ഇസ്ലാമിക ആദ്ധ്യാത്മിക സരണികളിൽ ലോകമാകെ പ്രചാരം നേടിയതും ധാരാളം ആരിഫീങ്ങളും ആലിമീങ്ങളും അനുവർത്തിക്കുന്നതുമായ സൂഫീ സാധക മാർഗ്ഗമാണ് ശാദുലി ത്വരീഖത്ത്. ലോകാവസാനം വരെ മുറബ്ബിയായ ശൈഖിന്റെ അഭാവമുണ്ടാവില്ല, അക്കാലം വരെ വരുന്ന ഖുത്വുബകളുടെ സരണി, മജ്ദൂബുകൾ സ്വഹ് വിലേക്ക് വന്ന ശേഷമേ മരിക്കൂ, സമകാല പണ്ഡിതരുടെ അംഗീകാരം തുടങ്ങി ഒട്ടനവധി സവിശേഷതകളുള്ളതാണ് ഈ ആത്മീയ സരണി. അതിന്റെ ഉപജ്ഞാതാവായ തഖിയുദ്ധീൻ അബുൽ ഹസൻ അലി അശാദിലി ഇമാമിന്റെ അർത്ഥപൂർണ്ണമായ അറുപത്തിമൂന്ന് വർഷക്കാലത്തെ ജീവിതം അടയാളപ്പെടുത്താനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്. യഥാർത്ഥത്തിൽ ശൈഖ് ജീലാനി (റ) നെ വിവരിക്കുന്ന ഗ്രന്ഥങ്ങളെക്കാൾ വിശാലമായ ഗ്രന്ഥശേഖരം ഇമാം ശാദിലിയെ കുറിച്ച് നമുക്ക് കാണാനാകും.
ജനനം
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതും അനവധി ഔലിയാക്കൾ ജനിച്ചു വളർന്നതുമായ രാജ്യമാണ് മൊറോക്കോ (മഗ്രിബ്). പല പ്രവിശ്യകളും കാർഷിക വിത്തിറക്കാൻ അനുയോജ്യമായ ഫലപൂഷ്ടിയുള്ള മണ്ണിനാൽ സമൃദ്ധമാണ്. അതിലപ്പുറം ഇസ്ലാമിക ജ്ഞാനോദയത്തിന് വേരുറച്ച ഭൂമികയായത് കൊണ്ടാകാം മഹത്തുക്കളായായ പലരുടെയും ജന്മഭൂമിയായി അള്ളാഹു ഈ രാജ്യത്തെ തിരഞ്ഞെടുത്തത്.
ആഫ്രിക്ക, യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളെ പരസ്പരം വേർതിരിക്കുന്നതും അറ്റ്ലാന്റിക്, മെഡിറ്ററേനിയൻ കടലുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ജിബ്രാൾട്ടർ കടലിടുക്കി(Strait of Gibraltar) ന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൊറോക്കോയിലെ സബ്ത (sebtah)പട്ടണത്തിലെ ഗുമാറ ഗ്രാമത്തിൽ ഹിജ്റ 591/593 ലാണ് ഇമാം ശാദിലി ജനിക്കുന്നത്. സിയൂറ്റ(Ceuta) എന്ന പേരിൽ ഗുമാറ ഇന്ന് സ്പെയിനിന്റെ അധികാര പ്രദേശമാണ്. ശാദുലി എന്ന പേര് ഉകാരത്തിലും(ശാദുലി) ഇകാരത്തിലും(ശാദിലി) വായിക്കാവുന്നതാണ്
(താജുൽ അറൂസ്)
കുടുംബം
ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ മുആവിയ (റ) പറഞ്ഞയച്ച പടനായകനായ ഉഖ്ബത്ത് ബ്നു നാഫിഅ് (റ) ന്റെ നേതൃത്വത്തിൽ മൊറോക്കോ കീഴടക്കിയ ശേഷം അവിടെ കുടിയേറിയ അഹ്ലുബൈത്തിലെ സന്താനപരമ്പരയിൽപെട്ട ആളാണ് ഇമാം ശാദിലി(റ). നബി(സ) തങ്ങളുടെ പേരമകൻ ഹസൻ (റ) ന്റെ പതിനാറാമത്തെ പൗത്രനായ ഇമാം ശാദിലിയുടെ പിതൃപരമ്പര ഇങ്ങനെ വായിക്കാം.
