‘ആഗസ്റ്റ് 14 അര്‍ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായിരുന്നു.’ സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പുലരിയെ ഡൊമിനിക് ലാപിയറും ലാരി കോളിന്‍സും ഫ്രീഡം അറ്റ് മിഡ് നൈറ്റില്‍ വിവരിക്കുന്നതിങ്ങനെയാണ്. ആ ഉണര്‍വിന്റെ ഉന്മേഷം തനിമ ചോരാതെ ഏഴര പതിറ്റാണ്ടിനിപ്പുറവും രാജ്യത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞുനില്‍ക്കുന്നുവെന്നത് തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ മനോഹാരിത.
സ്വാതന്ത്ര്യ സമരത്തില്‍ കാഴ്ചക്കാര്‍ പോലുമല്ലാത്തവര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ചരിത്രസ്മരണയാണ് ഏറ്റവും പാവനമായ സ്വാതന്ത്ര്യ ദിനാഘോഷം. സ്വാതന്ത്ര്യ സമര ചരിത്രത്തെ മലിനപ്പെടുത്തി അതി വിദഗ്ധമായി ഹൈജാക്ക് ചെയ്യാനുള്ള ചരടുവലികള്‍ അണിയറയില്‍ ഗണിതഭദ്രമായി അരങ്ങേറുന്നുണ്ട്. ദേശീയപതാകയെ അംഗീകരിക്കാന്‍ പോലും തയ്യാറാകാതിരുന്നവരുടെ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്ന പതാക ഉയര്‍ത്തലിനെ പ്രഹസനമെന്ന് വിളിച്ച് നിസാര വത്കരിക്കുന്നതിനപ്പുറം പ്രോജ്വലമായ ചരിത്ര യാഥാര്‍ഥ്യങ്ങളെ തങ്ങളുടെ ലേബലിലേക്ക് അടര്‍ത്തിയെടുക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിയണം. ആലി മുസ്ലിയാരും വാരിയന്‍ കുന്നനുമടങ്ങുന്ന മലബാര്‍ സമര പോരാളികളെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ICHR) ന്റെ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും ദേശ സ്‌നേഹികളായി ചിത്രീകരിക്കുന്നതും അത്തരം കരു നീക്കങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്.
ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കുന്നതില്‍ സംഘ്പരിവാറിന് സഹജമായ സാമര്‍ഥ്യമുണ്ട്.
പട്ടേലിനെ എന്ന് മുതലാണ് സംഘ്പരിവാറിന് പ്രിയപ്പെട്ടതായത്..? പട്ടേലിനെ കോണ്‍ഗ്രസ്സില്‍ നിന്ന് മോഷ്ടിച്ച അതേ ലാഘവത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെയും ദേശീയ പതാകയെയും കൊള്ളയടിക്കാന്‍ സംഘ് കുബുദ്ധികള്‍ക്ക് നിഷ്പ്രയാസം സാധിക്കും. ചരിത്രങ്ങള്‍ വികലമാക്കി തീവ്ര ദേശീയത കത്തിച്ച് രാജ്യത്തിന്റെ സ്വന്തക്കാരാകാനുള്ള ശ്രമത്തെ സത്യത്തെ മുന്‍നിര്‍ത്തി അതിജയിക്കാന്‍ ഇന്ത്യന്‍ ജനത പ്രാപ്തരാകേണ്ടതുണ്ട്. നിരന്തരമുള്ള വക്രീകരണ അജണ്ടകളെ ചെറുക്കുന്നതിലുപരി ചരിത്രം ഓര്‍ക്കുകയും ഓര്‍മിപ്പിക്കുയും ചെയ്യുന്നതിലൂടെ യാഥാര്‍ഥ്യങ്ങളെ അടര്‍ത്തിമാറ്റി റീപ്ലേസ് ചെയ്ത കളവുകളൊക്കെയും കാലം തിരുത്തി വായിക്കും.
സ്വാതന്ത്ര്യാനന്തരം ഏഴര പതിറ്റാണ്ട് തികയുമ്പോഴും സ്വാതന്ത്ര്യത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ സാധിക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ട നല്ലൊരു ശതമാനം ജനങ്ങള്‍ ആഘോഷങ്ങളുടെ അര്‍ഥശൂന്യതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.
തൊഴില്‍ രഹിതരുടെയും തെരുവിലുറങ്ങുന്നവരുടെയും കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നവരുടെയും കണക്കുകള്‍ ആ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്നു. പൗര സ്വാതന്ത്ര്യത്തിലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റവും ഗ്ലോബല്‍ ഫ്രീഡം ഇന്റക്സില്‍ ഇന്ത്യ 111ലേക്ക് കൂപ്പു കുത്തിയതും ഈ ദുരവസ്ഥയോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കപ്പുറത്ത് വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ക്കും ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ഥ പൂര്‍ണമാകുന്നത്.
അധികാര പ്രയോഗങ്ങളിലൂടെ ജനജീവിതത്തെ ഭീതിയില്‍ തളച്ചിട്ട് ഏകാധിപത്യത്തിലേക്ക് നടന്നടുക്കുകയാണ് ഭരണകൂടം. നിരന്തരമായ സ്വാതന്ത്ര്യ ധ്വംസനങ്ങളിലൂടെയും ഭീതിപ്പെടുത്തലുകളിലൂടെയും തങ്ങളുടെ ഇഷ്ടാനുസരണം വഴങ്ങുന്ന ഒരു ജനതയെ രൂപപ്പെടുത്തലാണ് ആത്യന്തിക ലക്ഷ്യം. ഭയപ്പെടുത്തലുകളില്‍ വിറപൂണ്ടിരിക്കുന്നതും നമ്മള്‍ ആപത്തിലാണെന്ന് അലമുറയിട്ടു കൊണ്ടിരിക്കുന്നതും വിഡ്ഢിത്തമാണ്. നിര്‍മാണാത്മകമായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് അസ്ഥിത്വ പ്രതിസന്ധികളെ അതിജയിക്കേണ്ടത്.
ഭീതിപ്പെടുത്തുന്നവര്‍ക്കും അതിനൊത്ത് അലമുറയിടുന്നവര്‍ക്കും അജണ്ടകളുണ്ട്. ഇരവാദങ്ങളില്‍ മുങ്ങിക്കുളിച്ച് ഫാസിസം തന്ത്രപൂര്‍വമൊരുക്കുന്ന കെണിവലകളില്‍ തല വെച്ചുകൊടുക്കാതിരിക്കാനുള്ള ജാഗ്രതയും ആത്മവിശ്വാസവുമാകണം സ്വാതന്ത്ര്യദിന ചിന്തകളുടെ മൂലധനം. ചരിത്ര യാഥാര്‍ഥ്യങ്ങളില്‍ തിരുകലുകള്‍ അനുവദിക്കാത്ത ഉള്‍ക്കരുത്താകണം നമ്മുടെ ചരിത്രബോധം. സ്വാതന്ത്രത്തിന്റെ മുമ്പേ ഉണര്‍ന്ന രാജ്യത്തിന്റെ അന്തകരായ ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ ഇപ്പോഴും ഉണര്‍ന്നിരിപ്പുണ്ടെന്ന് കരുതിയിരിക്കുക.
കടമ്മനിട്ടയുടെ വരികള്‍ പോലെ ‘കണ്ണു തുറന്ന് കാവലിരിക്കുക..!’
‘കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തിജ്ജ്വലിക്കും ഉള്‍ക്കണ്ണ് വേണം,
അണയാത്ത കണ്ണ്.’