ഹിജ്‌റ 450 ല്‍ ത്വൂസ് പട്ടണത്തിലെ ഗസാല എന്ന പ്രദേശത്ത് മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു അഹ്മദ് അത്തൂസി അബൂഹാമിദ് ഹുജ്ജത്തുല്‍ ഇസ്‌ലാം, കമ്പിളി കടഞ്ഞു നൂല്‍ നൂറ്റ് തന്റെ കടയില്‍ വെച്ച് വിറ്റ് ഉപജീവനം കഴിച്ചിരുന്ന സൂക്ഷ്മ ജീവിതത്തിന്റെ ഉടമയും ഭക്തനുമായ പിതാവിന്റെ പുത്രനായി ജനിച്ചു. സൂക്ഷ്മ ജീവിതം കണിശമാക്കിയിരുന്ന ആ പിതാവ് സാമ്പത്തികമായി നല്ല ഞെരുക്കത്തിലായിരുന്നു. തന്റെ പിതൃവ്യന്‍ അഹ്മദുല്‍ ഗസാലി അല്‍ കബീര്‍ ഉള്‍പ്പെടുന്ന വലിയ പണ്ഡിതന്മാരുടെ കുടുംബമാണെങ്കിലും തനിക്ക് അധികമൊന്നും പഠിക്കാന്‍ പറ്റാത്തതിലുള്ള ദു:ഖം തന്റെ മക്കളായ അഹ്മദിലൂടെയും മുഹമ്മദിലൂടെയും പരിഹരിക്കണമെന്ന് ആ പിതാവിന് ഉത്ക്കടമായ ആഗ്രഹം ഉണ്ടായിരുന്നു . താമസിയാതെ തന്നെ ബാധിച്ച അനാരോഗ്യം മൂലം തന്റെ അന്ത്യം അടുത്തെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരനായ സൂഫിവര്യനെ അടുത്ത് വിളിച്ച് തന്റെ അഭിലാഷം അറിയിക്കുകയും തന്റെ കൈവശമുണ്ടായിരുന്ന തുച്ഛം സംഖ്യ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. മക്കളെ പഠിപ്പിച്ച് വളര്‍ത്തുന്നതിന് അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്‌തേല്‍പിച്ചു. താമസിയാതെ ആ പിതാവ് ഇഹലോകവാസം വെടിഞ്ഞു. വസ്വിയ്യത്ത് പ്രകാരം സൂഫിവര്യന്‍ അഹ്മദിനും മുഹമ്മദിനും നാട്ടിലെ ഗുരുവര്യന്മാരില്‍ നിന്നും പ്രാഥമിക പഠനങ്ങള്‍ നല്‍കി. അധികം താമസിയാതെ ഏല്‍പ്പിച്ച സംഖ്യ തീര്‍ന്നു പോയി. തുടര്‍ന്നു പഠിക്കാന്‍ തന്റെ അടുക്കല്‍ പണമില്ലാത്തതിനാലും ഏല്‍പ്പിച്ച സംഖ്യ തീര്‍ന്നതിനാലും തുടര്‍പഠനം വല്ല ദര്‍സിലും ചേര്‍ന്ന് പഠിക്കലാണ് നല്ലതെന്ന് ആ മക്കളെ അദ്ദേഹം ബോധ്യപ്പെടുത്തുകയും അതുപ്രകാരം ത്വൂസിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന അഹ്മദ് ബ്‌നു മുഹമ്മദ് ബ്‌നു റാദ് കാനി എന്നിവരുടെ ദര്‍സില്‍ ചേര്‍ന്ന് പരമാവധി അറിവുകള്‍ നേടി. പിന്നീട് തുടര്‍പഠനത്തിനായി ജുര്‍ജാനിലെ സമീപത്ത് നിന്നും ധാരാളം അറിവുകള്‍ നേടുകയും അവയെല്ലാം കുറിപ്പുകളായി ശേഖരിക്കുകയും ചെയ്തു.
അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ തന്നെയും സഹയാത്രികരെയും കൊള്ളയടിക്കപ്പെട്ടു. ഇമാം ആ കൊള്ളക്കാരെ പിന്തുടര്‍ന്നു. അപ്പോള്‍ കൊള്ളത്തലവന്‍ ആക്രോശിച്ചു: ജീവന്‍ വേണമെങ്കില്‍ പാട്ടിന് പോകൂ അപ്പോള്‍ അദ്ദേഹത്തോട് ഇമാം വളരെ വിനയത്തോടെ അപേക്ഷിച്ചു : എന്റെ കുറിപ്പടികള്‍ അടങ്ങുന്ന ഒരു കൊച്ചുസഞ്ചിയുണ്ടതില്‍, അത് കൊണ്ട് നിങ്ങള്‍ക്കൊരുപകാരവും ഇല്ല എന്താണ് തന്റെ കുറിപ്പടികളിലുള്ളതെന്ന് കൊള്ളത്തലവന്‍ തിരിച്ചു ചോദിച്ച സമയത്ത് തന്റെ ഇല്‍മുകളാണെന്നറിയിച്ചപ്പോള്‍ അയാള്‍ പരിഹാസ പൂര്‍വം ചോദിച്ചു: വല്ല കൊള്ളക്കാരൊ കള്ളന്മാരൊ കൊണ്ടു പോയാല്‍ നഷ്ടപ്പെടുന്നത് എന്ത് ഇല്‍മാണെടോ..? ശേഷം ആ സഞ്ചി തിരിച്ചുനല്‍കി. ഈ സംഭവം ഇമാമിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. നാട്ടില്‍ തിരിച്ച് ചെന്ന് വിശ്രമമില്ലാതെ മൂന്ന് വര്‍ഷത്തെ കഠിനപ്രയത്‌നം കൊണ്ട് അത് വരെ പഠിച്ചതെല്ലാം മനപ്പാഠമാക്കി. ഇനിയൊരിക്കലും കൊള്ളയടിക്കപ്പെട്ടാല്‍ തന്റെ ഇല്‍മ് നഷ്ടപ്പെടില്ലെന്ന് ഉറപ്പ് വരുത്തി കൊള്ളക്കാരന്റെ ഈയൊരു കുത്ത് വാക്കിലൂടെ അല്ലാഹു തന്നെ ഉണര്‍ത്തുകയായിരുന്നുവെന്ന് ഇമാം ഓര്‍ക്കുമായിരുന്നു. പിന്നീട് ഉപരിപഠനത്തിനായി ലോകോത്തര പ്രതിഭയും അതുല്യ പണ്ഡിതനുമായി ഇമാം ഹറമൈനിയുടെ അടുത്തേക്ക് പുറപ്പെട്ടു . അന്ന് ലോക പ്രശസ്തമായിരുന്ന നൈസാബൂരിലെ ഇമാം ഹറമൈനിയുടെ കോളേജ് ആ വിജ്ഞാന സാഗരത്തില്‍ നിന്നും കൊതി തീരുവോളം വിജ്ഞാനം നുകര്‍ന്നു. അക്കാലത്ത് തന്നെ ഗ്രന്ഥ രചനയും നടത്തി . പിതാവിന് തുല്യം സ്‌നേഹിച്ച ഗുരുവിനെ തന്റെ പുരോഗതിയുടെയും നിദാനമായി സ്വീകരിച്ചു. ഗുരുവര്യരുടെ ജീവിതകാലത്ത് തന്നെ വിവിധ വിജ്ഞാനീയങ്ങളിലും ലോകപ്രശസ്ത രചനയിലും ലബ്ദപ്രതിഷ്ടി നേടി. ഇമാം ഹറമൈനി തന്നെ തന്റെ പ്രിയ ശിഷ്യനെ ആശ്ചര്യത്തോടെയും അഭിമാനത്തോടെയുമാണ് വീക്ഷിച്ചിരുന്നത്. ഗസാലി ആണയാത്ത കടലാണ് എന്ന് ഗുരു പലപ്പോഴും പറയുമായിരുന്നു. ഇമാം ഹറമൈനിയുടെ വിയോഗാനന്തരം പണ്ഡിതനും ചിന്തകനും മഹാപ്രതിഭയും മന്ത്രിയുമായിരുന്ന നിളാമുല്‍ മുല്‍കിനെ കാണാന്‍ ഗസാലി ഇമാം മുഅസ്‌കറിലേക്ക് പുറപ്പെട്ടു. പണ്ഡിതന്മാരുടെ കേളി രംഗമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ബാര്‍. അവിടെ ചെന്നു ദിവസങ്ങള്‍ക്കകം മുഴുവന്‍ പണ്ഡിതന്മാരുടെയും അംഗീകാരവും പ്രശംസയും പിടിച്ചു പറ്റി. അക്കാലത്ത് ബഗ്ദാദിലെ ഏറ്റവും പ്രശസ്തമായ നിളാമിയ്യ കോളേജിന്റെ മുഖ്യ ഗുരുസ്ഥാനവും സ്ഥാപനത്തിന്റെ ഉത്തരവാദിത്ത്വവും അദ്ദേഹത്തെ ഏല്‍പ്പിക്കപ്പെട്ടു. അക്കാലത്ത് ലോകത്ത് അറിയപ്പെട്ട മുഴുവന്‍ പണ്ഡിതരെയും പിന്തള്ളി അത്യുന്നതമായി ഈ സ്ഥാനം ഇമാം നേടിയത് തന്റെ മുപ്പത്തിനാലാമത്തെ വയസ്സിലാണെന്നോര്‍ക്കണം. അക്കാലത്ത് ഇമാമിനൊരു രണ്ടാമനില്ല. ലോക പ്രശസ്ത പണ്ഡിതന്മാരെല്ലാം അംഗീകരിക്കുകയും ‘ഭരണാധികാരികളും ജനനേതാക്കളും ആദരിച്ചും അനുസരിച്ചും ഖലീഫക്ക് പോലും അസൂയ തോന്നുമാറുള്ള സ്ഥാന മാനങ്ങളുടെയും അംഗീകാരങ്ങളുടെയും പ്രശസ്തിയുടെയും കൊടുമുടിയില്‍ വിരാചിക്കുന്നതിനിടയില്‍ ഹിജ്‌റ 488 ല്‍ ഒരു ഉള്‍വിളിയിലൂടെ ആഴത്തിലുള്ള ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷം സ്വന്തം സഹോദരന്‍ അഹമദുല്‍ ഗസാലിയെ തല്‍സ്ഥാനമേല്‍പ്പിച്ച് ഇരുചെവിയറിയാതെ ബഗ്ദാദില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടു. ഹജ്ജും സിയാറത്തും നിര്‍വ്വഹിച്ച് നേരെ ദിമിശ്ഖിലേക്ക് പുറപ്പെട്ടു. അവിടെ അല്‍പകാലം താമസിക്കുകയും തുടര്‍ന്ന് ബൈത്തുല്‍ മുഖദ്ദസിലേക്ക് പുറപ്പെടുകയും അവിടെ ഖുബ്ബത്തുസ്സഖ്‌റക്ക് കീഴില്‍ ഇഅ്തികാഫിരിക്കുകയും ഈ കാലയളവില്‍ വിവിധ ഗ്രന്ഥ രചനകള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. അനന്തരം ഡമസ്‌ക്കസിലേക്ക് തന്നെ വരുകയും അവിടുത്തെ ജാമിഉല്‍ ഉമവിയ്യയുടെ പടിഞ്ഞാറെ മിനാരത്തിന് കീഴില്‍ ഇഅ്ത്തികാഫില്‍ കഴിച്ചു കൂട്ടി. ഈ ഭാഗം ഇന്ന് ഗസ്സാലിയ്യ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ താമസം വര്‍ഷങ്ങളോളം നീളുകയു തുടരുകയും ഇഹ്‌യ പോലോത്ത ബൃഹത്തായ പല രചനകളും ഈ കാലയളവില്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ജീവിച്ചിരിപ്പുള്ളവരും വഫാത്തായവരുമായ പല മഹത്തുക്കളെയും സന്ദര്‍ശിക്കുകയും ബര്‍ക്കത്ത് സമ്പാദിക്കലുമായി പല നാടുകളും സന്ദര്‍ശിച്ചു. ആരാധനകളിലും രിയാളയിലുമായി പടി പടിയായി ഉന്നതസ്ഥാനങ്ങളിലെത്തി. ഖുത്ബിന്റെ പദവി വരെ ലഭിച്ചു. സൂഫീമാര്‍ഗത്തിലുള്ള തന്റെ പ്രയാണത്തില്‍ തനിക്കൊരു ശൈഖുമില്ല എന്നൊരു പ്രചരണമുണ്ട്. തികച്ചും അബദ്ധമാണത്. തന്റെ പ്രധാന രണ്ട് ശൈഖുമാരാണ്, അബൂഅലിയ്യുല്‍ ഫള്‌ല്ബ്‌നു മുഹമ്മദ്ബ്‌നു അലിയ്യ് അല്‍ ഫാര്‍മദി അത്തൂസി, അവര്‍ ഇമാം ഖുശൈരിയുടെ ശിഷ്യനും മുരീദുമാണ്. രണ്ട് അബൂബക്കറുല്‍ വര്‍റാഖ് തന്റെ അവസാന കൃതികളില്‍ ചിലതില്‍ ശൈഖീ എന്ന് പറയുമ്പോള്‍ അത് അബൂബക്കറുല്‍ വര്‍റാഖാണെന്ന് അതിന്റെ ശാരിഹുകള്‍ പറഞ്ഞിട്ടുണ്ട് (മിന്‍ഹാജുല്‍ ആബിദീന്‍) . ഇഹ്‌യാ മറ്റൊരവലംബവുമില്ലാതെ സ്വയം നിര്‍മിതിയാണെന്ന ആ രിസാലയുമാണ്. ഹിജ്‌റ 499 ല്‍ തിരിച്ചെത്തിയത് തൂസിലേക്കായിരുന്നു. ഭരണകൂടത്തിന്റെയും സുഹൃത്തുക്കളുടെയും മറ്റും നിരന്തര നിര്‍ബന്ധത്തിനു വഴങ്ങി അല്‍പകാലം നിളാമിയ്യയില്‍ ദര്‍സ് നടത്തിയെങ്കിലും തുടര്‍ന്ന് പോകാന്‍ സാധിച്ചില്ല. അവിടെ നിന്ന് സ്വന്തം നാടായ തൂസില്‍ വരികയും വീടിനടുത്ത് ഒരു പള്ളി ഖാന്‍ഖാഹും നിര്‍മിക്കുകയും ചെയ്തു. അവിടെ ദര്‍സും ഗ്രന്ഥരചനയും മുരീദുമാര്‍ക്കുള്ള തര്‍ബ്ബിയ്യത്തും നിര്‍വ്വഹിച്ചു പോന്നു. ഈ കാലയളവില്‍ ബുഖാരിയും മുസ്ലിമും അബൂദാവൂദും ഉള്‍പ്പെടെയുള്ള ഹദീസ് ഗ്രന്ഥങ്ങളുടെ പഠനത്തിലും പാരായണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ദീര്‍ഘായുല്ല് ലഭിച്ചിരുന്നുവെങ്കില്‍ മറ്റെല്ലാ വിജ്ഞാന ശാഖകളിലുമെന്ന പോലെ ഹദീസിലും അഗ്രേസരാകുമായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരത്തോളം അല്ലെങ്കില്‍ അഞ്ഞൂറോളം ഗ്രന്്ഥങ്ങള്‍ രചിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കറാമതുകളില്‍ ഒന്നാണ്. ഹിജ്‌റ ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച താര്‍ത്താരി ആക്രമണത്തില്‍ ബഗ്ദാദും വിശിഷ്യാ അവിടുത്തെ ഗ്രന്ഥ ശേഖരങ്ങളും ചുട്ടെരിക്കപ്പെട്ടു.
കൂടുതല്‍ കൃതികളും നഷ്ടപ്പെട്ടു. അതിനു മുമ്പായി മറ്റു പ്രദേശങ്ങളില്‍ എത്തിപ്പെട്ടതും പ്രചരിച്ചതുമായ നൂറില്‍ പരം താഴെ വരുന്ന കൃതികളെ ഇന്ന് ലഭ്യമാകുന്നുള്ളൂ…എല്ലാം നഷ്ടപ്പെട്ടാലും ഇഹ്‌യ മാത്രം അവശേഷിച്ചാല്‍ ഒന്നും നഷ്ടമല്ല എന്ന് പല ഉലമാക്കളും വ്യക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യ പൗരസ്ത്യ ഭേദമന്യേ സമ്മതിക്കുന്ന കാര്യമാണ് ഇത്. കേവലം 55 വയസ്സ് മാത്രം ജീവിച്ച ഇമാം ഗസാലി റ ലോകാല്‍ഭുതങ്ങളില്‍ മഹാത്ഭുതമാണ്. ഇന്ന് ലോകം അദ്ദേഹത്തെയും തന്റെ കൃതികളെയും സംബന്ധിച്ച് വലിയ പഠനങ്ങള്‍ നടക്കുന്നു. ഹിജ്‌റ 505 ജുമാദുല്‍ ആഖിര്‍ 14 നു ഫജ്‌റിനു ശേഷം കുളിച്ച് വുളൂഅ് ചെയ്ത് കഫണ്‍ തുണി കൊണ്ടുവരാനാവശ്യപ്പെട്ടു. അത് വാങ്ങി മുത്തം നല്‍കി ഖിബ്‌ലക്കുമുഖമായി കിടന്നു. മര്‍ഹബന്‍ ബി റസൂലിറഹ്മാന്‍ എന്ന് സ്വാഗതമോതി പുഞ്ചിരിയോടെ ആ യുഗം അവസാനിച്ചു. ഇന്നാലില്ലാഹി…