ഒരു വെടിക്ക് രണ്ടുപക്ഷി’യെന്ന ചൊല്ല് സ്മാര്‍ട്ട് ഫോണിന്റെ കാര്യത്തിലാകുമ്പോള്‍ മാറ്റി പറയേണ്ടിവരും. ഒറ്റ ഉപകരണം ഉള്ളില്‍ പേറുന്നത് എത്ര ഉപകരണത്തെയാണെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത അവസ്ഥ. ഒരു റൂമില്‍ സൂക്ഷിച്ചു വെക്കേണ്ട അത്രയും ഉപകരണങ്ങളാണ് ഉള്ളം കൈയിലൊതുങ്ങുന്ന മൊബൈല്‍ ഫോണിനകത്തേക്ക് കടന്നുകൂടിയിരിക്കുന്നത്. കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് അല്‍പ സമയം അതിലേക്കൊന്ന് നോക്കൂ. വീഡിയോ ക്യാമറ, സ്റ്റില്‍ ക്യാമറ, റേഡിയോ, വോയ്‌സ് റെക്കോര്‍ഡര്‍, മ്യൂസിക്ക്-വീഡിയോ പ്ലയറുകള്‍, വാച്ച്, അലാറം, ഡിജിറ്റല്‍ ഡയറി, ടോര്‍ച്ച്, കാല്‍ക്കുലേറ്റര്‍, കലണ്ടര്‍, കമ്പ്യൂട്ടര്‍, ജി പി എസ്, ഡിക്ഷ്ണറി, ലൈബ്രറി, ഇന്റര്‍നെറ്റ് ബ്രൗസിംഗ്….ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാം. ഇവയെല്ലാം പോക്കറ്റിലിടുന്നതിന് പകരം ഒരൊറ്റ ഉപകരണം മാത്രം കൊണ്ടുനടന്നാല്‍ മതി. സ്മാര്‍ട്ട് ഫോണിലൂടെ സാങ്കേതിക രംഗം ദിനംപ്രതി കൂടുതല്‍ സ്മാര്‍ട്ടാവുകയാണ്.
ഭാഷയറിയാതെ വിദേശത്തേക്ക് പോയ നിങ്ങള്‍ക്ക് അവിടെയുള്ള ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത് അറിയില്ലെന്നിരിക്കട്ടെ. ഫോണിലെ ക്യാമറ ഉപയോഗിച്ച് അത് പകര്‍ത്തിയാല്‍ ലെറ്റര്‍ റെക്കഗ്നൈസ് സോഫ്റ്റ്‌വെയര്‍ അത് തിരിച്ചറിഞ്ഞ് നിങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റിത്തരും. ഈ രീതിയില്‍ ആയിരക്കണക്കിന് സോഫ്റ്റ്‌വെയറുകളാണ് ആധുനിക ടെക്‌നോളജി നമുക്ക് മുമ്പിലെത്തിക്കുന്നത്. ലോകത്തെ മാറ്റിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇലക്‌ട്രോണിക് വിദ്യകളാണ് 2000ത്തിനു ശേഷമുണ്ടായ കമ്മ്യൂണിക്കേഷന്‍ മേഖലയിലെ മാറ്റങ്ങള്‍ക്ക് വേഗംകൂട്ടിയത്. എന്നാല്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൊണ്ട് നേടിയത് പോലെയുള്ള മാറ്റമായിരിക്കില്ല അടുത്ത പത്തു വര്‍ഷത്തില്‍ വരാന്‍ പോകുന്നത്. നാം ഒരിക്കല്‍ പോലും ചിന്തിക്കാത്ത വഴിയിലൂടെയായിരിക്കും ഇനി ഈ ടെക്‌നോളജി കടന്നുപോകുക.
