പഞ്ചറുമ്മാമയെന്നാണ് മകന്റെ മകന്‍ വല്ല്യുമ്മയെ വിളിക്കാറ്. കാരണമെനിക്ക് അനുമാനിക്കാന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അവന്റെ കൈയുമായി വല്ല്യുമ്മയുടെ കൈയിനെ താരതമ്യം ചെയ്തുനോക്കുമ്പോള്‍, ഇസ്തിരിയിടാത്ത തൊലിപ്പുറം, പെടലിയൊടിഞ്ഞ നടുപ്പുറം, ചിരട്ട പൊട്ടിയ മുട്ടിന്‍കാല്‍, വെളുത്ത ഷോക്‌സിട്ട മുടിനാരുകള്‍… ഇവയൊക്കെയാണ് വല്ല്യുമ്മയുടെ ദേഹപ്രകൃതം. ചുരുക്കിപ്പറഞ്ഞാല്‍ വല്ല്യുമ്മയാകെ പഞ്ചറായെന്നര്‍ത്ഥം. ഇതിന്റെ അപകര്‍ഷതാബോധം അവര്‍ക്കുമുള്ളതു കൊണ്ടാവണം ഉമ്മാമയെന്നും വീടിന്റെ മൂലയിലൊതുങ്ങുന്നത്. മരുമകള്‍ കഞ്ഞിയുണ്ടാക്കും, കുളിപ്പിച്ചൊരുക്കും, കുപ്പായമണിയിക്കും.. ശുശ്രൂഷകളൊക്കെ നടത്തും. അതും കഴിഞ്ഞ് അവര്‍ക്കുമില്ലേ പണിയോടുപണി. അതും തേടിയവരുമോടിത്തുടങ്ങും. ഇടക്കൊക്കെ വല്ലവരും വന്നാലായി. വന്നവര്‍ വന്നവര്‍ വിശേഷങ്ങള്‍ ചോദിക്കും. പോവാന്‍ നേരത്ത് വല്ലതും കൈയില്‍ ചുരുട്ടി വല്ല്യുമ്മയ്ക്ക് കൊടുക്കും. അങ്ങനെ എത്രയോ രാത്രികള്‍, അത്രതന്നെ പകലുകളും…
ഒരു പവര്‍ കട്ടുള്ള രാത്രിയെക്കുറിച്ച് പറയാനാണിവിടെ എനിക്കേറെയിഷ്ടം. വീടിനകത്തും പുറത്തുമിപ്പോള്‍ ഒരേയൊരു നിറം മാത്രം. കൂരിരുളിന്റെ വേഷപ്പകര്‍ച്ച. അല്‍പനേരം അകത്തിരുന്നിട്ടൊന്നും ഇരിപ്പുറക്കുന്നില്ല. മെല്ലെ പുറത്തിറങ്ങി. കൈയിലൊരു മെഴുകുതിരിയും അതിനെ കാത്തുരക്ഷിക്കാനൊരു ചിരട്ടക്കവചവും ഏന്തി നടക്കുന്ന കാലമാണത്. അയല്‍ പക്കത്തൊരു നജീബുണ്ട്. അവനോടൊപ്പമിരുന്ന് കൊടുത്താല്‍ മാത്രം മതി. രാജധാനി എക്‌സ്പ്രസ് പോലെയല്ലേ സമയസൂചികയോടുക. നജീബിനെയും തേടിത്തന്നെ നടന്നു. വാതില്‍പ്പൊളി മലര്‍ന്നു തുറന്ന് കിടക്കുകയാണവിടെ. ഒരു വട്ടമല്ല, പലവട്ടം ഞാനവനോടും അവരോടും പറഞ്ഞ കാര്യമാണത്. കതക് മലര്‍ക്കെ തുറന്നിടരുതെന്നും അപരിചിതര്‍ കയറിക്കൂടിയാല്‍ അറിയാനാവില്ലെന്നും. പക്ഷേ പറഞ്ഞിട്ടെന്ത്..!
