സൂഫിസത്തെ മത വിരുദ്ധമാക്കി പുറം തള്ളാന്‍ കേരളത്തിലെ ഒരു മുസ്ലിം സംഘടനയും അനുഭാവികളും കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ്. മതം വിശാലമാണ്, എളുപ്പമാണ് തുടങ്ങിയ നബിവചനങ്ങളെ മറികടന്ന് ന്യൂനവത്ക്കരിക്കുന്ന കാഴ്ച 1924-ല്‍ പ്രസ്തുത സംഘടന രൂപം കൊണ്ട അന്നു മുതല്‍ കേരളീയ ജനത നോക്കിക്കാണുന്നതാണ്. ഐക്യസംഘമെന്ന പേരില്‍ പിറന്ന് നിലവില്‍ ഐക്യമില്ലാതെ പലതായി പിളര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ. എന്‍. എം) ആണ് ആഗോള തലത്തില്‍ പ്രസ്തുത വാദവുമായി കടന്നു വരുന്ന താലിബാനും, ഐ.എസും, അല്‍ഖ്വായ്ദയും തുടങ്ങിയ ഫണ്ടമെന്റലിസ്റ്റുകളുടെ കേരളത്തിലെ പ്രതിനിധികള്‍. സര്‍വ്വോപരി അഖില ജനത്തിനും, മനുഷ്യേതര ജീവികള്‍ക്കും കാരുണ്യം വര്‍ഷിക്കണമെന്ന വിശാല കാഴ്ചപ്പാടുള്ള ഇസ്ലാമിക് സൂഫിസത്തെ പുറത്ത് നിറുത്തി, ഇടുങ്ങിയ കര്‍മ്മ സ്വാതന്ത്ര്യവും വികല അപനിര്‍മിതികളുമടങ്ങുന്ന വഹാബിയന്‍ ചിന്താരീതിയാണ് കേരളത്തിലെ സലഫികള്‍ പകരം വെക്കുന്നത്. സൂഫിസം സലഫികളുടെ ശത്രുവാണ്. അതിനെ പ്രതിസ്ഥാനത്തു നിര്‍ത്തി കരിവാരിത്തേക്കാന്‍ സാഹചര്യം കാത്തുനില്‍ക്കുകയും കിട്ടിയ അവസരങ്ങളെ മീറ്റിംഗ് കൂടി സൂഫി വിരുദ്ധ കാമ്പയിനുകള്‍ നടത്തുന്നതും വര്‍ത്തമാന കേരളത്തില്‍ നാം കാണുന്നതാണ്. കേരളീയ മുസ്ലിംകളില്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രമേ കൈമുതലായുള്ളൂവെങ്കിലും ഇവര്‍ വഹിക്കുന്ന വികല കാഴ്ചപ്പാട് രാജ്യത്തിനും സമൂഹത്തിനും എത്രമേല്‍ പ്രയാസം സൃഷ്ടിക്കുമെന്നത് സാമാന്യ ജനത്തിന് ഊഹിക്കാവുന്നതേയുള്ളൂ. അതാ പോകുന്നു കള്ളന്‍’ എന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ കള്ളന്റെ ശൈലിയാണ് ഇവിടെ സലഫികളും സ്വീകരിക്കുന്നത്. എന്നാല്‍ ചരിത്ര വര്‍ത്തമാനങ്ങളെ ശരിയായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും സൂഫിസത്തിലെ സഹിഷ്ണുതയും സലഫികളുടെ അസഹിഷ്ണുതയും പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
സൂഫിസം
സൂഫിസം ഇസ്ലാമല്ലെന്നു പറയുന്നവര്‍ക്ക് ഇസ്ലാമറിയില്ലെന്ന് വെക്കാനേ മുസ്ലിം ലോകത്തിന് തരമുള്ളൂ. കാരണം മറ്റൊന്നുമല്ല, ആത്മാവില്ലാതെ ജഡം കൊണ്ടെന്തുകാര്യം. ഇസ്ലാമിന്റെ ആത്മാവാണ് സൂഫിസം. കര്‍മ്മങ്ങളിലൂടെ ഒരു മുസ്ലിമിന്റെ ലക്ഷ്യം ദൈവ തൃപ്തിയില്‍ അലിഞ്ഞുചേരുകയെന്ന ഈ തത്വമാണ്. ചരിത്രത്തോടും സംസ്‌കാരത്തോടും കലയോടുമുള്ള വിരോധം