No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

മഅ്ദിനിന്റെ നവോത്ഥാന മുന്നേറ്റം

മഅ്ദിനിന്റെ നവോത്ഥാന മുന്നേറ്റം
in Articles
December 30, 2018
ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍

ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍

ആത്മീയതയും ആധുനികതയും വിഭിന്ന ധ്രുവങ്ങളാണെന്ന പൊതുസമൂഹത്തിന്റെ പരികല്‍പനയെ തിരുത്തുവാനും സാമൂഹ്യശാസ്ത്രപരമായി മരതകമൂല്യമുള്ള ഇൗ കാഴ്ചപ്പാടിന് ഉപോല്‍ബലകമായി തന്റെ കാഴ്ചപ്പാടുകള്‍ക്ക് ജീവന്‍ നല്‍കാനും ഹ്രസ്വകാലയളവില്‍ ഖലീല്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

Share on FacebookShare on TwitterShare on WhatsApp

മഅ്ദിനുമായും അതിന്റെ സാരഥി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങളുമായും ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ പ്രാഥമികമായും ആത്യന്തികമായും വ്യവഹ രിക്കപ്പെടുന്ന രണ്ടു പദങ്ങളാണ് ആത്മീയതയും ആധുനികതയും. നിലവിളികളുടെ ഘട്ടത്തില്‍ മാത്രം അഭയം പ്രാപിക്കാനുള്ളതല്ല ആത്മീയത. അങ്ങനെയാണെന്ന ഒരു മിഥ്യാസങ്കല്‍പം സമൂഹത്തിനിടയില്‍ പ്രസരിച്ച ഒരു കാലത്തെ അഭിസംബോധന ചെയ്യുന്നവര്‍ എന്ന നിലയില്‍ മൂല്യമേറിയ സംവാദങ്ങള്‍ക്ക് ഈ മഹിതമായ കാഴ്ച്ചപാട് വിരല്‍ചൂണ്ടണ്ടുന്നുണ്ട്. മത കേന്ദ്രീകൃത സമൂഹത്തില്‍ ശാസ്ത്രത്തെ രാജാവായി വാഴിച്ചപ്പോഴാണ് യൂറോപ്പ് മനുഷ്യത്വരഹിതവും ബീഭല്‍ത്സകവുമായ നിരവധി കാഴ്ചകളുടെ കൊടുമുടികള്‍ കണ്ടത്. വാസ്തവത്തില്‍ മനുഷ്യരാശിയുടെ നാളിതുവരെയുള്ള ഉദാത്തവും അവിസ്മരണീയവുമായ മുഴുവന്‍ നേട്ടങ്ങളുടെയും ഉറവിടം അവസാന അപഗ്രഥനത്തില്‍ അനിര്‍വചനീയമായ ആത്മീയ ശക്തിയാണ് എന്ന് കണ്ടെത്താന്‍ സാധിക്കും. ഇസ്‌ലാമിന്റേത് വിശേഷിച്ചും, ആത്മീയതയുടെ ഹബ്ബുകളായി പൊതുസമൂഹത്തിനിടയില്‍ വിലയിരുത്തപ്പെട്ട മസ്ജിദുകള്‍ സാമൂഹ്യ നിര്‍മിതിയില്‍ വഹിച്ച പങ്കിനെ നാം ഏറെ ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്. അബ്ബാസി ഉമവി ഖിലാഫത്തുകളുടെ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത ശോഭനമായ വിസ്മയ ചരിതങ്ങള്‍ നമുക്കുമുന്നിലുണ്ട്. ആത്മീയതയില്‍ കോറിയിട്ട ജീവിത പരിസരങ്ങളില്‍ നിന്നും ശാസ്ത്രവും വൈദ്യവും സാഹിത്യവുമെല്ലാം അവര്‍ കൈയടക്കിവെച്ചു. മസ്ജിദുകളും മദ്‌റസകളും ആരാധനകള്‍ക്ക് മാത്രമല്ല വേദിയായത്, ഗവേഷണങ്ങളും സംവാദങ്ങളും കണ്ടുപിടുത്തങ്ങളും അവിടങ്ങളിലെല്ലാം അരങ്ങു തകര്‍ത്തു. ആത്മീയതയും ആധുനികതയും വിഭിന്ന ധ്രുവങ്ങളാണെന്ന പൊതുസമൂഹത്തിന്റെ പരികല്‍പനയെ തിരുത്തുവാനും സാമൂഹ്യശാസ്ത്രപരമായി മരതകമൂല്യമുള്ള ഈ കാഴ്ചപ്പാടിന് ഉപോല്‍ബലകമായി തന്റെ കാഴ്ചപ്പാടുകള്‍ക്ക് ജീവന്‍ നല്‍കാനും ഹ്രസ്വകാലയളവില്‍ ഖലീല്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മുന്‍ഗാമികളുടെ അഞ്ചു പതിറ്റാണ്ട് മുമ്പുള്ള ജീവിതത്തില്‍ പൂത്തുലഞ്ഞ ആത്മീയ പാഠങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുന്നതോടൊപ്പം തന്നെ സെക്കന്‍ഡുകളില്‍ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ആധുനികത കരുതിവച്ച 50 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ടെക്‌നോളജികളെ വര്‍ത്തമാന സമൂഹത്തിന് ലഭ്യമാക്കുകയെന്ന അദ്ദേഹത്തിന്റെ അത്ഭുതകരം എന്നു വിശേഷിപ്പിക്കാവുന്ന പ്രത്യുത കാഴ്ച്ചപ്പാട് പ്രകടിപ്പിക്കാന്‍ വര്‍ത്തമാനകാലത്ത് എത്ര പേര്‍ക്ക് സാധിക്കും?

കിഴക്ക് നീലഗിരിക്കുന്നുകളുടെ സമൃദ്ധമായ ഹരിതശീതളിമയില്‍ പടിഞ്ഞാറ് അറബിക്കടലില്‍ ചെന്നുചേരുന്ന മലപ്പുറം ജില്ലയുടെ ഹൃദയഭാഗവും ആസ്ഥാനവുമാണ് മലപ്പുറം പട്ടണം. നിരവധി ചരിത്ര ഏടുകളാല്‍ സമ്പന്നമായ സാംസ്‌കാരികഭൂമിയാണ് മലപ്പുറത്തിന്റേത്. മലബാറിലെ കോളനിവിരുദ്ധ സമരരംഗത്ത് ബ്രിട്ടീഷുകാരന്റെ ആധിപത്യത്തെ ചോദ്യം ചെയ്തത് ഈ നാടിന്റെ മക്കളായിരുന്നു. ഏറനാടിലെ വലിപ്പവും പഴക്കവും പെരുമയുമുള്ള മലപ്പുറം വലിയങ്ങാടി പള്ളി ആത്മീയതയുടെ കേന്ദ്രവും വിശ്വാസികളുടെ അഭയകേന്ദ്രവുമായി നിലകൊള്ളുന്നു. ഇവിടെയുള്ള 48 രക്തസാക്ഷികളുടെ ഖബ്‌റിടങ്ങള്‍ മുസ്‌ലിംകളും അവര്‍ണരും ചേര്‍ന്ന് പാറനമ്പിയുമായി നടത്തിയ യുദ്ധത്തിന്റെ സ്മരണകളാണ്. ദേശക്കൂറും അടിയറവെക്കാത്ത ആത്മീയ ഊര്‍ജവുമായി ചരിത്രജീവിതം നയിച്ച മമ്പുറം തങ്ങളും സ്വത്വം സംരക്ഷിക്കാനായി പടനയിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഓര്‍മകളിരമ്പുന്ന തിരൂരങ്ങാടിയും മാപ്പിളമാര്‍ക്കെന്നും ആവേശമാണ്. മമ്പുറം തങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ വിളമ്പി കാലം കഴിച്ചു കൂട്ടേണ്ടിവരുമായിരുന്നു എന്ന നിരീക്ഷണം എത്ര ശരിയാണ്. ഭൗതികമായും ബൗദ്ധികമായും മാപ്പിളസ്വത്വത്തെ പിന്നാക്കവത്കരിക്കാനുള്ള ശ്രമങ്ങളും മലബാറില്‍ ശക്തമായി നടന്നിരുന്നുവെന്നത് നാം ഏറെ കണിശതയോടെ വായിക്കണം. തുര്‍ക്കി ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ ബ്രിട്ടനോട് എതിരിടാന്‍ കച്ചകെട്ടി കളത്തിലിറങ്ങാന്‍ ധാരാളം കക്ഷികളുണ്ടായിരുന്നെങ്കിലും അങ്കക്കളത്തില്‍ അന്ത്യത്തില്‍ ബാക്കിയായി ജീവന്‍ ബലി നല്‍കേണ്ടി വന്നത് മാപ്പിളമാര്‍ക്കാണ്. പോരാത്തതിന് ചില സാഹിത്യ കൃതികളും പാരമ്പര്യ മുസ്‌ലിമിനെ കുത്തിനോവിക്കാന്‍ അക്ഷരങ്ങള്‍ക്ക് ഭംഗി കൂട്ടി. പരപ്പില്‍ മുഹമ്മദ് കോയയുടെ സുല്‍ത്താന്റെ വീട്, കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്നീ നാടകങ്ങളും ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന കൃതിയും ഇസ്‌ലാമിനെയും മുസ്‌ലിമിനെയും ഭത്സിക്കാനുള്ള അക്ഷരക്രിയകളില്‍ സജീവമായി.
1986ലാണ് ഖലീല്‍ ബുഖാരി തങ്ങള്‍ കോണോംപാറ മസ്ജിദുന്നൂറില്‍ മുദര്‍രിസായി വരുന്നത്. പഴമയുടെയും തിരുനബിയോളമെത്തുന്ന പാരമ്പര്യത്തിന്റെയും പ്രതീകങ്ങളായ ദര്‍സുകള്‍ ഏറെക്കുറെ അസ്തമിക്കുകയും നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദഅ്‌വാ കോളജുകളും ശരീഅത്ത് കോളജുകളും സമാരംഭം കുറിക്കുകയും ചെയ്ത ദശാസന്ധിയിലാണ് അദ്ദേഹം ദര്‍സാരംഭിക്കുന്നത്. ദര്‍സുകളോടൊപ്പം വാര്‍ധക്യത്തിലേക്കും അവശതകളിലേക്കും വീണ് ചരിത്രലിപികളിലേക്ക് പിന്‍വാങ്ങാനൊരുങ്ങുകയായിരുന്ന നാട്ടുദര്‍സുകളും കണ്ണീര്‍കാഴ്ചകളായിരുന്നു. സമീപ ദേശങ്ങളിലെ പള്ളികളില്‍ നാട്ടുദര്‍സിനെത്തുന്നത് വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രം. മതമൂല്യങ്ങളും നന്മകളും കരിഞ്ഞുണങ്ങുന്നത് ഉലമക്ക് എങ്ങനെ സഹിക്കും. മുന്നൂറിലധികം നാട്ടുവിദ്യാര്‍ഥികള്‍ തൂവെള്ള വസ്ത്രധാരികളായി മതവും ജീവിതവും പഠിക്കാനെത്തുന്ന നയനാനന്ദകരമായ കാഴ്ചയെ ഏറ്റവും മികച്ച പൊസിഷനില്‍ ചരിത്രം പകര്‍ത്തിയിട്ടുണ്ടാവും. അതായിരുന്നു ഖലീല്‍ ബുഖാരി തങ്ങള്‍. മോങ്ങം മുതല്‍ കൂട്ടിലങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ നിന്നുള്ള നാട്ടുവിദ്യാര്‍ഥികള്‍ വരെ ആ ദര്‍സിലേക്ക് ഒഴുകിയെത്തിയിരുന്നു. മതപഠനത്തിന് പുറമെ അവരുടെ ഭൗതിക വിദ്യാഭ്യാസ നിലവാരമന്വേഷിക്കുകയും മികച്ച വിജയങ്ങള്‍ കൊയ്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും കുടുംബത്തിലെ തീരാപ്രശ്‌നങ്ങള്‍ക്ക് അത്താണിയാകാനും അദ്ദേഹം ഔത്സുക്യം കാണിച്ചു.

