അറിയുന്തോറും ഏറെ ആശ്ചര്യം ജനിപ്പിക്കുകയും ഹൃദയാന്തരങ്ങളിൽ സ്നേഹവും ബഹുമാനവും വർധിച്ചു കൊണ്ടേയിരിക്കുന്ന വ്യക്തിപ്രഭാവമാണ് ഇമാം നവവി. ലോകഭൂപടത്തിൽ അധികമാരും അറിയാതെ പോകുമായിരുന്ന ‘നവ’ എന്ന പ്രാന്തപ്രദേശം ഇന്ന് വിശ്വാസികളുടെ ഹൃദയഭൂമികയായി മാറിയത് ആ മഹാമനീഷിയോടുള്ള ആദരവ് കൊണ്ടാണ്. കള്ള സൂഫികൾ അരങ്ങു വാഴുന്ന കാലത്ത് യഥാർത്ഥ സൂഫിമാർഗത്തെയും അതിൻ്റെ വക്താക്കളെയും പരിചയപ്പെടുത്താൻ ഇമാം ഖുശൈരി രചിച്ച ‘രിസാല’, ഇമാം നവവിക്ക് ശേഷമാണ് വിരചിതമായതെങ്കിൽ പ്രഥമസ്ഥാനത്ത് തന്നെ അവരുടെ പേര് ഉണ്ടാവുമായിരുന്നു എന്ന് പറയുന്നത് നവവി ഇമാമിൻ്റെ ജീവിത വിശുദ്ധിയെ അടയാളപ്പെടുത്തുന്നുണ്ട്.
ജനനം
സിറിയയുടെ തലസ്ഥാന നഗരിയായ സമസ്കസിൻ്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന നവ എന്ന ഗ്രാമത്തിൽ ഹിജ്റ
631 ൽ AD1233 നാണ് ജനനം. പ്രസ്തുത നാട്ടിലേക്ക് ചേർത്തി നവവി എന്നും നവാവി എന്നും അവർ അറിയപ്പെടുന്നു. അബൂ സകരിയ മുഹ്‌യുദ്ധീൻ യഹ്‌യ ബ്നു ശറഫിന്നവവി എന്നാണ് പൂർണ്ണനാമം. ചെറു പ്രായത്തിലേ ഭൗതിക വിനോദങ്ങളോടുള്ള വിരക്തിയും ദീനീ വിജ്ഞാനം കരഗതമാക്കാനുള്ള തൃഷ്ണയും അള്ളാഹു പ്രത്യേകം നൽകി അനുഗ്രഹിച്ചു.
അവിടുത്തെ ഏഴാം വയസ്സിൽ ഒരു റമളാൻ ഇരുപത്തിയേഴാം രാവിൽ നടന്ന സംഭവം പിതാവ് ഇങ്ങനെ അനുസ്മരിക്കുന്നു:
“യഹ്‌യ എൻ്റെ അരികിൽ ഉറങ്ങവെ അർദ്ധരാത്രി എന്നെ വിളിച്ചുണർത്തി, വീട് പരക്കെ കാണുന്ന പ്രഭ എന്താണെന്ന് ചോദിച്ചു. ഞാനും ഭാര്യയും ഉണർന്ന് നോക്കിയെങ്കിലും ഞങ്ങൾക്ക് ഒന്നും ദൃശ്യമായില്ല. പിന്നീടാണത് ലൈലത്തുൽ ഖദ്റിൻ്റെ രാവാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്.”
ബാല്യത്തിൽ തന്നെ ഇമാം നവവി അല്ലാഹുവിൻ്റെ അടുക്കൽ വലിയ സ്വീകാര്യത നേടിയവരാണെന്ന് ഇതിൽ നിന്നും വായിക്കാം.