അകത്ത് കയറി ഇടത്തേ മുറിയിലേക്കാണ് ആദ്യം ഞാന്‍ നീങ്ങിയത്. ഇടറിയ നാദത്തില്‍ ദിക്‌റിന്റെ സ്വരമുയരുന്നുണ്ടവിടെ. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഉമ്മാമയായിരുന്നു അത്. നജീബിന്റെ പഞ്ചര്‍ മൂത്തമ്മ. കയറിയ സ്ഥിതിക്ക് കട്ടിലിനോട് ചാരിയ കസേരയില്‍ സലാം പറഞ്ഞ് കയറിയിരുന്നു.
‘ആരാ… മോനേ..’
ഞാനാരാണെന്നും എവിടെ നിന്നുമെന്നല്ലാം പറഞ്ഞു കൊടുത്തു. പിന്നെ ചോദ്യം കഞ്ഞി കുടിച്ചോയെന്ന്, കറിയെന്തെന്ന്, കുളിയൊക്ക കഴിഞ്ഞോയെന്ന്, ഇങ്ങനെ ഒത്തിരിയൊത്തിരി കുഞ്ഞു ചോദ്യങ്ങള്‍. ശേഷം കഥ പറച്ചിലായി. കെട്ടുകഥയല്ല. ഗതകാല സ്മരണകള്‍. ഉമ്മാമയുടെ ഉള്ളിളക്കിയ അനുഭവ സഞ്ചയങ്ങള്‍., മക്കളെ പോറ്റിയ കഥ, ഭര്‍ത്താവിനെ ശുശ്രൂഷിച്ച കഥ, അന്നത്തെ മൗലിദിന്റെ, മാലപ്പാട്ടിന്റെ, ചക്കരച്ചോറിന്റെ… എന്നു വേണ്ട മധുരിക്കുന്നതും കയ്‌പ്പേറിയതുമായ വര്‍ത്തമാന സഞ്ചാരങ്ങള്‍. ഇതൊക്കെ കഴിഞ്ഞപ്പോഴേക്കും ഇരുളിന്റെ മറനീക്കി വെളിച്ചം മുറിക്കകത്തെത്തി. ഉമ്മാമയെ ഞാന്‍ ശരിക്കൊന്ന് നോക്കിയപ്പോള്‍ കവിളിലൂടെ കണ്ണീരൊഴുക്കുന്നുണ്ടവിടെ.
‘ഉമ്മാമയെന്തിനാ കരയുന്നത്…?’
‘ഒന്നുമില്ല മോനേ.. സന്തോഷം കൊണ്ട് കരഞ്ഞതാ..
ഞാനൊറ്റക്കിരുന്ന് മുഷിഞ്ഞപ്പോള്‍ നീ വന്ന് കൂട്ടിരുന്ന്, കുശലം പറഞ്ഞതിന്റെ സന്തോഷം..!’
മണി ഒമ്പത് കഴിഞ്ഞു. ഉമ്മാമയോട് സലാം പറഞ്ഞിറങ്ങിയപ്പോള്‍ മനസ്സിനകത്തെ സമസ്യകളൊക്കെ എങ്ങോ മുങ്ങിമറഞ്ഞിരിക്കുന്നു. അവരുടെ വാക്കുകളില്‍ ഒരുതരം മാന്ത്രികത മന്ത്രിക്കുന്നുണ്ടായിരിക്കണം. ഖല്‍ബിനെയാകെ അലക്കി വെളുപ്പിച്ച് സ്ഫുടം ചെയ്തു തന്നിരിക്കുന്നു. ഹാ.. സുന്ദരം..!
