കണ്ണാടിപ്പാറ ഹൈറേഞ്ചിനോട് തൊട്ടുചാരിയുള്ള വിശാലമായ എസ്‌റ്റേറ്റിലാണ് പ്ലാത്തോട്ടത്തില്‍ തറവാട് വീട് സ്ഥിതിചെയ്യുന്നത്. പാരമ്പര്യപ്രതാപത്തിന്റെ മുഴുവന്‍ പ്രൗഡിയും വിളിച്ചോതുന്ന ഒരു പടുകൂറ്റന്‍ ബംഗ്ലാവ്. ഈ നാടും പരിസരവുമെല്ലാം ഒരുകാലത്ത് തറവാടിന്റെ അധീനതയിലായിരുന്നു.
അതുകൊണ്ടു തന്നെ ഈ പ്രദേശത്ത് ഇപ്പോള്‍ താമസിക്കുന്നവരുടെ പ്രപിതാക്കളെല്ലാം തറവാട്ട് കാരണവന്മാരുടെ ആശ്രിതരോ കുടിയാന്മാരോ ആയിരുന്നു.
‘ഈതറവാട്ടീന്ന് ഉണ്ടും കട്ടും കൊഴുത്തതാണ് അവന്റെ അപ്പനെന്ന് ആ നാറിക്കറിയോ…?’ തറവാട് വീടിനോട് ചാരിയുള്ള ചിലപുത്തന്‍ പണക്കാരെ പരാമര്‍ശിച്ചു കൊണ്ട് അമ്മാമ്മ അരിശത്തോടെ പറയും.
ആ നീണ്ടുകിടക്കുന്ന എസ്‌റ്റേറ്റിന്റെ ഒത്തനടുവില്‍ സ്ഥിതിചെയ്യുന്ന ബ്ലംഗ്ലാവിന്റെ ഉമ്മറഭാഗം വിശാലമായി മേല്‍ക്കൂരയില്ലാതെ തുറന്നുകിടക്കുന്നയാണ്. നല്ല ചൂളയിൽ ചുകപ്പിച്ചെടുത്ത ഇഷ്ട്ടിക പാകിയതാണ് നിലം. പണ്ടൊക്കെ നാട്ടിലെ മജിസ്‌ട്രേറ്റും ബ്രിട്ടീഷ് ആപീസര്‍മാരും വന്നാല്‍ അപ്പാപ്പാന്റെ അപ്പന്‍ വറീത് മുതലാളിയോടൊപ്പം ആ തുറന്ന സിറ്റൗട്ടില്‍ നിന്നാണ് കള്ളും കപ്പയും ചാളവറുത്തതുമെല്ലാം മോന്തിയിരുന്നത്. ഡിക്രൂസ് തന്റെ ഐപാഡില്‍ തറവാടിന്റെ സിറ്റൗട്ടിന്റെ ഫോട്ടോകാട്ടി തന്റെ അപ്പന്‍ പറഞ്ഞ ഈ കഥകളും കാര്യങ്ങളുമെല്ലാം സിയന്നക്ക് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.
പിന്നീട് 1957ലെ ഇംഎംഎസ് നമ്പൂതിരി സഖാവിന്റെ നേതൃത്വത്തില്‍ ലോകത്താദ്യമായി കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാറ് അധികാരത്തില്‍ വന്നതില്‍ പിന്നെയാണ് തറവാടിന്റെ പ്രതാപമെല്ലാം ക്ഷയിക്കാന്‍ തുടങ്ങിയത്. അവര് നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമവും മറ്റു വിപ്ലവ നടപടികളുമെല്ലാം കാരണം തറവാടിന് ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. അതുകൊണ്ട് തന്നെ പ്ലാതോട്ടത്തില്‍ തറവാട്ടിലുള്ള എല്ലാവര്‍ക്കും പ്രത്യേകിച്ച് അപ്പാപ്പന് ഇടതുപക്ഷം എന്ന് കേള്‍ക്കുമ്പോഴേക്ക് ചോരചൂടവുമായിരുന്നു. കാരണം അപ്പാപ്പന് അനന്തരമായി കിട്ടേണ്ടിയിരുന്ന പലതും നഷ്ടപ്പെടുത്തിയത് അവരാണ്.