മലപ്പുറത്തിന്റെ കിതപ്പും പരിതാപവും ഖലീല്‍ ബുഖാരി തങ്ങള്‍ നേരത്തെ കണ്ടിരുന്നു. അടിസ്ഥാന വിദ്യാഭ്യാസരംഗത്ത് മലപ്പുറം ഏറെ പിറകോട്ടുപോയ ഒരു ഘട്ടം കൂടിയായിരുന്നു ഇത്. നൂറുശതമാനവും പരാജയമുള്ള 115ഓളം സ്‌കൂളുകളും അഞ്ചുശതമാനം മാത്രം വിജയമുള്ള നൂറിലധികം സ്‌കൂളുകളും മലപ്പുറത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ കറുത്ത വരകള്‍ വരച്ചു. മലപ്പുറത്തിന്റെ ഈ ദുരവസ്ഥക്കറുതി വരുത്തി പൈതൃകം പേറുന്ന ഈ നാടിന് ഏത് മഹാമനീഷി കാവല്‍ നില്‍ക്കുമെന്ന ചോദ്യം ഉയര്‍ത്തിയാണ് 1987 ഡിസംബര്‍ ലക്കം അല്‍ ഇര്‍ഫാദിന്റെ സ്‌പെഷ്യല്‍ ഇഷ്യൂ പുറത്തിറങ്ങിയത്. സുന്നത്ത് ജമാഅത്തിന്റെ അടയാളങ്ങളുടെ അഭാവം മാത്രമല്ല, വിപരീത ആദര്‍ശ പ്രത്യയശാസ്ത്രങ്ങളുടെ ചിഹ്നങ്ങളും ആരാധനാലയങ്ങളും ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥാനം പിടിച്ചത് ആരുടെ മനസ്സിനെയാണ് വേദനിപ്പിക്കാതിരിക്കുക. കൂട്ടത്തില്‍ സുന്നിസവും അനുബന്ധ ആചാരങ്ങളും നിറഞ്ഞുനിന്ന നിരവധി മസ്ജിദുകളാണ് ഐക്യസംഘത്തിന്റെ പിന്തുടര്‍ച്ചക്കാരായ ഫ്യൂഡലുകള്‍ വ്യാജ കടലാസുപണികളിലൂടെ തട്ടിയെടുത്തത്. എന്തുകൊണ്ട് മലപ്പുറത്തിന്റെ സ്ഥിതി പരിവര്‍ത്തനപ്പെട്ടുകൂടാ? മലപ്പുറത്തിന്റെ മക്കള്‍ ഒന്നിനും കൊള്ളരുതാത്തവരാണോ? എന്നിത്യാദി അകം വിങ്ങുന്ന ചോദ്യങ്ങള്‍ ഹൃദയത്തില്‍ കനത്തില്‍ മുഴങ്ങിയ കാലം. ചോദ്യത്തിനു മാത്രമേ ശൂരത്വമുണ്ടായിരുന്നുള്ളൂ. ഉത്തരങ്ങള്‍ ഏറെ വിദൂരവും. എത്ര വരച്ചിട്ടും പൂര്‍ത്തിയാക്കാനാകാത്ത നൊമ്പര ചിത്രമായി മലപ്പുറത്തിന്റെ സാംസ്‌കാരിക ഭൂപടം മനസ്സില്‍ കിടന്നു. ചാലിയത്തെ മുദര്‍രിസായിരുന്ന ഒ കെ ഉസ്താദിന്റെ ജീവിതം വലിയ പ്രേരണയായിരുന്നു അദ്ദേഹത്തിന്. കാലത്തിന്റെ ഗുരു ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി, മക്കയിലും മദീനത്തും ചെന്നാല്‍ ഓരോ സ്വഹാബിയുടെ പേരിലും പള്ളി കാണാന്‍ സാധിക്കും. അവരില്‍ പലരും അയല്‍പക്കക്കാരുമായിരിക്കും. എന്നിട്ടും ഓരോരുത്തര്‍ക്കും ഓരോ പള്ളി. ഓരോരുത്തരും ദീനിനുവേണ്ടി എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നതെന്ന ഒ കെ ഉസ്താദിന്റെ ഉപദേശം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നുണ്ട് പില്‍ക്കാല സംഭവവികാസങ്ങള്‍. മഹല്ല് അതിര്‍ത്തിക്കുള്ളില്‍ത്തന്നെ മൂന്ന് ബിദഈ പള്ളികളാണുണ്ടായിരുന്നത്. അവരുടെ കുപ്രചാരണങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും വശംവദരാകുന്ന സാഹചര്യം. പണത്തിന്റെ കൊഴുപ്പില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നിര്‍മിച്ച് നവതലമുറയുടെ മസ്തിഷ്‌കങ്ങളില്‍ ബിദ്അത്തിന്റെ വിഷവിത്ത് വിതക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ അണിയറയില്‍ നിരന്തരം രൂപപ്പെട്ടുവന്നു. മദ്‌റസാ വിദ്യാഭ്യാസം ഉണ്ടായിരിക്കില്ല എന്നത് പരസ്യവാചകമായി ഉപയോഗിച്ച് മാപ്പിളയുടെ മതബോധത്തെ തട്ടിപ്പറിക്കാനെത്തിയ പടിഞ്ഞാറുനോക്കികള്‍ക്ക് മറുപടിയും തേടി അദ്ദേഹത്തിന്റെ മനസ്സ് കുലങ്കശമായി. ജുമുഅക്കു ശേഷം എഴുന്നേറ്റു നിന്നാല്‍ ശൂന്യമായ സദസ്സ്. ശ്രോതാക്കളുടെ അഭാവം പറഞ്ഞു പേടിപ്പിച്ച് പൊതുപരിപാടികള്‍ മുളയിലേ നുള്ളിക്കളയുകയും ചെയ്തു. ഒടുക്കം സ്‌കൂളിനു പകരം സ്‌കൂള്‍ എന്നതാണ് ബിദഈ നിര്‍മാര്‍ജനത്തിനായി മുന്നോട്ടുവെച്ച തന്ത്രം. അതിനായി പുല്ലാണിക്കോടില്‍ ഇസ്്‌ലാമിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങി. മദ്‌റസാ കെട്ടിടത്തില്‍വെച്ച് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്ത സ്‌കൂള്‍ വേണ്ടത്ര വിജയം കണ്ടില്ല. ആറുവര്‍ഷം കഴിഞ്ഞപ്പോഴും അമ്പതില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. അപ്പോഴേക്കും കേരളത്തിലെത്തന്നെ അറിയപ്പെട്ട ദര്‍സുകളിലൊന്നായി മാറിയിരുന്നു അത്. സുബ്ഹിക്ക് ശേഷം തുടങ്ങുന്ന സബ്ഖുകള്‍ രാത്രിയിലും തുടരും. പിന്നെയും സംശയങ്ങളുമായി വിദ്യാര്‍ഥികളുടെ നീണ്ടനിര ശൈഖുനയുടെ മുറിക്കു പുറത്തുണ്ടാവും. സമുദായത്തിന്റെ ദീനരോദനങ്ങളും വിലാപങ്ങളും പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു. ഇക്കാലത്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അനിവാര്യമായതും എങ്കില്‍ ദൗര്‍ഭാഗ്യകരവുമായ പിളര്‍പ്പ് സംഭവിക്കുന്നത്. അതിന്റെ തുടര്‍ച്ചയായി അദ്ദേഹത്തെ ഒരു വിഭാഗത്തിന്റെ ആളായി ചിത്രീകരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തകൃതിയായി നടന്നു. നാട്ടില്‍ മുറുമുറുപ്പും വാഗ്വാദങ്ങളും വര്‍ധിച്ചു. പോരാത്തതിന് എസ് വൈ എസിന്റെ നാല്‍പ്പതാം വാര്‍ഷിക സമ്മേളനം മലപ്പുറത്ത് നടന്നപ്പോള്‍ ഒരു വിഭാഗത്തിന്റെ വേദിയിലെ അദ്ദേഹത്തെ സാന്നിധ്യം നാട്ടിലെ വിവാദങ്ങള്‍ ചൂടുപിടിപ്പിച്ചു. അടക്കിപ്പിടിച്ച സംസാരങ്ങളും പുച്ഛം കലര്‍ന്ന നോട്ടവും ഹൃദയത്തില്‍ മുറിവുകളുണ്ടാക്കി. അതിനിടയില്‍ കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹിലേക്ക് ഖലീല്‍ തങ്ങളെ മാറ്റണമെന്ന അഭിപ്രായങ്ങളും കാന്തപുരം ഉസ്താദിനു മുമ്പില്‍ വന്നു. അത്രയും കലുഷിതമായിരുന്നു സാഹചര്യങ്ങളെന്നു ചുരുക്കം. പക്ഷേ, പള്ളിയില്‍നിന്നു മാറിയാലും മലപ്പുറം വിട്ടു പോകരുതെന്ന് ഉറച്ചു പറഞ്ഞ് പൊന്മള ഉസ്താദ്, റഹീം സാഹിബ്, മാനുപ്പ ഹാജി എന്നിവര്‍ അസാമാന്യമായ ധൈര്യം പകര്‍ന്നു. ഒടുക്കം ആകസ്മികമായി ഭവിച്ച ചില സംഭവങ്ങള്‍ നിമിത്തം അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് ആദര്‍ശ സംരക്ഷണത്തിനായി പലായനം ചെയ്യാനാണ് നാഥന്റെ നിയോഗമുണ്ടായത്. പലായനങ്ങളെ നവകാലത്ത് ഇല്ലായ്മയുടെയും നൊമ്പരങ്ങളുടെയും സഞ്ചാരങ്ങളായി വ്യവഹരിക്കപ്പെടുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ നവോത്ഥാന യജ്ഞങ്ങളില്‍ അതിജീവനത്തിനായുള്ള ഇത്തരം സഞ്ചാരങ്ങള്‍ ധാരാളം ദര്‍ശിക്കാം. മുസ്‌ലിം നാഗരികതകളുടെ പിറവിക്ക് ചരടുവലിക്കുന്ന ഘടകമായി ഹിജ്‌റകള്‍ പരിണമിച്ചു. കിഴക്കിനും പടിഞ്ഞാറിനും വെളിച്ചം കൊളുത്തി മദീന സ്റ്റേറ്റ് ഉയര്‍ന്നുവന്നത് ഹിജ്‌റയിലൂടെയായിരുന്നുവല്ലോ. മദീന ഒരു നാഗരികത എന്നതിലുപരി പൂര്‍വകാല നാഗരികതകള്‍ക്ക് അതിശക്തമായ അപവാദവുമായിരുന്നു. ലോകമേറെ വാഴ്ത്തിയ ഈജിപ്ഷ്യന്‍ നാഗരികതയില്‍ നാം ദര്‍ശിക്കുന്നതെന്താണ്. നാഗരികതയുടെ വമ്പന്‍ അടയാളമായ പിരമിഡുകള്‍ പ്രതിനിധീകരിക്കുന്നത് അനീതിയെയും അടിമത്വത്തെയും ഇരുട്ടിനെയുമെല്ലാമാണ്. മരണപ്പെട്ട രാജാവിന്റെ കബന്ധം എണ്ണപുരട്ടി അടക്കം ചെയ്ത ത്രികോണ നിര്‍മിതികളാണ് പിരമിഡുകള്‍. അത്തരം എടുപ്പുകളുടെ വികാസത്തില്‍ കഠിനശിലകളിലും അധ്വാനങ്ങളിലും വിയര്‍പ്പൊഴുക്കേണ്ടിവന്ന അടിമകളുടെ ദുരന്തപൂര്‍ണമായ ജീവിതകഥകളുണ്ട്. ഗ്രീക്ക് നാഗരികതയും ഏറെ വിഭിന്നമായിരുന്നില്ല. അടിമകളെ പരസ്പരം അങ്കം വെട്ടിപ്പിച്ച് ഓരോരുത്തരും ശവമായി വീഴുന്നതും അവസാനം ഒരാള്‍ മാത്രം ബാക്കിയാവുന്നതും കണ്ട് രസിക്കുന്ന വരേണ്യ സമൂഹത്തിന്റെ പേരായിരുന്നുവത്രെ ഗ്രീക്ക് നാഗരികത. ഇതിനെല്ലാം അപവാദമായിരുന്നല്ലോ മദീനയുടെ നാഗരികത. അതിന് നിമിത്തമായതവാട്ടെ സര്‍വവും പറിച്ചെറിഞ്ഞുള്ള പലായനവും. കാത്തിരിക്കാനും സ്വീകരിക്കാനും ആരുമില്ലെന്നറിഞ്ഞിട്ടും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ആ സാര്‍ഥവാഹകസംഘം മുന്നോട്ടുനീങ്ങി.ഒരു നവോത്ഥാനത്തിന്റെ പിറവിയും ആദര്‍ശസംരക്ഷണവും മുന്നില്‍ കണ്ട് കരഞ്ഞു കലങ്ങിയ, കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ച ഒരു അതിജീവന പ്രയാണവും പലായനവും. സൗകര്യങ്ങളും സ്ഥാപനങ്ങളുമില്ലെങ്കിലും ആദര്‍ശത്തിന്റെ ദീപശിഖയുമേന്തിവന്ന ആ സംഘത്തെ മുട്ടിപ്പടിയിലെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇല്ലായ്മയുടെ ലോകം, ടോയ്‌ലറ്റ് സംവിധാനം പോലും ഇല്ലാത്ത പള്ളിയില്‍ ഉസ്താദും 110 മുതഅല്ലിമുകളും. മൂത്രമൊഴിക്കാന്‍ അടുത്ത വീടുകളിലേക്ക് പോകേണ്ടിവന്ന കണ്ണീരിന്റെ നോവലുകള്‍ വായിച്ചുതീര്‍ത്ത് ആ സംഘം ദുരിതക്കയത്തിലേറെ നീന്തി. കാലത്തിന്റെ ഗുരു ഒ കെ ഉസ്താദ് ആ കഷ്ടപ്പാടുകള്‍ കണ്ട് കണ്ണീര്‍ വാര്‍ത്തു. പ്രയാസങ്ങളറിയാതെ മക്കളെ വളര്‍ത്തിയതാണ് ഉപ്പ സയ്യിദ് അഹ്മദുല്‍ ബുഖാരി. ആ മകനാണിപ്പോള്‍. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ വാക്കുകള്‍ കിട്ടാതെ ഏറെനേരം തേങ്ങിക്കരഞ്ഞു. എല്ലാം സമര്‍പ്പിച്ച് നാട്ടുകാര്‍ ആ നവോത്ഥാന സംഘത്തിന് കാവലിരുന്നു. അറിവിനെയും അറിവുള്ളവരെയും ഏറെ പിരിശമായിരുന്ന അവര്‍ സ്വശരീരം പോലെ ആ ദര്‍സിനെ വളര്‍ത്തി. ഇടുങ്ങിയ പള്ളിയില്‍ ദുരിതങ്ങള്‍ക്കിടയിലും ദര്‍സ് മുന്നോട്ടുനീങ്ങി. ശത്രുസ്വരങ്ങളും ചെയ്തികളും അപ്പോഴും അഭംഗുരം തുടര്‍ന്നുകൊണ്ടിരുന്നു. ട്രോളുകള്‍ പണിതും കമന്റുകളടിച്ചും ഒരു വെളിച്ചത്തെ കെടുത്തിക്കളയാന്‍ ശത്രുസംഘങ്ങള്‍ ആവതു ശ്രമിച്ചു. തിങ്കളാഴ്ചയാണ് കോണോംപാറയില്‍ നിന്ന് ഇറങ്ങിയത്. വ്യാഴാഴ്ച സ്വലാത്ത് തുടങ്ങാന്‍ തീരുമാനിച്ചു. സമ്മതം കരസ്ഥമാക്കാനായി കുണ്ടൂരിലെത്തിയതായിരുന്നു ഉസ്താദ്. വ്യാഴാഴ്ച കുണ്ടൂരില്‍ നടക്കാനിരിക്കുന്ന പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണത്തിന്റെ സ്റ്റേജ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലായിരുന്നു കുണ്ടൂരുസ്താദ്. വിഷയങ്ങളെല്ലാം പറഞ്ഞപ്പോള്‍ കുണ്ടൂരുസ്താദ് ഒരൊറ്റ പ്രഖ്യാപനമായിരുന്നു. പേരോട് വ്യാഴാഴ്ച മലപ്പുറത്താണ് പ്രസംഗിക്കേണ്ടത്. അല്ലാഹു അവിടുത്തെ ദറജ വര്‍ധിപ്പിക്കട്ടെ. ഹൃദയത്തില്‍ ആനന്ദശ്രുതികള്‍ മുഴങ്ങി. ആത്മീയഗുരുവിന്റെ ആശീര്‍വാദവും പൊരുത്തവും, മലപ്പുറത്ത് പേരോടുസ്താദിന്റെ പ്രഭാഷണവും. പിന്നെ സ്വലാത്തിന്റെ തിരക്കിട്ട പ്രചാരണങ്ങളിലേക്ക് നീങ്ങി. ശത്രുപാളയത്തില്‍ ഈ വാര്‍ത്തകള്‍ ഇടിത്തീപോലെ പടരുകയും ആളിക്കത്തുകയും ചെയ്തു. ഭീഷണികളുയര്‍ന്നു. മുന്നറിയിപ്പുകളും വന്നു. പക്ഷേ, സ്വലാത്തിനെത്തിയ ജനങ്ങളുടെ മനസ്സില്‍ പേരോടുസ്താദിന്റെ പ്രഭാഷണം വലിയ സ്വാധീനം ചെലുത്തി. പല മിഴികളും ഈറനണിഞ്ഞു. ശേഷം ഖലീല്‍ തങ്ങള്‍ മനസ്സ് തുറന്നിട്ടു. അധരങ്ങള്‍ വാചാലമായി. പന്ത്രണ്ടുവര്‍ഷത്തെ കൈപ്പുനീരുറ്റുന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. തീ തിന്ന നാളുകള്‍, കേള്‍ക്കാത്ത കഥകള്‍, നൊമ്പരം പേറിയ അനുഭവങ്ങള്‍. അദ്ധേഹത്തിനെതിരെ ആയുധം മൂര്‍ച്ചവരുത്തിയവരുടെ മനസ്സില്‍ പിന്തുണയുടെ ഓളങ്ങള്‍ വിടര്‍ന്നു. ഒരു സമൂഹത്തിന്റെ നവോത്ഥാന സഞ്ചാരത്തിന് വഞ്ചിയിറക്കാനും തോണിതുഴയാനും സന്മനസ്സുകളുണ്ടായി. വന്ദ്യ പിതാവ് കുഞ്ഞാപ്പു ഹാജി, പരി മാനുപ്പ ഹാജി എന്നിവര്‍ ആ സന്മനസ്സുകളില്‍ ഏറെ പ്രധാനമാണ്.അങ്ങനെ കാത്തുകാത്തിരുന്ന ഒരു സുദിനത്തില്‍ 1997 ജൂണ്‍ 6 ന് മഅ്ദിനിന് ശിലപാകി. നന്മ നിറഞ്ഞവര്‍ ഏറെ സംഗമിച്ച ചടങ്ങില്‍ ഉസ്താദുല്‍ അസാതീദ് ഒ.കെ ഉസ്താദാണ് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. ശില പാകിയത് ആത്മീയ ജ്യോതിസ്സ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും. നൊമ്പരങ്ങളെ മുന്നേറ്റങ്ങളായി പരിവര്‍ത്തനപ്പെടുത്തുന്ന അതിസാഹസികമായ ദൗത്യങ്ങളാണ് പിന്നീട് കണ്ടത്. നവോത്ഥാനം ഇല്ലാത്തവന്റെ നട്ടെല്ലിന് ബലം നല്‍കുന്ന അത്യന്തം ത്യാഗപൂര്‍ണ്ണമായ യജ്ഞമാണ്. താഴെ തട്ടിലുള്ളവരിലേക്ക് സൂക്ഷ്മദൃക്കോടെ നോക്കണം. കുടിലുകളിലേയും ഓലപ്പുരകളിലേയും കണ്ണീരുകള്‍ നിലക്കണം. രക്ഷിതാക്കള്‍ ബോധമുള്ളവരാകണം. ജന മനസ്സുകളില്‍ ദീനീ ബോധം ജ്വലിച്ച് നില്‍ക്കണം. എല്ലാത്തിനും പരിഹാരം വിജ്ഞാനമാണ്. ലോകത്തെവിടെയും ഇസ്‌ലാമിക നാഗരികതകള്‍ ഉയര്‍ന്ന് വന്നത് ജ്ഞാനജ്യോതിസ്സിനെ അടിത്തറയാക്കിയാണ്. ഡോ.സാഹിദ് അഷ്‌റഫ് Islamic era and importance to knowledge എന്ന ഗ്രന്ഥത്തില്‍ പാരമ്പര്യ ജ്ഞാനത്തെ ഉപയോഗപ്പെടുത്തി പുഷ്ടിപ്പെട്ട മുസ്‌ലിം നാഗരികതയെ വരച്ചിടുന്നുണ്ട്. പാരമ്പര്യ ജ്ഞാന ധാരകളെ ഗംഭീരമായി ഉപയോഗപ്പെടുത്തി ആധുനിക വിദ്യാഭ്യാസ രിതികളില്‍ പുതുമയുള്ള കണ്ടുപിടുത്തങ്ങള്‍ നടന്നത് അബ്ബാസി കാലത്താണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പാരമ്പര്യ വിജ്ഞാനങ്ങളെ നവീന സങ്കേതങ്ങളുപയോഗിച്ച് നടപ്പിലാക്കുന്ന വൈജ്ഞാനിക വിനിമയങ്ങളിലൂടെ സാംസ്‌കാരികവും ധാര്‍മ്മികവുമായ ആദാന പ്രദാനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ആദ്യകാലം മുതലേ മഅ്ദിന്‍ ശ്രമിച്ചത്. വിദ്യാഭ്യാസത്തെ മുഖ്യകഥാപാത്രമാക്കി നവോത്ഥാന യജ്ഞങ്ങള്‍ക്ക് മതങ്ങള്‍ ശ്രമിച്ചത് ചരിത്രത്തില്‍ വായിക്കാം. ഇസ്‌ലാമിക ചരിത്രം തന്നെ പരിശോധിച്ചാലറിയാം. മദീനയും കൊര്‍ദോവയും ഏദനും ബഗ്ദാദും കൈറോയുമെല്ലാം മതവിശ്വാസത്തോട് ചേര്‍ന്നു രൂപപ്പെട്ടു വന്ന വിജ്ഞാന കേന്ദ്രങ്ങളാണ്. ഇന്ത്യയില്‍ തന്നെ ബനാറസും നളന്ദയുമെല്ലാം ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. പ്രാചീന കാലത്ത് ചര്‍ച്ചുകള്‍ക്ക് കീഴില്‍ ആരംഭിച്ച സെമിനാരില്‍ നിന്നാണ് സെമിനാര്‍ എന്ന പദം നിഷ്പന്നമായത്. കാംബ്രിഡ്ജും ഓക്‌സ്‌ഫോഡുമെല്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റികള്‍ ഉയര്‍ന്നു വന്നതിന്റെ അന്താരാഷ്ട്ര ഉദാഹരണങ്ങളാണ്. മതത്തില്‍ നിന്ന് പ്രത്യക്ഷമായി വേര്‍പെട്ട് പിന്നീട് ഫ്രീ യൂണിവേഴ്‌സിറ്റികള്‍ ലോകത്ത് നിലവില്‍ വരുന്നത് തന്നെ ഇരുപതാം നൂറ്റാണ്ടിലാണ്. മതം എല്ലാത്തിനും പരിഹാരമാണെന്നും സമൂഹത്തിനാവശ്യമുള്ളതെന്തും നല്‍കാന്‍ പണ്ഡിതനാകുമെന്നതിനും മഅ്ദിനും സയ്യിദ് ഖലീല്‍ തങ്ങളും എക്കാലത്തും തെളിവാണ്.

