മണ്ണായവൾ

വിളക്കുകൾ പുലർച്ചെ ഒറ്റക്കുണർന്നിരിക്കുന്നു!
വിയർപ്പു പൊടിഞ്ഞ ഒരിറ്റു കണ്ണുനീർ
മേഘങ്ങളിലേക്കു പുകച്ചുരുളുകളാകുന്നു.
വീട് മൊല്ലാക്കയെ വിളിക്കാനോടി.
ബ്രഷുകൾ സോപ്പിടാതെ
താനെ കുളിച്ചൊരുങ്ങി.
അട്ടിപ്പാത്രം അന്നം തേടി
അടുക്കള വാതിൽ വരേയലഞ്ഞു.
അടുപ്പിലാരും വെന്തില്ല.
കഞ്ഞിക്കലം കമഴ്ന്നു തന്നെ കിടന്നു.
മുറ്റത്തെ കുറ്റിച്ചൂല് ബെൽറ്റഴഞ്ഞ്
ആരെയോ തേടി വേലിചാടി.
യൂണിഫോമുകൾ ചുളിവും പേറി
സ്കൂളിലേക്കു മുടന്തി.
മൂകമായി പുസ്തകങ്ങൾ ബാഗിൽ തന്നെയുറങ്ങി.
വടക്കണി മുറ്റത്തു മാവിൽ
തനിയെ ആടില്ലെന്നു ചിണുങ്ങി
ഊഞ്ഞാല് പിന്നെ ചരടു പൊട്ടിച്ചു.
തീൻമുറിയിൽ ഉപ്പോ പുളിയോ പിഴക്കവേ
രണ്ടു കൈകൾ
വേവാത്തതിന്റെ അരുചിയിൽ നിറഞ്ഞുനിന്നു.
അന്തിത്തിരിക്കോ മുറിവിൽ ചുറ്റാനോ
എളുപ്പം ചീന്തിക്കിട്ടും
പഴഞ്ചേലകൾ വീടു മാറിപ്പോയി.
എന്നിട്ടും, അടിമുടി പൂത്തുലഞ്ഞങ്ങനെ നിൽക്കുന്നു,
വകതിരിവില്ലാത്തൊരു പാഴ്മരം!
വീടപ്പടി കുഴിമൂടിവെച്ച
പുതുമണ്ണിലലിയുന്നതിന്റെ ഭാഗ്യം.
മറവിയിലുമെവിടെയോ നിറഞ്ഞ അകിടുമായി
കരഞ്ഞു ചോരുന്നുണ്ടാവണം
മണ്ണായവൾ.. !

ഷിദിൽ ചെമ്പ്രശ്ശേരി

ഷിദിൽ ചെമ്പ്രശ്ശേരി

വിദ്യാർത്ഥി, ദാറുൽ ഹുദാ ഇസ്ലാമിക യൂണിവേഴ്സിറ്റി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×