എന്നാല്‍ അപ്പാപ്പാന്റെ പിന്‍തലമുറക്കാര്‍ക്കാര്‍ക്കും ഈ ഇടതുപക്ഷ കലിപ്പ് ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അവര്‍ക്കാര്‍ക്കും ഈ പ്രോപര്‍ട്ടിയോടൊ ഈ നാടിനോടൊ പ്രത്യേക താത്പര്യമോ മമതയോ ഉണ്ടായിരുന്നില്ല . ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഗനനമവസാനിപ്പിച്ച് ചവച്ച് തുപ്പി അവരുടെ നാട്ടിലേക്ക് കുടിയേറിയപ്പോള്‍ തന്നെ തറവാട്ടില്‍ നിന്നും പലരും ഒറ്റയും തെറ്റയുമായും ഇംഗ്ലണ്ടിലേക്കും അമേരിക്കയിലേക്കും കപ്പലു കയറിയിരുന്നു. കാരണം സായിപ്പുമാരുമായും അപ്പാപ്പാനുണ്ടായിരുന്ന അടുപ്പം അത്രമേല്‍ സുദൃഢമായിരുന്നു. ചുരുക്കിപറഞ്ഞാല്‍ ബ്രിട്ടീഷുക്കാര്‍ ഇന്ത്യവിട്ടു പോയതുമുതലാണ് പ്ലാത്തോട്ടത്തില്‍ തറവാട് ക്ഷയിച്ചു തുടങ്ങിയത്.
….
വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാതോട്ടത്തില്‍ തറവാട് വീണ്ടും തന്റെ പ്രതാപത്തിലേക്ക് തിരിച്ചുവരുന്ന പ്രതീതിയുണ്ടായി. മക്കളും കൊച്ചുമക്കളും അവരുടെ കിടാങ്ങളുമായി ആ വലിയ ബഗ്ലാവ് വീണ്ടും ശബ്ദമുഖരിതമായി. യഥാര്‍ത്ഥത്തില്‍ അപ്പാപ്പന്റെ ശവമടക്കിന്റെ സങ്കടത്തേക്കാളേറെ കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലിലുള്ള സന്തോഷമായിരുന്നു പ്ലാത്തോട്ടത്തില്‍ തറവാട്ടുവീട്ടില്‍. മരണം ജീവന്‍ നല്‍കുന്ന ചിലനിമിഷങ്ങളുണ്ട് ദ, ഇതുപോലെ.
അപ്പാപാന്റെ ശവമടക്കിന് വന്നവരെല്ലാം തിരിച്ചുപോയിരുന്നു. സിയന്നയും വന്നു പിറ്റേന്നു മുതല്‍ തന്നെ തുടങ്ങിയതാണ് മടങ്ങാനുള്ള ധൃതികൂട്ടല്‍.
എന്നാല്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മകന്റെയും മരുമകളുടെയും നാട്ടിലേക്കുള്ള ആദ്യ സന്ദര്‍ശനമായതിനാലും ഇത്രയും കാലത്തിനിടയില്‍ പേരമകളെ ഒരു തവണ പോലും നേരിട്ടു കാണാന്‍ സാധിക്കാത്തതിനാലും ഒരാഴ്ച കഴിഞ്ഞിട്ട് തിരിച്ചു പോയാല്‍ മതിയെന്ന് അമ്മമ്മ അപ്പനോട് ശട്ടം കെട്ടി. അമ്മാമ്മായുടെ മറ്റുമക്കളെക്കാള്‍ എന്തോ ഒരു സ്‌നേഹക്കൂടുതല്‍ തന്നോടുണ്ടെന്ന് അപ്പന്‍ പലപ്പോഴും അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.
കൂടാതെ അപ്പാപ്പന്റെ വില്‍പ്ത്രവും ഔസ്യത്തുമായും ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല മൂത്തമകനായ അഛന്റെ ഉത്തരവാദിത്വത്തിലായിരുന്നുണ്ടായിരുന്നത്. കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊന്നും ഡിക്രൂസിഛയന്റെ വിശ്വാസ്യതയില്‍ സംശയമില്ലാത്തതിനാല്‍ വില്‍പത്രത്തില്‍ അദ്ദേഹം മാറ്റിതിരുത്തലുകളൊന്നും വരുത്തില്ലായെന്ന വിശ്വാസത്തോടെ തന്നെ അവരെല്ലാം തിരിച്ചുപോയി.