വിദ്യഭ്യാസ രംഗത്തെ നടപ്പുശീലങ്ങളെയും അലിഖിത നിയമങ്ങളേയും സാമ്പ്രദായികതകളേയും വെല്ലുവിളിക്കാനും തന്റെ നിലപാടുകള്‍ക്ക് ആത്മാവും കാലത്തെ അതിജയിക്കാനുള്ള ശേഷിയുമുണ്ടെന്നും ബോധ്യപ്പെടുത്തിയ അത്ഭുതമാണ് അദ്ദേഹം . വൈവിധ്യങ്ങളുടെ നിറക്കൂട്ടില്‍ വസന്തം വിരിയിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. മഅ്ദിന്‍ സ്ഥാപനങ്ങളെ നിരീക്ഷിക്കുമ്പോഴാണ് ഈ പ്രസ്താവനയുടെ തികവ് ബോധ്യപ്പെടുക. അരക്ഷിത ബോധത്താല്‍ പുറംതള്ളപ്പെട്ട ഒരു വിഭാഗം ഉസ്താദില്‍ അഭയത്തേയും ഒരു രക്ഷകനേയും കണ്ടൂ എന്ന് തീര്‍ച്ചയായും ഈ ഘട്ടം തോന്നിപ്പിക്കുന്നുണ്ട്. അനിവാര്യതകള്‍ക്കിടയിലെ പ്രത്യുല്‍പാദനത്തിന് മധുരം ഏറെയുണ്ടാകും. ദിനംപ്രതി വിപുലപ്പെട്ടുവന്ന സ്വലാത്തിന്റെ സദസ്സുകളില്‍ നിന്ന് ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടാണ് യതീംഖാന ആരംഭിക്കുന്നത്. പിതൃമാതൃസ്‌നേഹങ്ങളുടെ അഭാവം തീര്‍ക്കുന്ന വെല്ലുവിളികളില്‍ തകരാതെ അറിവിന്റെ മധു നാവില്‍പുരട്ടി രാജ്യത്തിനും സമുദായത്തിനും ഉത്തമപൗരന്മാരായി അവര്‍ വളര്‍ന്നു. വിവേചനങ്ങള്‍ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങളില്‍ നിന്നും യതീമെന്ന അഭിസംബോധനയില്‍ മുഴങ്ങുന്ന അപരവല്‍ക്കരണത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പറിച്ചുമാറ്റി ആംബിള്‍ഷോര്‍ എന്ന പേരിലേക്കും എക്‌സിക്യൂട്ടീവ് യൂണിഫോമിലേക്കും പില്‍ക്കാലത്ത് യതീംഖാന വിപുലപ്പെട്ടു. സയ്യിദ് ഖലീല്‍ തങ്ങളുടെ ക്രാന്തദര്‍ശനങ്ങളെയും ഇരുത്തം വന്ന കാഴ്ചപ്പാടുകളെയും കണ്‍തുറന്ന് കാണുന്നതിന് കാലം പിന്നെയും സാക്ഷിയായി. ജനങ്ങളുടെ ശ്രദ്ധ പതിയാതെ പോവുകയോ ഏറ്റെടുക്കാനാളില്ലാതെ വരികയോ ചെയ്തവരാണ് അന്ധരും ബധിരരും മൂകരുമെല്ലാം. അറിവിന്റെ മധുരമറിയാനാകാതെ ഒരായുസ്സ് മുഴുവനും കുടുംബത്തിനും സമൂഹത്തിനും ഭാരമായി ഒതുങ്ങിപ്പോവാനുള്ള വിധിവിഹിതം ഏറ്റുവാങ്ങിയവര്‍. അവരുടെ ആത്മാവാണ് അദ്ദേഹം കണ്ടത്. അവരില്‍ അന്തര്‍ലീനമായ ഭിന്നശേഷികളെ മഅ്ദിന്‍ തിരഞ്ഞു പിടിച്ചു. അറിയാനും ഇഴുകി ജീവിക്കാനുമുള്ള അവരുടെ സ്വതന്ത്ര ജീവിതത്തിന് പച്ചക്കൊടി കാണിച്ചു. പലപ്പോഴും ഇന്ദ്രിയശക്തികള്‍ സജീവമാണെന്ന് അവകാശപ്പെടുന്ന നമ്മെക്കാള്‍ നിലവാരമുള്ള ചിന്തകളും ചെയ്തികളും അവര്‍ കാഴ്ച വെച്ചു. ഉമ്മ മരിച്ച് അഞ്ചാം വയസ്സിലാണ് അന്ധയായ റുഫൈദ മഅ്ദിനിലെത്തുന്നത്. ബ്രൈന്‍ ലിപി വഴി എഴുത്തും വായനയും സ്വായത്തമാക്കി. ഒടുവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി ഒന്നാം റാങ്ക് പട്ടം ചൂടി റുഫൈദ ജെ ആര്‍ എഫും നേടി അന്ധതയെ തോല്‍പിച്ചിരിക്കുകയാണ് പാര്‍ശ്വവല്‍കരണത്തിന്റെ കൂട്ടിയിട്ട കരിയിലകള്‍ക്കിടയില്‍ നിന്നും സര്‍ഗശേഷികളെ വലിച്ചെടുക്കാന്‍ നിമിത്തമായത് ഖലീല്‍ തങ്ങളുടെ കാഴ്ച്ചപ്പാടുകളാണ്. മാനവ വിഭവ ശേഷിയെ ഇത്ര വിദഗ്ധമായി പിടികൂടി രാജ്യത്തിന്നുപയോഗപ്പെടുത്താന്‍ ഒരു പണ്ഡിതന്‍ നടത്തിയ ശ്രമങ്ങള്‍ കേരളീയ ഉലമാ ആക്ടിവിസത്തിന്റെ താളുകളില്‍ കനത്ത തലക്കെട്ടുകളില്‍ കോറിയിട്ടിട്ടുണ്ടാകും.
മഅ്ദിന്‍ പകര്‍ന്ന സ്‌നേഹത്തില്‍ തങ്ങള്‍ ഒറ്റപ്പെട്ടവരല്ലെന്ന തിരിച്ചറിവ് ഒരു മന്ദമാരുതന്‍ പോലെ അവരുടെയൊക്കെ മനസ്സിലെവിടെയൊ വീശി. ഇവര്‍ക്കായി പലഭാഗങ്ങളിലും പില്‍കാലത്ത് സ്ഥാപനങ്ങള്‍ പലരും തുറക്കുകയുണ്ടായി. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര വേദികളിലും ഉയര്‍ന്ന പരീക്ഷകളിലും തിളിക്കമാര്‍ന്ന വിജയം നേടിയ അവര്‍ പിതാവായ ഉസ്താദിന്റെയും മഅ്ദിനിന്റെയും യശസ്സ് വാനോളം ഉയര്‍ത്തി. സയ്യിദ് ഖലീല്‍ തങ്ങളുടെ കരള്‍ കോണിലെവിടെയോ അല്ലാഹു ഒഴുക്കിയ മനുഷ്യസ്‌നേ ഹത്തിന്റെ നീരുറവയാണ് ഈ മുന്നേറ്റങ്ങള്‍ക്കെല്ലാം നിദാനമായത്. സാമൂഹ്യ ഗന്ധിയായ ഇത്തരം പദ്ധതികള്‍ ധാരാളം ഉണ്ടായപ്പോള്‍ മതത്തിന്റെ സാമൂഹ്യ ശാസ്ത്രത്തെ ഗവേഷണം ചെയ്യുന്നവര്‍ മഅ്ദിനിനെ ഉത്തമ സ്രോതസ്സായി വിലയിരുത്തുന്നിടത്തേക്കായി കാര്യങ്ങളുടെ പോക്ക്.