ഹസൻ(റ)ന്റെ മകൻ ഹസനുൽ മുസന്ന(റ)യുടെ മകൻ അബ്ദുല്ലാഹി(റ)യുടെ മകൻ ഇദ്രീസ്(റ) എന്നവരുടെ മകൻ ഈസ(റ)യുടെ മകൻ മുഹമ്മദ്(റ) മകൻ അഹമ്മദ്(റ) മകൻ അബീബത്താൽ(റ) മകൻ വർദാൻ(റ) മകൻ യൂശഅ്(റ) മകൻ യൂസുഫ്(റ) മകൻ ഖുസയ്യ്(റ) മകൻ ഹാതിം(റ) മകൻ ഹുർമുസ്(റ) മകൻ തമീം(റ) മകൻ അബ്ദുൾ ജബ്ബാർ(റ) മകൻ അബ്ദുല്ലാഹ്(റ) ന്റെ മകനാണ് സയ്യിദുനാ അബുൽ ഹസൻ അലിയ്യ് അശാദുലി(റ).
ശരീര പ്രകൃതി
ശിഷ്യനും ഖാദിമുമായ അബുൽ അസാഇം(റ) പറയുന്നു:
തവിട്ടു നിറത്തിൽ പൊക്കം കൂടിയ മെലിഞ്ഞ ശരീരം, നീളം കൂടിയ കൈവിരലുകൾ, ആകർഷണീയവും സാഹിത്യ സമ്പുഷ്ടവുമായ സംസാര ശൈലി എന്നീ സ്വഭാവ ഗുണങ്ങൾ മേളിച്ചവരായിരുന്നു ഇമാം ശാദിലി. (അൽമഫാഖിറുൽ അലിയ്യ)
പഠനം, മശായിഖന്മാർ
സകല വിജ്ഞാന ശാഖകളിലും വൈദഗ്ധ്യം തെളിയിച്ച ശൈഖവർകൾ ഏഴാം വയസ്സിൽ പരിശുദ്ധ ഖുർആൻ പൂർണ്ണമായും ഹൃദിസ്ഥമാക്കി തന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് തുടക്കം കുറിച്ചു. പ്രാദേശിക ഗുരുവര്യന്മാരിൽ നിന്നും പ്രാഥമിക പഠനം നടത്തിയ ശേഷം അറിയപ്പെട്ട വിദ്യാഭ്യാസ കേന്ദ്രമായ മൊറോക്കോയിലെ ഫാസിൽ പോയി ദീനീ വിജ്ഞാനങ്ങൾ നുകർന്നു. അവിടെ നിന്നും ആദ്ധ്യാത്മിക ജ്ഞാനം പഠിക്കാനുള്ള അതിയായ ആഗ്രഹത്താൽ വലിയ സൂഫീ പണ്ഡിതനായ ഇബ്നു ഹറാസിം എന്ന പേരിൽ പ്രസിദ്ധനായ അബ്ദുള്ളാഹി ബ്നു അബിൽ ഹസനി ബ്നി ഹറാസിം എന്നവരിൽ നിന്നും തസവ്വുഫീ പഠനത്തിന് തുടക്കം കുറിച്ചു. ശേഷം ടുണീഷ്യയിൽ പോയി മാലികീ മദ്ഹബിലും അറബു സാഹിത്യത്തിലും വലിയ അവഗാഹം നേടി.
ഇബ്നു മശീശുമായി സന്ധിക്കുന്നു..
ശാദുലീ ഹളറകളുടെ ആരംഭത്തിൽ ചൊല്ലി വരാറുള്ള നിരവധി മഹത്വങ്ങൾ നിറഞ്ഞ സ്വലാത്തുൽ മശീശിയ്യയും, നമ്മുടെ നാടുകളിൽ ഏറെ പ്രചാരത്തിലുള്ള സ്വലാത്തുന്നാരിയയും നമുക്കായി സമർപ്പിച്ച മഹാ പണ്ഡിതനാണ് അബ്ദുസ്സലാം ബ്നു മശീശ്. മീമിന് പകരം ബാ കൊടുത്ത് ബശീശ് എന്നും പറയപ്പെടാറുണ്ട്. ഇമാം ശാദിലിയുടെ ആത്മീയമായ ഔന്നത്യങ്ങൾക്ക് പിന്നിൽ ഇബ്നു മശീശ്(റ) നുള്ള പങ്ക് വലുതാണ്. മഹാനരുമായി സംഗമിക്കാനിടയായ സംഭവം ഇമാം ശാദിലി (റ) വിവരിക്കുന്നു.