കാരണമായി ഒരുപാട് ഇസ്ലാമിക സൗന്ദര്യ ഭാവങ്ങളെ നശിപ്പിച്ചതിന്റെ ഭാഗമായി നബി തങ്ങളുടെ കാലശേഷം പുറപ്പെട്ട പിഴച്ച വാദമാണെന്ന് വരുത്തി തീര്‍ത്ത് സൗന്ദര്യാത്മക സൂഫിസത്തെയും അവര്‍ വികലപ്പെടുത്തി. എന്താണ് സൂഫിസമെന്നോ, ചരിത്രത്തിലെ പുശ്കലമായ സൂഫികളുടെ സംഭാവനകളെ കുറിച്ചോ അറിയാത്തവരോ, അറിഞ്ഞിട്ടും തങ്ങളുടെ സങ്കുചിതത്വം കാരണമായി മറച്ച് വെച്ചോ ആണ് അവരിത്തരമൊരു അജ്ഞതയിലകപ്പെട്ടിരിക്കുന്നത്. എന്താണ് മതമെന്ന് പഠിപ്പിക്കാനൊരിക്കല്‍ വിശുദ്ധ മാലാഖ ജിബ്‌രീല്‍ (അ) മനുഷ്യരൂപം സ്വീകരിച്ച് നബി തങ്ങളുടെ സമീപം വരികയുണ്ടായി. ആദ്യമായി ചോദിച്ചു, എന്താണ് ഈമാന്‍? തിരുനബി പ്രതിവചിച്ചു ഏകദൈവമായ അല്ലാഹുവിലും, അവന്റെ കിതാബുകള്‍, പ്രവാചകന്മാര്‍, മാലാഖമാര്‍ തുടങ്ങിയവയുടെ അസ്തിത്വത്തിലും ഖിയാമത്ത് നാള്‍ സംഭവിക്കും, നന്മയും തിന്മയുമായ എന്തും സൃഷ്ടാവില്‍ നിന്നാണ് തുടങ്ങിയവയിലുള്ള വിശ്വാസം. വീണ്ടും ജീബ്‌രീല്‍ (അ), എന്താണ് ഇസ്ലാം? പ്രവാചകന്‍, രണ്ടു ശഹാദത്ത് കലിമ അര്‍ത്ഥമറിഞ്ഞു ചൊല്ലല്‍, നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്. വീണ്ടും ജിബ്‌രീല്‍, എന്താണ് ഇഹ്‌സാന്‍? പ്രവാചകന്‍, നീ നിന്റെ സ്രഷ്ടാവിനെ കാണുന്നുണ്ടെന്നത് പോലെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്, എന്ന ആത്മീയ ബോധം കൈ വരിക്കുക അതായത് പ്രസ്തുത ഈമാനും ഇസ്ലാമും ഇഹ്‌സാനുമടങ്ങുന്നതാണ് പരിപൂര്‍ണ്ണമായ ഇസ്ലാം. ഇവയിലേതെങ്കിലുമൊന്നിനെ മാറ്റിനിര്‍ത്തി മതം പൂര്‍ണ്ണമാവില്ല. ഇവയില്‍ അടിസ്ഥാനപരമായ അറിവുകള്‍ ഉള്‍കൊള്ളുന്ന ഈമാനിനെ കുറിച്ചുള്ള പഠന വിഭാഗമാണ് ഇല്‍മുല്‍ കലാം (വിശ്വാസ ശാസ്ത്രം) ശാഖാപരമായ കര്‍മ്മങ്ങളെ കുറിച്ചുള്ള പഠന വിഭാഗമാണ് ഇല്‍മുല്‍ ഫിഖ്ഹ് (കര്‍മ്മ ശാസ്ത്രം) ഇഖ്‌ലാസ് കൈവരിക്കാന്‍ അതുവഴി സ്വഭാവ സംശുദ്ധീകരണത്തിനുള്ള ഇഹ്‌സാനെ കുറിച്ചുള്ള പഠനമാണ് ഇല്‍മുത്തസവ്വുഫ് (സ്വഭാവ ശാസ്ത്രം) അഥവാ സൂഫിസം. ഇതില്‍ ആദ്യ രണ്ടു ഭാഗങ്ങളായ ഈമാനിലും ഇസ്ലാമിലും ഏതാണ്ടെല്ലാവര്‍ക്കും അറിയാനും, പ്രവേശിക്കാനും സാധ്യമാകുമെങ്കിലും, മൂന്നാമത്തെ ഇഹ്‌സാന്‍ കരഗതമാക്കല്‍ കൃത്യമായ ചിട്ടാവട്ടങ്ങളില്‍ ദീര്‍ഘ തപസ്സും ധ്യാനവും, ത്യാഗവും അനിവാര്യമാണ്. ഇഹ്‌സാന്‍ തലം കൈവരിച്ച ന്യൂനപക്ഷമാണ് സൂഫികള്‍. അപ്പോള്‍ പിന്നെ സൂഫിസം ഇസ്ലാമല്ലെന്നു പറയുന്നവര്‍ക്ക് ഇസ്ലാമുമായെന്ത് ബന്ധമെന്ന് ചോദിക്കാനെ നിര്‍വാഹമുള്ളൂ.
മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവാണെന്ന വാക്യത്തിന്റെ ഒരു രൂപമായേ ഇവരെയും കാണാനൊക്കൂ. നീന്തുന്നവരെ കാണാത്ത, നീന്തല്‍ എന്ന പ്രക്രിയയെ കുറിച്ച് തന്നെ അറിയാത്ത ഒരാള്‍ ആഴിയുള്ള വെള്ളത്തെ മനുഷ്യന് സ്വയം വിട്ടുകടക്കാനാവില്ലെന്ന് ബുദ്ധികൊണ്ട് വിലയിരുത്താവുന്നതേയുള്ളൂ. തെളിവായി വേണമങ്കില്‍ അവര്‍ തന്നെ ഇറങ്ങി മുങ്ങുന്നത് കാണിക്കും. ഇത് തന്റെ കൂട്ടുകാരില്‍ നീന്തുന്നവരെ കാണാത്തത് കൊണ്ടും അത്തരം അറിവില്ലാത്ത ഒരു വിഭാഗത്തോട് കൂട്ട് കൂടിയതിന്റെയും പ്രശ്‌നമാണ്. നീന്താനറിയുന്ന, ഇതു കേള്‍ക്കുന്ന ഒരാള്‍ക്ക് അവരുടെ അജ്ഞതയോര്‍ത്ത് വ്യസനിക്കാനേ കഴിയൂ. അറിവിന്റെ അനന്ത സാഗരങ്ങളെ പുല്‍കി പദവികളേറെ ഉയര്‍ന്ന് ദൈവ സ്മരണയിലും ചിന്തയിലും (ദിക്ര്‍, ഫിക്ര്‍) മാത്രമായി അവന്റെ സാന്നിധ്യ (ശുഹൂദ്) മറിയുന്ന, അല്ലാഹു അല്ലാത്ത മറ്റെന്തിനെ കുറിച്ചും പൂര്‍ണ്ണ വിസ്മൃതി പൂണ്ട് (ഫനാഅ്) അവനില്‍ മാത്രം അവശേഷിക്കുന്ന (ബഖാഅ്) സമുന്നത പദവികളെ, ഭൗതിക മോഹങ്ങളില്‍ അഭിരമിച്ച് പൂര്‍ണ്ണമായും തെറ്റുകളില്‍ നിന്നു തന്നെ വിമുക്തമാകാന്‍ കഴിയാത്ത ഒരുപറ്റം ആളുകള്‍ക്കും അവരുടെ കുഞ്ഞാടുകള്‍ക്കും അറിയാതിരിക്കല്‍ സ്വാഭാവികം മാത്രം. അവരെ അറിവില്ലായ്മയില്‍ നിന്ന് മോചിപ്പിക്കല്‍ മാത്രമേ ഇതിന് പരിഹാരമുള്ളൂ.
ഇതല്ലാതെ അവരുന്നയിക്കും പോലെ ഇസ്ലാമിന്റെ പില്‍ക്കാലങ്ങളില്‍ രൂപപ്പെട്ട തത്വശാസ്ത്രമോ, ചിന്താരീതിയോ അല്ല സൂഫിസം. മറിച്ച് മുന്‍കാല പ്രവാചകരിലും സ്വഹാബാ – താബിഉകളിലും സജീവമായിരുന്ന ഇസ്ലാമിന്റെ തനത് രൂപമാണിത്. പക്ഷെ, ഇവരെ ‘സൂഫികള്‍’ എന്ന പ്രത്യേക പദത്തിന് പിറകില്‍ നിറുത്തിയിരുന്നില്ലെന്ന് മാത്രം. എന്നാല്‍ അധികാരവും സമ്പത്തും സാമാന്യ ജനത്തിന്റെയും അറിവുള്ള പണ്ഡിതരുടെയും വരെ ലക്ഷ്യമായിത്തീര്‍ന്ന പില്‍ക്കാലങ്ങളില്‍ ഇഹ്‌സാന്‍ കൈവരിച്ചവര്‍ കുറഞ്ഞ് വരികയും, ലോകത്തെ ഏതിനെയും നിര്‍വചിച്ചൊരു പദാവലിക്ക് കീഴില്‍ കൊണ്ടുവരികയെന്ന അലിഖിത പൊതു നിയമത്തിനാലും അവരെ സൂഫികളെന്നറിയപ്പെട്ടുവെന്ന് മാത്രം.