മൊബൈല്‍ ഫോണ്‍ ആദ്യമായി വിപണിയിലെത്തിയത് 1983ലാണ്. മോട്ടറോള ഡൈന ടി എ സി 8000 എക്‌സ് ആണ് ഉപഭോക്താക്കളുടെ കൈയിലെത്തിയ ആദ്യ മൊബൈല്‍. കാള്‍ ചെയ്യാന്‍ മാത്രം സാധിച്ചിരുന്ന ആദ്യകാല മൊബൈലില്‍ ഗെയിമുകള്‍ എത്തിയതോടെയാണ് മൊബൈലിന്റെ സാധ്യത ചെറിയ തോതിലെങ്കിലും ഉപഭോക്താക്കള്‍ മനസിലാക്കിയത്. പിന്നീട് മൊബൈല്‍ ഫോണുകളുടെ വിലയും വലിപ്പവും കുറഞ്ഞുവന്നു. ക്രമേണ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. ഇന്ന് പലരുടെയും കൈയില്‍ രണ്ടുഫോണുകള്‍ വരെയായി. ക്യാമറയും ഇന്റര്‍നെറ്റും ഇതില്‍ കുടിയിരുത്തിയതോടെ ഉപയോഗ സാധ്യതകള്‍ പതിന്മടങ്ങ് വര്‍ധിച്ചു.
1990ല്‍ ഇന്നു കാണുന്ന രീതിയിലുള്ള ഫോണുകള്‍ രംഗത്ത് വരുമെന്ന് ആരും സ്വപ്‌നേപി നിനച്ചിട്ടില്ലായിരുന്നു. സാങ്കല്‍പിക കഥകളില്‍ പോലും ആരും പറഞ്ഞിട്ടുമില്ല. പല പാര്‍ട്ടുകളും ചെറുതാവുകയും എല്‍ സി ഡി, എല്‍ ഇ ഡി ഡിസ്‌പ്ലെ കണ്ടെത്തുകയും ചെയ്തതോടൊപ്പം ഇന്റര്‍നെറ്റും വയര്‍ലസ് ഫോണും കടന്നുവന്നതിനാല്‍ ഇെതല്ലാം കൂട്ടിയോജിപ്പിച്ചാണ് ഇന്നത്തെ സ്മാര്‍ട്ട് ഫോണിന് ജന്മം നല്‍കിയത്.
2007 ജനുവരിയിലാണ് സ്മാര്‍ട്ട് ഫോണ്‍ യഥാവിധം സ്മാര്‍ട്ടാകാന്‍ തുടങ്ങിയതെന്ന് കണക്കാക്കുന്നു. മൊബൈല്‍ കമ്പ്യൂട്ടിംഗിന്റെ ഭാവി സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് ബോധ്യമാകുന്നത് ഐഫോണിനായുള്ള ‘ആപ്പ് സ്റ്റോര്‍’ ആപ്പിള്‍ അവതരിപ്പിച്ചതോടെയാണ്. ആന്‍ഡ്രോയ്ഡ് കൂടി രംഗത്തെത്തിയതോടെ സ്മാര്‍ട്ട് ഫോണ്‍ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം വന്നു.
ആപ്പുകള്‍ വാഴും കാലം
എന്തിനും ഏതിനും ആപ്പ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പത്രം വായിക്കാനും ഭക്ഷണത്തിലെ കലോറി അറിയാനും ഹൃദയമിടിപ്പിന്റെ താളമറിയാനും എന്നുവേണ്ട തേങ്ങയിടാന്‍ വരെ ആപ്പുകളായി. ഇത്രവേഗം വ്യാപകമായി അംഗീകാരം നേടുകയും നിത്യജീവിതത്തില്‍ അനിവാര്യ ഘടകമാവുകയും ചെയ്ത സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ കൂണ്‍കണക്കെ വളര്‍ന്നുവരികയാണ്. കുറച്ച് മുമ്പുള്ള കണക്കു പ്രകാരം ഗൂഗ്ള്‍ പ്ലേസ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും പത്ത് ലക്ഷത്തിലേറെ ആപ്പുകളുണ്ട്. ഇവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതാവട്ടെ പതിനായിരം കോടിയിലധികം ആപ്പുകളും. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലും വിരല്‍ തുമ്പില്‍ അനായാസം തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആപ്പുകള്‍ സൗകര്യമൊരുക്കുന്നു. നൂറുകണക്കിന് ഉപകരണങ്ങളായി സ്മാര്‍ട്ട് ഫോണിനെ മാറ്റാന്‍ ഇപ്പോള്‍ ആപ്പുകള്‍ സഹായിക്കുന്നു.