രാഷ്ട്രീയപരിസരം
ഹിജ്റ ഏഴാം നൂറ്റാണ്ട് മുസ്ലിം ലോകത്ത് വിജ്ഞാനത്തിന് പുറമെ വലിയ പോരാട്ടങ്ങളുടെയും കാലമായിരുന്നു. കിഴക്ക് നിന്ന് മംഗോളിയൻ താർത്താരികളുടെ ആക്രമണവും പടിഞ്ഞാർ നിന്ന് കുരിശ് യുദ്ധവും നടന്ന് കൊണ്ടിരിക്കുന്ന സമയം. ലക്ഷക്കണക്കിന് മനുഷ്യരെ നിര്‍ദ്ദയം കൊന്നുതള്ളിയും ബഗ്ദാദിലെ വിഖ്യാതമായ ഗ്രന്ഥപ്പുരകള്‍ കത്തിച്ചു ചാമ്പലാക്കിയും മംഗോള്‍ സൈന്യം നഗരത്തില്‍ മേഞ്ഞുനടന്ന ദിനങ്ങൾ. 1258- ലാണ് മംഗോളുകള്‍ ബഗ്ദാദ് ആക്രമിക്കുന്നതും വിശ്വവിഖ്യാതമായ ആ നഗരത്തെ ഉഴുതുമറിച്ച് അബ്ബാസിയാ ഖിലാഫത്തിന് അന്ത്യം കുറിക്കുന്നതും. അന്ന് തകര്‍ന്നു വീണ ബഗ്ദാദ് പിന്നീട് ഒരിക്കലും അതിന്റെ പ്രതാപത്തിലേക്ക് ഉയർന്നില്ല. ഇത്തരമൊരു ഭീതിത സാഹചര്യത്തിലും ബഹുമാനപ്പെട്ട നൂറുദ്ധീൻ സങ്കി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തിയിരുന്നു. ആദ്യമായി ഡമസ്കസിൽ ഹദീസ് പഠനത്തിനായി ദാറുൽ ഹദീസും, കർമ്മശാസ്ത്രവും മറ്റു വിജ്ഞാന ശാഖകളും പഠിക്കുന്നതിനുള്ള പാഠശാലകളും പുനരുജ്ജീവിപ്പിച്ചു.
വിജ്ഞാനദാഹം
ചെറുപ്പം മുതലേ കായിക വിനോദങ്ങളോട് താത്പര്യം ഇല്ലാതിരുന്ന ഇമാം നവവി സദാ സമയം വിശുദ്ധ ഖുർആൻ പഠനത്തിനായി വിനിയോഗിച്ചു. കൂട്ടുകാർ കളിക്കാൻ വിളിച്ചാലും അകന്നു നിൽക്കും. പിതാവിൻ്റെ കടയിൽ നിൽക്കുമ്പോൾ പോലും കച്ചവടത്തിലേർപ്പെടാതെ ഖുർആൻ പാരായണത്തിൽ വ്യാപൃതനാവും. ഇമാം നവവിക്ക് പത്ത് വയസ്സുള്ള സമയം, കൂട്ടുകാർ കളിക്കാനായി നിർബന്ധിച്ചപ്പോൾ കരഞ്ഞ് ഓടിയകന്ന് ഖുർആൻ പാരായണം ചെയ്യുന്നത് കണ്ട സംഭവം ഇമാം യാസീൻ അൽ മറാകിശി ഉദ്ധരിക്കുന്നുണ്ട്. ഈ സംഭവത്തിലൂടെ കുട്ടിയോട് ഹൃദയത്തിൽ വലിയ സ്നേഹം തോന്നിയ മഹാൻ നവവി ഇമാമിനെ പഠിപ്പിച്ചിരുന്ന അധ്യാപകൻ്റെ അടുത്ത് ചെന്ന്, “ഈ കുട്ടി ഭാവിയിൽ വലിയ പണ്ഡിതനും പ്രപഞ്ചത്യാഗിയുമായിരിക്കും.” എന്ന് പ്രവചിക്കുമ്പോൾ ‘താങ്കൾ ജ്യോത്സ്യനാണോ’ എന്ന അധ്യാപകൻ്റെ തിരിച്ചുള്ള ചോദ്യത്തിന് അള്ളാഹുവാണ് എന്നെ സംസാരിപ്പിച്ചതെന്ന് ഇമാം മറാകിശി മറുപടി പറഞ്ഞു. പ്രായപൂർത്തിയാകും മുൻപേ അവിടുന്ന് വിശുദ്ധ ഖുർആൻ പഠനം പൂർത്തീകരിച്ചു.