പിറ്റേന്ന് പാലിയേറ്റീവ്കാരന്‍ സുഹൃത്തിനോട് സഗൗരവത്തോടെ ഞാനിത് പറഞ്ഞു. അതിന്റെ മറുപടിയെന്നോണം ഒരു മറുകഥ അവനെന്റെ മുന്നില്‍ നിവര്‍ത്തി വെച്ചു. ഒരു റിട്ടയേഡ് അധ്യാപകന്റെ കഥ. കഥയല്ല, ജീവിതം തന്നെ. മക്കളെ പഠിപ്പിച്ച് തന്നെപ്പോലെയാക്കാന്‍ അല്ലറചില്ലറ പാടൊന്നുമല്ലല്ലോ. പക്ഷേ അതൊക്കെ അയാള്‍ സഹിച്ച് അവരെയും അസ്സല്‍ ഗസറ്റഡ് ടീച്ചേഴ്‌സാക്കി. എന്നാല്‍ മക്കള്‍ക്കെന്ത് ബാപ്പ. ബാപ്പയെ നോക്കും, പരിപാലിക്കും. പക്ഷേ തങ്ങളെക്കൊണ്ടല്ല, അതിനായി ബംഗാളില്‍ നിന്നും ആളെ കൂലിക്കിറക്കിയിരിക്കുകയാണ്. അസ്സല്‍ ബംഗാളിപ്പരിചാരകന്‍. മക്കള്‍ കോരിത്തരുന്ന കഞ്ഞിയുണ്ടല്ലോ., മക്കള്‍ താങ്ങിപ്പിടിക്കുന്ന ഘട്ടമുണ്ടല്ലോ., അതിനൊക്കെ ഒരു ബംഗാളിപ്പരിവേഷം നല്‍കാന്‍ മാത്രം നാമധപ്പതിച്ചെങ്കില്‍ മക്കളുടെ മക്കളും ഇതേ കാഴ്ചയല്ലേ കാണാനിരിക്കുന്നത്, ചെയ്യാനിരിക്കുന്നത്..!
ആസ്തമയും നെഞ്ചെരിച്ചിലുമൊക്കെയായിട്ട് ഡോക്ടറുടെയടുത്ത് വേച്ചുവേച്ചു നടന്നുവന്ന ഒരു വല്ല്യുപ്പായോട്, കണ്ണുതുടച്ച് കൊണ്ട് ഡോക്ടര്‍ പറഞ്ഞുവത്രേ., ഇനി നിങ്ങള്‍ക്ക് ഒന്നോ രണ്ടോ മാസം മാത്രം പ്രതീക്ഷിച്ചാല്‍ മതി, അതിനപ്പുറത്തുള്ള ആയുസ്സ് ഞാന്‍ കാണുന്നില്ല. വല്ല്യുപ്പയുടെ മുഖത്തൊരു കൂരിരുട്ടുമുണ്ടായില്ല. മറിച്ചയാള്‍ തിരികെ പറഞ്ഞു: എത്രയും വേഗം നാലഞ്ചുപേരോട് കടം വാങ്ങി കൈക്കലാക്കണം. കടം വാങ്ങുകയോ..? അതെന്തേ…?’ ഡോക്ടറേ, മരിച്ചാല്‍ അവരെങ്കിലും നമ്മെയോര്‍ത്ത് കരയുമല്ലോ…’ എന്നായി വല്ല്യുപ്പ. ഫലിതത്തിനപ്പുറം നാട്ടിന്‍ പുറത്ത് തെളിഞ്ഞു കിടക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ടുപലക വാക്കുകളിലില്ലേ..? ആലോചിച്ചാല്‍ മതി.
മനുഷ്യന്റെയും മൃഗങ്ങള്‍ക്കുമിടയില്‍ മനുഷ്യരെ വ്യതിരിക്തരാക്കുന്ന പല ഘടകങ്ങളുമുണ്ട്. പക്ഷേ ഒരു പശു പ്രസവിക്കുന്ന രംഗം കണ്ടിട്ടുണ്ടോ..? തള്ളപ്പശു കുഞ്ഞിക്കിടാവിനെ നക്കിത്തുടച്ച് ശുശ്രൂഷിച്ച് കഴിഞ്ഞാല്‍ കിടാവ് മെല്ലെ പാലുകുടിക്കാന്‍ അകിട് തേടിപ്പിടിക്കും. പാലും കുടിക്കും. പക്ഷേ മനുഷ്യക്കുഞ്ഞ് പിറന്നാല്‍ അവനാ കഴിവുണ്ടോ.? ഉമ്മ തന്നെ അമ്മിഞ്ഞപ്പാല് നല്‍കണം. ആഹാരം കൊടുക്കണം. താത്തേ താത്തേ എന്നുപറഞ്ഞ് നടത്തിപ്പഠിപ്പിക്കണം. താലോലിക്കണം. താരാട്ടു പാടണം… എന്നിട്ടാ കുഞ്ഞിക്കരം വളര്‍ന്നാലോ.., അതേ കരം കൊണ്ട് ഉമ്മയെയുമെടുത്ത് കാറില്‍ കയറ്റി ഒരു വീട്ടില്‍ കൊണ്ടുവിടും. ആ വീടിന്റെ പേരോ.. ‘ശരണാലയം’ അഥവാ വൃദ്ധസദനം…!
