”നമുക്ക് വിശുദ്ധ ഖുര്‍ആനുണ്ട്, യാതൊരു അധ്വാനവും പഠനവുമില്ലാതെ ഖുര്‍ആന്‍ എന്ന സര്‍വ്വ പ്രശ്‌നപരിഹാരിയായ എന്‍സൈക്ലോപീഡിയ എല്ലാം പരിഹരിക്കുമെന്ന് പറഞ്ഞ് കാത്തിരിക്കുന്നത് വിഢിത്തമാണ്” ലോക പ്രശ്‌സ്ത കമ്മ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ രജാഗരോഡി തന്റെ ഇസ്‌ലാം വിവന്റ്(ജീവനുള്ള ഇസ്‌ലാം) എന്ന ഗ്രന്ഥത്തിലാണിത് പറഞ്ഞത്. ഫ്രാന്‍സിലെ മാര്‍സില്ലയില്‍ 1913ല്‍ കത്തോലിക്കന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഗരോഡി 1939ല്‍ ഫ്രഞ്ച് സൈന്യത്തില്‍ പട്ടാളക്കാരനായി ചേര്‍ന്നു. എന്നാല്‍ 1940ല്‍ ഹിറ്റ്‌ലറിനോട് സഖ്യം ചെയ്തിരുന്ന ഭരണകൂടം യുദ്ധ കുറ്റവാളിയായി ഗരോഡിയെ അറസ്റ്റ് ചെയ്യുകയും മൂന്നു വര്‍ഷം ജയിലിലടക്കുകയും ചെയ്തു. അവസാനം തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട ഗരോഡി തൂക്കുമരത്തിന് മുമ്പില്‍ ആരാചാരോട് തന്റെ നിരപരാധിത്വം തുറന്നു പറയുന്നു. മുസ്‌ലിമായ ആരാചാര്‍ തന്റെ മതം ഒരു നിരപരാധിയെ കൊല്ലാന്‍ അനുവദിക്കുന്നില്ല എന്ന കാരണത്താല്‍ അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിസമ്മതിക്കുന്നു. പുനര്‍വിചാരണ ചെയ്യപ്പെട്ട ഗരോഡിയെ കോടതി വെറുതെ വിടുന്നു. പേരും നാടും ഒന്നും അറിയാത്ത, എന്തിനേറെ ഒരു മുഖപരിചയം പോലുമില്ലാതിരുന്നിട്ടും തന്നെ മതം അനുവദിക്കാത്തതിന്റെ പേരില്‍ വെറുതെ വിട്ട ആരാചാരില്‍ നിന്നാണ് ഗരോഡി ഇസ്‌ലാമിനെ അറിയാന്‍ തുടങ്ങുന്നത്. പഠനങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും ശേഷം 1982 ല്‍ ഗരോഡി ഇസ്‌ലാം സ്വീകരിക്കുന്നു. ഇസ്‌ലാമിനെ കുറിച്ച് ഒട്ടനവധി ഗ്രന്ഥ രചനകള്‍ നടത്തിയ ഗരോഡി ആധുനിക മുസ്‌ലിം ലോകം അനുഭവിക്കുന്ന അപചയങ്ങളെ കുറിച്ച് തന്റെ പല ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.