പാഠശാലയിലേക്ക്
നവ എന്ന ചെറു ഗ്രാമം അക്കാദമിക് അന്തരീക്ഷമോ മികവുറ്റ പണ്ഡിതന്മാരുടെ സാന്നിധ്യമോ ഇല്ലാത്തതിനാൽ നവവിയുടെ പഠനത്തിന് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ പിതാവ് ഹിജ്റ 649 ൽ നവവി ഇമാമിൻ്റെ പത്തൊമ്പതാം വയസ്സിൽ വിജ്ഞാനത്തിൻ്റെയും പണ്ഡിതന്മാരുടെയും കേന്ദ്രമായ ഡമസ്കസിലേക്ക് കൊണ്ട് പോയി. മുന്നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ സമ്പന്നമാണ് അന്ന് ഡമസ്കസ്. ഇബ്നു റവാഹ എന്ന വ്യാപാരി സ്ഥാപിച്ച മദ്റസ റവാഹിയ്യയിലാണ് ഇമാം നവവി ചേർന്നത്. ആ കാലഘട്ടത്തിൽ പ്രശസ്തരും പ്രഗത്ഭരുമായ പല പണ്ഡിതന്മാരും അവിടെ അധ്യാപകരായിയിട്ടുണ്ട്.
ഇമാം നവവി തങ്ങൾ അക്കാലത്തെ പഠനാന്തരീക്ഷത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്: “രണ്ട് വർഷം ഞാൻ അവിടെ പഠിച്ചു. ആ കാലയളവിൽ ഞാൻ കിടന്നുറങ്ങുകയോ വിശ്രമിക്കുകയോ ചെയ്തില്ല.” സദാ സമയം വിജ്ഞാന സമ്പാദനത്തിലായിരുന്നു ശ്രദ്ധ. സ്ഥാപനം നൽകുന്ന പരിമിതമായ അന്നത്തിൽ നിന്നും അൽപ്പം മാത്രം ഭക്ഷിക്കും. റവാഹിയ്യയിലെ പഠനത്തിടെ ഹിജ്റ 651 ൽ ഹജ്ജ് നിർവഹിക്കാനായി പോയി. യാത്ര കഴിഞ്ഞ് ഡമസ്കസിലേക്ക് തന്നെ തിരിച്ചെത്തി. വിശ്രമമില്ലാത്ത പഠനമാരംഭിച്ചു. ഹജ്ജാനന്തരം വിജ്ഞാനത്തിൻ്റെ വലിയ പ്രവാഹമായിരുന്നു എന്ന് പിതാവ് ഓർക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലായി പ്രഗത്ഭരായ ഗുരുനാഥന്മാരുടെ അടുക്കൽ ദിവസവും പന്ത്രണ്ട് ക്ലാസുകളിൽ പങ്കെടുക്കും. ക്ലാസ് കഴിഞാൽ പഠിച്ച ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങളും ഉപവ്യാഖ്യാനങ്ങൾ എഴുതിയും അവ മനപ്പാഠമാക്കലിലുമായിരിക്കും ശ്രദ്ധ. യാത്രാ വേളയിൽ പോലും മനപ്പാഠമാക്കിയവ ഓർത്തെടുത്തും വായനയിലുമായി സമയം പാഴാക്കാതെ ശ്രദ്ധിച്ചു. കഠിനമായ ഉറക്ക് വന്നാൽ മാത്രം ബെഞ്ചിൽ തല വെച്ചുറങ്ങി ബാക്കി സമയം ആരാധനയിൽ മുഴുകും.
