അതിസമ്പനായ ഒരു സുഹൃത്ത്. നല്ല വ്യക്തിത്വത്തിന് ഉടമയാണ്. മലപ്പുറത്ത് നിന്നും കുറച്ച് ദൂരയാണെങ്കിലും ഞാന്‍ നാട്ടിലുണ്ടാകുന്ന സമയത്തെല്ലാം എന്നെ സന്ദര്‍ശിക്കും. അയാളുടെ ആസ്തിയെത്രയാണെന്ന് അയാള്‍ക്ക് തന്നെ അറിയില്ല എന്നു പറയുന്നതാകും ശരി. സമ്പന്നന്‍, പന്ത്രണ്ടു മക്കളുടെ പിതവ്; ആറ് ആണ്‍ മക്കളും ആറ് പെണ്‍മക്കളും. മൂത്തമകന് വയസ്സ് അറുപത്തിയഞ്ചു കഴിഞ്ഞിട്ടുണ്ടാവും. ഇളയവന് മുപ്പത്തിയഞ്ചും. സന്തോഷത്തിന് തിരമാലകള്‍ അലതല്ലികൊണ്ടിരിക്കുന്ന കുടുംബമായിരിക്കുമത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരിക്കില്ല. ദുന്‍യാവില്‍ പടച്ചവന്‍ എല്ലാം കൊടുത്ത ഒരു മനുഷ്യന്‍ അയാളെ കാണുന്നവര്‍ നെടുവീര്‍പ്പിടുമായിരുന്നു. നാലു വര്‍ഷം മുമ്പ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.
ഒരിക്കല്‍ അയാള്‍ എന്നെ കാണാന്‍ വന്നിരുന്നു. കുശ ലന്വേഷണത്തിനിടക്ക്; ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം കേട്ട നിമിഷത്തില്‍ എവിടെ നിന്നോ എന്ന പോലെ അദ്ദേഹത്തിന്റെ കവിളിന്റെ കോണില്‍ ദുഖം തളം കെട്ടാന്‍ തുടങ്ങി.
”എന്തുപറ്റി ഹാജിയാരെ” ഞാന്‍ ചോദിച്ചു.
”ഒന്നുല്യ തങ്ങളെ, എന്റെ കുടുംബ ജീവിതമൊരു ദുരന്ത കഥയാണ്. ” അയാള്‍ വിഷമത്തോടെ പറഞ്ഞു: ”അതെന്തെ ഹാജ്യാരെ അങ്ങനെ.” ഞാന്‍ വീണ്ടും ചോദിച്ചു. അയാള്‍ തന്റെ ജീവിതം പറഞ്ഞു തുടങ്ങി. ”തങ്ങളെ, എന്നെ കാണുന്നവര്‍ക്ക് ഞാന്‍ അതി സമ്പന്നനാണ്. അല്ലാഹു എല്ലാം നല്‍കിയവന്‍. സന്താനവും സമ്പത്തും എല്ലാം. പക്ഷെ, സത്യത്തില്‍ ജീവിതത്തില്‍ എന്റെയത്ര ഹതഭാഗ്യന്‍ മാറ്റരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിതത്തിന്റെ ഒരു സുഖവും അറിയാത്തവരാണ് ഞാനും എന്റെ മക്കളും.” അയാള്‍ക്ക് വാക്കുകള്‍ മുഴുവനാക്കുവാന്‍ സാധിക്കുന്നില്ല.
”അതന്താ ഹാജിയാര് അങ്ങനെ പറയുന്നത് എന്ന എന്റെ മുഖഭാവത്തിന്റെ ഭാവവ്യത്യാസത്തില്‍ നിന്ന് ചോദ്യം മനസ്സിലാക്കിയതുകൊണ്ടാവണം അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.
”തങ്ങളെ എന്റെ മൂത്തമകന് അറുപത്തിയഞ്ചു വയസ്സ് കഴിഞ്ഞു. ചെറിയ മകന് മുപത്തിയഞ്ചും; അവരാരും ഇന്നുവരെ കല്യാണം കഴിച്ചിട്ടില്ല. വീട്ടിലാണെങ്കില്‍ എന്നും വഴക്കും വക്കാണവുമാണ്. മക്കളാരും ഏതെങ്കിലും ഒരു സംരഭത്തില്‍ വിജയിച്ചവരായി വരുന്നത് കാണാന്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ജീവിതത്തില്‍ മനസ്സമാധാനം എന്നെ തൊട്ടു തീണ്ടിയിട്ടില്ല.”
ആ വൃദ്ധന്റെ കണ്ണുകള്‍ അണമുറിയാതെ ഒഴുകാന്‍ തുടങ്ങി. എന്തുപറയണമെന്നറിയാതെ എന്റെ നാവ് ചുണ്ടുകള്‍ക്കിടയില്‍ ഉത്തരം മുട്ടി നിന്നു.
