വഹാബിസവും മൗദൂദിസവും കേരളത്തിലെ മുസ്‌ലിം ചര്‍ച്ചകളിലും ആശയസംവാദങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് മാറി പൊതുമാനം വന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈയിടെ കേരളത്തില്‍ നിന്ന് ഇസിലിലേക്ക് റിക്രൂട്ട് ചെയ്യപെട്ടവരോന്നോ, പ്രസ്തുത സംഘടനയോട് അനുഭാവം പുലര്‍ത്തുന്നവരന്ന പേരിലോ പിടിക്കപെട്ടവരില്‍ ഭൂരിഭാഗംവും വഹാബീ , മൗദൂദീ ആശയധാരയിലുള്ളവരായിരുന്നു. രാജ്യത്തിനു തന്നെ ഭീഷണിയാകുന്ന ഇത്തരം സംഘടനകളെ പിടിച്ച് കെട്ടേണ്ടതുണ്ട് എന്ന പൊതു ബോധത്തില്‍ നിന്നാണ് പൊതുജനങ്ങള്‍ ഈ സംഘടനകള്‍ക്കെതിരെ തിരിഞ്ഞു തുടങ്ങുന്നത്. എന്നാല്‍ കേരളത്തില്‍തന്നെ വെത്യസത വിഭാഗങ്ങളായി ഇഴപിരിഞ്ഞ ഈ ‘നവോത്ഥാന’ സംഘടനകള്‍ പരസ്പരം പഴിചാരികൊണ്ട് പുതിയ സ്വത്വപരിണാമത്തിന് ശ്രമിക്കുകയാണ്. ഇത്തരം വേഷപ്രഛന്നം അതിവിദഗ്ദമായി നടപ്പിലാക്കുകൊണ്ടിരിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി. ഇതുവരെ തങ്ങള്‍ തള്ളിപറഞ്ഞതും അകറ്റിനിറുത്തിയതും നെഞ്ചോടു ചേര്‍ത്തു നിറുത്തി, സാമൂഹിക പ്രതിബദ്ധതയുള്ള മറ്റൊരു ഭഷയില്‍ പറഞ്ഞാല്‍ ‘ചോറും കൂറും’ ജനാധിപത്യ ഇന്ത്യയോട് അങ്ങേയറ്റമുള്ള ഒരു മാതൃകാ സംഘടന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ജമാഅത്തെ ഇസ്‌ലാമി.
”സൂഫീ കള്‍ട്ടുകളും മുഹ്‌യിദ്ദീന്‍ മാലയും, ഫൂത്തൂഹാത്തും ഇബ്‌നു അറബിയും ഖാളീ മുഹമ്മദും മമ്പൂറം തങ്ങളും ശാഫിഈ ഇമാമും ശാഹ്‌വലിയുല്ലാഹി ദഹ്‌ലവിയും തങ്ങളുടെ പതിപ്പുകളുടെയും സെമിനാറുകളുടെയും മുഖ്യവിഷയങ്ങളാക്കി എടുക്കുകയും അവയെ പക്ഷപാതിത്വത്തോടെ അര്‍ദ്ധവായനക്ക് വിധേയമാക്കുന്ന പൊതു ട്രന്‍ഡ് പുതിയ ജമാഅത്ത് വൃത്തങ്ങളില്‍ സജീവമാണ്. വാസ്തവത്തില്‍ ഇത്തരത്തിലുള്ള സെലക്ടീവ് ബോധങ്ങളിലൊതുങ്ങിയ ജമാഅത്തിന്റെ ധൈഷണിക പ്രചാരണത്തിന് സ്‌പേസ് ഒരുക്കുന്നത് സുന്നീ മുസ്‌ലിം പക്ഷത്ത് നിന്ന് പ്രസ്തുത വിഷയങ്ങളെ ക്ലാസിക്കലായും ആധുനികവുമായ വായനകള്‍ ഉള്‍ചേര്‍ത്ത് അവതരിപ്പിക്കാന്‍ പ്രപ്തിയുള്ള ഇന്റെലിജന്‍ഷ്യയുടെ അഭാവം മൂലമാണ്. സര്‍വ്വാഗീംകൃതരായ മതപണ്ഡിതന്മാരെ മതലിബറലുകളാക്കിയും അവരുടെ ഗ്രന്ഥങ്ങള്‍ മുഖവിലക്കെടുക്കാതെയും ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന മതത്തിന്റെ ചര്‍മ വായനകള്‍ സാമാന്യജനതയുടെ വിശ്വാസങ്ങള്‍ക്കാണ് കോട്ടം തട്ടിക്കുന്നത്. അവക്കെതിരെയുളള ക്രിയാത്മക പ്രതികരണങ്ങളാണ് കേരളീയ മുസ്‌ലിമിന്റെ കാലവും ദേശവും നിരന്തരമായി ആവശ്യപ്പെടുന്നത്” ദാറുല്‍ ഹുദയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന തെളിച്ചം മാസികയുടെ ഒക്‌ടോബര്‍ ലക്കത്തില്‍ സ്വാലിഹ് സി അമ്മിനിക്കാടിന്റെ ‘ഇബ്‌നു അറബി; വിമര്‍ശകന്റെ വിവരക്കേടും ജമാഅത്തിന്റെ സെലക്ടീവിസവും’ എന്ന ലേഖനത്തില്‍ നിന്നുള്ളതാണ് മുകളിലെ ഉദ്ധരണി. ‘ജമാത്തെ ഇസ്‌ലാമി തീവ്രവാദ ആശയങ്ങളെ ഒളിപ്പിക്കുകയും ജനസ്വീകാര്യത നേടുകയും ചെയ്യുന്ന വിധം’ എന്ന ചര്‍ച്ചയുടെ ആകതുകയാണ് പ്രസ്തുത ലേഖനത്തിലെ ഈ ഉദ്ധരണി.