സേവനം
യോഗ്യരായ ഇരുപതിലധികം ഗുരുക്കന്മാർക്ക് കീഴിലുള്ള നിതാന്ത പഠന തപസ്യക്കൊടുവിൽ സമകാലികരായ പണ്ഡിതന്മാരുടെ നിർബന്ധത്തിന് വഴങ്ങി തൻ്റെ ഗുരുവര്യർ അബൂശാമ(റ)യുടെ വഫാത്തിനെ (ഹിജ്റ 665) തുടർന്ന് ദാറുൽ ഹദീസ് അൽ അശ്റഫിയ്യയിൽ പ്രിൻസിപ്പാൾ സ്ഥാനം ഏറ്റെടുത്ത് അധ്യാപനം ആരംഭിച്ചു. സുൽത്താൻ അശ്റഫ് മൂസ എന്ന ഭരണാധികാരി ഹിജ്റ 630 ൽ ഹദീസ് പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി പണികഴിപ്പിച്ച പ്രസ്തുത സ്ഥാപനത്തിൽ ഹിജ്റ 643 ൽ ഹദീസ് നിദാന ശാസ്ത്രത്തിലെ ശ്രദ്ധേയ രചന മുഖദ്ദിമയുടെ രചയിതാവ് ഇമാം ഇബ്നു സ്വലാഹ് (റ) യാണ് പ്രഥമ പ്രിൻസിപ്പൽ. ഇബ്നു മാലിക് (റ) നെ പോലെയുള്ള പ്രഗത്ഭരമായ പണ്ഡിതന്മാർ ജീവിക്കുന്ന കാലത്താണ് ഇമാം നവവി തൻ്റെ 34 വയസ്സിൽ നിയമിക്കപ്പെടുന്നത് എന്നുള്ളത് അവരുടെ പ്രാഗത്ഭ്യവും അക്കാലത്തെ ഉലമാക്കൾകിടയിൽ ഇമാം നവവിക്ക് ഉണ്ടായിരുന്ന സ്ഥാനവും അംഗീകാരവും ബോധ്യപ്പെടുത്തുന്നുണ്ട്.
അധ്യാപനത്തിന് പ്രതിഫലമായി ഒരു നാണയം പോലും ഇമാമവർകൾ സ്വീകരിച്ചില്ല. വഖ്ഫ് സ്വത്തായ അശ്റഫിയ്യയിലെ ഭക്ഷണം ഹലാലാകുമോ എന്ന സംശയം കാരണം അത് ഒഴിവാക്കി, പിതാവ് അയച്ചുകൊടുക്കുന്നതിൽ നിന്നും ഇശാഅ് നിസ്കാരാനന്തരം ഒരു റൊട്ടിയും അത്താഴത്തിന് അല്പം വെള്ളവും മാത്രമായിരുന്നു ഭക്ഷിച്ചിരുന്നത്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പോസ്റ്റിൽ അവരോധിതനായിട്ടും ലളിതമായി ജീവിക്കാനാണ് ഇമാം നവവി താത്പ്പര്യപ്പെട്ടത്.
രചന
ഇമാം നവവിയുടെ രചനാ വൈഭവം ഇന്നും അത്ഭുതം നിറഞ്ഞതാണ്. ഹിജ്റ 660 തൻ്റെ മുപ്പതാം വയസ്സിലാണ് ഗ്രന്ഥ രചന ആരംഭിക്കുന്നത്. കാഠിന്യമുള്ള ഇരുമ്പ് വിവിധ വസ്തുക്കൾ നിർമ്മിക്കാനായി യഥേഷ്ടം ദാവൂദ് നബി (അ) ന് അള്ളാഹു വിധേയപ്പെടുത്തി കൊടുത്തത് പോലെ ഇമാം നവവിക്ക് രചനാ രംഗത്ത് പ്രത്യേകമായ കൈവഴക്കവും സമയത്തിലുള്ള ബറകത്തും കൊടുത്തത് കൊണ്ടാകണം കേവലം ഇരുപത്തിയെട്ട് വർഷത്തിനിടെ അമ്പതിലധികം കനപ്പെട്ട രചനകൾ നിർവഹിക്കാനായത്. അധ്യാപനത്തിൻ്റെയും ആരാധനക്കുമിടെയിൽ ലഭിക്കുന്ന സമയം വിനിയോഗിച്ച് കിതാബുകൾ പകർത്തി എഴുതാൻ ശ്രമിച്ചാൽ പോലും ഇത്രയധികം എഴുതാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. ഇമാം താജുദ്ധീൻ സുബ്കി (റ) പറയുന്നു: നവവി ഇമാമാമിനും അവരുടെ രചനകൾക്കും അള്ളാഹു വലിയ ബഹുമതി നൽകിയിട്ടുണ്ട്. ശാഫിഈ കർമ്മശാസ്ത്ര രംഗത്തും ഹദീസിലുമൊക്കെ നവവി ഇമാമിന് മുമ്പും അനവധി കിതാബുകൾ ലഭ്യമാണെങ്കിലും നവവി ഇമാമിൻ്റെ രചനകൾ പിറവിയെടുക്കലോടെ ഉലമാഇൻ്റെ ശ്രദ്ധ അവയിലൂന്നി. പിൽകാലത്ത് വന്ന പലരും അവരുടെ കിതാബുകൾക്ക് വ്യാഖ്യാനങ്ങളും ഉപവ്യാഖ്യാനങ്ങളുമായി സേവനമനുഷ്ടിച്ചു.
