1998 ഡിസംബര്‍ ആറിനായിരുന്നു ഞങ്ങളുടെ വിവാഹം. ഉസ്താദ് അന്ന് മര്‍ക്കസില്‍ മുതവ്വല്‍ വിദ്യാര്‍ത്ഥിയാണ്. ശഅബാനില്‍ ദര്‍സ് അവധിക്ക് നാട്ടില്‍ വന്ന സമയമായിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടിഷ്ടപ്പെട്ടാല്‍ കല്യാണം നടത്തുന്നതായിരുന്നു ദ്വീപിലെ പതിവ്. ഉസ്താദിന്റെ രണ്ട് സഹോദരിമാരായിരുന്നു എന്നെ കാണാന്‍ വന്നത്. വിവാഹാന്വേഷണ സമയത്ത് വരന്മാരും കാണാന്‍ പോകുന്നതാണല്ലോ കേരളത്തിലെ സമ്പ്രദായം. വീട്ടുകാരോടക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും തനിക്ക് നന്നായി ചേരുന്ന പെണ്‍കുട്ടിയാണെന്ന വീട്ടുകാരുടെ വാക്കില്‍ തന്റെ ആഗ്രഹം വേണ്ടെന്നു വെക്കുകയായിരുന്നുവെന്ന് പിന്നീട് പറയുമായിരുന്നു.
അദ്ദേഹത്തിനന്ന് ഇരുപത്തിയേഴ് വയസ്സാണ്, എനിക്ക് പത്തൊമ്പതും. മഹര്‍ പണമായി നല്‍കുന്നതാണ് ദ്വീപുകാരുടെ രീതി. പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് ആ പണമുപയോഗിക്കുകയും ചെയ്യാം. അഞ്ഞൂറ്റി ഒന്ന് രൂപയായിരുന്നു എനിക്ക് മഹറായി നല്‍കിയത്. പെണ്‍കുട്ടിക്ക് സ്വന്തം വീട്ടുകാരും കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന പതിവില്ല. എന്നാല്‍ ഭര്‍തൃ വീട്ടുകാരുടെ സമ്മാനമായി സ്വര്‍ണാഭരണങ്ങളുണ്ടാകും. ഉസ്താദിന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വകയായി എട്ടോ ഒമ്പതോ മോതിരങ്ങള്‍ എനിക്കന്ന് ലഭിച്ചതായോര്‍ക്കുന്നു. ശഅബാന്‍ പതിനെട്ടിന് മഹല്ല് ഖാളി പി. ചെറിയ കോയ എന്നവരുടെ കാര്‍മ്മികത്വത്തിലായിരുന്നു നിക്കാഹ്. രാത്രിയിലായിരുന്നു വിവാഹസത്ക്കാരം. വിവാഹ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നും കഴിഞ്ഞ് എന്റെ വീട്ടിലേക്ക് തന്നെ ഞങ്ങള്‍ തിരിച്ചു വന്നിരുന്നു. പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ തന്നെ താമസിക്കുന്ന രീതിയാണവിടെയുള്ളത്.
റമളാനിന് ശേഷം ഉസ്താദ് കേരളത്തിലേക്ക് മടങ്ങി. മൂന്ന് മാസത്തിന് ശേഷം ഞാനും ആദ്യമായി കേരളക്കരയിലെത്തി. അദ്ദേഹത്തിന്റെ സഹോദരിയും കുടുംബവും എറണാകുളത്തായിരുന്നു താമസം. അവരുടെ കൂടെ കുറച്ച് കാലം താമസിച്ച് ദ്വീപിലേക്ക് തന്നെ മടങ്ങി.
ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയം, ആണ്‍ കുട്ടിയായാല്‍ ഉമര്‍ എന്നു പേരിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പ്രസവത്തോടനുബന്ധിച്ച് ഉസ്താദും നാട്ടില്‍ വന്നിരുന്നു. 2000 സെപ്തംബറില്‍ ദ്വീപില്‍ തന്നെയുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ചാണ് മകള്‍ ജനിക്കുന്നത്. പെണ്‍കുട്ടിയായതിനാല്‍ ഉമര്‍( റ) വിന്റെ മകളായ ഹഫ്‌സ(റ) യുടെ പേരാണ് വെച്ചത്. ഏഴാം ദിവസം മുടികളഞ്ഞ ശേഷം പരീക്ഷ തുടങ്ങുന്നതിനാല്‍ മര്‍ക്കസിലേക്ക് തന്നെ അദ്ദേഹം മടങ്ങിയിരുന്നു.
മകള്‍ക്ക് മൂന്ന് മാസമായതിന് ശേഷം ഉസ്താദിന്റെ ഉപ്പയുടെ കൂടെ വീണ്ടും ഞങ്ങള്‍ കേരളത്തിലെത്തി. എറണാകുളത്ത് തന്നെയായിരുന്നു പിന്നീട് താമസിച്ചത്. രണ്ടാമത്തെ ഗര്‍ഭകാലത്ത് ക്ഷീണവും ബുദ്ധിമുട്ടുകളും കൂടിയായപ്പോള്‍ ഞങ്ങള്‍ ദ്വീപിലേക്ക് മടങ്ങി. 2002 ല്‍ രണ്ടാമത്തെ പ്രസവം വീട്ടില്‍ തന്നെയായിരുന്നു. ആണ്‍കുട്ടിയായതിനാല്‍ ഉമര്‍ എന്നുതന്നെ പേര് വിളിച്ചു.
മര്‍കസിലെ പഠനം കഴിഞ്ഞയുടനെത്തന്നെ ബദറുസ്സാദാത്ത് തങ്ങളുസ്താദിന്റെ കീഴില്‍ മഅ്ദിന്‍ ശരീഅത്ത് കോളേജില്‍ മുദരിസായി അദ്ദേഹം സേവനമാരംഭിച്ചിരുന്നു. അവധി ദിവസങ്ങളില്‍ എറണാകുളത്തേക്ക് വന്നു പോകുകയും ചെയ്യും.
2004 ല്‍ മൂന്നാമത്തെ മകള്‍ ഖദീജ കൂടി ജനിച്ചതിന് ശേഷമാണ് മലപ്പുറത്തേക്ക് ഞങ്ങളും താമസം മാറുന്നത്. എറണാകുളത്തേക്കുള്ള പോക്കുവരവുകള്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായതിനാല്‍ തങ്ങളുസ്താദിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവത്. മേല്‍മുറി പെരുമ്പറമ്പിലെ മഅ്ദിന്‍ ദഅവ മസ്ജിദിനടുത്തുള്ള വാടകവീട്ടിലായിരുന്നു പിന്നീട്. അതിനോട് തൊട്ട് ചാരെ തന്നെയാണ് മരണശേഷം പുതുതായി താമസം തുടങ്ങിയ വീടും. എഴു വര്‍ഷക്കാലം ആ വാടകവീട്ടിലായിരുന്നു താമസം. കുറഞ്ഞ കാലം കൊണ്ടുതന്നെ നാട്ടികാരിലൊരാളായി മാറാന്‍ അദ്ദേഹത്തിനായി. തിരിച്ച് സ്വന്തം കുടുംബത്തെ പോലെ തന്നെയാണ് നാട്ടുകാരും ഞങ്ങളെ പരിഗണിച്ചിരുന്നത്.
