No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

‘ദൈവത്തിന്റെ പുസ്തകം’ ജനിക്കുന്ന വിധം

‘ദൈവത്തിന്റെ  പുസ്തകം’  ജനിക്കുന്ന വിധം
in Memoir
December 30, 2018
കെ.പി രാമനുണ്ണി

കെ.പി രാമനുണ്ണി

2017 ലെ കേന്ദ്ര സഹിത്യ അകാദമി അവാര്‍ഡ് നേടിയ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന്റെ പ്രധാനകഥാപാത്രമായ മുഹമ്മദ് നബി(സ)യുടെ ജീവിതത്തെ താന്‍ എങ്ങെനെയാണ് അനുഭവവേദ്യമാക്കിയത് എന്ന് വിശദീകരിക്കുകയാണ് ഗ്രന്ഥക്കാരന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മഅ്ദിന്‍ നോളജ് ഹണ്ടിന്റെ ഏറ്റവും മനോഹരമായ സൃഷ്ടികൡലൊന്നാണ് ദൈവത്തിന്റെ പുസ്തകത്തിന്റെ അനുഭവരൂപീകരണമെന്ന് ഗ്രന്ഥകാരന്‍ പറയുകയാണ്.

Share on FacebookShare on TwitterShare on WhatsApp

ജീവിതത്തിന്റെ പുസ്തകം എന്ന നോവല്‍ എഴുതാനായി പ്രണയത്തെക്കുറിച്ച് കുറേ ആലോചനകളും അന്വേഷണങ്ങളും എനിക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. പ്രണയവിവാഹം കഴിച്ചവരെയും പ്രണയം തകര്‍ന്ന് തരിപ്പണമായവരെയും ഒന്ന് മുടിഞ്ഞ് മറ്റൊന്നില്‍ ചേക്കേറിയവരെയുമെല്ലാം ഞാന്‍ കണ്ടു, സംസാരിച്ചു, സ്വകാര്യത ഉറപ്പ് നല്‍കി ഇന്റര്‍വ്യുകള്‍ നടത്തി. ഇതില്‍ നിന്നെല്ലാം തിരിച്ചറിയാന്‍ കഴിഞ്ഞത് പ്രണയം സ്ത്രീപുരുഷന്മാര്‍ കണ്ടുമുട്ടിയതിന് ശേഷം ഉരുത്തിരിയുന്ന സംഗതിയേ അല്ലെന്നാണ്. ആദ്യമേ പ്രണയവികാരം നിറഞ്ഞ് തുളുമ്പുന്നവരിലേക്ക് അത് പകരാന്‍ പാകത്തിലുള്ള ഭാജനങ്ങള്‍ വന്നെത്തലാണ് സത്യത്തില്‍ സംഭവിക്കുന്നത്. അദമ്യമായ തേടലിന്റെ ആകര്‍ഷണശക്തിയാലാകാം ഓരോ പ്രണയിയിലേക്കും ഇന്നാ പിടിച്ചോ എന്ന തരത്തില്‍ അതിശ്രൂതം പങ്കാളികള്‍ അണഞ്ഞെത്താറുള്ളത്.
സമാനമായ പ്രവര്‍ത്തനമല്ലേ നോവല്‍ രചനയിലും നടക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തെങ്കിലുമൊന്ന് കണ്ണില്‍ പെട്ട് ഓ, ശരി അതിനെകുറിച്ച് എഴുതിക്കളയാം എന്ന തരത്തിലല്ല മികച്ച ആഖ്യായികകളുടെ രചന. മിലന്‍ കുന്ദേര പറഞ്ഞതു പോലെ നോവലിന് അനിവാര്യമായ ജീവിതദര്‍ശനം പ്രണയാവേശമായി എഴുത്തുകാരന്റെ ഉള്ളില്‍ തിരതള്ളണം. അപ്പോള്‍ അതിനെ സാക്ഷാല്‍കരിക്കാന്‍ തക്കതായ സ്ഥലവും കാലവുമെല്ലാം പ്രണയഭാജനത്തെപ്പോലെ അയാളെ അല്ലെങ്കില്‍ അവളെ തേടിയെത്തും.

ഉണ്ണ്യേ നമ്മുടെ കൃഷ്ണന്റെ പോലെ തന്നെയാണ് ഖയ്യൂമിന്റെ നബിയുമെന്ന്, കുട്ടിക്കാലം മുതലേ കേട്ട് പരിചയിച്ച അമ്മയുടെ വാക്കുകളായിരുന്നു. ‘ദൈവത്തിന്റെ പുസ്തക’മെന്ന നാലാം നോവല്‍ രചിക്കാന്‍ എന്നെ പ്രേരിപ്പിച്ച് ജീവിതദര്‍ശനത്തിന്റെ മുരട്. അതില്‍ നിന്നാണ് ദൈവദൂതരായി ധര്‍മസ്ഥാപനാര്‍ത്ഥം അവതരിച്ച കൃഷ്ണനെയും മുഹമ്മദിനെയും കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ചിന്തിച്ച് ചിന്തിച്ച് വ്യക്തി പ്രജ്ഞയെ സമൂഹ പ്രജ്ഞയാക്കാനുള്ള അവരുടെ വൈഭവവും ഏകോദരസഹോദരെപ്പോലുള്ള പ്രവര്‍ത്തനങ്ങളും, രക്ഷകരെ കാത്ത് വിലപിക്കുന്ന ഭൂമിയിലേക്കുള്ള രണ്ടുപേരുടെയും പുതുകാല പ്രയാണവുമെല്ലാം ചേര്‍ന്നൊരു ജീവിത ദര്‍ശനം പ്രണയാതുരമായി എന്നില്‍ ആവിര്‍ഭവിച്ചു. ജീവിതത്തിന്റെ പുസ്തകത്തെ സംബന്ധിച്ച കുതൂഹലങ്ങളെല്ലാം ഒട്ടൊന്ന് അടങ്ങിയിട്ടുണ്ട്. ആയ്‌ക്കോട്ടെ. നാലാമത്തെ നോവല്‍ രചന ശ്രീകൃഷ്ണനെയും മുഹമ്മദ് നബിയെയും ചേര്‍ത്ത് പിടിച്ചാകട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു. നോവല്‍പ്പനി കലശലായതും അതിന് വേണ്ട ഇതിവൃത്തവും പ്രമേയവുമെല്ലാം അവതരിക്കാനും തുടങ്ങി.
അതാ, സിഗ്മസെന്റോറി നക്ഷത്രം മൃതിയടഞ്ഞുണ്ടായ തമോഗര്‍ത്തം ഭൂമിക്ക് ഭീഷണിയുയര്‍ത്തുന്നു. തകിടം മറിയുന്ന ഊര്‍ജതന്ത്ര നിയമങ്ങള്‍ മൂലം ദ്വാപരയുഗത്തിന്റെയും ആറാം നൂറ്റാണ്ടിന്റെയും കഷ്ണങ്ങള്‍ ഭൂമിയില്‍ വന്ന് പതിക്കുന്നു. അവയില്‍ സൂക്ഷ്മ രൂപത്തില്‍ ജീവിതങ്ങള്‍ ആവര്‍ത്തിക്കുന്ന കൃഷ്ണനും നബിയും പഴയ കാലങ്ങളില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഒളിച്ച് കടക്കുന്നു. കേശവന്റെയും മുഹമ്മദിന്റെയും പ്രഭാവത്താല്‍ പല പല ശുദ്ധീകരണപ്രക്രിയകള്‍ ഭൂലോകത്ത് നടക്കുന്നു. വര്‍ത്തമാനകാല ശുദ്ധിക്ക് ഭൂതകാലവിശുദ്ധിയും ആവശ്യമുള്ളതിനാല്‍ കാറല്‍ മാര്‍ക്‌സ്, മോഹന്‍ദാസ് കരംചന്ദ് ഗാന്ധി തുടങ്ങിയ പല ചരിത്ര പുരുഷന്‍മാരും സ്വയം വെട്ടിയും തിരുത്തിയും പുനരവതരിക്കുന്നു.

ഭൂമിക്കു മേലുള്ള തമോഗര്‍ത്തസ്വാധീനം സ്ഥാപിക്കാനായി എനിക്ക് നാസയിലെ ഒരു സാറ്റലൈറ്റ് വിക്ഷേപണത്തിന്റെ തകര്‍ച്ച ചിത്രീകരിക്കേണ്ടിയിരുന്നു. ഉടന്‍ തന്നെ ഐ. എസ്. ആര്‍. ഒ എഞ്ചിനീയറായ അനിയന്‍ മാങ്ങോട്ടീരി സഹായ വാഗ്ദാനവുമായി അവതരിച്ചു. അമ്മ പറഞ്ഞുകേട്ട കുട്ടിക്കാല കഥകള്‍ ജ്ഞാനോദയ സിദ്ധാന്തങ്ങള്‍ വികൃതപ്പെടുത്താത്ത ശ്രീകൃഷ്ണനെയും എത്തിച്ചു തന്നു. കേശവനെയും റസൂലിനെയും ഒരേ തൂവല്‍പക്ഷികളായി ആവിഷ്‌കരിക്കാന്‍ ശ്രമിച്ചതും കൃഷ്ണ-നബി സാമ്യങ്ങള്‍ വിവരിക്കുന്ന ഓഷോയുടെ ഏതോ പ്രഭാഷണ ലേഖനം ശ്രദ്ധയില്‍പ്പെട്ടു. ഓര്‍ക്കാപ്പുറത്തതാ ഡോക്ടര്‍ മുഹമ്മദ് ഖാന്‍ ഡുറാനി എഴുതിയ ഗീത ആന്റ് ഖുറാന്‍ എന്ന പുസ്തകം പ്രൊഫസര്‍ അഹ്മദ് കുട്ടി ശിവപുരം അയച്ചു തരുന്നു. മരുഭൂമിയുടെ ചിത്രീകരണം സാദ്ധ്യമാക്കാന്‍ മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയും (വിവ- എം എന്‍ കാരശ്ശേരി) വി. മുസാഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥയും തേടിയെത്തുന്നു. പിന്നെ കാറല്‍ മാര്‍ക്‌സ് എന്ന വ്യക്തിയെ അറിയാന്‍ മേരി ഗബ്രിയേല്‍ എഴുതിയ ലൗ ആന്റ് കാപിറ്റല്‍, ഗാന്ധി മനസ്സിന്റെ ആഴങ്ങള്‍ തുഴയാന്‍ ബഹുരൂപി ഗാന്ധി (അനുബന്ദോപാദ്ധ്യായ), ബാപ്പു- മൈ മദര്‍ (മനുബെന്‍ ഗാന്ധി), മഹാത്മാഗാന്ധി(കൃഷ്ണകൃപലാനി) തുടങ്ങിയ ഗ്രന്ഥങ്ങളും പല വഴികളില്‍ ഒത്തു കിട്ടി.
ഇനി മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കാനുള്ള ഭാവാര്‍ത്ഥപ്പൊരുളാണ് എന്നില്‍ സംഭൂതമാകേണ്ടത്. വി. എ കബീര്‍, ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ, ഇല്യാസ് മൗലവി, എ. കെ അബ്ദുള്‍ മജീദ് പ്രൊഫസര്‍ അഹമ്മദ് കുട്ടി ശിവപുരം പി.കെ പാറക്കടവ്, എ. പി കുഞ്ഞാമു എന്നീ വ്യക്തികളും കാരുണ്യത്തിന്റെ ദൈവദൂതര്‍, മാര്‍ട്ടിന്‍ ലിങ്ങ്‌സിന്റെ മുഹമ്മദ് (വിവ. കെ. ടി സൂപ്പി) തുടങ്ങിയ പുസ്തകങ്ങളും നബി ചരിത്രം കൃത്യമായി പഠിപ്പിച്ച് തന്നെങ്കിലും എന്തോ ഒരു കിട്ടായ്ക- നമ്മുടെ കൃഷ്ണന്റെ മുറിച്ച മുറിയാണ് ഖയ്യൂമിന്റെ നബിയുമെന്ന് അമ്മ പറഞ്ഞു തന്നിരുന്നെങ്കിലും പണ്ടെങ്ങോ നാടുവിട്ട കാരണവരെപ്പോലെ റസൂലിനെ അങ്ങ് പിടികിട്ടായ്ക. കണ്ടും കേട്ടും സ്പര്‍ശിച്ചും സ്വയം തന്മയീഭവിക്കാതെ കുറേ ഇന്‍ഫര്‍മേഷന്‍സ് വെച്ച് കഥാപാത്രത്തെ ഉരുത്തിരിക്കാനും സാദ്ധ്യമല്ല.