ശ്വസിക്കുന്ന മൊബൈല്‍ഫോണുകളും
വാട്ടര്‍ ടാപ്പില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം നിറക്കാന്‍ ഒരു മണിക്കൂര്‍ സമയമെടുക്കുകയും അത് തുള്ളികളായി ഗ്ലാസില്‍ വന്നു വീഴുന്നത് ക്ഷമയോടെ കാത്തിരുന്ന് നിറയുമ്പോള്‍ എടുത്ത് കുടിക്കുന്നതും ഒന്നോര്‍ത്തു നോക്കൂ. ഇതുപോലെയാണ് ഇന്നത്തെ മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജിംഗ് രീതി, നമ്മുടെ ഒരു സാധാരണ വൈദ്യുതി പ്ലഗ്ഗില്‍ നിന്നും പതിനായിരം വാട്ട്‌സ് പവര്‍ എടുക്കാനുള്ള കഴിവുണ്ട് പക്ഷെ, ഒരു മൊബൈല്‍ ഫോണിലേക്ക് നമുക്ക് വേണ്ടത് വെറും പത്തു വാട്ട്‌സ് മാത്രമാണ്. എന്നാല്‍ ആ പത്തു വാട്ട്‌സ് സംഭരിക്കാന്‍ ഒരു മണിക്കൂര്‍ സമയവും. ഇവിടെയാണ് ഇന്നത്തെ ടെക്‌നോളജിയുടെ അതിര്‍ വരമ്പുകള്‍ നാം മനസ്സിലാക്കേണ്ടത്. ഇത് പരിഹരിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തും പല പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്, അതില്‍ ഒന്നാണ് ഗോള്‍ഡന്‍ കപ്പാസിറ്റര്‍ ബാറ്ററി അല്ലെങ്കില്‍ സൂപ്പര്‍ കപ്പാസിറ്റര്‍ ബാറ്ററി. എന്നാല്‍ ഇതിന്റെ പോരായ്മകള്‍ എല്ലാം പരിഹരിച്ചുകൊണ്ട് പുതിയ ബാറ്ററി കണ്ടെത്തിയിട്ടുണ്ട്. ലിഥിയം എയര്‍ അഥവാ ലിഥിയം ഓക്‌സിജന്‍. നാം കാറ്റില്‍ നിന്നും ഓക്‌സിജന്‍ ശ്വസിക്കുന്നത് പോലെ ഇനി നമ്മുടെ ബാറ്ററിയും സ്ഥിരമായി ശ്വസിച്ചുകൊണ്ടിരിക്കും, ഇത്തരം ബാറ്ററികള്‍ക്ക് ഭാരവും വലിപ്പവും കുറവായിരിക്കും. അമേരിക്കയിലെ കാലിഫോര്‍ണിയയിലും ചിക്കാഗോയിലും നാഷനല്‍ റിസര്‍ച്ച് ലാബിലും ഇവയുടെ പരീക്ഷണം വിജയിച്ചതായി ‘നേച്ചര്‍ കെമിസ്ട്രി’ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2012ല്‍ തന്നെ വിജയിച്ചു എങ്കിലും ഇത്രയും കാലം പ്രവര്‍ത്തിച്ചു ഉറപ്പു വരുത്തുകയിരുന്നുവെന്നും ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു.
