ഭരണപഥത്തിലേറിയിട്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ട പോലെയാണ് സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ദിവസങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കുന്നത്. ‘ജോലി കിട്ടിയിട്ട് വേണം ഒന്നു ലീവെടുക്കാന്‍’ എന്ന ‘പൊതുമൊഴി’യെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ഈയിടെ രാജിവെച്ച ജയരാജന്‍ എം.എല്‍.എ. വ്യക്തവും പക്വവുമായ സംഘടനാ ഫ്രെയിം നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സദാചാരബോധത്തിന് സംഭവിച്ച അധപതനം രാഷ്ട്രീയ നിരൂപകര്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. അധികാരം കൈവശം വന്നാല്‍ എന്തുമാവാം എന്നത് കേരള രാഷ്ട്രീയത്തെ ഒരു ഒഴിയാബാധയായി പിന്തുടരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ബന്ധുനിയമനവും തുടര്‍ന്നു വന്ന രാജിയും അനുബന്ധമായ കോലാഹലങ്ങളും. മൂല ആശയങ്ങളില്‍ നിന്നും അഭിനവ കമ്യൂണിസ്റ്റുകള്‍ക്ക് വന്നു ഭവിച്ച അകലം എത്രത്തോളമാണെന്ന് നിരന്തരമായി വെളിച്ചത്തു വന്നു കൊണ്ടിരിക്കുകയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മന്‍ വംശജരും ഇംഗ്ലണ്ടില്‍ താമസവുമാക്കിയിരുന്ന കാള്‍ ഹെന്‍ട്രിക് മാക്‌സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്നു കൊണ്ട് ഒരു പുതിയ തത്വശാസ്ത്രത്തിന് രൂപം നല്‍കുകയുണ്ടായി. അതാണ് പില്‍ക്കാലത്ത് കമ്യൂണിസം എന്ന പേരില്‍ അറിയപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിവംഗതനായ ഗ്രീക്ക് തത്വചിന്തകനായിരുന്ന ദമോക്കിസ്റ്റ് മുന്നോട്ട് വെച്ച ഭൗതികവാദത്തില്‍ ഇവര്‍ രണ്ടു പേരും തല്‍പരരായിരുന്നു. ഈ ഭൗതിക വാദത്തോടുള്ള അവരുടെ അമിതഭ്രമം അവരാല്‍ തയ്യാറാക്കപ്പെട്ട ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയി’ല്‍ വളരെ കൂടുതലായി പ്രതിഫലിച്ച് കാണാവുന്നതാണ്. 1789ല്‍ നടന്ന, ലോകത്താകമാനമുള്ള മതങ്ങള്‍ക്കും തത്വശാസ്ത്രങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പുതിയ ഭാവങ്ങളും മാനങ്ങളും നല്‍കിയ ഫ്രഞ്ച് വിപ്ലവ കാലത്ത് ധാരാളം യൂറോപ്യന്‍ ചിന്തകന്മാര്‍ ഭൗതിക വാദത്തെ അലമാരകളില്‍ നിന്നെടുത്ത് പൊടിതട്ടി വീണ്ടും പ്രചരിപ്പിക്കുവാന്‍ തുടങ്ങി. മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തി തങ്ങളുടേതായ ഭൗതിക തത്വശാസ്ത്രത്തിലേക്ക് ആകര്‍ഷിപ്പിക്കാന്‍ അവര്‍ ആവതു ശ്രമിച്ചു. അല്‍പ്പ സ്വല്‍പ്പ വിജയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അവരുടെ അധ്വാനം വൃഥാവിലായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.
