാണ് ശാഹ് വലിയുല്ലാഹി ശിര്‍ക്കിന്റെ രൂപങ്ങളെ വിശദീകരിച്ചത്. അല്ലാഹുവിന്റെ തീരുമാനങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതോ അവനിലേക്ക് അടുപ്പിക്കാന്‍വേണ്ടി അങ്ങേയറ്റം അവരെ ആദരിക്കുന്നതോ ശിര്‍ക്കാണ്. അതിലൊരു സുന്നിക്കും സംശയമില്ല. ഇത്തരം വിശ്വാസം പുലര്‍ത്തി അജ്മീറിലോ, സാലാറിലോ ലോകത്തിലെ മറ്റേതു മസാറുകളായാലും സന്ദര്‍ശിക്കുന്നതും ആദരിക്കുന്നതും മഹാ പാതകം തന്നെയല്ലെ.
ഇനി അജ്മീരിലേക്കും മറ്റു ദര്‍ഗ്ഗകളിലേക്കും സഹായം തേടി പുറപ്പെടല്‍ തന്നെ നിരുപാധികം ശിര്‍കും കുഫ്‌റുമാണ്് എന്നതാണ് ശാഹ് വലിയുല്ലാഹിയുടെ നിലപാടെങ്കില്‍ ബദ്ര്‍ ശുഹദാക്കളുടെയും അബൂ ദര്‍റില്‍ ഗിഫാരിയുടെയും ഖബറുകള്‍ സന്ദര്‍ശിച്ചതും അവരില്‍ നിന്നും ആത്മീയ സഹായം കിട്ടിയതും മുത്ത് നബി(സ)യെ റൗളയില്‍ചെന്ന് ‘അങ്ങേക്ക് ലഭിച്ച ഔദാര്യത്തില്‍ നിന്നും എനിക്കും ഔദാര്യമായി നല്‍കണേ’ എന്നു പറഞ്ഞതിലൂടെയും ഈ മഹാന്‍ തന്റെ സ്വന്ത്വത്തെതന്നെ ഇസ്‌ലാമിന് പുറത്ത് നിര്‍ത്തി എന്നു പറയേണ്ടി വരും. അതൊരിക്കലും സംഭവിക്കുകയില്ലെന്ന് ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് അറിയാമല്ലോ? അപ്പോള്‍ മഹത്തുക്കളോട് സഹായം തേടുന്നത് നിരുപാധികം തെറ്റാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണെന്ന് മനസ്സിലായല്ലോ.
ജീവിച്ചിരിക്കുന്ന ശൈഖുമാര്‍ക്കും മരണപ്പെട്ട മഹത്തുക്കളുടെ ഖബറുകള്‍ക്കും സുജൂദ് ചെയ്യുന്ന രീതി മഹാനവര്‍കളുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. അതിനെയാണ് ഈ കാലഘട്ടത്തിലെ രോഗമെന്ന് മഹാന്‍ വിശേഷിപ്പിച്ചതെന്ന് സാഹചര്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് അവിശ്വാസികളുടെ ആരാധനാ രീതിയാണെന്നും അത് നമുക്ക് ചേര്‍ന്നതല്ലെന്നും മഹാന്‍ നമ്മെ തര്യപ്പെടുത്തി. ഈ വിഷയമാകട്ടെ ഫത്ഹുല്‍ മുഈന്‍ ഉള്‍പെടെയുള്ള കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിലക്കിയിട്ടുമുണ്ട്. ഇത്തരം ഒരു സുജൂദ് സമുദായത്തിലേക്ക് കടത്തിക്കൂട്ടിയത് ശീഈസമായിരുന്നു എന്നാണ് ചരിത്രം. ശിയാക്കളുടെ അധീനതയിലുള്ള പല മഖ്ബറകളിലും ഇത്തരം ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. ശാഹ് വലിയുല്ലാഹിയുടെ കാലത്ത് ശീഈസത്തിന്റെ നീരാളികൈകള്‍ സമുദായത്തിലേക്ക് നീണ്ടിരുന്നതായി നമുക്ക് കാണാനാവുന്നു. അപ്പോള്‍ അവരെ ഖണ്ഡിച്ച്‌കൊണ്ട് ഇസാലത്തുല്‍ ഖഫാ അന്‍ ഖിലാഫത്തില്‍ ഖുലഫാ, ഖുര്‍റത്തുല്‍ ഐനൈന്‍ ഫീ തഫ്‌ളീല ശൈഖൈന്‍ എന്നീ ഗ്രന്ഥങ്ങള്‍ മഹാന്‍ രചിക്കുകയുമുണ്ടായി.
ചുരുക്കത്തില്‍ പ്രസ്തുത പരാമര്‍ശങ്ങളെ സുന്നീ സമൂഹത്തിന്റെ മേല്‍ വെച്ചു കെട്ടിയത് ശരിയായില്ല. ഇതു പോലെതന്നെയാണ് തന്റെ പ്രമുഖ ഗ്രന്ഥമായ അല്‍ ഫൗസുല്‍ കബീറിലുള്ളതും. ആദ്യമായി മഹാന്‍ തൗഹീദും ശിര്‍ക്കും ചര്‍ച്ചചെയ്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. ഇമാം ദഹ്‌ലവിയുടെ വാക്കുകള്‍ കാണുക.
അല്ലാഹുവിനു പ്രത്യേകമായ വിശേഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് സൃഷ്ടികള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കലാണ് ശിര്‍ക്ക്. അല്ലാഹു അല്ലാത്തവരുടെ ഇറാദത്ത് കൊണ്ട് മാത്രം ഈ ലോകത്ത് മാറ്റം വരുത്താന്‍ കഴിയുക, അല്ലാഹു നല്‍കുന്ന ബുദ്ധി, സ്വപ്‌നം, ഇല്‍ഹാം മുതലായ കാര്യങ്ങളിലൂടെയല്ലാതെ സ്വന്തമായി തന്നെ അറിയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുക, രോഗശമനവും സുഖവും ദുഖവും വിജയവും പരാജയവും സ്വന്തമായി തീരുമാനിക്കുന്ന വിധത്തില്‍ കോപിക്കുമെന്നോ കാരുണ്യം ചെയ്യുമെന്നോ വിശ്വസിക്കുക തുടങ്ങിയ കാര്യങ്ങള്‍ പോലെ.
നിലവിലുള്ള ബഹുദൈവാരാധകര്‍ പ്രപഞ്ച സൃഷ്ടിപ്പില്‍ അവരുടെ ആരാധ്യര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. ചില കാര്യങ്ങളില്‍ അവര്‍ക്ക് പരാമാധികാരം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഒരു ഭരണ സഭയും അതിലുള്ള വ്യത്യസ്ത ചുമതലയുള്ള ഉപ വകുപ്പുകളും പോലെ. രാജാവില്‍ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവരെ തവസ്സുലാക്കുകയും ശുപാര്‍ശകരാക്കുകയും ചെയ്യാറുണ്ട് . ഇതുപോലെ ഒരു ദൈവിക സഭയിലായിരുന്നു അവരുടെ വിശ്വാസം.
ഈ വിശ്വാസം മൂലം അവര്‍ക്ക് സുജൂദ് ചെയ്യണമെന്നും അവരെകൊണ്ട് സത്യം ചെയ്യാമെന്നും അവരുടെ നിരുപാധിക കഴിവുകൊണ്ട് പ്രധാന കാര്യങ്ങളില്‍ സഹായം തേടാമെന്നും വിശ്വസിക്കുകയും അവരുടെ രൂപങ്ങള്‍ കല്ലില്‍ കൊത്തിയുണ്ടാക്കുകയും പില്‍കാലത്ത് അവയെതന്നെ ആരാധിക്കുകയും ചെയ്തു. (അല്‍ ഫൗസുല്‍ കബീര്‍ പേ. 22,23)
ഇതാണ് തബ്‌ലീഗുകാരന്‍ സുന്നീ ആദര്‍ശത്തിനു നേരെ എയ്തു വിട്ട അമ്പ്. പക്ഷെ, ശരിക്കും വായിച്ചു നോക്കു… ഇങ്ങനെ ഒരു ദൈവിക സഭയില്‍ വിശ്വസിക്കുന്നവരാണോസുന്നികള്‍? അല്ല. അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ കൊണ്ടുവന്ന് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദഹ്‌ലവിയുടെ ആദര്‍ശത്തെ വളച്ചൊടിക്കുകയാണ് തബ്‌ലീഗുകാര്‍ ചെയ്തത്. ഇതേ തിരിമറി തന്നെ മുജാഹിദു കാരനായ പ്രൊ.പി.മുഹമ്മദ് കുട്ടശ്ശേരിയുടെ ഇസ്‌ലാമിന്റെ ചരിത്ര പാതയിലൂടെ 14നൂറ്റാണ്ട് (പേജ് 1017,1018) എന്ന കൃതിയിലും രേഖപ്പെടുത്തിയത് കാണാം. അല്ലാഹുവിന്റെ തീരുമാനങ്ങളെപോലും വെല്ലുന്ന ശക്തി ഞങ്ങളുടെ സഹായികള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുകയോ അവരുടെ സ്വാധീനം കൊണ്ട് മാത്രം അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നോ ഒരു സുന്നിയും വിശ്വസിക്കുന്നില്ല. ഈ തിരിമറിയില്‍ പോലും മുജാഹിദും തബ്‌ലീഗും പരസ്പരം ഒട്ടി നില്‍ക്കുന്നതാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
ശാഹ് വലിയുല്ലാഹിയുടെ ഗ്രന്ഥങ്ങളില്‍ അല്‍ ഖൈറുല്‍ കസീര്‍,ഹുജ്ജത്തുല്ലാഹില്‍ ബാലിഗ എന്നീ ഗ്രന്ഥങ്ങളുംഅവരുടെ തിരുത്തലുകള്‍ക്കും കൈകടത്തലുകള്‍ക്കും വിധേയമായ ഗ്രന്ഥമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ശൈഖ് അഹ്മദ് റസാഖാന്‍ ബറേല്‍വി വിജ്ഞാനത്തിന്റെ നിറകുടം