മതവും സയന്‍സും വിഭിന്ന ദ്രുവങ്ങളാണെന്ന തെറ്റിദ്ധാരണാജനകമായ ചിന്ത ചിലരെയെങ്കിലും ഭരിച്ച ഘട്ടത്തിലാണ് തിരുത്തുവാക്യങ്ങളുമായി മഅ്ദിന്‍ മുന്നേറുന്നത്. യൂറോപ്പില്‍ സംഭവിച്ചത് പോലെ ഇസ്‌ലാമില്‍ മതവും ശാസ്ത്രവും ഭിന്നവഴികളല്ല പിന്തുടര്‍ന്നത്. മതം യഥാര്‍ തത്തില്‍ ശാസ്ത്രത്തിന്റെ പ്രചോദക ശക്തിയാണ്. ശാസ്ത്രമാകട്ടെ മതത്തിലേക്കുള്ള വഴികാട്ടിയും. ഈ സത്യത്തെ റോം ലാണ്ടോ തന്റെ ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, പുരോഗമനപരമെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുമാര്‍ വിധത്തില്‍ മതത്തിന്റെ അന്തസത്തയെ കളഞ്ഞ് കുളിച്ച് പ്രാദേശിക തലത്തിലും അന്താരാഷ്ട്ര സാഹചര്യങ്ങളിലുമൊക്കെ സലഫിസം ശക്തിപ്പെട്ട ഒരു ഘട്ടത്തേക്കൂടി മഅ്ദിന്‍ തരണം ചെയ്തിട്ടുണ്ട്. സാംസ്‌കാരിക ഇസ്‌ലാമിനും യാഥാസ്ഥിതിക ഇസ്‌ലാമിനുമിടയില്‍ പാഠഭേദം പണിയാനുള്ള പുതിയ കാല രചനകളേയും സംവാദങ്ങളെയും മാപ്പില്ലാതെ പൊളിച്ചെഴുതിയാണ് മഅ്ദിന്‍ സ്ഥാപനങ്ങള്‍ വളര്‍ന്ന് വന്നത്. യാഥാസ്ഥിതിക ഇസ്‌ലാം എന്നതിന്റെ നിര്‍വ്വചനം പലര്‍ക്കും ബോധ്യപ്പെട്ട് തുടങ്ങിയതില്‍ കേരളീയ ഉലമാ ആക്ടിവിസത്തിന് ഗണ്യമായ പങ്കുണ്ടെന്നത് അനിഷേധ്യമാണ്. ഏറെ അതിശയകരമായ കാര്യം നീളക്കുപ്പായക്കാര്‍, തലപ്പാവുധാരികള്‍, പഴഞ്ചര്‍, യാഥാസ്ഥിതികര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നവരുടെ പുത്തന്‍ തലമുറ തന്നെ മികച്ച വിദ്യാഭ്യാസം തേടി മഅ്ദിന്‍ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ തേടിയെത്തി എന്നതാണ്.വേദം പഠിച്ചതിന് ശൂദ്രന്റെ ചെവിയില്‍ ഈയ്യമൊഴിച്ച അനുഭവം ആവര്‍ത്തിക്കപ്പെടരുതെന്ന് കണിശ ബുദ്ധിയുണ്ടായിരുന്നു മഅ്ദിന്‍ സ്ഥാപനങ്ങള്‍ക്ക്. പാവപ്പെട്ടവനും ഉന്നത വിദ്യഭ്യാസവും സ്വന്തം അഭിരുചികള്‍ തേടി യാത്ര ചെയ്യാനുള്ള അസ്ഥിത്വ ബോധവും പ്രദാനം ചെയ്യുന്നതിന് ഈ നിലപാട് ഏറെ സഹായകമായി. കേരള മുസ്‌ലിംകള്‍ക്കിടയില്‍ അതിവേഗത്തില്‍ പ്രസരണം ചെയ്യപ്പെട്ട ഈ നവോത്ഥാന ക്രിയകളില്‍ മറ്റൊരു വശം കൂടി മറിഞ്ഞിരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ക്രിസ്ത്യന്‍ മിഷനറിമാരുടെ മുന്‍ കൈകളാല്‍ കൈകാര്യം ചെയ്യപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിലുണ്ട്. പക്ഷേ അവകളെല്ലാം പില്‍ക്കാലത്ത് വരേണ്യ വല്‍ക്കരിക്കപ്പെടുകയും കീഴാള വിഭാഗത്തിന് വിദ്യാഭ്യാസമെന്നത് വിദൂരസ്വപ്‌നമായി അവശേഷിക്കുകയും ചെയതു. ഈയൊരു സവിശേഷമായ സാഹചര്യവും കൂടി ദീര്‍ഘദൃഷ്ടിയോടെ വിലയിരുത്തിയാണ് കേരളീയ ഉലമാക്കള്‍ കര്‍മ്മ രംഗത്ത് സജീവമായത്. ചിലര്‍ക്കെങ്കിലും സൗജന്യമായും മറ്റുചിലര്‍ക്ക് ഇളവുകള്‍ നല്‍കിയും അവര്‍ക്കു കൂടി വിദ്യാഭ്യാസം നല്‍കാന്‍ മുസ്‌ലിംകള്‍ തയ്യാറായി എന്നതാണ് ഏറെ ശ്രദ്ധേയം. മഅദിനിന്റെ മുന്നേറ്റത്തില്‍ മറക്കാന്‍ അസാധ്യമാം വിധം സംഭാവനകള്‍ നല്‍കിയ ജീവിതത്തിന്റെ ഉടമയായിരുന്നു മര്‍ഹൂം പിഎംകെ ഫൈസി. അദ്ദേഹത്തിന്റെ ധിഷണയും നിരന്തര സന്ദര്‍ശനങ്ങളും കുറച്ചൊന്നുമല്ല സ്ഥാപനത്തിന് ഉപകാരപ്പെട്ടത്. ദഅവ കോളേജുകളുടെ പിറവിയുടെയും ശൈശവദശയുടെയും കാലത്തുതന്നെ മികച്ച ദഅവ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹത്തിന്റെ സാന്നിധ്യം മറക്കാനാവാത്തതാണ്.
പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച മുഖ്യ പ്രതിസന്ധികളില്‍ ഒന്ന്, നൂറ്റാണ്ടുകളായി വിശ്വമുസ്‌ലിം സമൂഹം കൈമാറിപ്പോന്ന ആചാരാനുഷ്ഠാനങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ചു എന്നതാണ്. ആത്മീയ പ്രവാഹത്തെ വെട്ടിപ്പരിക്കേല്‍പിച്ച് ഒരു തരം ഇടുങ്ങിയ ഇസ്‌ലാമിനെ കേരളീയ ഭൂപടത്തില്‍ വിന്യസിക്കാനുള്ള നീചശ്രമങ്ങളെ മഅ്ദിന്‍ പ്രതിരോധിച്ചു. മൗലിദുകളും ആണ്ടും മുഹര്‍റവും ഫെസ്റ്റ് ഓഫ് റജബും റമളാന്‍ ഇരുപത്തിയേഴാം രാവുമെല്ലാം കാലങ്ങള്‍ക്ക് മുമ്പേ വിസ്മൃതിയിലാണ്ട ഒരു സംസ്‌കാരത്തെ മനോഹരമായി തിരിച്ചുപിടിക്കലായി. റമളാനിന്റെ ഇരവുകളെ ആരാധനയാല്‍ ധന്യമാക്കാന്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലെത്തിയ യുവതലമുറയെ കണ്ട് മുഖത്ത് ചുളിവ് വീണ കാരണവന്മാര്‍ സന്തോഷം കൊണ്ടു. അവരും ഇത്തരം കാഴ്ച്ചകള്‍ പഴയകാലത്ത് ഏറെ കണ്ടവരായിരുന്നു. റമളാന്‍ മുപ്പത് ദിവസവും നടക്കുന്ന നോമ്പ് തുറയലേക്ക് പത്തിരികളും മറ്റു വിഭവങ്ങളും കൊടുത്തയക്കാന്‍ അവര്‍ ഉത്സാഹികളായി. ആയുധപ്രയോഗങ്ങളും ബലി സമര്‍പ്പണങ്ങളുമായി മുഹര്‍റം പത്തിനെ വികലമാക്കിയ ശിയാവിശ്വാസത്തെ ദിക്‌റുകളിലൂടെയും നന്മ പൂക്കുന്ന വ്യവഹാരങ്ങളിലൂടെയും ആശൂറാഇനെ സജീവമാക്കി അഹലുസുന്നയുടെ രാജരഥമുരുട്ടി.