സമാധാനത്തിന്റെയും ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പുറം ചേലയണിഞ്ഞ് ഇന്നത്തെ അഭിനവ കമ്യൂണിസ്റ്റുകാര്‍ സമാധാന ദാഹിയായി സമൂഹത്തില്‍ വിലസുമ്പോള്‍ സത്യത്തില്‍ അവരോട് പുച്ഛമെന്ന വികാരം മാത്രമാണ് സാധാരണ ജനത പ്രകടിപ്പിക്കാറുള്ളത്. കാള്‍ മാര്‍ക്‌സിന്റെ കമ്യൂണിസത്തെ ഇന്ന് കാണുന്ന കേവല രാഷ്ട്രീയ പാര്‍ട്ടിയായി ഒരാള്‍ക്കും നിര്‍വ്വചിക്കാനോ വിലയിരുത്താനോ സാധിക്കുകയില്ല. എന്നാല്‍ ചരിത്രത്തിന്റെ മുഖം പലപ്പോഴും വികൃതമാണ്. അതിന്റെ വികൃതികള്‍ക്ക് വെള്ള പൂശിയും ഓശാന പാടിയും ചമഞ്ഞൊരുക്കി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വഞ്ചകന്മാര്‍ വിലസുന്ന കലികാലത്താണ് നാമിന്നുള്ളത്. സമാധാനം എന്തെന്നറിയാത്തവര്‍ക്ക് സമാധാനത്തിന്റെ കിരീടവും ചെങ്കോലുമണിയിച്ച് മാലാഖമാരാക്കുന്ന അഭിനവ മൂര്‍ത്തികള്‍.. മതഗ്രന്ഥങ്ങളും മതാചാര്യന്മാരെയും കീറിമുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തെയും ഇവിടെ ചര്‍ച്ചാ വിധേയമാക്കേണ്ടതുണ്ട്.
ഇരുപതാം നൂറ്റാണ്ടിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചിലുണ്ടായതെന്ന് ചരിത്ര പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. ഇരുന്നൂറ്റി അമ്പത് ദശലക്ഷം പച്ച മനുഷ്യര്‍ യുദ്ധം, കൂട്ടക്കുരുതി, രാഷ്ട്രീയ കൊലപാതകങ്ങള്‍, വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍, ഭീകരവാദ തീവ്രവാദ സംഘര്‍ശങ്ങള്‍ മുതലായവ വഴി അരും കൊല ചെയ്യപ്പെട്ടു. മൃഗീയമായ ഈ പൈശാചിക വൃത്തികളില്‍ ഭൗതികവാദികളായ കമ്യൂണിസ്റ്റ് വിഭാഗത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. രായ്ക്കു രാമാനം മുഷ്ടി ചുരുട്ടി അവര്‍ പറയപ്പെടുന്ന പോലെ സത്യവും, സമത്വവും, നീതിയും, സമാധാനവും, സഹിഷ്ണുതയും വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യയശാസ്ത്രം പക്ഷെ, ലോകത്തിന് മരണവും, ആശങ്കയും, ഭീതിയും കൂടി സമ്മാനിക്കുകയുണ്ടായി. നൂറ്റാണ്ടുകളുടെ ഏടുകള്‍ പരിശോധിച്ചാല്‍ ഈ തത്വശാസ്ത്രം മനുഷ്യത്വത്തിന് വിതച്ച ദുരിതങ്ങള്‍ കണ്മുന്നില്‍ കാണാന്‍ സാധിക്കും. ഭൂതകാലത്തില്‍ നിന്നും ഒന്നും പഠിക്കാത്ത പക്ഷം ഭാവിയില്‍ സമൂഹത്തെ സമാനമായ ദുരന്തങ്ങളില്‍ നിന്നും ഒരിക്കലും രക്ഷിക്കാനാവില്ല. അപ്രകാരം തന്നെ കമ്യൂണിസം ലോകത്ത് വരുത്തി വെച്ച വിനകള്‍ ഓര്‍ക്കാതെ തരമില്ല.
മതം, മൂല്യങ്ങള്‍, കുടുംബങ്ങള്‍ തുടങ്ങിയവയ്ക്ക് കമ്യൂണിസ്റ്റ് വിഭാഗത്തില്‍ സ്ഥാനമേതുമില്ല. മനുഷ്യപ്രധാനമായ പ്രതിബിംബത്തെ അഭിമുഖീകരിച്ചു കൊണ്ടാണ് മാര്‍ക്‌സും ഏംഗല്‍സും സമൂഹത്തില്‍ വേരൂന്നാന്‍ ശ്രമിച്ചത്. അവര്‍ മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്ന ഭൂതക്കണ്ണാടിയിലൂടെ മാത്രം കണ്ടു കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മനുഷ്യനും ഇതര ജീവജാലങ്ങളുമുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഭൗതികപരമായി അവര്‍ക്ക് സമര്‍ത്ഥിക്കേണ്ടതുണ്ടായിരുന്നു. അതേ കാലഘട്ടത്തിലാണ് ഇംഗ്ലണ്ടില്‍ ഡാര്‍വിന്‍ എന്ന ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ ‘ദ ഒറിജന്‍ ഓഫ് സ്പീഷിസ്്്’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഭൗതിക വാദത്തിന്റെ തനിയാവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകളും പ്രസ്താവനകളും. അജ്ഞാതമായ ആകസ്മികത മൂലമാണ് ജീവജാലങ്ങള്‍ ഉണ്ടായത് എന്ന് മാത്രമല്ല, അനവധി വൈരുദ്ധ്യാധിഷ്ഠിത സംഘര്‍ഷങ്ങളുടെ ഫലമായാണ് ഈ ആകസ്മികതകളെന്നും അദ്ദേഹം ബാലിശമായ തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതാണ് ലോകം കണ്ടത്. മാര്‍ക്‌സും ഏംഗല്‍സും തങ്ങള്‍ക്ക് ലഭിച്ച ഒരു അമൂല്യമായ നിധിയായിട്ടാണ് ഡാര്‍വിനെയും അദ്ദേഹത്തിന്റെ കൃതിയെയും കണ്ടത്. എന്നാല്‍ മറ്റു ശാസ്ത്രജ്ഞരും ബുദ്ധിജീവികളുമെല്ലാം അദ്ദേഹത്തെ നിരാകരിക്കുകയാണ് ചെയ്തത്.