ചരിത്രത്തിലെ ത്യാഗ സുരഭിലമായ ഇന്നലെകളെ കുറിച്ച് അഭിമാനം പറയാനും ഊറ്റം കൊള്ളാനും മാത്രമറിയുന്ന ഒരു തരം നിഷ്‌ക്രിയ വിഭാഗമായി ഇസ്‌ലാമിക ലോകം ചുരുങ്ങിക്കൊണ്ടിരിക്കുകയാണോ? ബാഗ്ദാദിലും ഇസ്‌ലാമിക സ്‌പെയ്‌നിലും നടത്തിയ ഉത്ഥാന ചരിത്രങ്ങളെ വികാരത്തോടെ പറഞ്ഞ് ആവേശപ്പെടും, തര്‍ത്താരികളുടെയും മംഗോള്‍ സേനകളുടെയും പടയോട്ടത്തിനും ഇസബല്ലയുടെയും ഫെര്‍ഡിനാന്റിന്റെയും കൊടിയ വഞ്ചനകള്‍ക്കും മുമ്പില്‍ ഇസ്‌ലാമിക സ്‌പെയിന്‍ അടിയറവ് വെക്കുമ്പോള്‍ കത്തി ചാമ്പലാക്കിയ വിജ്ഞാന ശേഖരങ്ങളുടെ എണ്ണവും വണ്ണവും പറഞ്ഞു പരിഭവിക്കുകയും ചെയ്യും. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വേണ്ടി ഓര്‍മകളെ പുതുക്കുന്നത് നല്ലതാണങ്കിലും വാക്കുകളിലും രചനകളിലും മാത്രം ഒതുങ്ങുന്ന ഈ വികാരപ്പെടലിനെയാണ് ഞാന്‍ നിഷ്‌ക്രിയത്വം എന്ന് വിളിച്ചത്. ഈ നിഷ്‌ക്രിയാവസ്ഥയില്‍ നിന്ന് മുസ്‌ലിം ലോകത്തെ എങ്ങനെ കരകയറ്റാമെന്നതും പുതിയ ചരിത്രങ്ങള്‍ രചിക്കാന്‍ അവരെ എങ്ങെനെ പ്രാപ്തരാക്കാമെന്നതും മുസ്‌ലിം ധൈഷണിക ലോകത്തെ എന്നത്തേയും ചര്‍ച്ചയാണ്. ഇവ്വിഷയകമായുള്ള ചില വിചാരപ്പെടലുകളാണ് ഈ ലേഖനത്തിന്റെയും ഉദ്ദേശ്യം.
ജോനാഥന്‍ ലിയോന്‍സ് തന്റെ ഹൗസ് ഓഫ് വിസ്ഡം (ജ്ഞാനത്തിന്റെ ഭവനം) എന്ന ഗ്രന്ഥത്തില്‍ യൂറോപ്പ് ഇന്ന് അനുഭവിക്കുന്ന പുരോഗതി കരസ്ഥമാക്കിയത് മധ്യകാല ഇസ്‌ലാമില്‍ നിന്ന് വിജ്ഞാനങ്ങള്‍ കടം കൊണ്ടതുകൊണ്ടാണെന്നും അത് തിരിച്ചു കൊടുക്കേണ്ട ബാധ്യത യൂറോപ്പിനുണ്ടെന്നും വാചാലനാകുന്നുണ്ട്. ദ്രുതഗതിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രം ഒരു സുപ്രഭാതത്തില്‍ ആപ്പിള്‍ മരച്ചുവട്ടിലിരിക്കുകയായിരുന്ന ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഉരുതിരിഞ്ഞതല്ലെന്നും മറിച്ച്, മധ്യകാല ഇസ്‌ലാമിക ലോകത്തിന്റെ സംഭാവനകളില്‍ നിന്ന് യൂറോപ്പ് കടം കൊണ്ടതിന്റെ മേലില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് ആധുനിക ശാസ്ത്രമെന്നും ലിയോന്‍സിനെ വായിച്ചവര്‍ക്ക് വ്യക്തമാകും. ഇതിനോട് ചേര്‍ത്തു വായിക്കേണ്ട സര്‍ ഐസക്ക് ന്യൂട്ടന്റെ ഒരു വാചകം കൂടിയുണ്ട്. പി ഗോവിന്ദ പിള്ള തന്റെ ‘വൈജ്ഞാനിക വിപ്ലവം: ഒരു സാംസ്‌കാരിക ചരിത്രം’എന്ന ഗ്രന്ഥത്തില്‍ ഈ വാചകം ഉദ്ധരിക്കുന്നുണ്ട്.”ഞാന്‍ ഇതുവരെ കണ്ടുപോന്നതിനെക്കാള്‍ ദൂരെ കണ്ടെങ്കില്‍ അതിന്റെ കാരണം ഞാന്‍ അതികായന്‍മാരുടെ തോളില്‍ ഇരുന്നുകൊണ്ടു നോക്കിയതിനാലാണ്”. സര്‍ ഐസക്ക് ന്യൂട്ടണ്‍ ഇവിടെ ഉദ്ദേശിച്ച അതികായന്മാരാരാണെന്ന് ചരിത്രത്തെ സത്യസന്ധമായി സമീപിച്ചാല്‍ മനസ്സിലാകും.