പ്രണയക്കൊടുമ്പിരിയില്‍ പ്രണയിനിയെ തേടുന്ന അക്ഷമ എന്നില്‍ ഇതോടെ മൂര്‍ഛിച്ചുകയറി. തീര്‍ത്തും അവിചാരിതമായിട്ടായിരുന്നു മലപ്പുറത്തെ മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ അപ്പോള്‍ എത്തിച്ചേര്‍ന്നത്. ‘രാമനുണ്ണി സാറല്ലേ. ഞാന്‍ ഉമര്‍ മേല്‍മുറിയാണ്. മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വിദേശത്തേക്ക് ഒരു സിയാറത്ത് യാത്ര(പുണ്യയാത്ര) പോകാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആ സംഘത്തില്‍ ഒരേയൊരു അമുസ്‌ലിം സഹോദരനായി താങ്കള്‍ ചേരണമെന്ന് അക്കാദമി അദ്ധ്യക്ഷന്‍ ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സമ്മതിച്ച് കൂടെ പോരണം.’ ലാന്‍ഡ് ലൈനിന്റെ അപ്പുറത്ത് നിന്ന് ആഴമുള്ള സ്വരം അഭ്യര്‍ത്ഥിച്ചു. ‘മക്കയിലേക്കും മദീനയിലേക്കുമെല്ലാം പോകുന്നുണ്ടോ? നബിയുടെ നാടുകള്‍ കാണാന്‍ കുറേ കാലമായി ഞാന്‍…’ പെട്ടെന്ന് കുതൂഹലപ്പെട്ട ആവേശം ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
‘മക്കയിലേക്കും മദീനയിലേക്കും പോകുന്നില്ലെങ്കിലും നബിസ്മരണ നിറഞ്ഞ നാടുകളിലൂടെ പോകുന്നുണ്ട്. ഉദാഹരണമായി ജറൂസലേമിലെ ബൈത്തുല്‍ മുഖദ്ദസ്. ഇറാഖിലെ കര്‍ബല, കയ്‌റോയിലെ സൈദ് ഹുസൈന്‍ മോസ്‌ക് – ആകെ അഞ്ച് രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.’
ഉമ്മര്‍ മേല്‍മുറി എന്റെ മൂഡ് തിരിച്ചറിഞ്ഞു കൊണ്ട് സംസാരിച്ചു.
‘ഹലോ, ഹലോ, ഹലോ കേള്‍ക്കുന്നില്ലേ, കേള്‍ക്കുന്നില്ലേ.’ ഇപ്പുറത്തെ എന്റെ മൗനം സമ്മതമായ് മനസ്സിലാക്കാതെ അദ്ദേഹം പിന്നെയും ഒച്ച വെച്ചു.
‘വരാം, ഞാന്‍ വരാം’
ഒടുവില്‍ എന്റെ ചുണ്ടുകള്‍ പതിയെ പറഞ്ഞു.
ഞങ്ങളുടെ പള്ളീപ്പോക്കും പ്രാര്‍ത്ഥനകളും ബോറടിപ്പിച്ചാല്‍ രാമനുണ്ണിക്ക് സമീപസ്ഥലങ്ങള്‍ ചുറ്റിക്കറങ്ങാമെന്ന് ഖലീല്‍ ബുഖാരി സാഹിബും ഉമ്മര്‍ മേല്‍മുറിയും അബ്ബാസ് പനക്കലും യാത്ര പുറപ്പെടുമ്പോള്‍ തന്നെ കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചുറ്റിക്കറങ്ങലോ, കാഴ്ച കാണലോ ആയിരുന്നില്ല എന്റെ ലക്ഷ്യം. മുസ്‌ലിം സോദരങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന നേരത്ത് അവരെ പ്രാര്‍ത്ഥനയിലേക്ക് നയിച്ചവനെ, അതായത് മുഹമ്മദ് നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയെ ആഞ്ഞുപിടിക്കുക, ഇറാഖിലെയും ഈജിപ്തിലെയും മരുഭൂപ്രദേശങ്ങളില്‍ നിന്ന് അവന്റെ ജീവിത പരിസരങ്ങള്‍ പുനസൃഷ്ടിക്കുക, കര്‍ബലയിലും ബൈത്തുല്‍ മുഖദ്ദസിലും സയ്യിദ് ഹുസൈന്‍ മോസ്‌കിലുമെല്ലാം റസൂലിന്റെ ഓര്‍മകളില്‍ ആലോലം മുങ്ങുക- ഇതെല്ലാമായിരുന്നു യാത്രയെ സംബന്ധിച്ചുള്ള എന്റെ ഗൂഢമായ ആസൂത്രണങ്ങള്‍. വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജില്‍ വെച്ച് സിയാറത്ത് സംഘം ഖുറാന്‍ ഓതാന്‍ തുടങ്ങിയ നിമിഷം മുതല്‍ വേദസൂക്തങ്ങള്‍ അവതരിച്ച നബിവദനം ഞാന്‍ മനസ്സില്‍ മെനെഞ്ഞെടുത്തു. സൂറത്തു ളൂഹായിലെ പ്രാരംഭം വചനം തന്നെ പ്രവാചകന് ചുറ്റും എന്റെ പ്രജ്ഞയെ അപ്രതിരോധ്യമാം വണ്ണം മുത്തിമണപ്പിച്ചു. ഖലീല്‍ ബുഖാരി തങ്ങളും മറ്റുള്ളവരും പ്രാര്‍ത്ഥനാവേളയില്‍ അള്ളാവിനെ സ്മരിച്ചായിരുന്നു കണ്ണീരണിഞ്ഞതെങ്കില്‍ ഞാന്‍ തിരുദൂതരെ ഓര്‍ത്തായിരുന്നു കോരിത്തരിച്ചതെന്ന് സാരം.
‘സൂക്തങ്ങള്‍ ചൊല്ലുന്നില്ലെങ്കിലും രാമനുണ്ണി നമ്മുടെ പ്രാര്‍ത്ഥനയില്‍ അലിയുന്നുണ്ടല്ലേ.!’ അബ്ബാസ് ഉമ്മറിനോട് കുശുകുശുക്കുന്നത് ഞാന്‍ കേട്ടു.
അതെ, സ്‌നേഹസമര്‍പണം പ്രാര്‍ത്ഥനയാണെങ്കില്‍ ഞാനും പ്രാര്‍ത്ഥിക്കുക തന്നെയാണ്. സ്ഥാനം തെറ്റിയുള്ള ഭക്തി പോലും ആത്യന്തികമായി എന്നിലാണ്, എന്നുവെച്ചാല്‍ ഈശ്വരനിലാണ് എത്തിച്ചേരുകയെന്ന് കൃഷ്ണന്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്റെ മനസ്സ് മൗനമായി പ്രതികരിച്ചു.
സുദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ മാത്രമല്ല, പൊന്നാനി ബാല്യത്തെ ഓര്‍മിപ്പിക്കുന്ന കടുത്ത തീറ്റയും കുടിയും കൂടി സിയാറത്ത് പുറപ്പെടലിന്റെ ഭാഗമായി ഭാഗമായിരുന്നു. അതെല്ലാം കഴിഞ്ഞ് വിമാനമേറി ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ മനോവ്യാപാരങ്ങള്‍ ഭൗതികപ്രത്യക്ഷങ്ങളെ അട്ടിമറിച്ച വല്ലാത്തൊരു സംഭവമുണ്ടായി. സിംഗപ്പൂര്‍ വിമാനത്താവളത്തെപ്പോലും വെല്ലുന്ന ആര്‍ഭാട കേന്ദ്രമാണ് സത്യത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. മുന്‍കാലവരവുകളിലെല്ലാം സായിപ്പത്തികളുടെ ശരീരവടിവുകളിലും ബാറുകളിലെ വര്‍ണക്കുപ്പികളിലുമായിരുന്നു എന്റെ കള്ളക്കണ്ണ്-. ഇപ്പോഴും ഞാന്‍ അതെല്ലാം കാണുന്നില്ലേ എന്ന് ചോദിച്ചാല്‍ കാണുന്നുണ്ട്. കേള്‍ക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ കേള്‍ക്കുന്നുണ്ട്. മണക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ മണക്കുന്നുണ്ട്. പക്ഷേ മനസ്സ് ആസക്തമാകുന്നില്ലെന്ന് മാത്രം. ഖുറാന്‍ സൂക്തങ്ങളുടെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന റസൂലിന്റെ മുഖം ഹൃദയത്തോട് ചേര്‍ത്ത് നടന്നപ്പോള്‍ മദാമ്മമാരുടെ തൂവെള്ളത്തുടകളും ബാറിലെ മദ്യക്കുപ്പികളുമെല്ലാം പുല്ല്- അവയെല്ലാം വിളറി വെളുത്ത് അനാകര്‍ഷകമാകുന്ന പോലെ.
ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറാഖിലെ ബസ്‌റ അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് നാലരമണിക്കൂറായിരുന്നു യാത്രാ സമയം. കോണി വെച്ച് വിമാനമിറങ്ങി ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേക്ക് നീങ്ങിയപ്പോള്‍ ഇതെന്താ വിമാനത്താവളമോ പഴയ പള്ളിപ്പുറം റയില്‍വേ സ്റ്റേഷനോ എന്ന അന്ധാളിപ്പാണ് ഉണ്ടായത്. കാരണം വൃത്തി കെട്ട് നിറം മങ്ങിയ കൗണ്ടറുകള്‍, ഇടിഞ്ഞു പൊളിഞ്ഞ ടോയ്‌ലെറ്റുകള്‍- ഇമിഗ്രേഷന്‍ സെക്ഷനില്‍ ഒരൊറ്റ ഒഫീഷ്യലിന് മാത്രമേ കമ്പ്യൂട്ടര്‍ കൈവശമുള്ളൂ. ബാക്കിയുള്ളവരെല്ലാം ഫയലുകളില്‍ ബോള്‍ പോയന്റ് പേന വെച്ച് ഉന്തുകയാണ്. ദശാബ്ദങ്ങള്‍ നീണ്ട വംശീയ കലാപത്താലും അമേരിക്കന്‍ അധിനിവേശത്താലും ഗതി കെട്ട ഇറാഖിന്റെ വികൃതചിത്രമായിരുന്നു അത്.
ബസ്‌റ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടി പുറത്തിറങ്ങണമെങ്കില്‍ ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും സമയമെടുക്കുമെന്ന് അപ്പോഴാണ് ഖലീല്‍ ബുഹാരി തങ്ങള്‍ പുഞ്ചിരിച്ച് ചൊല്ലിയത്. പ്രശ്‌നമില്ല. കാത്തുകെട്ടിക്കിടക്കുന്ന നേരത്ത് തിന്നാനും കുടിക്കാനും കൊറിക്കാനുമുള്ളതെല്ലാം അദ്ദേഹം കയ്യില്‍ കരുതിയിട്ടുണ്ട്.