ഇന്ത്യാ രാജ്യത്തിന് അഹ്‌ലുസ്സുന്ന:യുടെ ശരിയായ വിശ്വാസ ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനും സമൂഹത്തെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ഖാദിയാനികള്‍, ശീഈകള്‍, ദയൂബന്ദികള്‍, നദ്‌വിക്കാര്‍, തഖ്‌ലീദ് വിരോധികള്‍……… തുടങ്ങി മുഴുവന്‍ അവാന്തര വിഭാഗങ്ങളുടെയും ആദര്‍ശ പാപ്പരത്വം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജീവിതം നീക്കിവെച്ച മഹാത്മാവായിരുന്നു അല്ലാമാ റസാഖാന്‍ ബറേല്‍വി. അത്‌കൊണ്ട് തന്നെ എല്ലാ നവീന വാദികളുടെയും അവാന്തര വിഭാഗങ്ങളുടെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ജീവിതം മുഴുവനും വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും നീക്കിവെച്ച ഈ മഹാത്മാവിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടു. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ മെനഞ്ഞുണ്ടാക്കി. അപരാദങ്ങള്‍ പലതും പറഞ്ഞ് പരത്തി. അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനങ്ങളെയും രാഷ്ട്രീയ ഇടപെടലുകളെയും ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചു. പക്ഷെ കത്തിജ്വലിച്ച് കൊണ്ടിരിക്കുന്ന സൂര്യനെ ഊതിക്കെടുത്താനാവില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. എന്നാലും ആ ശ്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. അതിന്റെ തുടര്‍ച്ചയായി കേരളത്തിലെ തബ്‌ലീഗുകാര്‍ പറയുന്നത് കാണുക. “ ഇവിടെ നാം വായിക്കുന്നത് ചരിത്രം സൃഷ്ടിക്കുകയോ ചരിത്രത്തിന് ഏതെങ്കിലും നിലയില്‍ സംഭാവന നല്‍കുകയോ ചെയ്ത വ്യക്തിയെയല്ല. മറിച്ച് സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ആര്‍ജ്ജവത്തോടെ ജീവന്‍ ഉഴിഞ്ഞ് വെച്ച ചരിത്രത്തിലിടം നേടിയ യുഗ പുരുഷന്മാരെ തള്ളിപ്പറയുവാനും അവരെ ഇസ്ലാമിന്റെ അതിര്‍വരമ്പില്‍ നിന്നും പുറത്താക്കുവാനും കുല്‍സിതമായ ശ്രമം നടത്തിയ വ്യക്തായാണ്”. (ദേവ്ബന്ദ് പണ്ഡിത ര്‍ പേ:140)
ഒരു ചരിത്ര സത്യത്തെ ഇങ്ങനെ കണ്ണടച്ചു ഇരുട്ടാക്കാനുള്ള തൊലിക്കട്ടിയെ മലയാളത്തില്‍ പരിചയപ്പെടുത്താന്‍ വക്കുകളില്ല. എന്നാല്‍ആരായിരുന്നു അല്ലാമ: ബറേല്‍വിയെന്ന് ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം…
ഉത്തര്‍ പ്രദേശിലെ ജസൂലി ജില്ലയിലെ ബറേലിയില്‍ 1272 ശവ്വാല്‍ 10 ന് (1856 ജുണ്‍ 14) പ്രശസ്ത പണ്ഡിതന്‍ ഹസ്‌റത്ത് അലി നഖീഖാന്‍ ഖാദിരി ബറകാത്തി (ഖ:സി) വിന്റെ മകനായി ജനിച്ചു. ഹിജ്‌റ 1286 ല്‍ 14 വയസ്സായപ്പോഴേക്കും മതപഠനം പൂര്‍ത്തിയാക്കി- തന്റെ പിതാവ് തന്നെയായിരുന്നു പ്രധാന ഗുരുനാഥന്‍. ഒരു മാസം കൊണ്ട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 10 ാം വയസ്സില്‍ ശറഹു ഹിദായത്തിന്നഹ്‌വ് എന്ന അറബി വ്യാകരണ ഗ്രന്ഥം രചിച്ചു. (അല്‍ അല്ലാമതുല്‍ മുജദ്ദിദ്) 13 ാം വയസ്സില്‍ ‘ളൗഉന്നിഹായ ഫീ ഇഅ്‌ലാമില്‍ ഹംദി വന്നിഹായ’ എന്ന ഗ്രന്ഥവും രചിച്ചു. (അല്‍ബറേല്‍വിയ പേ:22)
ശൈശവ ദശയില്‍തന്നെ ആത്മീയതയുടെ മടിത്തട്ടിലായിരുന്നു ഇമാമിന്റെ വളര്‍ച്ച. ഒരു നോമ്പു കാലം അതിശക്തമായ ചൂട് അനുഭവപ്പെടുന്നു. തന്റെ മകന് എന്തെങ്കിലും ക്ഷീണം അനുഭവപ്പെടുമെന്ന് മനസ്സിലാക്കിയ പിതാവ് മധുര പാനീയവും ഭക്ഷണവും തയ്യാറാക്കി റൂമിന്റെ ഉള്ളിലേക്ക് ക്ഷണിച്ചു. കുട്ടികള്‍ ഇത്ര നേരം നോമ്പെടുത്താല്‍ മതി. ഇത് കഴിച്ച് നോമ്പ് തുറന്നോളൂ എന്ന് പറഞ്ഞപ്പോള്‍ ഇമാം അതിന് സമ്മതിച്ചില്ല. വാതിലെല്ലാം അടച്ചിട്ടുണ്ട്. ആരും കാണില്ല, മോന്‍ നോമ്പ് തുറന്നോളൂ എന്ന് പറഞ്ഞപ്പോള്‍ അല്ലാഹു കാണും എന്നായിരുന്നു ആ ശിശുവിന്റെ മറുപടി. ഇതുകേട്ടപ്പോള്‍ പിതാവിന്റെ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്റെ അശ്രു കണങ്ങള്‍ ഒഴുകി (ബറേല്‍വിയ്യ പേ. 41,42)
ഇത്രയും സൂക്ഷ്മത ശൈശവ ദശയില്‍ തന്നെ കൈമുതലാക്കിയ ഇമാം കൃത്യമായ കണക്ക് അനുസരിച്ച് 13 വയസ്സും 10 മാസവും 6 ദിവസവും പിന്നിട്ടപ്പോള്‍ ഇന്ത്യാ രാജ്യത്തെ മഹാ പണ്ഡിതനായി മാറി (ബറേല്‍വിയ്യ പേ. 41,42) 1294 ല്‍ ജമാദുല്‍ ആഖിര്‍ അഞ്ചിന് മര്‍ഹര്‍ ശരീഫില്‍ പോയി ശൈഖ് ആലു റസൂല്‍ മര്‍ഹര്‍വി ഖാദിരിയുമായി ഖാദിരിയ്യാ ത്വരീഖത്തില്‍ ബൈഅത്ത് ചെയ്തു (ബറേല്‍വിയ്യ. പേ 40)
1295 ല്‍ തന്റെ മാതാപിതാക്കളോടൊത്ത് ഹറമൈനിയില്‍ എത്തി. ഒരു ദിവസം നിസ്‌ക്കാരം കഴിഞ്ഞപ്പോള്‍ അവിചാരിതമായി ഇമാമു ശാഫിഇയ്യ: ശൈഖ് ഹുസൈന്‍ ഇബ്‌നു സ്വാലിഹ്(റ), ഇമാം ബറേല്‍വിയെ കാണുകയും കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൊണ്ട്‌പോവുകയും ചെയ്തു. എന്നിട്ട് തലയില്‍ കൈവെച്ച് മഹാന്‍ പറഞ്ഞു. അല്ലാഹുവാണേ സത്യം ഈ നെറ്റിയില്‍ അല്ലാഹുവിന്റെ നൂറ് ഞാന്‍ കാണുന്നു. ഹദീസിന്റെയും ഖാദിരിയ്യാ ത്വരീഖത്തിന്റെയും ഇജാസത്ത് ഇമാം ബറേല്‍വിക്ക് നല്‍കി മഹാന്‍ പറഞ്ഞു. താങ്കളുടെ പേര് ളിയാഉദ്ദീന്‍ (ദീനിന്റെ പ്രകാശം) എന്നാണെന്ന് പറഞ്ഞ് ആശീര്‍വദിക്കുകയും ചെയ്തു.
പിന്നീട് 1323 ല്‍ വീണ്ടും ഹറമൈനിയില്‍ എത്തുകയും നബി (സ) മയുടെ അദൃശ്യജ്ഞാനം സംബന്ധിച്ച ചോദ്യത്തിന് അദ്ദൗലത്തുല്‍ മക്കിയ്യ ബില്‍ മാദ്ദത്തില്‍ ഗൈബിയ്യ എന്ന ഗ്രന്ഥം എഴുതുകയും ചെയ്തു.(അദ്ദൗലത്തുല്‍ മക്കിയ്യ)
തിരു നബി(സ)യുടെ റൗളയിലത്തി സ്വന്തമായി ഉണ്ടാക്കിയ സ്വലാത്തിന്റ വചനങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുമ്പോള്‍ തിരുനബി (സ) തങ്ങളെ ഉണര്‍വില്‍ കാണുക എന്ന മഹാസൗഭാഗ്യവും ഇമാമിനെ തേടിയെത്തി. (അല്ലാമ മുജദ്ദിദ് പേ;6,7)
ഹിജ്‌റ 1340 സ്വഫര്‍ 25 (1921 ഒക്‌ടോബര്‍ 21ന്) വെള്ളിയാഴ്ച്ച ഹയ്യാഅലല്‍ ഫലാഹ് (വിജയത്തിലേക്ക് വരൂ) എന്ന ശബ്ദം കേട്ട് ഇമാം ലോകത്തോട് വിടചൊല്ലി. തന്റെ ജീവിതത്തില്‍ ലഭിച്ച 55 വര്‍ഷവും ദീനീ ഖിദ്മത്തിനായി അവര്‍ നീക്കിവെച്ചു. ആയിരത്തോളം സമ്പന്നമായ ഗ്രന്ഥങ്ങള്‍ രചിച്ചു. അമ്പത്തിയഞ്ച് വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. കഴിഞ്ഞകാല മഹത്തുക്കളുടെ ജീവിതം പരിശോധിക്കുമ്പോള്‍ മുപ്പത്തിയഞ്ച് ഫന്നുകള്‍ കൈകാര്യം ചെയ്തവര്‍ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഗ്രന്ഥ രചനയില്‍ വിപ്‌ളവം തീര്‍ക്കുകയായിരുന്നു ഇമാമവറുകള്‍ എന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇമാമിന്റെ മഹത്വം വിളിച്ചോതുന്ന മറ്റൊരു സംഭവംകൂടി കാണുക.
ഫലസ്തീനിലെ ഒരു ശൈഖ് ഒരു ദിവസം നബിയെയും സ്വഹാബത്തിനെയും സ്വപ്‌നത്തില്‍ ദര്‍ശിച്ചു. നബിആരെയോ പ്രതീക്ഷിച്ചിരിക്കുകയാണ്. ശൈഖ് നബി(സ)തങ്ങളോട് ചോദിച്ചു അങ്ങ് ആരെയാണ് പ്രതീക്ഷിച്ചിരിക്കുന്നത്? അഅ്‌ല ഹസ്‌റത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വിയെയാണെന്ന് അവിടുന്ന് പ്രവചിച്ചു. നേരം പുലര്‍ന്ന ഉടനെ അഅ്‌ലാ ഹസ്രത്തിനെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഇന്ത്യയിലെ ഇമാമാണെന്ന വിവരം കിട്ടി. അദ്ദേഹം ഉടനെ ഇന്ത്യയിലെ ബറേല്‍വിയയിലെത്തി. ശൈഖിന്റെ വീട്ടിലെത്തി. അപ്പോഴേക്കും ശൈഖ് വഫാത്തായി മാസങ്ങള്‍ കഴിഞ്ഞിരുന്നു. അദ്ദേഹം ശൈഖിന്റെ മരണദിവസം അന്വേഷിച്ചപ്പോള്‍ തന്റെ തിരുദര്‍ശനം ഉണ്ടായത് മഹാനവറുകളുടെ വഫാത്ത് ദിനമായിരുന്നു എന്ന് മനസ്സിലാക്കുകയും അത് കുടുംബങ്ങളോട് പങ്കുവെക്കുകയും ചെയ്തു. (അല്‍ അല്ലാമതുല്‍ മുജദ്ദിദ്)
ഖുര്‍ആന്‍, തഫ്‌സീര്‍, ഉസൂലുത്തഫ്‌സീര്‍, ഹദീസ്, ഉസൂലുഹദീസ്, ഫിഖ്ഹ്, ഉസൂലുഫിഖ്ഹ് തുടങ്ങീ അമ്പത്തിയഞ്ച് വിജ്ഞാന ശാഖകളില്‍ കിതാബ് രചിച്ച മഹാനുഭാവന്റെ ഗ്രന്ഥങ്ങള്‍ അറബി, ഉറുദു, ഫാരിസീ ഭാഷകളില്‍ വ്യാപിച്ച് കിടക്കുന്നതാണ്. ഇമാമവറുകളുടെ ഇല്‍മിന്റെ ആഴവും ഗഹനതയും ബോധ്യപ്പെടാന്‍ ഒരു ചെറിയ ഗ്രന്ഥം മാത്രം പരതിയാല്‍ മതിയാവും. അത്‌കൊണ്ട് തന്നെ ഇമാമിന്റെ ശിഷ്യഗണങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല മക്കയിലും മദീനയിലും മറ്റും പരന്ന് കിടക്കുന്നു.