കൂടുതല്‍ സമയം ഞങ്ങളൊരുമിച്ച് ചെലവഴിച്ചതും പെരുമ്പറമ്പിലെ താമസക്കാലത്തായിരിക്കും. രാത്രി വൈകി വീട്ടിലേക്ക് വരികയും സുബ്ഹിക്ക് മുമ്പ്തന്നെ സ്വലാത്ത് നഗറിലെ പള്ളിയിലേക്ക് തിരിച്ചു പോവുകയും ചെയ്യും. സമയം കിട്ടുമ്പോഴൊക്കെ വീട്ടുജോലികളില്‍ സഹായിക്കാനും മടിയൊന്നുമുണ്ടായിരുന്നില്ല. ഗര്‍ഭ സമയത്ത് നാലുമാസം വരെ എനിക്ക് ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്തതിനാല്‍ തളര്‍ന്നു കിടപ്പിലാകുന്ന അവസ്ഥയില്‍ എന്റെയും കുട്ടികളുടെയും വസ്ത്രങ്ങളടക്കം രാത്രി വീട്ടില്‍ വരുന്ന സമയത്ത് അദ്ദേഹം അലക്കി വെക്കും. കുറച്ചധികം ഇളനീര്‍ കൊണ്ട് വന്ന് കേടുവരാതിരിക്കാന്‍ വലിയ പാത്രത്തില്‍ വെള്ളം നിറച്ച് അതിലിട്ട് വെച്ച് ഇടക്കിടെ കുടിപ്പിക്കുന്നതോര്‍ക്കുന്നു. സ്‌നേഹം നിറഞ്ഞ ഓർമകളുടെ സാക്ഷിയായി ഇന്നുമാ പാത്രമിവിടെയുണ്ട്. മക്കളോടൊത്ത് കൂട്ടുകാരെപ്പോലെ കളിച്ചും അവരുടെ പഠനകാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചും ശാസിച്ചും കഴിഞ്ഞിരുന്ന ദിനങ്ങള്‍ പെരുമ്പറമ്പിലെ താമസക്കാലത്തെ മായാത്ത ഓർമകളാണ്.
ദ്വീപില്‍ നിന്ന് അദ്ദേഹത്തിന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളുമെല്ലാം ഇടക്കിടെ വന്ന് കൂടെ താമസിക്കാറുണ്ടായിരുന്നു. ഉപ്പക്ക് ഇവിടെ താമസിക്കാന്‍ നല്ല ഇഷ്ടവുമായിരുന്നു. മിക്ക റമളാനിലും ഇവിടെ തന്നെയാണുണ്ടായിരുന്നത്. എന്നെ വീട്ടുജോലികളിലെല്ലാം സഹായിച്ചു കൊണ്ടു ഉപ്പയും കൂടെ തന്നെയുണ്ടാകും. അത്താഴ സമയത്ത് നേരത്തെ എഴുന്നേറ്റ് ഭക്ഷണമെല്ലാം ചൂടാക്കി മേശയില്‍ എടുത്ത് വെച്ചാണ് ചില ദിവസങ്ങളില്‍ എന്നെ പോലും വിളിച്ചുണര്‍ത്തിയിരുന്നത്. ഉസ്താദിന്റെ അത്തരം ശീലങ്ങള്‍ സ്‌നേഹനിധിയായ ആ ഉപ്പയില്‍ നിന്ന് പകര്‍ന്ന് കിട്ടിയതായിരുന്നു. ഉസ്താദ് ചെറിയ കുട്ടിയായിരുന്ന സമയത്ത് റമളാനിലെ ഒരു രാത്രി ഉപ്പയോടൊപ്പം മീന്‍ പിടിക്കാന്‍ പോയതും തന്നെ തീരത്തിരുത്തി മീന്‍ പിടിച്ച് വന്നതും അത്താഴസമയമായപ്പോഴേക്ക് കഴിക്കാന്‍ മീന്‍ തയ്യാറാക്കിയതുമൊക്കെ അദ്ദേഹം ഓര്‍ത്തു പറയാറുണ്ടായിരുന്നു.