പറഞ്ഞു വരുന്നത് ഇസ്‌ലാമിന്റെ മഹത്തായ നാഗരികതകള്‍ തകര്‍ന്നു കാണാന്‍ കൊതിച്ചവര്‍ ഇന്ന് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഉപചാപങ്ങളോടെ ചരിത്രത്തെ വളച്ചൊടിച്ച് നിര്‍മിച്ച തങ്ങളുടെ ‘മഹത്തായ’ പാരമ്പര്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചും തങ്ങളുടെ ഗതകാല ബാര്‍ബേറിയന്‍(കാട്ടാള)സംസ്‌കാരത്തെ കുറിച്ചും യൂറോപ്പുകാര്‍ ഇന്ന് വ്യക്തമായ അവബോധമുള്ളവരാണ്. എന്നാല്‍ യൂറോപ്പുകാര്‍ക്കുണ്ടായ ഈ ബോധോദയത്തെ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാനും വിപ്ലവാത്മകമായ ഒരു തിരിച്ചുവരവിന് തയ്യാറെടുത്തതുമായ മുസ്‌ലിം സമൂഹം ഇല്ല എന്നുള്ളത് നഗ്നസത്യമാണ്.
ശാസ്ത്രം ഇസ്‌ലാമിന് അന്യമാണ് എന്ന നിലക്കാണ് പുതിയ ചര്‍ച്ചകളധികവും. ശാസ്ത്രം പഠിക്കുന്നവനേയും മനസ്സിലാക്കുന്നവനെയും രണ്ടാം കണ്ണു കൊണ്ട് വീക്ഷിക്കുന്നവര്‍ ഇന്നും ഇസ്‌ലാമിക ലോകത്തുണ്ട്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൗതികലോകത്തിന്റെ പലതലങ്ങളെ കുറിച്ചുളള ധൈഷണികപരമായ പഠനമെന്നാണ് ശാസ്ത്രത്തെ ഇന്ന് നിര്‍വചിച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു പഠനം ഇസ്‌ലാമിക ലോകത്ത് സാധ്യമാകാതിരിക്കുക. എന്നാല്‍, ഇവിടെ വിശ്വാസികള്‍ ഉണര്‍ന്നിരിക്കേണ്ടതുണ്ട്. കാരണം ശാസ്ത്രത്തെയും ഇസ്‌ലാമിനെയും രണ്ടു തട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നു. ഇതാണ് ഇസ്‌ലാമിന്റെ ശത്രുക്കളുടെ വിജയം. എന്തുകൊണ്ടായിരുന്നു മുസ്‌ലിം സ്‌പെയിന്‍ വൈജ്ഞാനിക ചക്രവാളത്തിലെ മുടിചൂടാമന്നനായത്? ബാഗ്ദാദ് എങ്ങനെയായിരുന്നു വിജ്ഞാന കുലപതികളുടെ സിരാകേന്ദ്രമായി പരിവര്‍ത്തിക്കപ്പെട്ടത്? മതത്തിന്റെ വിധി വിലക്കുകളെ അപഗ്രഥിക്കുകയും പറയുകയും ചെയ്തത് കൊണ്ടു മാത്രമായിരുന്നോ? അല്ല, മറിച്ച് അവര്‍ പഠിക്കാന്‍ തയ്യാറായി. ലോകത്തുള്ള സകലതും അവരുടെ ചിന്തകള്‍ക്ക് വിധേയമായി. ‘അറിവ് വിശ്വാസിയുടെ കളഞ്ഞു പോയ വിലമതിക്കാനാകാത്ത മുത്താണ്’ എന്ന പ്രവാചകാധ്യാപനത്തെ അവരേറ്റെടുത്തു, ആ മുത്ത് അന്വേഷിച്ച് യാത്ര തിരിച്ചു. നിങ്ങള്‍ ചൈനയില്‍ പോയിട്ടാണെങ്കിലും വിദ്യ അഭ്യസിക്കണം എന്ന പ്രവാചക വചനത്തിന്റെ വചന പൊരുള്‍ അവര്‍ ആഴത്തില്‍ ഉള്‍ക്കൊണ്ടു. ഇന്ന് പലരും തെറ്റുദ്ധരിച്ചത് പോലെ കര്‍മ്മ ശാസ്ത്രത്തിന്റെ വിധിവിലക്കുകള്‍ പറയാന്‍ വേണ്ടി മാത്രമുള്ളതല്ല മതം. ഈ തിരിച്ചറിവ് മധ്യകാല മുസ്‌ലിം ലോകത്തിന് വേണ്ടുവോളം ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ പുരാണ സംസ്‌കൃതികളുടെയും നാഗരികതകളുടെയും ഈറ്റില്ലവും പോറ്റില്ലവുമായിരുന്ന ചൈന, ഗ്രീസ്, ഈജിപ്ത്, ഭാരതം തുടങ്ങിയ ഭൂമികളില്‍ നൂറ്റാണ്ടുകളായി ഉരുതിരിഞ്ഞു വന്നിരുന്ന വൈജ്ഞാനിക പ്രഭയെ ഉപയോഗപ്പെടുത്തി ചിന്നി ചിതറി കിടന്നിരുന്ന ശാസ്ത്ര ശാഖകളെ ഒരു കോര്‍വയിലേക്ക് മാറ്റിയത് ഏഴ്-എട്ട് നൂറ്റാണ്ടുകളിലെ മുസ്‌ലിം പണ്ഡിതരായിരുന്നു.