ഭൗതികതയില്‍ നിന്നുള്ള മോചനമാണ് സൂഫിസത്തിന്റെ ഉദ്ദേശ്യം. കണ്ണ്, കാത്, കയ്യ്, കാല് തുടങ്ങിയ സര്‍വ്വ അവയവങ്ങളെയും അവയുടെ ഭൗതിക മോഹങ്ങളില്‍ നിന്ന് തടഞ്ഞ്, അവയെയെല്ലാം ഇലാഹീ വഴിയിലാക്കി ആത്മാവിനെ സ്വതന്ത്രമാക്കുന്നു. അങ്ങനെ സ്വതന്ത്ര ആത്മാവ് ഇലാഹില്‍ ചേര്‍ന്ന് ഇഹ്‌സാന്‍ കരഗതമാക്കുന്നു.
ഇത്തരത്തില്‍ അല്ലാഹുവില്‍ ഇഹ്‌സാന്‍ പൂര്‍ത്തീകരിച്ചവര്‍ സമൂഹത്തിനും ഇഹ്‌സാന്‍ പകരാന്‍ ശ്രമിക്കും. വിശുദ്ധ ഖുര്‍ആന്‍ തന്നെ ‘നിങ്ങള്‍ ഇഹ്‌സാന്‍ ചെയ്യൂ’ എന്ന് ആജ്ഞാപിച്ചതാണ്. പക്ഷെ, സമൂഹത്തിനാകുമ്പോള്‍ ഇതിന്റെ രൂപം മാറും. ഉപാധികളില്ലാത്ത നിഷ്‌കാമ സ്‌നേഹത്തിലൂടെ സൃഷ്ടി സേവനമാണിത്. സമൂഹത്തിന് ശാന്തിയായി, കാരുണ്യമായി കഷ്ടതയനുഭവിക്കുന്ന പുറമ്പോക്കുകളില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇവര്‍ ഭൂമിയിലെ സേവകരാകും. ”ഭൂലോകര്‍ക്ക് നിങ്ങള്‍ കാരുണ്യം ചൊരിയൂ, എന്നാല്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങള്‍ക്ക് റഹ്മത്ത് ചെയ്യുമെന്ന” ഹദീസ് വാക്യത്തിന്റെ പുലരലായി ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ഭാഷാ, ദേശ വൈജാത്യങ്ങള്‍ക്കതീതമായി എല്ലാ ജീവനുള്ളവയ്ക്കും കാരുണ്യമായി ഇവര്‍ വര്‍ത്തിക്കും. അജ്മീറിലെ ഖാജാ തങ്ങളും, ഡല്‍ഹിയിലെ നിസാമുദ്ധീന്‍ ഔലിയയും കേരളത്തിലെ മമ്പുറം തങ്ങളും ഇങ്ങനെ ജീവിച്ചവരാണ്. സമൂഹത്തിലെ എല്ലാ തുറകളിലുള്ളവര്‍ക്കും പ്രശ്‌ന പരിഹാരത്തിന് സമീപിക്കാവുന്ന വിളക്കുമാടങ്ങളായി ഇവര്‍. സ്വന്തം മതത്തില്‍ തന്നെ ജാതീയതയുടെ നരകക്കുണ്ടില്‍ കര കയറാനാവാതെ കഷ്ടപ്പെടുന്നവര്‍ക്ക് മാനുഷിക പരിഗണന ലഭിക്കാന്‍ ഒരിടം ഭാരതത്തില്‍ രൂപപ്പെട്ടത് സൂഫി മന്ദിരങ്ങളിലാണ്. ശ്രീ നാരായണ ഗുരുവിന്റെ പ്രിയ സുഹൃത്തായി നെടുങ്ങണ്ടിയിലെ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ രൂപപ്പെട്ടതും, മമ്പുറം തങ്ങളുടെ ഖാദിമായി