പച്ചമാങ്ങ

ചോലക്കാട്ടിലെ മണി പോലീസിൻ്റെ പറമ്പിലുള്ള മാവിൽ നിറയെ മാങ്ങകളുണ്ടെന്നു സ്കൂൾ പൂട്ടുന്ന ദിവസം കൂട്ടുകാരൻ സെയ്ദു പറഞ്ഞിരുന്നു. പിറ്റേന്നു മുതൽ പച്ചമാങ്ങ തിന്നാനുള്ള കൊതിയും കൂടി. ഒരുപാടു നാളായി ഒരു മാങ്ങ രുചിച്ചിട്ട്. അവസാനമായി തിന്നത് ഓർക്കുകയാണെങ്കിൽ, മൂന്നു വർഷങ്ങൾക്കു മുമ്പ് ഒന്നാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഉമ്മാൻറെ വീട്ടിലേക്കു വിരുന്നു പോയപ്പോളായിരിക്കണം, ഉമ്മ മരിച്ചതിൽ പിന്നെ അവിടേക്കുള്ള പോക്കും നിന്നു. പിന്നീട് മാങ്ങ കണ്ടിട്ടേയില്ല.

ഞങ്ങൾക്കു മണി പോലീസിനെ കാണുന്നതേ പേടിയാണ്. ചെറുപ്പത്തിൽ അവരെ പേടിച്ച് എത്രയെത്ര ചോറുരുളകളാണ് ഉമ്മ എൻ്റെ വയറ്റിലെത്തിച്ചത്. ഒരുപക്ഷേ ഇതെൻ്റെ മാത്രം അനുഭവമായിരിക്കില്ല, നാട്ടിലെ ഒട്ടുമിക്ക കുട്ടികളുടെയും അവസ്ഥ ഇതുതന്നെയായിരിക്കണം. ആ പേടിയിൽ നിന്നു രൂപപ്പെട്ടതാണ് ‘മണി പോലീസ്’ എന്ന പേരു തന്നെ. ലോകത്തിലിതാദ്യമായിരിക്കാം, ഒരു കൂലിപ്പണിക്കാരൻ പോലീസാകുന്നത്.

അരിമില്ലിനടുത്തുള്ള അവരുടെ പറമ്പിൽ നിറയെ മരങ്ങളാണ്. തെങ്ങും കവുങ്ങും തുടങ്ങി പേരറിയാത്ത പല മരങ്ങളും തിങ്ങിനിറഞ്ഞൊരു പറമ്പ്. ഇതിലേതാണു മാവെന്നു കണ്ടുപിടിക്കലായിരുന്നു എൻ്റെ ആദ്യ ടാസ്ക്. മരങ്ങളെക്കുറിച്ചൊന്നും വലിയ ധാരണയില്ലാത്തതിനാലാവാം ഒരുപാട് സമയമെടുത്തു ഒരു മാവു കണ്ടുപിടിക്കാൻ. നാലാംക്ലാസുകാരന്റെ ചിന്തയും, പ്രകൃതിയോടിണങ്ങിയല്ലാതെയുള്ള ജീവിതവുമായതു കൊണ്ടായിരിക്കണം, ഇത്രയും കഷ്ടപ്പെടേണ്ടിവെന്നത്.

