ആക്‌സിഡന്റിന്റെ ആഘാതത്തില്‍ നിന്നും സിയന്ന മുക്തയാവാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. ബന്ധുക്കളെല്ലാം സന്ദര്‍ശനത്തിന് വന്നിരുന്നെങ്കിലും ഒറ്റക്കിരിക്കാനാണ് അവൾ ഇഷ്ടപ്പെട്ടിരുന്നത്. ഡോക്ടര്‍ ഫര്‍സാനയുടെ സമീപനവും സാന്നിദ്ധ്യവും അവളെ സന്തോഷവതിയാക്കി. ഒരു പ്രത്യേകതരം പോസിറ്റീവ് എനര്‍ജി ഡോക്ടറിലുണ്ടെന്ന് അവള്‍ക്ക് തോന്നി. ചിരിതമാശകളോടൊയുള്ള അവരുടെ ഇടപെടെലുകള്‍ ഏതൊരാളെയും പെട്ടെന്ന് സൗഹൃദത്തിലാക്കാനുതകുന്നതായിരുന്നു.
തലയിലും കൈകാലുകളിലെ മുട്ടിനും വന്ന ചെറിയ ഫ്രാക്ചര്‍ മാറുന്നത് വരെ ദീര്‍ഘയാത്രകളൊന്നും ചെയ്യേണ്ടായെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അതുകൊണ്ടുതന്നെ ഹോസ്പിറ്റലിന് സമീപത്ത് തന്നെയുള്ള ഗസ്റ്റ് ഹൗസുകളിലൊന്നിൽ റൂം തരപ്പെടുത്തുകയും സിയന്ന തന്റെ വിശ്രമ സമയം അവിടെ ചെലവയിക്കുകയും ചെയ്തു. ഒഴിവുസമയങ്ങളില്‍ ഡോക്ടറോടൊപ്പം സമയം ചെലവഴിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. അവര്‍ പരസ്പരം നല്ല കൂട്ടായി.
സിയന്ന ഡോക്ടറുടെ വീട്ടില്‍ പലപ്പോഴും സന്ദര്‍ശകയായി. ഡോക്ടറുടെ മകള്‍ നൂറ ഫാത്വിമയോടൊപ്പം അവള്‍ ഒരുപാട് സമയം ചെലവയിക്കാറുണ്ട്. തന്റെ ഏറ്റവും ബെസ്റ്റ് കൂട്ടുകാരിയുടെ പേരാണ് താന്‍ മകള്‍ക്കും ഇട്ടതെന്ന് ഡോക്ടര്‍ ഒരു സംഭാഷണത്തിനിടെ സിയന്നയോട് പങ്കുവെച്ചിരുന്നു.
ഒരു ദിവസം സിയന്ന നൂറയുമായി വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. ഉമ്മയുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിക്കുകയാണവള്‍. പെട്ടെന്ന് അവളുടെ കൈകളില്‍ നിന്ന് ഫോണ്‍ തെന്നിവീണു. ഉടനെ പരിഭ്രാന്തിയോടെ അവള്‍ സിയന്നയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം ഫോണ്‍ കൈകളിലെടുത്ത് ഡിസ്‌പ്ലേയില്‍ തുരുതുരാ ചുംബിച്ചു.
ഒന്നും മനസ്സിലാവാത്ത പോലെ സിയന്ന ഒരുപാട് നേരം അവളെയും ഫോണിനെയും മാറി മാറി നോക്കി.
കാരണം വീഴ്ചകാരണം ഡിസ്‌പ്ലേക്ക് പ്രത്യേകിച്ച് പൊട്ടലുകളൊന്നും സംഭവിച്ചിരുന്നില്ല. നിലത്ത് വീണ സാധനം എടുത്ത് ചുംബിക്കുന്ന പ്രവണത ഇവിടെ എവിടെയും കണ്ടിട്ടുമില്ല.
‘മോളെന്തിനാണ്…ഫോണ്‍ ചുംബിച്ചത്…’ സിയന്ന നൂറയെ ചേര്‍ത്തു പിടിച്ചതിന് ശേഷം ചിരിച്ചു കൊണ്ട് ചോദിച്ചു.
‘ഇതാ…നോക്ക്…നഅലേ മുബാറക്ക് ആണല്ലോ ഉമ്മാന്റെ പ്രൊഫൈല്‍ പിക്ചര്‍…..! പിന്നെ നിലത്ത് വീണാല്‍ ചുംബിക്കേണ്ടേ….!? ‘ എന്തു ചോദ്യമാണ് നിങ്ങളുന്നയിക്കുന്നത് എന്ന രൂപത്തില്‍ അവള്‍ സിയന്നയുടെ മുഖത്തേക്ക് നോക്കി.
