ബദ്‌റുസ്സാദാത്ത് ഖലീല്‍ തങ്ങളുടെ മഹത്തായ തൂലികയില്‍ നിന്നും ഒരു ചരിത്ര പുസ്തകം കൂടി പിറന്നിരിക്കുന്നു. ഹദ്ദാദുല്‍ ഖുലൂബ്; ഹൃദയങ്ങളുടെ ഇടയന്‍. കൂട്ടം തെറ്റിയ ആട്ടിന്‍ പറ്റത്തെ ആട്ടിടയന്‍ നയിക്കും പോലെ വിശ്വാസി ലക്ഷങ്ങളുടെ ഹൃദയത്തെ ഹദ്ദാദ് തങ്ങള്‍ ആത്മീയതയുടെ വെണ്‍പാതയിലേക്കു നയിക്കുന്നു. ഈ പുസ്തകത്തിന് ‘ഹൃദയങ്ങളുടെ ഇടയന്‍’ എന്ന പേര് നന്നായി ചേരുന്നു. സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ‘ഓര്‍മക്കൂട്ടും,’ ‘സംസ്‌കാരങ്ങള്‍ വേരുറച്ച നാട്ടില്‍ ‘ എന്ന പുസ്തകവും എന്നെ ആവര്‍ത്തിച്ച് വായിക്കാന്‍ കൊതിപ്പിച്ച പുസ്തകമായിരുന്നു. മഹാനായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ അനുസ്മരണ ഗ്രന്ഥം ‘വിസ്വാല്‍’ കൂടി വായനയില്‍ വന്നപ്പോള്‍ ഈ പുസ്തകവും പെട്ടെന്നു വായിക്കണമെന്ന ആശ മുളപൊട്ടി..
ഒട്ടും പ്രതീക്ഷിക്കാതെയാണ് അല്‍മഖര്‍ കോളജ് വിട്ട് വൈകീട്ട് വരുന്ന നേരം പുതിയൊരു പുസ്തകം കൈയ്യിലുണ്ടെന്ന് ഉപ്പ പറയുന്നത്. ”ഹദ്ദാദുല്‍ ഖുലൂബ് ” പ്രതീക്ഷിക്കാതെ പുസ്തകം കൈയ്യിലെത്തിയപ്പോള്‍ സന്തോഷം അടക്കാനായില്ല. ഒറ്റയിരുപ്പിന് ഇരുനൂറോളം പേജുള്ള പുസ്തകം വായിച്ചു തീര്‍ക്കാനായി. ഒപ്പം, മണിക്കൂറുകള്‍ കൊണ്ട് യമനിലെ തരീമിലൂടെ സഞ്ചരിക്കാനായി. ആദ്ധ്യാത്മികതയുടെ വെണ്ണിലാവ് പൂത്ത ആ ഭൂമിക നമ്മെ മോഹിപ്പിക്കും. ഒരു നൂറു ചരിത്രങ്ങള്‍ ഉമ്മ വെച്ചുറങ്ങുന്ന ഹളര്‍മൗത്തിലെ മണ്ണിലേക്കു നമ്മുടെ ഖല്‍ബ് തുടിക്കും.
നാലാം വയസ്സില്‍ അന്ധനായി തീര്‍ന്ന ഒരു ബാല്യമെങ്ങനെയാണ് ലോക ഹൃദയങ്ങളിലേക്ക് കടന്നുചെന്നതെന്ന് വായിച്ചറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ചെറിയ പ്രായത്തിലേ ശരീരം ക്ഷീണിക്കുവോളം ഇബാദത്തെടുക്കുന്ന കുഞ്ഞിനെ കണ്ടവരെല്ലാം ആശ്ചര്യപ്പെടുന്ന കാഴ്ച്ച…!
”മോനെ നീ നിന്റെ ശരീരത്തോട് കനിവ് കാട്ടെടാ..”ഭയപ്പാടോടെ ഉമ്മാമ സയ്യിദത്ത് സല്‍മാ ബീവി പറയാറുള്ളത് ഇങ്ങനെയായിരുന്നു. ഇളം പ്രായത്തില്‍ തന്നെ
മഹാന്‍ ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കി. ഹദ്ദാദ് (ഇരുമ്പ് പണിക്കാരന്‍) എന്ന പേരിലാണ് ശൈഖ് അബ്ദൂല്ലാഹില്‍ ഹദ്ദാദ്( റ) പ്രസിദ്ധമായത്.