ജ്യോതിശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം, രസതന്ത്രം, കവിത തുടങ്ങി ശാസ്ത്ര മേഖലകളിലെല്ലാം മുസ്‌ലിം പണ്ഡിതരായ ശാസ്ത്രജ്ഞന്മാര്‍ അവരുടെതായ വ്യക്തി മുദ്ര പതിപ്പിച്ചു. എ ഡി 859 ല്‍ ഫാത്വിമാ ഫിഹ്‌രി എന്ന മുസ്‌ലിം സ്ത്രീ മൊറോക്കോയിലെ ഫെസ്സ് പട്ടണത്തില്‍ ഒരു യൂനിവേഴ്‌സിറ്റി സ്ഥാപിച്ചു. ലോകത്ത് ഇന്നും ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയായി ഖറാവിയ്യീന്‍ എന്ന ഈ യൂണിവേഴ്‌സിറ്റി നിലനില്‍ക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറും മതവിധിക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയുമുള്ള മതൃകാ വനിതകള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ യൂറോപ്പില്‍ സ്ത്രീകളിന്നും പുരുഷാധിപത്യത്തിന് കീഴില്‍ തന്നെയായിരിക്കും. 1969 ല്‍ പ്രശസ്ത അമേരിക്കന്‍ കവയിത്രി മായ ഏന്‍ജലോ എഴുതിയ ‘ഐ നോ വൈ ദ കെയ്ജ്ഡ് ബേഡ്‌സ് സിങ്ങ്’എന്ന ആത്മകഥാംശമുള്ള കവിതയില്‍ പോലും അവരനുഭവിച്ച പുരുഷാധിപത്യവും വംശവെറിയും, അമേരിക്കക്കാര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും വിവരിക്കുന്നുണ്ട്. രണ്ട് ലോകയുദ്ധങ്ങളുണ്ടാക്കിയ പുരുഷന്മാരുടെ ഷോട്ടേജാണ് യൂറോപ്പില്‍ ഫെമിനിസത്തിന് തഴച്ചു വളരുവാനുള്ള പഴുത് കൊടുത്തത്. അങ്ങെനെയാണ് മദാമ്മമാര്‍ക്ക് ഇന്നിപ്പറയുന്ന സമത്വ ബോധം ലഭിച്ചത്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം സ്ത്രീക്ക് അവകാശങ്ങളും മാന്യതയും വകവെച്ചു നല്‍കിയപ്പോള്‍ ഒരു നൂറ്റാണ്ടു പോലുമായിട്ടില്ല ‘സമത്വ’രാജ്യങ്ങളില്‍ സ്ത്രീ പരിഗണക്കപ്പെട്ടു തുടങ്ങിയിട്ട.് ഇത്രമാത്രം പുരോഗതി കൈവരിച്ചവരായിരുന്നു മുസ്‌ലിം സമുദായം. എന്നാലിന്ന് ലോകത്തെ ഓരോ മുക്കിലും മൂലയിലും സര്‍വകലാശാലകള്‍ കുന്നു കൂടിയപ്പോഴും വിദ്യാഭ്യാസ അപചയം അനുഭവിക്കുകയാണ് ഇസ്‌ലാമിക രാജ്യങ്ങള്‍.