അദ്ദൗലത്തുല്‍ മക്കിയ്യ, ഹുസാമുല്‍ ഹറമൈന്‍, ഫതാവല്‍ ഹറമൈന്‍, അല്‍ഫതാവാ റള്‌വിയ്യ, അല്‍ മുഅ്തമദുല്‍ മുസ്തനദ്, അല്‍ ഫള്‌ലുല്‍ മൗഹിബീ, ഇഅ്‌ലാമുല്‍ അഅ്‌ലാം ബിഅന്ന ഹിന്ദുസ്ഥാന്‍ ദാറുല്‍ ഇസ്‌ലാം, അല്‍ അംനു വല്‍ഉല, ശുമൂലുല്‍ ഇസ്‌ലാം ലി ആബാഇര്‍റസൂലില്‍ കിറാം, ബറക്കത്തുല്‍ ഇംദാദ് ലി അഹ്‌ലില്‍ ഇസ്തിംദാദ്, ഖവാരിഉല്‍ ഖഹ്ഹാര്‍ അലല്‍ മുജസ്സിമതുല്‍ കുഫ്ഫാര്‍ തുടങ്ങി ആയിരത്തോളം ഗ്രന്ഥങ്ങള്‍ മഹാന്റേതായുണ്ട്. ഇത്രയധികം ദീനീ സേവനരംഗത്ത് മികച്ച് നിന്ന ഒരു പണ്ഡിത തേജസ്വിയെ ചരിത്രത്തില്‍ ഒരു ഗുണവും ചെയ്യാത്തവനെന്ന തബ്‌ലീഗുകാരന്റെ കണ്ടെത്തല്‍ വിവരക്കേടല്ലാതെ മറ്റെന്താണ്? അഅ്‌ലാഹസറത്തിന്റെ ഇല്‍മീ സേവനവും ആത്മീയ പ്രഭാവവും വെളിച്ചത്ത് കൊണ്ട് വരേണ്ടത് അനിവാര്യമാണ്.
ബിദ്അത്തിന്റെ അടിവേരറുക്കുന്നതായിരുന്നു ഇമാമിന്റെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും. ഇതില്‍ അരിശം പൂണ്ട തബ്‌ലീഗുകാര്‍ അദ്ദേഹത്തെ ശീഈസത്തിന്റെ ആലയില്‍ തളച്ചിടാനുള്ള വിഫലശ്രമം നടത്താറുണ്ട്. ഇന്ത്യാ രാജ്യത്ത് അലി(റ)വിന്റെ വഫാത്ത് ദിനവുമായി ബന്ധപ്പെട്ട് ശീഇകള്‍ നടത്തുന്ന വിലാപ കര്‍മ്മങ്ങളെ അആലില്‍ ഇഫാദ എന്ന ഗ്രന്ഥത്തിലൂടെ മതപരമായി നിഷിദ്ധമാണെന്ന് സമര്‍ത്ഥിക്കുന്നു. ശിയാക്കള്‍ അവരുടെ നേതാക്കള്‍ക്കും അവരുടെ ഖബറുകള്‍ക്കും ചെയ്യുന്ന സുജൂദ് ഹറാമാണെന്ന് അസ്സുബദത്തു സ്സക്കിയ്യ എന്ന ഗ്രന്ഥത്തിലൂടെ പ്രാമാണികമായി സമര്‍ത്ഥിക്കുന്നു. എന്നിട്ടും ഇമാം ബറേല്‍വിയെക്കുറിച്ച് പറയുന്നത് നോക്കൂ. സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ആര്‍ജ്ജവത്തോടെ ജീവന്‍ ഉഴിഞ്ഞ് വെച്ച ചരിത്രത്തിലിടം നേടിയ യുഗ പുരുഷന്മാരെ തള്ളിപ്പറയുവാനും അവരെ ഇസ്ലാമിന്റെ അതിര്‍വരമ്പില്‍ നിന്നും പുറത്താക്കുവാനും കുല്‍സിതമായ ശ്രമം നടത്തിയ വ്യക്തിയായാണ്”. (ദേവ്ബന്ദ് പണ്ഡിത ര്‍ പേ:140)
ഇമാമിന്റെ ഭാഗത്തു നിന്നും ഇവര്‍ ഉയര്‍ത്തിക്കാട്ടിയ നവോത്ഥാന നായകര്‍ക്കെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അല്ലാഹുവിലും അവന്റെ തിരു ദൂതരിലും എന്തെങ്കിലും ന്യൂനത ചേര്‍ക്കുമ്പോള്‍ ആ വിശ്വാസിയുടെ/അനുരാഗിയുടെ മനസ്സ് വേദനിക്കുന്നു. തബ്‌ലീഗുകാര്‍ ഉയര്‍ത്തിക്കാട്ടിയ യുഗ പുരുഷന്മാര്‍ അല്ലാഹുവിനെയും റസൂലിനെയും അപമാനിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. അത് അവരുടെ ഗ്രന്ഥങ്ങളില്‍ പരന്ന് കിടക്കുന്നു. അല്ലാഹുവിന് കളവ് പറയാന്‍ കഴിയുമെന്നും അമ്പിയാക്കള്‍ അല്ലാഹുവിന്റെ അടുക്കല്‍ ,ചെരുപ്പ് കുത്തിയേക്കാള്‍ നിന്ദ്യരാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരെയാണോ ചരിത്രം സൃഷ്ടിച്ച യുഗ പുരുഷന്മാര്‍ എന്ന് വിളിക്കേണ്ടത്? ഇത്തരം ആദര്‍ശ വ്യതിയാനം കാണിച്ച് സമൂഹത്തെ വഞ്ചിക്കുന്നവരെ ഇമാം പരസ്യ വിചാരണ നടത്തി. അതൊരു പണ്ഡിത ധര്‍മ്മമല്ലേ?. ഇമാമിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തബ്‌ലീഗ് നേതാവ് അശ്‌റഫലി ഥാനവി പറഞ്ഞത് ഇങ്ങനെയായിരുന്നു. ബറേല്‍വിയുടെ വിശ്വാസ പ്രകാരം കാഫിറായി പോകുന്ന കാര്യങ്ങളാണ് നമ്മളില്‍ നിന്നും ഉണ്ടായത്. അതില്‍ അദ്ദേഹം മൗനം പുലര്‍ത്തിയാല്‍ അദ്ദേഹം തന്നെ കാഫിറാവുകയില്ലെ? (മിനല്‍ അഖ്താബില്‍ ഉമ്മ പേ. 35)
തനിക്ക് ബോധ്യപ്പെട്ട സത്യങ്ങള്‍ ധൈര്യത്തോടെ പറയാനുള്ള നട്ടെല്ലും മഹാനവര്‍കള്‍ കാണിച്ചിരുന്നു. ഇമാം ഉന്നയിച്ച ഓരോ കാര്യവും ഇന്നും അതേപടി പ്രസ്തുത ഗ്രന്ഥങ്ങളില്‍ മായാതെ കിടക്കുന്നുണ്ട്. അവയെ വെള്ളപൂശാനുള്ള വിഫലശ്രമത്തിലാണ് തബ്‌ലീഗുകാര്‍. തങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ കളവുകളും കുപ്രചരണങ്ങളും നടത്തി അഅ്‌ലാ ഹസ്‌റത്തിനെ കരിവാരിത്തേക്കാനും തേജോവധം ചെയ്യാനുമാണ് ഇക്കൂട്ടര്‍ രാപകലില്ലാതെ അധ്വാനിക്കുന്നത്. അദ്ദേഹത്തിന് ഏറ്റവും വെറുപ്പുള്ള വിഭാഗമാണ് ശിയാക്കള്‍. സ്വഹാബത്തിനെ കാഫിറാക്കാനും സച്ചരിതരായ നാലു ഖലീഫമാരെ അവമതിക്കാനും സമയം കണ്ടെത്തിയ ശിയാക്കളോട് സമരസപ്പെടാന്‍ ഇമാമിന് എങ്ങനെ കഴിയും? എന്നിട്ടും തബ്‌ലീഗുകാര്‍ എഴുതിയത് കാണുക.
ഇന്ത്യാ രാജ്യത്തെ ഇസ്‌ലാമിക ശിഥിലീകരണ യൂദാസുകളായിരുന്നു ശിയാക്കളും റാഫിളികളുമടങ്ങുന്ന ബറേല്‍വിയിസം (48) സമഗ്രമായി ഇവരെ വിലയിരുത്തുമ്പോള്‍ ഇവരുടെ വിശ്വാസങ്ങള്‍ അതിര്‍ ലംഘനത്തിന്റെ അപോസ്തലന്മാരായ ശിയാക്കളുടെ വിശ്വാസം കടം കൊണ്ടതാണെന്ന് നിസ്സംശയം മനസ്സിലാക്കാം (ദേവ്ബന്ദ് പണ്ഡിതര്‍ 152)
മഹാനായ ഇമാം ബറേല്‍വിയും അദ്ദേഹം സമൂഹത്തിന് സമര്‍പ്പിച്ച ആശയവും ശീഈസമാണെന്ന് ഇവര്‍ ജല്‍പ്പിക്കുന്നത് ശീഈസത്തിന്റെ വാദങ്ങള്‍ നാം ഏറ്റു പിടിച്ചത് കൊണ്ടല്ല മറിച്ച് സുന്നികള്‍/ബറേല്‍വികള്‍ ചെയ്യുന്ന ഇസ്തിഗാസയും തവസ്സുലും ശീഇകളും നടത്തുന്നത് കൊണ്ടാണ്. ഇതെത്രമാത്രം മണ്ടത്തരമാണെന്ന് ചിന്തിച്ച് നോക്കൂ. എന്നാല്‍ അഅ്‌ലാ ഹസ്‌റത്താവട്ടെ ശിയാക്കളുടെയും റാഫിളത്തിന്റെയും അബദ്ധ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് 20 ല്‍ അധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് 1. അര്‍റദ്ദു റാഫിള, 2. അആലില്‍ ഇഫാദ 3. ഗായതുത്തഹ്ഖീഖ് 4. അല്‍കലാമുല്‍ ബഹീ 5. ഇഅ്തിഖാദുല്‍ അഹ്ബാബ് 6. വജ്ഹുല്‍ മശൂഖ് 7. ജംഉല്‍ ഖുര്‍ആന്‍ 8. മത്‌ലഉല്‍ ഖമറൈന്‍ 9. അല്‍ ബുശ്‌റല്‍ ആജില 10. അസ്സലാസിലുല്‍ അന്‍ഖാ 11. അഅ്‌ലാമു സ്സ്വഹാബ 12. അര്‍ശുല്‍ ഇഅ്‌സാസി വല്‍ ഇക്‌റാം 13. ദബ്ബുല്‍ അഹവാത്ത് 14. അല്‍ അഹാദീസുര്‍രിവായ 15. അല്‍ ദുര്‍ഹുല്‍ വാലിജ് 16. അസ്സിംസാമുല്‍ ഹൈദരീ 17. അര്‍റാഇഹത്തുല്‍ അന്‍ബരിയ്യ 18. ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ 19. ശര്‍ഹുല്‍ മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ് 20.അല്‍ അദില്ലതി ത്വാഇന ഫീ അദാഇല്‍ മലാഇന എന്നീ ഗ്രന്ഥങ്ങള്‍ ശീഈസത്തിന്റെ അടിവേരറുക്കുന്നതാണ്.