കോന്തുനായര്‍ മാറിയതും ഗാന്ധിയും മുഹമ്മദലിയും കൈകോര്‍ത്ത് പിടിച്ചതും അയ്യപ്പ സ്വാമിയെ സന്ദര്‍ശിക്കുന്നവര്‍ ഇന്നും വാവരെ കൂടെ സന്ദര്‍ശിക്കുന്നതും മുന്‍ കാലങ്ങളില്‍ സൂഫികള്‍ പടുത്തുയര്‍ത്തിയ സൗഹൃദ പാലങ്ങളുടെ ഇന്നുമവശേഷിക്കുന്ന തിളങ്ങുന്ന ഓര്‍മ്മകളില്‍ ചിലത് മാത്രമാണ്. അലീഗഢ് പണ്ഡിതന്‍ കെ. എ. നിസാമി പറയുന്നതുമിതാണ് ”ഇന്ത്യന്‍ മണ്ണില്‍ ഗോറികളുടെ വാളുകള്‍ മിന്നിത്തിളങ്ങുമ്പോള്‍ സൂഫികള്‍ ഓലമേഞ്ഞ സൂഫി മന്ദിരങ്ങളില്‍ ഹിന്ദുവിനും മുസ്ലിമിനും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പഠിപ്പിക്കുകയായിരുന്നു”. സലഫിസത്തിനോ തീവ്ര ഹിന്ദുത്വ വാദികള്‍ക്കോ പിഴുതെറിയാനാവാത്ത വിധം കേരളത്തിലെ ഗ്രാമങ്ങളില്‍ ഇന്നും ഇത്തരം ദൃശ്യങ്ങള്‍ തന്നെയാണ് സാധാരണയായുള്ളത്. ഈ പാതയാണ് കേരളത്തിലെ സമസ്തയും സുന്നീ പാരമ്പര്യ സംഘടനകളും പുലര്‍ത്തിപ്പോരുന്നത്.
മനുഷ്യര്‍ അടുക്കാനറക്കുന്ന വികൃത രോഗമുള്ളവരെ സൂഫികള്‍ ഏറ്റെടുത്തു. പകലില്‍ കോടാലിയെടുത്ത് വിറകുവെട്ടിയും, സാധാരണക്കാരനെ പോലെ മീന്‍ വിറ്റും പണം കണ്ടെത്തി അതെല്ലാം അന്നുതന്നെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത നിശായാമങ്ങളില്‍ ഇലാഹീ പ്രണയത്തില്‍ ലയിക്കുന്നവരായിരുന്നു ഇവര്‍. കുഷ്ഠം പിടിച്ച പട്ടിയെ ജനങ്ങള്‍ അറപ്പോടെ എറിയാന്‍ തുനിയുമ്പോള്‍ ഒറ്റക്കേറ്റെടുത്ത് മല മുകളില്‍ കൊണ്ടുപോയി ഒരു മാസത്തോളം ശുശ്രൂഷ നല്‍കി ആരോഗ്യം തിരിച്ചു കിട്ടാന്‍ യത്‌നിക്കാന്‍ രിഫാഈ ശൈഖിന് മടിയില്ലാത്തത് ഈ ഇഹ്‌സാനീ ബോധം നിറഞ്ഞു നിന്നപ്പോഴാണ്. കുപ്പായ കയ്യില്‍ പൂച്ചയുറങ്ങിയത് കണ്ട് ഉറക്ക് നഷ്ടമാവരുതല്ലോ എന്നു കരുതി നമസ്‌കാര സമയമായപ്പോള്‍ കുപ്പായ കൈ വെട്ടി മുറിഞ്ഞ ഷര്‍ട്ടുമായി പള്ളിയില്‍ പോകാന്‍ മാത്രം ഹൃദയ നൈര്‍മല്ല്യം നേടിയെടുത്തുവെന്നതാണ് ഇലാഹില്‍ ഇഹ്‌സാന്‍ പൂര്‍ത്തികരിച്ചവര്‍ക്ക് ലഭിക്കാനുള്ളത്.
