ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) വിനെ ഏറ്റെടുക്കാനും തന്റെ പ്രത്യേകമായ ആശയ പരിസരത്തിലേക്ക് അവരെ ചുരുക്കി കെട്ടാനും അതുവഴി ഇസ്‌ലാമിന്റെ സത്തയോട് എത്രമാത്രം നീതി പുലര്‍ത്തുമെന്ന ബോധ്യമില്ലാത്ത ഒരാശയത്തെ പരമ സത്യമാക്കാനുമുള്ള ഒരുകൂട്ടം ശ്രമങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നുണ്ട്. കേരളത്തിലെ പരമ്പരാഗത സൂഫീ പാരമ്പര്യത്തിലൂന്നിയ സാമൂഹിക സാഹചര്യത്തെ ശക്തിപ്പെടുത്തുന്നതും എന്നാല്‍ അതിലനിവാര്യമായ നവീകരണങ്ങള്‍ സ്ഥാപിച്ചും സമീപകാല ഉത്പതിഷ്ണുക്കള്‍ക്ക് ദഹിക്കാത്ത ഒരുപാട് ആശയങ്ങളുടെ പ്രയോക്താവുമായിരുന്നു മഖ്ദൂം(റ). അവര്‍സ്ഥാപിച്ച യാഥാസ്ഥികമായ ഒരു പശ്ചാത്തലത്തെ തള്ളിപ്പറയല്‍ അസ്ഥിത്വമാക്കി എടുത്ത ഒരു വിഭാഗം അദ്ദേഹത്തെ ഏറ്റെടുക്കാന്‍ ശ്രമിക്കല്‍ എന്തുമാത്രം വിരോധാഭാസമാണ്. രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളാണ് പ്രധാമനമായും ഇതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. ന്യൂനതയുള്ള ഒരു ഇസ്‌ലാം മാത്രമേ ഇന്നുള്ളൂ, എന്നു പറഞ്ഞ് പരിപൂര്‍ണ്ണമാക്കുന്നതിന് രാഷ്ട്രീയ ഭരണം സ്ഥാപിക്കാന്‍ നെട്ടോട്ടമോടുന്ന ഇവര്‍ക്ക് ശൈഖ് മഖ്ദൂം തങ്ങളെ ഒരു പൊളിടിക്കല്‍ മതത്തിന്റെ വക്താവായി കിട്ടണം. ഈ സാഹചര്യത്തില്‍ അദ്കിയ മുന്നോട്ടുവെക്കുന്ന ആശയത്തിലൂടെ യഥാര്‍ത്ഥ മഖ്ദൂമിനെ വായിക്കുക പ്രസക്തമാകും.
ചരിത്രത്തിലെ ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ എങ്ങനെയാണ് വിലയിരുത്തുക. ഒരു കൃതിയെ രചനാ പശ്ചാത്തലങ്ങള്‍ക്കോ തന്റെ വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടുകള്‍ക്കോ പ്രാധാന്യം നല്‍കാതെ കേവലം അതിന്റെ ടെക്സ്റ്റ് വായന എത്രമാത്രം വാസ്തവ വിരുദ്ധമായിരിക്കും.
അവരുടെ വായനയടെ ഒരു രീതി നമുക്കൊന്നു പരിചയപ്പെടാം. ‘സാമൂതിരി നേതൃത്വം നല്‍കിയ ഭരണപരവും സൈനികപരവുമായ വ്യവസ്ഥാപിത സംവിധാനത്തിന്റെ ഭാഗമായി നിന്ന് കൊണ്ടുള്ള സമരത്തിനാണ് ശൈഖ് സൈനുദ്ദീന്റെ ആഹ്വാനമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജിഹാദ് വ്യക്തികളുടെ കേവലമായൊരു എടുത്തുചാട്ടമായിരുന്നില്ലെന്നും സുചിന്തിതവും ആസൂത്രിതവുമായ ഒരു രാഷ്ട്രീയ സൈനിക പദ്ധതിയായിരുന്നുവെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്. അതുപോലെ അമുസ്‌ലിമായ സാമൂതിരിയുടെ നേതൃത്വത്തില്‍ മുസ്‌ലിംകളും നായര്‍ പടയാളികളും ചേര്‍ന്ന് നടത്തിയ യുദ്ധത്തെ ശൈഖ് സൈനുദ്ദീന്‍ ജിഹാദായി പ്രശ്‌നവത്കരിച്ചതും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. സാമ്രാജ്യത്വത്തിന്റെ നൃശംസതകള്‍ക്കെതിരെ പൊരുതാന്‍ എക്കാലത്തും മുസ്‌ലിംകളുടെ ആശയാടിത്തറയായ ജിഹാദിന്, പലരും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ മതഭ്രാന്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.’ (പ്രബോധനം 2007 ഫെബ്രുവരി 3)
