ഈ ലോകം പരീക്ഷണത്തിന്റെ ഇടമാണ്. അതിജയത്തിലൂടെ പരമാവധി ആരാധനകള്‍ ചെയ്ത് സ്രഷടാവിലേക്ക് അടുക്കലാണ് ഓരോ വ്യക്തിയുടേയും കടമ. കൂടുതല്‍ ആരാധനകള്‍ ആരു ചെയ്യുന്നുവോ അവന് കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കാം. എന്നാല്‍ മുന്‍ കാല പ്രവാചകന്മാരുടെ സമുദായത്തിന് ഒരുപാട് കാലം ആയുസ്സുണ്ടായിരുന്നെങ്കില്‍ നാം വളരെ വയസ്സ് കുറഞ്ഞവരാണ്. 950 വര്‍ഷമാണ് നൂഹ് നബി (അ) പ്രബോധനം ചെയ്തത്. 500 വര്‍ഷം ആരാധന ചെയ്തവരെ കുറിച്ച് ചരിത്രത്തില്‍ കാണുന്നുണ്ട്. അപ്പോള്‍ അവരോട്, വെറും അറുപതില്‍ ചില്ലാനം ആയുസ്സുളള നമുക്ക് ആരാധനയിലൂടെ അടുക്കാനാകുമോ? കഴിയുമെന്നാണ് ഉത്തരം. കാരണം കുറഞ്ഞ കര്‍മ്മങ്ങളെ കൊണ്ട് കൂടുതല്‍ പ്രതിഫലം നേടാനുതകുന്ന പല കര്‍മ്മങ്ങളേയും നമുക്ക് വെച്ച് തന്നു. അവയെ കണ്ടത്തി പരമാവധി ജീവിതത്തില്‍ പുലര്‍ത്തി കൂടുതല്‍ പുണ്യം നേടാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കേണ്ടത്.
നിഷ്‌കളങ്കത ആരാധനാ സ്വീകാര്യതക്ക് പ്രധാനമാണ്. ആരും കാണാതെ ആരാധന നിര്‍വ്വഹിക്കുമ്പോഴാണ് കൂടുതല്‍ ആത്മാര്‍ത്ഥത കൈവരിക. ആയതിനാല്‍ തന്നെ രാത്രി നേരത്ത് എണീറ്റ് നമസ്‌ക്കരിക്കലും ഒറ്റക്ക് തന്റെ സങ്കടങ്ങളെല്ലാം തന്നെ പരിപാലിക്കുന്ന സ്രഷ്ടാവിന് മുന്നില്‍ അവതരിപ്പിക്കലും ഏറെ സുപ്രധാന ആരാധനയാണ്. രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിച്ചാല്‍ അപ്പോള്‍ എത്ര പ്രതിഫലമുണ്ടാകും.? എന്നാല്‍ സാധാരണ ഒരാളെ കൊണ്ട് കഴിയുന്നതല്ല ഇത്. ആയതിനാല്‍ തന്നെ ഇത് നേടാന്‍ ഒറ്റ സൂത്രവാക്യം പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആലു ഇംറാന്‍ സൂക്തത്തിലെ അവസാന ആയത്തുകള്‍ സൂചിപ്പിച്ച് പ്രവാചകന്‍ പറയുന്നു. ആരെങ്കിലും ആലു ഇംറാന്‍ സൂക്തത്തിലെ പ്രസ്തുത ആയത്തുകള്‍ രാത്രിയില്‍ ഓതിയാല്‍ രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിച്ച പ്രതിഫലം അവന് ലഭിക്കും.
തഹജ്ജുദിന് എണീറ്റ് ഈ ആയത്തുകള്‍ ഓതല്‍ പ്രവാചകന്റെയും പൂര്‍വ്വിക മഹത്തുക്കളുടേയും പതിവായിരുന്നു. ആര്‍ത്തവ സമയമാണെങ്കില്‍ നമസ്‌കരിക്കുന്നില്ലെങ്കിലും കാണാതെ പഠിച്ചാല്‍ ദിക്ര്‍ എന്ന പരിഗണനയില്‍ സ്ത്രീകള്‍ക്കും ഇത് ഓതാവുന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളെയും ദൃഷ്ടാന്തങ്ങളെയും പറഞ്ഞ് അവയില്‍ ചിന്തിച്ച് സ്രഷ്ടാവിന്റെ മഹത്വം ഉള്‍ക്കൊള്ളാനും നാം ഒന്നുമല്ലെന്ന ബോധം കൈവരിക്കാനും ഉതകുന്ന ആയത്തുകളാണിവ. ഈ ആയത്തിറങ്ങിയ രാത്രി റസൂല്‍(സ്വ) മുഴുവനായും കരഞ്ഞു കഴിച്ചു കൂട്ടി. ഒടുക്കം പ്രഭാതത്തില്‍ ബിലാല്‍(റ) വിളിക്കാന്‍ വന്നപ്പോള്‍ കരയുന്നതായാണ് കണ്ടത്. അവിടുന്ന് ചോദിച്ചു കഴിഞ്ഞതും വരാനിരിക്കുന്നതുമായ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെട്ടവരല്ലേ അവിടുന്ന്, എന്നിട്ടും എന്തിനാണ് അവിടുന്ന് കരയുന്നത്? അവിടുന്ന് പറഞ്ഞു, ബിലാലേ, ഞാനൊരു നന്ദിയുള്ള അടിമയാകണ്ടേ ഞാനെങ്ങനെ കരയാതിരിക്കും? ആലു ഇംറാന്‍ സൂറത്തിലെ ഈ പതിനൊന്ന് ആയത്തുകള്‍ ഈ രാത്രിയില്‍ അവതരിച്ചു, വല്ലവനും അത് ഓതുകയും അതില്‍ ചിന്തിക്കാതിരിക്കുകയും ചെയ്താല്‍ അവനാണ് നാശം. ഈ ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥഗാംഭീര്യതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ആയതിനാലാണ് പ്രവാചകന്‍ നമുക്ക് ഒരു രാത്രിമുഴുവന്‍ നിസ്‌കരിച്ച പ്രതിഫലം ഇവ ഓതിയവന് ഓഫര്‍ ചെയ്തിട്ടുള്ളത്. ഇത് ജീവിതത്തില്‍ പകര്‍ത്തി വിജയം വരിക്കാന്‍ നാഥന്‍ തുണക്കട്ടേ-ആമീന്‍.