എന്നാല്‍ സമാധാനം നഷ്ടപ്പെട്ടത് സിയന്നക്കായിരുന്നു. രണ്ടു ദിവസം കൊണ്ട് തിരിച്ചു പോരും എന്ന് അപ്പന്‍ ഉറപ്പ് തന്നതിന്റെ പുറത്താണ് അവള്‍ ഇങ്ങോട്ട് ഇറങ്ങി പുറപ്പെട്ടതു തന്നെ. എന്നിട്ടിപ്പോ അപ്പന്‍ ഈയടുത്തൊന്നും തിരിച്ചുപോകുന്ന ലക്ഷണം കാണുന്നില്ല. മകളുടെ സങ്കടം മനസ്സിലായത് കാരണമാണെന്ന് തോന്നുന്നു ഡിക്രൂസ് പരിഹാരമെന്നോണം ഒരുപ്ലാന്‍ പറഞ്ഞു:
‘മോള്‍ മമ്മയുടെ കൂടെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയെല്ലാം ഒരു ട്രിപ്പ് പോയിവാ, അപ്പോഴേക്കും അപ്പനിതെല്ലാ തീര്‍ത്ത് നമുക്ക് ഉടനെ മടങ്ങാം…’ .
സിയന്ന ഒരു നിമിഷം ഒന്നാലോചിച്ചു.
‘അപ്പനേതായാലും ഒരാഴ്ച കഴിഞ്ഞേ മടങ്ങൂവെന്നുറപ്പാണ്. ഇനി താനെത്രവാശിപിടിച്ചാലും അതിന് മാറ്റം വരാന്‍ പോകുന്നില്ല. അതുകൊണ്ട് വെറുതെ ഈ തറവാട്ടു വീട്ടിലിരുന്ന് മുശിയുന്നതിനെക്കാള്‍ നല്ലത് അച്ഛന്‍ പറഞ്ഞ പ്ലാന്‍ പിന്തുടരല് തന്നെയാണെന്ന്’ .
അങ്ങനെ മനസ്സില്‍ പലതും ചിന്തിച്ചു കൂട്ടി സിയന്ന അര്‍ദ്ധ സമ്മതം മൂളി.
മമ്മയോടൊപ്പം അവള് കേരളം ചുറ്റാനിറങ്ങി. കോട്ടയവും ആലപ്പുഴയും പത്തനം തിട്ടയും എല്ലാം കവറു ചെയ്യുന്ന കേരളത്തിന്റെ സ്വന്തം കുട്ടനാട്ടിലൂടെ കറങ്ങി തിരിഞ്ഞ് കൊല്ലവും കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരവും കണ്‍കുളിര്‍ക്കെ കണ്ട് അവര് തിരിച്ചിറങ്ങി.
അപ്പോഴേക്കും യാത്ര മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. സിയന്ന കേരളത്തെ ഇഷ്ടപ്പെട്ട് വരികയായിരുന്നു. ഇടുക്കിയിലെ ഹൈറേഞ്ചും എറണാംകുളവുംമെല്ലാം കണ്ട് തൃശൂരിലേക്ക് കടക്കുമ്പോയാണ് സിയന്നക്ക് ഡ്രൈവ് ചെയ്താല്‍ കൊള്ളാം എന്ന തോന്നലുണ്ടായത്.
സമയം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. റോഡ് വിജനമാണ്. അമേരിക്കയില്‍ ഡ്രൈവ് ചെയ്യുന്ന പോലെ അത്ര എളുപ്പമല്ല കേരളത്തിലെന്ന് ആദ്യ ദിവസം യാത്ര തുടങ്ങിയപ്പോള്‍ തന്നെ അവള്‍ക്ക് തോന്നിയിരുന്നു. പലപ്പോഴും ഭയത്തോടെയാണ് സ്വീറ്റിലിരുന്നത്. റോഡിലെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവിടെ ഡ്രൈവിങ്. തൊട്ടുതൊട്ടില്ല എന്ന രീതിയില്‍ എത്രതവണയാണ് വാഹനം കടന്നുപോയത്. ഇത്രമേല്‍ ഗതാഗതകുരുക്ക് തന്റെ ജീവിതത്തില്‍ താന്‍ മറ്റെവിടെയെങ്കിലും അനുഭവിച്ചിട്ടുണ്ടോയെന്ന് സിയന്ന പലതവണ തലപുകഞ്ഞാലോചിച്ചിട്ടുണ്ട്.