ശീഈസത്തെ ഖണ്ഡിക്കാന്‍ വേണ്ടി മാത്രം ഇത്രയധികം ഗ്രന്ഥങ്ങള്‍ രചിച്ച മഹാനായ അഅ്‌ലാ ഹസ്‌റത്തിനെ ശഈസത്തിന്റെ ആലയില്‍ കെട്ടിയിടുന്നത് സാമാന്യ ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ പോലും ശരിയല്ലെന്ന് കിട്ടുന്നു. എന്നിട്ടും തബ്‌ലീഗുകാര്‍ ഇത് ആവര്‍ത്തിക്കുന്നത് തികഞ്ഞ വഞ്ചനയല്ലേ.
ബ്രിട്ടീഷ് ചാരന്മാര്‍
മുസ്‌ലിം സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ ആനന്ദം കണ്ടെത്തി. ആഗോള തലത്തില്‍ അവര്‍ വഹാബിസം നട്ടു വളര്‍ത്തുകയും മുസ്ലിംകളിലെ ഐക്യ ബോധം നഷ്ടപ്പെടുത്തുകയും ചെയ്തു. അതിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃ പരമായ പങ്ക് വഹിച്ച തബ്‌ലീഗ് നേതാക്കള്‍ അഹ്‌ലു സുന്നയുടെ പണ്ഡിതര്‍ക്ക് നേരെ പ്രസ്തുത ആരോപണം ഉന്നയിച്ച് നല്ല പിള്ള ചമയാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ആത്മീയതയുടെ സത്യ പാത തെളിയിച്ച് കൊടുത്ത ഇമാം റസാഖാന്‍ ബറേല്‍വി(ന:മ) അല്ലാമ അഹ്മദ് കോയ ശാലിയാത്തിയേയും ബ്രിട്ടീഷുകാരുടെ ഏജന്റാക്കി അവതരിപ്പിക്കുന്നത് കാണുക.
അല്ലാഹുവിന്റെ ദീനിന്റെ സംരക്ഷകരും സൂക്ഷിപ്പുകാരുമായിരുന്ന ദേവ് ബന്ദീ പണ്ഡിത മഹത്തുക്കള്‍ക്കെതിരെയും അപവാദങ്ങളും ആരോപണങ്ങളും പ്രചരിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ പങ്ക് പറ്റിയവരും ഉമ്മത്തിനെ വിറ്റു തിന്നുന്നവരും അതിന് നേതൃത്വം നല്‍കി.(ദേവ് ബന്ദ് പണ്ഡിതര്‍10) വീണ്ടും വായിക്കുക
കടല്‍ താണ്ടി ഇന്ത്യയില്‍ കച്ചവട വേഷം കെട്ടി കപ്പലിറങ്ങി ചതിയിലൂടെ രാജ്യ ഭരണം കയ്യടക്കി ഇന്ത്യാ മഹാരാജ്യത്തെയും മഹത്തായ ജനതയേയും അടിമകളാക്കിയും മതം മാറ്റിയും രാജ്യത്തെ കൊള്ളയടിച്ചും മുന്നേറിയ വെള്ളക്കാരായ നസ്രാണി കൂട്ടത്തെ ഈ മണ്ണില്‍ നിന്ന് തുരത്താന്‍ കഫന്‍ തുണി തലപ്പാവാക്കി രംഗത്ത് കുതിച്ചെത്തിയവരും ദേവ് ബന്ദീ ഉലമാക്കള്‍ തന്നെയായിരുന്നു. ഖാദിയാനികളും ബറേല്‍വികളും നസ്രാണികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപറ്റി ഓശാന പാടിയും ശിങ്കിടിപ്പണി ചെയ്തും ഇസ്‌ലാമിനേയും രാജ്യത്തേയും ഒറ്റു കൊടുക്കുകയായിരുന്നു.(ദേവ്ബന്ദ് പണ്ഡിതര്‍ പേ. 97)
ആരോപണം അവസാനിപ്പിക്കുകയല്ല തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അല്ലാമാ ശാലിയാത്തിയെ പറ്റി പറയുന്നത് നോക്കൂ…എന്നാല്‍ ഹൈദരാബാദ് രാജാവായിരുന്ന നൈസാം ബ്രിട്ടീഷ് അനുകൂല നിലപാടുകാരനായിരുന്നു. അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ ശിഷ്യനായ അഹ്മദ് കോയ ശാലിയാത്തി നൈസാമിന്റെ ഗ്രാന്റ് മുഫ്തിയായിരുന്നു. അയള്‍ക്ക് 100 രൂപ ഗ്രാന്റ് ലഭിച്ചിരുന്നു. അന്നത് ഭീമന്‍ തുകയാണ്. അയാളുടെ ഫത്‌വകള്‍ ബ്രിട്ടീഷ് അനുകൂല ഫത്‌വകളായിരുന്നു. അതുകൊണ്ടു തന്നെ ബ്രീട്ടീഷ് വിരുദ്ധ പണ്ഡിത നിരയെ അയാള്‍ പിഴച്ചവരെന്നും കാഫിര്‍ എന്നും ഫത്‌വ കൊടുത്തു. (ദേവ്ബന്ദ് പണ്ഡിതര്‍ പേ. 308)
ആത്മീയതയുടെ പുറം ചട്ടയണിഞ്ഞ് ജനങ്ങളെ വഞ്ചിതരാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ത്ത പണ്ഡിതന്മാരായിരുന്നുവല്ലോ അഹ്മദ് റസാഖാനും അവിടുത്തെ പ്രിയ ശിഷ്യന്‍ അഹ്മദ് കോയ ശാലിയാത്തിയും. അത് കൊണ്ട് അവരെ വ്യക്തിപരമായി തേജോവധം ചെയ്യുവാനാണ് ഇവര്‍ ശ്രമിച്ചത്. .ഈ ആരോപണങ്ങളില്‍ ശാലിയാത്തി നൈസാമിന്റെ ഗ്രാന്റ് മുഫ്തിയാണെന്നത് വളരെ ശരിയാണ്. അതിനപ്പുറം ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ കാഫിറാണെന്ന് ഫത്‌വ നല്‍കി എന്നത് തെളിയിക്കാന്‍ നട്ടെല്ലുള്ളവരുണ്ടോ…
ഇനി ആരെല്ലാമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന് സ്തുദി പാടിയതെന്നും അവരോട് യുദ്ധം ചെയ്യരുതെന്ന് ആഹ്വാനം ചെയ്തതെന്നും ചരിത്ര രേഖകളിലൂടെ നമുക്കൊന്ന് പര്യടനം നടത്താം. ദയൂബന്ദീ എഴുത്തുകാരന്‍ ആഷിഖ് ഇലാഹീ എഴുതുന്നു. റശീദ് അഹ്മദ് ഗംഗോഹി പറഞ്ഞു മൗലവി അബുല്‍ ഹയ്യ്,മൗലവി ഇസ്മാഈല്‍ ദഹ്‌ലവി,മൗലവി മുഹമ്മദ് ഹുസൈന്‍ റാം ഫൂരി ഇവരെല്ലാം അഹ്മദ് ബിന്‍ ഇര്‍ഫാന്‍ ബറേലവിയുടെ കൂടെ യുദ്ധത്തില്‍ സംബന്ധിക്കുന്നവരായിരുന്നു. അവര്‍ ആദ്യമായി യുദ്ധം ചെയ്തത് യാഗിസ്താനിലെ യാര്‍ മുഹമ്മദ് ഖാനോടായിരുന്നു(തദ്കിറതു റശീദ് പേ. 27, ഉദ്ധരണം മിര്‍ആതുന്നജ്ദിയ്യ പേ. 55) മുസ്ലിംകള്‍ക്കെതിരെയായിരുന്നു അഹ്മദ് ബിന്‍ ഇര്‍ഫാന്റെ യുദ്ധമെന്ന് ദയൂബന്ദികള്‍ മുജദ്ദിദായി പരിചയപ്പെടുത്തുന്ന റശീദ് അഹ്മദ് ഗംഗോഹി പറഞ്ഞത്.