‘ന..അ..ലേ…..?!’ എന്താണ് അവള്‍ പറഞ്ഞതെന്ന് മനസ്സിലാവാതെ സിയന്ന വീണ്ടും ശങ്കയോടെ ചോദിച്ചു.
‘സിയത്താ…നിങ്ങളിത് കണ്ടോ…ഇത് മുഹമ്മദ് നബിയുടെ ﷺ ചെരുപ്പിന്റെ രൂപമാണെന്ന്. ഇത് നിലത്തിടാന്‍ പറ്റൂല’ ആ കൊച്ചുമോള്‍ ഡിസ്‌പ്ലേയില്‍ തെളിഞ്ഞു നിന്ന തിരുപാദുകത്തിന്റെ മാതൃക കാണിച്ചു കൊണ്ട് അഭിമാന രൂപത്തില്‍ പറഞ്ഞു.
‘ഉം…’
അവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും താനിനിയും ആ വിഷയം ചോദിച്ച് ആ കുഞ്ഞിന്റെ മുമ്പില്‍ കൊച്ചാവേണ്ടായെന്ന് കരുതി വെറുതെ വിട്ടു. അതിനു ശേഷമാണ് സിയന്ന ഡോക്ടറുടെ വീട് ഒന്നാകെ ഒന്ന് കണ്ണോടിച്ചത്. ഏകദേശം ആ വീട്ടിലെ എല്ലാ റൂമുകളിലും ഡോക്ടറുടെ ഡിസ്‌പ്ലേയിലുള്ളത് പോലുള്ള രൂപത്തിന്റെ മാതൃക ഫ്രൈം ചെയ്ത് തൂക്കിയിട്ടുണ്ട്.
രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഡൈനിങ് ടേബിളിന്റെ എതിര്‍വശത്തുള്ള ചുവരില്‍ തൂക്കിയിട്ടിരുന്ന രൂപത്തിലേക്ക് ചൂണ്ടിയിട്ട് അവള്‍ ചോദിച്ചു.
‘ ഡോക്ടര്‍ അതെന്താണ് സംഭവം..? ‘
കുറച്ചു സമയം സിയന്ന ചൂണ്ടിയ നഅലേ മുബാറകിലേക്ക് നോക്കിയിരുന്നതിന് ശേഷം ഡോക്ടര്‍ പറഞ്ഞു.
‘അത് പ്രൊഫറ്റ് മുഹമ്മദിന്റെ ﷺ ചെരുപ്പിന്റെ മാതൃകയാണ്. മുസ്ലിംകള്‍ വളരെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന രൂപമാണ്. മുഹമ്മദ് നബിയുമായി ﷺ ബന്ധപ്പെട്ട എല്ലാം വിശ്വാസികള്‍ക്ക് പ്രാണനാണ്. അതനുഭവിച്ചറിയുക തന്നെ വേണം’
ഡോക്ടര്‍ വാചാലയായി. അലൗകികമായ ഒരു പ്രണയ വലയത്തില്‍ ഇരുന്ന് സംസാരിക്കുന്ന പോലെയാണ് അവരിപ്പോള്‍ പറയുന്നതെന്ന് സിയന്നക്ക് തോന്നി.
‘ശാസ്ത്രത്തെയും അതിന്മേല്‍ നിലനില്‍ക്കുന്ന മെഡിക്കല്‍ സയന്‍സിനെയും ഫോളോ ചെയ്യുന്ന ഡോക്ടറെ പോലൊരാള്‍ക്ക് എങ്ങനെയാണ് ഇത്തരം വിശ്വാസങ്ങളെ ജീവിതത്തില്‍ ഫോളോ ചെയ്യാന്‍ സാധിക്കുന്നത്…!? അത് അസംഭവ്യമല്ലേ…? ‘ സിയന്ന ഡോക്ടറുടെ സംസാരത്തില്‍ വിശ്വാസം വരാതെ ചോദിച്ചു.