തൂങ്ങിക്കിടക്കുന്ന മാങ്ങകൾ കണ്ട് ഉള്ളിൽ നിറയെ രുചിക്കൂട്ടുകൾ നിറഞ്ഞു. ഒട്ടും സമയം കളയാതെ കൈയിൽ കിട്ടിയ കല്ലുകളെല്ലാമെടുത്തു പായിച്ചു. ചിലത് ഉന്നംതെറ്റി എവിടെയോ ചെന്നു പതിച്ചു, ചിലത് മാങ്ങയ്ക്ക് കൊണ്ടെങ്കിലും നിലംപതിക്കാനുള്ള വേഗത ഇല്ലാത്തതിനാൽ വിഫലമായി. തുടർച്ചയായ ഏറിനൊടുവിൽ എങ്ങനെയോ ഒന്നു വീണു.
‘നല്ല പച്ചമാങ്ങ’
മൂപ്പെത്തിയ ഒന്ന്,
രണ്ടു മൂന്നാഴ്ച്ച കൂടി കഴിഞ്ഞാൽ പഴുക്കാൻ സാധ്യതയുണ്ട്.
വീണ്ടും ആധി കേറി, ഒന്നുകൂടി വീഴ്ത്താനുള്ള ശ്രമങ്ങൾ തുടർന്നു.

വലിയ കാടുപിടിച്ച പറമ്പാണ്. ഇതിൻ്റെ ഒത്ത നടുക്ക് ഒരു വലിയ കുളമുണ്ടെന്നും ചെറുതിലാകുന്ന സമയത്ത് അമ്മാവൻ്റെ കൂടെ കുളിക്കാൻ പോകാറുണ്ടെന്നും, വർഷങ്ങൾക്കു മുമ്പ് രണ്ടു മൂന്നാളുകൾ മുങ്ങി മരിച്ചിട്ടുണ്ടെന്നുമെല്ലാം സെയ്ദു പറഞ്ഞിരുന്നു. ഇതെല്ലാം കേട്ടതിൻ്റെ ഭയം ഉള്ളിലുണ്ടായതു കൊണ്ടാവണം, എല്ലാം സൂക്ഷിച്ചാണു ചെയ്യുന്നത്.

നേരം ഇരുട്ടുന്നത്തിൻ്റെ മുമ്പേ തിരികെ വീട്ടിലെത്താനുള്ളതു കൊണ്ട് അടുത്ത മാങ്ങക്കായുള്ള ശ്രമം തുടർന്നു. തുടരെത്തുടരെ കല്ലുകളെടുത്തെറിഞ്ഞു. ചിലതെല്ലാം മാങ്ങക്കുമ്മ വെച്ചു പോകുന്നതുപോലെ തോന്നും.
ചിലതോ പണ്ടെങ്ങോ തെറ്റിയതുപോലെയും.
ഒരുപാടു ശ്രമിച്ചിട്ടും രണ്ടാമതൊരു മാങ്ങ കിട്ടിയില്ല. ഒടുവിലാണണൊരു കല്ലു ചെന്നു പത്തായപ്പുരയുടെ മുകളിൽ വീണത്. ഉള്ളിൽ നിന്നു മണി പോലീസ് ഇറങ്ങിവന്ന്
ഒന്നുറക്കെ ചോദിച്ചു.
‘ആരാ ഇവിടെ..?’
എനിക്കു ഭയമേറി.
അദ്ദേഹം ദേഷ്യം മൂത്തു ചുറ്റും നോക്കി.
ഉരുണ്ട്, വലിയ ആ ഒറ്റ മാങ്ങയും മുറുക്കിപ്പിടിച്ചു വണ്ണമുള്ള മാവിനേയും മറയാക്കി ഞാൻ അനങ്ങാതെ നിന്നു. കൂടുതലൊന്നും നിൽക്കേണ്ടി വന്നില്ല, അവരടുത്തെത്തി. കണ്ണുരുട്ടിക്കൊണ്ടു കാര്യങ്ങളെല്ലാം ചോദിച്ചു. താഴേത്തൊടിയിലെ വറീദിൻ്റെ മോനാണെന്നും,
മാങ്ങ പറിക്കാൻ വന്നതാണെന്നും, തിന്നാനുള്ള പൂതി കൊണ്ടാണെന്നുമൊക്കെ പറഞ്ഞുനോക്കി.
കാർക്കശ്യക്കാരനായ അദ്ദേഹം അതൊന്നും ചെവികൊണ്ടില്ല.
ശകാരിച്ചു,
വീടു വരെ ഓടിയിട്ടടിച്ചു,
നെടുവീർപ്പിട്ടുള്ള ആ ഓട്ടത്തിനിടയിൽ ചെരുപ്പിന്റെ വാറു പൊട്ടി, ഒന്നമർത്തി ചവിട്ടുമ്പഴേ വാറങ്ങു പറിഞ്ഞു പോരും.
തെറിച്ചുപോയ ചെരുപ്പും കൈയിലെടുത്തു പിന്നേയും മുറുക്കിയോടി.