മിര്‍സാ ഹൈറത്ത് ദഹ്‌ലവി പറയുന്നത് നോക്കു. പഞ്ചാബിലുള്ള സിഖുകാരോട് യുദ്ധം നടത്തുന്നതില്‍ പ്രോല്‍സാഹനവും ആവേശവും പകര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്ന ഇസ്മാഈല്‍ ദഹ്‌ലവിയോട് സദസ്സില്‍ നിന്നും ഒരാള്‍ ചോദിച്ചു. നാമെന്താണ് ഇംഗ്ലീഷുകാര്‍കെതിരില്‍ സമരം നയിക്കാത്തത്? അപ്പോള്‍ ഇസ്മാഈല്‍ ദഹ്‌ലവി പറഞ്ഞു. അവര്‍ക്കെതിരില്‍ ഒരിക്കലും നമുക്ക് യുദ്ധം നിര്‍ബന്ധമാവുന്നില്ല. കാരണം നമ്മള്‍ അവരുടെ പ്രജകളാണ.് മതപരമായ നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഒരു നിലയിലും അവര്‍ തടസ്സം നില്‍ക്കുന്നവരല്ല. അവരുടെ രാജ്യത്ത് നമുക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട് (ഹയാത്തു ത്വയ്യിബ പേ. 296, ഉദ്ധരണം മിര്‍ആതുന്നജ്ദിയ്യ പേ. 57) അധിനിവേശ ശക്തികള്‍ക്കെതിരില്‍ യുദ്ധം ചെയ്യല്‍ നമുക്ക് നിര്‍ബന്ധമില്ലെന്ന് അണികളോട് അടക്കം പറഞ്ഞത് ഇസ്മാഈല്‍ ദഹ്‌ലവി ആണെന്ന് ചരിത്രം നമ്മോട് വിളിച്ചു പറയുന്നു. മറ്റൊരു ചരിത്രകാരനായ മുഹമ്മദ് താന്‍സോരി എഴുതുന്നു. സയ്യിദ് അഹ്മദ് ഇര്‍ഫാന്‍ ഒരിക്കലും ഇംഗ്ലീഷ് ഗവണ്‍മെന്റിനെതിരില്‍ യുദ്ധം ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടില്ല. മാത്രമല്ല അദ്ദേഹം ഇംഗ്ലീഷ് അധീനതയിലുള്ള ഈ രാജ്യത്തെ സ്വതന്ത്ര്യ രാജ്യമായിട്ടാണ് കണ്ടിരുന്നത്. സയ്യിദ് അഹ്മദ് ഇര്‍ഫാനെതിരെ അന്നത്തെ ഗവണ്‍മെന്റ് തിരിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് ഗവണ്‍മെന്റില്‍ നിന്നും ഒരു സഹായം ലഭിക്കുകയോ യുദ്ധത്തില്‍ മുന്നേറാന്‍ സാധിക്കുകയോ ചെയ്യുമായിരുന്നില്ല എന്നകാര്യം തീര്‍ച്ചയാണ്. അതോടൊപ്പം സിഖുകാരുടെ ശക്തി ക്ഷയിപ്പിക്കല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും ലക്ഷ്യമായിരുന്നു.(താരീഖു അജീബപേ. 184 ഉദ്ധരണം മിര്‍ആതുന്നജ്ദിയ്യ പേ. 57)
ഈ വരികള്‍ അഹ്മദ് ബിന്‍ ഇര്‍ഫാനും അധിനിവേശ ശക്തികളും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നെന്ന് വളരെ വ്യക്തമാക്കിത്തരുന്നില്ലെ. ഇംഗ്ലീഷുകാരും അഹ്മദ് ബിന്‍ ഇര്‍ഫാനും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന മറ്റൊരു സംഭവം അബുല്‍ ഹസന്‍അലി നദ്‌വി ഉദ്ദരിക്കുന്നത് കാണുക. അഹ്മദ് ബിന്‍ ഇര്‍ഫാനും സംഘവും യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ഫ്രഞ്ചുകാരന്‍ ഭക്ഷണ ചുമടുമായി വന്ന് അഹ്മദ് ബിന്‍ ഇര്‍ഫാനെ അന്വേഷിച്ചു. ഞാനിതാ ഇവിടെ എന്നു പറഞ്ഞ് അഹ്മദ് അദ്ദേഹത്തെ എതിരേറ്റു. ഫ്രഞ്ചുകാരന്‍ കുതിരപ്പുറത്തുനിന്നും ഇറങ്ങി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഫ്രഞ്ചുകാരന്‍ പറഞ്ഞു. മൂന്ന് ദിവസമായി ഞാനും എന്റെ സേവകരും അങ്ങയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് അവര്‍ എന്നോട് പറഞ്ഞു. സയ്യിദും സംഘവും ഇന്ന് നിങ്ങളുടെ വീട്ടിനു മുന്നിലെത്തും. ഈ വിവരം ഞാന്‍ കേട്ടപ്പോള്‍ വൈകുന്നേരം വരെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു. അഹ്മദ്ബിനു ഇര്‍ഫാന്‍ ഭക്ഷണം പാത്രത്തിലാക്കാന്‍ആവശ്യപ്പെടുകയും യാത്രാ സംഘത്തിന് വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. (സീറത്തു സയ്യിദ് അഹ്മദ് 1/190, ഉദ്ധരണം മിര്‍ആതുന്നജ്ദിയ്യ പേ. 56)
ഇന്ത്യയിലെ അധിനിവേശ ശക്തികള്‍ക്ക് അഹ്മദ്ബിന്‍ ഇര്‍ഫാന്‍, ഇസ്മാഈല്‍ ദഹ്‌ലവി എന്നിവരോടുണ്ടാ യിരുന്ന സ്‌നേഹ ബന്ധത്തിന്റെ ആഴം അബുല്‍ഹസന്‍ അലി നദ്‌വിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാന്റ് മുഫ്തിയായതിന് 100 രൂപ ശാലിയാതി മാസശമ്പളം പറ്റിയതിനെ വിമര്‍ശിക്കുന്നവര്‍ ശിബിലി നുഅ്മാനി നദ്‌വിയുടെ വാക്കുകള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.
നദ്‌വതുല്‍ ഉലമയുടെ തറക്കല്ലിടല്‍ കര്‍മ്മത്തിന് കാര്‍മ്മികത്വം വഹിച്ചത് ബ്രിട്ടീഷുകാരനായ ഭരണാധികാരിയായിരുന്നു. മുസ്‌ലിമല്ലാത്ത ഒരാളെ കൊണ്ട് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത് ആദ്യമായിട്ടായിരുന്നു. നാനാജാതി ജനങ്ങളെ അവിടെ ഒരുമിച്ചുകൂട്ടുവാനും സാധിച്ചു. അതോടൊപ്പം എല്ലാമാസവും ബ്രിട്ടീഷ് ഭരണാധികാരിയില്‍ നിന്ന് 500 രൂപ സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുകയും ചെയ്തിരുന്നു. (ശിബിലി നാമ: പേ. 140, ഉദ്ധരണം മിര്‍ആതുന്നജ്ദിയ്യ പേ. 59)
റശീദ് അഹമ്മദ് ഗംഗോഹി പറയുന്നു. ജനങ്ങള്‍ വളരെ സുരക്ഷിതത്വമുള്ള ഭരണത്തില്‍ കീഴിലായിരുന്നു. പക്ഷെ; അവര്‍ കാരുണ്യത്തിനുടമയായ ഗവണ്‍മെന്റിനെതിരെ ആക്രമത്തില്‍ പതാക ഉയര്‍ത്തി (തദ്കിറതുറശീദ്1/73, ഉദ്ധരണം മിര്‍ആതുന്നജ്ദിയ്യ പേ. 59) കല്‍ക്കത്തയിലെ ജംഇയ്യത്തുല്‍ ഇസ്ലാമിന്റെ നേതാവായ ശബീര്‍ അഹ്മ്മദ് ദയൂബന്ദി പറഞ്ഞു. നമ്മുടെ നേതാവായ അശ്‌റഫലി താനവി ഇംഗ്ലീഷ് ഗവണ്‍മെന്റില്‍ നിന്നും ഓരോ മാസവും അറുനൂറുരൂപ കൈപറ്റാറുണ്ടായിരുന്നു. (മുകാലമതുസ്വദ്‌റൈന്‍, ഉദ്ധരണം മിര്‍ആതുന്നജ്ദിയ്യ പേ. 50) ഇങ്ങനെ എത്ര കൊള്ളക്കൊടുക്കലുകള്‍ തബ്‌ലീഗ് ജമാഅത്തിന്റെ അപ്പോസ്തലന്മാര്‍ ചെയ്തത് വിവരിക്കാനുണ്ട്. ചരിത്രത്തില്‍ അത് രേഖപ്പെട്ട് കിടക്കുകയാണ്. മാത്രമല്ല ഇസ്മാഈല്‍ ദഹ്‌ലവിയുടെ തഖ്‌വിയത്തുല്‍ ഈമാനിന് മറുപടി എഴുതിയ ശൈഖ് ഫള്‌ലുല്‍ ഹഖ് ഖൈറബാദി (ന:മ)യെ അന്തമാനിലേക്ക് ബ്രിട്ടീഷുകാരെ കൊണ്ട് നാടുകടത്തിയതിനുപിന്നില്‍ ഇസ്മാഈല്‍ ദഹ്‌ലവിയുടെയും അനുയായികളുടെയും കറുത്ത കരങ്ങളാണെന്ന് ലോകത്തിന് വ്യക്തമാണ്.
മുസ്ലിം ജനമനസ്സുകളില്‍ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശ ധീരരായ പണ്ഡിത നേതാക്കളെ സംബന്ധിച്ച് വിധ്വേഷത്തിന്റെ വിത്ത് മുളപ്പിക്കാന്‍ ഇത്തരം ബാലിശമായ വാദങ്ങള്‍ ചരിത്രത്തിന്റെ പിന്‍ബലമില്ലാതെ എഴുന്നെള്ളിച്ചത് തബ്‌ലീഗുകാര്‍ക്ക് ചേര്‍ന്നാലും മനുഷ്യപ്പറ്റുള്ളവരോട് ചേര്‍ന്നതല്ല.
തവസ്സുല്‍ – ഇസ്തിഗാസ:
തബ്‌ലീഗിന്റെ നിലപാട്?