ജനാതിപത്യത്തിന്റെ നാലാം എസ്റ്റേറ്റായ മീഡിയ പുതിയ കാലത്തെ മുന്നേറ്റ നിര്‍മ്മിതികളില്‍ ഒഴിച്ച് കൂടാനാകാത്ത സങ്കേതമാണ്. അരക്ഷിത ബോധത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് മാപ്പിളമാര്‍ക്കിടയില്‍ മാധ്യമങ്ങള്‍ വളര്‍ന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജേണലിസ്റ്റുകളെ രൂപപ്പെടുത്തുക എന്നതിലേറെ മുസ്‌ലിം സമുദായത്തിനിടയില്‍ അതി ശക്തമായ മാധ്യമ സാക്ഷരത ആഴത്തില്‍ രൂപപ്പെടുത്തിയെടുക്കാനാണ് മഅ്ദിന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമാണ് ജേണലിസം സെന്റര്‍. ഓരോ സ്ഥാപനങ്ങളുടെയും പിറവിക്ക് അതിന്റേതായ നിമിത്തങ്ങള്‍ ഉണ്ട്. മലപ്പുറം ഗവണ്‍മെന്റ് കോളേജ് ആയിരുന്നു മലപ്പുറം പട്ടണത്തിലെയും പരിസരങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി ആശ്രയിക്കാവുന്ന ഏക സ്ഥാപനം. എന്നാല്‍ പല കാരണങ്ങളാലും അവിടെ പ്രവേശനം ലഭിക്കാതിരിക്കുന വിദ്യാര്‍ത്ഥികള്‍ തീരെ നിലവാരമില്ലാത്ത ട്യൂട്ടോറിയല്‍ കോളേജുകളില്‍ അസ്മിഷന്‍ നേടുന്നത് കണ്ട് മനസ്സ് വേദനിച്ചപ്പോയാണ് മഅ്ദിന്‍ ആര്‍ട്‌സ് കോളേജ് പിറവിയെടുക്കുന്നത്.
മുസ്‌ലിം സമൂഹത്തിനിടയില്‍ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും അനിവാര്യമായ ചില ഘടകങ്ങള്‍ ഉണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. നിലവാരമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തേടിയുള്ള ഓട്ടത്തിനിടയില്‍ മാപ്പിളമാര്‍ ചെന്നെത്തുന്നത് കുരിശു കെണികളിലായിരിക്കും. ഒടുക്കം മുസ്‌ലിം പേരും കൃസ്ത്യന്‍ മനസ്സുമായി കോണ്‍വെന്റുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ ശരീഅത്തിന് മാരകമായ മുറിവുകളേല്‍പിക്കുന്ന വേദനാജനകമായ കാഴ്ച്ചകളും കാണാന്‍ സാധിച്ചു. ഇത്തരം ഒരു സാംസ്‌കാരിക പാലായന, കയ്യേറ്റങ്ങളില്‍ നിന്നും സുരക്ഷ തേടിയാണ് മഅ്ദിന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിക്കുന്നത്. ഇന്ന് കേരളത്തില്‍ തന്നെ മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന പഠനനിലവാരവും അച്ചടക്കവും കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് ഈ സ്ഥാപനം