തുട മുഴുവൻ ചെമന്ന പാടുകൾക്കൊണ്ടു ചിത്രം വരഞ്ഞിട്ടുണ്ട്,
സംഭവങ്ങളെല്ലാം നാട്ടുകാർ അറിഞ്ഞു,
മോന്തിയാകുന്ന നേരം ബാപ്പ പണിയും കഴിഞ്ഞ് വരുമ്പോൾ തന്നെ അങ്ങാടിയിൽ വെച്ചു കര്യങ്ങളെല്ലാമറിഞ്ഞിരുന്നു. വഷളത്തരം കൊണ്ടായിരിക്കണം, ഉമ്മറപ്പടി ചവിട്ടും മുന്നേ ‘മജീദേ…’ എന്നു നീട്ടിവിളിച്ചത്.
ആ വിളിയിൽ തന്നെ ഉപ്പാന്റെ ദേഷ്യം എനിക്കു മനസ്സിലായിരുന്നു.
“ഇയ്യ് മണിയേട്ടൻ്റെ പറമ്പീന്ന് മാങ്ങ പർച്ചീന്യോ…?”
“ആഹ്… തിന്നാനുള്ള പൂതി കൊണ്ടാണ് പ്പ…”
“ആരാന്റെ തൊടീന്നു മാങ്ങ പറിക്ക്യാൻ പറ്റൂലാന്ന് അനക്ക് അറീലെ ടാ…?” ദേഷ്യത്തോടെയുള്ള ഉപ്പാന്റെ ചോദ്യം കേട്ടു പിന്നീടൊന്നും മിണ്ടിയില്ല. മതിലിനോടു ചാരി പുറമമർത്തി പതിയെ തറയിലിരുന്നു.
ഒപ്പം ഉണങ്ങിയൊരു മട്ടൽക്കൊണ്ടു തലങ്ങും വെലങ്ങുമുള്ള അടിയും.
വേദനകൾ സഹിച്ചു നിന്നു, അടുക്കളപ്പുറത്ത് ഒളിപ്പിച്ചുവെച്ചിരുന്ന മാങ്ങയെടുത്ത് ഉപ്പ തൊടിയിലേക്കെറിഞ്ഞു. ഉള്ളിൽ സങ്കടമേറെയായി,
കണ്ണുനീരൊഴുക്കി.
ചെരുമുറിയിൽ ചെന്നു കതകിനു കൊളുത്തുമിട്ടു ഞാൻ ഉമ്മയോടു തേങ്ങിക്കരഞ്ഞു പറഞ്ഞു.
‘മാങ്ങ പറിക്കാൻ പോയതും, മണി പോലീസിനെ കണ്ടതും, ഉപ്പ അടിച്ചതുമെല്ലാം…’
കൂടെ പച്ചമാങ്ങ തിന്നാനുള്ള ആധിയും.
“എനിക്കും ഉമ്മയുടെ അടുത്തേക്കു വരണം..”
നിലത്തുവിരിച്ച പായയിൽ മുഖംപൂഴ്ത്തി കമിഴ്ന്നുകിടന്നു കരഞ്ഞു.

ഇർഫാൻ പി.പാടം

ഇർഫാൻ പി.പാടം

വിദ്യാർത്ഥി, മർകസ് ഹയർസെക്കൻഡറി സ്കൂൾ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×