മനുഷ്യര്‍ക്കു മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാനൊക്കൂ. കാരണമവന് ബുദ്ധിയുണ്ട്. വിശേഷ ബുദ്ധി. തന്റെ സുഖലോലുപതയ്ക്ക് ഉമ്മയൊരു അധികപ്പറ്റായിത്തീരുന്നത് കാണുമ്പോള്‍, അവന്റെ ബുദ്ധി കുരുട്ടുബുദ്ധിയിലൂടെ നീങ്ങി അവിടെ കൂരിരുട്ട് സൃഷ്ടിക്കുന്നു. ഉമ്മയെ അന്ധകാരത്തില്‍ കൊണ്ടുപോയി തളച്ചിടുന്നു. പക്ഷേ ചിലരെ കണ്ടിട്ടില്ലേ., ഉമ്മയെ ചികിത്സിക്കാന്‍ പൊന്നും പണ്ടവും വില്‍ക്കുന്നവര്‍, പുരയിടത്തിന്റെ പാതിയും കണ്ണും പൂട്ടി ‘വില്‍പനയ്ക്ക്’ എന്ന ബോര്‍ഡ് തൂക്കി, തൂക്കി വിറ്റവര്‍, പെറ്റുമ്മയ്ക്ക് വേണ്ടി എല്ലാം ത്യജിച്ചവര്‍… ഇതിനു കാരണവും ബുദ്ധി തന്നെ. ഇരുവരും രണ്ടു രൂപത്തില്‍ ബുദ്ധിയെ പ്രയോജനപ്പെടുത്തുന്നു. ഒരുവന്‍ നല്ല വഴിക്കും മറ്റൊരുവന്‍ വളഞ്ഞ വഴിക്കും.
വളരെ വിഷണ്ണനായിട്ട് ഒരു വ്യക്തി നബിതിരുമേനി (സ) യെ സമീപിക്കുകയുണ്ടായി. ആഗതന്‍ കാര്യമവതരിപ്പിച്ചു. നബിയേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ അതിയായ താല്പര്യമുണ്ടെനിക്ക്, പക്ഷേ എനിക്കതിനുള്ള കഴിവില്ലാതായിപ്പോയി തിരുദൂതരേ… ഒരു പരിഹാരം പറഞ്ഞു തന്നാലും..!
‘ശരി. നിനക്ക് ഉമ്മയുണ്ടോ..?’
‘ഉണ്ട് നബിയേ..’
‘എങ്കില്‍ ഉമ്മയെ നീ പൊന്നുപോലെ നോക്കുക., അതില്‍ നീ വിജയിച്ചാല്‍ നീയൊരു ഉംറ ചെയ്തവനായി, ഹജ്ജ് ചെയ്തവനായി, നാഥന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവനുമായി’. നോക്കൂ.. പെറ്റുപോറ്റിയ ഉമ്മയെ വാത്സല്യപൂര്‍വ്വം സമീപിച്ചവര്‍ക്ക് പ്രവാചകന്‍ വാരിക്കോരിക്കൊടുക്കുന്ന പ്രതിഫലത്തിന്റെ മഹാത്മ്യം..
ജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ക്കൊക്കെയും നിമിത്തം മാതാവ് തന്നെയാണ്. പത്തുമാസക്കാലത്തെ ത്യാഗസുരഭിലതയുടെ നാളുകള്‍ക്ക് ശേഷം അതു നിലക്കുമോ..? ഒരിക്കലുമില്ല. അതിനു ശേഷവും അവനെ വളര്‍ത്തി പാകപ്പെടുത്തിയെടുക്കും വരെ, അവന്റെ അഖില നിഖില സകല മേഖലകളിലും മാതാവിന്റെ അംശം കണ്ടെത്താനായേക്കും. ഇതിന്റെ പരപ്പളവ് മനസ്സിലാക്കിയവര്‍ മടിത്തട്ടില്‍ തന്നെ ലാളിച്ച മാതാവിന് മനത്തട്ടില്‍ മഹനീയ ഗേഹമൊരുക്കി നല്‍കും.