പുതിയ വിദ്യകള്‍
നാം ഇപ്പോള്‍ കൊണ്ട് നടക്കുന്ന സ്മാര്‍ട്ട് ഫോണ്‍ 2025ല്‍ വെറുമൊരു ഫോണ്‍ ആയിരിക്കില്ല, വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും സ്മാര്‍ട്ട് ആയിരിക്കും. നാം വീട്ടിലേക്കു കയറി വരുമ്പോള്‍ നമ്മെ തിരിച്ചറിയുന്ന സ്മാര്‍ട്ട് ടി വിയും ക്യാമറയും നമ്മെ സ്വീകരിക്കും. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ എന്നീ ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ പോലെ പ്രവര്‍ത്തിക്കുന്ന ടി. വികള്‍ ഇപ്പോള്‍ തന്നെ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
വീട്ടിലെ മിക്ക ജോലികളും നമ്മുടെ സ്മാര്‍ട്ട് ടി വിയെ ഏല്‍പിക്കാം. വൈഫൈയുള്ള ടി വി, ഫ്രിഡ്ജ്, ഓവന്‍, എ സി, കാര്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളും ഉപകരണങ്ങളും ഒരു നെറ്റ്‌വര്‍ക്ക് സഹായത്തോടെ സ്മാര്‍ട്ടായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇപ്പോള്‍ പല രാജ്യങ്ങളിലും വൈഫൈ ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നത് ഫ്രിഡ്ജിന് അകത്തുള്ള അവശ്യ വസ്തുക്കള്‍ തീര്‍ന്നാല്‍ സ്വമേധയാ ഫ്രിഡ്ജ് തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഓര്‍ഡര്‍ നല്‍കുകയും അത് വിതരണം ചെയ്യുന്നവര്‍ വീട്ടില്‍ എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ 2025ന് ശേഷം ഓരോ വീടിനു മുകളില്‍ തന്നെ ഒരു ചെറിയ പറക്കും തളിക (സ്മാര്‍ട്ട് ഫോണ്‍ നിയന്ത്രിത ട്രോണ്‍) ഉണ്ടായേക്കും. അല്ലെങ്കില്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ ഇത്തരമൊരു ട്രോണ്‍ ഉണ്ടായിരിക്കും. ഫ്രിഡ്ജ് നല്‍കുന്ന ഓര്‍ഡര്‍ പെട്ടെന്ന് തന്നെ ട്രോണ്‍ നമ്മുടെ വീട്ടില്‍ എത്തിക്കുന്നു. മറ്റു പല ആവശ്യങ്ങള്‍ക്കും നമുക്ക് ഈ ട്രോണിനെ അശ്രയിക്കാം. പെട്ടെന്ന് ആവശ്യമാകുന്ന ചൂടുള്ള ഭക്ഷണം, മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നുകള്‍ അങ്ങിനെ പലതും ഈ ട്രോണിലൂടെ വീട്ടിലെത്തിക്കാം. കൃത്യ സമയത്ത് ട്രാഫിക് ജാം ഇല്ലാതെ തിരക്കുള്ള മാര്‍ക്കറ്റില്‍ നിന്നും വസ്തുക്കള്‍ വാങ്ങി വീട്ടിലെത്തിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാവുമിത്.
റോഡില്‍ വാഹനങ്ങള്‍ പെരുകി യാത്ര വളരെ ബുദ്ധിമുട്ടായിരിക്കും അന്ന്. ആയതിനാല്‍ ഓണ്‍ലൈന്‍ കച്ചവടം പൊടിപൊടിക്കും. എല്ലാ വസ്തുക്കളും ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ കഴിയും. ഇറച്ചിയും മീനുമടങ്ങുന്ന നിത്യോപയോഗ വസ്തുക്കള്‍ വരെ സ്മാര്‍ട്ട് ഫോണ്‍ മുഖേനെ വാങ്ങാന്‍ കഴിയും. ഇപ്പോള്‍ തന്നെ വീട്ടിലേക്ക് ആവശ്യമുള്ള മിക്കതും ഓണ്‍ലൈന്‍ വഴി ലഭിക്കുന്നുണ്ട്. അന്ന് എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും സ്മാര്‍ട്ട് ആയിരിക്കും. വീട്ടിലിരുന്നു വലിയ സ്മാര്‍ട്ട് ടി വിയിലൂടെ കാണുകയും അത് തിരിച്ചും മറിച്ചും കാണാനും തൂക്കി നോക്കാനും സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജിക്ക് കഴിയും. ദിവസവും പുറത്തിറങ്ങുന്ന ആന്‍ഡ്രോയ്ഡ് ആപ്പുകളിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ അനായാസം ചെയ്യാന്‍ സാധിക്കുന്നു. ഇപ്പോള്‍ തന്നെ തേങ്ങ പറിക്കാനും മോട്ടോര്‍ പ്രവര്‍ത്തിക്കാനും മറ്റു പ്രവര്‍ത്തികള്‍ക്കുമായി ആപ്പുകള്‍ നിലവിലുണ്ട്.