അവരുടെ പൂര്‍വ്വീകരില്‍ നിന്നുമാണ് ഇങ്ങനെയൊരു പേര് ലഭിച്ചത്. സത്യത്തില്‍ അവരാരും ഇരുമ്പ് പണിക്കാറല്ല. മറിച്ച് പൂര്‍വ്വ പിതാക്കളില്‍ സയ്യിദ് ബ്‌നു അബൂബക്ര്‍ എന്ന മഹാന്‍ തരീമില്‍ കച്ചവടം നടത്തിയിരുന്നു. അവരുടെ കടയില്‍ ഒരു ഇരുമ്പു പണിക്കാരനുണ്ട്. അയാളുമായി വലിയ സൗഹൃദത്തിലായിരുന്നു സയ്യിദ് അഹ്മദ് അവര്‍കള്‍.
കൂടുതല്‍ സമയം അയാളോടൊപ്പം ചില വഴിച്ചിരുന്നു. ആ കാലത്ത് അഹ്മദ് എന്ന് പേരായ മറ്റൊരു സയ്യിദുണ്ടായിരുന്നു. അവരില്‍ നിന്നും ഈ സയ്യിദിനെ തിരിച്ചറിയാന്‍ ഹദ്ദാദിന്റെ കൂടെ കാണാറുള്ള സയ്യിദ് അഹ്മദ് എന്ന് പ്രയോഗിച്ച് അവസാനം സയ്യിദ് അഹ്മദുല്‍ ഹദ്ദാദ് എന്ന് തന്നെ പ്രസിദ്ധനായി. അത് മക്കളിലും പേരമക്കളിലും താവഴിയായി ചേര്‍ന്നുനിന്നു. അങ്ങനെയാണ് നമ്മുടെ ചരിത്രപുരുഷന്റെ പേരിനോടൊപ്പവും ഹദ്ദാദ് ചേര്‍ന്നുവന്നത്.
(സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി)
കത്തിടപാടുകളിലൂടെ മാത്രം പരിചയമുള്ള ഒരു ഗുരു ഉണ്ടായിരുന്നു നമ്മുടെ കഥാപുരുഷന്. നേരില്‍ കാണാന്‍ സൗഭാഗ്യമുണ്ടായിരുന്നില്ല. പേര് ജലാലുദ്ദീന്‍ മുഹമ്മദ് അലവി അസ്സഖാഫ്. അവരുടെ വിയോഗ ശേഷം ഹദ്ദാദ് തങ്ങള്‍ ഹജ്ജ് യാത്രയില്‍ അദ്ദേഹത്തിന്റെ നാട്ടിലെത്തുന്ന ചിത്രമുണ്ട്.
നാളുകള്‍ക്ക് ശേഷം ഹജ്ജ് യാത്രക്കിടെ തന്റെ ഗുരുവിന്റെ നാട്ടിലദ്ദേഹം എത്തി.
ഗുരു ഇമാം ജലാലുദ്ധീന്‍ തങ്ങള്‍ക്കു കിതാബുകള്‍ വായിച്ചു കൊടുക്കാറുണ്ടായിരുന്ന
ഒരു വ്യക്തിയെ തങ്ങള്‍ കണ്ടുമുട്ടി.
”അലവി തങ്ങളുടെ വിയോഗത്തിന് ശേഷം ഞാനാര്‍ക്കും വായിച്ചു കൊടുക്കാന്‍ നിന്നിട്ടില്ല..
എന്നോട് മഹാന്‍ വഫാത്തിനു മുമ്പേ ഒരു കാര്യം പറഞ്ഞിരുന്നു.നിന്റെടുത്ത് ഒരു സയ്യിദ് വരും.നീ ചില കാര്യങ്ങള്‍ അദ്ദേഹത്തിന് ഇവിടെയിരുന്ന് വായിച്ചു കേള്‍പ്പിക്കണം..”
ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഗുരുവിന്റെ വാമൊഴി സശ്രദ്ധം കേട്ടു.
സര്‍വ്വരാലും അംഗീകരിക്കപ്പെട്ടിട്ടും അങ്ങേയറ്റം വിനയം കാണിച്ച മഹാന്‍ പ്രശസ്തിയെ വെറുക്കുന്ന വ്യക്തിയായിരുന്നു. ഇമാമിന്റെ അത്ഭുതസിദ്ധികള്‍ ക്രോഡീകരണം നടത്തിയ ശിഷ്യന്മാര്‍, അത് പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി ഉസ്താദിന്റെ സവിധത്തിലെത്തി. ഇതു കാണേണ്ട താമസം ആ മുഖം വിവര്‍ണമായി.തന്നെക്കുറിച്ച് എഴുതിയതെല്ലാം നശിപ്പിച്ചു കളയണമെന്ന് ശിഷ്യന്മാര്‍ക്ക് ഉത്തരവു നല്‍കി.