യഥാര്‍ത്ഥ ചരിത്രത്തെ മറച്ചുവെക്കാന്‍ സാധിക്കാത്ത തരത്തില്‍ ലോകത്തിനംഗീകരിക്കേണ്ടിവന്ന ഒട്ടനവധി മുസ്‌ലിം ശാസ്ത്ര പ്രതിഭകള്‍ ലോകത്തുണ്ടായിട്ടുണ്ട്. ആധുനിക ക്യാമറയുടെ രൂപരേഖക്ക് തുടക്കം കുറിച്ചത് ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖി ശാസ്ത്രജ്ഞന്‍ ഇബ്‌നു ഹൈത്തം ആയിരുന്നു. ബുക്ക് ഓഫ് ഒപ്ടിക്ക്‌സ് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ഇന്നത്തെ ക്യാമറയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. വ്യോമയാത്ര നടത്തുന്ന എത്ര പേര്‍ക്കറിയാം ആകാശ പറക്കല്‍ എന്ന ആശയം ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് അബ്ബാസുബ്‌നു ഫിര്‍നാസ് ആയിരുന്നുവെന്ന്. വിശുദ്ധ ഖുര്‍ആനിലെ പക്ഷികളുടെ പറക്കലിലെ ദ്യഷ്ടാന്തത്തെ കുറിച്ച് ചിന്തിക്കാന്‍ പറഞ്ഞ സൂക്തമാണ് അബ്ബാസുബ്‌നു ഫിര്‍നാസിനെ ശരീരം മുഴുവന്‍ തൂവലുകളില്‍ പൊതിഞ്ഞ് ചിറകുകള്‍ കൈതണ്ടയില്‍ കെട്ടി കോര്‍ദോവാ പള്ളിയുടെ മുകളില്‍ നിന്ന് എടുത്തു ചാടാന്‍ പ്രേരിപ്പിച്ചത്. വാലുകളിലാണ് പക്ഷികളുടെ നിയന്ത്രണം എന്നതിനെ കുറിച്ച് ബോധവാനാകാതിരുന്ന അദ്ദേഹം ക്രാഷ് ലാന്റ് ചെയ്തു. ഇങ്ങനെ തുടങ്ങി മുസ്‌ലിംകളായ നിരവധി പണ്ഡിതരായ ശാസ്ത്ര കുലപതികളെ കാണിക്കാന്‍ സാധിക്കും. അവര്‍ക്ക് ശാസ്ത്രത്തെ അടുത്തറിഞ്ഞപ്പോഴും മതത്തോട് ഒരു തരം അവജ്ഞയും ഉണ്ടായിരുന്നില്ല. വ്യക്തമായ ഇസ്‌ലാമിക നിഷ്ഠകളും സൂഫി ചിന്താഗതികളുമായിരുന്നു അവരെ നയിച്ചത് എന്നത് കൊണ്ടു തന്നെയാണ് അവര്‍ ഖുര്‍ആനിലെ ദൃഷ്ടാന്തങ്ങളില്‍ വിചിന്തനം നടത്തുകയും അതില്‍ നിന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ പ്രയോഗവല്‍കരിക്കാനും ശ്രമിച്ചത്.
എവിടെയാണ് നമുക്ക് പിഴവ് സംഭവിച്ചത്? എന്തിനാണ് ശാസ്ത്രത്തെ രണ്ടാം കണ്ണുകൊണ്ടു കാണുന്നവരായി മുസ്‌ലിം ലോകം ഹൈലൈറ്റ് ചെയ്യപെടുന്നത്? കേരളത്തെ സംബന്ധിച്ചിടത്തോളം നിരവധി ഇസ്‌ലാമിക സ്ഥാപനങ്ങളുണ്ടിവിടെ. മതം വ്യക്തി ജീവിതത്തെ മാത്രം ബാധിക്കുന്ന ഘടകമായിരുന്നുവെങ്കില്‍ ഇത്രയേറെ സ്ഥാപനങ്ങള്‍ക്ക് പണം ചിലവഴിക്കേണ്ട ആവശ്യകത നമുക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ പഠനമേഖലകളിലേക്ക് ആകാശത്തിന് ചുവട്ടിലുള്ളതും അതിനപ്പുറവും കടന്നുവരണം. ഗണിതശാസ്ത്രം, എഞ്ചിനിയറിംഗ്, ഗോളശാസ്ത്രം തുടങ്ങി ശാസ്ത്ര ശാഖകള്‍ നമ്മുടെ പഠന പരിധിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടരുത്. കേരളത്തിലെ പള്ളി ദര്‍സുകളില്‍ പഠന