സലഫിസം
സൂഫികള്‍ യഥാര്‍ത്ഥ ഇസ്ലാമാണെന്ന് മാത്രമല്ല, അവരുടെ മേല്‍ വൈകൃത വിശേഷണങ്ങള്‍ ചാര്‍ത്തുന്ന സലഫികളാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വിശ്വാസ വൈകൃതം പിണഞ്ഞവര്‍ എന്നതാണ് വലിയ വിരോധാഭാസം. ഇവിടെയാണ് മുകളില്‍ പറഞ്ഞ വാചകം കൂടുതല്‍ പ്രസക്തമാകുന്നത്. അതാ പോകുന്നു കള്ളനെന്നു പറഞ്ഞ്, യഥാര്‍ത്ഥ കള്ളന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ അരുമ ശിഷ്യരാണ് കേരളത്തിലെ സലഫികള്‍. ഇസ്ലാമിനെ സങ്കുചിതവല്‍കരിച്ചും, അപനിര്‍മ്മിതി നടത്തിയും ഇദ്ദേഹത്തിന്റെ അനുയായികളോളം ഭീകരത കാട്ടിയവര്‍ ചരിത്രത്തില്‍ തന്നെ വിരളമാകും.
പരിഗണനകളില്ലാതെ സര്‍വ്വ ജനങ്ങള്‍ക്കും അതിലുപരി ജീവനുള്ള എന്തിനും കാരുണ്യപൂര്‍വ്വം, വര്‍ത്തിക്കുകയെന്ന സ്വഭാവ രൂപീകരണം പൂര്‍ത്തീകരിക്കുന്ന സൂഫിസത്തിന് വിരുദ്ധമായി, മൃഗങ്ങള്‍ക്കും അന്യ മതസ്ഥര്‍ക്കും മുമ്പ് സ്വന്തം മതത്തില്‍ പെട്ട ഭൂരിപക്ഷത്തെ പോലും വിഭജിച്ച് ഒരു വിഭാഗം വഴിപിഴച്ചവര്‍, കൊല്ലപ്പെടേണ്ടവര്‍ എന്ന് വിഭജനം നടത്തിയവരാണിവര്‍. ആഗോള മുസ്ലിംകളുടെ സര്‍വ്വാംഗികൃത കര്‍മ്മങ്ങളാകുന്ന ഇസ്തിഗാസ, കൂട്ടു പ്രാര്‍ത്ഥന, ഉറൂസ്, നേര്‍ച്ച, മൗലിദുകള്‍, മാലപ്പാട്ടുകള്‍ തുടങ്ങി നിരവധി ആചാരങ്ങളെ ഇസ്ലാമല്ലെന്നു പറയുക മാത്രമല്ല, ഇത്തരം ആചാരങ്ങള്‍ കാലങ്ങളായി പുലര്‍ത്തിപ്പോരുന്ന ഭൂരിപക്ഷ മുസ്ലിംകള്‍ക്കു മേല്‍ ശിര്‍ക്കാരോപിച്ച് കാഫിറുവല്‍ക്കരണം നടത്തി കൊന്നൊടുക്കിയും, മഖ്ബറകള്‍ പൊളിച്ചും ആരാധനാലയങ്ങള്‍ കൊള്ള ചെയ്തും വികസിച്ച ചരിത്രമാണ് സലഫികളുടെ സ്ഥാപകനായ ഇബ്‌നു അബ്ദുല്‍ വഹാബിനും (1703-1787) അനുയായികള്‍ക്കുമുള്ളത്.
