കാൽവെപ്പുകൾ മായ്ച്ച കാലങ്ങൾ

ഈയടുത്തായി ഇത്രയും തേടിപ്പിടിച്ചു വായിച്ചൊരു പുസ്തകം വേറെയില്ല.
ഒരു പുഞ്ചിരി കണ്ട മാത്രയിൽ ഈ പുസ്തകത്തെ തേടിപ്പിടിച്ചതും ഒരു കഥ തന്നെ.
ഒരു പൊതുസമ്മേളന വേദിയിൽ വെച്ചാണ് ആദ്യമായി മാരിത്തയെ കാണുന്നത്. സമ്മേളനത്തിലുടനീളം നിറപുഞ്ചിരിയോടെയിരിക്കുന്ന മാരിത്തയെ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. അന്നു മുതൽ മാരിയെക്കുറിച്ചു കൂടുതൽ അറിയാനായി ശ്രമിച്ചു തുടങ്ങി. മാരിയോടുള്ള പ്രിയം കാരണം ഫ്ളവേഴ്സിലെ ഒരു കോടിയിൽ മാരിതാ വന്ന ഒന്നേകാൽ മണിക്കൂറുള്ള എപ്പിസോഡ് സ്കിപ്പ് ചെയ്യാതെ മുഴുവൻ കണ്ടുതീർത്തു. അന്നു മാരിത്ത തന്റെ ജീവിതം കോറിയിട്ട “കാലംമായ്ച്ച കാൽപ്പാടുകൾ” എന്ന പുസ്തകത്തെക്കുറിച്ചു പറഞ്ഞു. പിന്നീടങ്ങോട്ട് ആ പുസ്തകത്തിനു വേണ്ടിയുള്ള തിരച്ചിലാരംഭിച്ചു. അറിയാവുന്ന ലൈബ്രറികളിലും ബുക്സ്റ്റാളുകളിലും പ്രിയ സൗഹൃദങ്ങൾക്കിടയിലൂടെ വരെ കയറിയിറങ്ങി. എല്ലായിടത്തുനിന്നും നിരാശ തന്നെ ഫലം. ഒടുവിൽ മാരിത്തയോടു തന്നെ നേരിട്ടു ചോദിക്കാമെന്നായി. പ്രതീക്ഷയ്ക്കു നിരാശ നൽകാതെ മാരിത്തയിലൂടെ തന്നെ ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം പുസ്തകം എന്റെ കൈകളിലത്തി.
ഏറെ കാത്തിരുന്ന പുസ്തകമായതുകൊണ്ടു തന്നെ ഒത്തിരി ആകാംക്ഷയോടെ ഓരോ താളുകളും മറിച്ചുതുടങ്ങി.

കുഞ്ഞമ്മ ടീച്ചറെ മാരി കണ്ടുമുട്ടിയത് ഒരു വലിയ നിമിത്തമാണ്. മാരിയുടെ പത്താം തരം വിജയത്തെക്കുറിച്ചു മുമ്പേ അറിയുമെങ്കിലും ഇന്ന് ഇതു വായിക്കുമ്പോ ആ വിജയത്തിനു കുഞ്ഞമ്മ ടീച്ചർ മാരിയ്ക്ക് നെറുകയിൽ സ്നേഹത്തിന്റെ ചുടുചുംബനം നൽകിയപ്പോൾ മാരിയിലുണ്ടായ അശ്രുകണങ്ങൾ പോലെ ഞാനും കുഞ്ഞമ്മ ടീച്ചറെയൊന്നു സ്മരിച്ചു.

മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ആശംസയോടെയാണു പുസ്തകം തുടങ്ങുന്നത്. ശേഷം അനേകം വായനാനുഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രഥമ അധ്യായങ്ങളിൽ തന്നെ നിറപുഞ്ചിരിയാലെ കഥകൾ പറയാൻ ഇഷ്ടപ്പെ ടുന്ന മാരി ഒരു തരം പോസിറ്റിവിറ്റി കലർത്തി തന്റെ ബാല്യകാലത്തെയും ദൈവനിശ്ചയം കണക്കേ രക്ഷപ്പെട്ട രണ്ടു സംഭവങ്ങളെക്കുറിച്ചും തന്റെ ജീവിതം മാറ്റിയ വിധിയെക്കുറിച്ചും രേഖപ്പെടുത്തുന്നുണ്ട്. കൂടെ തന്റെ ചുറ്റിലുമുള്ള ഒരുപാട് പ്രിയപ്പെട്ട മനുഷ്യരെയും മാരി പരിചയപ്പെടുത്തുന്നു. മഴയും മണ്ണും പൂക്കളും മരങ്ങളും ചുംബിച്ചു മനോഹര ചിറകുകളുമായി പാറിനടന്ന നിഷ്കളങ്കയായ ആറു വയസ്സുകാരിയുടെ മനോഹരചിത്രം മാരി വായനക്കാരനു മുന്നിൽ വരച്ചിട്ടു.

പിന്നീടുള്ള അധ്യായങ്ങളിൽ വിധിയുടെ കയ്പ്പുരസങ്ങളെ മാരി രുചിച്ചറിഞ്ഞ ആദ്യ നാളുകളെക്കുറിച്ചു പറയുന്നു, മാരിയുടെ മനംമടുപ്പിച്ച ആശുപത്രിമുറികളിലെ ഗന്ധവും ചിരിക്കാനാവാതെ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ആറു വയസ്സുകാരിയുടെ മുഖവും വായനക്കാരിൽ നോവുണർത്തുന്നു. തന്റെ ചുറ്റിലുമുണ്ടായിരുന്ന പ്രിയപ്പെട്ടവരെക്കുറിച്ചും അവരുടെയെല്ലാം തിരക്കുകൾ മാരിയിലുണ്ടാക്കിയ വിഷാദവും ചേർത്തു രേഖപ്പെടുത്തുന്നു. കൂടപ്പിറപ്പുകളായ റെജിയിലൂടെയും ഫിറോസിലൂടെയും മാരി നെയ്തെടുത്ത സൗഹൃദങ്ങൾ തീർത്തും മനോഹരമായിരുന്നു. ആ സൗഹൃദങ്ങളുടെ സ്നേഹസ്പർശങ്ങളും ഒരുപക്ഷേ ഇന്നത്തെ മാരിയുടെ ഉണർവിനു കാരണമായിരിക്കാം.
കുഞ്ഞമ്മ ടീച്ചറെ മാരി കണ്ടുമുട്ടിയത് ഒരു വലിയ നിമിത്തമാണ്. മാരിയുടെ പത്താം തരം വിജയത്തെക്കുറിച്ചു മുമ്പേ അറിയുമെങ്കിലും ഇന്ന് ഇതു വായിക്കുമ്പോ ആ വിജയത്തിനു കുഞ്ഞമ്മ ടീച്ചർ മാരിയ്ക്ക് നെറുകയിൽ സ്നേഹത്തിന്റെ ചുടുചുംബനം നൽകിയപ്പോൾ മാരിയിലുണ്ടായ അശ്രുകണങ്ങൾ പോലെ ഞാനും കുഞ്ഞമ്മ ടീച്ചറെയൊന്നു സ്മരിച്ചു. അല്ലെങ്കിലും മിനി ടീച്ചറെയും കുഞ്ഞമ്മ ടീച്ചറെയും പോലെ ബഷീർ മാഷെപ്പോലെയും ചില മനുഷ്യർക്കെന്തൊരു ചന്തമാണ്.

മാരിയുടെ കോളേജ് ദിനങ്ങളെ വായിച്ചറിഞ്ഞു. തണലായി, സ്നേഹസ്പർശമായി കൂടെയുണ്ടായിരുന്ന ധന്യ സിസ്റ്റർ എനിക്കും പ്രിയപ്പെട്ടവരായി. കൂടാതെ, ഒരു ഭിന്നശേഷിക്കാരന് ആവശ്യം കേവലം കുശലന്വേഷണം മാത്രമല്ല. മറിച്ച് അവരെ നമ്മളിൽ ഒരുവരായി അംഗീകരിക്കുമ്പോൾ മാത്രമാണ് അവരുടെ സന്തോഷം പൂർണമാകുന്നതെന്നും തിരിച്ചറിഞ്ഞു.