ജീവിത വിജയം എന്നത് വിശ്വാസിയെ സംബന്ധിച്ചേടത്തോളം കേവല ഭൗതിക വിജയമല്ല. പാരത്രിക വിജയമാണ്. അതിന് സ്വീകരിക്കാവുന്ന വഴികളൊക്കെയും അവര്‍ സ്വീകരിക്കണം. ജീവിതം അല്ലാഹുവിനായി സമര്‍പ്പിച്ച ത്യാഗികളായ പണ്ഡിത മഹത്തുക്കളെ സ്‌നേഹിക്കുന്നതും ആദരിക്കുന്നതും അതിന്റെ ഭാഗമാണ്. പരലോക വിശ്വാസമില്ലാത്തവര്‍ക്ക് അതിലൊന്നും വലിയ കാര്യമുണ്ടെന്ന് തോന്നണമെന്നില്ല. ഈമാന്‍ കുറഞ്ഞവര്‍ക്ക് രക്ഷപ്പെടാനുള്ള ഏക വഴി മഹത്തുക്കളെ സ്‌നേഹിക്കലും ആദരിക്കലുമാണ്. ഒരിക്കല്‍ തിരു നബി(സ)യുടെ സവിധത്തില്‍വന്ന് ഒരു സ്വാഹാബി ചോദിച്ചു. എന്നാണ് ലോകാവസാനം? അവിടന്ന് തിരിച്ച് ചോദിച്ചു. താങ്കളെന്താണ് അതിനു തയ്യാറാക്കീയിട്ടുള്ളത്? സ്വഹാബി പറഞ്ഞു. ഒന്നുമില്ല; അവിടത്തോട് അതിരറ്റ സ്‌നേഹമുണ്ട്. എങ്കില്‍ നാളെ പാരത്രിക ലോകത്തും താങ്കള്‍ സ്‌നേഹിക്കുന്നവരോടൊപ്പമായിരിക്കുമെന്ന് തിരുനബി പ്രതികരിച്ചു.(സ്വഹീഹുല്‍ ബുഖാരി)
വിശ്വാസികള്‍ക്ക് ഈ ഹദീസില്‍ വലിയൊരു പാഠമുണ്ട്. സ്വര്‍ഗ്ഗത്തില്‍ പോകുന്നവരെ സ്‌നേഹിക്കുക. ആ സ്‌നേഹ പ്രകടമാണ് തവസ്സുലും ഇസ്തിഗാസയും. പക്ഷെ; മുജാഹിദും ജമാഅത്തും തബ്‌ലീഗും ഇത് ചെയ്യില്ലെന്ന് മാത്രമല്ല. ഇപ്രകാരം ചെയ്യുന്നവര്‍ക്ക് മുശ്‌രിക്ക് സര്‍ട്ടിഫിക്കറ്റ് ഉടനടി കൊടുക്കുകയും ചെയ്യും. മുജാഹിദുകാരന്റെ അല്ലാഹുവിന്റെ ഔലിയാക്കള്‍, ജമാഅത്തുകാരന്റെ പരലോകം ഖുര്‍ആനില്‍ എന്നീ പുസ്തകങ്ങളിലും മറ്റും ഈ ശുദ്ധ അസംബന്ധം എഴുതിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ വശീകരിക്കാവുന്ന വേഷം സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കാനിറങ്ങിയ തബ്‌ലീഗുകാരനും ഇതുപറയുന്നുണ്ട്. പണ്ടേ അത് ഉര്‍ദുവില്‍ പറഞ്ഞിരുന്നു. പക്ഷെ മലയാളത്തില്‍ പറയില്ലായിരുന്നു. അവസാനം അത് മലയാളത്തിലും പറയാന്‍ തുടങ്ങി. അവര്‍ എഴുതി. അല്ലാഹുവിനോട് മാത്രം ചോദിക്കല്‍ ഇസ്‌ലാം നമ്മെ പഠിപ്പിക്കുമ്പോള്‍ ഔലിയാക്കളോട് നിരുപാധികം സഹായം തേടാമെന്ന സങ്കീര്‍ണ്ണവും അപകടപരവുമായ വിശ്വാസമാണ് ഇവര്‍ക്കുള്ളത്. അല്‍അംനു വല്‍ഉലാ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം(അഹ്മദ് റസാഖാന്‍ ബറേല്‍വി(റ) ) എഴുതുന്നു. നിശ്ചയം! അല്ലാഹുവിന് ചില അടിമകളുണ്ട്. ജനങ്ങളുടെ ആവശ്യ പൂര്‍ത്തീകരണത്തിന് അവന്‍ അവരെ തെരെഞ്ഞെടുത്തിരിക്കുന്നു. ജനങ്ങള്‍ സഹായത്തിനു വേണ്ടി അവരെ സമീപിക്കണം. റസൂല്‍(സ)ആപത്തുകളെ തടുക്കുന്നവരും സഹായം നല്‍കുന്നവരുമാകുന്നു. പേ 13
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പേരില്‍ ഇവര്‍ചുമത്തുന്ന അപരാധത്തിന്റെ വലിപ്പം കാണുക. അദ്ദേഹം പറയുന്നതായി ഇവര്‍ എഴുതി വിടുന്നു. ആരെങ്കിലും ആപത്ത് സമയത്ത് എന്നോട് ഇസ്തിഗാസ ചെയ്താല്‍ ആ വിപത്തില്‍ നിന്നും നാം അവനൊരു തുറസ്സായ കവാടം തുറന്ന് കൊടുക്കും. ഒരു വലിയ വിഷമത്തില്‍ എന്നെ വിളിച്ചാല്‍ അതില്‍ നിന്നും അവനു ഞാന്‍ മുക്തി നല്‍കും. ഒരാവശ്യത്തിന് അല്ലാഹുവിലേക്ക് എന്നെ മുന്‍നിറുത്തി ഇടതേടിയാല്‍ ആ ആവശ്യം ഞാന്‍ നിറവേറ്റിക്കൊടുക്കും… ഇവരുടെ വ്യക്തമായ വിശ്വാസമാണ് മുകളിലെ വരികളിലൂടെ പ്രതിഫലിച്ചിരിക്കുന്നത്. ഖുര്‍ആനും ഹദീസും അല്ലാഹുവിനോടല്ലാതെ മറ്റാരോടും പ്രാര്‍ത്ഥിക്കരുതെന്നും ഇബാദത്തുകള്‍ അവനു മാത്രമേ അര്‍പ്പിക്കാവൂ എന്നും വളരെ സുന്ദരമായി നമ്മെ പഠിപ്പിക്കുമ്പോള്‍ ഇതിന് കടക വിരുദ്ധമായ വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തി ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇവരാണ് അഹ്‌ലുസ്സുന്നത്തിന്റെ ആളുകളാണെന്ന് സ്വയം അഭിമാനിക്കുന്നത്……(ദേവ്ബബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ പേ: 153,154)
അല്ലാഹുവിനോട് മാത്രമെ പ്രാര്‍ത്ഥിക്കാവൂ… അവന് മാത്രമെ ആരാധിക്കാവൂ എന്നും അതിന് വിരുദ്ധമായി അല്ലാഹു അല്ലാത്തതിനെ ആരാധിച്ചാലും പ്രാര്‍ത്ഥിച്ചാലും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണ് എന്നും വിശ്വസിക്കുന്നവരാണ് അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ ആളുകള്‍, പക്ഷെ ഇതിനെ തള്ളിക്കളഞ്ഞുവെന്നാണ് ദേവബന്ദുകാരന്റെ ജല്‍പനം.
കൂടാതെ മഹാനായ ഗൗസുല്‍ അഅ്‌ളമിന്റെ പ്രഖ്യാപനങ്ങളും കവിതകളും അവിടുത്തെ മകന്റെ ഫുതൂഹുല്‍ ഗൈബിലും അതിന്റെ തക്മിലയിലും ഉള്‍കൊള്ളിച്ചിട്ടുണ്ട്. അതിലുള്ള ഒരു കവിതയിലെ വരികള്‍ കാണുക.
മുരീദീലകല്‍ ബുശ്‌റാ തകൂനു അലല്‍ വഫാ
ഇദാകുന്‍ത ഫീളൈഖിന്‍ ഫതന്‍ജൂ ബിഹിമ്മതീ
മുരീദി തമസ്സക്ബീ വകുന്‍ ബിയാ വാസിഖാ
ഫഅഹ്മീക ഫിദ്ദുന്‍യാ വയൗമല്‍ ഖിയാമതീ
(ഫുതൂഹുല്‍ ഖൈബ് 234)
എന്റെ മുരീദേ… നിനക്ക് സര്‍വ്വ മംഗളങ്ങളും…നീ കരാറുകള്‍ പൂര്‍ത്തിയാക്കിയവനാവുക… നീ പ്രതിസന്ധിഘട്ടത്തിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോള്‍ എന്റെ ഹിമ്മത്ത് കൊണ്ട് നിനക്ക് രക്ഷ ലഭിക്കും മുരീദേ… നീ എന്നെ മുറുകെ പിടിക്കണം. ദുന്‍യാവിലും ആഖിറത്തിലും നിന്റെ സഹായി ഞാനാണ് (ഫുതൂഹുല്‍ ഖൈബ് 234)
മുഹ്‌യിദ്ദീന്‍ ശൈഖ് പറഞ്ഞതായി ബഹ്ജത്തുല്‍ അസ്‌റാറില്‍ ഉദ്ധരിക്കുന്നത് കാണുക. ആരെങ്കിലും പ്രതിസന്ധിഘട്ടത്തില്‍ എന്നോട് സഹായം തേടിയാല്‍ ഞാനത് നിറവേറ്റിക്കൊടുക്കും. പ്രയാസമുണ്ടാകുമ്പോള്‍ എന്റെ നാമം വിളിച്ചാല്‍ ഞാന്‍ രക്ഷപ്പെടുത്തും. എന്നെ മദ്ധ്യവര്‍ത്തിയാക്കി(തവസ്സുല്‍)അല്ലാഹുവിനോട് ചോദിച്ചാല്‍ ആവശ്യം നിറവേറ്റപ്പെടും….(ബഹ്ജത്തുല്‍ അസ്‌റാര്‍ പേ;102) ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ ശൈഖ്(റ) തന്റെ മുരീദുമാര്‍ക്ക് സന്തോഷം പകര്‍ന്നത് നിന്റെ എല്ലാ മേഖലയിലും സഹായി ഞാനാണെന്ന് പറഞ്ഞ് കൊണ്ടാണ്. അതിലൊരു ശിര്‍ക്കിന്റെ ലാഞ്ചനയും മഹാനവറുകള്‍ കണ്ടില്ല. അവരുടെ മകനും കണ്ടില്ല!!! പിന്നെ ദേവബന്ദിലേയും കേരളത്തിലേയും ചിലര്‍ ഇത്തരം വരികളില്‍ ശിര്‍ക്ക് കണ്ടെത്തിയെങ്കില്‍ അത് തിരസ്‌കരിക്കാനെ ബുദ്ധിയുള്ളവര്‍ക്കാവൂ…
ഈ വരികളില്‍ മറ്റൊരു അപരാധം കൂടെ കടന്ന്‌വരുന്നുണ്ട്. നിരുപാധികം ഔലിയാക്കളോട് സഹായം തേടാമെന്ന അപകടകരമായ വാദം നമ്മുടെ മേല്‍ വെച്ച് കെട്ടുന്നുണ്ട്. സുന്നികള്‍ക്ക് അത്തരം ഒരു വാദം തന്നെയില്ല. മറിച്ച് മുഅ്ജിസത്ത്, കറാമത്തിന്റെ അടിസ്ഥാനത്തിലുള്ള സഹായതേട്ടത്തെ മാത്രമെ അനുവദിക്കുന്നുള്ളൂ. ദൈവമാണെന്നോ അവതാരമാണെന്നോ സങ്കല്‍പ്പിച്ച് ആരെങ്കിലും സഹായം ചോദിച്ചാല്‍ അത് തനി ശിര്‍ക്ക് തന്നെയാണ്. ഇതാണ് സുന്നി വിശ്വാസമെങ്കില്‍ പിന്നെയുമെന്തിന് ഈ അപകടകരമായ വാദം സുന്നികളുടെ മേല്‍ വെച്ച്‌കെട്ടണം?
അതേ പുസ്തകത്തില്‍ തുടര്‍ന്ന് വായിക്കൂ……
അല്ലാഹുവിന്റെ അടുത്ത ദാസന്മാര്‍ക്ക് അല്ലാഹുവിന്റെ സ്ഥാനം കൊടുക്കുകയും ആവശ്യങ്ങള്‍ അവരോട് ചോദിക്കുകയും കഷ്ടപ്പാടുകള്‍ ദൂരീകരിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്ന സമ്പ്രദായം. അങ്ങിനെ അവരെ തൃപ്തിപ്പെടുത്താന്‍ അവരുടെ ഖബറുകളില്‍ സുജൂദും അവര്‍ക്ക് വേണ്ടിയുള്ള നേര്‍ച്ചവഴിപാടുകളും അനുസ്യൂതം തുടരുന്നു. ദീനീവിജ്ഞാന പാഠങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാതിരുന്ന ഒരു സമുദായം മഹാന്മാരോടുള്ള സ്‌നേഹത്തെ ആരാധനയായി പ്രകടിപ്പിച്ചു തുടങ്ങി. അവസാനം ഇത് പച്ചയായ ശിര്‍ക്കില്‍ കൊണ്ടെത്തിച്ചു (ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ പേ: 143)
മഹത്തുക്കളുടെ ഖബറിങ്കല്‍ നിസ്‌കാരം, സുജൂദ്, ത്വവാഫ് പോലോത്ത കര്‍മ്മങ്ങള്‍ അനുവദനീയമല്ല. അത്‌കൊണ്ട് മഹത്തുക്കളുടെ ഖബറിങ്കല്‍ നടത്തപ്പെടുന്ന സകലകര്‍മ്മങ്ങളും തെറ്റാണെന്ന കണ്ടുപിടുത്തം മഹാ അസംബന്ധമാണ്. മഹാന്‍മാരെ തവസ്സുലാക്കുന്നതും അവരോട് സഹായം തേടുന്നതും മഖ്ബറകള്‍ സിയാറത്ത് ചെയ്യുന്നതും എല്ലാം ശിര്‍ക്കിലേക്ക് ചേര്‍ത്തെഴുതുകയാണ് ഇവിടെ തബ്‌ലീഗുകാര്‍ ചെയ്യുന്നത്. ഖബറിന് സുജൂദ് ചെയ്യുന്നതുള്‍പ്പടെയുള്ള ദുരാചാരങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്. അതില്‍ ആര്‍ക്കും സംശയമില്ല. ലോകത്തിലെ മുഴുവന്‍ സാത്വികരും നിര്‍വ്വഹിച്ച് പോന്ന തവസ്സുല്‍ ഇസ്തിഗാസ തുടങ്ങിയ പുണ്യകര്‍മ്മങ്ങളെ ശിയാഇസത്തിന്റെ ആലയില്‍ കെട്ടുന്നതാണ് ഇനി നാം കാണാന്‍ പോകുന്നത്.
