ശിഷ്ടം

ആരൊക്കെയോ ഓടുന്നതു പോലെയെനിക്കു തോന്നി. ശബ്ദം കേട്ടിട്ട് ഒരുപാടു പേരുണ്ട്. എന്തിനോ അവർ ഓടുകയാണ്.”എനിക്ക് വേണം, നീ പോ.. നീ ഇന്നലെ കൂടുതൽ തട്ടിയതല്ലേ” എന്നൊക്കെ പറഞ്ഞ്.. മൊത്തത്തിൽ ബഹളം. കഴിഞ്ഞ ദിവസം ഷെർലക് ഹോംസെന്ന പുസ്തകം വായിച്ച് അതിന്റെ വ്യാധി മാറാത്തതു കൊണ്ടാകണം, എന്തുണ്ടായാലും അതു കാണാതെ അനുമാനിക്കുന്ന സ്വഭാവം എന്നിൽ വന്നുചേർന്നിരിക്കുന്നു. അത്തരത്തിൽ ഞാൻ അനുമാനിച്ചെടുത്തു. അവർ ഭക്ഷണത്തിനു വേണ്ടിയാകണം ഓടുന്നത്. ഒരു മിനുട്ട്!, ഞാൻ എന്തിന് അങ്ങനെയൊരു സ്ഥലത്തെത്തണം? പെട്ടെന്ന് ഞാൻ എണീറ്റപ്പോൾ ചുറ്റും കടുംവെള്ള നിറത്താൽ ചുറ്റപ്പെട്ട വലിയൊരു മുറി മാത്രവുമല്ല അത്. ഒരു ജയിൽ പോലെ ഞാനടങ്ങുന്ന ഒരുപാടു മനുഷ്യർക്കൊപ്പം ചുറ്റപ്പെട്ടിരിക്കുന്നു. അത്തരത്തിൽ നേരത്തെ ഞാൻ കേട്ടതു പോലെ ആളുകൾ കൂട്ടംകൂടി ഒരു വലിയപാത്രത്തിനു നേരെ ഓടുന്നുണ്ട്. അതിൽ സ്ത്രീകളുണ്ട്, കുട്ടികളുണ്ട്. അവർ തിക്കിത്തിരക്കി പോകുന്നു. ഞാൻ മുന്നോട്ടു പോയിനോക്കി. അതിൽ നിന്ന് എല്ലാവരും കഴിക്കുന്നുണ്ട്. അവരുടെ ഓട്ടംപോലെ തിക്കിത്തിരക്കിയായിരുന്നില്ല അവർ കഴിച്ചത്. സാവധാനം എല്ലാവരും കഴിച്ചു. എല്ലാവർക്കുമുള്ള ഭക്ഷണം അതിലുണ്ടായിരുന്നു. എന്നാലും ചിലരുടെ അത്യാർത്തി മറ്റു ചിലരുടെ പങ്കു കുറച്ചു. അതു കാരണം ഇവർ തമ്മിൽ വഴക്കുണ്ടാക്കി. എനിക്കൊന്നും മനസ്സിലായില്ല. ഇതു സത്യമല്ല, എനിക്കു ഭ്രാന്തില്ല, ഇത് യാഥാർഥ്യമല്ല, ഇതെന്റെ തോന്നലാണെന്നു ഞാൻ എന്റെ മനസ്സിനോടു മന്ത്രിച്ചു. ഞാൻ അവിടേക്കു പോയില്ല, കഴിച്ചു കഴിഞ്ഞ അവർ പല ഭാഗത്തേക്കായി പോയി. പക്ഷെ, എല്ലാവരും ഒറ്റ മുറിയിൽ, ഞാൻ മുറിയുടെ പല ഭാഗത്തേക്കായി നോക്കി. അവിടെയൊന്നും പുറത്തേക്കുള്ളൊരു ബന്ധം പോലും എനിക്കു കണ്ടെത്താനായില്ല. അവിടെയെല്ലാവരും തർക്കിക്കാനല്ലാതെ മറ്റുള്ളവരുടെ മുഖത്തു നോക്കുന്നില്ല. പക്ഷെ, കുറച്ചപ്പുറത്തായി എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരാളെ ഞാൻ കണ്ടു. മെലിഞ്ഞുണങ്ങിയ ശരീരം. മുഖം വെളുത്തു വിളറിയിട്ടുണ്ട്, അവന്റെ മോണ കാട്ടിയുള്ള ചിരി കൂടിയായപ്പോൾ ക്ഷീണിതന്റെ എല്ലാ ഭാവവും അവനിലുളവായി. ഞാൻ അവന്റെയടുത്തു പോയി പേരു ചോദിച്ചപ്പോൾ, അവനെന്നെ അത്ഭുതത്തോടെ നോക്കി. ഒരു പക്ഷെ, ഞാൻ അവനെപ്പോലെ ക്ഷീണിക്കാത്തതു കൊണ്ടാകാമെന്നു ഞാൻ ഊഹിച്ചു. പക്ഷെ.. അതവൻ തിരുത്തിക്കൊണ്ടു പറഞ്ഞു, ഇന്നാണോ വന്നതെന്ന്. ഞാൻ പറഞ്ഞു “അതേ”.” അതുകൊണ്ടാണല്ലേ.. എന്നാ കേട്ടോ ഇവിടെയാരും പേരു പറയില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇവിടെയാർക്കും പേരില്ല” അവൻ പറഞ്ഞു. ‘പേരില്ലാത്ത ആളുകളോ, എനിക്കു പേരുണ്ട് ഹസീൻ ” അവനെന്റെ വാ പൊത്തിപ്പിടിച്ചു.”മരിക്കും”, വെറും മരണമല്ല.. ഇത്രയും ആളുകളുടെ ഇടയിലേക്കു ഭക്ഷണമായി വലിച്ചെറിയപ്പെടും. നീ മിണ്ടാതിരി” അവൻ പറഞ്ഞു. “നീ അത്രയ്ക്കു ക്രൂരനാണോ, പക്ഷെ.. നിന്നെക്കണ്ടിട്ടങ്ങനെ തോന്നുന്നില്ല. നീ എങ്ങനെ എന്നെ എറിയും” ഞാൻ ചോദിച്ചു. ‘ഞാനല്ല, അതു പറഞ്ഞാൽ നിനക്കു മനസ്സിലാകില്ല” എന്നവൻ പറഞ്ഞതും ഒരു മണിയടി ശബ്ദം മുഴങ്ങി. പെട്ടെന്ന് ആ മുറി ഇരുണ്ടു. മൊത്തം കറുപ്പ്. ചുറ്റുമൊന്നും കാണുന്നില്ല. ഉറങ്ങാനുള്ള നേരമായി അവന്റെ ശബ്ദത്തിൽ അങ്ങനെ ഞാൻ കേട്ടു. രണ്ടാം ദിവസം പുലർന്നു (പുലർച്ചയെന്നു പറഞ്ഞാൽ മൊത്തം വെളുപ്പാണ് കേട്ടോ) കുറച്ചു സമയം കഴിഞ്ഞു. മറ്റൊരു മണിയടി ശബ്ദം മുഴങ്ങി. മുകളിൽ നിന്നെന്തോ വലിയ സാധനം വീണൊരു ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞതും എല്ലാവരും അങ്ങോട്ട് ഓടിപ്പോയി. എല്ലാവരുടെയും ഓട്ടത്തിൽ ഞാൻ വീണുപോയി. ഞാനാണെങ്കിൽ വിശന്ന് ഒരു വിധമായിരുന്നു. ഞാനും അങ്ങോട്ടോടി. പക്ഷെ, ഇന്നു പാത്രത്തിൽ ഇന്നലത്തെത്തിന്റെ പകുതിയെ കണ്ടുള്ളൂ, ബാക്കി എവിടെ?. അതും ഇന്നലത്തെ പോലെയല്ല ഭയങ്കര ആർത്തിയിൽ എല്ലാവരും കഴിക്കുന്നു. എനിക്കു ഭക്ഷണം കിട്ടിയില്ലെന്നു മാത്രമല്ല, എന്റെ പുതിയ സുഹൃത്തടക്കം ഒരുപാടു പേർ അന്നും കഴിച്ചില്ല. പുതിയ സുഹൃത്തെന്നോടു കൂടുതൽ കാര്യങ്ങൾ പറഞ്ഞു. ഒരു ദിവസം ഒരു തവണ മാത്രമേ ഭക്ഷണം കിട്ടുകയോള്ളൂ. ഓരോ ദിവസവും ഭക്ഷണത്തിന്റെ അളവു കുറയും. അതുകൊണ്ട് കുറെ പേരുടെ പങ്കും കുറയും. മൂന്നാം ദിവസം ഞാൻ ഞെട്ടിക്കുന്നൊരു കാഴ്ച കണ്ടു. അതിന്റെ ഞെട്ടൽ എനിക്കിപ്പോഴും മാറിയിട്ടില്ല. ആളുകൾ തമ്മിൽ അടിയുണ്ടാക്കുന്നു അവർ പരസ്പരം കടിച്ച് അവസാനം അതിലൊരാൾ മരണപ്പെടുമ്പോൾ ഒരാൾ മറ്റൊരാളെ കഴിക്കുന്നു. ഞാൻ ഞെട്ടി അവിടെ കണ്ണടച്ചു കിടന്നു. എനിക്കും വിശക്കുന്നുണ്ട്, മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. എന്റെ സുഹൃത്തിനും ഭക്ഷണം കിട്ടിയില്ല. ആ കാഴ്ച കണ്ടു ഞെട്ടിയ എന്നോട് ” അവർ പത്തു ദിവസമെങ്ങാണ്ട് ഭക്ഷണം കിട്ടാത്തവരാണെന്ന് അവൻ എന്നോടു പറഞ്ഞു. അപ്പൊ ഈ അവസ്ഥ തുടർന്നാൽ ഞാനും ഇങ്ങനെയാകുമോ ഞാൻ പേടിച്ചു. പക്ഷെ, തിക്കിത്തിരക്കി അഞ്ചാം ദിവസം എനിക്കു ഭക്ഷണം കിട്ടി. അതു ഞാനെടുത്തതല്ല. എന്റെ സുഹൃത്ത് എനിക്കു കൊണ്ടു തന്നതാണ്, അവൻ കഴിച്ചോയെന്ന് അവനോടു ചോദിക്കുന്നതിന് മുമ്പേ ഞാൻ കഴിച്ചു. എന്നാൽ അവൻ കഴിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു. പക്ഷെ, അവന്റെ പട്ടിണിയുടെ 9ആം ദിവസാമാണിന്നെന്നു മുമ്പ് അവൻ പറഞ്ഞതിൽ നിന്നും കണക്കു കൂട്ടി. ഞാൻ തിരിഞ്ഞുനോക്കിയതും, അതാ മറ്റൊരാൾ അവനെ കൊല്ലാൻ നടക്കുന്നു. ഞാൻ ഓടിയെത്തും മുമ്പേ അവന്റെ മാംസം അയാളൊരു ഭ്രാന്തനെ പോലെ ഭക്ഷിക്കാൻ തുടങ്ങി. ഇതുകണ്ട് ഒരുപാടു നേരത്തേക്ക് എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. എന്റെ അവിടുത്തെ മുഴുവൻ ദിവസത്തെയും ദുരൂഹതയറിയിക്കാൻ എനിക്കാഗ്രഹമുണ്ടെങ്കിലും അതു പറയാൻ എന്റെ മനസ്സെന്നെ അനുവദിക്കുന്നില്ല. ഇപ്പോൾ ഞാനവിടെ വന്നിട്ട് 15ആം ദിവസമാണ്. ഞാൻ വന്ന അന്ന് ഒരുപാട് ആളുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഞാനടക്കം വെറും 3 പേർ മാത്രമാണുള്ളത്. ബാക്കിയുള്ളവർക്ക് എന്തുപറ്റിയെന്നു ഞാൻ പറയേണ്ട കാര്യമില്ലല്ലോ. മനുഷ്യൻ അവന്റെ ശരീരത്തെ മാത്രം വിശ്വസിക്കുന്നു. അതിനെ സംരക്ഷിക്കുന്നു. എല്ലാവർക്കും വേണ്ടതു ഫലമാണ്. മറ്റുള്ളവന്റെ ശരീരത്തിനു വേണ്ടി സ്വന്തം ശരീരം ബലി കൊടുത്തിട്ട് എന്തെന്ന് അവൻ ചിന്തിക്കുന്നുണ്ടാവാം.