‘ഉമ്മറേ, അബ്ബാസേ പാഥേയങ്ങള്‍ പുറത്തെടുത്തോളൂ!’ നീണ്ട വലിയ മുഖത്ത് കാരുണ്യ ചുണ്ടുകള്‍ പിളര്‍ത്തി തങ്ങള്‍ ഓതി. പെട്ടെന്ന് മനസ്സില്‍ കരുപിടിപ്പിച്ച നബി വദനത്തിലേക്ക് ആ ചുണ്ടുകളുടെ ചേരുവകളും ഞാന്‍ കലര്‍ത്തിയെടുത്തു.
സാധാരണ ഇത്തരം അനിശ്ചിതത്വ ഘട്ടങ്ങളില്‍ എനിക്ക് വല്ലാതെ ടെന്‍ഷനടിക്കുകയാണ് പതിവ്. ഒറ്റക്കുട്ടിയായി വളര്‍ന്നതിന്റെയും കൗമാരത്തില്‍ കടുത്ത ദുര്‍ദശകളിലൂടെ കടന്നു പോയതിന്റെയും പ്രത്യാഘാതം. എന്നാല്‍ ആ അവസരത്തില്‍ ഖലീല്‍ ബുഖാരി തങ്ങളുടെ ആത്മീയ ലാഘവത്തോട് എന്റെ മനസ്സും പ്രതിസ്പന്ദിച്ചു. കാരണം മുഹമ്മദ് നബിയെ ആവാഹിച്ചുകൊണ്ടിരുന്ന ഞാന്‍ ബസ്‌റ എയര്‍പോര്‍ട്ടിലെ വിപരീതാനുഭവങ്ങളെ റസൂലിന്റെ ജീവിത സന്ദര്‍ഭങ്ങളുമായി തുല്യം ചാര്‍ത്താന്‍ തുടങ്ങിയിരുന്നു. സമ്പന്നമായ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് പരിതാപകരമായ ബസ്‌റ വിമാനത്താവളത്തിലേക്കുള്ള പതനം അധികാരഡംബ് ഉപേക്ഷിച്ച് വെറും കട്ട വീട്ടിലേക്കുള്ള നബിയുടെ മടക്കത്തെയും അതിലടങ്ങിയ തത്വപരീക്ഷണത്തെയുമാകാം പ്രതനിധീകരിക്കുന്നത്. അതെ, സുഖ ദുഖങ്ങളെ നിര്‍ണ്ണയിക്കുന്നത് ഭൗതിക പരിസരങ്ങളല്ല. ജീവിതവീക്ഷണങ്ങളാണെന്ന തത്വത്തിന്റെ പരീക്ഷണം.
നിര്‍ഭാഗ്യവശാല്‍ തത്വപരീക്ഷണങ്ങള്‍ വീണ്ടും തുടരുക തന്നെയായിരുന്നു. സ്‌കാന്‍ ചെയ്ത് എത്തിയ ഞങ്ങളുടെ ചെക്കിന്‍ ലെഗേജുകളില്‍ അജീബ് കോമാച്ചിയുടെ അഞ്ച്‌ലക്ഷം രൂപ വിലവരുന്ന കാനോണ്‍ കാമറയും ടെലി സൂം ലെന്‍സുകളും അപ്രത്യക്ഷമാണ്. അന്വേഷിച്ചപ്പോള്‍ കസ്റ്റംസ് അധികൃതര്‍ സെക്യൂരിറ്റി കാരണങ്ങളാല്‍ ഛായാഗ്രാഹി തടഞ്ഞു വെച്ചിരിക്കയാണ്. ഇറാഖു വിടുമ്പോള്‍ വേണമെങ്കില്‍ തിരിച്ചെടുത്തോ എന്ന സൗജന്യത്തില്‍.
അയ്യോ, അജീബ് കോമാച്ചിയുടെ കര്‍മ്മ ജീവിതത്തിന്റെ പ്രാണോപകരണമാണ് കാനോണ്‍ കാമറ. അതും വെച്ച് പടം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അജീബ് ഈ സിയാറത്ത് യാത്രക്ക് പുറപ്പെട്ടിരിക്കുന്നത് തന്നെ.
അല്ലാഹ്, അപ്പോള്‍ അതുമുണ്ടല്ലെ, ഇന്നാ ലില്ലാഹി..
ഖലീല്‍ ബുഹാരി തങ്ങളില്‍ നിന്ന് അനുയോജ്യമായ മന്ത്രമുണര്‍ന്നു. ഒരു മനുഷ്യന്റെ തല്ലിത്തകര്‍ച്ച കണ്‍മുന്നില്‍ കാണേണ്ടി വരുമോയെന്ന് കരുതി പാവപ്പെട്ട അജീബിന്റെ മുഖത്തേക്ക് ഞാനൊന്ന് നോക്കിയതേയുള്ളൂ. ഒരു നിമിഷത്തെ കോച്ചിപ്പിടുത്തം, ഇമകള്‍ തുരുതുരാ വെട്ടല്‍, കവിളില്‍ ചോര കക്കല്‍.
ഓര്ക്ക് സൗകര്യള്ളപ്പൊ തരട്ടെ. ഞാനീ ചെറിയ സ്‌നോപ്പ് ഷോട്ട് ക്യാമറ കൊണ്ട് പടം പിടിച്ചോളാം.
പെട്ടെന്ന് മട്ട് മാറി അതീവ നിസ്സാരമായി, പാല്‍പ്പുഞ്ചിരിയൊഴുക്കി അജീബ് പറഞ്ഞു.
ഹെന്ത്, എന്റെ മനസ്സില്‍ ഉടലെടുത്തതും ഖലീല്‍ ബുഖാരി തങ്ങളുടെ അധരച്ചേരുവകളാല്‍ സമ്പുഷ്ടമായതുമായ റസൂലിന്റെ വദനമതാ അജീബിന്റെ മുഖത്തേക്കും സംക്രമിച്ചിരിക്കുന്നു. ഈ പ്രാര്‍ത്ഥനാ യാത്രയിലെ ഞങ്ങളുടെ പ്രധാന വാഹനം വിമാനവും തീവണ്ടിയുമല്ല, നബിയുടെ ഛായപ്പകര്‍ച്ചകളാണെന്നു വരുമോ?
കസ്റ്റംസ് ക്ലിയറന്‍സില്‍ നിന്ന് കഴിച്ചിലായ ഞങ്ങള്‍ ടൈഗ്രിസ് ട്രാവല്‍ ഏജന്‍സി ഏര്‍പെടുത്തിയ എ.സി ബസ്സിലായിരുന്നു ബസ്‌റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആദ്യ സന്ദര്‍ശന കേന്ദ്രമായ നജ്ഫിലേക്ക് യാത്ര ചെയ്തത്. പോലീസ് ചെക്ക് പോസ്റ്റുകള്‍ താണ്ടി താണ്ടിപ്പോകുമ്പോള്‍ ഹൈവേയുടെ ഇരുവശത്തും നെടുങ്കന്‍ മരുഭൂമികള്‍ അലറിയാര്‍ക്കുന്നുണ്ട്.സൈഡ് സീറ്റില്‍ പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന എനിക്ക് പ്രവാചകന്റെ വിവിധ ജീവിതസന്ദര്‍ഭങ്ങള്‍ പുനസൃഷ്ടിച്ചെടുക്കാന്‍ ആ കാഴ്ചകള്‍ വലിയ സൗകര്യമൊരുക്കി.

പോറ്റുമ്മ ഹലീമയുടെ മക്കള്‍ക്കൊപ്പം ബനൂസഅദില്‍ വെച്ച് കൊച്ചു റസൂലിന്റെ ആട് മേച്ചുള്ള ജീവിതം. അങ്ങോട്ട് തെളിക്കുമ്പോള്‍ ഇങ്ങോട്ട് പറയുന്ന ആട്ടിന്‍ പറ്റങ്ങള്‍- അവയെ കൂട്ടിയോജിപ്പിക്കുന്ന പണിയായിരിക്കാം ഭാവിയില്‍ വലിയൊരു ജനതയെ നേര്‍വഴി നടത്താനുള്ള ഉള്‍ക്കരുത്ത് അവരില്‍ വളര്‍ത്തിയത്.
ഒരു ദിവസം ഹലീമാ സന്തതികളായ അബ്ദുല്ലയ്ക്കും ശൈമയ്ക്കുമൊപ്പം അജപാലനത്തിനായി മുഹമ്മദ് പൂഴിവഴികളിലൂടെ നടന്നു നീങ്ങുകയായിരുന്നു. തുള്ളിക്കളിക്കുന്ന പത്ത് ആടുകളെയും എട്ട് ആട്ടിന്‍ കുട്ടികളെയും വടക്കു കിഴക്കേ മലയുടെ അപ്പുറത്തുള്ള പച്ചത്തുരുത്തില്‍ എത്തിക്കലായിരുന്നു അവരുടെ ലക്ഷ്യം. ഓരോ കാല്‍വെപ്പിലും മരുപ്പരപ്പിന്റെ വിസ്തൃതിക്കാഴ്ച തന്റെ പ്രജ്ഞയെ വിശാലമാക്കുന്നുണ്ടെന്ന് കൊച്ചു റസൂലിന് തോന്നി. അടിച്ച് കയറുന്ന ശുദ്ധവായു ശ്വാസ കോശങ്ങളെ മാത്രമല്ല ആത്മസ്വരൂപത്തെയും വിജൃംഭിപ്പിക്കയാണ്. സമയം നീളും തോറും വെയില്‍ സ്ഫടികിച്ചു വന്നു. പിന്നെ വെട്ടിത്തിളങ്ങി. കണ്ണു തുറന്നാല്‍ വെളുപ്പിന്റെയും കണ്ണടച്ചാല്‍ ചുകപ്പിന്റെയും പ്രകാശ പൂരം അവന്റെ അകവും പുറവും തിളക്കി.
എനി നമുക്ക് കുറച്ച് കിടക്കാമല്ലേ?
ആട്ടിന്‍ പറ്റത്തെ പച്ചപ്പില്‍ മേയാന്‍ വിട്ട് വീട്ടില്‍ നിന്ന് കൊണ്ടു വന്ന ഗോതമ്പ് കഞ്ഞി വലിച്ചു കുടിച്ച് ഹലീമയുടെ മക്കള്‍ മുഹമ്മദിനോട് ചോദിച്ചു.
നിങ്ങള്‍ കിടന്നോളീ.. ഞാന്‍ ഇരുന്നോളാം
സന്ദേഹിയെ പോലെ അവന്‍ മറുപടി പറഞ്ഞു.
എട്ടു ദിക്കുകളും എന്തോ കുശുകുശുക്കുന്നുണ്ടെന്ന് തോന്നിയപ്പോഴേക്കു തന്നെ വലിയൊരു മരീചിക മാനത്തു നിന്ന് കീഴോട്ട് ഒടിഞ്ഞൊടിഞ്ഞ് കോണികെട്ടുന്നത് മുഹമ്മദിന്റെ ദൃഷ്ടിയില്‍ പെട്ടു. വൈകാതെ രണ്ടാള്‍ പൊക്കത്തില്‍ രണ്ട് ശുഭ്രവസ്ത്രധാരികള്‍ വെളിച്ചത്തലകളോടെ കുണുങ്ങിക്കുണുങ്ങി മരീചികക്കോണി ഇറങ്ങി വരികയും അബ്ദുല്ലയെയോ ശൈമയെയോ തിരിഞ്ഞു നോക്കാതെ അവന്റെയടുത്തെത്തുകയും ചെയ്തു.
ഉം? ആശങ്കയോടെയാണെങ്കിലും മനസ്സാന്നിധ്യം വിടാതെ കൊച്ചു റസൂല്‍ മലക്കുകളോട് തിരക്കി.
ഊം ഊം! പ്രപഞ്ചം മുഴുവന്‍ മുഴങ്ങുന്ന മൂളക്കത്തോടെ അവര്‍ മൂളി. പിന്നെ പുഞ്ചിരിച്ചുകൊണ്ട് മുഹമ്മദിനെ പിടിച്ചെടുത്ത് രണ്ടു പേരുടെയും മടിയിലാലി ഇരുത്തി.
ഊം?