നാളിതുവരെ ജമാഅത്തെ ഇസ്‌ലാമി പിന്തുടരുകയും നെഞ്ചോടു ചേര്‍ക്കുകയും ചെയ്തിരുന്ന ആശയങ്ങളെ ഈയിടെ ജമാഅത്തെ ഇസ്‌ലാമി ശക്തമായി എതിര്‍ക്കുന്നതായും മറ്റൊരു പരുവത്തിലേക്ക് രൂപാന്തരപെടാനുള്ള ശ്രമങ്ങളും നടക്കുന്നതായികാണാം. തങ്ങളുടെ ആശയപ്രചാരണത്തിന് ഇതുവരേ പിന്തുടര്‍ന്ന രീതി പോരാ എന്ന ബോധ്യത്തില്‍ നിന്നാണ് ജമാഅത്തെ ഇസ്‌ലാമി ഭീകരമായ ‘ഉറമാറ്റല്‍’ പ്രക്രിയക്ക് വിധേയമാകുന്നത്. ഇവരുടെ സ്വത്വമാറ്റത്തിന്റെ കാരണത്തിലേക്കുള്ള ചെറിയൊരന്വഷണം.
ജമാഅത്തെ ഇസ്‌ലാമി
1941 ല്‍ അബുല്‍ അഅ്‌ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിക്ക് ലോകത്തെല്ലായിടത്തുമുള്ള ദൈവികേതര(താഗൂത്തി) ഭരണകൂടങ്ങളെ സായുധ ജിഹാദിലൂടെ അട്ടിമറിച്ച് അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കുക എന്ന ഏകമാത്ര ലക്ഷ്യമാണുള്ളത്. ഇന്ത്യന്‍ ജമാ അത്തെ ഇസ്‌ലാമിയുടെ ലക്ഷ്യവും അതുതന്നെ.
ദൈവികേതര ഭരണവ്യവസ്തയുടെ കീഴിലും , ഇസ്‌ലാമിക നിയമങ്ങള്‍ മാത്രം പാലിച്ചും രാഷ്ട്രനിയമങ്ങളെ അവഗണിച്ചും ജീവിക്കാനാണ് മൗദൂദിസ്റ്റുകളുടെ ഭരണഘടന അനുയായികളെ ഉപദേശിക്കുന്നത്.
‘ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മ്മാണസഭയില്‍ അംഗമോ, അതിന്റെ കോടതിവ്യവസ്ഥയുടെ കീഴില്‍ ന്യായാധിപസ്ഥാനത്തു നിയോഗിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക….ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍ നിന്നും കഴിയും വേഗം ഒഴിവാകുക…ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്‌ലാമിക കോടതികളെ സമീപിക്കാതിരിക്കുക…” (ജമാ അത്തെ ഇസ്‌ലാമി ഭരണഘടന)
ജമാഅത്തെ ഇസ്‌ലാമി ഭരണഘടനാപരമായി മുന്നോട്ട് പോവുകയായിരുന്നെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ കീഴില്‍ നടക്കുന്ന ഒരു ഉദ്യമത്തിലും സഹകരിക്കാനോ പങ്കുചേരാനോ ഇവര്‍ക്കു സാധിക്കില്ല. വോട്ടു ചെയ്യാന്‍ പാടില്ല, ഉദ്യോഗം സ്വീകരിക്കാന്‍ പാടില്ല എന്നവാദമൊക്കെ അവസരവാദത്തിന്റെ അടിസ്ഥാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി തള്ളുകയായിരുന്നു. മറ്റൊരു നിലക്ക് പറഞ്ഞാല്‍ ‘ഇനില്‍ ഹുക്കുമു ഇല്ലാ ലില്ലാ'(അല്ലാഹു അല്ലാത്തവര്‍ക്ക് ഭരണമില്ല)യില്‍ല്‍ നിന്ന് തങ്ങളുടെ ലക്ഷ്യം നടപ്പിലാകുകയില്ല എന്നു കണ്ടപ്പോള്‍ ‘ഇഖാമത്തു ദ്ദീന്‍'(മത സംരക്ഷണം) തങ്ങളുടെ ലക്ഷ്യമെന്ന് മാറ്റിയത് പോലെ.