ഹദ്ദാദ് തങ്ങളുടെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു.
മുത്ത് നബി(സ)യുടെ ജീവിതത്തോട് സാമ്യമുള്ളതായിരുന്നു. എല്ലാ സുന്നത്തുകളും മുറതെറ്റാതെ കൊണ്ടു നടക്കുന്ന ജീവിതമായിരുന്നു മഹാന്റെത്.
അബ്ദുറഹ്മാന്‍ ശറാഹീല്‍ (റ) പറയുന്നതായി കാണാം. ശൈഖ് ഹദ്ദാദ് (റ) വിന്റെ കൂടെ മക്കയില്‍ ഉണ്ടായിരിക്കെ ഒരു അത്ഭുതമുണ്ടായി. ഇശാഇന് ശേഷമാണ് സംഭവം. എനിക്ക് ഈത്തപ്പഴം കഴിക്കാനൊരാഗ്രഹം. ഞാനതിനെക്കുറിച്ചൊന്നും ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇമാം എന്നോട് ചോദിച്ചു: നിങ്ങളുടെ ആഗ്രഹം എത്ര നിസ്സാരം, ഇതിനെക്കാള്‍
മുന്തിയതാഗ്രഹിച്ചുകൂടായിരുന്നോ? ഈത്തപ്പഴം ഇപ്പൊള്‍ ഇവിടെ യെത്തും. ഇമാം പറഞ്ഞു തീര്‍ന്നപ്പോഴേക്കും വാതിലില്‍ മുട്ടുകേട്ടു. ശൈഖ് ഹുസൈന്‍ ബാഫള്ല്‍ മക്കിയാണത്. രാത്രി നേരം വന്ന് വാതില്‍ക്കല്‍ മുട്ടുന്നത് അദ്ദേഹത്തിന്റെ പതിവല്ല. ഞങ്ങള്‍ വാതില്‍ തുറന്നു. അദ്ദേഹം ഒരു ഭൃത്യനുമായിട്ടാണ് വന്നിരിക്കുന്നത്. ഭൃത്യന്‍ ഈത്തപ്പഴപ്പാത്രം ചുമന്നു നില്‍ക്കുന്നു. ഇമാം അത് സ്വീകരിച്ചു. എന്നോട് ഈത്തപ്പഴം കഴിക്കാന്‍ പറഞ്ഞു. ശേഷം ഇത്തരം ചെറിയ ലക്ഷ്യങ്ങളിലേക്ക് ചുരുങ്ങിപ്പോകാതിരിക്കാനും അല്ലാഹുവി ന്റെ സന്നിധിയിലേക്ക് മനസ്സിനെ ഉയര്‍ത്താനും അല്ലാഹുവിന്റെ സ്മരണ വര്‍ധിപ്പിക്കാനും ഉപദേശിച്ചു.
അന്ധനായിരുന്നുവെങ്കിലും കണ്ണുള്ളോര് കാണാത്ത പല കാഴ്ച്ചകളും മഹാന്‍ കണ്ടു.ഉള്‍ക്കണ്ടുകൊണ്ട് കണ്ട മഹാന്‍. മുത്ത് നബി(സ)തൊട്ട് ഹദ്ദാദ് തങ്ങള്‍ വരെയുള്ള കുടുംബ പരമ്പര കൃത്യമായി ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മെ വിസ്മയിപ്പിക്കും.എല്ലാ നിലക്കും മനോഹരമായി ക്രോഡീകരിച്ച അമൂല്യമായ ഒരു പുസ്തകമാണിത്.മഅ്ദിന്‍ നോളജ് ഹണ്ട് ഗ്രൂപ്പ് വിപ്ലവങ്ങള്‍ രചിച്ചാണ് ഓരോ രാജ്യത്തിലൂടെയും പ്രയാണംനടത്തിക്കൊണ്ടിരിക്കുന്നത്. ഫോട്ടോകള്‍ കൂടി ചേര്‍ത്തുവെച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവിടം പോയ പ്രതീതി. അഭിവന്ദ്യരായ ഖലീല്‍
തങ്ങളുടെ തൂലിക നമ്മെ വായിപ്പിക്കും. അതിലേറെ ചിന്തിപ്പിക്കും. തിരക്കിനിടയിലും അമൂല്യമായ പുസ്തകത്തിന്റെ പിറവിക്കു വേണ്ടി തങ്ങള്‍ ഉസ്താദ് നന്നായി പരിശ്രമിച്ചിട്ടുണ്ടെന്ന് പുസ്തകം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും.. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മഹാനുഭാവനെ വായിക്കാന്‍ സാധിച്ചത് വലിയൊരു സൗഭാഗ്യമായി കരുതുന്നു.