വീണ്ടും ഒരു ചോദ്യം കൊച്ചു നബി തന്റെ വളഞ്ഞ പുരികങ്ങളില്‍ ഉണര്‍ത്തി.
ഭൂമിയില്‍ കുഞ്ഞുമോന് സുഖം തന്നെയല്ലേ?!
അടക്കാനാകാത്ത വാത്സല്യം മലക്കുകളുടെ വാക്കുകളില്‍ തള്ളി. അതോടൊപ്പം അതിദ്രുതമൊരു ചാറ്റല്‍ മഴ മരുഭൂമിയെ മൊത്തം നനച്ചുകൊണ്ട് പാഞ്ഞു പോയി.
വിശ്വസ്തരായ പരിചാരകരുടെ കടുത്ത കാര്യക്ഷമതയോടെയായിരുന്നു തുടര്‍ന്ന് ആ സത്വങ്ങള്‍ കുട്ടിയുടെ ശ്രദ്ധ ചില ചെപ്പടിവിദ്യകളിലേക്ക് തിരിച്ചതും അവനെ മലര്‍ത്തിക്കിടത്തിയതും മിനുസക്കുപ്പായം പൊക്കിയതും നീറ്റുന്ന തണുലായനിയാല്‍ വയറ് വിടുവിച്ചതു വിരലുകള്‍ നെഞ്ചിന്‍കൂട്ടിലേക്ക് നീട്ടിയതും ഒരു കറുത്ത രക്ത പിണ്ഡം ഹൃദയ ക്ഷേത്രത്തില്‍ നിന്ന് പിഴുതെടുത്തതും

മക്കക്ക് സമീപമുള്ള ബനൂ സഅദില്‍ നബിയുടെ ബാല്യ കാലത്ത് നടന്ന വിഖ്യാത സംഭവത്തെ ഇറാഖിലെ മരുപ്രദേശത്ത് ഞാന്‍ അങ്ങനെ കുത്തിയിട്ട് മുളപ്പിച്ചു. ഇതാ, ഈ മരുഭൂമിക്കടുത്തുള്ള മലയിടുക്കിലെ മരുപ്പച്ചയില്‍ തന്നെയായിരുന്നു ആ സംഭവമെന്ന് അത്യന്തം ആധികാരികമായി ഭാവന ചെയ്തു. അതോടെ സകല അകലങ്ങളും നഷ്ടപ്പെട്ട് നോവലിലെ പ്രധാനകഥാപാത്രവുമായി ഞാന്‍ താദാത്മ്യപ്പെടാന്‍ തുടങ്ങി.
നജ്ഫിലേയും കൂഫയിലേയും പള്ളികളില്‍ പ്രാര്‍ത്ഥന കഴിച്ച് പിന്നീട് ഞങ്ങള്‍ക്ക് എത്താനുണ്ടായിരുന്ന പ്രധാന കേന്ദ്രം കര്‍ബലയിലെ ഹുസൈന്റെ മഖ്ബറയായിരുന്നു. പ്രവാചകന്റെ കൊച്ചുമകനായ ഹുസൈന്‍ ശിയാ സുന്നി സംഘട്ടന ചരിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അച്ചുതണ്ടാണ്. ഫാത്വിമയിലും ഇമാം അലിയിലും ആരംഭിക്കുന്ന നബി കുടുംബ പരമ്പരക്ക് അധികാരം നഷ്ടപ്പെട്ടതില്‍ പരിതപിക്കുന്ന ശിയാ വിഭാഗം കര്‍ബലയില്‍ വെച്ചുണ്ടായ ഹുസൈന്റെ കൊലപാതകത്തെ പ്രതി ഇന്നും കേണുകൊണ്ടേയിരിക്കുന്നു. ഉറക്കെ വാവിട്ടു കരയുന്നു. ശരീരം മുഴുക്കെ ചളി വാരി പൂശുന്നു. ചങ്ങലക്കടിച്ച് സ്വയം പീഡിപ്പിക്കുന്നു. ആരുടെയും ഉള്ളുലക്കുന്നതാണ് ഹുസൈന്റെ മഖ്ബറയില്‍ വെച്ചുള്ള ശിയാക്കളുടെ പ്രാര്‍ത്ഥനകള്‍.

ഖലീല്‍ ബുഖാരിത്തങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. സംഘാംഗങ്ങള്‍ മുഴുക്കെ ജാഗ്രത പുലര്‍ത്തി. തങ്ങളുടെ നിര്‍ദ്ദേശം സര്‍വ്വാത്മനാ സ്വീകരിച്ചെങ്കിലും ഒരേയൊരു അമുസ്‌ലിമായ എനിക്ക് യാതൊരു ഭയാശങ്കകളും സ്വന്തം കാര്യത്തില്‍ തോന്നിയില്ല. കടുത്ത നബി സ്‌നേഹികളായ കര്‍ബലയിലെ ശിയാക്കള്‍ക്ക് നബിസ്മരണയില്‍ ആലോലം മുങ്ങുന്ന എന്നോട് ഒരു തരത്തിലും അസ്‌ക്യത ഉത്ഭവിക്കില്ല. മിഴികള്‍ ഉരുട്ടി മിഴിച്ച് മുന്‍ജന്മബന്ധത്തിന്റെ ആത്മവിശ്വാസത്തോടെ ഞാനവരിലേക്ക് ഉറ്റു നോക്കി. കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു. ഹൃദയ സന്നിവേശത്തെ ചെറുക്കാനാകാത്തതിനാല്‍ അവരും എന്നിലേക്ക് പ്രത്യഭിവാദനങ്ങള്‍ ചൊരിഞ്ഞു.
ഹുസൈന്റെ മഖ്ബറക്കു ചുറ്റും പ്രാര്‍ത്ഥനാ നിര്‍ഭരമായ നിലവിളികളോടെ ഉന്മാദപ്പെടുന്ന ശിയാക്കളെ കണ്ടു കണ്ടു നിന്നപ്പോള്‍ ഹുസൈനോടുള്ള സ്‌നേഹം കടല്‍ മുകളിലെ ഹിമാനിത്തലപ്പാണെങ്കില്‍ എന്തായിരിക്കും അവരുടെ നബിസ്‌നേഹത്തിന്റെ ആഴമെന്നു ചിന്തിച്ചു പോയി.

ജീവിച്ചിരുന്ന കാലത്ത് പ്രവാചകനെ പോലെ ഇത്രയധികം സ്‌നേഹിക്കപ്പെട്ടവര്‍ ഭൂലോകത്ത് ഉണ്ടായിട്ടില്ലത്രെ. ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു ശേഷവും ആ വികാര മൂലധനം അശേഷം ചോര്‍ന്നു പോകാതെ ഇടിച്ചിടിച്ച് നില്‍ക്കുക തന്നെയാണ്. ഇതായിരിക്കണം മൈക്കല്‍ എച്ച് ഹാര്‍ട്ട് തെരെഞ്ഞെടുത്ത നൂറ് ലോകനായകരില്‍ പ്രഥമ സ്ഥാനത്ത് റസൂലിന്റെ പേര് പതിഞ്ഞു കിടക്കുന്നത്.
കര്‍ബലയിലെ ശിയാ സമൂഹത്തിന്റെ മനസ്സ് ഏറ്റുകൊണ്ടതും കൃഷ്ണ കഥാപാത്രത്തെപോലെ നബിയും എനിക്ക് കൂടുതല്‍ കൂടുതല്‍ സ്പര്‍ശനീയനായി ഭവിച്ചു. ഉണ്ണ്യേ, നമ്മുടെ കൃഷ്ണന്റെ മുറിച്ച മുറിയാണ് ഖയ്യൂമിന്റെ നബിയുമെന്ന അമ്മയുടെ വചനങ്ങള്‍ എന്നില്‍ മുര്‍ത്തമായ സ്‌നേഹരൂപമാര്‍ജിച്ചു.

കര്‍ബലാ സന്ദര്‍ശനത്തിനു ശേഷം ഞങ്ങളുടെ വോള്‍വോ ബസ് മണിക്കൂറുകളോളം കുതിച്ചത് ഇറാഖിന്റെ തലസ്ഥാനനഗരിയായ ബാഗ്ദാദിലേക്കായിരുന്നു. മരുപ്രദേശങ്ങള്‍ പിന്‍വലിഞ്ഞ് യൂഫ്രട്ടീസിന്റെ ഫലഭൂയിഷ്ഠമായ നദീതടങ്ങള്‍ തെളിഞ്ഞു വന്നു.
മുഹ്‌യിദ്ദീന്‍ മലയിലെ വീരനായകനായ ഷൈഖ് മുഹ്‌യിദ്ദീന്റെ മഖ്ബറ ബാഗ്ദാദിലായതിനാല്‍ ഖാളി മുഹമ്മദിന്റെ ഈരടികളും ഖുര്‍ആന്‍ ആയത്തുകള്‍ക്കിടക്ക് സംഘാംഗങ്ങള്‍ ആലപിച്ചു. പോകുന്ന വഴിക്കു തന്നെ പ്രവാചകന്റെ ജനന സമയത്ത് ഞെട്ടി വിറച്ച കിസ്‌റാ കോട്ട ഞങ്ങള്‍ കണ്ടു. ഇപ്പോഴും ചുമരുകളില്‍ ശേഷിക്കുന്ന വിള്ളലുകളിലൂടെ വിരലോടിക്കുമ്പോള്‍ ഭക്തിപാരവശ്യത്തിന് പുറമെ ട്രേഡ് യൂണിയന്‍ വികാരവും എന്നില്‍ കത്തി. അതെ, കാരുണ്യത്തിന്റെ ദൈവദൂതര്‍ അധികാരകേന്ദ്രങ്ങള്‍ക്ക് എതിരായ അധ്വാന വര്‍ഗത്തിന്റെ പ്രതിനിധിയുമാണല്ലോ.

ബഗ്ദാദില്‍ ഞങ്ങള്‍ക്ക് താമസമൊരുക്കിയ ഫൗദ് ഹോട്ടല്‍ ഫൈവ് സ്റ്റാറെല്ലാമായിരുന്നെങ്കിലും ദരിദ്ര രാഷ്ടങ്ങളിലെ നക്ഷത്രങ്ങള്‍ പോലും മങ്ങിയിരിക്കുമെന്ന് തെളിഞ്ഞു. അതെ, പെയിന്റടിക്കാന്‍ വൈകി ഒപ്പിച്ചെടുത്ത മുറികള്‍, ഉപയോഗയോഗ്യമല്ലാത്ത പൊടിപിടിച്ച് കിടക്കുന്ന ഫ്‌ളോറുകള്‍, കരകര ശബ്ദത്തില്‍ കയറിയിറങ്ങുന്ന ലിഫ്റ്റ്, ഖലീല്‍ ബുഖാരിത്തങ്ങളുടെ നേതൃത്വത്തില്‍ ബാക്കി സംഘങ്ങള്‍ ഷേഖ് മൊഹിയുദ്ദീന്റെ മഖ്ബറയില്‍ രണ്ടാമതും പ്രാര്‍ത്ഥിക്കാന്‍ പോയപ്പോള്‍ ഞാന്‍ ബാഗ്ദാദിന്റെ തെരുവീഥികളിലൂടെ ഒറ്റക്ക് ചുറ്റാന്‍ തീരുമാനിച്ചു. ഏകാന്തത സത്യത്തില്‍ ചിന്തകളുടെ പൂരപ്പറമ്പാണ്. മാനവ സംസ്‌കൃതിയുടെ കളിത്തൊട്ടിലായി ഇറാഖ് മാറിയ പ്രാചീന കാലം മുതല്‍ ഇസ്‌ലാമിന്റെ പ്രവേശനപൂരം മുതല്‍ പ്രവാചകദര്‍ശനങ്ങളുടെ പടര്‍ച്ചയിലേക്ക് വരെ എന്റെ മനസ്സ് പടയോടിക്കൊണ്ടിരുന്നു. ബാഹ്യലോകത്ത് നിന്ന് നിശ്ശേഷം ഉള്‍വലിഞ്ഞുള്ള പിടികിട്ടാഭാവം ആളുകള്‍ക്ക് ആകര്‍ഷണം കൂട്ടുമെന്ന് തോന്നുന്നു. ടൈഗ്രീസ് നദിക്ക് സമീപം ഭാവനാഭ്രാന്തനായി നടക്കുന്ന എന്നെ ജനം പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. ‘ ഹലോ, ഹല്‍… ഹലോ…!’ മുന്നിലും പിന്നിലും ചൂളം വിളികളോടെ അഭിവാദനങ്ങള്‍ പറന്നെത്തി. ‘ഹലോ, ഹലോ’. ഇടത്തുനിന്നും വലത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന ഇറാഖികളോട് ഞാനും പ്രതികരിച്ചു. ‘ലൈഷ്, മായിശ്, മിയാ.. ലൈഷ്, മായിഷ്, മിയാ..’ അറബിയാണെന്ന് തോന്നുന്നു എനിക്ക് പിടികിട്ടിയിട്ടില്ല. ‘ ഫ്രം വേര്‍ ആര്‍യു കമിംഗ് ഫ്രം ? ഒടുവില്‍ ഏതോ ഒരുത്തന് ഇംഗ്ലീഷ് വഴങ്ങി. ‘ ഇന്ത്യാ, ഇന്ത്യാ.’
ഗൃഹാതുരതയോടെ ഞാന്‍ ചിലമ്പി. ‘ ഹായ്, ഇന്തിയാ, ഇന്തിയാ, ഇന്തിയാ, ഇന്തിയാ!’
ഇന്ത്യ കൊണ്ടൊരു പാട്ട് തന്നെ എല്ലാരും കൂടി കെട്ടി. ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും ശത്രുതയില്ലാത്ത ഇഷ്ടവര്‍ഗമാണെന്ന് മുമ്പുള്ള വിദേശ യാത്രകളിലും ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഖലീല്‍ ബുഖാരി തങ്ങളും ഉമ്മറും അബ്ബാസും മറ്റുള്ളവരും ഹോട്ടലില്‍ തിരിച്ചെത്തുന്ന സമയം കണക്കാക്കി ഞാനും ചുറ്റിക്കറക്കം വെട്ടിച്ചുരുക്കി റൂമില്‍ മടങ്ങിയെത്തിയിരുന്നു. ഇനി ഉടന്‍ പ്രാര്‍ത്ഥിച്ച്, ഭക്ഷണം കഴിച്ച്, സിയാറത്ത് സംഘത്തിന് ജോര്‍ഡാനിലേക്ക് പുറപ്പെടണം. മൂസല്‍ കാളിമിന്റെ മഖ്ബറയിലേക്കെന്ന പോലെ വഴിയില്‍ ഒന്ന് രണ്ട് ഇറക്കങ്ങള്‍ മാത്രം. കാരണം അര്‍ദ്ധരാത്രി അടക്കുന്നതിന് മുമ്പ് ജോര്‍ഡാനിലേക്ക് ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്ത് കടക്കേണ്ടതുണ്ട്. ചാടിപ്പിടിച്ച് സംഘാംഗങ്ങള്‍ മുഴുവന്‍ ബസില്‍ ആസനസ്ഥരായിക്കഴിഞ്ഞു. ഖലീല്‍ ബുഖാരിത്തങ്ങള്‍ ആയത്തുല്‍ കുര്‍സിയുടെ ആലാപനം ആരംഭിച്ചും കഴിഞ്ഞു.