അബുല്‍ അഅ്‌ല മൗദൂദി
1941 ആഗസ്റ്റ് 26 ന് ലാഹോറില്‍ രൂപീകൃതമായ പുത്തന്‍ പ്രസ്ഥാനമാണ് ജമാഅത്തേ ഇസ്‌ലാമി. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ് സ്ഥാപകന്‍.1903 സപ്തം ബര്‍ 23/25(അഭിപ്രായന്തരം) ന് ഔറംഗാബാദിലാണ് അദ്ദേഹം ജനിചത്.1979 സപ്തംബര്‍ 28ന് അമേരിക്കയില്‍ മരിച്ചു. അഹ്മദ് ഹസ്സന്‍ മൗദൂദിയാണ് പിതാവ്,പിതാവ് മതഭക്തനും അഭിഭാഷകനുമായിരുന്നു. അദ്ദേഹത്തിന്റെ പരമ്പര ഹസ്രത്ത് ഖുത്വുബുദ്ധീന്‍ മൗദൂദിയില്‍ ചെന്നു ചേരുന്നു. അവരില്‍ ചിശ്തീ ത്വരീഖത്തിന്റെ മശാഇഖുഉമാര്‍ ഉണ്ടായിരുന്നു. (ഇസ്‌ലാമിക വിശ്വാസ കോശം,രണ്ടാം ഭാഗം,പേ.600)
മൗദൂദി എന്നത് കുടുംബ പേരാണ്. സ്വ ഭവനത്തില്‍ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 9-ാം വയസ്സില്‍ ഔറംഗാബദിലെ സെക്കണ്ടറി മദ്രസയില്‍ ചേര്‍ന്ന് മീഡിയം ക്ലാസില്‍ പരാജയപ്പെട്ട ശേഷം പതിനൊന്നാം വയസ്സില്‍ രണ്ടാം ക്ലാസോടെ മെട്രിക്ക് പരീക്ഷ പാസായി. തുടര്‍ന്ന് ഹൈദരബാദിലെ ദാറുല്‍ ഉലൂമില്‍ ‘മൗലവി ആലിം കോഴ്‌സിനു’ ചേര്‍െന്നങ്കിലും പിതാവ് ഭോപ്പാലില്‍ പക്ഷവാതം പിടിപെട്ട് കിടപ്പായതിനാല്‍ പഠനം നിറുത്തി അങ്ങോട്ടു പോയി. ആറുമാസം മാത്രമായിരുന്നു ദാറുല്‍ ഉലൂമിലെ പഠനകാലം.1920 ലെ പിതാവിന്റെ മരണ ശേഷം ഉപജീവനം അവതാളത്തിലായ മൗദൂദി ജീവിത നിലനില്‍പിന് വേണ്ടിയാണ് പത്ര പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രമുഖ ഉറുദു സാഹിത്യകാരനായ നിയാസ് ഫത്ത്‌ഹേപൂരിയുമായി പഠനകാലത്തു തന്നെ ബന്ധം സ്ഥാപിച്ചിരുന്നു. ഇദ്ദേഹം മുഖേനെയാണ് മൗദൂദി സാഹിത്യ മേഖലയിലേക്ക് ആകൃഷ്ടനാകുന്നത്. എന്നാല്‍ ഇസ്‌ലാമിക വിരുദ്ധ ആശയങ്ങള്‍ പ്രചരിപിച്ചിരുന്ന നിയാസ് ഫത്ത്‌ഹേ പൂരി മൗദൂദിയെ വളരെയധികം സ്വാധീനിച്ചിരുന്നു എന്ന് പില്‍കാല മൗദൂദിയന്‍ കാഴ്ച്ചപ്പാടുകളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നതാണ്. നിരവധി പത്രങ്ങളില്‍ പ്രവര്‍ത്തിച്ച മൗദൂദി 1932 മുതല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പത്രം വിലക്കുവാങ്ങുകയും അതു മുഖാന്തിരം തന്റെ ആശയ പ്രചാരണവും ആരംഭിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള ഘടകം
‘മൗദൂദി ഹൈദരാബാദില്‍ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആനിന് കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അക്കാലത്ത് പ്രചാരമുണ്ടായിരുന്നു. 1935 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദ് മാസികയില്‍ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. മൗലവിയായിരുന്നു ഇതിന്റെ പത്രാധിപരും വിവര്‍ത്തകനും. ഇതിലൂടെ കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാവാന്‍ ഇടയായി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് എടയൂരിലെ വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ഇവരില്‍ പ്പെടുന്നു. ഉമറാബാദിലെ ജാമിഅ ദാറുല്‍ ഇസ്‌ലാമില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം മൗദൂദിസാഹബിനെ നേരില്‍ കാണുക എന്ന ലക്ഷ്യത്തോടെ പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്ലാമിലേക്ക് പോയത്. വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഞ്ചാബിലെപഠാന്‍കോട്ടിലെ ദാറുല്‍ ഇസ്ലാമില്‍നിന്ന് പ്രഥമ അമീര്‍ കൂടിയായ മൗലാനാ മൗദൂദിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട് സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ ജമാഅത്ത് പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ മൗദൂദിസാഹിബ് തന്നെ അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു.(വിക്കി പീഡിയ മലയാളം).
ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. വഹാബിസം കേരളത്തില്‍ പ്രചരിപിച്ചവര്‍ തന്നെയാണ് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ ജമാഅത്ത് ആശയങ്ങളും പ്രചരിപ്പിച്ചത്.
സംഘടനാ സംവിധാനം
ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഓരോ നാലു വര്‍ഷവും തയ്യാറാക്കുന്ന പോളിസി പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി അമീറും 2 അസിസ്റ്റന്റ് അമീറുമാരും ഒരു ജനറല്‍ സെക്രട്ടറിയും 7 സെക്രട്ടറിമാരുമടങ്ങുന്നതാണ് സംസ്ഥാന നേതൃത്വം. ഇവരെ കൂടാതെ 14 പേരടങ്ങുന്ന സംസ്ഥാന കൂടിയാലോചനാ സമിതിയാണ്(ശൂറ) പ്രവര്‍ത്തന പരിപാടികളും നിലപാടുകളും തീരുമാനിക്കുന്നത്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകമായ ജമാഅത്തെ ഇസ്ലാമി കേരള, 1948ല്‍ നിലവില്‍ വന്നു. ആസ്ഥാനം കോഴിക്കോട് ഹിറാ സെന്ററില്‍.സംസ്ഥാന അധ്യക്ഷന്‍ എം.ഐ. അബ്ദുല്‍ അസീസ് (വിക്കീ പീഡിയ)
ഇസ്‌ലാമിക രാഷ്ട്രീയം
എം എന്‍ കാരശ്ശേരി തന്റെ പുസ്തകത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെയും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയും നിര്‍വചനം നല്‍കുന്നുണ്ട് . അതിങ്ങനെയാണ് ‘മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയമാണ് മുസ്‌ലിം രാഷ്ട്രീയം ഇസ്‌ലാമിന് വേണ്ടിയുള്ള രാഷ്ട്രീയമാണ് ഇസ്‌ലാമിക രാഷ്ട്രീയം’. ഈ നിര്‍വചനങ്ങളില്‍ അദ്യത്തേതിനോട് നമുക്ക് യോജിക്കാം. മുസ്‌ലിംകളുടെ ആവശ്യങ്ങള്‍ പറയാനും അവകാശങ്ങള്‍ നേടികൊടുക്കാനും വേണ്ടി രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിനെ നമുക്ക് മുസ്‌ലിം രാഷ്ട്രീയം എന്ന് വിളിക്കാം. എന്നാല്‍ ഇസ്‌ലാമിന് വേണ്ടിയുള്ള രാഷ്ട്രീയമാണ് ഇസ്‌ലാമിക രാഷ്ട്രീയം എന്നുള്ളതിനോട് യോജിപ്പില്ല. കാരണം ഇസ്‌ലാമില്‍ ഒരിക്കലും രാഷ്ട്രമല്ല അദ്യം രൂപപ്പെടുന്നത് മറിച്ച് ഇസ്‌ലാമാണ്. ഇവിടെ ചില വിശദീകരണങ്ങള്‍ ആവശ്യമുണ്ട്. ഇവിടെ അദ്ദേഹം നിര്‍വചിച്ച രാഷ്ട്രീയം ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയമാണ്. തുടര്‍ന്ന് അദ്ദേഹം വിവരിക്കുന്നത് മത രാഷ്ട്ര വാദം ഉന്നയിക്കുന്ന മൗദൂദിയന്‍ രാഷ്ട്ര സങ്കല്‍പങ്ങളെ കുറിച്ചും വഹാബി ചിന്താ ധാരകളെ കുറിച്ചുമാണ്. ഇതിനെ ഒരിക്കലും ഇസ്‌ലാമികമായി കാണരുത്. ഇത്തരം തീവ്രവാദ വിഭാഗങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലും ഉണ്ടായിരുന്നു. പക്ഷെ, അവരില്‍ നിന്നൊന്നും ആരും ആ മതത്തെ പഠിച്ചെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ക്രൈസ്തവ ചരിത്രത്തില്‍ കാണാം ദാവീദിന്റെ രാജ്യം പുനഃസ്ഥാപിക്കാന്‍ വിപ്ലവമാര്‍ഗവുമായി ഒത്തുകൂടുന്ന പല വിഭാഗങ്ങളും യേശുവിന്റെ കാലത്ത് ഗലീലിയയില്‍ ഉണ്ടായിരുന്നുവെന്ന്. അദ്ദേഹവുമായി കൂടിയാലോചന നടത്താതെ അവര്‍ തീരുമാനമെടുത്തു. അവയില്‍ ഒരു സംഘ നേതാവയിരുന്നു ആമോസ്. ആമോസും ശിമയോനും ദാനിയേലും ഹോസിയയും ഒരിക്കല്‍ ശിമയോന്റെ വീട്ടില്‍ ഒന്നിച്ചു. യേശുവിന്റെ സഹചാരിയായ യൂദാസ് സ്‌കറിയോത്തയെയും ആ യോഗത്തിലുണ്ടായിരുന്നു. ‘യേശു യഹോവ അയച്ച മിശിഹയാണ്. അദ്ദേഹത്തെ രാജാവായി വാഴിക്കാനുള്ള കരുക്കള്‍ നീക്കണം’. ഇതായിരുന്നു ഇവരുടെ മുഖ്യ ചര്‍ച്ചാ വിഷയം. പക്ഷെ എടുത്ത് ചാടി എന്തെങ്കിലും കടും കൈ ചെയ്യുന്നതിനോട് യേശുവിന് യോജിപ്പില്ലായിരുന്നു. ഉടനെ വിപ്ലവകാരികള്‍ യേശുവിനെ ചിത്രത്തില്‍ നിന്ന് മാറ്റി. അവര്‍ യേശുവുമായി കൂടിയാലോച്ചന നടത്താതെ ദൈവ രാജ്യം സ്ഥാപിക്കാനുള്ള പടപുറപാട് നടത്തി.എന്നാല്‍ ആ സായുധ കാലാപം പരാജയത്തില്‍ കലാശിച്ചു. യേശുവാണ് യുദ്ധത്തിന് നേതൃത്വം നല്‍കിയതെന്ന് തെറ്റിദ്ധരിച്ച ഭരണ കൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സംഗതി അവസാനം യേശുവിന്റെ കുരിശുമാരണത്തിലാണ് കലാശിക്കുന്നത്. ഞാന്‍ പറഞ്ഞുവന്നത് ഇവിടെ ആവേശ പൂര്‍വ്വം പട പുറപ്പെട്ട ഇവരില്‍ നിന്നല്ല ക്രിസ്തു മതം മനസ്സിലാക്കേണ്ടത്. മറിച്ച് സമാധാന പൂര്‍വ്വം മതം പറഞ്ഞ യേശുവില്‍ നിന്നായിരിക്കണം. ഇത് പോലെ ആവേശം കാണിച്ച് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ലോകത്ത് ഇസ്‌ലാമിക രാഷ്ട്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതാണ് ഇസ്‌ലാമിക രാഷ്ട്രീയം എന്ന് പറയുന്നത് വങ്കത്തരമാണ്. അവരില്‍ നിന്ന് ഇസ്‌ലാമിനെ കണ്ടെത്താന്‍ സാധിക്കില്ല.
‘മതത്തില്‍ ബലാത്ക്കാരമില്ല’ എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കിയതാണ്. അപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം ഒരു മതരാഷ്ട്രം ലോകത്ത് സ്ഥാപിക്കുക എന്നത് ഇസ്‌ലാമികമല്ല. പിന്നെ എങ്ങനെയാണ് ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പം നടപ്പിലാക്കുക എന്ന ഒരു സ്വാഭാവിക ചോദ്യമുണ്ടിവിടെ. ഇതിന് നാം ഉത്തരം കണ്ടത്തേണ്ടത് പ്രവാചക ജീവിതത്തില്‍ നിന്നായിരിക്കണം. ഒരു സുപ്രഭാതത്തില്‍ മക്കയിലേയും മദീനയിലേയും അധികാരം പിടിച്ചെടുത്തതിന് ശേഷം തന്റെ മതം ജനങ്ങളില്‍ അടിച്ചേല്‍പിച്ചതായിരുന്നില്ല പ്രവാചകര്‍. മറിച്ച് നാല്‍പ്പത് വര്‍ഷത്തോളം മദ്യം ദാഹശമനിയും, വികാരം ലൈംഗികതയും, യുദ്ധം വിനോദവുമായി കണ്ടിരുന്ന ഒരു സമൂഹത്തിനിടയില്‍ ഒരു സ്വഭാവ ദൂഷ്യം പോലും ചൂണ്ടികാണിക്കാന്‍ സാധിക്കാത്ത വിധം വ്യക്തി പ്രഭാവം വളര്‍ത്തിയെടുത്തതിന് ശേഷമാണ് അവിടുന്ന് തന്റെ ദൗത്യം പതുക്കെ പതുക്കെ സമൂഹത്തിലേക്ക് ഇന്‍ജക്റ്റ് ചെയ്തത്. ജീവിതത്തില്‍ ഇന്ന് വരെ നുണ പറഞ്ഞിട്ടില്ല എന്ന് ആ സമൂഹത്തിന് ബോധ്യമുള്ള വ്യക്തി മതം പറഞ്ഞപ്പോള്‍ അവര്‍ സ്വീകരിച്ചു. അങ്ങെനെ 23 വര്‍ഷങ്ങള്‍കൊണ്ട് തന്നെ അംഗീകരിക്കുന്ന ലക്ഷക്കണക്കിന് അനുയായികളെ അവിടുന്ന് രൂപപ്പെടുത്തി. പിന്നീടാണ് പ്രവാചകര്‍ രാഷ്ട്ര നിര്‍മിതിയിലക്ക് പാദമൂന്നുന്നത്. ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞത്, ആദ്യം മതം രൂപപ്പെട്ടതിന് ശേഷമാണ് ഇസ്‌ലാമില്‍ രാഷ്ട്രം രൂപപ്പെട്ടതെന്ന്. അഥവാ ഇസ്‌ലാമിക മാനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സാമൂഹികാന്തരീക്ഷം രൂപപ്പെടുത്തിയതിന് ശേഷമായിരുന്നു പ്രവാചകര്‍ രാഷ്ട്ര നിര്‍മിതി നടത്തിയത്. വിശ്വാസികളാകാതെ ബാക്കി വന്നിരുന്ന ഇതര മതവിശ്വാസികള്‍ക്ക് അവരുടേതായ രീതിയില്ലുള്ള സ്വാതന്ത്ര്യങ്ങള്‍ പ്രവാചകര്‍ അനുവദിച്ചിരുന്നു എന്നുള്ളത് ചരിത്രമറിയുന്നവര്‍ക്ക് ബോധ്യമുള്ളതാണ്. രാഷ്ട്രീയത്തിന് വേണ്ടി മതത്തിന്റെ മഹത്തായ മൂല്യങ്ങളെ മാറ്റി എഴുതുന്ന പണ്ഡിതര്‍ സര്‍വ്വ വ്യാപകമായത് കൊണ്ടാണിന്ന് ഇസ്‌ലാം ഇത്ര മേല്‍ തെറ്റിദ്ധരിക്കപ്പെട്ടത്. ഇതേ കാരണം കൊണ്ടുതന്നെയാണ് കാള്‍ മാര്‍ക്‌സും മതത്തെ എതിര്‍ത്തത്. മുതലാളിത്ത വര്‍ഗത്തിനും അധികാരത്തിനും വേണ്ടി പൗരോഹിത്യം(ചര്‍ച്ച്) മതത്തെ അടിയറവ് വെച്ചപ്പോഴാണ് മാര്‍ക്‌സ് മതവിരോധിയായത്. ഇന്ന് ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ രൂപപ്പെട്ട തീവ്രവാദ ഗ്രൂപ്പുകളുടെ അടിസ്ഥാനം അന്വേഷിച്ചു പോയാലും ഇതേ യാഥാര്‍ത്ഥ്യത്തിലേക്ക് നമുക്ക് എത്തിച്ചേരാന്‍ സാധിക്കും. മത പരിഷ്‌കരണ വാദവുമായി രംഗത്തെത്തിയ ഇബ്‌നു അബ്ദുല്‍ വഹാബിന് ആ നാട്ടിലെ ഭരണാധിപനായ മുഹമ്മദ് ബ്‌നു സുഊദ് തന്റെ മകളെ വിവാഹം ചെയ്ത് കൊടുത്തു. ഇതോടെ മുഹമ്മദ് ബ്‌നു സുഊദിന് തന്റെ അധികാരത്തില്‍ മതവും ഇബ്‌നു അബ്ദുല്‍ വഹാബിന് തന്റെ ആശയ പ്രചരണത്തില്‍ അധികാരവും വിലങ്ങു തടിയായില്ല. അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ് കെ.ഹിറ്റി ഇതിനെ ‘മതവും വാളും തമ്മിലുള്ള വിവാഹം’ എന്നാണ് വിശേഷിപ്പിച്ചത്.
ചുരുക്കത്തില്‍ ഇസ്‌ലാമിന് വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്. പക്ഷെ, വളരെ ബൃഹത്തായ പഠന മേഖലയാണിത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുന്‍ ധാരണകളില്ലാതെ വിഷയം പഠിക്കാനും അതിനെ സമീപിക്കാനും നാം തയ്യാറാകണം. എങ്കില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ നിലപാടുകളെയും ഇതര കാഴ്ചപ്പാടുകളെയും നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ബഹുസ്വര സമൂഹത്തിനു മുമ്പില്‍ ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുന്നത് ഒരു പോലെ മൗഢ്യവും ഭീകരവുമാണ്. ഇതാണ് ജമാഅത്തെ ഇസ്‌ലാമിക്ക് പറ്റിയത്. മതരാഷ്ട്ര സംസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ഇന്ത്യ പോലോത്ത ഒരു രാജ്യത്ത് അത് വിലപോകാത്ത അവസ്ഥ സംജാതമാവുകയും ചെയ്ത അവസരത്തിലാണ് ജമാഅത്തെ ഇസ്‌ലാമി കളം മാറ്റി ചവിട്ടുന്നത് . ഈ വൈരുദ്ധ്യാത്മക സ്വത്വ പരിണാമത്തെ കുറിച്ചാണിവിടെ ചര്‍ച്ച.