ആത്മീയതയുടെ അറിവും കനിവുമായി നന്മയുടെ വ്യാഴവട്ടത്തിലേക്ക് മഅ്ദിന്‍ പ്രവേശിച്ചതിന്റെ ആഘോഷമായിരുന്നു പുതിയ സമ്മേളന സംസ്‌കാരത്തെ കേരളീയ മുസ്‌ലിം മണ്ഡലത്തില്‍ പരിചയപ്പെടുത്തി 2009 ല്‍ നടന്ന എന്‍കൗമിയം. ഒരു വര്‍ഷമാണ് ഇത് നീണ്ട് നിന്നത്. കേവലമായ ഒരാഘോഷമല്ലെന്ന് സാരം. ആത്മീയം, വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, പരിസ്ഥിതി തുടങ്ങിയ 12 ഇനങ്ങളിലായി 50ഓളം പരിപാടികളാണ് എന്‍കൗമിയത്തിന്റെ ഭാഗമായി നടന്നത്. പ്രത്യുത ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോഴേക്കും മഅ്ദിന്‍ ഉയര്‍ത്തിയ മാനവികതയുടേയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ സമൂഹം എറ്റെടുത്ത് കഴിഞ്ഞിരുന്നു. എന്‍കൗമിയത്തിനു മുമ്പും ശേഷവും എന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ കെണ്ടെത്തിക്കാന്‍ സമ്മേളനത്തിനു സാധിച്ചു.
എന്‍കൗമിയത്തോടെ മഅ്ദിനിന്റെ വളര്‍ച്ച ഒരു പ്രത്യേക ദിശയിലേക്ക് മാറുന്നത് നമുക്ക് കാണാം. ആധുനികതയിലേക്ക് മഅ്ദിന്‍ ഏറെ കുതിച്ച ഘട്ടമായിരുന്നു ഇത്. അപ്പോഴും ഇസ്‌ലാമിന്റെ പാരമ്പര്യമുഖവും കാരുണ്യതലവും കൂടുതല്‍ ശോഭയോടെ പ്രകാശനം ചെയ്യാനും മഅ്ദിനിന് സാധിച്ചു എന്നതാണ് വിസ്മയാവഹം. മഖ്ദൂമി പാരമ്പര്യത്തെ അനുധാവനം ചെയ്ത് അറുപതോളം രാഷ്ട്രങ്ങളിലേക്ക് ഖലീല്‍ തങ്ങള്‍ നടത്തിയ യാത്രകള്‍ തന്നെയായിരുന്നു നവമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രദേശികത ദേശീയതയായി വികസിക്കുന്നതിന് ഇസ്‌ലാം കയ്യൊപ്പ് ചാര്‍ത്തുന്നു. മാനവിക ആശയങ്ങളുടെ ആഗോളവല്‍കരണം മതത്തിന്റെ താല്‍പര്യമാണ്. കേരളീയ ഭൂപടത്തില്‍ നിന്ന് ലോകഭൂപടത്തിന്റെ വര്‍ത്തമാനം പറയാന്‍ മഅ്ദിനിന് അസ്ഥിയും മജ്ജയും പണിതത് ഈ യാത്രകളാണ്. വൈജ്ഞാനികമായി ഉത്തുംഗ സോപാനത്തിലെത്തിയ ഉമവി അബ്ബാസി കാലഘട്ടങ്ങില്‍ ദേശാന്തരങ്ങള്‍ മുറിച്ചുകടന്ന അറിവന്വേഷണ യാത്രകളാണ് ഇസ്‌ലാമിന്റെ സാന്നിധ്യ ഭൂപടത്തെ ഇത്രയേറെ വികസിപ്പിച്ചത്. ജീവിച്ചിരുന്ന കാലഘട്ടത്തെ പിടിച്ചുകുലുക്കുകയും പടിഞ്ഞാറിന്റെയും കിഴക്കിന്റെയും ചിന്താമണ്ഡലങ്ങളില്‍ കൊടുങ്കാറ്റ് തുറന്നുവിടുകയും ചെയ്ത പണ്ഡിത സഹസ്രങ്ങളുടെ ജീവിതത്തില്‍ ഇത്തരം യാത്രകള്‍ ധാരാളമായി കാണാം. വിവിധ ജ്ഞാനകേന്ദ്രങ്ങളിലേക്കുള്ള ഖലീല്‍ തങ്ങളുടെ സഞ്ചാരങ്ങളും സാംസ്‌കാരികമായ പറിച്ചുനടലുകളും മുസ്‌ലിം കേരളത്തില്‍ വികസിപ്പിക്കുകയും പരിവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്ത ആശാവഹമായ കാഴ്ച്ച ഈ ഘട്ടത്തില്‍ നാം കാണുകയുണ്ടായി. മുസ്‌ലിം നാഗരികതകള്‍ മാനവ കുലത്തിന് നല്‍കിയ സംഭാവനകള്‍ കാലാന്തരത്തില്‍ വിസ്മൃതിയില്‍ കുഴിച്ചു മൂടപ്പെട്ടപ്പോള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞ് നിന്ന് നവനിര്‍മ്മിതകള്‍ പണിയാന്‍ ആളിലാതായിപ്പോയ ദുരന്തമായിരുന്നു ഇടക്കാലത്ത് മുസ്‌ലിം സമൂഹം അനുഭവിച്ചത്. ശക്തമായ കാഴ്ച്ചപ്പാടുകളില്‍ വാര്‍ത്തെടുത്ത യാത്രകളായിരുന്നു ഖലീല്‍ തങ്ങളുടേത് എന്നതാണ് ശ്രദ്ധേയം. ലോകത്ത് കേവലം 3.5 കോടി ജനങ്ങള്‍ മാത്രമേ മലയാളം സംസാരിക്കുന്നൊള്ളൂ. 54 രാഷ്ട്രങ്ങളില്‍ സംസാരിക്കുകയും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള നാലാമത്തെ ഭാഷയുമാണ് അറബി. ജര്‍മനി,ബെല്‍ജിയം, ഹോളണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കുള്ള സഞ്ചാരങ്ങളില്‍ നിന്ന് നവംനവങ്ങളായ നിരവധി കാഴ്ച്ചപ്പാടുകളാണ് അദ്ദേഹം സ്വാംശീകരിച്ചത്. അവിടെയുള്ളവര്‍ ഭൂരിഭാഗവും ഗവേഷണം ഒരു സംസ്‌കാരമായി സ്വീകരിച്ചവരാണ്. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപയോട് തുല്യമായ സ്‌റ്റേപ്പന്റ് ഓരോ വിദ്യാര്‍ത്ഥിക്കും പ്രതിമാസം ലഭിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം നിരവധി തൊഴില്‍ സാധ്യതകള്‍ ഭാഷാ നൈപുണ്യമുളളവരെ കാത്തിരിക്കുന്നൂണ്ട്. ഇന്ത്യയില്‍ തൊഴില്‍ സാധ്യതയുടെ സൂചിക താഴോട്ട് വരികയാണ്. വിശേഷിച്ചും ഗള്‍ഫ് നാടുകളില്‍ അത് അസ്തമിച്ച് കഴിഞ്ഞു. അതേസമയം യൂറോപ്യന്‍ നാടുകളിലൊക്കെ ജനസംഖ്യ തുലോം കുറവാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് 22 മില്യണ്‍ പട്ടാളക്കാരടക്കം 50 മില്യണ്‍ ആളുകളാണ് യൂറോപ്പില്‍ കൊല്ലപ്പെട്ടത്. ആയതിനാല്‍ യൂറോപ്പ് മാനവ വിഭവ ശേഷിക്കായി ദാഹിക്കുന്നുണ്ട്. പോരാത്തതിന്ന് പടിഞ്ഞാര്‍ ഇസ്‌ലാമിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുമുണ്ട്. അവിടെ പലയിടങ്ങളിലും ചര്‍ച്ചുകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു. അഭിമാനപൂര്‍വ്വമുള്ള ജീവിതത്തെ ഖുര്‍ആനില്‍ നിന്ന് വായിക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്പില്‍ ത്വരിതഗതിയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കൊര്‍ദോവ, ആന്തലൂസി, ഗ്രാനഡ, ശാത്വിബ തുടങ്ങിയ മഹാനഗരങ്ങളുടെ കാഴ്ച്ചകള്‍ ഒരു പണ്ഡിതനെ ഗതകാല സ്മരണകളിലേക്ക് നയിക്കുകയും ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് ജീവിതം തിരിച്ചു വിടുകയും ചെയ്‌തെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. വിദേശഭാഷ എന്നത് ഇംഗ്ലീഷ് മാത്രമല്ലെന്ന് കൈരളിയെ പഠിപ്പിച്ചത് മഅ്ദിനാണ്. ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ജെര്‍മന്‍, സ്പാനിഷ്, മലായ്, അറബി തുടങ്ങിയ ഭാഷകള്‍ക്ക് പ്രത്യേക സെന്ററുകള്‍ മഅ്ദിന്‍ ആരംഭിക്കുന്നത് ഇത്തരം കാഴ്ച്ചപ്പാടുകളില്‍ നിന്നാണ്. കേരളത്തില്‍ തന്നെ അപൂര്‍വ്വമായ ഹൈടെക് ലൈബ്രറിയും പുതുതായി ആരംഭിച്ച അറബിക് അക്കാദമിയും ഇതിന്റെ തുടര്‍ച്ചകളാണ്. അറബി മാത്രം സംസാരിക്കുന്ന അക്കാദമി മഅ്ദിനിന് അന്താരാഷ്ട്ര മുഖം നേടിക്കൊടുക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇതിനകം അന്താരാഷ്ട്രനിലവാരമുള്ള ഒമ്പതോളം യൂണിവേഴ്‌സിറ്റികളുമായി വിദ്യാഭ്യാസ വിനിമയ കരാറുകളില്‍ ധാരണയാകാനും മഅദി നിന് അപൂര്‍വ്വനേട്ടം സിദ്ധിച്ചു.