ബസ് ഡ്രൈവര്‍ റെഡിയാവാന്‍ പത്ത് പതിനഞ്ച് മിനിറ്റെടുക്കുമെന്നറിഞ്ഞതും തൊട്ടടുത്ത വീഥിയിലെ പുസ്തകക്കടയിലേക്ക് ഒരു ടൂറിസ്റ്റ് ഗൈഡ് വാങ്ങാന്‍ പോയാലോ എന്നാലോചിച്ചു. അബ്ബാസ് ആ ആലോചനയെ പ്രോത്സാഹിപ്പിച്ചതിനാല്‍ ഞങ്ങള്‍ രണ്ടു പേരും കൂടി ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ച്പുസ്തകക്കടയിലെത്തി. റാക്കില്‍ സചിത്രഗ്രന്ഥങ്ങള്‍ പരതുമ്പോള്‍ പൊടുന്നനെ ചെവിയടപ്പിക്കുന്ന സ്‌ഫോടനം, തറനിരപ്പിന്റെ നിറഞ്ഞുതുള്ളല്‍, ചില്ല് വാതിലുകള്‍ ചീറിപ്പിളരല്‍, റോഡിലുള്ളവര്‍ നാനാദിക്കുകളിലേക്കും ചിതറിയോടല്‍. ഉടന്‍ ഞങ്ങളും പുസ്തകക്കട ചാടിക്കടന്ന് ബസ്സിനടുത്തേക്ക് ഓടിയെത്തി. ഖലീല്‍ ബുഖാരിത്തങ്ങളടക്കം ബസ്സിലുള്ളവര്‍ പുറത്തിറങ്ങി ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. അതെ, കാഴ്ചപ്പുറത്ത് തന്നെയായിരുന്നു വലിയ ട്രക്ക് ബോംബ് പൊട്ടിത്തെറിച്ച് ഏതാനും ആളുകള്‍ മരിച്ചതും കുറെപേര്‍ക്ക് പരിക്കേറ്റതും. എന്താണ്, ഏതാണ് വേണ്ടതെന്ന ഇതികര്‍ത്തവ്യതാമൂഢത കുറച്ച് നേരം സംഘാംഗങ്ങളെയും ബസ്‌ഡ്രൈവറെയും ആശ്രയവാഹനത്തിന് ചുറ്റും ഭ്രമണം ചെയ്യിച്ചു. ഖലീല്‍ബുഖാരി തങ്ങള്‍ മാത്രം ആയത്തുല്‍ കുര്‍സി ഉരുവിടുന്നതിന്റെ ഒരൊറ്റ ബലത്തില്‍ സത്വത്തെ ശാന്തമാക്കി നിര്‍ത്തി. എന്നാല്‍ ഞങ്ങളുടെ നിശ്ചേതനയെ കളിയാക്കിക്കൊണ്ട് അടുത്ത നിമിഷം തന്നെ തെരുവീഥികളില്‍ ജനജീവിതം ഒഴുകിത്തുടങ്ങിയിരുന്നു. വെടിയും ബോംബ് പൊട്ടലുമെല്ലാം ഇറാഖികള്‍ക്ക് വെറും കീഴ്ശ്വാസതുല്യമാണെന്ന് തെളിയിച്ച്‌കൊണ്ട്.

വൈകാതെ ജോര്‍ഡാന്‍ അതിര്‍ത്തി പിടിക്കുകയാണെന്ന് സുരക്ഷയെന്ന ഉപദേശം കാര്യമന്വേഷിച്ചെത്തിയ സമീപവാസികള്‍ നല്‍കി. കാരണം ബാഗ്ദാദിന്റെ അയല്‍പ്രദേശങ്ങളിലും പലപല ബോംബ് സ്‌ഫോടനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വിമതശക്തികളുടെ ആക്രമണങ്ങള്‍ വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നുമാണത്രേ വാര്‍ത്ത.
എല്ലാവരും പെട്ടെന്ന് പിടഞ്ഞ് കയറിയതിനാല്‍ ബസ് ഉടനടി വിട്ടു. ഒന്നും രണ്ടുമല്ല, ഒമ്പത് മണിക്കൂറാണ് ജോര്‍ഡാന്‍ അതിര്‍ത്തിയിലേക്കുള്ള യാത്രാസമയം. ഒരു സീറ്റില്‍ ജനലില്‍ നിന്നല്‍പം വിട്ടകന്ന് ഞാന്‍ ഏകനായി ഇരിക്കുകയാണ്. വഴിക്ക് വെച്ച് അപകടം പിണയാനുള്ള സാദ്ധ്യത എത്രയോ കൂടുതലാണ്. ജീവിതം ഒടുങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചതും മൂന്ന്തരം ദു:ഖങ്ങളാണ് എന്നില്‍ അടിച്ചാര്‍ത്തത്. സ്‌നേഹിക്കുന്നവരെ ഓര്‍ത്തുള്ള വൈകാരിക ദു:ഖം. നോവല്‍ എഴുതിത്തീര്‍ക്കാനാകില്ലല്ലോ എന്ന് ഓര്‍ത്തുള്ള സര്‍ഗാത്മക ദു:ഖം. ഇതുവരെ മരണത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുക പോലും ചെയ്തില്ലല്ലോ എന്ന ധൈഷണികദു:ഖം.

വിശാലമായ മരുഭൂമികള്‍, കഠിനമായ കരിമ്പാറക്കെട്ടുകള്‍, ഇടക്കിടെ പച്ചച്ച പ്രകൃതി, കൊച്ചുപട്ടണങ്ങളുടെ തുരുത്തുകള്‍ ജോര്‍ഡാനിലേക്കുള്ള നെടുമ്പാതയാത്ര ഇങ്ങനെയായിരുന്നു രേഖപ്പെട്ടത്. ഓരോ അയ്യഞ്ച് കിലോമീറ്ററിലും തോക്കുകളാലും പീരങ്കികളാലും ടാങ്കുകളാലും സമ്പുഷ്ടമായ മിലിറ്ററി ചെക്ക്‌പോസ്റ്റുകള്‍ ബസ്സിനെ തടഞ്ഞുനിര്‍ത്തി. ഇരച്ചുകയറിയ പട്ടാളക്കാര്‍ ഞങ്ങളുടെ യാത്രാരേഖകള്‍ക്കൊപ്പം ശരീരവും ജംഗമസ്വത്തുക്കളും വിശദമായി പരിശോധിച്ചു. എങ്ങും ഭീതിയുടെയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം. മരണത്തിലല്ല, മരണത്തെക്കുറിച്ചുള്ള നിനവിലാണല്ലോ ശരിക്കും മരണമുള്ളത്. പലപല രൂപത്തിലും ഭാവത്തിലും ഞാനത് രുചിച്ചിരുന്നു. ബോംബ് പൊട്ടി ഛിന്നഭിന്നമായ മരണം, വെടിയുണ്ടയേറ്റ് രക്തം കപ്പിയുള്ള മരണം, ഭീകരവാദികളാല്‍ പിടിക്കപ്പെട്ട് തൂക്കിലേറ്റിയുള്ള മരണം കുറേയത് അശിച്ച് മടുത്തതും മരണാനന്തര സാദ്ധ്യതകളിലേക്ക് എന്റെ ചിന്ത പ്രകമ്പിക്കാന്‍ തുടങ്ങി. ഒന്നുകില്‍ പ്രകൃതിയിലെ മൂലകങ്ങളായി പരിണമിച്ചുകൊണ്ടുള്ള ഒന്നുമില്ലായ്മ. അല്ലെങ്കില്‍ ഹൈന്ദവവിധി പ്രകാരമുള്ള പുനര്‍ജന്മമോ മോക്ഷമോ. അതുമല്ലെങ്കില്‍ ഇസ്‌ലാമിക വിശ്വാസപ്രകാരമുള്ള സ്വര്‍ഗമോ നരകമോ. പെട്ടെന്നാണ് ചിലമുസ്‌ലിം ചങ്ങാതിമാര്‍ ഉയര്‍ത്താറുള്ള ഇസ്‌ലാം പുണരാത്തവന് സ്വര്‍ഗപ്രവേശമില്ലെന്ന വാദത്തെ ഞാന്‍ ഓര്‍ത്തത്.

അവസാനം വരെ ഇസ്‌ലാം സ്വീകരിക്കാതിരുന്ന പിതൃവ്യന്‍ അബൂത്വാലിബ് നരകത്തില്‍ പതിക്കാതിരിക്കാനാണത്രേ മുത്തുറസൂല്‍ മരണശയ്യയില്‍ അദ്ദേഹത്തെ ശരീരമാസകലം തലോടിക്കൊണ്ടിരുന്നത്. കാരണം ദൈവദൂദര്‍ സ്പര്‍ശിച്ച ശരീരങ്ങള്‍ ഒരിക്കലും നരകത്തിലെത്തില്ലത്രെ. പ്രവാചകനെ പാദം സ്പര്‍ശിക്കാന്‍ അനുവദിക്കാത്തതിനാലാണത്രെ സ്വര്‍ഗപ്രവേശം ലഭിച്ചിട്ടും അബൂത്വാലിബിന്റെ കാല് നരകത്തിയ്യ് വളഞ്ഞ് അദ്ദേഹം അവിടെ ഷൂസിട്ട് നടക്കുന്നത്.

റസൂലിന്റെ ജീവിതം രചിക്കാന്‍ സ്‌നേഹോന്മാദിയായി ചുറ്റുന്ന എന്നെയും കരുണാമയനായ അവന്‍ നരകത്തില്‍ പോകാന്‍ സമ്മതിക്കാതെ കാത്ത് സൂക്ഷിക്കില്ലേ ? ഉടന്‍ വെടിയേറ്റ് മരണാസന്നനായി കിടക്കുന്ന എന്റെ ശരീരം പ്രവാചകന്‍ സ്‌നേഹവിരലുകളാല്‍ തഴുകുന്ന രംഗം കണ്ണില്‍ തെളിഞ്ഞു. പൊട്ടിപ്പൊട്ടി കരഞ്ഞുപോയ എന്നെ ഖലീല്‍ ബുഖാരിത്തങ്ങള്‍ ഞെട്ടിത്തെറിച്ച് നോക്കി. സാവധാനം ആ താമരമിഴികളും നനവില്‍ കൂമ്പി.