ആദ്ധ്യാത്മിക ജ്ഞാനവും തർബിയത്തിന്റെ മശായിഖന്മാരെയും തേടിയുള്ള എന്റെ യാത്ര ഇറാഖിലെത്തി, ശൈഖ് അബുൽ ഫത്ഹിൽ വാസിത്വിയുമായി സംഗമിച്ചു. അവർക്ക് തുല്യരായി ഒരു പണ്ഡിതനെയും ഞാൻ അവിടെ കണ്ടില്ല. ആരിഫീങ്ങളാൽ നിബിഡമായ ഇറാഖിൽ അൽഖുത്വുബിനെ അന്വേഷിക്കലായിരുന്നു എന്റെ ലക്ഷ്യം. അത്ഭുതമെന്ന് പറയാം എന്നെ കണ്ട മാത്രയിൽ ശൈഖ് വാസിത്വി പറഞ്ഞു: അൽ ഖുത്വുബ് നിന്റെ നാട്ടിലുണ്ടായിരിക്കെ നീ ഇറാഖിൽ ഖുത്വുബിനെ അന്വേഷിച്ച് നടക്കുകയാണോ? അത് കൊണ്ട് നീ നാട്ടിലേക്ക് മടങ്ങുക. അവിടെ ഖുത്വുബിനെ നിനക്ക് കണ്ടെത്താം.
അങ്ങനെ ഇറാഖിൽ നിന്നും മൊറോക്കോയിലേക്ക് തിരിച്ചു പോയി. അന്വേഷണങ്ങൾക്കൊടുവിൽ അവിടെ അൽ ഖുത്വുബ് അബൂ മുഹമ്മദ് അബ്ദുസ്സലാം ബ്നു മശീശ് തങ്ങളെ കണ്ടു. മൊറോക്കോയിലെ ഒരു മലമുകളിലാണ് ശൈഖവർകൾ താമസിച്ചിരുന്നത്. മലയുടെ താഴ്വാരത്തിൽ നിന്നും കുളിച്ച് വൃത്തിയായി ഒരു ഫഖീറിനെ പോലെ ശൈഖിന്റെ സന്നിധിയിലെത്തി. എന്നെ കണ്ടതോടെ ‘യാ അലീ സ്വാഗതം’ എന്ന് സ്വാഗതമരുളി നബി (സ) തങ്ങളിലേക്ക് എത്തുന്ന എന്റെ കുടുംബപരമ്പര ഉദ്ധരിച്ച ശേഷം പറഞ്ഞു: “നീ ആഫ്രിക്കയിലേക്ക് തന്നെ തിരിച്ച് പോകണം. അവിടെ ശാദില എന്ന നാട്ടിൽ താമസമാക്കണം. അള്ളാഹു നിനക്ക് ശാദിലി എന്ന് നാമകരണം ചെയ്യും. ശേഷം ടുണീഷ്യയിലേക്ക് പോവുക. അവിടെവെച്ച് ഖുത്വുബിന്റെ സ്ഥാനം നിനക്ക് ലഭിക്കും”. പിന്നീട് അള്ളാഹു എനിക്ക് ആത്മീയ വിജയം നൽകുന്നത് വരെ ഞാനവിടെ താമസിച്ചു.
