യൂ..യൂ..യൂ വണ്ടീലെ രണ്ടു ജീവിതമിടിപ്പുകൾ

മാനത്ത് അമ്പിളിക്കണ്ടം കായ്ച്ചു നിൽക്ക്ണ്ട്. മഴ ചറപറാന്ന് താനൂര് കടപ്പൊറ്ത്തേക്കു പാറ്റിക്കൊണ്ടിര്ന്നു. കടൽ തിരപ്പാട്ടു പാടി
തീരത്തെ ഉമ്മവെച്ചു. പാതിരാക്ക് കടലില് പോയ ഏട്ടായിയെ കാത്ത് കുടിത്തിണ്ണേല് ഒരു പെമ്പറ്ന്നോള് ഉള്ളു നീറിയിര്ന്നു. ഓളെ സങ്കടങ്ങള് പിഞ്ഞിയ ചുരിദാറിൽ തൊടച്ചൊതുക്കി. മനസ്സില് കേറിപ്പറ്റ്ണ ആധികളെപ്പോലെ കുടിപ്പടികളിലേക്കു വെള്ളം കേറികൊണ്ടിര്ന്നു. ഒന്നാം പടീന്നു കുടീലേക്കു കയറിവര്ണ കടലു കണ്ട് ഓളെ കണ്ണ് നെറഞ്ഞു. ഖൽബ് പെടഞ്ഞു.

അപ്പോയാണ് ദിക്കില് നിന്നൊരു മനുഷ്യപ്പൊട്ട് നടന്നു വെര്ണത്. അതു കണ്ടപ്പോ ഓളെ മനസ്സീന്നു സമ്മതം ചോദിക്കാതെയൊരു വിളിയെറങ്ങിപ്പോയി, ‘ൻ്റെ ഏട്ടായേ..’ ന്ന്. പക്ഷേ, നിരാശയായിരുന്നു ഫലം.
അതോളെ ഏട്ടായിയായിരുന്നില്ല. ‘ചേച്ചിയേ, ഇതു രാമേട്ടനല്ല ട്ടോ, അങ്ങീലെ
പ്രകാശേട്ടനാണ്. വെയ്ന്നേരത്തിനു മുമ്പ് തൂവൽതീരത്ത്ന്നു പോയ ‘പ്രതീക്ഷാ’ ബോട്ട് ഇപ്പോഴും തിര്ച്ചു വന്നിട്ടില്ല. ഇങ്ങളെ രാമേട്ടനതിലാണ്. കടപ്പൊറ്ത്ത് ഇന്ന് നൊലോളീടെ ദിവസാണ്. ബോട്ടിലെ എല്ലാരെയും തെരച്ചിലോണ്ടു തെരച്ചിലാണ്.’ ‘ൻ്റെ.. രാമേട്ടൻ വന്നിട്ടില്ലെന്നോ’ ‘ ൻ്റീശ്വരാ..’ ഓളെ എല്ലാ പ്രതീക്ഷയും കടലു കൊണ്ടോയതായി തോന്നി. വേദനേടെ തലചുറ്റലിൽ ബോധം കെട്ടുവീണു. പ്രകാശേട്ടൻ നാട്ടേരെ വിളിച്ച് ഓളെ താനൂരിലെ സ്വകാര്യ ആസ്പത്രീലേക്കു
കൊണ്ടോയി. തുള്ളിത്തുള്ളിയായ് ഉള്ളിലേക്കെറങ്ങണ ഗ്ലുക്കോസില് ഓള് കണ്ണു തൊറന്നു. ഉടനെ ഒരു ചോദ്യം, ‘ൻ്റെ രാമേട്ടനോടെ?’. വീട്ടില് സ്വസ്ഥായി ഇര്ക്ക്ണ്ട്, പേടിക്കെണ്ടാ’ ന്നുള്ള
ചുറ്റിലുള്ളോരെ വാക്ക് ഓള്ക്ക് ആശ്വാസം പകർന്നു. വെയ്ന്നാരം കടലു വിട്ടുപോയ ‘പ്രതീക്ഷാ’ ബോട്ടിലെ ജീവിതപങ്കാളി തിരികെ വന്നതിൻ്റെ സന്തോഷത്തില്, മണല് പറ്റി, ഉപ്പുനാറ്റമുള്ള ഓളെ ചുണ്ടിലൊരു നേരിയ ചിരി ചമഞ്ഞെറ്ങ്ങി.

രോഗം ഭേദായപ്പോ, ആസ്പത്രീന്ന് ഡിസ്ചാർജ് ചെയ്തു. കുടീലേക്കുള്ള ഓട്ടോ പിടിക്കാൻ സ്റ്റാൻ്റിലേക്കു റോഡ് മുർച്ച് കടക്ക്ണിടെ, ഒരു കടൽ ജീവനുമായി ‘യൂ..യൂ.. യൂ’ പാടിയെത്തിയ ആബുംലൻസ് ഓളെ മേത്ത്ക്ക്ട്ത്തു. റോട്ടില് ചോരക്കളി. നാട്ടേര് കൂടി. നൊളോളിയോണ്ട് നൊളോളി. ഓളെയും അതേ ആബുംലൻസില് കേറ്റി. സീരിയസ് മേറ്ററായതോണ്ട് മെഡിക്കൽ കോളേജിലേക്കു പാഞ്ഞു. ഓളെ മിടിപ്പാളെ ഓട്ടം കുറഞ്ഞു. പെട്ടൊന്നാണ് ആബുംലൻസിലെ അപ്പുറത്തെ സ്റ്റച്ചറീന്നുള്ള സ്നേഹം ചേർത്തിളക്കിയ വിളി ഓളെ ചൗട് പറ്റിയത്, ‘ൻ്റെ രാധേ’. സ്നേഹമൂറിയ ആ ഇടറിയ വിളിയിലോൾക്കു പരിചയ സ്വരം തുന്നിവെച്ചതു പോലെ തോന്നി. പെട്ടൊന്നോള് മുഖം തിര്ച്ചു. അതോളെ രാമേട്ടനായിരുന്നു. നാൽപ്പത് വർഷത്തെ ഓളെ പ്രേമപ്പൊതപ്പ്. വെയ്ല് കാഞ്ഞ്, മഴയേറ്റ്, കടലു പണിക്കു പോയി, ചോര നീരാക്കി, ഓളിം കുട്ട്യോളീം വിശപ്പാറ്റിയ മനുഷ്യൻ. ആസ്പത്രീലേക്കുള്ള വണ്ടിച്ചക്രങ്ങളുടെ വേഗതക്കുറവ് കാരണം, ജീവിതത്തിലേക്കു റിട്ടനടിക്കേണ്ടിയിരുന്ന രണ്ടു ജീവിതമിടിപ്പുകളെ ഓവർടേക്കു ചെയ്തെത്തിയ ‘മരണവണ്ടി’ സമ്മതം ചോദിക്കാതെ ഇരുവരെയും സ്വർഗത്തിലേക്ക് ഓസിക്കു കേറ്റിക്കൊണ്ടോയി.

അൻഷിഫ് മറവഞ്ചേരി

അൻഷിഫ് മറവഞ്ചേരി

വിദ്യാർത്ഥി, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ, മലപ്പുറം

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×