ഉമ്മയും ഉപ്പയും ദ്വീപിലായിരിക്കുമ്പോള്‍ അവധി ലഭിച്ചാല്‍ ഞങ്ങളും ദ്വീപിലേക്ക് പോകുമായിരുന്നു. കുട്ടികളെയും കൊണ്ട് കപ്പല്‍ യാത്ര ദുഷ്‌ക്കരമാണെങ്കിലും പതിവ് മുടക്കിയിരുന്നില്ല. ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് വൈകാതെ തിരിച്ചു പോരുകയും ചെയ്യും. ഇളയ മക്കളായ ഹസനും ഹുസൈനും ജനിച്ച് എതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഉപ്പ മരിക്കുന്നത്. ഉപ്പാക്ക് മക്കളെ കൊണ്ട് പോയി കാണിക്കാന്‍ സാധിക്കാതിരുന്നതില്‍ അദ്ദേഹത്തിന് വലിയ സങ്കടമുണ്ടായിരുന്നു.
ദ്വീപില്‍ ആശുപത്രി സൗകര്യങ്ങള്‍ കുറവായതിനാല്‍ കുടുംബക്കാരുടെ ചികിത്സക്കും പ്രസവത്തിനുമൊക്കെ ഇവിടേക്ക് വരുന്നത് പതിവായിരുന്നു. അവര്‍ക്കാവശ്യമായ സേവനങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ അദ്ദേഹത്തിന് വളരെയധികം സന്തോഷവും ആവേശവുമായിരുന്നു. 2012ലാണ് സ്വലാത്ത് നഗറിലെ വാടക വീട്ടിലേക്ക് മാറുന്നത്. അന്ന് അഞ്ചാമത്തെ മകന്‍ അലി ചെറിയ കുഞ്ഞാണ്. പെരുമ്പറമ്പിലായിരുന്ന സമയത്ത് പലപ്പോഴും വാഹനമൊന്നും കിട്ടാതിരിക്കുമ്പോള്‍ നാലുകിലോമീറ്ററോളംനടന്നാണ് പള്ളിയിലേക്ക് പോകാറുണ്ടായിരുന്നത്. എന്നാല്‍ സ്വലാത്ത് നഗറിലെ വീട്ടിലേക്ക് പള്ളിയില്‍ നിന്ന് നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ.
അവധിക്കാലത്ത് നാട്ടില്‍ പോകാന്‍ സാധിക്കാത്തതും പഠനപരമായ ആവശ്യങ്ങള്‍ക്ക് നില്‍ക്കുന്നവരുമായ ദ്വീപുകാരുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെ കൂടി വീടായിരുന്നു ഞങ്ങളുടേത്. പലപ്പോഴും ഇരുപതോളം കുട്ടികളുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ വലുതാകുന്നത് വരെ ഇത് തുടര്‍ന്നിരുന്നു. സ്ഥാപനത്തിന് അവധിയുണ്ടാകുന്ന സമയത്ത് കാന്റീന്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളിലും കിതാബുമായും കലണ്ടറുമായും ബന്ധപ്പെട്ട എന്തെങ്കിലും ജോലി പൂര്‍ത്തിയാകുമ്പോഴും വീട്ടില്‍ ഭക്ഷണം തയ്യാറാക്കി കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ വിളിച്ച് സത്ക്കരിക്കും. അര്‍ധരാത്രിയൊക്കെ യായിരിക്കും ചിലപ്പോള്‍ പണി പൂര്‍ത്തിയാവുക. അപ്പോള്‍ പഴം വാങ്ങിക്കൊണ്ടുവന്നു പുട്ടുണ്ടാക്കി കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ പറയും ഇതാണ് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന നസീമാസ് തട്ടുകട എന്ന്.