”തങ്ങളെ..” അയാള്‍ വിക്കി വിക്കി വീണ്ടും പറയാന്‍ തുനിയുകയാണ്. ഞാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.
”ഞാനാദ്യമൊരു കല്യാണം കഴിച്ചിരുന്നു. ഒരു കാരണവും കൂടാതെ ഞാന്‍ ആ പെണ്ണിനെ ത്വലാഖ് ചൊല്ലി. അന്ന് ഒാള് പോകുമ്പോള്‍ എന്നെ ശപിച്ച്..ശപിച്ചാണ് പോയത്. ആ ശാപമാണ് ഇന്നും ഞാനും എന്റെ കുട്ടികളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അന്നെനിക്ക് പറ്റിപോയ തെറ്റാണ് തങ്ങളേ..ഇനി ഞാനെന്തു ചെയ്യും.” അയാള്‍ ഉത്തരം പ്രതീക്ഷിക്കാത്തത് പോലെ എന്റെ നേരെ ചോദ്യമെറിഞ്ഞു. എന്റെ വായനക്കാര്‍ ശ്രദ്ധിക്കണം; ജീവിതത്തില്‍ ഒരു കാരണവും കൂടാതെ ഏതെങ്കിലും ഒരു പെണ്ണിനെ കണ്ണുനീര്‍ കുടിപിച്ചാല്‍ ആ ശാപം ജീവിത കാലം മുഴുവന്‍ വിടാതെ പിന്തുടരും. അവള് ഒരു പക്ഷെ, സുന്ദരമായ ജീവിതം നയിച്ചാലും ആ ശാപം നമ്മില്‍ നിന്ന വിട്ട് പോവുകയില്ല. ഞാന്‍ ആ ഹാജിയാരോട് ചോദിച്ചു:
”ആ സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്.”
അദ്ദേഹം പറഞ്ഞു: ”അവളും ഭര്‍ത്താവും മക്കളും നല്ല സുഖ സുന്ദരമായിട്ട് ജീവിക്കുന്നുണ്ട്. പക്ഷെ, ഞാനും എന്റെ മക്കളും ജീവിതത്തില്‍ എന്നും കണ്ണീര്‍ കഴത്തിലാണ്.”
അക്രമിക്കപ്പെട്ടവന്റെ ഭാഗത്ത് എന്നും അല്ലാഹുവുണ്ടാകും. പ്രാര്‍ത്ഥനക്കുത്തരം കിട്ടുന്നവരില്‍ ആദ്യക്കാരായി അക്രമിക്കപ്പെട്ടവരെ ഇസ്‌ലാം എണ്ണിയതിന്റെ കാരണവും ഇതാണ്. ജീവിതത്തില്‍ എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടാകുമ്പോഴേക്ക് ത്വലാഖ് ചൊല്ലുകയല്ല വേണ്ടത്. ത്വലാഖ് ഒരു എമര്‍ജന്‍സി ഡോര്‍ പോലയാണ്. അത് എപ്പോഴും ഉപയോഗിക്കാനുള്ളതല്ല. രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാ എന്നു വരുമ്പോള്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് എമര്‍ജന്‍സി ഡോര്‍. ഇതുപോലെ ജീവിതത്തില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാ എന്ന് വരുമ്പോള്‍ മാ്രതമെ ത്വലാഖ് ഉപയോഗിക്കാവൂ.
കറിയില്‍ ഉപ്പില്ലാത്തതിന്റെ പേരിലും ചായയില്‍ പഞ്ചസാര കുറഞ്ഞതിന്റെ പേരിലും തുടങ്ങി നിസാരമായ കാര്യത്തില്‍ ഭാര്യമാരെ ഉപദ്രവിക്കുന്നവര്‍, അവരുമായി തര്‍ക്കിക്കുന്നവര്‍ അവരെ സങ്കടം കുടിപ്പിക്കുന്നവര്‍ ശരിക്കും ശ്രദ്ധിക്കണം. കാരണം എല്ലാ അക്കമിട്ട് പടച്ചവന്‍ തിരിച്ചു തരും. അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ള കാര്യമാണ് ത്വലാഖ് എന്നൊരു തിരുനബിയുടെ അധ്യാപനം കാണാം. അതുകൊണ്ട് ത്വലാഖ് തന്നെ അല്ലാഹുവിന് ദേഷ്യമുള്ള കാര്യമാണ്. അത് അകാരണമായി ചെയ്യുമ്പോള്‍ ആ ദേഷ്യത്തിന്റെ തീവ്രത കൂടും. അല്ലാഹു നമ്മുടെ കുടുംബ ജീവിതം സന്തോഷകരമാക്കട്ടെ.