ഇസ്തിഗാസയും തവസ്സുലും
ശീഈ വിശ്വാസമോ?
തവസ്സുലിനെയും ഇസ്തിഗാസയെയും മറ്റുനവീന വാദികളെപ്പൊലെ ശിര്‍ക്കാണെന്ന് പ്രചരിപ്പിക്കുന്നവരാണ് തബ്‌ലീഗുകാര്‍. അതിന്റെ സത്യാവസ്ഥ നാം മനസ്സിലാക്കിക്കഴിഞ്ഞു. ഈ പുണ്യകര്‍മ്മങ്ങളുടെ ഉപജ്ഞാതാക്കള്‍ ശിയാക്കളാണെന്നും അത് സുന്നി സമൂഹത്തിലേക്ക് കയറിക്കൂടിയതുമാണെന്നുമുള്ള പുതിയൊരു വെളിപാടും പ്രസ്തുത കൃതിയില്‍ കാണാം. അതിപ്രകാരം വായിക്കാം.
മഹാന്‍മാരെ മദ്ധ്യവര്‍ത്തികളാക്കി പ്രാര്‍ത്ഥിച്ചാലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന മൂഢവിശ്വാസം സുന്നി ബഹുജനങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ ശിയാക്കള്‍ എത്രമാത്രം വിജയിച്ചു എന്ന് ആലോചിക്കുക. സുന്നി അഖീദ ഗ്രന്ഥങ്ങളില്ലൊന്നും ഇങ്ങനെ ഒരാദര്‍ശം പഠിപ്പിക്കുന്നില്ല. പിന്നെ എങ്ങനെയാണത് അവരുടെ മുഖ്യചര്‍ച്ചാ വിഷയമായത്? പുണ്യം തേടി മാഹാന്‍മാരുടെ ഖബര്‍ സന്ദര്‍ശിക്കുന്ന പരിപാടിയും ശിയാ സമ്പ്രദായമത്രെ…. മുസ്ലിംകള്‍ക്ക് നമസ്‌കരിക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കാനും ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കാനും ഒരു ഖിബ്‌ലയാണുള്ളത്. പുണ്യം തേടി യാത്ര പോകാന്‍ മറ്റു രണ്ടു മസ്ജിദുകളും. എന്നാല്‍ ശിയാക്കള്‍ക്ക് ധാരാളം മഖാമുകളും മശ്ഹദുകളും മസാറുകളുമുണ്ട്. പുണ്യം തേടി അവര്‍ അവിടെയെല്ലാം കറങ്ങി നടക്കുന്നു. കേരള മുസ്‌ലിംകള്‍ ഇത്തരം ശിയാ സമ്പ്രദായങ്ങളില്‍ അകപ്പെട്ടത് കൊണ്ടോട്ടിയിലെ ശിയാ തങ്ങന്മാരുടെ സ്വാധീന ഫലമായിരുന്നു. (ദേവ്ബബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ പേ: 112)
ഇങ്ങനെ ഒരു വിശ്വാസം സുന്നികള്‍ക്കുണ്ടോ? ഇല്ല.മഹാന്മാരെയും സല്‍കര്‍മ്മങ്ങളെയും തവസ്സുലാക്കുന്നത് പ്രര്‍ത്ഥനയുടെ സ്വീകാര്യതക്ക് ഒരു പ്രധാന കാരണമാണെന്നും അതൊരു പുണ്യകര്‍മ്മമാണെന്നുമാണ് സുന്നീ വിശ്വാസം. തവസ്സുലാക്കാതെ പ്രാര്‍ത്ഥിക്കാനേ പാടില്ല എന്ന് സുന്നികളില്‍ ആരും വിശ്വസിക്കുന്നില്ല. ഇല്ലാത്ത ആരോപണങ്ങള്‍ സത്യപ്രസ്ഥാനത്തിന്റെ മേല്‍ കെട്ടിവെക്കുന്നതാണ് ഇവിടെ വ്യക്തമായത്.
മാത്രമല്ല, ഇത് വല്ലാത്തൊരു ജല്‍പനം തന്നെയാണ്. ശിയാക്കള്‍ക്ക് ധാരാളം മഖ്ബറകള്‍ ഉള്ളത്‌കൊണ്ടും അവര്‍ തവസ്സുല്‍ ഇസ്തിഗാസകള്‍ നടത്തുന്നത് കൊണ്ടും അവ ഇവിടെയും കാണുന്നതിനാല്‍ ഇവിടെയും ശിഈസം ഉണ്ടെന്ന കണ്ടെത്തലിനെ എന്ത് പേരിലാണ് നാം വിളിക്കേണ്ടത്. ശിയാക്കള്‍ തുണിയുടുക്കുന്നത് കൊണ്ട് നാം നഗ്‌നരാവണോ? അവര്‍ക്ക് ധാരാളം പള്ളികളുണ്ടായത് കൊണ്ട് ഇവിടെയുള്ള പള്ളികള്‍ നാം തകര്‍ത്ത് തരിപ്പണമാക്കണോ? അവര്‍ മരണപ്പെട്ടവരെ ഖബറടക്കുന്നത് കൊണ്ട് ഇവിടെ പുഴയിലൊഴുക്കിക്കളയണോ? എന്താണീ പറയുന്നത്. മാത്രമല്ല; പുണ്യം തേടിയുള്ള ഖബര്‍ സന്ദര്‍ശനവും തവസ്സുലും ഇസ്തിഗാസയും ശീഈ വിശ്വാസമാണെങ്കില്‍ തിരുനബി(സ)യുടെ റൗളയുടെ ചാരത്തിരുന്ന് അവിടത്തെ ബറകത്ത് കൊണ്ട് താരീഖുല്‍കബീര്‍ എന്ന വലിയ ചരിത്രഗ്രന്ഥമെഴുതിയ ഇമാം ബുഖാരിയും ഞാന്‍ മരണപ്പെട്ടാല്‍ റൗളയിലെത്തി തിരുനബി(സ)യോട് സമ്മതം ചോദിക്കണമെന്നും സമ്മതം കിട്ടിയാല്‍ അവിടെ മറവ് ചെയ്യണമെന്ന് വസിയ്യത്ത് ചെയ്ത അബൂബക്കര്‍(റ)വും ഇത് ഉദ്ധരിച്ച ഇമാം അബൂബക്കരില്‍ ആജുരീ(റ)വും (വഫാത് ഹി 360) ഇമാം റാസി(റ)വും ശീഈ ആശയം സ്വീകരിച്ചവരായിരുന്നു എന്ന് പറയേണ്ടിവരില്ലേ. മാത്രമല്ല; ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ഈ നൂറ്റാണ്ടുവരെയും ജീവിച്ച മഹത്തുക്കളുടെ ചരിത്രം പരതുമ്പോള്‍ അവരെല്ലാവരും തവസ്സുലും ഇസ്തിഗാസയും ജീവിതത്തില്‍ പകര്‍ത്തിയവരായിരുന്നു എന്ന് കണ്ടെത്താന്‍ കഴിയും. ഇമാം ഗസ്സാലി(റ), ഇമാം സുബ്കി(റ) തുടങ്ങി എല്ലാവരും ഇത് സുന്നത്താണെന്ന് പറഞ്ഞവരാണ്. തവസ്സുലും ഇസ്തിഗാസയും ശീഈസമാണെന്നോ ശിര്‍ക്കാണെന്നോ ഉള്ള ആരോപണം കൊണ്ട് മുജാഹിദുകളോടും ജമാഅത്തുകളോടുമുള്ള വിധേയത്വം വെളിപ്പെടുത്താനല്ലാതെ മറ്റൊന്നിനും സാധ്യമല്ല.
ഈ ആരോപണത്തിനു പിന്നില്‍ മറ്റൊരു രഹസ്യമുണ്ട്. ഇതേ ആരോപണം ഇതിനുമുമ്പ് തബ്‌ലീഗുകാര്‍നേരിട്ടതാണ്. അതിപ്പോള്‍ നമുക്ക് നേരെ പ്രയോഗിച്ച് മന:സ്സമാധാനം കണ്ടെത്തുകയാണ്. തബ്‌ലീഗുകാര്‍ അവരുടെ പിഴച്ച വാദങ്ങളൊന്നും ആദ്യം പുറത്തെടുക്കാറില്ലല്ലോ. അത്‌കൊണ്ട് അവര്‍ സുന്നികളാണെന്ന് വരുത്താന്‍ ചിലപ്പോള്‍ ഇബ്‌നുതൈമിയ്യ, ഇബ്‌നു ഖയ്യിം, ഇബ്‌നു അബ്ദില്‍വഹാബ് എന്നിവരെ തള്ളിപ്പറയും. ഉദാഹരണത്തിന് ഹമൂദ് തൗജരീ തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.
മദീനയില്‍ നിന്നും ഒരാള്‍ തബ്‌ലീഗ് ജമാഅത്തിന്റെ സംഘത്തോടോപ്പം ചേര്‍ന്നു. ഒരു ദിവസം രാത്രി ഒരാള്‍ ഹൂ ഹൂ എന്ന ദിക്‌റ് ചൊല്ലി ആടിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ ഇദ്ദേഹം അതില്‍ നിന്നും അയാളെ തടയുകയും ചെയ്തു. ഈ വിവരം തന്റെ അമീറിനോട് പറഞ്ഞപ്പോള്‍ അമീര്‍ ദേഷ്യത്തോടെ ചോദിച്ചു. നീ എന്താ വഹാബിയാണോ? എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ഇബ്‌നുതൈമിയയുടെയും ഇബ്‌നു ഖയ്യിമിന്റെയും ഇബ്‌നു അബ്ദില്‍ വഹാബിന്റെയും മുഴുവന്‍ ഗ്രന്ഥങ്ങളും കത്തിച്ച് കളയുമായിരുന്നു. ഭൂമിയില്‍ ഒന്നും അവശേഷിക്കാത്ത വിധം.
(അല്‍ഖൗലുല്‍ ബലീഗ് പേ;10)
ഇത്തരം ചില പരാമര്‍ശങ്ങളും മറ്റും അവരില്‍ നിന്നും ഉണ്ടായപ്പോള്‍ മക്ക-മദീനയിലെ ചില പുരോഗമന ചിന്തകര്‍ക്ക് ദേഷ്യം വന്നു. അവര്‍ തബ്‌ലീഗ് ജമാഅത്തിനെ നഖശിഖാന്തം എതിര്‍ത്തു കൊണ്ട് ഗ്രന്ഥം എഴുതി. അതിലൊരു ഗ്രന്ഥമാണ് നള്‌റതുന്‍ആബിറ എന്നത്. അതില്‍ പറയുന്നത് കാണുക.