ലോകചരിത്രത്തില്‍ ഞെട്ടലോടെ മാത്രം ഇന്നും സ്മരിക്കപ്പെടുന്ന റഷ്യന്‍ വിപ്ലവത്തിന് പ്രേരകശക്തിയായി വര്‍ത്തിച്ചതും കമ്യൂണിസം തന്നെയാണ്. വിപ്ലവാനന്തരം റഷ്യയില്‍ അധികാരത്തിലേറിയ ലെനിന്‍ തന്റെ ഏകാധിപത്യത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും പരമോന്നതി ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുകയായിരുന്നു. കമ്യൂണിസ്‌ത്തെ എതിര്‍ക്കുന്നവരെ നിഷ്ഠൂരം വധിക്കുന്നതിലും റഷ്യയുടെ ഓരോ കോണിലും ക്രൂരമായ അക്രമം അഴിച്ചു വിടുന്നതിലും ലെനിന്റെ കിങ്കരന്മാര്‍ മത്സരിച്ചു. എതിരാളികളെ തറ പറ്റിക്കാന്‍ ഏത് മൃഗീയമായ വഴിയും തെരെഞ്ഞെടുക്കാന്‍ അവര്‍ മടി കാണിച്ചില്ല. പുതിയൊരു ലോകം സൃഷ്ടിച്ചെടുക്കാനും സമാധാനത്തിന്റെ വീണ്ടെടുപ്പിനും വേണ്ടി നിലവില്‍ വന്ന കമ്യൂണിസത്തിന്റെ ‘പൗത്രന്‍’ വഴി ലോകത്തിന് നഷ്ടമായത് അഞ്ചു ദശലക്ഷത്തോളം വരുന്ന പച്ച മനുഷ്യരുടെ ജീവനായിരുന്നു. പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിക്കുന്ന ഇത്തരം കണക്കുകളള്‍ മാര്‍ക്‌സിസത്തിന്റെ മൃഗീയതയുടെ ചരിത്രം പുറം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുന്നു. മതത്തിന്റെ (പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിന്റെ) ചെയ്തികളിലൂടെയാണ് ലോകത്ത് ഭീകരവാദവും തീവ്രവാദവും വര്‍ഗ്ഗീയവാദവും അവയെ തുടര്‍ന്നുണ്ടായ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായതെന്ന് വെണ്ടയ്ക്കാ വലിപ്പത്തില്‍ പേജുകളിലും തൊണ്ടക്കുഴല്‍ പൊട്ടുമാറ് വേദികളിലും കുരച്ചു ചാടുന്നവര്‍ കാണാതെ പോയ ക്രൂരതയുടെ യഥാര്‍ത്ഥ ചിത്രങ്ങളാണിവ.