റമളാനും ചെറിയ പെരുന്നാളും ശവ്വാല്‍ ആറു നോമ്പും കഴിഞ്ഞ് വീട്ടില്‍ ഒരു പെരുന്നാള്‍ സത്ക്കാരമുണ്ടാക്കും. സുഹൃത്തുക്കളും ശിഷ്യന്‍മാരും നാട്ടുകാരുമൊക്കെ അന്ന് അതിഥികളായുണ്ടാകുമായിരുന്നു. പെരുന്നാള്‍ ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിന് നാട്ടില്‍ പോകാത്ത ഉസ്താദുമാരും മറ്റുമായി ആരെങ്കിലുമുണ്ടെങ്കില്‍ അവരെയും ക്ഷണിക്കും. അങ്ങനെ ഒരു ദിവസം അതിഥിയായെത്തിയത് ബദ്‌റുസ്സാദാത്ത് തങ്ങളുസ്താദായിരുന്നു. ആറ് മണിക്കാണ് തങ്ങളുസ്താദ് വരുമെന്ന വിവരമറിഞ്ഞത്. ഉസ് താദെത്തിയപ്പോഴേക്ക് ഞങ്ങളെല്ലാം ചേര്‍ന്ന് കുറച്ചു വിഭവങ്ങള്‍ തയ്യാറാക്കി മേശ നിറച്ചിരുന്നു. ഇതാണല്ലേ നസീമാസ് തട്ടുകട എന്ന് തങ്ങളുസ്താദ് ചോദിച്ചതും സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചതുമെല്ലാം വളരെ ആവേശത്തോടെ അദ്ദേഹം പങ്കുവെച്ചിരുന്നതോര്‍ക്കുമ്പോള്‍ ഇന്ന് ഹൃദയത്തോടൊപ്പം കണ്ണുകളും നിറയുന്നുണ്ട്.
എന്നെയും മക്കളെയുമൊക്കെ കൂട്ടി ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. അതിനായി വാങ്ങി വെച്ചിരുന്ന ലോത്രി എന്ന വലിയ പാത്രത്തില്‍ അദ്ദേഹത്തോടൊത്തുള്ള ഓര്‍മകള്‍ പങ്കിട്ട് ഇന്നും ഞങ്ങള്‍ ഭക്ഷണം കഴിക്കാറുണ്ട്.
എനിക്കും മക്കള്‍ക്കും വേണ്ട വസ്ത്രങ്ങളെല്ലാം അദ്ദേഹം തന്നെ പോയി വാങ്ങിക്കൊണ്ടുവരാറായിരുന്നു പതിവെങ്കിലും ഒന്നിലും ഒരു കുറവും വരുത്തിയിരുന്നില്ല. സ്ത്രീകളുടെ ഹിജാബ് വസ്ത്രത്തില്‍ മാത്രമൊതുങ്ങരുതെന്നും സ്വഭാവത്തിലും പെരുമാറ്റത്തിലും കൂടി വേണമെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. മന്ത്രിപ്പിക്കാനോ മറ്റോ വരുന്ന സ്ത്രീകള്‍ ഉസ്താദിനെ നേരിട്ട് കാണണമെന്നാവശ്യപ്പെടുമ്പോള്‍ കാണുന്നത് താത്പര്യമില്ല എന്ന് പറയാന്‍ എന്നെയോ പെണ്‍കുട്ടികളെയോ ഏല്‍പിക്കും. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ അന്യ സ്ത്രീകളോട് സംസാരിക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ പോലും അവരിലേക്ക് നോക്കാതെയാണ് സംസാരിക്കുക. എല്ലാവരും സ്വന്തം കാല്‍ച്ചുവട്ടിലേക്ക് നോക്കി നടന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നും അത് നടപ്പിലാകാത്തിടത്തോളം സ്ത്രീകള്‍ മറച്ചു നടക്കുകയേ നിര്‍വാഹമുള്ളൂ എന്നും പറയുമായിരുന്നു. ഹിജാബിന്റെ അനിവാര്യത ബോധ്യപ്പെടുത്തിത്തന്നതിന് ശേഷം മാത്ര മാണ് അതിനിണങ്ങുന്ന വസ്ത്രങ്ങള്‍ വാങ്ങി എന്നെ ധരിപ്പിച്ചതും.