ഡോക്ടര്‍ നിറഞ്ഞു ചിരിച്ചു. ശേഷം തുടര്‍ന്നു :
‘ മോളേ…നിന്റെ ഈ ചോദ്യത്തെ പോലെ സംശയങ്ങളുടെ ഒരായിരം നീണ്ട നിരയുണ്ടായിരുന്നു മുമ്പ് എന്റെ മനസ്സിലും. പക്ഷെ, ആ ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം ഞാന്‍ ചോദിച്ച് മനസ്സിലാക്കി തീര്‍ത്തതിന് ശേഷമല്ല ഞാനിന്നീ കാണുന്ന രൂപത്തിലുള്ള വിശ്വാസത്തിലേക്ക് വന്നത്. മറിച്ച്, ഞാന്‍ ആ ചോദ്യങ്ങളെ അടുത്തറിയുവാന്‍ ശ്രമിച്ചു. വിശ്വാസികള്‍ ഇത്തരം വിശ്വാസങ്ങളില്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നറിയാന്‍ ഞാനും ആ വിശ്വാസങ്ങളോട് ഇഴചേര്‍ന്നടുത്തു. അനുഭവത്തോളം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന മറ്റൊരദ്ധ്യാപകനും ഈ ലോകത്തില്ലല്ലോ. അതാണ് ഞാന്‍ മോളോട് നേരത്തെ പറഞ്ഞത് ഈ രൂപത്തിന്റെ പവിത്രതയറിയണമെങ്കില്‍ അതെന്താണെന്ന് ഈ വിശ്വാസ സംഹിതയുടെ ഉള്ളില്‍ നിന്നനുഭവിച്ചറിയുക തന്നെ വേണം. സാധിക്കുമെങ്കില്‍ അടുത്തറിയാന്‍ ശ്രമിക്കണം. എങ്കില്‍ തീര്‍ച്ചയായും മോള്‍ക്ക് ഭവിയില്‍ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാവും. ഇന്‍ ഷാ അല്ലാഹ്. അല്ലാതെ ഞാനെങ്ങനെ വിശ്വാസിയായെന്ന് എത്ര വിശദീകരിച്ചാലും മോള്‍ക്കതുള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. അതുകൊണ്ട് ഒരുകാര്യത്തെ പഠിക്കാന്‍ മുതിരുമ്പോള്‍ സഹിഷ്ണുതയോടെ അതിനെ സമീപിക്കാന്‍ ശ്രമിക്കുക. എങ്കില്‍ ആ വസ്തു അതിന്റെ പൂര്‍ണ്ണ രൂപം നമുക്ക് മുമ്പില്‍ തുറന്ന് കാണിക്കും’
ഡോക്ടര്‍ ഒരു നല്ലവിശ്വസിയാണെന്ന് സിയന്നക്ക് അവരുടെ ആ സംസാരത്തില്‍ നിന്ന് വ്യക്തമായി.
ശാസ്ത്രത്തെ ഇങ്ങനെ ഫോളോ ചെയ്യുന്ന ഒരാള്‍ വിശ്വാസത്തെ ചേര്‍ത്തു പിടിക്കുന്നത് സിയന്നയുടെ ജീവിതത്തില്‍ പരിചിതമല്ലായിരുന്നു. ഡോക്ടര്‍ പറഞ്ഞതിനെ അവള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടില്ലെങ്കിലും അവള്‍ തിരിച്ചൊന്നും ചോദിക്കാന്‍ പോയില്ല.
കാരണം വിശ്വാസി ഒരിക്കലും യുക്തി കൊണ്ടല്ല അവന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതെന്നും അവന്റെ ബോധ്യങ്ങളില്‍ നിന്നും അനുഭവജ്ഞാനത്തില്‍ നിന്നുമാണെന്നുമാണ് ഡോക്ടറുടെ സംസാരത്തിന്റെ ആകെ തുക. യുക്തി അതിന്റെ ഭാഗമാവാമെന്നുമാത്രം. അതുകൊണ്ടു തന്നെ യുക്തിയില്‍ നിന്നുകൊണ്ടുള്ള തന്റെ ചോദ്യങ്ങള്‍ക്കിനിയിവിടെ പ്രസക്തിയില്ല. അവളൊന്നും ചോദിച്ചില്ല.
*
അങ്ങനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കണം എന്നു കരുതി കേരളത്തിലേക്കു വന്ന സിയന്ന ഏകദേശം ഒന്നര മാസങ്ങള്‍ക്കു ശേഷമാണ് മടങ്ങുന്നത്. അതുകൊണ്ടു തന്നെ കേരളക്കാരോടും അവരുടെ റോഡിലെ പേക്കൂത്തുകളോടും സിയന്നക്ക് എന്നും അസഹിഷ്ണുതയാണ്.
***
‘ഹേയ്, അത് പ്രവാചകന്‍ മുഹമ്മദിന്റെ ചെരുപ്പിന്റെ മാതൃകയാണോ…’ ഇ എസ് എയില്‍ മെസ്സിലെ ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്ന റസാന്റെ ഭക്ഷണ പാത്രത്തിനോട് തൊട്ടടുത്ത് വെച്ചിരുന്ന മൊബൈലിന്റെ പ്രൊഫൈലില്‍ തെളിഞ്ഞു വന്ന ഫോട്ടോ കണ്ട് സിയന്ന ചോദിച്ചു.