‘അല്‍ഹംദുലിാഹി റബ്ബില്‍ ആലമീന്‍….’
ഭക്തിനിര്‍ഭരമായി അദ്ദേഹം ഫാതിഹ ഓതി. ഭാഗ്യവശാല്‍ പത്തര മണിക്കൂറോളം യാത്ര ചെയ്ത് ജോര്‍ഡാന്‍ അതിര്‍ത്തിയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ ഗോപുരകവാടം അടക്കാന്‍ ഇനിയും എട്ട് മിനിറ്റ് ബാക്കിയുണ്ട്. വെടുപ്പായി ടാറിട്ട പ്രവേശന റോഡും അന്തസുറ്റ മതിലുകളും നിയോണ്‍ വെളിച്ചങ്ങളും കണ്ണില്‍പെട്ട് ഒരു രണ്ടാം ജന്മം ലഭിച്ച പോലെ ബസിലുള്ളവരെല്ലാം നിശ്വാസമുതിര്‍ത്തു. ശാന്തരായ ജോര്‍ഡാന്‍ സൈനികര്‍ വിസപരിശോധിക്കാനായി ഓരോരുത്തരെയായി ബൂത്തിലേക്ക് വിളിപ്പിച്ചതും ഖലീല്‍ ബുഖാരിത്തങ്ങളൊഴിച്ച് മറ്റ് സംഘാംഗങ്ങളെല്ലാം ഒച്ചയുയര്‍ത്താനും ചിരിക്കാനും ആരംഭിച്ചു. അദ്ദേഹം മാത്രം അപ്പോഴും ഖുറാന്‍ സൂറത്തുകള്‍ പിടിവിടാതെ ഉരുവിട്ടു.
ആഭന്ത്യരപ്രശ്‌നങ്ങളും കൊടിയ സാമ്രാജ്യത്വ ചൂഷണങ്ങളും കൊണ്ട് നടുവൊടിഞ്ഞ ഇറാഖിന്റെ നേര്‍വിപരീതമായിരുന്നു ജോര്‍ഡാന്റെ ചിത്രം. അത്യാധുനികമായ വീഥികള്‍, മനോഹരമായ പാര്‍പ്പിട സമുച്ചയങ്ങള്‍, മാളുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മാക്‌ഡൊണാള്‍ഡ് റെസ്‌റ്റോറണ്ടുകള്‍, സെവന്‍ ലെവന്‍ സ്‌റ്റോറുകള്‍. രാത്രി വൈകിയിട്ടും ആണും പെണ്ണും കുട്ടികളും ചുറ്റിക്കറങ്ങുന്ന തെരുവുകള്‍. പാശ്ചാത്യമായ പത്രാസുകളുള്ള ഒരു ഹോട്ടലില്‍ തങ്ങിയ ഞങ്ങള്‍ക്ക് രണ്ട് പ്രധാന പരിപാടികളായിരുന്നു ജോര്‍ഡാനില്‍ ഉണ്ടായിരുന്നത്. ഒന്ന്, ജോര്‍ഡാന്‍ രാജാവിന്റെ പുത്രന്റെ നേതൃത്തിലുള്ള ഇന്റര്‍ഫെയ്ത്ത് സെന്ററില്‍ വെച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക. രണ്ട്, പ്രശസ്തമായ ഇസ്‌ലാമിക് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക. ടേബിള്‍ മൈക്കിന് മുന്നില്‍ ഈത്തപ്പഴവും അണ്ടിപ്പരിപ്പും കൊറിച്ചിരിക്കുന്ന മുപ്പതോളം ശിരസ്സുകള്‍ മാത്രമായിരുന്നു ആ ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സിലെ അംഗബലം. ഇന്റര്‍ ഫെയ്ത്ത് സെന്റര്‍ ഡയറക്ടര്‍ അല്‍ത്താഫ് സന്നിഹിതനായ ചടങ്ങില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറബിയിലും ഞാന്‍ ഇംഗ്ലീഷിലും ഏതാനും മിനിറ്റുകള്‍ സംസാരിച്ചു. ഉമ്മര്‍ മേല്‍മുറിയും അബ്ബാസ് പനക്കലും ചര്‍ച്ചയില്‍ പങ്കെടുത്തു.ബോസ്‌നിയയില്‍ നിന്നെത്തിയ മുഫ്തി ആയിരുന്നു കോണ്‍ഫറന്‍സില്‍ വെട്ടിത്തിളങ്ങിയ താരം. ട്രഡീഷണല്‍ ഇസ്‌ലാമിന്റെ പ്രയോക്താവായ അദ്ദേഹം നാടിനോടിണങ്ങിയ പരമ്പരാഗത ഇസ്‌ലാമിലൂടെ മാത്രമെ ലോകത്ത് സമാധാനം സാദ്ധ്യമാകൂ എന്ന് ശക്തിയുക്തം വാദിച്ചു. അത്തരം ചിന്തകളും മുന്നേറ്റങ്ങളും ആഗോളമുസ്‌ലിം സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ടത്രെ. ട്രെഡീഷണല്‍ ഇസ്‌ലാമിന്റെ സ്വര്‍ണ്ണഖനിയായ ഇന്ത്യയില്‍ നിന്നെത്തിയ സംഘത്തോട് പ്രത്യേകം വാത്സല്യം രേഖപ്പെടുത്തിയ അദ്ദേഹം ഫലസ്തീനിലെ വിധവകള്‍ നെയ്ത പീസ് ബാഡ്ജ് ഞങ്ങളുടെ ഉടുപ്പുകളില്‍ കുത്തിത്തന്ന ശേഷമാണ് സമ്മേളനത്തില്‍ നിന്ന് വിരമിച്ചത്.
ഇന്റര്‍ഫെയ്ത്ത്, ട്രെഡീഷണല്‍ ഇസ്‌ലാം എന്നീ വിശകലനാത്മകമായ ചിന്തകളില്‍ വ്യാപരിച്ച എനിക്ക് കുറച്ച് മണിക്കൂറുകള്‍ നബിസ്മരണയുടെ അനുഭൂതിലോകത്ത് നിന്ന് വെളിയില്‍ കടക്കേണ്ടി വന്നിരുന്നു. നോവല്‍ രചനക്കുള്ള ഭാവോന്മീലനം പറ്റെ നഷ്ടപ്പെട്ട് പോകുമോയെന്ന് ആശങ്കിക്കും മുന്‍പേ ഇസ്‌ലാമിക് മ്യൂസിയത്തിലേക്കുള്ള സന്ദര്‍ശനം പ്രശ്‌നം പരിഹരിച്ചു തന്നു. അവിടെ പ്രദര്‍ശിപ്പിച്ച പ്രാചീന വേദഗ്രന്ഥപതിപ്പുകളും ഖുറാനില്‍ പരാമര്‍ശിച്ച നനച്ചു വളര്‍ത്തിയ വൃക്ഷങ്ങളും മറ്റും വീണ്ടും പ്രവാചക ജന്മത്തിന്റെ ഭാവപ്രപഞ്ചങ്ങളിലേക്ക് എന്നെ ആനയിച്ചു. അടുത്ത യാത്രാലക്ഷ്യമായ ഫലസ്തീന്‍ പൂര്‍വ്വാധിക്യം നബിപൂരിതമാണല്ലോ എന്നോര്‍ത്ത് അടിക്കടി ഞാന്‍ ആവേശപ്പെടാനും തുടങ്ങി. അതെ, കന്യാമറിയത്തിന്റെ പള്ളി, യേശുക്രിസ്തുവിന്റെ അവസാന അത്താഴസ്ഥലി, ജറൂസലേമിലെ വിശ്വപ്രസിദ്ധ ബൈത്തുല്‍ മുഖദ്ദസ് മുഹമ്മദിനെ സംബന്ധിച്ച് ഏറ്റവും വലിയ പുണ്യവതി കന്യാമറിയവും പ്രിയപ്പെട്ട ദൈവദൂതന്‍ യേശുവുമായിരുന്നല്ലോ എന്ന ചിന്ത എന്നെ കുറച്ചൊന്നുമല്ല വിമലീകരിച്ചത്. ഇനി തീര്‍ത്ഥാടനം നടത്താനുള്ള ബൈത്തുല്‍ മുഖദ്ദസാകട്ടെ പ്രവാചകന്റെ ആത്മീയാരോഹണത്തിന്റെ പവിത്രകേന്ദ്രവുമാണ്. അവിടെയുള്ള ഒരു പാറക്കല്ലില്‍ നിന്നാണ് റസൂല്‍ ബുറാഖിലേറി സ്വര്‍ഗസന്ദര്‍ശനം നടത്തി ഭൂമിയില്‍ തിരിച്ചെത്തിയത്.
വലിയ വലിയ മാര്‍ബിള്‍ ഖണ്ഡങ്ങളാല്‍ ഘനസാന്ദ്രം കെട്ടിപ്പൊക്കിയ ബൈത്തുല്‍ മുഖദ്ദസ് പള്ളിയിലേക്ക് ഏകദേശം പതിനൊന്ന് മണിക്കാണ് ഞങ്ങളുടെ സംഘം എത്തിച്ചേര്‍ന്നത്. ദിവസം വെള്ളിയാഴ്ച. ജുമുഅക്കുള്ള സമയമായതിനാല്‍ പരിസരത്തുള്ള ജനങ്ങളെല്ലാം ദേഹശുദ്ധി വരുത്തി പള്ളിക്കകത്തേക്ക് അടിച്ചാര്‍ത്തുകൊണ്ടിരുന്നു. എല്ലാവരും നിസ്‌കരിക്കാന്‍ കയറുമ്പോള്‍ രാമനുണ്ണി എന്ത് ചെയ്യുമെന്ന പ്രശ്‌നം ഏവിടെ കുശുകുശുത്തു. ‘രാമനുണ്ണിയും ഞങ്ങളുടെ കൂടെ നിസ്‌കരിക്കാന്‍ ഇരുന്നോളൂ’ അബ്ബാസ് പനക്കല്‍ നിര്‍ദേശിച്ചു. ‘നിങ്ങളെല്ലാം നമസ്‌കരിക്കുമ്പോള്‍ ഞാന്‍ മന്തം മറിയുന്നത് ബോറല്ലേ?’ ഞാന്‍ സംശയിച്ചു. ‘അതെല്ലാം ഞങ്ങള്‍ ചെയ്യുന്ന പോലെ ചെയ്താല്‍ മതി.’ അബ്ബാസ് സമാധാനിപ്പിച്ചു. അബ്ബാസിന്റെ വലതുവശത്തിരുന്ന് ഇടത്തോറം ഇടംകണ്ണിട്ട് സമാനമായ ശരീരചലനങ്ങള്‍ അനുകരിച്ച് ശ്രീരാമകൃഷ്ണ പരമഹംസര്‍ മുസ്‌ലിമായി ജീവിച്ചും ഈശ്വരസാക്ഷാല്‍ക്കാരം നേടിയിരുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചു. ഇപ്പോഴായിരിക്കാം ഞാന്‍ ശരിയായ ഹിന്ദുവായിത്തീര്‍ന്നത്. ജുമ കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാവരും വീണ്ടും ഖലീല്‍ ബുഖാരിത്തങ്ങളുടെ നേതൃത്വത്തില്‍ അസര്‍ നിസ്‌കാരത്തിന് പോയപ്പോള്‍ ഞാന്‍ പള്ളിച്ചുമരില്‍ ചാരിയിരുന്ന് ഹോളിന്റെ വിശാലസൗന്ദര്യം നുകരാന്‍ നിശ്ചയിച്ചു.