ഇവരും (തബ്‌ലീഗുകാര്‍) ശിയാക്കളും തമ്മില്‍ പല കാര്യങ്ങളിലും യോജിപ്പുള്ളവരാണ്. സത്യത്തിന്റെ ആളുകളോട് ദേഷ്യപ്പെടുക, അവരോട് ശത്രുത പുലര്‍ത്തുക, കെട്ടുകഥകള്‍ ഉദ്ധരിക്കുക, അവരുടെ അറിവ് അവരുടെ നേതാക്കളില്‍ പരിമിതപ്പെടുത്തുക, അനുയായികള്‍ക്ക് സത്യം അന്വേഷിക്കുവാനും സ്വീകരിക്കാനും അവസരം നിഷേധിക്കുക, മഹത്തുക്കളെ ആദരിക്കുന്നത് ദീനിന്റെ മുഖ്യ വിഷയമായി കാണുക, ശിര്‍ക്ക് ഒളിപ്പിച്ച്‌വെച്ച് (അശ്‌റഫലി താനവി ഇസ്തിഗാസ നടത്തിയ സംഭവം-നസ്‌റുത്വീബ്) തൗഹീദ് പുറത്ത്കാട്ടുക, വിശ്വാസങ്ങളും ആദര്‍ശങ്ങളും മൂടിവെക്കുക, ഹിക്മത് എന്ന് പേരിട്ട് തഖിയ്യ (ഒരു ശിഈ സമ്പ്രദായം) നടപ്പില്‍ വരുത്തുക. (നള്‌റതുല്‍ ആബിറ ഇഅ്തിബാരിയ്യ:പേ;57,58)
ഇവരുടെ നേതാവായ അശ്‌റഫലി താനവിയുടെ നശ്‌റുത്വീബ് എന്ന ഗ്രന്ഥത്തില്‍ തിരു നബി(സ) തങ്ങളെ വിളിച്ച് പറയുന്ന ചില ഭാഗങ്ങളില്‍ കാണുക.
അടിമകളുടെ ശുപാര്‍ഷകരായ നബിയേ… എന്റെ കരങ്ങള്‍ പിടിച്ചാലും… പ്രതിസന്ധി ഘട്ടത്തില്‍ അങ്ങാണ് എന്റെ അഭയം… എനിക്ക് അങ്ങല്ലാതെ ഒരു അഭയകേന്ദ്രമില്ല… എനിക്ക് ഇതാ ഒരു പ്രതിസന്ധി എത്തിയിരിക്കുന്നു… അങ്ങ് എന്നെ സഹായിച്ചാലും.. അബ്ദുല്ലയുടെ പുത്രാ… എനിക്കിതാ കാലവിപത്തുകള്‍ സംഭവിച്ചിരിക്കുന്നു… എന്റെ സഹായിയായി അങ്ങ് ഉണ്ടാവണം… എനിക്ക് ഒരു സല്‍കര്‍മ്മവുമില്ല. എങ്കിലും അങ്ങയോടുള്ള സ്‌നേഹം എന്റെ കൈമുതലാണ്… ഉറക്കില്‍ എന്നെ ദര്‍ശിച്ചാലും… എന്റെ പാപങ്ങളും അരുതായ്മകളും പൊറുത്ത് തന്നാലും … (നസ്‌റുത്വീബ്-പേ;194)
ഈ വരികളും മറ്റും വെച്ച് മദീനയിലെ തബ്‌ലീഗ് വിമര്‍ശകന്‍ പറയുന്നു. തബ്‌ലീഗുകാര്‍ ശീഈസത്തിന്റെ ഏജന്റാണെന്ന്. അത് നാം മുമ്പ് വായിച്ചല്ലോ… ഇത് കണ്ടപ്പോള്‍ യഥാര്‍ത്ഥ തബ്‌ലീഗുകാര്‍ക്ക് ഒരു ബോധോദയം. അതെ ഇത് അങ്ങിനത്തന്നെ സുന്നികളുടെ മേല്‍ ചുമത്താം…. അതാണ് ദേവ്ബന്ദ് പണ്ഡിതര്‍ എന്ന പുസ്തകത്തിലൂടെ പുറത്ത് വന്നത്.
ശിഈ ആരോപണം കൊണ്ട് തബ്‌ലീഗുകാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഹകീമുല്‍ ഉമ്മ എന്ന് അവര്‍ വിശേഷിപ്പിക്കുന്ന അശ്‌റഫലി താനവി മുശ്‌രിക്കോ മുവഹിദോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതിനു പുറമെ ഇത്തരം നിരവധി സംഭവങ്ങള്‍ അവര്‍ മൗലാനമാരായി പരിചയപ്പെടുത്തിയവര്‍ തന്നെ ചെയ്തിട്ടുണ്ട്. തബ്‌ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിന്റെ ഖലീഫ സക്കരിയ്യ കാന്തലവി തന്റെ ഹയാതു സ്വഹാബയില്‍ 4/368 ഉമര്‍(റ) വിന്റെ ഭരണകാലത്ത് നബി(സ) യുടെ ഖബറിന്റെ സമീപത്ത് വന്ന് അല്ലാഹുവിന്റെ റസൂലെ… ഞങ്ങള്‍ക്ക് വെള്ളത്തിന് ആവശ്യപ്പെടണമെന്ന് പറഞ്ഞ സുപ്രസിദ്ധ സംഭവം ഉദ്ധരിച്ച് സ്വഹീഹാണെന്ന് പറയുന്നു. സക്കരിയ്യ കാന്തലവിയും ശിയാ വിശ്വാസക്കാരനായിരുന്നോ? ഇമാം അബൂഹനീഫയും ഇമാം ശാഫിയും ഇമാം മാലികും ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ) ഉള്‍പ്പെടെയുള്ള മുഫസ്സിറുകള്‍, മുഹദ്ദിസുകള്‍, കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍, ചരിത്രകാരന്മാര്‍ തുടങ്ങീ പണ്ഡിത നേതൃത്വം മുഴുവനും തവസ്സുലും ഇസ്തിഗാസയും നടത്തിയവരും അത് നടത്താന്‍ നിര്‍ദേശിച്ചവരുമായിരുന്നില്ലേ? അവരെല്ലാം ശിയാക്കളാണെന്നാണോ തബ്‌ലീഗുകാരുടെ വിശ്വാസം.
ഇതിനേക്കാള്‍ വിചിത്രമായി തോന്നുന്നത് അവരുടെ അത്യുഗ്രന്‍ ചോദ്യം കാണുമ്പോഴാണ്. ഇതേ പുസ്തകത്തില്‍ ഒരിടത്ത് എഴുതുന്നു. ഈ ഔലിയാക്കള്‍ക്കെല്ലാം കഴിവു കൊടുത്തവന്‍ അല്ലാഹുവാണ്. അതിനാല്‍ ഇവരോട് ചോദിക്കല്‍ അല്ലാഹവിനോട് ചോദിക്കല്‍ തന്നെയാണ് എന്ന വാദവുമായി ജനങ്ങളുടെ സാമാന്യ ബുദ്ധിയെ കബളിപ്പിക്കുമ്പോള്‍ ഇവരോട് ചോദിക്കുവാനുള്ളത് ഇത്രമാത്രം. ഖുര്‍ആനിലും ഹദീസിലും ഇതിനെന്ത് തെളിവാണുള്ളത്? വിശ്വാസ വിഷയങ്ങളില്‍ സ്വഹീഹായ ഹദീസ് ആയിരിക്കുന്നതിനോടൊപ്പം അത് ഖബറുല്‍ വാഹിദായാല്‍ പറ്റില്ല. മറിച്ച് മശ്ഹൂറുമായിരിക്കണമെന്ന് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് ശാഠ്യം പിടിക്കുമ്പോള്‍ ഇവരിവിടെ ളഈഫും മൗളൂഉം പ്രാമാണിക ഹദീസുകളുടെ സ്ഥാനത്ത് നിര്‍ലജ്ജം അവതരിപ്പിക്കുകയും ഖുര്‍ആനിക ആയത്തുകള്‍ക്ക് ധിക്കാരപൂര്‍വ്വം വക്രമായ വിശദീകരണം നടത്തുകയും ചെയ്യുമ്പോള്‍ നബി(സ) മുന്നറിയിപ്പ് നല്‍കിയ ദുഷിച്ച പണ്ഡിതര്‍ അവരല്ലേ എന്ന് ചിന്തിക്കേണ്ടതാണ്(ദേവ്ബബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ പേ: 154)
എത്രകാലമായി ഇവിടത്തെ ബിദഈ പ്രസ്ഥാനങ്ങള്‍ ഇത് ചോദിക്കാന്‍ തുടങ്ങിയിട്ട്.. ഇസ്തിഗാസയെ ശിര്‍ക്കാക്കാന്‍ എത്ര ആയത്തുകളാണ് ഇവിടെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. അബൂജഹല്‍ പാര്‍ട്ട് ടൈം മുശ്‌രിക്കാണെന്നും സുന്നികള്‍ ഫുള്‍ ടൈം മുശ്‌രിക്കാണെന്നും പ്രഖ്യാപിച്ചത് മുജാഹിദ് നേതാവാണ്. അല്‍ഖൗലുസ്സദീദ്, തൗഹീദ് സമഗ്ര പഠനം, ഇസ്തിഗാസ, തവസ്സുല്‍ ഇസ്തിഗാസ: ചരിത്രത്തോട് നേര്‍ക്കുനേര്‍, ഇസ്‌ലാമിക വിശ്വാസകോശം… തുടങ്ങി എത്ര രചനകള്‍ ഇത് സംബന്ധമായി പുറത്ത് വന്നു. അവയിലെ ഒരു ഉദ്ധരണി പോലും പ്രാമാണികമായി നേരിടാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പുകമറകള്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ, അതെല്ലാം കുളത്തിലെ എഴുത്തഛന്‍ എഴുത്തിന് തുല്യമെന്ന് പറഞ്ഞത് പോലെയാണ്. ഇസ്തിഗാസ (ജീവിച്ചിരിക്കുന്നവരോടോ മരണപ്പെട്ടവരോആയ മഹാത്മാക്കളോട് മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ സഹായം ചോദിക്കുക) വിശ്വാസകാര്യമാവുന്നത് ഏത് നിലക്കാണ്. അതൊരു പുണ്യകരമായ കര്‍മ്മമല്ലേ. നിസ്‌കാരം, നോമ്പ്, സകാത്ത്, സ്വലാത്ത് ചൊല്ലല്‍ തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. അതെല്ലാം പ്രതിഫലാര്‍ഹമാണ്. എന്നത്‌പോലെ ഇസ്തിഗാസയും ഒരു കര്‍മ്മമാണ്; വിശ്വാസമല്ല. അമ്പിയാക്കള്‍ക്ക് മുഅ്ജിസത്തുണ്ട്, ഔലിയാക്കള്‍ക്ക് കറാമത്തുണ്ട് എന്നീ കാര്യങ്ങള്‍ വിശ്വാസമാണ്; കര്‍മ്മമല്ല. വിശ്വാസവും കര്‍മ്മവും തിരിച്ചറിയാനുള്ള വിവേകമെങ്കിലും തബ്‌ലീഗുകാര്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. ഇസ്തിഗാസയെ വിശ്വാസകാര്യമായി അവതരിപ്പിച്ചതും ബിദഇകളോടുള്ള അനുകരണമാണെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.