മറ്റുചിലരുണ്ട്. തന്റെ വിവാഹകാലം വരെ മാതാവിനോട് മുറിച്ചാല്‍ മുറിയാത്ത സ്‌നേഹബന്ധത്തിലും ഒരു സഖിയുടെ ജീവിത രംഗപ്രവേശനത്തിലൂടെ ഉമ്മയെ മറന്ന് മനക്കോട്ട അവള്‍ക്കായി പകുത്തു നല്‍കുകയും ചെയ്യുന്നവര്‍. മഹാനായ അല്‍ഖമ: (റ) ന്റെ ചരിത്രത്തിലേക്കൊന്നു പോയിവരാം. മരണവേളയിലാണ് ആ സ്വഹാബിവര്യര്‍. ചുറ്റും കൂടിയവര്‍ അവിടത്തേക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, ആശ്ചര്യം.., കലിമ മൊഴിയാന്‍ സാധിക്കുന്നില്ല. കാര്യഗൗരവം മനസ്സിലാക്കിയ സ്വഹാബാക്കള്‍ തിരുനബി (സ്വ) ക്കരികിലേക്ക് ഓടിയെത്തി. ‘തിരുദൂതരെ… അല്‍ഖമ: തങ്ങള്‍ക്ക് കലിമ ചൊല്ലാനാവുന്നില്ല. ഇനിയെന്തു വഴി..?
തിരുനബി (സ്വ) യുടെ പ്രതിവചനം പെട്ടെന്നായിരുന്നു. ‘അല്‍ഖമ: യുടെ ഉമ്മയെ സമീപിക്കണം., മകനെ കുറിച്ചന്വേഷിക്കണം.!’
തിരുനബി (സ്വ) തങ്ങള്‍ തന്നെ ഉമ്മയ്ക്കരികിലേക്ക് പോയി. പ്രായമെത്തിയ ഉമ്മ. ഊന്നുവടിയുടെ ബലത്തിലാണ് നിവര്‍ന്നുനില്‍ക്കുന്നത്. ‘അല്‍ഖമ: യെക്കുറിച്ച് ഉമ്മയുടെ അഭിപ്രായമെന്താണ്? ‘നബിയേ.. അവന്‍ നന്നായി നിസ്‌ക്കരിക്കും, നോമ്പനുഷ്ഠിക്കും, ഉദാരമതിയാണ്. നന്നായി സഹായിക്കുകയും ചെയ്യും..’
‘പക്ഷേ, ഉമ്മയോട് അല്‍ഖമ: യുടെ സ്വഭാവരീതിയോ..?’
ഉമ്മയല്‍പം വിഷമിച്ചു. എങ്കിലും ചോദിച്ചത് തിരുദൂതരായതിനാല്‍ ഉമ്മയ്ക്ക് പറയേണ്ടി വന്നു. ‘നബിയേ.., എനിക്കവനോട് വെറുപ്പായിരുന്നു… കാരണം അവന് ഭാര്യയായിരുന്നു വലുത്. എന്നെക്കാള്‍ ഭാര്യക്കവന്‍ മുന്‍തൂക്കം നല്‍കും.’
ഉടനെ മുത്ത്‌നബി (സ്വ) ബിലാല്‍ (റ) വിനെ വിളിച്ചു. കുറച്ച് വിറക് കൊണ്ടുവരാന്‍ ആജ്ഞാപിച്ചു.
ഉമ്മയുടെ ഉള്ളുപൊള്ളി. ‘വിറകെന്തിനാണ് പ്രവാചകരേ..?’
‘അല്‍ഖമ: യെ തീയിലിടാനാണീ വിറകുകള്‍. കാരണം., കാര്യഗൗരവം നിസ്സാരമല്ല. അവനെത്ര നോമ്പനുഷ്ടിച്ചാലും നിസ്‌കരിച്ചാലും ധര്‍മ്മം ചെയ്താലും ഉമ്മയുടെ കോപമുണ്ടായിരിക്കെ, സര്‍വ്വതും നിഷ്ഫലമാണ്.’ ഉമ്മയുടെ മനോമുകുരം ഒരു പൈതലിനെപ്പോലെ വിതുമ്പി.