കേരളത്തില്‍ ആദ്യമായി മഅ്ദിന് ഗ്രാന്റ് മസ്ജിദ് വീല്‍ചെയര്‍ഫ്രണ്ട്‌ലി ആയി മാറിയതിനെ എത്ര രോമാഞ്ചത്തോടെയായിരിക്കും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടാവുക? വികലാംഗരായ ആളുകളുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹതാപവും കുത്തുവാക്കുകളുമേറ്റ് വീടിന്റെ ചെരുവിലെവിടെയോ ഇഴഞ്ഞുകിടന്നു തീരുന്ന ജന്മങ്ങള്‍. ഇന്നും ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നിസ്‌ക്കരിക്കാനെത്തുന്ന ആള്‍ക്ക് അതിശയകരമായ ആ കാഴ്ച്ച കാണാം. പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ മതം ഏറെ പുണ്യംകല്‍പ്പിച്ച ജമാഅത്ത് നിസ്‌ക്കാരങ്ങള്‍ക്ക് ആദ്യ സ്വഫില്‍ അണിനിരക്കുന്നു. അതും പോരിശ ഏറെയുള്ള വലതു ഭാഗത്ത്. അങ്ങനെ അവരുടെ ചിന്തകള്‍ക്കും നിറങ്ങളുണ്ടായി, ജീവിതത്തിന് അര്‍ഥമുണ്ടായി. പതിയെ പതിയെ മുഖ്യധാരയിലേക്ക് അവരും കാല്‍വെച്ച് തുടങ്ങി. ഭിന്നശേഷിക്കാരുടെ മുന്നേറ്റത്തിനായി ഏബ്ള്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന് ശിലയിടാനും മഅ്ദിനിന് സാധിച്ചു. മനുഷ്യ സ്‌നേഹിയും ലോക രാജ്യങ്ങള്‍ക്കിടയില്‍ മലയാളിയുടെ യശസ്സ് വാനോളമുയര്‍ത്തിയവരുമായ എം.എ യൂസുഫലിയാണ് ആ കര്‍മ്മം നിര്‍വ്വഹിച്ചത്.
സര്‍വ്വ തിന്മകളുടെയും താക്കോല്‍ എന്നാണ് മദ്യത്തെ നബി (സ) വിശേഷിപ്പിച്ചത്. മദ്യപാനികളില്‍ അധികപേരും ചതി വലകണ്ണികളില്‍ പെട്ടവരായിരിക്കും. സുഹൃദ് വലയങ്ങള്‍ നല്ല അവസരങ്ങളും സൃഷ്ടിച്ചു നല്‍കുന്നു. രാജ്യത്തിനും സമുദായത്തിനും വിലയേറിയ എത്ര ശേഷികളാണ് ഇതുവഴി ഉടഞ്ഞുപോകുന്നത്. കുടിച്ച് കൂത്താടി ആസ്വാദനങ്ങളില്‍ അഭിരമിക്കുന്ന ഒരു വിഭാഗത്തിന് ഏതു നിര്‍മിതിക്കാണ് സമൂഹത്തില്‍ സാധിക്കുക? ചുവന്ന കണ്ണുകളുമായി വീടുകയറി വരുന്ന കുടുംബനാഥന്മാര്‍ എന്ത് സന്തോഷമാണ് തങ്ങളുടെ വീടുകളില്‍ ബാക്കി വയ്ക്കുക? എങ്കിലും പലരും പെട്ടു പോയവരാണ്, നന്മ പറഞ്ഞുപദേശിക്കാന്‍ ഒരാള്‍ ഉണ്ടായെങ്കില്‍ എന്ന് കൊതിക്കുന്നവരാണ് ലഹരി ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനവും. അവരുടെ ആഗ്രഹങ്ങള്‍ക്ക് ഉത്തരമാണ് മഅദിന്‍ മിംഹാര്‍.