പ്രായമുള്ള രോഗികള്‍ക്കും തളര്‍ന്നവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ വലിയൊരു അനുഗ്രഹമായിരിക്കും. കാരണം സ്വന്തം വീട്ടില്‍ കിടന്നുതന്നെ പനിയുടെ അളവ്, ഹാര്‍ട്ട് ബീറ്റ്, പ്രഷര്‍, ഷുഗര്‍, ഹാര്‍ട്ട് അറ്റാക്കിനു സാധ്യതയുള്ള രോഗികളുടെ എല്ലാ വിവരങ്ങളും രോഗിയുടെ അടുത്തുള്ള സ്മാര്‍ട്ട് ഫോണ്‍ വഴി ആശുപത്രിയില്‍ അപ്പപ്പോള്‍ എത്തിക്കൊണ്ടിരിക്കും. ആവശ്യമുള്ള ചികിത്സ ലഭിക്കുന്നതോടൊപ്പം വിദേശത്തുള്ളവര്‍ക്കും ഇതറിയാന്‍ കഴിയും.ഇങ്ങനെ പൂര്‍ണ്ണമായും നാം ഇ ടെക്‌നോളജിയെ ആശ്രയിക്കുമ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരാളുടെ സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി തീരുകയോ തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ റോഡിന്റെ പല ഭാഗത്തും പട്ടണങ്ങളിലും ആളുകള്‍ നിശ്ചലനായി നില്‍ക്കുന്ന കാഴ്ചകള്‍ നാം കാണേണ്ടിവരും. ഇത്തരക്കാര്‍ക്ക് സഹായമെത്തിക്കുന്ന വിദ്യ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.
ഐ ടി മേഖലയില്‍ കേരളം
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നേറുകയാണ്. ഐ ടി കൊച്ചുകുട്ടികളുടെ പഠന വിഷയമായി. കമ്പ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയും കുറിച്ചുള്ള അജ്ഞത വളരെ മോശമായാണ് പലരും കാണുന്നത്. പേനയും നോട്ടുപുസ്തകമെന്ന പോലെ കമ്പ്യൂട്ടറും അനിവാര്യമായി മാറി. പ്രിന്റഡ് പുസ്തകങ്ങള്‍ ഇനി അധികകാലമൊന്നുമുണ്ടാകില്ല. ഇ-ബുക്കുകളും ഇ-മാസികകളുമാണ് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമില്ലാത്ത മേഖല നന്നേകുറഞ്ഞു.
ഐ ടിയുടെ വിവിധ സാധ്യതകള്‍ ആവോളം ഉപയോഗപ്പെടുത്തുന്നതിന് ഐ ടി@സ്‌കൂള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, എജ്യുസാറ്റ്, അക്ഷയ കേന്ദ്രം, കുടുംബശ്രീ കമ്പ്യൂട്ടര്‍ പരിശീലനം, കെല്‍ട്രോണിന്റെ വിവധ സംരഭങ്ങള്‍ തുടങ്ങിയവ സംസ്ഥാനത്ത് വന്‍മുന്നേറ്റം സൃഷ്ടിക്കുന്നു. സംസ്ഥാന ഐ ടി മിഷന്‍ രൂപം നല്‍കിയ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങളുടെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അക്ഷയ കേന്ദ്രങ്ങളും സര്‍ക്കാര്‍ മേഖലയിലെ കമ്പ്യൂട്ടര്‍ വത്കരണവും സംസ്ഥാനത്തെ ഐ ടി മേഖലക്ക് കൂടുതല്‍ നിറം പകര്‍ന്നു. ചില്ലറ വില്‍പന ഷോപ്പുകളും ബസുകളിലെ ടിക്കറ്റ് സംവിധാനവും വരെ കമ്പ്യൂട്ടര്‍വത്കൃതമമായി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനായി.