വിധേയമാക്കുന്ന കിത്താബുകളായ ഉഖ്‌ലൈദിസും ഖുലാസത്തുല്‍ ഹിസാബും തശ്‌രീഹുല്‍ അഫ്‌ലാകുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഈ ശാസ്ത്ര ശാഖകെളെല്ലാം പള്ളി ദര്‍സുകളുടെ ഭാഗമായിരുന്നു എന്നതിലേക്കാണ്. അഥവാ ദഅ്‌വാ കോളേജുകള്‍ എന്ന് നാം മതത്തോടു കൂടെ ഭൗതികം കൂടി കൂട്ടി പേരു നല്‍കുന്നതിനു മുമ്പുതന്നെ നമ്മുടെ പള്ളിദര്‍സ്സുകള്‍ ദഅ്‌വാ കോളേജുകളായിരുന്നു. എന്നാല്‍ ഈ ഗ്രന്ഥങ്ങളെ വേണ്ട സന്ദര്‍ഭങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ നമുക്ക് പിഴവ് പറ്റിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആഡ്വാന്‍സ്ഡ് ടെക്‌നോളജികളും ശാസ്ത്ര വിശകലനങ്ങളും പറയുന്ന ഗ്രന്ഥങ്ങള്‍ ദര്‍സ് മേഖലകളില്‍ പിറവിയെടുക്കണം, വിവര്‍ത്തനം ചെയ്യപ്പെടണം. ഇവയെ പ്രോല്‍സാഹിപ്പിക്കാനും റിസേര്‍ച്ച് ചെയ്യാനും ഉതകുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരണം.
ലോകം ഇസ്‌ലാമിനെ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ കാലത്തെ ഗതിവിഗതികളെ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്. എന്നാല്‍ ഈ അംഗീകാരത്തെ വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകുന്നില്ല എന്നതാണിവിടത്തെ പ്രശ്‌നം. ഈയിടെ ന്യൂയോര്‍ക്കില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടു. വൈകിയാണെങ്കിലും ഇബ്‌നു സീന, ഇബ്‌നു ഫിര്‍നാസ് തുടങ്ങിയ നിരവധി മുസ്‌ലിം ശാസ്ത്ര പണ്ഡിതര്‍ ലോകത്തിന് നല്‍കിയ സംഭവാനകളെ അംഗീകരിച്ചു കൊണ്ടായിരുന്നു പ്രദര്‍ശനം. ‘1001 ഇന്‍വെന്‍ഷന്‍, ഡിസ്‌കവര്‍ മുസ്‌ലിം ഹെരിറ്റേജ് ഇന്‍ ഔര്‍ വേള്‍ഡ്’ എന്നായിരുന്നു ബിഗ് ആപ്പിള്‍(ന്യൂയോര്‍ക്ക്)തുടങ്ങിയ പ്രദര്‍ശനത്തിന്റെ പേര്. ലോക ശ്രദ്ധ പിടിച്ചു പറ്റിയ പ്രദര്‍ശനം യഥാര്‍ത്ഥത്തില്‍ ലോകം ഇസ്‌ലാമിനെ അംഗീകരിച്ച് തുടങ്ങുന്നു എന്നതിലേക്കുള്ള സൂചനയായിരുന്നു. ഈ ശുഭ സൂചനയെ ജിഹാദിനിറങ്ങി പൊട്ടിത്തെറിച്ചും ഭീകരതക്ക് നേതൃത്വം നല്‍കിയുമല്ല സ്വീകരിക്കേണ്ടത്. മറിച്ച്, നമ്മുടെ പൂര്‍വികര്‍ നമുക്ക് നല്‍കിയ പാഠങ്ങളെ ഉള്‍കൊണ്ട് ലോകത്തിനും മതത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ നമ്മുടെ ധിഷണയെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടാണ് സ്വീകരിക്കേണ്ടത്. എങ്കില്‍ തീര്‍ച്ച, നഷ്ടപെട്ടു പോയ നാഗരികതകളെയും വിജ്ഞാനശാഖകളെയും മുറിപ്പെടുത്തുന്ന ഒരായുധത്തിന്റെയും സഹായമില്ലാതെ നമുക്ക് തിരിച്ചെടുക്കാന്‍ സാധിക്കും.