ഈ കാലയളവിനിടയിൽ പല അത്ഭുത സംഭവങ്ങൾ മഹാനരിൽ നിന്ന് ശാദിലി ഇമാം ദർശിക്കുകയും പല സംഭാഷണങ്ങൾ അവർക്കിടയിൽ നടക്കുകയും ചെയ്തിട്ടുണ്ട്. ദീർഘം ഭയന്ന് അവയൊന്നും ഇവിടെ കൊടുക്കുന്നില്ല. മൊറോക്കോയിൽ നിന്നും ഇബ്നു മശീശ് തങ്ങളുടെ നിർദേശപ്രകാരം ആഫ്രിക്കയിലെ ശാദിലയിലേക്കും പിന്നീട് അവിടെ നിന്നും ടുണീഷ്യയിലേക്കും പോയി. തന്റെ ശൈഖിനെ പോലെ ആദ്യം തൂനിസിലെ പർവത മുകളിൽ സാവിയ നിർമ്മിച്ച് ആരാധനയിൽ നിമഗ്നനായ ഇമാം ശാദുലി അള്ളാഹുവിന്റെ ഇൽഹാം പ്രകാരം ഇസ്ലാമിക ദഅ് വ പ്രവർത്തനങ്ങൾക്കായി ജനമധ്യത്തിലേക്ക് ഇറങ്ങി. അവിടുത്തെ ശിഷ്യത്വം സ്വീകരിച്ച ആദ്യ സംഘം നാൽപ്പത് ഔലിയാക്കൾ എന്ന പേരിൽ പ്രസിദ്ധരാണ്. ടുണീഷ്യൻ സുൽത്താനും കുടുംബവുമടക്കം ഇമാം ശാദുലിയുടെ ദഅ് വ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി. ശാദുലി ത്വരീഖിലേക്ക് ഒഴുകുന്ന ജനങ്ങളുടെ ആധിക്യം ദഹിക്കാത്ത അൽപ്പം ചിലർ ഇമാം ശാദിലിയെ തടയിടാനായി പല കുതന്ത്രങ്ങളും പയറ്റി നോക്കി. കളളക്കഥകൾ മെനഞ്ഞുണ്ടാക്കി ഭരണാധികാരികളെ ഉപയോഗപ്പെടുത്തി ജയിലിലടക്കാൻ പോലും ശ്രമിച്ചു. പക്ഷേ അവരുടെ ശ്രമങ്ങളെല്ലാം വിഫലമായി.
വൈജ്ഞാനിക ലോകം
ഇമാം ശാദിലിയുടെ സമകാലികരും ലോകം കണ്ട മഹാ പണ്ഡിതന്മാരുമായ സുൽത്താനുൽ ഉലമ ഇസ്സുദ്ദീനുബ്ന് അബ്ദിസ്സലാം(റ), ഇമാം അഹ്മദ്ബ്ന് ഹാജിബ് (റ), ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ), ഇമാം അബ്ദുൽ അളീമിൽ മുൻദിരി (റ), ഇമാം ഇബ്നു സ്വലാഹ് (റ), ഇമാം ഇബ്നു ഉസ്ഫൂർ (റ) തുടങ്ങിയവർ ശൈഖവർകളുടെ അൽ മദ്റസത്തുൽ കമാലിയ്യയിലെ മജ്ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു (നൂറുൽ അബ്സ്വാർ)
ശാഫിഈ മദ്ഹബിൽ പ്രസിദ്ധനായ സുൽത്താനുൽ ഉലമ ഇസ്സുദ്ധീൻ ബ്നു അബ്ദിസ്സലാം(റ) ശരീഅത്തിന്റെ ഇൽമല്ലാതെ മറ്റൊരു ഇൽമില്ല എന്ന് പറഞ്ഞ് ആദ്യകാലങ്ങളിൽ തസവ്വുഫിനെയും സൂഫിയാക്കളെയും വിമർശിച്ചിരുന്നു. പിൽക്കാലത്ത് സൂഫിയാക്കളെ അംഗീകരിക്കുകയും ഇമാം ശാദിലിയുടെ ഇൽമിന്റെ മജ്ലിസിലെ സ്ഥിരാംഗമാവുകയും ചെയ്തു. ഒരിക്കൽ ഇബ്നു ദഖീഖിൽ ഈദ് അടക്കമുള്ള വലിയ പണ്ഡിതന്മാർ ഒരുമിച്ച് കൂടിയ മജ്ലിസിൽ അവരുടെ ആവശ്യപ്രകാരം ശാദുലി ഇമാം രിസാലാത്തുൽ ഖുശൈരി ദർസ് നടത്തി. ദർസ് കേട്ട സുൽത്താനുൽ ഉലമ മജ്ലിസിൽ നിന്ന് പുറത്തിറങ്ങി ശബ്ദത്തിൽ ജനങ്ങളെ വിളിച്ച് വരുത്തി. ഒരാളുടെ വൈജ്ഞാനിക മികവ് ബോധ്യപ്പെടാൻ സമകാല പണ്ഡിതരുടെ അംഗീകാരത്തിലപ്പുറം മറ്റൊന്ന് ആവശ്യമില്ലല്ലോ.