സ്വലാത്ത് നഗറിലേക്ക് താമസം മാറിയത് മുതല്‍ വീട്ടിലേക്ക് ആഴ്ചയിലൊരിക്കലെ വരാറുണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി അലട്ടിയിരുന്ന രോഗാവസ്ഥകളിലും വീട്ടില്‍ വിശ്രമിക്കുന്നത് കുറവായിരുന്നു. സുഖമില്ലാതെ മൂത്രത്തിന് ട്യൂബിട്ടിരുന്ന സമയത്ത് മാത്രമാണ് കുറച്ച് ദിവസങ്ങളെങ്കിലും വീട്ടില്‍ നിന്നിരുന്നത്. പിന്നീട് നീളന്‍ കുപ്പായത്തിന്റെ കീശക്കുള്ളില്‍ ട്യൂബ്‌വെച്ച് പുറത്ത് പോകാന്‍ തുടങ്ങിയിരുന്നു. ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുള്ള കര്‍മ്മങ്ങള്‍ അത് ആരാധനകളോ മറ്റു പ്രവൃത്തികളോ ആകട്ടെ പരമാവധി വേഗത്തില്‍ സമയം പാഴാക്കാതെ ചെയ്തു പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും. വിശ്വാസിക്ക് ഖബറിലാണ് യഥാര്‍ത്ഥ വിശ്രമമെന്ന് എപ്പോഴും ഓര്‍മിപ്പിക്കും. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ അസാന്നിദ്ധ്യത്തില്‍ ഭാര്യമക്കളുടെ അവസ്ഥയെപ്പറ്റി ആകുലപ്പെടുകയല്ല വേണ്ടത് മറിച്ച് പരേതന്റെ പരലോകജീവിതത്തിലെ ഓരോ കടമ്പകളും വിജയകരമായി പൂര്‍ത്തിയാക്കി അയാള്‍ക്ക് ശാശ്വത സന്തോഷം പകരാനായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് എന്നോടു മക്കളോടും പറയാറുണ്ട്. അപ്രതീക്ഷിത അതിഥിയായെത്തുന്ന മരണത്തെക്കുറിച്ച് എപ്പോഴും എന്നെയും മക്കളെയും ഓര്‍മിപ്പിക്കുമായിരുന്നു.
എനിക്ക് അസുഖം വരുമ്പോഴൊക്കെ ആശുപത്രികളില്‍ പോകാനും കൂടെ നിന്ന് പരിചരിക്കാനും മുന്നിലുണ്ടാകുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സുഖമില്ലാതെയാകുമ്പോള്‍ സര്‍ജറിക്കായും മറ്റും ആശുപത്രിയിലാകുന്ന സമയങ്ങളില്‍ എന്നെ കൂടെ നില്‍ക്കാന്‍ സമ്മതിക്കാറില്ല. വീട്ടിലിരുന്ന് കുട്ടികളെ നല്ലത്‌പോലെ പരിചരിക്കാനാണ് പറയാറ്. അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം വേണ്ടത് പോലെ ശിഷ്യന്‍മാര്‍ നോക്കുമെന്നും പറയും. സുഖവിവരങ്ങള്‍ വീട്ടിലേക്ക് വിളിച്ചറിയിക്കുകയും ചെയ്യുമായിരുന്നു.
ദ്വീപിലെ വീട് താമസിക്കുന്നതിന്റെ രണ്ട് ദിവസം മുന്നെയാണ് അദ്ദേഹം നാട്ടിലെത്തിയത്. ചെവിവേദനക്ക് പെട്ടെന്ന് സര്‍ജറി വേണ്ടിയിരുന്നതിനാല്‍ കുടിയിരിക്കല്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മടങ്ങുകയും ചെയ്തു. പിന്നീട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞങ്ങളും കേരളത്തിലേക്ക് മടങ്ങി. ആശുപത്രിയില്‍ പോകാനും മറ്റും പള്ളിയില്‍ നിന്നാണ് കൂടുതല്‍ സൗകര്യമെന്നതിനാല്‍ പിന്നീട് വീട്ടിലേക്ക് വന്നിരുന്നില്ല .