‘മുസ്‌ലിം രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു’ എന്ന എം. എന്‍. കാരശ്ശേരിയുടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖന സമാഹരത്തിലെ ചില ലേഖനങ്ങളിലൂടെ ശ്രദ്ധയൂന്നിയാല്‍ തന്നെ ഈ സ്വത്വ മാറ്റം വളരെ വ്യക്തമാകും.
മുസ്‌ലിം രാഷ്ട്രീയം മതരാഷ്ട്രവാദത്തില്‍ നിന്ന് വ്യതിരിക്തമാണ്
‘മുസ്‌ലിംകള്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയമാണ് മുസ്‌ലീം രാഷ്ട്രീയം. ഇസ്‌ലാമിനു വേണ്ടിയുള്ള രാഷ്ട്രീയമാണ് ഇസ്‌ലാമിക രാഷ്ട്രീയം. ഇസ്‌ലാമിക രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥയെ നിരാകരിക്കുന്നു. അതിന്റെ സംഘടനാ രൂപങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജമാഅത്തെ ഇസ്‌ലാമി(1941). മതമൗലികത, മതവര്‍ഗീയത, മതഭീകരത തുടങ്ങിയ ജീര്‍ണതകളില്‍ വേരുറപ്പിച്ച് രാഷ്ട്രീയമായി ഒളിഞ്ഞും തെളിഞ്ഞും വളരാന്‍ നോക്കുന്ന ഇവിടുത്തെ മറ്റു ചില മുസ്‌ലിം സംഘടനകള്‍ക്കും വെള്ളവും വളവും നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. അവിഭക്ത ഇന്ത്യയില്‍ ജനിച്ചു വളരുകയും പാകിസ്ഥാനില്‍ ജീവിക്കുകയും അമേരിക്കയില്‍ മരിക്കുകയും ചെയ്ത ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979)യുടെ ചിന്താസന്താനമായ ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇന്ന് പരക്കെ മനസ്സിലാക്കിവരുന്നത് പോലെ മതപരിഷ്‌കരണ പ്രസ്ഥാനമോ മതസംഘടനയോ അല്ല ‘(മുസ്‌ലിം രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു പേ.13).
എം.എന്‍. കാരശ്ശേരിയുടെ ‘ഇസ്‌ലാമിക രാഷ്ട്രീയത്തിന് ജനാധിപത്യത്തെ ഉള്‍കൊള്ളാന്‍ സാധിക്കില്ല’ പോലുള്ള വാദങ്ങളോട് വിയോജിക്കലോടു കൂടെ തന്നെ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് അദ്ദേഹം മുന്നോട്ടു വെച്ച പല നിലപാടുകളും അക്ഷരംപ്രതി ശരിയാണെന്നു വേണം കരുതാന്‍. കാരണം ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും മറ്റു മുസ്‌ലിം സംഘടനകളെ പോലെയല്ല. മറ്റു മുസ്‌ലിം സംഘടനകള്‍ മതത്തെ മതമായും രാഷ്ട്രീയത്തെ രാഷ്ട്രീയമായിട്ടുമാണ് കാണുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി മതത്തെ രാഷ്ട്രീയമായി കാണുന്നു. വിശ്വാസിയുടെ കടമ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിതം കെട്ടിപ്പടുക്കലാണെന്നത് സുവ്യക്തമാണ്. എന്നാല്‍ അത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കലാണെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വിശ്വാസം.
എങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമി ഒരു നിരോധിത സംഘടനയാകുന്നത്/ആകേണ്ടത്?
നാനാത്വത്തില്‍ ഏകത്വം വെച്ചു പുലര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര മതേതരത്വ രാഷ്ട്രമാണ് ഇന്ത്യ. ലോകാടിസ്ഥാനത്തില്‍ മതമില്ലായ്മയാണ് മതേതരത്വമെങ്കില്‍ ഇന്ത്യയിലത് വ്യത്യസ്ത മതങ്ങളെ ഉള്‍കൊള്ളാന്‍ സാധിക്കലാണ്. കൂടാതെ എല്ലാ ആധുനിക രാഷ്ട്ര വ്യവസ്ഥകളെയും പോലെ ഇന്ത്യയിലും ഭരണവ്യവസ്ഥയും രാഷ്ട്രത്തിന്റെ അഖണ്ഡതയും നിലനില്‍ക്കുന്നത് പ്രധാനമായും മൂന്നു ആശയങ്ങളിലാണ്. ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവയാണവ. എന്നാല്‍ ഇവ മൂന്നിനേയും മൗദൂദി ശക്തമായി എതിര്‍ക്കുന്നുണ്ട്. ‘ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയില്‍ മനുഷ്യര്‍ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി അതിരുകളിട്ട് ദേശങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തിന്റെ അധികാരങ്ങള്‍ വെല്ലു വിളിക്കലാണെന്ന് മൗദൂദി സിദ്ധാന്തിക്കുന്നു. ദേശാതിര്‍ത്തികളില്ലാത്ത മതവിശ്വാസമാണ് മനുഷ്യരുടെ ദേശീയത നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ ഏതു രാജ്യക്കാരാണെങ്കിലും ലോകത്തെവിടെയുമുള്ള മുസ്‌ലിംകള്‍ ഒറ്റ രാഷ്ട്രമാണ്.-ഇതാണ് ആഗോള ഇസ്‌ലാമിസം'(ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു. പേ.16)
യഥാര്‍ത്ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത സംഘടനയാണ് എന്നാണ് എന്റെ നിരീക്ഷണം. കാരണം ഒരു നിലക്ക് പറഞ്ഞാല്‍ പ്രാഥമികമായിട്ട് പോലും മത വിദ്യാഭ്യാസം നേടാത്ത മൗദൂദിയാണ് ഇസ്‌ലാമിന്റെ പുനരുദ്ധാരണത്തിനിറങ്ങിയത് എന്ന വൈരുദ്ധ്യം തന്നെ.