ജിഹാദില്ലാത്ത മതം പരിപൂര്‍ണ്ണമല്ലെന്ന സങ്കല്‍പ്പത്തിനുടമയാണ് സൈനുദ്ധീന്‍ മഖ്ദൂം(റ) എന്ന നിലക്കാണീ വായന പോകുന്നത്. ഇസ്‌ലാമിക ഭരണമല്ലാത്ത എല്ലാ ഭരണ സംവിധാനങ്ങളും മാഇദ 44-ാം വചനത്തിന്റെ വികല വ്യാഖ്യാനം മൂലം അവിശ്വാസികളാണെന്ന ഹാകിമിയ്യത്ത് വാദവും അതിനാല്‍ ലോകം മഴുവന്‍ സത്യനിഷേധത്തിലാണെന്ന ജാഹിലിയ്യത്ത് വാദവും ആയതിനാല്‍ ഈ രീതിയില്‍ ജിഹാദ് പറയുന്ന ഞങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ ഇസ്‌ലാമിന്റെ ആളുകളെന്നും അവിശ്വാസികളെ ഉന്മൂലനം ചെയ്യല്‍ തങ്ങളുടെ നിര്‍ബന്ധകടമയാണെന്നും അതിന് പരിഹാരം ജിഹാദാണെന്നും പറയുന്ന ഐഎസ് വരെ എത്തി നില്‍ക്കുന്ന മതരാഷ്ട്രവാദികളുടെ ഈ ജിഹാദീ സങ്കല്‍പത്തിന്റെ പ്രയോക്താവാണ് മഖ്ദൂം തങ്ങള്‍ എന്ന നിലയിലാണ് അവരുടെ മഖ്ദൂം വായന. അതായത് ജീവിതകാലം മുഴുവന്‍ ജിഹാദിനിറങ്ങിയ അതിനായി നിരന്തരം സമൂഹത്തെ ഇളക്കിമറിച്ച ഒരു പണ്ഡിതനെന്ന നിലക്കാണ് മഖ്ദൂം(റ) അതരിക്കപ്പെടുന്നത്.
എന്നാല്‍ ഇതായിരുന്നോ സൈനുദ്ദീന്‍ മഖ്ദൂം(റ). അവരുടെ യഥാര്‍ത്ഥ ആശയത്തെ അണുതെറ്റാതെ പിന്തുടര്‍ന്നു പോരുന്ന പാരമ്പര്യ സൂന്നിവിഭാഗത്തിന്റെ ആശയമെന്താണ്. രചനയുടെ കാലം തൊട്ട് ഇന്നുവരെ നിരന്തരമായി വായിക്കപ്പെടുന്ന അദ്കിയ എന്ന കൃതിയുടെ, അതുമുന്നോട്ടുവെക്കുന്ന ഒരു ഇസ്‌ലാമിക കാഴ്ചപ്പാട് എന്താണ്. അത് ഈ വാദങ്ങളെ സാധൂകരിക്കുന്നതോ അതോ തിരുത്തി മറ്റൊരു വിചാരത്തെ സമ്മാനിക്കുന്നതോ.. ഒരു പാരമ്പര്യസൂഫി കുടുംബ പഠന സാഹചര്യമാണ് സൈനദ്ദീന്‍ മഖ്ദൂം(റ) വിന്റേത്. അവിടന്ന് എഴുതിയ മറ്റുഗ്രന്ഥങ്ങള്‍ ഏതെല്ലാമാണ്. മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്, സിറാജുല്‍ മുനീര്‍, ശംസുല്‍ ഹുദ, ശുഅബുല്‍ ഈമാന്‍, കിതാബുശ്ശിഫാ മിനശ്ശിഫാ, ഖസസുല്‍ അമ്പിയ, ശറഹു അല്‍ഫിയ… ഇവയില്‍ ഏതാണ് യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതും ജിഹാദിന് ജനങ്ങളെ ഇറക്കിപ്പുറപ്പടീക്കുന്നതും. ഇവയില്‍ ഭൂരിപക്ഷവും മനുഷ്യമനസ്സുകളുടെ ആത്മീയ ഔന്നിത്യത്തിനും വിമലീകരണത്തിനുമുള്ളതാണ്. ഹൃദയത്തില്‍ നടക്കേണ്ട ജിഹാദാണ് ചര്‍ച്ചാ വിഷയം. ശത്രു സൈന്യത്തോടുളള സായുധ പോരാട്ടം കഴിഞ്ഞു വരുന്ന നബിയനുചരരോട് നമുക്ക് മുന്നില്‍ ഇനി വരാനുള്ളതാണ് ഏറ്റവും വലിയ ജിഹാദെന്നു തിരുനബി(സ്വ) പറഞ്ഞ ജിഹാദ്. അതാണ് മഖ്ദൂം പ്രചരിപ്പിച്ചതും അതിനുവേണ്ടിയാണ് ജീവിത കാലമത്രയും നിലകൊണ്ടതും. ഇഹ്‌സാനിന്റെയും തസവ്വുഫിന്റെയും ഈ അവസ്ഥകളെ നിരാകരിക്കുന്നവരാണ് പുതിയ ജിഹാദിന്റെ ആളുകളെന്നതും ശ്രദ്ധേയം.
തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍ എന്ന പരാമര്‍ശിത ഗ്രന്ഥം പോര്‍ച്ചുഗീസുകാര്‍ കേരളത്തിലേക്കു വന്ന പ്രത്യേക സാഹചര്യത്തില്‍ മാത്രം രചിക്കപ്പെട്ടതാണ്. നമ്മുടെ മഹത്തായ മതത്തെ ലക്ഷ്യം വെച്ച് പിഴുതെറിയാന്‍ ഗൂഢ ശ്രമങ്ങള്‍ നടന്നപ്പോള്‍ മാത്രം ഇവിടത്തെ ഭരണാധികാരിയുടെ കീഴില്‍ ഇറങ്ങാന്‍ പ്രേരിപ്പിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണുണ്ടായത്. ഇത്തരത്തില്‍ യുദ്ധത്തിനിറങ്ങിയ പാരമ്പര്യമോ അത്തരം ഒരു പശ്ചാത്തലമോ ഇല്ലാത്ത പാരമ്പര്യ സൂഫിസത്തില്‍ നീങ്ങുന്ന ഒരു വിഭാഗത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമായ പരിചയമില്ലാത്ത മറ്റൊരു മേഖലയിലേക്ക് തിരിക്കാന്‍ ഒരു രചന നടത്തിയതാണ് തഹ്‌രീള്.
എന്നാല്‍ അദ്കിയാഅ് അങ്ങനെ അല്ല. അത് മൊത്തം സമൂഹത്തിന്റെ എക്കാലത്തേക്കും വേണ്ട ആത്മീയ പുസ്തകമാണ്. ആ അദ്കിയാഅ് വരച്ചുകാട്ടുന്ന ആദര്‍ശമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)വിന്റെ ആദര്‍ശം. അത്‌കൊണ്ടാണ് അദ്കിയാഅ് കാലത്തെ അതിജയിച്ചത്. നിന്നെ മുഴുവനായും അല്ലാഹുവില്‍ സമര്‍പ്പിക്കണം എന്നതാണ് അദ്കിയാഅ് മുന്നോട്ടു വെക്കുന്ന ജിഹാദിന്റെ അന്തസത്ത. ശരീഅത്താകുന്ന കപ്പല്‍ കയറി ത്വരീഖത്താകുന്ന കടല്‍ താണ്ടി ഹഖീഖത്താകുന്ന മുത്തുകളെ കരസ്ഥമാക്കാന്‍ എങ്ങനെ ഒരാളെ പ്രാപ്തനാക്കാം, അതിനുവേണ്ട ഊടുവഴികളിലെ അതിശക്തരായ പ്രതിയോഗികളെ എങ്ങനെ യുദ്ധം ചെയ്തു തോല്‍പ്പിക്കാമെന്നതാണ് അദ്കിയയുടെ ജിഹാദ്. അതിന്നായി കഴിഞ്ഞകാല സാഹചര്യങ്ങളില്‍ നിന്ന് നിന്നോട് മാറ്റം തേടി, അല്ലാഹു അല്ലാത്ത ഒന്നിനും നിന്റെ ഹൃദയത്തില്‍ സ്ഥാനമില്ലാത്ത ഒരു സാഹചര്യത്തിലേക്ക് നിന്നെ കൊണ്ടെത്തിക്കുന്ന യാത്രയാണ് അദ്കിയ.
അദ്കിയ പറയുന്നു, ആദ്യം തന്നെ അമ്മാറത്തും ബിസ്സൂആയ സ്വന്തം ശരീരത്തിനോട് ജിഹാദ് ചെയ്യാത്ത ഒരാളും തന്നെ ഈ ആത്മീയ യാത്രയില്‍ ഒരംശത്തെയും എത്തിച്ചിട്ടില്ല. സൂഫി ജ്ഞാനികളുടെ ഫലമായ മഅ്‌രിഫത്തിനെയും ഇവര്‍ക്ക് കരസ്ഥമാക്കാന്‍ കഴിയില്ല. ഈ അത്യന്താനുഭൂതി കരസ്ഥമാക്കുന്നതിന് അനിവാര്യമായി ജിഹാദ് എന്നാല്‍ അത്യുന്നതമായ സ്വഭാവ സവിശേഷ ഒളിവ്‌കൊണ്ട് വൈകൃതം നിറഞ്ഞ ഹൃദയത്തിലെ മ്ലേച്ചതകളെ തുടച്ച് വൃത്തിയാക്കലാണ് (അദ്കിയാഅ് 176-178). ഇതാണ് ശൈഖ് സൈനദ്ദീന്‍ മഖ്ദൂം(റ) വിന്റെ ജീവിതത്തോട് ഒട്ടി നിന്ന, അവിടന്ന് പ്രചരിപ്പിച്ച ജിഹാദ്.