എന്റെ സഹോദരങ്ങളുടെ കൂട്ടത്തില്‍ ഞാനായിരിക്കും ആദ്യം വിധവയാകുക എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്നെ സ്വലാത്ത്‌നഗര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. സി.കെ. പള്ളി എന്നാണ് ആ പള്ളിയെക്കുറിച്ച് പറയാറുണ്ടായിരുന്നത്. എന്നെ സി.കെ പള്ളിയില്‍ കൊണ്ട് പോയി വെച്ചിട്ടെ നിങ്ങളിവിടുന്നു പോകൂ എന്നും പറയുമായിരുന്നു. പെരുമ്പറമ്പില്‍ താമസിക്കുന്ന സമയത്ത് ആ പള്ളിക്ക് സ്ഥാനം നോക്കാനും സി.കെ ഉസ്താദിന്റെ ഖബറിന് ഖിബ്ല ശരിയാക്കാനുമൊക്കെയായി അദ്ദേഹം പോയിരുന്നതോര്‍ക്കുന്നു. പള്ളിക്ക് സ്ഥാനം നോക്കുന്ന ദിവസം സി.കെ ഉസ്താദും ചാലാട്ടില്‍ കുഞ്ഞാന്‍ കാക്കയും ആദ്യം അവരുടെ ഖബറായിരിക്കും അവിടെ നിര്‍മിക്കപ്പെടുന്നതെന്ന് പരസ്പരം പറഞ്ഞിരുന്നുവത്രെ. ആദ്യം സി.കെ . ഉസ്താദും രണ്ടാമതായി കുഞ്ഞാന്‍ കാക്കയും തന്നെയാണവിടെ സ്ഥാനം പിടിച്ചതും.
തിരക്കുകള്‍ മൂലം ചെറിയ മക്കളോടൊത്ത് ഒരു പാട് സമയം ചെലവഴിക്കാനദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കുട്ടികളെ നല്ല രീതിയില്‍ പരിപാലിക്കലാണ് ഉമ്മമാരുടെ ഇബാദത്ത് എന്നെപ്പോഴും പറയും. കുട്ടികളെ നിസ്‌ക്കരിക്കാന്‍ നിര്‍ബന്ധിച്ച് പള്ളിയിലയച്ചതുകൊണ്ട് മാത്രമായില്ല അവര്‍ അലഞ്ഞുതിരിഞ്ഞ് നടന്ന് വഴികേടിലാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് കൂടി ഇക്കാലത്ത് രക്ഷിതാക്കളുടെ ബാധ്യതയാണെന്നെപ്പോഴും ഓര്‍മപ്പെടുത്തുമായിരുന്നു.
അദ്ദേഹം മരണപ്പെട്ട ദിവസം രാവിലെയായിരുന്നു സ്വലാത്ത് നഗറില്‍ ചാലാട്ടില്‍ കുഞ്ഞാന്‍ കാക്കയുടെ ഉമ്മയുടെ മരണം. മരണ വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ച് ഫോണില്‍ വിളിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത്. രാത്രി വീട്ടില്‍ നടക്കാനിരിക്കുന്ന മൗലിദിനുള്ള ഭക്ഷണത്തിന്റെയും മറ്റും കാര്യങ്ങളും അപ്പോള്‍ ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. മഗ്്രിബിന് ശേഷം കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്.
സ്‌നേഹത്തിന്റെ ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച പ്രിയതമന്‍ പെട്ടെന്ന് എന്നെയും മക്കളെയും വിട്ടുപോയപ്പോള്‍ വല്ലാത്ത ശൂന്യതയായിരുന്നു. മഅ്ദിന്‍ അക്കാദമിയുടെയും വിശിഷ്യാ ഖലീൽ ബുഖാരി തങ്ങളുസ്താദിന്റെയും കരുതലും ചേര്‍ത്തുനിര്‍ത്തലും ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. നമ്മെ എല്ലാവരെയും അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ..ആമീന്‍.
കേട്ടെഴുത്ത്: സുമയ്യ ദുൽഫുഖാർ അലി സഖാഫി മേൽമുറി
(അഗത്തി ഉസ്താദ് ഓർമ പുസ്തകത്തിൽ നിന്നും)