ഏതായാലും രണ്ടു ദിവസത്തെ യാത്രക്കുള്ളില്‍ അവള്‍ക്ക് ഏകദേശ ധാരണയെല്ലാം ലഭിച്ചിരുന്നു.
ആ ധൈര്യത്തിലാണ് അവള്‍ ഡ്രൈവര്‍ പത്രോസിനോട് മുറിയന്‍ മലയാളത്തില്‍
‘ പത്രോസന്‍ ചേട്ട കാന്‍ ഐ ഡ്രൈവ്…?’ എന്നു ചോദിച്ചത്. തറവാട്ടില്‍ അപ്പാപ്പന്റെ ഡ്രൈവറാണ് പത്രോസ്. സ്റ്റിയറിങിന് നേരെ ചൂണ്ടി ഡ്രൈവ് ചെയ്യുന്ന രീതിയില്‍ ആംഗ്യം കാണിച്ചു ചോദിച്ചത് കൊണ്ടാണെന്നു തോന്നുന്നു പത്രോസിന് പെട്ടെന്ന് കാര്യം പിടിക്കിട്ടി
‘ മോള്‍ക്ക്, ഡ്രൈവ് ചെയ്യണോ….? ‘ പത്രോസ് വണ്ടി റോഡിന്റെ ഇടതുവശത്തേക്ക് പതുക്കെ സൈഡാക്കി നിറുത്തിയതിന് ശേഷം ചോദിച്ചു.
അങ്ങനെ സിയന്ന ഡ്രൈവിങ് സീറ്റിലിരുന്നു വാഹനം മുന്നോട്ടെടുത്തു. ഒന്നു രണ്ട് വാഹനങ്ങല്‍ ഒറ്റയും തെറ്റയുമായി അവരെ കടന്നു പോയതൊഴിച്ചാല്‍ റോഡില്‍ മറ്റു തിരക്കുകളൊന്നുമില്ലായിരുന്നു. ശാന്തമായിരുന്നു. അതുകൊണ്ടു തന്നെ സിയന്ന തന്റെ വലതുകാല്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി. പെട്ടെന്നാണ് വലതുവശത്തുള്ള പോക്കറ്റ് റോഡില്‍ നിന്നും ഒരു കറുത്ത ജീപ്പ് അതിവേഗം മെയിന്‍ റോഡിലേക്ക് കയറിയത്. ഒരുനിമിഷം വലതുവശത്തേക്ക് തലതിരിച്ച സിയന്നയുടെ കണ്ണുകളില്‍ ജീപ്പിന്റെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം കുത്തികയറി. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. പെട്ടെന്നു തന്നെ തലതിരിച്ച അവള്‍ ഒന്നു പകച്ചെങ്കിലും സ്റ്റിയറിങ്ങില്‍ കിടന്ന് അവളുടെ കൈകള്‍ ഇടതുവശത്തേക്ക് ആഞ്ഞു തിരിച്ചു. ആക്‌സിലേറ്ററില്‍ നിന്ന് കാലുകള്‍ ബ്രൈക്കിലേക്ക് ഉഴറിമാറി. ഫോര്‍ത്ത് ഗിയറില്‍ നിന്ന് ഗിയറ് താഴേക്ക് തട്ടി. പത്രോസിന്റെ കൈകള്‍ ഹാന്‍ഡ് ബ്രൈക്ക് ആഞ്ഞു വലിച്ചു. വാഹനം സഡന്‍ ബ്രേക്കിട്ടു. ഫ്രണ്ടിലെ ടയറുകള്‍ രണ്ടും റോഡില്‍ ഉരഞ്ഞു നീങ്ങി. ബേക്ക് വീല്‍ വായുവിലേക്കുയര്‍ന്നു പൊങ്ങി. സിയന്നയുടെ തല സ്റ്റിയറിങ്ങില്‍ ആഞ്ഞു പതിച്ചു. മുട്ടുക്കാല്‍ ഡാഷ്‌ബോഡില്‍ ചെന്ന് കുത്തിനിന്നു. വാരിയെല്ല് പൊട്ടുമാറ് വണ്ടിയൊന്ന് ആഞ്ഞുലഞ്ഞു കൊണ്ട് നിന്നു. അൽപ്പസമയത്തിനകം
അവരെ വെട്ടിതിരിഞ്ഞു പോയിരുന്ന ആ കറുത്ത ജീപ്പ് റിവേഴ്‌സിട്ട് തിരികെവന്നു. ഉച്ചത്തില്‍ ശബ്ദികുന്ന ഡിജെയും വിദേശമദ്യത്തിന്റെ വാസനയും അന്തരീക്ഷത്തില്‍ പരന്നു. സിയന്നയുടെ ഡ്രൈവിങ് സീറ്റിന് സമീപത്തായി ആ വാഹനം നിര്‍ത്തി. മധ്യത്തിന്റെ ആലസ്യത്തില്‍ ആടിപാടുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ പാതിമറഞ്ഞ ബോധത്തിലും സിയന്നക്ക് കാണാമായിരുന്നു.