ലെനിന്റെ മരണ ശേഷം സ്റ്റാലിനെ ഭരണച്ചെങ്കോല്‍ ഏല്‍പ്പിച്ചു കൊണ്ടാണ് കമ്യൂണിസം അടുത്ത ഏകാധിപതിയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. മുപ്പതു വര്‍ഷക്കാലം ഏതൊരു ഏകാധിപതിയേയും പോലെ തന്നെ ഭീതിയും, പീഢനവും കൂടെപ്പിറപ്പാക്കി സോവിയറ്റ് യൂണിയന്‍ ഭരിച്ചു. ഏകദേശം നാല്‍പതു ലക്ഷം കൊലപാതകങ്ങള്‍ക്ക് സ്റ്റാലിന്‍ ഉത്തരവാദിയായി. തന്റെ എതിരാളിയായിരിക്കും എന്ന് തോന്നിയവരെയൊക്കെ രാജ്യദ്രോഹിയായും കമ്യൂണിസ്റ്റ് വിരുദ്ധനായും മുദ്ര കുത്തി അവരെ കൊല്ലാന്‍ ഉത്തരവിട്ടു. അതേ സമയം തന്നെ പൊതു ഉടമ സമ്പ്രദായം അടിച്ചേല്‍പ്പിച്ച അദ്ദേഹം കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ കൃഷിക്കാരുടെ വിളവുകള്‍ പിടിച്ചെടുത്തു. റഷ്യയുടെ കാര്‍ഷിക വിപ്ലവത്തിന്റെ നേതാവായി സ്വയം അവരോധിച്ച സ്റ്റാലിന്റെ ചെമ്പട എല്ലാ കൃഷിയിടങ്ങളില്‍ നിന്നും വിളവുകള്‍ പിടിച്ചെടുക്കുകയും അവരുടെ പണിയായുധങ്ങള്‍ കണ്ടു കെട്ടുകയും ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് ഉക്രൈനില്‍ മാത്രം ആറു ദശലക്ഷമാളുകള്‍ക്ക് പട്ടിണി ബാധിച്ചു. കസാഖിസ്ഥാനില്‍ രണ്ടു ദശലക്ഷം മനുഷ്യര്‍ അരച്ചാണ്‍ വയറിനു വക ലഭിക്കാതെ പിടഞ്ഞു മരിച്ചു. എല്ലും തോലുമായി തീര്‍ന്ന കുട്ടികള്‍ ഒട്ടിയ വയറും, കവിളുമായി മൃഗങ്ങളെ പോലെ മരിച്ച് വീണു. വിശപ്പു മൂലം ഭ്രാന്തമായി അലഞ്ഞവര്‍ ചലവും ചോരയും ഒലിക്കുന്ന അഴുകിയ ശവശരീരങ്ങള്‍ വരെ ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി. ഇത്തരം നരമാംസ ഭോജികളായ കര്‍ഷകരുടെയും അവര്‍ തട്ടിക്കൊണ്ടു പോയ കുട്ടികളുടെ ശവശരീരങ്ങളുടെ ശേഷിപ്പുകള്‍ ബാക്കിയായി. കമ്യൂണിസ്റ്റ് ലക്ഷ്യം വെച്ചത് പോലെ സ്റ്റാലിന്റെ ഭരണകാലത്ത് മനുഷ്യര്‍ മൃഗങ്ങളായി മാറി.
രാജകീയ ഫ്യൂഡല്‍ കാലഘട്ടങ്ങളെ കണ്ടു വളര്‍ന്ന കമ്യൂണിസത്തിന്റെ തത്വങ്ങള്‍ക്ക് ജനാധിപത്യം അംഗീകരിക്കാന്‍ പറ്റുന്ന ഒരു ശീലമായിരുന്നില്ല എന്നതിനാല്‍ രാജഭരണത്തിന് പകരം പാര്‍ട്ടി സര്‍വ്വാധിപത്യം എന്ന ഭരണരൂപമായിരുന്നു മുന്നില്‍ വെക്കാനുണ്ടായിരുന്നത്. പൊതുവില്‍ വിദ്യാരഹിതരും നീണ്ടകാല ഒളിപ്പോര്‍ പശ്ചാത്തലവുമുള്ള ചിലര്‍ക്ക് അധികാരം കിട്ടിക്കഴിഞ്ഞ് പാര്‍ട്ടിയുടെ ഭരണനിയന്ത്രാക്കളും അവര്‍ കൈക്കലാക്കിയ നാടിന്റെ ഭരണകര്‍ത്താക്കളും ആയി മാറേണ്ടി വരുമ്പോള്‍ ഒരു രാജ്യം ഭരിക്കേണ്ട യാതൊരു കെല്‍പ്പും നയതന്ത്രവും ഉണ്ടായിരിക്കില്ല. മാത്രമല്ല, അവര്‍ സാമൂഹ്യ വൈചാത്യങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതിനൊപ്പം ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ കണ്ടു ശീലിച്ച