1941-ല്‍ മൗദൂദിയോടൊപ്പം സംഘടനാ രൂപീകരണത്തില്‍ ഒത്തു ചേര്‍ന്ന 75 പേരും ശഹാദത്ത് കലിമ ചൊല്ലിയിട്ടാണ് സംഘടനയിലംഗങ്ങളായത്. മൗദൂദി തന്നെ പറയുന്നത് നോക്കൂ ”വിമര്‍ശന നിരീക്ഷണത്തിനുള്ള യോഗ്യത കൈവന്ന ശേഷം ഞാന്‍ ആദ്യമായി ചെയ്തത്, എനിക്ക് അനന്തരമായി ലഭിച്ച നിര്‍ജീവമാകുന്ന മാലയെ എന്റെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെറിയുകയെന്നതാണ്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ ഞാനൊരു നവ മുസ്‌ലിമാണ്” (പ്രബോധനം) ”ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് ഒരു പ്രത്യേക മാര്‍ഗമുണ്ട്. ആ മര്‍ഗം ഞാന്‍ സ്വന്തം ഗവേഷണമനുസരിച്ച് കൈകൊണ്ടതാണ്” (പ്രബോധനം).
വിശ്വാസവും കര്‍മ്മവും മാറ്റി നിറുത്തിയാലുള്ള ഇസ്‌ലാം എന്ത് ഇസാലാമാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അതുകൊണ്ട് മൗദൂദി ഏത് മതരാഷ്ട്ര സംസ്ഥാപനമായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നു കൂടി പഠനവിധേയമാക്കേണ്ടതുണ്ട്. എന്റെ നിരീക്ഷണത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയില്‍ വിരിഞ്ഞ ആശയങ്ങള്‍ക്ക് അയാള്‍ ഇസ്‌ലാം എന്നു നാമകരണം ചെയ്യുകയായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി, വഹാബിസം തുടങ്ങിയ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മതത്തിനേല്‍പ്പിക്കുന്ന വിഘാതങ്ങള്‍ ചെറുതല്ല. പ്രത്യേകിച്ച് ഈയിടെ കേരളത്തില്‍ നിന്ന് പിടിക്കപ്പെട്ട ഇസില്‍ അനുഭാവികള്‍ എന്നുപറയപ്പെടുന്നവരെല്ലാം വഹാബി, മൗദൂദി ആശയധാരകളെ പിന്തുടരുന്നവരാണ്. എന്നാല്‍ ഏറ്റവും ഭീകരമായ സത്യം എന്തെന്നുവെച്ചാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക പ്രതിബദ്ധതയും സ്‌നേഹവും കണ്ടിട്ട് കേരളത്തിലെ ധൈഷണിക പടുക്കളെല്ലാം ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹനപരമായി വരവേല്‍ക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം അധികാരം സ്ഥാപിക്കല്‍ മാത്രമാണ്. അതിന് ഏതു നീച നാട്യവും നടത്താന്‍ ഇവര്‍ തയ്യാറാണു താനും. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി അയ്യൂബ് ഖാന്‍ തന്റെ കസേരയിലടിച്ചു കൊണ്ട് മൗദൂദിയെ നോക്കി ആക്രോശിക്കുന്നുണ്ട്: ”ഈ മുല്ലക്ക് വേണ്ടത് മതമല്ല, മറിച്ച് എന്റെ ഈ കസേരയാണ്” അഥവാ അധികാരമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന ലക്ഷ്യം. അതുകൊണ്ടു തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ തനി നിറം പ്രബുദ്ധകേരളത്തിന് മനസ്സിലാക്കികൊടുക്കല്‍ ഇവിടുത്തെ പണ്ഡിതരുടെയും ബുദ്ധി ജീവികളുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ പൂര്‍വ്വികരെ കുറിച്ചുള്ള വ്യക്തമായ ചരിത്രാവബോധത്തിന്റെ അഭാവം സുന്നീ മുസ്‌ലിം അക്കാദമിക് തലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് എന്നു നാം ആമുഖത്തില്‍ നിരീക്ഷിച്ചുവല്ലോ. അതായിരിക്കെട്ടെ ഇനിയുള്ള നമ്മുടെ പരിശ്രമങ്ങള്‍..