മാരി മുഖത്തു വിരിയിക്കുന്ന നിറഞ്ഞ പുഞ്ചിരിയുടെ രഹസ്യം മാത്രമാണു മനസ്സിൽ അവശേഷിച്ച മറ്റൊരു ചോദ്യം. കാലം മായ്ച്ച കാൽപ്പാടുകൾക്കു പിറകെ നടന്നപ്പോൾ അതിന്റെ ഉത്തരവും കിട്ടി.

മാരി കത്തിലൂടെ മാത്രം പരിചയമുള്ളൊരു ഗുരുവിനെക്കുറിച്ച് എഴുതുന്നുണ്ട്. വായിച്ച സമയത്ത് ഏതു ഗുരുവാണെന്നു പിടികിട്ടിയില്ല. ഉടൻ ഗൂഗിൾ മുഖേന ഗുരു നിത്യചൈതന്യയതിയെന്ന ആ വലിയ മനുഷ്യനെ ഞാനുമറിഞ്ഞു.
മാരി വഴി ആ വലിയ മനുഷ്യനെ അറിയാനയതിൽ സന്തോഷം.
അവസാന രണ്ട് അധ്യായങ്ങൾ സമൂഹത്തിലെ ചില ചിന്താഗതികളോടും മനോഭാവത്തോടുമുള്ള തുറന്നെഴുത്താണ്. ഞാനും ഇങ്ങനെയുള്ളവരെ സഹതാപത്തിന്റെ കണ്ണുകളോടു കൂടിയായിരുന്നോ കണ്ടിരുന്നതെന്ന കുറ്റബോധവും ഈ അധ്യായങ്ങൾ എന്നിലുണർത്തി. ഈ പുസ്തകത്തിലെ അവസാന താളുകളിലെ പല വരികളും ഏവർക്കും ഉപകാരപ്പെടുന്നതാണ്. ജീവിതത്തിന്റെ പ്രകാശം എങ്ങനെ കെടാതെ സൂക്ഷിക്കാമെന്നു മാരി വളരെ കൃത്യമായി തന്നെ തുറന്നുകാട്ടുന്നുണ്ട്. പുസ്തകത്തിലുടനീളം മാരി എത്ര മനോഹരമായാണ് ദൈവത്തോടുള്ള നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്, തന്റെ ചുറ്റിലുമുള്ളവരെ വരച്ചുകാട്ടിയതും ഏറ്റവും ഹൃദ്യമായിരിക്കുന്നു.

മാരി മുഖത്തു വിരിയിക്കുന്ന നിറഞ്ഞ പുഞ്ചിരിയുടെ രഹസ്യം മാത്രമാണു മനസ്സിൽ അവശേഷിച്ച മറ്റൊരു ചോദ്യം. കാലം മായ്ച്ച കാൽപ്പാടുകൾക്കു പിറകെ നടന്നപ്പോൾ അതിന്റെ ഉത്തരവും കിട്ടി. ഉള്ളു തുറന്നു ചിരിക്കുന്ന നിഷ്കളങ്കബാല്യത്തിൽ ചിരിക്കാൻ കഴിയാതെ പോയത്തിനാലാവാം ഇന്ന് മാരിവില്ലു പോലെ അവരെപ്പോഴും വർണാഭമായി, നിറപുഞ്ചിരിയോടെ നിൽക്കുന്നത്. എന്നാലും, എന്റെ മാരിത്താ.. എങ്ങനെയാണ് ചുറ്റിലുമുള്ള പ്രിയപ്പെട്ട മനുഷ്യരെ ഇങ്ങനെ നെഞ്ചോടു ചേർത്തു സ്നേഹിക്കാൻ കഴിയുന്നത്?

മിസ്‌ന പറപ്പൂർ

മിസ്‌ന പറപ്പൂർ

വിദ്യാർത്ഥി, ഗവണ്മെന്റ് രാജാസ് ഹയർസെക്കൻഡറി സ്കൂൾ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×