ശാദുലി സരണിയിൽ കണ്ണി ചേരാനായി ഇമാം ശാദുലി നമുക്കായി സമർപ്പിച്ച നിരവധി അന്തരാർത്ഥങ്ങൾ ഉൾകൊള്ളുന്നതും വളരെ ഫലവത്തായതുമായ ഹിസ്ബു നസ്ർ, ഹിസ്ബുൽ ബഹ്ർ, ഹിസ്ബുന്നൂർ, ഹിസ്ബുൽ ജലാല തുടങ്ങിയ ഹിസ്ബുകളിൽ നിന്നും ഔറാദുകളിൽ നിന്നും അവിടുത്തെ ജ്ഞാനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാം.
രചന
ഇമാം ശാദിലിയുടെതായി പറയപ്പെടാൻ ഗ്രന്ഥങ്ങൾ ഒന്നും കാണാൻ കഴിയില്ല എങ്കിലും വലിയ ഗ്രന്ഥങ്ങൾ രചിക്കാൻ പര്യാപ്തരായ വിദ്യാർത്ഥി വിഭാഗത്തെ ഇമാം ശാദിലി വളർത്തിയെടുത്തു. താങ്കൾ എന്താണ് കിതാബുകൾ രചിക്കാത്തത് എന്ന ചോദ്യത്തിന് മഹാനർ പറഞ്ഞ മറുപടി എന്റെ ശിഷ്യന്മാരാണ് എന്റെ രചനകൾ എന്നാണ്. ഏത് ആത്മീയ സരണികൾക്കും വൈജ്ഞാനിക സരണികൾക്കും നിലനിൽപ്പുണ്ടാകുന്നതും അത് ഉമ്മത്തിന് ഉപകാരപ്രദമായി മാറുന്നതും ആ സരണികളുടെ ഉപജ്ഞാതാക്കൾക്ക് ഉന്നതരായ ശിഷ്യന്മാരുണ്ടാകുമ്പോഴാണല്ലോ. അബുൽ അബ്ബാസിൽ മുർസിയിൽ തുടക്കം കുറിച്ച ഇമാമവർകളുടെ ശിഷ്യപരമ്പര ഓരോ കാലഘട്ടത്തിലും യോഗ്യരായ ആളുകളിലൂടെയാണ് കടന്ന് പോയത്. ഇമാം ബൂസ്വീരി, ഇബ്നു അത്വാഇള്ളാഹി അസ്സിക്കന്തരി, തഖിയുദ്ധീൻ സുബ്ഖി, യാഖൂത്തുൽ അർശി, സുലൈമാനുൽ ജസൂലി തുടങ്ങിയവർ അവയിലെ പ്രധാന കണ്ണികളാണ്.
ഇബ്നു തൈമിയ്യ അംഗീകരിക്കുന്നു
വലിയ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഹമ്പലീ മദ്ഹബുകാരനുമാണ് ഡമസ്കസുകാരനായ തഖിയുദ്ധീൻ ഇബ്നു തൈമിയ്യ. പക്ഷെ സൂഫിയാക്കളെയും സ്വഹാബാക്കളെയും നിശിതമായി വിമർശിച്ചത് കാരണം ഇൽമിലെ ബറക്കത്ത് നഷ്ടപ്പെട്ടത് കൊണ്ടാകാം സുന്നത്ത് ജമാഅത്തിന്റെ എതിർ കക്ഷികളായ ബിദഇകൾ അവരുടെ ആശയ സ്രോതസ്സായി ഇദ്ധേഹത്തെ ഉദ്ധരിക്കുന്നത്. വിമർശിച്ച കൂട്ടത്തിൽ ശൈഖ് അബുൽഹസൻ ശാദുലി(റ) യേയും വിമർശിച്ചു. ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ ഇബ്നുതൈമിയ്യ വിമർശിച്ചു. അതിനു തക്ക മറുപടി കൊടുക്കുകയും ചെയ്തു. (ത്വബഖാത്തുൽ കുബ്റ)
ഇബ്നു തൈമിയ്യയും ഇബ്നു അത്വാഇള്ളാഹി അസ്സിക്കന്തരിയും തമ്മിൽ നടന്ന സംവാദം ഹാഫിളു ദഹബിയടക്കം പലരും അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്.