‘അതെ…’ പിറകില്‍ നില്‍ക്കുന്ന ചോദ്യ കര്‍ത്താവിന്റെ മുഖത്തേക്ക് അത്ഭുതത്തോടെ പതുക്കെ തല തിരിച്ചു നോക്കിയതിന് ശേഷം റസാന്‍ മറുപടി നല്‍കി. കാരണം ഇതുപോലെയൊരു സ്ഥലത്ത് നിന്നും അവന്‍ അത്തരത്തിലൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യമായി സിയന്ന റസാനുമായി പരിചയപ്പെട്ടു തുടങ്ങുന്നത് തന്നെ അങ്ങനെയാണ്.
‘നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി…..!?’ അമേരിക്കയിലെ ഏറ്റവും പരിഷ്‌കാരമുള്ള കുടുംബത്തില്‍ നിന്ന് വരുന്ന അമുസ്ലിമായ ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധ്യതയില്ലാത്ത ചോദ്യമാണ് സിയന്ന ചോദിച്ചത് എന്നതിനാലാണ് റസാന്‍ അങ്ങനെ ചോദിച്ചത്.
‘അതൊരു വലിയ കഥയാണ്…ഞാനിവിടെ ഇരുന്നോട്ടെ…’ രണ്ടാള്‍ക്കിരിക്കുവാന്‍ സാധിക്കുന്ന ആ ടേബിളില്‍ റസാന്റെ മുമ്പിലായിട്ടുണ്ടായിരുന്ന ചെയറിന് സമീപത്തായി നിന്നു കൊണ്ട് സിയന്ന ചോദിച്ചു.
‘ഒഫ്‌കോഴ്‌സ് പ്ലീസ്…’ റസാന്‍ ഇരിക്കുവാന്‍ പറഞ്ഞു.
‘ഭക്ഷണം തീരുന്നത് വരെ നമുക്ക് സമയമുണ്ട്. ഒരു കഥപറയാനൊക്കെ ആ സമയം ധാരാളം. (റസാൻ ചെറുതായി ചിരിച്ചു) എങ്ങനെയാണ് നിങ്ങളീ തിരുപാദുക മാതൃകയെ പരിചയപ്പെട്ടത്…’ റസാന്‍ ആവേശത്തോടെ ചോദിച്ചു.
‘എന്റെ പപ്പയുടെ നാട്ടില്‍ നിന്നാണ്. അവര് ഇന്ത്യയിലെ കേരളത്തില്‍ നിന്നാണ്….’ സിയന്ന പറഞ്ഞു തുടങ്ങി.
‘ഞാനും കേരളത്തില്‍ നിന്നാണ്!’
അവള്‍ പൂര്‍ത്തീരിക്കുന്നതിന് മുമ്പ് റസാന്‍ ഇടയില്‍ കയറി പറഞ്ഞു.
‘വൗ…ദാറ്റ്‌സ് ഇന്ററസ്റ്റിങ്…’
സിയന്നയും റസാന്റെ അത്ഭുതത്തില്‍ പങ്കു ചേര്‍ന്നു. തന്റെ കേരളത്തിലെ സന്ദര്‍ശനത്തെ കുറിച്ചും അവിടെയുള്ള തന്റെ കുടുംബ പശ്ചാതലവുമെല്ലാം പറഞ്ഞ് അവര്‍ ഒരുപാട് സമയം സംസാരിച്ചു. അന്യദേശത്ത് പരസ്പരം പരിചയക്കാരയ രണ്ടു പേര്‍ തമ്മില്‍ കാണുമ്പോള്‍ പ്രത്യേകിച്ചു രണ്ടാളും ഏതെങ്കിലും കോമണായ ഒരു വിഷയത്തില്‍ ബന്ധപ്പെടുകയും ചെയ്യുമ്പോള്‍ ഉള്ളില്‍ ഉരുത്തിരിയുന്ന ഒരു പൊതുബോധമാണ് സ്വത്വബോധം.
അങ്ങനെയാണ് സിയന്ന കേരളത്തിലെത്തിയതും കേരളത്തെ ഇഷ്ടമാണെങ്കിലും കേരളക്കാരുടെ ചില സ്വഭാവദൂശ്യങ്ങളോട് അവള്‍ക്കുള്ള വെറുപ്പിനെ കുറിച്ചും റസാന്‍ അറിയുന്നത്.
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)
Notice:
(ഈ കഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി urava.net സൈറ്റിനു മാത്രമാണ്. ഇതില്‍ നിന്നും കോപ്പി ചെയത് കഥ മറ്റു പ്ലാറ്റ്ഫാമിലേക്ക് ഷെയര്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ്)