മരിച്ചാലും ചിലര്‍ നമ്മുടെ മനസ്സുകളില്‍ നിത്യവസന്തമായി ജീവിക്കും. അതിനുള്ള കാരണം അവര്‍ നമ്മില്‍ ചെലുത്തിയ സ്വാധീനമാണ്. മരണത്തിന് ശരീരത്തെയല്ലെ കൊണ്ടുപോകാന്‍ സാധിക്കൂ! ഓര്‍മകളെന്നും ഇവിടെ നിറഞ്ഞു ജീവിക്കുമല്ലോ. കൊടിഞ്ഞി ഹമീദ് ഹാജി എന്റെ ജീവിതത്തില്‍ ഇതുപോലെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു. എങ്ങനെയാണ് ഞങ്ങളുടെ ബന്ധത്തെ വിവരിക്കേണ്ടതെന്ന് എന്റെ അക്ഷരങ്ങള്‍ക്കും ശബ്ദത്തിനും അറിയില്ലായെന്ന് പറയുന്നതായിരിക്കും ശരി. അദ്ദേഹം വിടവാങ്ങിയതിന് ശേഷം ആ പേരുച്ചരിക്കുമ്പോള്‍ പോലും എന്റെ തൊണ്ടയിലും മനസ്സിന്റെ കോണുകളിലും കീറിവലിക്കുന്നത് പോലെ സങ്കടത്തിന്റെ മുള്‍ക്കെട്ട് കുടുങ്ങുന്നത് ഞാനറിഞ്ഞപ്പോഴാണ് ആ മനുഷ്യന്‍ എന്റെ മനസ്സകത്ത് ഇത്രമേല്‍ അള്ളിപിടിച്ചിരുന്നുവെന്ന് ഞാന്‍ പോലുമറിഞ്ഞത്. കൊടിഞ്ഞി ഹമീദ് ഹാജിയില്‍ എല്ലാമുണ്ടായിരുന്നു. വിനയം, ബഹുമാനം, ആദരവ്, മതം, ഊര്‍ജ സ്വലത, വ്യവസായം, സൗഹൃദം തുടങ്ങി എല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ സമ്മേളിച്ച വ്യക്തിത്വത്തിനുടമയായിരുന്ന ഹമീദ് ഹാജി. മരണപ്പെട്ടവരുടെ നല്ല സ്മരണകള്‍ അവര്‍ക്ക് ഖബറിടത്തില്‍ ഉപകാരപ്പെടുമെന്നാണ്. ”നിങ്ങള്‍ മരിച്ചവരുടെ നല്ല ഓര്‍മകള്‍ അയവിറക്കൂ” എന്ന് അഷ്‌റഫുല്‍ ഖല്‍ഖിന്റെ തിരുവരുള്‍ വന്നതാണല്ലോ. ഹമീദ് ഹാജിയുമായി ബന്ധപ്പെട്ടുള്ള നല്ല ഓര്‍മകളുടെ നീണ്ട നിരതന്നെ എന്റെ മനസ്സില്‍ ക്യൂവിട്ട് നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഹമീദ് ഹാജിയുടെ രണ്ടു മക്കളുടെ കല്യാണം നടത്താന്‍ തീരുമാനിച്ച സമയം. ഹമീദ് ഹാജി എന്നെ കാണാനായി വന്നു; ”തങ്ങളെ എന്റെ മക്കളുടെ കല്യാണമാണ്, അത് ഒരു സാധാരണ കല്യാണം പോലെ ഭക്ഷണം കഴിച്ച് പിരിയുന്നതായാല്‍ പോരാ, ദീനിന് ഉപകാരപ്പെടുന്ന കല്യാണമാകണം. അതും മഅ്ദിന്റെ എജ്യൂപാര്‍ക്ക് കാമ്പസില്‍വെച്ച് തന്നെ വേണം. ഞാനൊരു വ്യവസായി ആയതിനാല്‍ തന്നെ എന്റെ സൗഹൃദങ്ങളില്‍ നിന്ന് ആ കല്യാണത്തിലേക്ക് ഞാന്‍ ദീനുമായും മഅ്ദിനുമായും യാതൊരു ബന്ധവുമില്ലാത്ത നിരവധി ആളുകളെ കൊണ്ടുവരും. വരുന്ന ഗസ്റ്റുകള്‍ക്കുള്ള ഭക്ഷണം എജ്യൂപാര്‍ക്കിന്റെ അങ്ങേ അറ്റത്താകണം. എന്നിട്ട് അവര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടക്ക് എജ്യൂപാര്‍ക്ക് മുഴുവന്‍ ചുറ്റിക്കാണം. ഈ ദീനീ സംരഭങ്ങളുടെ വളര്‍ച്ച കണ്ടിട്ട് അവര്‍ അഭിമാന പുളകിതരാകണം. ഇതായിരുന്നു ഹമീദ് ഹാജി തന്റെ മകളുടെ കല്യാണത്തിന് കണ്ട സ്വപ്‌നം.മക്കളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്താന്‍ അദ്ദേഹത്തിനവസരവും സ്ഥലവും സമ്പത്തുമില്ലാഞ്ഞിട്ടല്ല; പക്ഷ, തന്റെ മകളുടെ കല്യാണം ദീനിനുപകരിക്കുന്ന കല്യാണമാകണെമെന്ന് ഒരുപിതാവിന് ചിന്തിക്കാന്‍ പറ്റുന്ന തലത്തിലേക്ക് പിതാവ് വളരുക എന്നതാണ് മക്കളെ സംബന്ധിച്ചിടത്തോളം ഭാഗ്യം ചെയ്ത പിതാവിനെ ലഭിച്ചു എന്നതിന്റെ അര്‍ത്ഥം. കൊടിഞ്ഞി ഹമീദ് ഹാജിയുടെ വിയോഗമറിഞ്ഞപ്പോള്‍ നാട്ടിലെ പണ്ഡിതരും പാമരരും ആ സവിധത്തിലേക്ക് കുതിച്ചത് ജീവിതക്കാലത്ത് അദ്ദേഹം വിത്തിട്ടു വെച്ച നന്മയുടെ വിളവെടുപ്പിന്റെ തുടക്കമായിരുന്നുവത് എന്നതിലേക്കുള്ള സൂചനയാണ്.
ഹമീദ് ഹാജി നമ്മോട് യാത്ര ചോദിച്ചിരിക്കുന്നു. എന്നാല്‍ ഹമീദ് ഹാജി വെട്ടി തെളിയിച്ച ഒരുപാതയുണ്ട് നമുക്ക് മുമ്പില്‍. മാതൃകായോഗ്യമായ പാത. അതിന്റെ അങ്ങേ തലക്കലുള്ള സ്വര്‍ഗം കണ്ടിട്ടു തന്നെയാണ് അദ്ദേഹം ആ വഴി തെളിയിച്ചത്. ആ വഴിയിലുള്ള പ്രകാശം ഒട്ടും മങ്ങാതെ തന്നെ പ്രജ്വലിപ്പിച്ചു കത്തിക്കാന്‍ നമുക്ക് സാധിക്കണം.