അവസാനകാലത്ത് തന്റെ വിമർശങ്ങൾ ശരിയായിരുന്നില്ല എന്ന് ഇബ്നു തൈമിയ്യക്ക് ബോധ്യപ്പെട്ട സംഭവം ശൈഖ് അബ്ദുൽ ഹഫീള് ശാദുലി (റ) ഉദ്ധരിക്കുന്നുണ്ട്: ശൈഖ് അബ്ദുൽ ഹക്കീം മനാകിസ് (റ) പറയുന്നു: മരണാസന്നനായ ഇബ്നുതൈമിയ്യ ഒരാളെ വിളിച്ച് പറഞ്ഞു: നീ ശാദുലിയ്യാ ത്വരീഖത്തുകാരെ സമീപിച്ച് എന്റെ സലാം പറയണം. അവരുടെ ശൈഖ് എന്റെയും ശഹാദത്തിന്റെയും ഇടയിൽ മറയിട്ടിരിക്കുന്നു (തുഹ്ഫത്തുൽ ഇഖ് വാൻ)
വഫാത്ത്
കേവലം അറുപത്തിമൂന്ന് വർഷം കൊണ്ട് ആദ്ധ്യാത്മിക ജ്ഞാനികൾക്ക് ആത്മീയ വിഹായസ്സിലേക്ക് പറന്നകലാൻ ഉതകുന്ന ആത്മീയ സരണിയും ധാരാളം ഫാഇദകൾ നിറഞ്ഞ ഔറാദുകളും കൈമാറി, അനവധി കിടയറ്റ ശിഷ്യരെയും മുരീദുകളെയും ബാക്കിയാക്കി ഹിജ്റ 656 ൽ ശവ്വാൽ/ ദുൽഖഅ്ദ മാസത്തിൽ ആ വർഷത്തെ ഹജ്ജിന് പോകുന്നതിനിടയിൽ ഈജിപ്തിലെ ഹുമൈസറയിൽ വെച്ച് മഹാനുഭാവൻ ഈ ഭൗതിക ലോകത്ത് നിന്നും വിടപറഞ്ഞു. ഇന്നാലില്ലാഹി ……….
യാത്രക്കിടയിൽ ഹുമൈസറയിൽവെച്ച് മരണപ്പെടും എന്ന് നേരത്തെ അറിഞ്ഞത് പ്രകാരം യാത്രക്കൊരുങ്ങുമ്പോൾ ഖബ്ർ വെട്ടാനുള്ള സാമഗ്രികൾ കരുതാൻ പറഞ്ഞിരുന്നു. ഇബ്നു ബത്വൂത പറയുന്നു. ഹുമൈസറയിൽ എത്തി കുളിച്ച് രണ്ട് റക്അത്ത് നിസ്കരിക്കുന്നതിനിടയിൽ അവസാന സുജൂദിലാണ് മഹാനവർകൾ മരിക്കുന്നത്. മരിക്കും മുമ്പുള്ള വസ്വിയത്തുകളിൽ ഹിസ്ബുൽ ബഹ്റിനെ മുറുകെ പിടിക്കാൻ പറഞ്ഞിട്ടുണ്ട്. നേരത്തെ തന്നെ നിർദ്ദേശിച്ചത് പ്രകാരം അബുൽഅബ്ബാസിൽ മുർസി(റ) ശൈഖിന്റെ സ്ഥാനത്ത് പിൻഗാമിയായി. വഫാത്തായ മാസത്തിൽ അഭിപ്രായ വ്യത്യാസമുണ്ടങ്കിലും ഇന്നും ദുൽഹിജ്ജ ആദ്യത്തിൽ ഗംഭീരമായ ആണ്ട് പരിപാടികൾ ഇമാം ശാദിലിയുടെ ഹളറത്തിൽ നടന്ന് വരുന്നുണ്ട്. അള്ളാഹു അവരോടൊന്നിച്ച് സ്വർഗ്ഗലോകത്ത് നമ്മെ ഒരുമിച്ച് കൂട്ടട്ടെ… ആമീൻ
യാ ശാദുലി ….. യാ ശാദുലി … യാ ശാദുലി ഖദ് ഫാസ മിൻ മഖ്സ്വൂദിഹി