അന്ന് ആ പാത്രം വീണെങ്കിലും അതിൽ ആകെയുണ്ടായിരുന്നത്, വെറും എല്ലു മാത്രമാണ്. ഒരാൾ അതു കഴിച്ചു. പക്ഷെ, മറ്റേ ആൾ അയാളെ ആക്രമിക്കാൻ തുടങ്ങി ഞാൻ കണ്ണു പൊത്തിനിന്നു.എന്നെ അവർ ഉപദ്രവിക്കാത്ത കാരണം, ഞാൻ മെലിഞ്ഞുണങ്ങിയ കുട്ടിയായതിനാലാവാം.കുറച്ച സമയം കഴിഞ്ഞതും അവിടെ നിശബ്ദമായി ഞാൻ ഒരാളെ പ്രതീക്ഷിച്ചു. കണ്ണണു തുറന്നതും അവിടെ രണ്ടു പേരും മരിച്ചു കിടക്കുന്നു. അതായത്, അവിടെ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ. പെട്ടെന്ന് ഒരുപാടു മണിയടി ശബ്ദത്തോടെ പ്രകാശം വരാൻ തുടങ്ങി. ഞാൻ കണ്ണ് പൂട്ടിത്തുറന്നതും ഒരു വ്യക്തി എന്റെ മുമ്പിൽ നിൽക്കുന്നു. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു,”അഭിനന്ദനങ്ങൾ, നിങ്ങൾ സന്ദേശകനെ കണ്ടെത്തിയിരിക്കുന്നു, ആരാണു നിങ്ങളിൽ ക്രൂരരല്ലാത്തവർ, നിങ്ങളെ ക്രൂരരാക്കിയത് എന്താണ്?..” ഇത്രയും പറഞ്ഞതും ഞാൻ കണ്ണു തുറന്നു. ഞാൻ ചുറ്റും നോക്കി, ഇതെന്റെ വീടു തന്നെ അപ്പൊ ഞാൻ കണ്ടത് സ്വപ്‌നമായിരുന്നോ. അതും പറഞ്ഞു ഞാൻ ഭക്ഷണം കഴിക്കാനിരുന്നു. എന്നത്തെയും പോലെ ഇന്നും ഉമ്മയും സഹോദരനും അടിയുണ്ടാക്കുന്നുണ്ട്. എല്ലാം ഒരുമാതിരി വെളുത്തു വിളറിയ പോലുണ്ട്. വാശിയിൽ സഹോദരൻ ഭക്ഷണം പത്രത്തോടൊപ്പം നിലത്തേക്കിട്ട് അവിടെ നിന്നു പോയി. പെട്ടെന്ന് വലിയപാത്രം വീഴുന്ന ശബ്ദവും തിക്കും തിരക്കും രക്തവും എന്റെ മനസ്സിലൂടെ കടന്നുപോയി. കൂടാതെ ആ ചോദ്യവും “ആരാണു നിങ്ങളിൽ ക്രൂരരല്ലാത്തവർ , നിങ്ങളെ ക്രൂരരാക്കിയത് എന്താണ്?…. ‘ഭക്ഷണം!” ഞാൻ അതിനു മറുപടിയെന്നോണം എന്നോടു തന്നെ പറഞ്ഞു.

അർഷാദ് ചാപ്പനങ്ങാടി

അർഷാദ് ചാപ്പനങ്ങാടി

വിദ്യാർത്ഥി, മഅ്ദിൻ ഹയർസെക്കൻഡറി സ്കൂൾ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×