കരാളതകളെ രാജ്യത്തിന്റെ ഭരണത്തില്‍ പകര്‍ത്തുകയും ചെയ്തപ്പോള്‍ അത് ജനതയില്‍ ‘എരിതീയില്‍ എണ്ണ പകര്‍ന്ന’ പ്രതീതിയാണ് സൃഷ്ടിച്ചത്. അങ്ങനെ റഷ്യയിലും, ചൈനയിലും , റൊമേനിയയിലുമെല്ലാം കമ്യൂണിസം എന്നത് മാര്‍ക്‌സിയന്‍ ഫ്യൂഡലിസം ആയി പരിണമിക്കുകയാണ് ഉണ്ടായത്. അങ്ങനെ ഫ്യൂഡലിസത്തിനെതിരെ രൂപം കൊണ്ട പ്രസ്ഥാനം ഫ്യൂഡലായി മാറി എന്നത് ചരിത്രത്തിന്റെ മറിമായം മാത്രം! ആശയതലത്തില്‍ എതിര്‍ത്താല്‍ പോലും പ്രയോഗത്തില്‍ സ്റ്റാലിന്റെ ചെയ്തികളുടെ സാമ്യത്തിലൂടെ ഹിറ്റ്‌ലറും മുസ്സോളിനിയും മാര്‍ക്‌സിസ്റ്റ് അബോധത്തിന്റെ ഭാഗമായി എന്നത് നഗ്നയാഥാര്‍ത്ഥ്യമാണ്. ഹിറ്റ്‌ലറെ എതിര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികത ഇപ്പോഴും തുനിയുന്നുവെന്നു വരാം. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ എതിര്‍ ചേരിയില്‍ സ്റ്റാലിനിസ്റ്റ് സോവിയറ്റ് യൂണിയന്‍ വന്നു എന്നതാണതിന് കാരണം.
കമ്യൂണിസമാണ് മഹത്വമെന്ന് വിളിച്ച് കൂവുന്ന കമ്യൂണിസ്റ്റുകാര്‍ ലോകത്തിനു നല്‍കിയ സമ്മാനങ്ങള്‍ ഇതൊക്കെയാണ്. പച്ചമനുഷ്യര്‍ക്ക് മൃഗങ്ങളുടെ വില പോലും കൊടുക്കാതെ പീഢിപ്പിച്ചും, വെടിവെച്ചും ക്രൂരമായി കൊന്നൊടുക്കിയ കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ മുഖം എത്ര വികൃതമാണ്. ഭീതിയും ഭീഷണിയും കബളിപ്പിക്കലുമാണ് ജനങ്ങളെ ഭരിക്കാനുള്ള ആയുധമായി അവര്‍ ഉപയോഗിച്ചത്. അത് പ്രായോഗികമായി സോഷ്യല്‍ ലൈഫിന് പറ്റിയതല്ല. ഇതിന് കാലം തന്നെ മറുപടി നല്‍കുന്നതാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. റഷ്യയിലും ക്യൂബയിലും കമ്യൂണിസത്തിന് ഇടക്കാലത്ത് സംഭവിച്ച പതനങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തിനേറെ ഇന്ത്യയിലെ ബംഗാളിലും പാര്‍ട്ടിക്ക് സംഭവിച്ച ഇടര്‍ച്ചയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ട വസ്തുതയാണ്. യഥാര്‍ത്ഥത്തില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന് ആവശ്യമായ പരിഗണനയും മുന്‍ഗണനയും നല്‍കാന്‍ ഏറ്റവും ബന്ധപ്പെട്ട വിഭാഗമാണിവര്‍. എന്നാല്‍ അഭ്യന്തരമേഖലയില്‍ കുടികൊള്ളുന്ന സ്വാര്‍ത്ഥതയും സമ്പത്തിനോടും പ്രശസ്തിയോടും അവരില്‍ ചിലര്‍ക്കുള്ള അമിതമായ ഭ്രമവുമാണ് അവുരടെ വീഴ്ചയുടെ കാരണം എന്നാണ് നമുക്ക് മനസ്സിലാകുന്നത്. അതിനാല്‍ തന്നെ ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമായ സ്വയംവിചിന്തനത്തിന് വിധേയപ്പെട്ടു കൊണ്ടും നിസ്വാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തിയും മൂല ആശയങ്ങളിലേക്ക് മടങ്ങാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാവേണ്ടതുണ്ട്.