സ്ത്രീവിദ്യാഭ്യാസം വിശേഷിച്ചും മുസ്‌ലിം സ്ത്രീകളുടെ മതജ്ഞാനം ഏറെ ചര്‍ച്ചയാണിന്ന്. ക്യാമ്പസുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ ഇസലാമിക സ്വത്വം സംരക്ഷിച്ചു കൊണ്ടുള്ള പഠനം അസാധ്യമാണെന്ന് മാത്രമല്ല പുതിയകാലത്ത് അന്യമതക്കാരുടെ കൂടെ ഇറങ്ങി പോകുകയും സമുദായത്തെ നാണം കെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ് സ്ത്രീ വിദ്യാഭ്യാസരംഗത്ത് വ്യതിരിക്തമായ കാല്‍വെയ്പുകള്‍ നടത്താന്‍ മഅ്ദിന്‍ തീരുമാനിച്ചത്. മാത്രവുമല്ല കുടുംബത്തിന്റെ നാരായവേരും ഗുണമേന്മയുള്ള സമുദായ നിര്‍മ്മിതിയില്‍ മുഖ്യപങ്കുവഹിക്കുന്ന ആളുകളുമാണ് ഉമ്മമാര്‍. അവരുടെ വിദ്യാഭ്യാസം ഒരു തലമുറയുടെ ഭാവിയാണ് ഭാസുരമാക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഹാഫിളത്തുകളും ഉയര്‍ന്ന മത ജ്ഞാനം കരഗതമാക്കിയവരും ഒപ്പം ആധുനിക വിദ്യാഭ്യാസവും കരസ്ഥമാക്കിയ കുടുംബനാഥകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീ ക്യാമ്പസും ക്യൂലാന്റുമൊക്കെ ആരംഭിക്കുന്നത്. യാഥാസ്ഥിതികതയുടെ പ്രതിച്ഛായയില്‍ നിന്നുകൊണ്ടുതന്നെ മതത്തിന്റെ വിശ്വാസധാരയെ എങ്ങനെയെല്ലാം സ്വീകരിക്കാമെന്നുകൂടി ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ജ്ഞാന സമൃദ്ധിയുടെ ഇരുപതാണ്ടുകള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ മഅദിനിന് ഏറെ അഭിമാനിക്കാം. ഇസ ലാമിക നാഗരികതയെ സാധ്യമാക്കിയ ഘടകങ്ങളെ ചരിത്ര തത്വ ചിന്ത വിശാരദനായ വില്‍ ഡ്യൂറന്റ് നിരീക്ഷിക്കുന്നുണ്ട്. സൂക്ഷ്മമായ ആത്മീയത, നൈതികമായ കാഴ്ചപ്പാട്, ഭദ്രമായ മൂല്യസമീപനങ്ങള്‍ എന്നിവയാണവ. മഅ്ദിനിലും അതിന്റെ സാരഥിയിലും ഇവകള്‍ ആദ്യാന്തം സജീവമായി നിലനില്‍ക്കുന്നത് നമുക്ക് നിരീക്ഷിക്കാനാവും. മഅ്ദിന്‍ സ്ഥാപനങ്ങള്‍ കേവലം എടുപ്പുകള്‍ മാത്രമല്ല, ദുര്‍ബലര്‍ സമൂഹത്തിലെ നിര്‍ണായകശക്തികളായ തെങ്ങനെ എന്നുകൂടി അവ നമ്മെ പഠിപ്പിക്കുന്നുണ്ട്. നിന്നേടത്ത് നിന്നു തന്നെ കാര്യങ്ങള്‍ സാധ്യമാക്കാമെന്ന സ്ഥിതിയിലേക്ക് മലപ്പുറത്തെ മാറ്റിവരക്കുന്നതില്‍ മഅദിന്‍ പ്രഥമ സ്ഥാനം വഹിച്ചു. ഇന്ന് മലപ്പുറം വിദ്യാഭ്യാസ നഗരമാണ്. ചേറിലും പാടങ്ങളിലും രാവന്തി കഴിച്ചിരുന്ന മാപ്പിളമക്കള്‍ ആത്മവിശ്വാസമുള്ളവരായി മാറിയിരിക്കുന്നു. ഒരു ജനതയെ വിശേഷിച്ചും പതിത സമൂഹത്തെ കുറഞ്ഞ കാലംകൊണ്ട് ആത്മവിശ്വാസമുള്ളവരാക്കി മാറ്റുക എന്ന അത്യധികം ക്ലേശകരമായ ദൗത്യത്തിന് മുന്നില്‍ നിന്നു എന്നതാണ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയുടെ മഹത്വം. ഒപ്പം, സ്വലാത്ത് നഗര്‍ ഒരു വലിയ ദേശമായി പരിണമിച്ചിരിക്കുന്നു. ഇസ്‌ലാമിലെ ഒരനുഷ്ഠാനത്തിന്റെ നാമത്തില്‍ ഒരു ദേശം അറിയപ്പെട്ടതിനെ ചെറിയൊരു ഇലയനക്കമായിട്ടൊന്നുമായിരിക്കില്ല ചരിത്രം അടയാളപ്പെടുത്തുക.

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×