‘ആവില്ല നബിയേ… എന്റെ പൊന്നുമോനെ കരിക്കുന്നത് കാണാനെനിക്ക് ശേഷിയില്ല നബിയേ… ഞാനവന് സര്‍വ്വതും പൊറുത്തു കൊടുത്തു പ്രവാചകരെ…!’
നബിക്കും സന്തോഷമായി. അല്‍ഖമ: തങ്ങള്‍ക്ക് കലിമ ചൊല്ലിക്കൊടുക്കാന്‍ തിരുനബി (സ്വ) സ്വഹാബാക്കള്‍ക്ക് കല്‍പന നല്‍കി. സ്വഹാബാക്കള്‍ തിരക്കിയോടി. തങ്ങളുടെ സഹോദരന് ആവേശപൂര്‍വ്വം കലിമ ചൊല്ലിക്കൊടുത്തു. ആ നാവുകളില്‍ കുളിരുതട്ടിയ പ്രതീതി. ആനന്ദത്തിന്റെ പൂമൊട്ടുകള്‍ രാത്രിയാവാന്‍ കാത്തിരിക്കാതെ പ്രശോഭിച്ചു പുഞ്ചിരിച്ചു. അല്‍ഖമ: തങ്ങള്‍ ശഹാദത്ത് മൊഴിഞ്ഞിരിക്കുന്നു. പുഞ്ചിരി തൂകി നാഥന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു.
ഉമ്മ എന്നുമുതലാണ് നമുക്കന്യരായിത്തീര്‍ന്നത്.? നമ്മുടെ ഓരോ കാര്യങ്ങളും ആയിരം നാവ് കൊണ്ടല്ലേ ഉമ്മ ആനന്ദത്തോടെ പറയാറുള്ളത്. പക്ഷേ വാര്‍ദ്ധക്യദശയിലെത്തിയപ്പോള്‍, പ്രസരിപ്പിന്റെ യൗവനം മാഞ്ഞപ്പോള്‍, തൊലിയുടെ മാര്‍ദ്ദവം കുറഞ്ഞ് ചുളിവുകളണിഞ്ഞപ്പോള്‍ നമുക്കവര്‍ രണ്ടാം നമ്പറായിത്തീര്‍ന്നു. അതുമല്ലെങ്കില്‍ ജീവിതത്തില്‍ ഒരുവള്‍ ‘ഭാര്യയായി വന്നപ്പോള്‍ നിലവാരവും വര്‍ധിച്ചപ്പോള്‍ നമുക്കവരെ വേണ്ടാതായി. ഇന്നത്തെ വിദ്യാഭ്യാസ രീതികളെയും ഇത്തരം സാഹചര്യങ്ങളുടെ സൃഷ്ടിപ്പിനു നിമിത്തമായി നാം കാണേണ്ടതുണ്ട്. കാരണം ഇന്ന് സര്‍വ്വര്‍ക്കും വിദ്യാഭ്യാസമുണ്ട്. പക്ഷേ വിദ്യയില്ല. ധാര്‍മികതയില്ല. ആരെയൊക്കെയോ ബോധിപ്പിക്കാനുള്ള സാക്ഷ്യപത്രങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടമാണ് ഇന്നത്തെ വിദ്യാഭ്യാസം, അതുകൊണ്ടല്ലേ വൃദ്ധസദനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുന്നത്., വാര്‍ദ്ധക്യം ഭാരമായിത്തോന്നുന്നത്. ഒന്നു മനസ്സിലാക്കണം. വാര്‍ദ്ധക്യമെന്നത് ഒരു രോഗമല്ല, മറിച്ച് ശൈശവം പോലെ ബാല്യം പോലെ യൗവനം പോലെ ജീവിത ചക്രത്തിലെ ഒരു സുപ്രധാന ഘട്ടം മാത്രമാണത്. നാഥന്‍ വിളിച്ചാല്‍ ആയുസ്സ് ദീര്‍ഘിച്ചാല്‍ നമുക്കുമാ കാലഘട്ടം തീര്‍ച്ചയായും കടന്നെത്തും.