നിരവധി മുസ്ലിംകളെ ഇവര്‍ ശിര്‍ക്കാരോപിച്ച് അരുംകൊല ചെയ്തു. മഖ്ബറകള്‍ തകര്‍ത്തു. ചരിത്രം ഇതിന് സാക്ഷിയാണ്. തുടക്കത്തില്‍ സൗദി അധികാരത്തിന്റെ സഹായം കൂടെ ഇതിനിവര്‍ക്ക് ലഭ്യമായി. ഉമറുല്‍ ഖത്താബ് (റ) വിന്റെ സഹോദരനായ സൈദ് (റ) വിന്റെ മഖ്ബറയിലാണ് ആദ്യം കൈ വെച്ചത്. പിന്നീടവര്‍ നടത്തിയ വഴിവിട്ട താണ്ഡവങ്ങള്‍ വഹാബി ചരിത്രകാരന്‍ ഉസ്മാനു ബ്‌നു ബിഷ്ര്‍ വിവരിക്കുന്നതിങ്ങനെ ”പിന്നീട് ശൈഖ്, ജബലിയ്യയിലെ സൈദ് ബിന്‍ ഖത്താബിന്റെ ഖബറും ഖുബ്ബയും തകര്‍ക്കാനാണ് ലക്ഷ്യമിട്ടത്. തന്റെ ഈ ആഗ്രഹം ഭരണാധികാരി ഉസ്മാനോട് ശൈഖ് തുറന്ന് പറയുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു. പക്ഷെ, ജബലിയ്യാ വാസികളുടെ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തെ ആശങ്കപ്പെടുത്തി. അങ്ങനെ അവര്‍ അറുനൂറോളം പട്ടാളക്കാരുടെ അകമ്പടിയോടെ ഖുബ്ബ തകര്‍ക്കാനെത്തി. അപ്പോഴേക്കും ജബലിയ്യാ വാസികളെല്ലാം അവരെ പ്രതിരോധിക്കാനെത്തിയിരുന്നു. പട്ടാളത്തെ ഉപയോഗിച്ച് ഉസ്മാന്‍ അവരെ വിരട്ടിയോടിച്ചു. ജനങ്ങളെല്ലാം പിന്മാറിയപ്പോള്‍ ഉസ്മാന്‍ പറഞ്ഞു: ഇതു തകര്‍ക്കാന്‍ എനിക്കു ധൈര്യം വരുന്നില്ല. എങ്കില്‍ ആ കോടാലി ഇങ്ങുതരൂ, എന്ന് പറഞ്ഞു കൊണ്ട് ശൈഖ് അതു വാങ്ങുകയും സ്വന്തം കൈ കൊണ്ട് ആ ഖുബ്ബ തകര്‍ത്ത് നിരപ്പാക്കുകയും ചെയ്തു.”(ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖി നജ്ദ് 1/10). തുടര്‍ന്ന് ഇമാം ഹസന്‍ (റ), ത്വല്‍ഹ (റ) തുടങ്ങിയ പ്രമുഖ സ്വഹാബികളുടെ മഖ്ബറകള്‍ വരെ തകര്‍ത്തു. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ മകനായ അബ്ദുല്‍ അസീസും അവരുടെ പുത്രന്‍ സുഊദും അക്രമത്തിലൂന്നിയ വഹാബീ വല്‍കരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. 1802 -ല്‍ സഊദ് നജ്ദിലും കര്‍ബലയിലും നടത്തിയ ആക്രമണത്തെ കുറിച്ച് വഹാബീ ചരിത്രകാരന്‍ പറയുന്നതിങ്ങനെ: ഹിജ്‌റ 1216 ലാണ് സുഊദ് തന്റെ കാലാള്‍പ്പടയെയും കുതിരപ്പടയെയും കൂട്ടി ആക്രമണത്തിന് പുറപ്പെട്ടത്. നജ്ദിലെ തെക്കന്‍ പ്രദേശങ്ങളിലെയും ഹിജാസിലെയും തിഹാമയിലെയും നഗരവാസികളില്‍ നിന്നും മറ്റുമായി സംഘടിപ്പിച്ച സൈന്യമായിരുന്നു അത്. അദ്ദേഹം കര്‍ബലക്കു നേരെ നീങ്ങുകയും ഹുസൈന്‍ (റ)ന്റെ നഗരത്തിലുള്ള ജനങ്ങളുമായി ഏറ്റു മുട്ടുകയും ചെയ്തു. ദുല്‍ഖഅദ് മാസത്തിലായിരുന്നു അത്. മുസ്ലിംകള്‍(വഹാബികള്‍) നഗരത്തിന്റെ മതിലുകള്‍ എടുത്ത് ചാടി അകത്തെത്തുകയും അങ്ങാടികളിലും സ്വന്തം വീടുകളിലുമുള്ള മിക്ക ജനങ്ങളെയും കൊണ്ടാക്കുകയും ചെയ്തു. എന്നിട്ടവര്‍ ഹുസൈന്‍(റ)ന്റെ ഖബറിനു മേല്‍ കെട്ടിപ്പൊക്കിയ എടുപ്പുകള്‍ തകര്‍ത്തു. അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൈക്കലാക്കി. മഖാമിനു ചുറ്റുമുള്ള ലോഹ അഴികള്‍ ഇളക്കിയെടുത്തു. മരതകവും മാണിക്യവും മറ്റു രത്‌നങ്ങളും പതിച്ചതായിരുന്നു ഈ അഴികള്‍. നഗരത്തില്‍ കണ്ടതൊക്കെയും അവര്‍ എടുത്തു. രണ്ടായിരം പേരെ കൊല്ലുകയും കിട്ടാവുന്നത്ര സമ്പത്ത് കൈക്കലാക്കുകയും ചെയ്തു. അവര്‍ മടങ്ങി.