വിവര സാങ്കേതിക വിദ്യകളിലെ മാറ്റങ്ങള്‍ അനുദിനം നമ്മുടെ നിത്യജീവിതത്തില്‍ കടന്നുകൂടുന്നു. ഇത്രയേറെ മുന്നേറിയിട്ടും തൊഴില്‍ മേഖലകളില്‍ ഐടിയുടെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഇനിയും മലയാളികള്‍ക്കായിട്ടില്ല. ഇന്‍ഫോപാര്‍ക്കുകളും ടെക്‌നോ പാര്‍ക്കുകളും സ്മാര്‍ട്ട് സിറ്റി സംരംഭങ്ങളും പൂര്‍ണമാകാതെ അവശേഷിക്കുന്നത് ഗൗരവമായി കാണണം. ടെക്‌നോളജിയുടെ മുന്നേറ്റത്തിനൊത്ത് വളരാന്‍ നാം സജ്ജരാകണം.
അടുത്ത പത്തു കൊല്ലങ്ങള്‍ കൊണ്ട് ഇതെല്ലാം അവസാനിച്ചു പുത്തന്‍ സംവിധാനങ്ങള്‍ വരാം. ഇലക്ട്രിക് വയറിംഗ് പൂര്‍ണമായും ഇലക്ട്രോണിക് വയറിംഗ് ആയി മാറും. സ്വിച്ച് ബോര്‍ഡ് എല്ലാം ടച്ച് പാനലിലേക്ക് വഴിമാറും. സ്വിച്ച് ബോര്‍ഡുകള്‍ ടാബ് ബോര്‍ഡിലാവും. ഇഷ്ടമുള്ളിടത്ത് ഉറപ്പിക്കാം. ടി വിയും എസിയും മറ്റെല്ലാ വീട്ടുപകരണങ്ങളും ടച്ചിലേക്ക് വരും. ഇപ്പോള്‍ തന്നെ ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളും ഇ ബുക്കുകളായിട്ടുണ്ടല്ലോ. കാറുകളുടെ ഡാഷ് ബോര്‍ഡ് പൂര്‍ണമായും ടച്ച് എല്‍ ഇ ഡി പാനലുകളാകും. ഹോട്ടലുകളിലെ ഭക്ഷണ ടേബിളുകള്‍ എല്‍ ഇ ഡി ടച്ച് പേഡുകളും ഓര്‍ഡര്‍ ചെയ്യുന്ന കംമ്പ്യൂട്ടര്‍ മേശകളുമായി മാറും. വിദ്യാലയങ്ങളിലെ ഡെസ്‌കുകളും എല്‍ ഇ ഡി ടച്ച് ബോര്‍ഡുകളായി മാറും.
ബയോടെക്‌നോളജി
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെ കൂട്ടുപിടിച്ച് അതിവേഗം വളരുന്ന മറ്റൊരു ശാസ്ത്ര ശാഖയാണ് ബയോടെക്‌നോളജി. ഇവ രണ്ടും ചേര്‍ന്നുള്ള ‘ബയോ ടെക്‌നോളജി’ ലോകത്തിന് വലിയ സാധ്യതകളാണ് നല്‍കുന്നത്. നാം സങ്കല്‍പിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് മാറ്റങ്ങളാണ് കുറഞ്ഞ കാലയളവിനുള്ളില്‍ ഈ മേഖലയില്‍ സംഭവിക്കുന്നത്. ബയോടെക്‌നോളജി പോലോത്ത ശാസ്ത്രശാഖകളാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ മുന്നേറ്റത്തിന് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. കമ്പ്യൂട്ടറും മനുഷ്യ കോശവും പ്രവര്‍ത്തന രീതിയില്‍ ഒട്ടേറെ സാമ്യമുള്ളതിനാല്‍ മനുഷ്യ ശരീരത്തിലെ മരുന്ന് പരീക്ഷണങ്ങള്‍ക്ക് ഇനി തവളയെയോ എലിയെയോ കീറിമുറിക്കേണ്ടി വരില്ല. സിലിക്കണ്‍ സെല്ലുകളുപയോഗിച്ച് കാര്യങ്ങള്‍ സാധിച്ചെടുക്കാവുന്നതേയുള്ളൂ. രോഗപ്രതിരോധ രംഗത്തും ബയോ ഉത്പന്നങ്ങളുടെ നിര്‍മാണ രംഗത്തും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.