‘ എവിടെ നോക്കിയാടി……..മോളെ വണ്ടിയോടിക്കുന്നത്…?നിന്നെയൊക്കെ ഏത്…..മോനാണെടി വണ്ടിയോടിക്കാന്‍ പഠിപ്പിച്ചത്…?’ തെറിയുടെ മലപ്പടക്കം അവളുടെ കാതുകളില്‍ അലയടിച്ചു. കുറച്ചു സമയം തെറിപറഞ്ഞതിന് ശേഷം ആ വാഹനം ഇരുളില്‍ മറഞ്ഞു. തലയില്‍ നിന്നും കാലില്‍ നിന്നും വയറില്‍ നിന്നും അസഹ്യമായ വേദന അവളുടെ മൂര്‍ദ്ധാവിലേക്ക് ഇരച്ചു കയറി. ബോധം മറഞ്ഞു. പിറകില്‍ നിന്ന് റോസമ്മ നിലവിളിച്ചു.
പത്രോസ് പെട്ടെന്നിറങ്ങി ഡ്രൈവിങ് സീറ്റില്‍ നിന്ന് സിയന്നയെ എടുത്ത് തൊട്ടടുത്ത സീറ്റിലേക്ക് മാറ്റി കിടത്തി. ആ സമയം അതുവഴി കടന്നുപോയ ഒരുബൈക്ക് യാത്രികനോട് അടുത്തുള്ള ഹോസ്പ്പിറ്റലിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നാലഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ലൈഫ് ഷോര്‍ ഹോസ്പിറ്റലിലെത്താം. വാഹനം ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പാഞ്ഞു.
**
‘ഗുഡ്‌മോണിങ് സിയന്ന’
പതുക്കെ കണ്ണുതുറന്ന സിയന്നയുടെ കാതുകളില്‍ മധുരിതമായ ആ ശബ്ദം പതിഞ്ഞു. കഴുത്തില്‍ ഒരു സ്റ്റതസ്‌കോപ്പും തൂക്കി പുഞ്ചിരിയോടെ തന്റെ മുമ്പില്‍ നില്‍ക്കുന്ന ആ മുഖത്തേക്ക് നോക്കിയപ്പോള്‍ തന്നെ അവളുടെ മനസ്സില്‍ ആശ്വാസത്തിന്റെ തെളിനീരുറവയെടുത്തു.
‘ഐം, ഡോക്ടര്‍ ഫര്‍സാന. യു ആര്‍ ഇന്‍ ലൈഫ് ഷോര്‍ ഹോസ്പ്പിറ്റല്‍ ആന്‍ഡ് ടോട്ടലി സൈഫ്’. ഡോക്ടര്‍ നിറഞ്ഞു ചിരിച്ചു. സിയന്ന പതുക്കെ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും തലയില്‍ വരിഞ്ഞു കെട്ടിയ ബാന്‍ഡേജിന്റകത്തുന്നിന്ന് ചെറിയരു വേദന ശരീരമാസകലം കടന്നു പോയി.
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)
Notice:
(ഈ കഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി urava.net സൈറ്റിനു മാത്രമാണ്. ഇതില്‍ നിന്നും കോപ്പി ചെയത് കഥ മറ്റു പ്ലാറ്റ്ഫാമിലേക്ക് ഷെയര്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ്)