വഫാത്ത്
ഒരു ആയുഷ്കാലം കൊണ്ട് മാനുഷിക പ്രകൃതത്താൽ നിർവഹിക്കാനാവാത്ത അനവധി കാര്യങ്ങൾ ചെയ്ത് തീർത്ത് പിൽക്കാല പണ്ഡിതർക്കഖിലവും ഉപകരിക്കുമാറ് വിധത്തിൽ വൈജ്ഞാനിക പ്രഭ വിതറി സാഗര സമാനമായ രചനകൾ ബാക്കി വെച്ച ഇമാം നവവി(റ)യെ അക്ഷരക്കൂട്ടുകളിൽ അടയാളപ്പെടുത്തൽ അസാധ്യമാണ്. വൈജ്ഞാനിക പ്രസരണത്തിൽ വ്യാപൃതനായതിനാൽ ഭാര്യയുടെ അവകാശങ്ങൾ നിർവഹിക്കാൻ സാധിക്കാതെ വന്നേക്കുമെന്നത് ഭയന്നത് മൂലമോ മറന്നതിനാലോ വിവാഹം കഴിച്ചില്ല. ഒരിക്കലും അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇമാം നവവിയുടെ യശസ്സ് അളളാഹു വാനോളം ഉയർത്തി പണ്ഡിത പാമര വ്യത്യാസമന്യേ വിശ്വാസി ഹൃദയങ്ങളിൽ പ്രത്യേക ഇടവും സ്നേഹവും നൽകി ആദരിച്ചു. ഭരണാധികാരികളുടെ ഭീഷണിപ്പെടുത്തലുകൾക്ക് മുമ്പിൽ ഭയക്കാതെ സത്യം തുറന്ന് പറയാനും പാവപ്പെട്ടവൻ്റെ അവകാശം ചോദിച്ച് വാങ്ങാനും ധൈര്യം കാണിച്ചു. ശീറാസി ഇമാമിൻ്റെ മുഹദ്ദബിൻ്റെ വ്യാഖ്യാനമായ മജ്മൂഅ് എഴുതുമ്പോൾ പൂർത്തീകരിക്കും മുമ്പ് മരണപ്പെടുമെന്നറിഞ്ഞ ഇമാം നവവി പിറകെയുള്ള അധ്യായങ്ങളിൽ വരുന്ന പ്രധാന ചർച്ചകളെ മുൻ അധ്യായങ്ങളിൽ തന്നെ കൊണ്ട് വന്നു. സധാസമയം നാഥനായ റബ്ബിൻ്റെ പൊരുത്തത്തിൽ മാത്രം ചിലവഴിച്ച ആ പണ്ഡിത പ്രതിഭ ലോകത്തെ മുഴുവനും ദുഃഖത്തിലാഴ്ത്തി ഹിജ്റ 676 റജബ് മാസം 24 ബുധനാഴ്ച്ച രാവിൽ തൻ്റെ പിതാവിന് മുമ്പെ ഈ ലോകത്ത് നിന്നും യാത്ര തിരിച്ചു. സ്വന്തം നാടായ നവയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.