‘ചിദംബര സ്മരണ’ വായിച്ചിട്ടില്ലേ നമ്മള്‍., ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കൃതി. അതിലൊരു മാതാവിന്റെ ചിത്രം കാണാം. നാണിയമ്മ. ദീനം പിടിച്ച ഒരുപാട് രാത്രികള്‍ക്ക് കൂട്ടിരുന്ന ആ പെണ്മയെ ഒന്നു വിശദമായി വായിച്ചാല്‍, അറിയാതെ കണ്ണീരുറ്റി വീഴും. നാണിയമ്മക്കൊരു മകനുണ്ട്. കുഞ്ഞാപ്പു. ജന്മനാ രോഗിയാണ് കുഞ്ഞാപ്പു. മെലിഞ്ഞുണങ്ങിയ മേനിയില്‍ വീര്‍ത്തുന്തിയൊരു വയറുമായി നില്‍ക്കുന്ന രൂപമാണവനുള്ളത്. കഴുത്തില്‍ ബലക്ഷയം മൂലം എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന മൊട്ടത്തലയാണവനുള്ളത്. വേഗം നടക്കാനോ വെയിലുകൊള്ളാനോ ഓടുവാനോ ചാടുവാനോ ആടുവാനോ കഴിയാത്ത നിത്യദീനക്കാരന്‍. ചിരട്ടക്കയിലുകള്‍ വിറ്റാണ് നാണിയമ്മ മകനെ ചികിത്സിക്കാറുള്ളത്. ഒരുപാട് ചിരട്ടക്കയിലുകള്‍ വിറ്റുപോയെന്നല്ലാതെ ചികിത്സയൊന്നും ഫലിച്ചിട്ടില്ല. മകന്റെ മാറാരോഗം മുന്നില്‍ കണ്ട് കനം കെട്ടിയ മാതൃഹൃദയം വിങ്ങിപ്പൊട്ടി. അറിയാതെയവള്‍ പറഞ്ഞുപോയി., ‘ പത്തുമാസം ചുമന്നുപെറ്റതാ., പറയാമ്പാടില്ല. എന്നാലും എന്റെ കുഞ്ഞമ്മോ. ന്റെ കുഞ്ഞാപ്പു നേരത്തെ പോട്ടെ.. ന്റെ കണ്ണടഞ്ഞാ ആര്ണ്ട് അവന്…? ‘
കേവലമൊരു മാതാവിന്റെ വാക്കല്ലയിത്. ഒരായിരം മാതാക്കളുടെ പ്രതീക ശബ്ദമാണിത്. അതിലൂടെ നിര്‍ഗളിക്കുന്ന അനുരാഗത്തിന്റെ പ്രതിസ്പന്ദനമാണിത്. ഒന്നു നോക്കുന്നത് പോലും ആരാധനയാണെന്ന് പഠിപ്പിച്ച മൂന്ന് കാര്യങ്ങളില്‍ ഒന്ന് മാതാവിന്റെ മുഖമായിട്ടാണ് ഇസ്‌ലാമെണ്ണിയത്. ഓരോ മാതാവും കൊതിക്കുന്നത് മിനുമിനുത്ത മെത്തകളല്ല. ‘-ക്ഷണത്തിന്റെ രുചി’േ-ദങ്ങളുമല്ല. എന്റെ മകനെനിക്കുണ്ടെന്ന ബോധമാണത്, ആ ബോധത്തിലൂടെ ഞാന്‍ സുരക്ഷിതനാണെന്ന ബോധോദയമാണ്. ആ സന്തോഷം നല്‍കാനാവുന്ന മക്കള്‍ക്കു മാത്രമേ മാതൃത്വത്തിന്റെ കാലിനടിയിലെ സ്വര്‍ഗം കാണാനാവൂ. അതിലൂടെയാണ് മരണശേഷമുള്ള സ്വര്‍ഗത്തിലെത്താനുള്ള വഴിയൊരുങ്ങുക. കറിവേപ്പില വലിച്ചെറിയും പോലെ മാതാവിനെ ആവോളം ആവാഹിച്ച് വാര്‍ദ്ധക്യത്തില്‍ വലിച്ചെറിയുന്ന കറുത്ത സംസ്‌കാരങ്ങളുടെ കവാടങ്ങള്‍ അതുവഴി കൊട്ടിയടക്കപ്പെടും., തീര്‍ച്ച .