മറ്റ് ഇന്ത്യന്‍ സന്ദര്‍ശകരെല്ലാം നമസ്‌കരിക്കുമ്പോള്‍ ഒരുത്തന്‍ മാത്രം ലാച്ചാറായി വളഞ്ഞുകുത്തി ഇരിക്കുന്നത് ഒരു സെക്യൂരിറ്റി ഓഫീസറില്‍ സംശയം ജനിപ്പിച്ചെന്ന് തോന്നുന്നു. ‘ആര്‍ യു എ നോണ്‍മുസ്‌ലിം?’ അദ്ദേഹം എന്നെ സമീപിച്ച് ഊദ് പൂശിയ ഇംഗ്ലീഷില്‍ ചോദിച്ചു. അമുസ്‌ലിം അവിടെ പാടില്ലെന്ന് ചോദ്യം ധ്വനിപ്പിച്ചെങ്കിലും കളവ് പറയാന്‍ ഞാന്‍ തയ്യാറായില്ല. ‘യേസ്, ഐ കേമ് ആസ് എ സിംഗിള്‍ നോണ്‍ മുസ്‌ലിം ഗസ്റ്റ് ഇന്‍ ദി മുസ്‌ലിം പില്‍ഗ്രിമേജ് ഗ്രൂപ്പ് ഫ്രം ഇന്ത്യ.’
കടുത്ത ചങ്കൂറ്റത്തില്‍ വെടുപ്പായി ഞാന്‍ മറുപടി പറഞ്ഞു. ‘നോ പ്രോബ്‌ളം, നോ പ്രോബ്‌ളം. ബട്ട് കം വിത്ത് മി. വി കാന്‍ ഗോ ഔട്ട്‌സൈഡ്.’ അദ്ദേഹം എന്നെ എഴുന്നേല്‍പിച്ച് പുറത്തേക്ക് നയിച്ചു. വിദേശത്ത് വെച്ച് അവരുടെ നിയമങ്ങള്‍ തെറ്റിച്ചാലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാന്‍ കിടുകിടുക്കേണ്ട സന്ദര്‍ഭമായിരുന്നു സത്യത്തില്‍ അത്. പക്ഷേ മനസ്സിലെ ഭാവനാലോകം അന്തവും കുന്തവുമില്ലാത്ത ധൈര്യത്തില്‍ എന്നെ രമിപ്പിച്ചു. ‘എന്താച്ചാ അവന്‍ ചെയ്യട്ടെ, എന്താച്ചാ ചെയ്ത് അതിനുള്ള കൂലിയും വാങ്ങട്ടെ. മറ്റു മതസ്ഥരെ വിഷമിപ്പുക്കുന്നവര്‍ക്കെതിരെ താനായിരിക്കും ആദ്യം സാക്ഷിപറയുക എന്നാണല്ലോ തിരുനബിയുടെ വാഗ്ദാനം.’ ഉള്ളില്‍ ഞാന്‍ ഊറുയൂറിച്ചിരിച്ചു.

നമസ്‌കാരം കഴിഞ്ഞെത്തിയ ഖലീല്‍ ബുഖാരിത്തങ്ങളും കൂട്ടരും നടന്ന സംഭവമറിഞ്ഞ് ശരിക്കും ബേജാറായി. സെക്യൂരിറ്റി ഓഫീസര്‍ കുറച്ചകലെ മാറിനിന്ന് ആരോടെല്ലാമോ വാക്കിടോക്കിയില്‍ സംസാരിക്കുന്നുണ്ട്. ഇയാള്‍ പ്രശ്‌നം സൃഷ്ടിക്കുമോ? തടഞ്ഞുവെക്കലോ പിഴയോ അതോ ഇനി ജയിലോ? ഉമ്മറിന്റെയും അബ്ബാസിന്റെയും മുഖങ്ങള്‍ വിളറിവെളുത്തു. ഖലീല്‍ ബുഖാരി തങ്ങള്‍ അപ്പോഴേക്ക് പ്രാര്‍ത്ഥനയുമായി പടച്ചവനിലേക്ക് വിട്ടിരുന്നു. ഞാനാണെങ്കില്‍ നബിസങ്കല്പത്തിന്റെ തോളില്‍ കയ്യിട്ട് അവനോട് കിന്നാരം പറയുകയാണ്. പടച്ചോനും റസൂലുമൊത്താല്‍ പിന്നെ എന്തോന്ന് എന്ന് പണ്ട് ഖയ്യൂമിന്റെ ഉമ്മ പറയാറുള്ളത് ഓര്‍ത്ത് ഞാന്‍ അത്യന്തം പുളകിതനായിപ്പോയി. ‘ഒന്നും പേടിക്കേണ്ട, യാതൊന്നും പേടിക്കണ്ട..!’ പലവട്ടം ബൈത്തുല്‍ മുഖദ്ദസ് സന്ദര്‍ശിച്ചിട്ടുള്ള സിയാറത്ത് സംഘാംഗങ്ങളെ ആദ്യക്കാരനായ ഞാന്‍ അങ്ങോട്ട് സമാധാനിപ്പിച്ചു. യാതൊരു ചമ്മലുമില്ലാതെ കയ്യ് കൂമ്പിച്ച ആകാശദൃഷ്ടികളോടെ ആശങ്കക്കിടയിലും എന്നിലേക്കുള്ള ചിലരുടെ മിഴികളില്‍ പ്രാന്തനിലേക്കുള്ള ഏറ് കണ്ണ് പാളി. അബ്ബാസ് ഓടിയെത്തി കൈവിരലുകള്‍ കോര്‍ത്തുപിടിച്ചു.

ബൈത്തുല്‍മുഖദ്ദസ് പള്ളിക്ക് പുറത്തുള്ള ഡോമ് ഓഫ് റോക്കിനകത്താണ് മുഹമ്മദ് നബി ആകാശാരോഹണം നടത്തിയെന്ന് കരുതുന്ന പാറ സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ചയായതിനാല്‍ ജുമ കഴിഞ്ഞ് മടക്കത്തില്‍ മിറാജിന്റെ പാറ കാണാന്‍ പോകാമെന്നായിരുന്നു ഞങ്ങളുടെ ആസൂത്രണം. ‘അല്ലാ റസൂല്‍ ആകാശാരോഹണം നടത്തിയ പാറ കാണണ്ടേ? എന്താ നമ്മള്‍ നേരെ മടങ്ങുന്നത്? ഞാന്‍ സംഘാംഗങ്ങളില്‍ നിന്ന് വെട്ടിത്തിരിഞ്ഞ് ഒച്ചയുയര്‍ത്തി. പൊതുവെ പടര്‍ന്ന പതര്‍ച്ച ഭേദിച്ച് ഉമ്മര്‍ മേല്‍മുറി ഇങ്ങനെ പ്രതികരിച്ചു. ‘ ഈ അവസ്ഥയില്‍ നമ്മള്‍ ഇവിടെ അധികം കടിച്ച് തൂങ്ങാത്തതാണ് നല്ലത്. സെക്യൂരിറ്റിക്കാരന്‍ ഇനി മേലാധികാരികളുമായി ചര്‍ച്ച ചെയ്ത് എന്തെങ്കിലും ഏടാകൂടം ഉണ്ടാക്കിയാലോ? ‘അയ്യോ മിഅ്‌റാജ് പാറ കാണാതെ മടങ്ങുകയോ? പെട്ടെന്നൊന്ന് പോയിനോക്കാം.’ അങ്ങ്ദൂരെ കൂട്ടംകൂടി നില്ക്കുന്ന ആളുകളിലേക്ക് ഞാന്‍ നടക്കാന്‍ തുടങ്ങി. അബ്ബാസും ഉമ്മറും എന്നെ കൂച്ചുവിലങ്ങിടാന്‍ കുതിച്ചതായിരുന്നു. പക്ഷേ ‘വേണ്ട രാമനുണ്ണിയുടെ ആഗ്രഹം നടക്കട്ടെ. വേഗത്തില്‍ ഡോമ് ഓഫ് റോക്കിനകത്ത് പോയിവരാം.’ താന്‍ ഉരുവിടാന്‍ പോകുന്ന ഫാത്തിഹയുടെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് ഖലീല്‍ ബുഖാരി തങ്ങള്‍ ഉറപ്പിച്ച് ഓതി.
പരിസര പ്രകൃതിയില്‍ നിന്ന് തെറിച്ച് വയനാടന്‍ കരിങ്കല്ലിന്റെ മിനുപ്പോടെ മനുഷ്യവിമാനത്തിന് പറക്കാന്‍ പാകത്തില്‍ തോള് കാട്ടിനില്‍ക്കുന്നതായിരുന്നു ആ മിഅ്‌റാജ് പാറ. ആള്‍ക്കൂട്ടത്തിലൂടെ നൂണ്ട് അതിനെ തൊട്ടുരുമ്മിയതും നബിതിരുമേനിയുടെ ആകാശാരോഹണത്തിന്റെ ആദ്യാവസാന രംഗങ്ങള്‍ മനസ്സില്‍ പുനര്‍ജനിച്ചു.
ഉമ്മുഹാനിയുടെ വീട്ടില്‍ രാത്രി തങ്ങിയ റസൂല്‍ മണല്‍കാറ്റില്‍ പൂനിലാവ് വജ്രം വിളയിച്ചപ്പോള്‍ കഅബയൊന്ന് ചുറ്റിക്കറങ്ങാന്‍ ഇറങ്ങുന്നു. കഅ്ബയിലെ ഹിജ്‌റില്‍ കിടന്ന് മയങ്ങിപ്പോയ അവനെ ജിബ്രീല്‍ മാലാഖ കാല്‍മടമ്പ് കൊണ്ട് തലങ്ങും വിലങ്ങും തട്ടിവിളിക്കുന്നു. ‘എണീക്ക്, എണീക്ക് ‘
അന്ധാളിക്കുന്നതിനിടയില്‍ത്തന്നെ, വെളുത്ത കോവര്‍ കഴുതയുടെ ആകൃതിയിലുള്ള, ഇരുവശത്തും ചിറകുകളുള്ള ബുറാഖിലേക്ക് മാലാഖ റസൂലിനെ തള്ളിക്കയറ്റുന്നു. ‘എങ്ങോട്ടാ, എങ്ങോട്ടാ?’ഉറക്കച്ചടവകന്ന് പ്രവാചകന്‍ ചോദിക്കുന്നു. മലക്കിനെയും മനുഷ്യനെയും വഹിച്ച്, ചിറകുകള്‍ പാതിവിടര്‍ത്തി, ഓരോ ചാട്ടത്താല്‍ കണ്ണെത്താവുന്ന ദൂരങ്ങള്‍ താണ്ടി, യസ്രിബും ഖൈബറും തരണം ചെയ്ത്, അറുന്നൂറു നാഴികകള്‍ അകലെക്കിടക്കുന്ന ജറൂസലേം പിടിച്ചു കൊണ്ട് ആ ചോദ്യത്തിന് ബുറാഖ് ഉത്തരം നല്‍കുന്നു. ജറൂസലേമിലെ ബൈത്തുല്‍ മുഖദ്ദസ് ദേവാലയമാണ് തങ്ങളുടെയാത്രാ ലക്ഷ്യമെന്ന് പെട്ടെന്നു തന്നെ മുഹമ്മദ് തിരിച്ചറിയുന്നു. ജിബ്‌രീല്‍ മാലാഖയാല്‍ അവന്‍ പള്ളിയിലേക്ക് ആനയിക്കപ്പെട്ടതും അബ്രഹാം, മോസസ്, ഇസ്മായീല്‍, യേശു തുടങ്ങി അറിയുന്നവരും അറിയാത്തവരുമായ എണ്ണമറ്റ പ്രവാചകര്‍ അവിടെ തിങ്ങിക്കൂടി നില്‍ക്കുന്നുണ്ട്. കിരീടങ്ങള്‍ വെച്ചതും വെക്കാത്തതുമായ ശിരസ്സുകളാല്‍ വെണ്‍മേഘങ്ങളെ സ്പര്‍ശിക്കുന്നവര്‍, മാരിവില്‍ മാലയ്‌ക്കൊപ്പം മുടി നീളം പറത്തുന്നവര്‍, പനകളോളം വലിയ അമ്പും വില്ലുമേന്തിയവര്‍, എടുത്താല്‍ പൊന്താത്ത ഹലായുധ ധാരികള്‍…
ആരോ അപ്പോള്‍ നിശ്ശബ്ദത ഭേദിച്ച് നമസ്‌കാരത്തിനു നേതൃത്വം കൊടുക്കാന്‍ ആവിശ്യപ്പെടുന്നു.
അയ്യോ, ജ്യേഷ്ഠ സോദരങ്ങളായ നിങ്ങളെല്ലാം നില്‍ക്കുമ്പോള്‍ ഞാനോ?!
മുഹമ്മദ് വെപ്രാളപ്പെട്ടു പോകുന്നു.
നീ തന്നെ വേണം. അവസാന ദീപശിഖാ വാഹകന്റെ പ്രാധാന്യം പ്രഖ്യാപിക്കാന്‍ നീ തന്നെ വേണം.