(ഉര്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ് 1/122)
ഈ മാര്‍ഗം തന്നെയാണ് നവവഹാബികളായ ഐ.എസും, താലിബാനും, അല്‍ഖൈ്വദയുമടങ്ങുന്ന തീവ്രവാദി ഗ്രൂപ്പുകളും പിന്തുടരുന്നത്. ബാഗ്ദാദിയുടെ ഐ.എസ് മാത്രമല്ല സഊദി വഹാബിസത്താല്‍ സ്വാധീനിക്കപ്പെട്ട സംഘടന, ഐ.എസിന്റെ മുന്‍ഗാമികളായ അല്‍ ഖാഇദ, സൊമാലിയയിലെ അല്‍ ശബാബ്, പാക്കിസ്ഥാനിലെ ലഷ്‌കറെ ത്വയ്യിബ്, അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സക്രിയമായ താലിബാന്‍, ടുണീഷ്യയിലും ലിബിയയിലും പ്രവര്‍ത്തിക്കുന്ന അന്‍സാറുശ്ശരീഅ:, നൈജീരിയയിലെ ബൊക്കോ ഹറാം തുടങ്ങിയവയെല്ലാം പ്രത്യയശാസ്ത്ര പരമായി ഊര്‍ജ്ജം വലിച്ചെടുക്കുന്നത് മുഹമ്മദ് ബ്ന്‍ അബ്ദുല്‍ വഹാബിന്റെ വിശുദ്ധ ഇസ്ലാം ചിന്തകളില്‍ നിന്നത്രെ. മാതൃഭൂമി ആഴ്ചപ്പതിപ്പ് (2015 മാര്‍ച്ച് 1). ഇതു പോലുള്ള നിരവധി പത്ര-മാസികാ ലേഖനങ്ങള്‍ നവ വഹാബികളുടെ ഉള്‍ക്കള്ളി പുറത്തു കൊണ്ടു വന്നിട്ടുണ്ട്. ഇവര്‍ നടത്തിയ അനേകായിരം ആക്രമണ പരമ്പരകള്‍ ലോകര്‍ക്ക് ഇന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല. അതു പോലെ ഇമാം നവവി(റ) പോലോത്തവരുടെ മഖ്ബറകള്‍ തകര്‍ക്കുകയും കൂടാതെ നിരവധി മഹത്തുക്ക ളുടെ മഖ്ബറകള്‍ തകര്‍ക്കാന്‍ പ്ലാനിടുകയും ചെയ്തിട്ടുണ്ട്. ഇത്തരം ചെയ്തികളുടെ പ്രയോക്താക്കള്‍ ഇബ്‌നു അബ്ദില്‍ വഹാബില്‍ നിന്ന് ഊര്‍ജ്ജം സ്വീകിരിച്ചവരാണെങ്കില്‍ കേരളത്തിലെ സലഫികളുടെ ആത്മീയാചാര്യനും ഇതേ നജ്ദീ പണ്ഡിതനാണ്. അപ്പോള്‍ അവരുടെ തീവ്ര നിലപാടിന്റെ മറു ചേരിയിലുള്ള സൂഫിസത്തെ ഇവര്‍ എതിര്‍ക്കാതിരുന്നാലേ അത്ഭുതമുള്ളൂ.
തീവ്രവാദവും ഭീകരതയും പേറുന്ന എന്നത്തെയും വഹാബീ സലഫീ സഹചാരികള്‍ക്ക് നിലവില്‍ കേരളത്തിലേത് പോലെ ചിലയിടങ്ങളില്‍ തീവ്രമുഖവുമായി നില്‍ക്കാന്‍ സാധിക്കുന്നില്ല. അവരുടെ നിലനില്‍പ് തന്നെ അപകടത്തിലായ ഇത്തരം സാഹചര്യത്തിലാണ് സൂഫിസത്തിനു മേല്‍ കാര്യം ചാര്‍ത്തി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷെ, പഞ്ചസാരയെന്നെഴുതിയ ബോട്ടിലില്‍ ഉപ്പിട്ടും, ഉപ്പിന്റെ ബോട്ടിലില്‍ പഞ്ചസാരയിട്ടും മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വെച്ചാലും രുചിച്ചറിഞ്ഞ ആളുകള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമെന്നവര്‍ ഓര്‍ക്കുന്നത് നന്നു.