വിധി തീര്‍പ്പു പോലെ ആ സ്വരം കടുപത്തില്‍ പറയുന്നു.
അഞ്ചടി പത്തംഗുലം നീളമുള്ള മുഹമ്മദ് മുതല്‍ ജബലുന്നൂര്‍ പര്‍വ്വതത്തോളം ഭീമാകാരനായ ത്രേദായുഗ പ്രവാചകന്‍ വരെ പങ്കെടുത്ത സുന്നത്ത് നമസ്‌കാരം താമസിയാതെ പിരിഞ്ഞതും വെറിപിടിച്ച സമയച്ചിറകടി റസൂലിനെ പൊതിയുന്നു.
സുകൃതികളെ വീണ്ടും കാണാം.
സംഗമ സൗഭാഗ്യത്തിന്റെ ക്ഷണികതയില്‍ വിഷമിച്ചുകൊണ്ട് മുഹമ്മദ് പറയുന്നു.
ഉടന്‍ കാണാം, മുത്തേ. ഉടനടി കാണാം.
ഓടക്കുഴലും പീലിത്തിരുമുടിയുമുള്ളൊരു പ്രവാചകനില്‍ നിന്ന് പെട്ടെന്ന് പ്രതികരണമുണ്ടാകുന്നു.

ബൈതുല്‍മുഖദ്ദസില്‍ നിന്ന് പിന്നീടാരംഭിച്ച പ്രയാണം പാതിച്ചിറകിനു പകരം പൂര്‍ണ്ണച്ചിറകും വിടര്‍ത്തിയുള്ളതാകുന്നു. ഉടനെ കാണാം. ഉടനടി കാണാം എന്ന് പൂര്‍ണാവതാരത്തിന്റെ പ്രസന്നപ്പേച്ചിന്റെ അര്‍ത്ഥം സാക്ഷാല്‍ സ്വര്‍ഗത്തില്‍ എത്തിച്ചേര്‍ന്ന് കൊണ്ട് മുഹമ്മദ് തിരിച്ചറിയുന്നു.
ദയാവായ്പിന്റെ അത്യുദാര കാന്തികതയോടെ യേശു-
ക്ഷമാശീലത്തിന്റെ ഭൂഗുരുത്വ സാന്ദ്രതയില്‍ മോസസ്സ്-
സമര്‍പ്പണത്തിന്റെ പരമോധാര ശാന്തിയോടെ ഇസ്മാഈല്‍-
വിശ്വാസ ദാര്‍ഢ്യത്തിന്റെ ലോകൈക കടുപ്പത്തില്‍ ഇബ്രാഹീം-
കരുണയുടെ ആത്മതിരസ്‌കാര ബലത്തോടെ ബുദ്ധന്‍-
സ്‌നേഹത്തിന്റെ കാഞ്ചന മണിദ്യുതികളാല്‍ കുസൃതി ച്ചിരിചിരിച്ചു കൊണ്ട് കൃഷ്ണന്‍
ത്യാഗത്തിന്റെ അസ്തമിക്കാത്ത സൂര്യതേജസ്സോടെ ശ്രീരാമന്‍
പലപല സ്വര്‍ഗ വിതാനങ്ങളില്‍ നിന്ന് വന്നു കൊണ്ടിരുന്ന അവര്‍ തങ്ങളുടെ ആകാരങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ഇളമുറക്കാരനെ ആലിംഗനം ചെയ്യുകയോ, കൈകള്‍ പിടിച്ച് ഞെരുക്കുകയോ, ഉള്ളനടിയില്‍ വെച്ച് പൊന്നാരിക്കുകയോ, വിരല്‍ തുമ്പില്‍ നിര്‍ത്തി കണ്‍പാര്‍ക്കുകയോ ചെയ്യുന്നു.
ഹാ, ഇതിനപ്പുറം സാധ്യമേയല്ലെന്നു തോന്നുന്ന തരത്തില്‍ അതിമൃദുലവികാരലോലമായ സ്‌നേഹപ്രകടനങ്ങള്‍… ഒന്നു മിഴികള്‍ ചിമ്മിത്തുറന്നതും അതാ സകല പ്രവാചകശ്രേഷ്ഠരിലും മാതൃസ്‌ത്രൈണമായ മൃദുത്വം തിടം വെച്ച് വളരുന്നു. പോകെപ്പോകെ സ്‌നേഹം ചൊരിയുന്ന അവരില്‍ മാത്രമല്ല സ്‌നേഹം സ്വീകരിക്കുന്ന മുഹമ്മദിലും മാര്‍ദവസ്‌ഫോടനം സംഭവിക്കുന്നു.
എന്തുകൊണ്ട് പ്രവാചകരില്‍ സ്ത്രീകള്‍ ഉണ്ടായില്ല എന്നല്ല, എന്തുകൊണ്ട് പ്രവാചകരില്‍ പുരുഷന്മാര്‍ ഉണ്ടായില്ല എന്നാണ് അപ്പോള്‍ ചോദിക്കേണ്ടിയിരുന്നതെന്ന് അവനു തോന്നുന്നു.ഗര്‍ഭപാത്രം പോലെ മൃദുത്തു കഴിഞ്ഞിരുന്ന മുഹമ്മദ് താമസിയാതെ ഉദ്യാനങ്ങളും അത്ഭുതക്കനികളും അപ്‌സരസുകളും പരിമള പൂരങ്ങളും സംഗീത സദിരുകളും കുസൃത്തിപ്പയ്യന്‍മാരും മയക്കു രഹിത മദ്യങ്ങളുമുള്ള ആ തനി സ്വര്‍ഗത്തില്‍ നിന്ന് ദേവതാരു പൂക്കുന്ന പരമോന്നത പദത്തിലേക്ക് ആരോഹണപ്പെടുന്നു.
അതായത് ദൈവത്തില്‍ നിന്ന്, അതായത് സര്‍വ്വ ചരാചര സൂക്ഷ്മസ്തൂല ജീവിതത്തില്‍ നിന്ന് വെറും അരച്ചാണ്‍ അകലത്തിലേക്ക്…
ഉടന്‍ തന്നെ സ്വര്‍ഗമൊന്നും ഒന്നുമല്ലെന്ന മഹാജ്ഞാനവും അബുല്‍ഖാസിമിന് സിദ്ധിക്കുന്നു.

ഞാന്‍ നിന്റെ മുഖാംബുജ പ്രകാശത്തില്‍ അഭയം തേടുന്നു. ഞാന്‍ നിന്റെ മുഖാംബുജ പ്രകാശത്തില്‍ അഭയം തേടുന്നു. അതുമാത്രം അവന്‍ നിരന്തരം മന്ത്രിക്കുന്നു. തുടര്‍ന്ന് ദേവതാരുത്തണലില്‍ വെച്ചു തന്നെ ഇസ്‌ലാമിക വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങള്‍ മുഹമ്മദിന് അവതീര്‍ണ്ണമായി കിട്ടുന്നു. ദിവസം അമ്പതു തവണ അനുഷ്ടിക്കേണ്ട നമസ്‌കാരത്തിനുള്ള നിര്‍ദേശം മൂസാ നബിയുടെ ഇടപെടലിലൂടെ അഞ്ചാക്കി ചുരുക്കപ്പെട്ടുകൊണ്ട് അവന്‍ ബുറാഖിലേറി ജറൂസലേം പാറക്കെട്ടില്‍ ഇറങ്ങി അവിടെ നിന്ന് മക്കയിലെ ഉമ്മു ഹാനിയുടെ വീട്ടിലേക്ക് രാത്രിക്കു രാത്രി തന്നെ പറന്നെത്തുകയും ചെയ്യുന്നു.
ഓ ഉമ്മു ഹാനീ.. ഇന്നലെ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് നമ്മള്‍ പിരിഞ്ഞ ശേഷം ഞാന്‍ ജറൂസലേമിലും ഇപ്പൊ പറയാനാകാത്ത ചില സ്ഥലങ്ങളിലും പോയി വന്നിരുന്നു. അതിരാവിലെ കണ്ണുതിരുമ്മി എഴുന്നേറ്റു വന്ന പ്രവാചകന്‍ അതീവ നിഷ്‌കളങ്കതയോടെ തന്റെ ആതിഥേയയെ ഉണര്‍ത്തിക്കുകയാണ്. ദൈവദൂതരേ.. ദയവായി ഇത്തരം വര്‍ത്തമാനങ്ങള്‍ പുറത്തു പറയരുത്. അല്ലെങ്കില്‍ തന്നെ അങ്ങയെ കള്ളനും പ്രാന്തനുമായി മുദ്രകുത്തുന്നവര്‍ ധാരാളമുണ്ട്. മക്കയില്‍ നിന്ന് ജറൂസലേമില്‍ പോയി വരാന്‍ ഒരു മാസം അങ്ങോട്ടും ഒരു മാസം ഇങ്ങോട്ടും എടുക്കുമെന്നറിയുന്ന ഉമ്മു ഹാനി അവനെ ജാഗ്രതപ്പെടുത്തുന്നു. അതോടെ സത്യം പറഞ്ഞിട്ടും വിശ്വസിക്കാത്ത ഉമ്മയുടെ മുന്നിലുള്ള കുഞ്ഞിന്റെ ദയനീയ ഭാവം മുഹമ്മദില്‍ പടരുന്നു. ചോരക്കുന്ന മുഖം, വിതുമ്പുന്ന ചുണ്ടുകള്‍, കൂര്‍ക്കുന്ന ചെവി, പൊടിയുന്ന വിയര്‍പ്പ്…
ഹൗ, മാനവരാശിയുടെ ഏറ്റവും വലിയ നായകനായിട്ടും നീ ഇത്ര പാവമാണോ? ഇത്ര നിഷ്‌കളങ്കനാണോ? ഇത്ര പരിശുദ്ധനാണോ? ആ ആസക്ത മുഹൂര്‍ത്തത്തില്‍ റസൂല്‍ സ്വരൂപത്തെ ഞാന്‍ അടങ്ങറ കെട്ടിപ്പിടിച്ചു പോയി. ഇപ്പോള്‍ ശ്രീകൃഷ്ണനെയെന്ന പോലെ ഓര്‍ക്കുമ്പോഴേക്ക് കുടുകുടാ കണ്ണീര്‍പൊടിയുന്ന തരത്തില്‍ മുഹമ്മദിനെയും ഞാന്‍ സംലയിച്ചറിഞ്ഞിരിക്കുന്നു. പൂര്‍ണ്ണമായും കഥാപാത്ര സ്വാംശീകരണം സാധിച്ചതിനാല്‍ ഇനി ദൈവത്തിന്റെ പുസ്തകം അങ്ങ് എഴുതി തീര്‍ക്കുകയേ വേണ്ടൂ.
ജറൂസലേമിനു ശേഷം അല്‍ഹലീല്‍ ഇബ്‌റാഹീം നബിയുടെ മഖ്ബറ തുടങ്ങിയ കേന്ദ്രങ്ങള്‍ കൂടി ഖലീല്‍ ബുഖാരിത്തങ്ങളുടെ സിയാറത്ത് യാത്രയില്‍ ബാക്കി കിടന്നിരുന്നു. എന്നാല്‍ പുറമേക്ക് യാതൊന്നും കണ്‍പാര്‍ക്കാതെ തീര്‍ത്തും അന്തര്‍മുഖനായി നടന്ന ഞാന്‍ നോവലിലെ നബി ഭാഗത്തിന്റെ എഴുത്ത് മനസ്സില്‍ തകൃതിയാക്കി. എത്രെയും വേഗം നാടു പിടിച്ച് ആ വാചകങ്ങള്‍ ലാപ്‌ടോപ്പിലേക്ക് പകര്‍ത്താന്‍ ധൃതിപ്പെട്ടുകൊണ്ട്..

Share this:

  • Twitter
  • Facebook

Related Posts

റളീത്തു ബി ഖളാഇല്ല
Memoir

റളീത്തു ബി ഖളാഇല്ല

July 4, 2022
ന്റെ ഉസ്താദ്
Memoir

ന്റെ ഉസ്താദ്

June 24, 2022
മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..
Memoir

മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..

February 3, 2022
ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം
Memoir

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

December 31, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×